❤️കലിപ്പന്റെ വായാടി❤️ : ഭാഗം 1

Share with your friends

എഴുത്തുകാരി: ശിവ നന്ദ

രാവിലെ എഴുനേറ്റ് അമ്പലത്തിൽ പോകണം എന്ന ഉറച്ച തീരുമാനത്തോടെയാണ് കിടന്നത്..എന്നാൽ എല്ലാ തവണത്തെയും പോലെ ഇന്നും അലാറം ചതിച്ചു.എന്തായാലും വൈകി..എങ്കിൽ കുറച്ച് നേരം കൂടി കിടക്കാലോന്ന് വെച്ചാൽ അമ്മ സമ്മതിക്കില്ല.മനസ്സില്ലാമനസ്സോടെ എഴുനേറ്റ് പല്ല് തേച്ചുകൊണ്ട് നിൽക്കുമ്പോൾ ആണ് ഏട്ടൻ റെഡി ആയി ഇറങ്ങിയത്.. “എന്റെ ഗൗരി നീയിത് വരെ റെഡി ആയില്ലേ..ഇനി എന്റെ മോള് ഒറ്റക്ക് അങ്ങ് അമ്പലത്തിൽ പോയാൽ മതി” “അയ്യോ ഏട്ടാ പോവല്ലേ..ഒരു 5 മിനിറ്റ്.ഞാനിപ്പോ വരാം” “ടീ പെണ്ണേ ചുമ്മാ കളിക്കല്ലേ..

ഇന്ന് ഓഫീസിൽ അര്ജന്റ് മീറ്റിംഗ് ഉള്ളതാ.ഇനി നിന്നെ അമ്പലത്തിൽ ഇറക്കിയിട്ട് ഞാൻ ചെല്ലുമ്പോഴേക്കും ലേറ്റ് ആകും” ഏട്ടന്റെ വാക്കുകൾക്ക് ചെവി കൊടുക്കാതെ നേരെ ബാത്റൂമിലേക്ക് ഓടി…എന്നെ കൂട്ടാതെ എന്റേട്ടൻ പോകില്ലെന്ന് എനിക്ക് ഉറപ്പല്ലേ..എല്ലാ ദിവസത്തെയും പോലെ വിസ്തരിച്ചു കുളിക്കാൻ ഇന്ന് സമയം ഇല്ലാത്തത് കൊണ്ട് കുളിച്ചെന്ന് വരുത്തി പെട്ടെന്ന് ഇറങ്ങി..പാട്ടുപാവാട ഒക്കെ ഇട്ട് പോകാമെന്ന് കരുതിയത.പക്ഷെ സമയം ഇല്ലാത്തത് കൊണ്ട് കയ്യിൽ കിട്ടിയ ഒരു ചുരിദാർ എടുത്തങ്ങു ഇട്ടു..മുടി കുളിപ്പിന്നൽ കെട്ടി അടിയിൽ ഒരു ക്ലിപ്പും ഇട്ടു.

ഒരു കുഞ്ഞി പൊട്ടും കുത്തി കണ്ണാടിയിൽ നോക്കിയപ്പോൾ എന്തോ ഒരു കുറവ് പോലെ..ഹാ.. കണ്ണെഴുതിയില്ല..അത്യാവശ്യം വലിയ കണ്ണാണ്..അത് കട്ടിക്കെഴുതിയാണ് ശീലം..കണ്ണെഴുതാതെ പുറത്തിറങ്ങാൻ ഏട്ടനും സമ്മതിക്കില്ല.അങ്ങനെ റെഡി ആയി ഇറങ്ങിയപ്പോൾ അക്ഷമനായി ഏട്ടൻ നില്പുണ്ടായിരുന്നു. “പോകാം” “ഒട്ടും സമയം ഇല്ലെങ്കിലും ഒരുക്കത്തിന് ഒരു കുറവും ഇല്ലല്ലോ” “അതിന് ഞാൻ അധികം ഒന്നും ഒരുങ്ങിയില്ലല്ലോ” “ഈ കണ്ണ് എന്താ കാണിച്ച് വെച്ചേക്കുന്നത്..നീ എന്താ കഥകളിക്ക് പോകുന്നോ” “അത് നീ തന്നെ അല്ലേടാ അവളെ ശീലിപ്പിച്ചത്” അമ്മയുടെ ആ മറുപടി കേട്ട് ഏട്ടൻ എന്നെ നോക്കി കണ്ണടച്ച് കാണിച്ചിട്ട് ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു.

അമ്മയ്ക്ക് ഒരുമ്മയും കൊടുത്ത് ഞാൻ ബൈക്കിൽ കയറി അമ്പലത്തിലേക്ക് പോയി.. വഴിയിൽ കൂടി പോകുന്നവരോട് വണ്ടിയിൽ ഇരുന്നുകൊണ്ട് തന്നെ ഞാൻ കിന്നാരം ചോദിക്കുന്നത് ഏട്ടന് അത്ര ഇഷ്ടപെടുന്നില്ലെന്ന് എനിക്ക് മനസ്സിലായി..എന്റെ കുട്ടിക്കളി മാറിയിട്ടില്ലെന്ന ഏട്ടന്റെ പരാതി.ഒരു പരിധി വരെ അത് സത്യമാണ് ട്ടോ.ഇപ്പോഴും കുഞ്ഞിപ്പിള്ളേരും ആയിട്ടാണ് എന്റെ കൂട്ട്.ആ കുട്ടികൂട്ടത്തിന്റെ ലീഡർ ആയിട്ട് നടക്കുമ്പോൾ എനിക്ക് ഒട്ടും അഹങ്കാരം ഇല്ലെന്ന ഏട്ടൻ പറയുന്നത്.ഈ ഏട്ടൻ തന്നെ ആണ് എന്നെ കൊഞ്ചിച്ചു വഷളാക്കിയത്.എന്നിട്ടിപ്പോ എനിക്ക് 20 വയസ്സ് ആയി, ഇനി പക്വതയോടെ നടക്കണമെന്ന് പറഞ്ഞാൽ അത് അത്ര പെട്ടെന്ന് നടക്കുന്ന കാര്യമാണോ??? “ദേ ഗൗരി..

അമ്പലത്തിൽ കയറുക..തൊഴുക.. പെട്ടെന്ന് തിരിച്ചിറങ്ങുക..നേരെ വീട്ടിൽ പോകുക..അല്ലാതെ വരുന്ന പിള്ളേരും അമ്മൂമ്മമാരും ആയിട്ട് ചങ്ങാത്തം കൂടി കറങ്ങിനടന്ന് സമയം കളയരുത്.കേട്ടല്ലോ” എല്ലാം തലകുലുക്കി സമ്മതിക്കുമ്പോഴും എന്റെ കണ്ണ് ചുറ്റും പരതികൊണ്ടിരുന്നു.ഇന്നലെ വൈകിട്ട് ഇവിടെ വെച്ചൊരു മുത്തശ്ശിയെ പരിചയപെട്ടു..ആള് നമ്മുക്ക് പറ്റിയ കമ്പനി ആണ്.കൊച്ചുമോളുടെ മോളെയും കൊണ്ട് ഇന്ന് വരാമെന്ന് പറഞ്ഞതാ..പറ്റിക്കുമോ എന്തോ.. എന്നെ ഇറക്കി ഏട്ടൻ ഓഫീസിലേക്ക് പോയി.അമ്പലത്തിൽ കയറി പ്രദക്ഷണം വെക്കുമ്പോൾ ആണ് മുത്തശ്ശിയെ കാണുന്നത്.ഓടി ചെന്ന് ആ കൈകളിൽ പിടിച്ചപ്പോൾ വിറയാർന്ന കൈകൾ ചൂണ്ടി ഒരു ചേച്ചിയെ കാട്ടി തന്നു. “ഞാൻ പറ്റിച്ചിട്ടില്ല്യാട്ടോ കുറുമ്പിയെ..

ദേ ആ നില്കുന്നത എന്റെ കൊച്ചുമോള്.അവളുടെ കയ്യിൽ ഇരിക്കുന്നതാ അമ്പൂട്ടി.” ഒരു ചുന്ദരി വാവയെയും എടുത്ത് കൊണ്ട് ഞങ്ങളുടെ അടുത്തേക്ക് വരുന്ന ചേച്ചിയെ ഞാൻ ഇമവെട്ടാതെ നോക്കി നിന്നു.എന്നാ ഒരു ഐശ്വര്യമാ..ശ്ശേ കെട്ടിയില്ലായിരുന്നെങ്കിൽ ഈ ചേച്ചിയെ എന്റെ നാത്തൂൻ ആക്കാമായിരുന്നു. “ആഹാ..ഇതാണല്ലേ അച്ഛമ്മയുടെ കുറുമ്പത്തി.ഞാൻ ശ്രേയ..” എന്റെ മുഖത്തിന്‌ നേരെ വിരൽ ഞൊടിച്ചുകൊണ്ട് ചേച്ചി പറഞ്ഞു.ഞാൻ ഒന്ന് ചിരിച്ചതേയുള്ളൂ. “ഏഹ്..അച്ഛമ്മ പറഞ്ഞത് ഇങ്ങനൊന്നും അല്ലല്ലോ..ആള് നല്ല വായാടി ആണെന്നല്ലേ..ഇതിപ്പോൾ ഒരു മിണ്ടാപ്പൂച്ച ആണല്ലോ” “അത് ചേച്ചിക്ക് തോന്നിയത..കുറച്ച് കഴിയുമ്പോൾ ചേച്ചി തന്നെ ഇത് മാറ്റി പറയും” പതിവ് കുറുമ്പ് ചിരിയോടെ ഞാനത് പറഞ്ഞപ്പോൾ ചേച്ചിയും ചിരിച്ചു..

കാര്യം അറിയാതെ ഒക്കത്തിരുന്ന അമ്പൂട്ടിയും. “താൻ തൊഴുതോ?” “ഹാ ചേച്ചി.ഞാൻ ഇറങ്ങാൻ നിക്കുവാരുന്നു” “അതെയോ..പോയിട്ട് തിരക്കുണ്ടോ? ” “ഇല്ല ചേച്ചി.ഇപ്പോൾ സ്റ്റഡി ലീവ് ആണ്.അത് കൊണ്ട് വീട്ടിൽ തന്നെയിരിപ്പാ” “എങ്കിൽ ഞങ്ങൾ തൊഴുതിട്ട് വരുന്നത് വരെ മോളേ ഒന്ന് നോക്കാമോ.അകത്തു നല്ല തിരക്കല്ലേ.ഇവളുടെ നിർബന്ധത്തിന് നല്ലത് പോലെ തൊഴാൻ പറ്റില്ല” “അതിനെന്താ നിങ്ങൾ പോയിട്ട് വാ..അമ്പൂട്ടിയുടെ കാര്യം ഞാൻ ഏറ്റു” ആദ്യം എന്റെ കയ്യിൽ വരാൻ അവൾ മടിച്ചെങ്കിലും ഷാളിന്റെ കുഞ്ചലം കാട്ടി അവളെ ഞാൻ എന്റെ കൈക്കുള്ളിലാക്കി.

അവളെയും എടുത്ത് അമ്പലത്തിന്റെ പിറകിലെ ആൽത്തറയിൽ ചെന്നിരുന്നപ്പോൾ പെണ്ണ് വാശി പിടിക്കാൻ തുടങ്ങി.ഒടുവിൽ അവളെയും എടുത്ത് കൊണ്ട് ചുമ്മാ നടന്നു.അങ്ങനെ നടക്കുമ്പോൾ ആണ് ഒരു ബുള്ളറ്റ് കണ്ണിൽ പെട്ടത്.അമ്പൂട്ടിയെ അതിന്റെ പുറത്ത് ഇരുത്തിയപ്പോൾ അവളുടെ സന്തോഷം ഒന്ന് കാണണമായിരുന്നു.എന്തോ പരിചയസമ്പന്നയെ പോലെ അവൾ ആ ഹാൻഡിൽ ഒക്കെ പിടിച് തിരിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.ഞാൻ ഇതെല്ലാം കൗതുകത്തോടെ നോക്കി നിക്കുമ്പോൾ ആണ് ഒരു പയ്യൻ സൈക്കിൾ സ്കിഡ് ചെയ്യുന്നതിനിടയിൽ വീണത്.അമ്പൂട്ടി ബൈക്കിൽ സുരക്ഷിതയായിട്ട് ഇരിക്കുവാണെന്ന് ഉറപ്പ് വരുത്തി ഞാൻ ആ പയ്യന്റെ അടുത്തേക്ക് ചെന്ന് അവനെ പിടിചെഴുനെല്പിച്ചു.

“എടാ നിനക്ക് ഒക്കെ പറ്റുന്ന പണിക്ക് പോയാൽ പോരേ??” “അതെ ഈ റൈഡേഴ്‌സ് ആകുമ്പോൾ ഇടയ്ക്കൊക്കെ വീണെന്നിരിക്കും” “പിന്നെ അമ്പലത്തിന്റെ കോമ്പൗണ്ടിൽ അല്ലേ അവന്റെയൊരു റൈഡ്.ഈ പാട്ടയും എടുത്തുകൊണ്ടു വീട്ടിൽ പോ ചെക്കാ” “ഹലോ..എന്റെ വണ്ടിയെ എന്തെങ്കിലും പറഞ്ഞാൽ ഉണ്ടല്ലോ..” “വണ്ടിയോ..” “എന്തേ സൈക്കിൾ ഒരു വണ്ടി അല്ലേ?” “ഓ മതി മതി..സഹായിക്കാൻ വന്നത് എന്റെ തെറ്റ്”

“ചേച്ചിയോട് എന്നെ സഹായിക്കാൻ ഞാൻ പറഞ്ഞോ..ഇത് നല്ല കൂത്ത്” അവന്റെ ആ ചോദ്യത്തിന് മുന്നിൽ ഞാൻ അന്തംവിട്ട് പണ്ടാരമടങ്ങി പോയി.വലിയ ഡയലോഗ് അടിച്ചിട്ട് അവൻ ദേ സൈക്കിളും കൊണ്ട് പോകുന്നു.എനിക്കെന്തിന്റെ കേടായിരുന്നു..അങ്ങനെ ചിന്തിച്ചു തിരിച്ച് അമ്പൂട്ടിയുടെ അടുത്തേക്ക് വന്നതും ബുള്ളറ്റ് മാത്രം അവിടെ ഉണ്ട്…അമ്പൂട്ടി…അവളെ കാണുന്നില്ല….!!! നോക്കുമ്പോൾ അതാ കറുത്ത ജാക്കറ്റിട്ട ഒരുത്തൻ കൊച്ചിനെയും കൊണ്ട് പോകുന്നു…… (തുടരും)

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!