അറിയാതെൻ ജീവനിൽ: ഭാഗം 26

അറിയാതെൻ ജീവനിൽ: ഭാഗം 26

എഴുത്തുകാരൻ: ആദിത്യൻ മേനോൻ

ബോധം മറഞ്ഞു തറയിൽ വീണുകിടക്കുന്നവളെ ഓടിച്ചെന്ന് ആരവ് താങ്ങിയെടുത്ത് കട്ടിലിൽ കൊണ്ടുപോയ് കിടത്തി. അപ്പോഴേക്കും മറ്റു ഡോക്ടർമാരും അവിടെ എത്തിയിരുന്നു.. എല്ലാ രംഗങ്ങളും കണ്ടുകൊണ്ട് മറഞ്ഞിരുക്കുകയായിരുന്നു അവർ.. “ഡോക്ടർ ആരവ്.. കുട്ടിയെ ഉടനെ ഇവിടെ നിന്നും പുറത്തുകൊണ്ടുപോകണം.. മയങ്ങിയെണീക്കുമ്പോൾ അവളിവിടെയായിരിക്കരുത്.. ഒരിക്കലും അങ്ങനെ സംഭവിച്ചുകൂടാ..” ഡോക്ടർ പറഞ്ഞതുകേട്ടാണ് ധൃതിയിൽ അവളെ കൈകളിലെടുത്ത് ഹോസ്പിറ്റലിന് പുറത്തേക്ക് നടന്നു. പുറത്ത് ചാച്ചൻ കാത്തിരിക്കുന്നുണ്ടായിരുന്നു.

ആരവിനെ കണ്ടതും ചാച്ചൻ കാറിലേക്ക് കയറി സ്റ്റാർട്ട്‌ ചെയ്തു. ആരവ് ഡോർ തുറന്ന് ജുവലുമായി അകത്തേക്ക് കയറിയിരുന്നുകൊണ്ട് ഡോറടച്ചു. “വേം പോണം ജോർജേട്ടാ…” ആരവ് പറഞ്ഞു തുടങ്ങുന്നതിനു മുൻപ് തന്നെ ചാച്ചൻ കാർ ഡ്രൈവ് ചെയ്തു തുടങ്ങിയിരുന്നു.. വീടെത്തുംവരെ ഒരു പ്രാർത്ഥനയെ ഉണ്ടായിരുന്നുള്ളു.. വീടെത്തുന്നതിന് മുൻപ് ജുവൽ എഴുന്നേൽക്കല്ലേ എന്ന്.. പ്രാർത്ഥന ഫലിച്ചു.. വീടെത്തി കാർ നിർത്തി ചാച്ചൻ കാറിൽ നിന്നുമിറങ്ങിയപ്പോൾ പെണ്ണിന്റെ ബോധം പതിയെ പതിയെ തിരിച്ചുവന്നു.. കണ്ണുകൾ മെല്ലെ തുറന്നവൾ ചുറ്റിനും നോക്കുന്നതിന് മുന്നേ ആരവും കാറിൽ നിന്നുമിറങ്ങിയിരുന്നു… അത്ര പെട്ടന്നവൾ ഉണരുമെന്ന് അവർ പ്രതീക്ഷിച്ചിരുന്നില്ല..

എന്താണ് തനിക്ക് സംഭവിച്ചതെന്നറിയാതെ പെണ്ണ് തലയിൽ കയ്യമർത്തി കണ്ണടച്ചു.. എന്തൊക്കെയോ രംഗങ്ങൾ മനസ്സിലേക്കോടി വന്നെങ്കിലും എല്ലാം ചേർത്തുവച്ചൊരു പൂർണ്ണരൂപം അവൾക്ക് കിട്ടിയില്ല.. രണ്ടുകയ്യും നെറ്റിയിൽ അമർത്തി ഞെക്കിക്കൊണ്ട് അവയെല്ലാം ഓർത്തെടുക്കുവാൻ ശ്രമിച്ചുകൊണ്ടിരുന്നു.. പക്ഷെ പല പല താളുകൾ കാണാതെപോയ ഒരു പുസ്തകം പോലെ വ്യക്തമായ ഒരു കഥ തന്റെ ഓർമ്മകളിൽ നിന്നും ഊഹിച്ചെടുക്കുവാൻ അവൾക്ക് സാധിച്ചില്ല.. അപ്പോഴാണ് ഡോക്ടർ ആരവ് ഡോർ തുറന്ന് അകത്തു കയറിയിരുന്നത്.. ആരവിനെ കണ്ടതും താൻ പാതി മറന്ന തന്റെ കഥയിലെ ഒരു കഥാപാത്രം അയാളായിരുന്നെന്ന് അവൾക്ക് മനസ്സിലായി. “ഡോക്ടർ… എനിക്ക്..

എനിക്കെന്തോ പോലെ തോന്നുന്നു…” കണ്ണുകൾ ഇറുകിയടച്ച് മുഖം പൊത്തിക്കൊണ്ട് പറഞ്ഞു.. “താനിപ്പോ ഒന്നും ഓർത്തെടുക്കണ്ട.. ജസ്റ്റ്‌ ഒന്ന് റിലാക്സ് ആയി ഇരിക്ക്..” ഡോക്ടർ ആരവ് സ്നേഹത്തോടെ പുഞ്ചിരി തൂക്കിക്കൊണ്ട് പറഞ്ഞു.. “എനിക്ക്.. എനിക്കെന്തായിരുന്നു ഡോക്ടർ..?” “തനിക്കൊരു അസുഖമുണ്ടായിരുന്നു.. അതെല്ലാം മാറ്റിയെടുത്ത് താനിപ്പോ തിരിച്ചു ലൈഫിൽ എത്തിയിരിക്കുകയാണ്.. പഴയതൊന്നും ഓർത്തെടുക്കാൻ ശ്രമിക്കേണ്ട.. ഇത് നിന്റെ രണ്ടാം ജന്മമാണ്.. അതിൽ ഫോക്കസ് ചെയ്യ്..” “പക്ഷെ.. എനിക്കൊന്നും മനസ്സിലാകുന്നില്ല.. അപൂർണ്ണമായൊരു കഥ എന്റെ ഓർമ്മകളിലുണ്ട്…” “അതവിടെ അങ്ങനെ തന്നെയിരിക്കട്ടെ.. എല്ലാം നീയറിയാനായെന്ന് ബോധ്യം വരുമ്പോൾ ആ കഥ ഞാൻ നിനക്ക് പറഞ്ഞു തരാം…”

അവളെ നോക്കി പുഞ്ചിരിച്ചുകൊണ്ട് അവൻ പറഞ്ഞപ്പോൾ അത്രമേൽ താൻ തന്നിൽ സ്വാതന്ത്ര്യം നല്കിയവനാണ് ആ ഡോക്ടർ എന്നവൾക്ക് മനസ്സിലായി. “ചില പേജുകൾ കീറിപ്പോയൊരു പുസ്തകമാണ് എന്റെ മനസ്സിപ്പോൾ.. പക്ഷെ ഒന്നെനിക്കോർക്കാനാവുന്നുണ്ട് ഡോക്ടർ.. അറിയാതെൻ ജീവനിൽ ആരോ ഒരാൾ മൊട്ടിട്ടിരുന്നു.. ആ ആളിന്ന് ജീവനോടെയുമില്ല.. അയാളെ എന്നിൽ അടുപ്പിച്ച ഒരു ഞങ്ങളിടങ്ങളും എനിക്കോർമ്മയില്ല.. പക്ഷേ ഇടക്കെപ്പോഴോ വച്ച് അയാൾക്ക്‌ ഞാനൊരു വാക്ക് കൊടുത്തിട്ടുണ്ട്.. ഒരിക്കലും അയാളെയോർത്ത് ജീവിതം നശിപ്പിക്കില്ലെന്ന്..

ഇതിൽ കൂടുതലൊന്നും എനിക്കിനി അറിയണ്ട ഡോക്ടർ.. ഉറങ്ങിയെഴുന്നേറ്റപ്പോൾ കണ്ടയൊരു തലയും വാലുമില്ലാത്തൊരു സ്വപ്നമെന്ന് ഞാൻ കരുതിക്കോളാം.. മറ്റൊന്നും എനിക്കറിയണ്ട..” പറയുമ്പോൾ കണ്ണ് നിറഞ്ഞതെന്തുകൊണ്ടെന്ന് അറിയില്ലായിരുന്നു. ഇടയ്ക്കെപ്പോഴോ വച്ച് മുറിയിലിരുന്ന് ഫോണിൽ ആർക്കോ മെസേജ് അയക്കുന്ന തിരക്കിലായിരുന്ന തന്റെ ചിത്രം ഓർമ്മകളിലേക്ക് വന്നു.. “ഇറങ്ങുന്നില്ലേ.. ദേ എല്ലാരും വെയ്റ്റിംഗ് ആണ് തന്നേ.. ചേച്ചിയും അമ്മച്ചിയും ചാച്ചനും ദച്ചു മോളും..” ആരവ് പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞപ്പോൾ കാറിന്റെ ഡോർ തുറന്ന് പതുക്കെയിറങ്ങി വന്നു.. ആരവിന്റെ ശ്രദ്ധയവളുടെ കാലുകളിലായിരുന്നു.. കണ്ണ് തുറന്ന ശേഷം അവൾ നടക്കുമോ ഇല്ലയോ എന്ന സംശയം അവനുണ്ടായിരുന്നു.

“നടക്കാൻ കുഴപ്പമൊന്നുമില്ലല്ലോ?” ആരവ് ചോദിച്ചപ്പോൾ കാലുകളിലേക്ക് നോക്കി. “എന്താ അങ്ങനെ ചോദിച്ചത്.?” പെണ്ണിന്റെ ചോദ്യം കേട്ട് സന്തോഷത്തോടെ ഒന്നുമില്ലെന്ന് തലയാട്ടി.. “ഏയ്‌.. ഒന്നുമില്ല..” “പക്ഷെ വീൽ ചെയറിൽ കഴിഞ്ഞ ഒരെന്നെ ഞാനോർക്കുന്നുണ്ട് ഡോക്ടർ.. പക്ഷെ ഒന്നും അങ്ങോട്ട് വ്യക്തമാകുന്നില്ല..” മങ്ങിയ ഒരു ചിരി മുഖത്ത് മൊട്ടിട്ടു. “താൻ കൂടുതൽ കാട് കയറി ചിന്തിക്കാൻ നിക്കണ്ട.. കഴിഞ്ഞതെല്ലാം കഴിഞ്ഞു.. ഇനി ഇത് തന്റെ രണ്ടാമത്തെ ജന്മമാണ്.. ഒരു സെക്കൻഡ് ചാൻസ്.. എൻജോയ് ചെയ്യ്… ചെല്ല്…” ആരവ് ഡോക്ടറെ നോക്കി ചിരിച്ചു കാട്ടി വീടിന്റെ വരാന്തയിലേക്ക് നോക്കിയപ്പോൾ പടിക്കൽ ചാച്ചനും പിന്നിലായി അമ്മച്ചിയും അലീനേച്ചിയും ദച്ചുമോളും നിൽക്കുന്നുണ്ടായിരുന്നു..

അവർക്കരികിലേക്ക് പോകുന്നതിന് മുൻപ് കാറിന്റെ മറുവശത്ത് നിന്ന ആരവ് ഡോക്ടറെ നോക്കി ചിരിച്ചു കാണിച്ചു.. “എന്താടോ?” “താങ്ക് യൂ ഡോക്ടർ…” “എന്തിനാ?” “എല്ലാത്തിനും..” ആരവ് ഡോക്ടറിൽ നിന്നും കണ്ണുകളെടുത്ത് വീട്ടുകാർക്ക് നേരെ നടന്നു. പിന്നാലെ ഡോക്ടറും പിന്തുടരുന്നുണ്ടെന്ന് മനസ്സിലായി.. ആദ്യം ചെന്ന് എടുത്ത് പൊക്കിയത് ദച്ചുമോളെയാണ്. അവളെ ഒക്കത്തിരുത്തി കളിചിരിയോടെ പെണ്ണ് അകത്തേക്ക് കയറിപ്പോകുന്നത് പുറത്ത് നിന്നും ആരവ് നോക്കി നിന്നു. “അവൾക്കൊന്നും ഓർമ്മയില്ലേ ആരവേ?” ചാച്ചൻ ആരവിനോടായി ചോദിച്ചു. “എല്ലാം മറന്നിട്ടൊന്നുമില്ല.. പക്ഷെ ജീവൻ എന്ന ആ കഥാപാത്രം മാത്രം പൂർണ്ണമായും അവളുടെ ഓർമ്മകളിൽ ഉറങ്ങിക്കിടക്കുകയാണ്.

ഒന്നോർത്താൽ അത് നന്നായി..” ജീവനെ കുറിച്ചോർത്തപ്പോൾ ആരവിനും സങ്കടം തോന്നി.. “നീ വാ… കഴിച്ചിട്ട് പോകാം..” ചാച്ചൻ സ്നേഹത്തോടെ ആരവിനെ അകത്തേക്ക് വിളിച്ചെങ്കിലും ആരവ് ചിരിയാലെ അത് നിഷേധിച്ചു.. “പിന്നെയാവട്ടെ.. അമ്മ കാത്തിരിക്കുന്നുണ്ട് വീട്ടിൽ കഴിക്കാൻ ചെന്നില്ലേൽ പിണങ്ങും.. വരാം.. ഇനിയും സമയമുണ്ടല്ലോ…” തിരിഞ്ഞു നടക്കാൻ തുടങ്ങിയ ആരവിനെ ചാച്ചൻ പിടിച്ചു നിർത്തി. “എങ്ങനെ നന്ദി പറയണമെന്നറിയില്ല.. നീയില്ലായിരുന്നെങ്കിൽ എന്റെ മോളെ പഴയ പോലെ കാണാൻ സാധിക്കില്ലായിരുന്നു..” ചാച്ചൻ അവന്റെ കൈ തന്റെ കയ്യിലെടുത്തു പിടിച്ചു. “എന്താ ജോർജേട്ടാ ഇത്…” ആരവ് ബഹുമാനപൂർവ്വം കൈകൾ മാറ്റി.. “അപ്പോഴേ ഞാനിറങ്ങുവാ.. പിന്നേ വരാം…”

ചിരിച്ചു കാണിച്ചുകൊണ്ട് ആരവ് കാറിൽ കയറി പോയി.. “ഡോക്ടർ പോയോ…?” ചാച്ചൻ അകത്തേക്ക് കയറിവന്നപ്പോൾ പെണ്ണ് ചോദിച്ചു.. “ആാാ… പോയി…” ചാച്ചൻ പറഞ്ഞപ്പോൾ ശരിയെന്നു തലയാട്ടി.. കഴിക്കാൻ അമ്മച്ചി ഭക്ഷണം എടുത്തു വെച്ചിട്ടുണ്ടായിരുന്നു.. തനിക്കിഷ്ടമാണെന്ന് കരുതിയാണ് എഗ്ഗ് പഫ്സ് ഉണ്ടാക്കിയിരിക്കുന്നത്. അമ്മച്ചി പ്ളേറ്റിലേക്ക് പഫ് ഇട്ടുതന്നപ്പോൾ തടഞ്ഞു നിർത്തി.. “എഗ്ഗ് പഫ്സ് എനിക്ക് വേണ്ട…” “ഇത് നിനക്കിഷ്ടമല്ലേ..?” അമ്മച്ചി ചോദിച്ചപ്പോൾ അല്ലെന്ന് തലയാട്ടി.. ഇടക്കെപ്പോഴോ ആരോ തന്റെ ഓർമ്മകളിൽ നിന്നും എഗ്ഗ് പഫ്സ് എനിക്ക് വളരെ ഇഷ്ടമാണ് എന്ന് മന്ത്രിക്കുന്നതായി തോന്നി. അതൊരു ആണിന്റെ ശബ്‌ദമായിരുന്നു.. പേരെന്തെന്നറിയാത്ത..

തന്റെ ആരായിരുന്നെന്ന് പോലും ഓർമ്മിക്കാനാവാത്ത ഏതോ ഒരുത്തന്റെ… “ഞാനിനി മുകളിലത്തെ എന്റെ മുറിയിലോട്ട് പോകുന്നില്ല ചാച്ചാ.. ഞാൻ അലീനേച്ചിയുടെ മുറിയിൽ കഴിഞ്ഞോട്ടെ? ചേച്ചി എന്റെ റൂമെടുത്തോട്ടെ?” ചോദിച്ചപ്പോൾ മറ്റൊന്നും ആലോചിക്കാതെ ചാച്ചൻ സമ്മതം മൂളി. ചേച്ചിക്കും യാതൊരു കുഴപ്പവുമില്ലായിരുന്നു.. വീണ്ടും തന്റെ മുറിയിലേക്ക് ചെന്നാൽ അവിടുത്തെ നാല് ചുവരുകളും തന്നെ കൂർപ്പിച്ചു നോക്കിയെന്നിരിക്കും.. മറന്നുപോയ കഥകളവർ ഓർമ്മിപ്പിച്ചെന്നിരിക്കും.. ഉണങ്ങിപ്പോയ മുറിവുകളിൽ സൂചി കുത്താൻ നോക്കിയെന്നിരിക്കും… ഭക്ഷണം കഴിഞ്ഞു റൂമിലിരിക്കുമ്പോഴാണ് ഉമ്മറത്തു നിന്നും അലീനേച്ചി വിളിക്കുന്നത് കേട്ടത്.. എഴുന്നേറ്റ് ചെന്നു നോക്കിയപ്പോൾ മുറ്റത്ത് ഒരു പോസ്റ്റ്‌ മാൻ എത്തിയിട്ടുണ്ട്.. കയ്യിലൊരു കൊറിയർ ബോക്‌സും..

തനിക്കോർമ്മയുണ്ട്.. ഇടയ്ക്കിടെ ചോക്ലേറ്റുകൾ കൊറിയർ അയക്കുന്ന ആ അപരി’ജിതനെ… ഇനിയൊരിക്കൽ കൂടി വന്നാൽ ആരാണവനെന്ന് കണ്ടുപിടിക്കുമെന്ന് തീരുമാനിച്ചു വച്ചതാണ്.. പതിവ് പോലെ കൊറിയർ വാങ്ങി പേപ്പറിൽ സൈൻ ചെയ്ത് പോസ്റ്റുമാൻ ഗെയ്റ്റ് കടന്നു നടന്നു പോയപ്പോൾ പിന്നാലെ പിന്തുടർന്നു ചെന്നു. ഗെയ്റ്റിനപ്പുറത്തെത്തിയായാൽ റോഡിന്റെ വളവ് തിരിഞ്ഞു പോകുന്നതിന് മുൻപ് സൈൻ ചെയ്ത പേപ്പർ ചുരുട്ടി വലിച്ചെറിഞ്ഞത് കണ്ടു.. അയാൾ പോയ ശേഷമാണ് അവിടേക്ക് പോയി ആ പേപ്പർ എടുത്തു നോക്കിയത്. വ്യക്തമായി പരിശോധിച്ചപ്പോൾ അത് തന്റെ പേരിലുള്ള കൊറിയർ അല്ലെന്ന് മനസ്സിലായി.. മറ്റാരുടെയോ പേരെഴുതിയ ഒരു വ്യാജ പേപ്പറിലാണ് താൻ പരിശോധിക്കാതെ ഒപ്പിട്ട് കൊടുത്തു കൊറിയർ കൈ പറ്റിയത്..

പക്ഷെ പോസ്റ്റുമാൻ പറഞ്ഞത് തന്റെ പേര് തന്നെയാണല്ലോ… കൗതുകത്തോടെ വളവ് കടന്നു ദൂരേക്ക് നോക്കിയപ്പോൾ ആ പോസ്റ്റ്മാൻ ഒരു കാറിലേക്ക് കയറുന്നത് കണ്ടു.. കാർ സ്റ്റാർട്ട്‌ ചെയ്തിരുന്നില്ല.. പെണ്ണ് പതുക്കെ ചെന്ന് ആ കാറിന്റെയടുത്തെത്തി.. കാറിലുള്ളവർ തിരക്കിട്ട സംസാരത്തിലായിരുന്നു.. “എല്ലാം ഓക്കേ അല്ലേ.. അവർക്ക് ഡൌട്ട് ഒന്നും തോന്നിയില്ലല്ലോ?” പോസ്റ്റ്‌ മാന്റെ അഭിമുഖമായി ഇരുന്നയാളെ പെണ്ണിന് കാണാനായില്ല. “എന്നത്തേയും പോലെ ഡബിൾ ഓക്കേയാണ് അളിയാ…” പോസ്റ്റ്‌ മാൻ കൈ കൊണ്ട് ഓക്കേ എന്ന് കാണിച്ചു പറയുന്നത് കണ്ടു.. പിന്നെ കേൾക്കുന്നത് ഒരു പാട്ടാണ്.. പോസ്റ്റ്‌ മാന്റെ അടുത്തിരുന്നവൻ പാടിയ പാട്ട്… “തരളമാം സന്ധ്യകൾ നറുമലർ തിങ്കളിൻ നെറുകയിൽ ചന്ദനം തൊട്ടതാവാം.. കുയിലുകൾ പാടുന്ന തൊടിയിലെ തുമ്പികൾ കുസൃതിയാൽ മൂളിപ്പറന്നതാകാം..

അണിനിലാത്തിരിയിട്ട മണിവിളക്കായ് മനമഴകോടെ മിന്നിത്തുടിച്ചതാവാം.. അണിനിലാത്തിരിയിട്ട മണിവിളിക്കായ് മനമഴകോടെ മിന്നിത്തുടിച്ചതാവാം.. ആരും കൊതിക്കുന്നൊരാൾ വന്നു ചേരുമെന്നാരോ സ്വകാര്യം പറഞ്ഞതാവാം..” പാടിക്കൊണ്ടിരിക്കുമ്പോൾ കാർ സ്റ്റാർട്ട്‌ ആയത് കണ്ടു.. കാർ പോകുന്നതിന് മുൻപേ ആ അപരി’ജിതനെ ഒന്ന് കാണണമെന്നു തീരുമാനിച്ചാണ് കാറിന്റെ സൈഡിലെ മിററിലേക്ക് എത്തിനോക്കിയത്..

ഇടക്കിടക്ക് ചോക്കലേറ്റുകൾ അയക്കുന്ന ഡ്രൈവിംഗ് സീറ്റിലിരുന്ന ആ അപരിജിതനെ കണ്ടവളുടെ കണ്ണുകൾ വിടർന്നു… “ജിത്തേട്ടൻ…..” ചുണ്ടുകൾ കൗതുകത്തോടെയും അമ്പരപ്പോടെയും മൊഴിഞ്ഞു.. അപ്പോഴും അവളുടെ സാന്നിധ്യമറിയാതെ ആ അപരി ‘ജിതൻ’ തന്റെ പാട്ടു തുടർന്നു.. “പിന്നെയും പിന്നെയും ആരോ കിനാവിന്റെ പടി കടന്നെത്തുന്ന പദനിസ്വനം.. പിന്നെയും പിന്നെയും ആരോ നിലാവത്ത് പൊൻവേണുവൂതുന്ന മൃദുമന്ത്രണം..” …..തുടരും..

അറിയാതെൻ ജീവനിൽ: ഭാഗം 25

Share this story