ഹൃദയത്തിൻ താളമായി…..❣️ : ഭാഗം 2

ഹൃദയത്തിൻ താളമായി…..❣️ : ഭാഗം 2

എഴുത്തുകാരി: റിൻസി പ്രിൻസ്‌

ആ കണ്ണുകൾ തന്നിലാണ് എന്ന് കണ്ടപ്പോൾ നോട്ടം പെട്ടന്ന് മാറ്റി… രണ്ട് മൂന്നു മാസമായി ആൾ പിന്നാലെ കൂടിയിട്ടു…. ഇതുവരെ ഒന്നും സംസാരിച്ചിട്ടില്ല… ശല്യപ്പെടുത്താറുമില്ല…. എന്നും രാവിലെ താൻ പോകുന്ന ബസിൽ ഉണ്ടാകും…. കോളേജ് ഗേറ്റ് വരെ ഒപ്പം എത്തും…. താൻ കോളേജിൽ കയറി കഴിഞ്ഞാൽ പിന്നെ ആളെ കാണാറില്ല…. വൈകുന്നേരം തിരിച്ചു പോകുന്ന ബസിൽ കക്ഷി ഉണ്ടാകും…. താൻ ഇറങ്ങുന്ന സ്റ്റോപ്പിൽ ഇറങ്ങും …. പാലം കടന്ന് തന്നെ ഒന്ന് നോക്കി അപ്പുറത്തെ വഴിയിലൂടെ പോകും… ഇതുവരെ അധികം ആരും ശ്രേധിച്ചിട്ടില്ല…. അച്ഛനോ മറ്റോ അറിഞ്ഞാൽ എന്താണ് സംഭവിക്കുന്നത് എന്ന് ചിന്തിക്കാൻ കൂടെ കഴിയില്ല…. ചിലപ്പോൾ തനിക്ക് ബുദ്ധിമുട്ട് ഉണ്ടാകരുത് എന്ന് കരുതി ആകും..

ആൾ എപ്പോഴും കവലയിലെ ചായകടയിൽ നിന്ന് ഒരു ചായ കുടിച്ചിട്ട് മാത്രമേ തനിക്ക് പിറകെ വരാറുള്ളൂ…. എപ്പോഴും തന്റെ മുഖത്തേക്ക് നോക്കുന്ന നോട്ടത്തിൽ ഒരു പുഞ്ചിരി തെളിയാറുണ്ട്…. ഒരിക്കൽ പോലും തിരിച്ചു ചിരിച്ചു കാണിക്കാൻ തോന്നിയിട്ടില്ല…. “ഡി അയാൾ പുറകിൽ ഇരുന്ന് നിന്റെ ചോര ഊറ്റി കുടിക്കുവാ… ശാലു പതിയെ ചെവിയിൽ പറഞ്ഞപ്പോൾ…. എത്ര നോക്കണ്ട എന്ന് കരുതിയിട്ടും ഇടക്ക് നോട്ടം ആ മുഖത്തേക്ക് പാളി വീണു…. താൻ നോക്കുന്നത് കണ്ടതും ആ മിഴികൾ ഒരിക്കൽ കൂടെ തിളങ്ങി… മറുപടി ആയി കൂർപ്പിച്ച ഒരു നോട്ടം മാത്രം ആയിരുന്നു തന്റെ ഭാഗത്തു നിന്ന്… പെട്ടന്ന് ആൾ പരിചിതനെ പോലെ പുരികക്കോടി ഉയർത്തി എന്താണ് എന്ന് ചോദിക്കുമ്പോൾ ഉള്ളി നുരഞ്ഞു പൊങ്ങിയ വികാരം ദേഷ്യം മാത്രം ആയിരുന്നു…..

പിന്നീട് അങ്ങോട്ട്‌ നോക്കാനുള്ള ധൈര്യം കിട്ടിയില്ല….. “കോളേജ് റോഡ്… കണ്ടക്ടർ വിളിച്ചു പറഞ്ഞപ്പോൾ ശാലുവിന്റെ കൈയ്യിൽ പിടിച്ചു വലിച്ചു ഓടുക ആയിരുന്നു…. അയാൾ എഴുനേറ്റതെ ഉള്ളു… നല്ല തിരക്കുണ്ട് പെട്ടന്ന് അയാൾക്ക് ഇറങ്ങാൻ കഴിയില്ല അതിനുള്ളിൽ നിന്ന് എന്ന് ഉറപ്പായിരുന്നു ….. എങ്ങനെയേലും അയാളെ കാണാതെ കോളേജിൽ എത്തിയാൽ മതി എന്ന് മാത്രേ അപ്പോൾ മനസ്സിൽ ഉണ്ടായിരുന്നുള്ളു…. കാലുകൾ വേഗത്തിൽ സഞ്ചരിച്ചു…. പക്ഷെ തന്റെ പ്രതീക്ഷകളെ തെറ്റിച്ചു കൊണ്ട് അയാൾ ഒരു വിജയിയെ പോലെ തനിക്ക് അഭിമുഖം നടന്നു വന്നു ………. “എന്നെ കാണാതെ ഇരിക്കാൻ ആണ് ഈ ഓട്ടപാച്ചിൽ എങ്കിൽ അത്‌ വേണ്ട…… കാണാൻ ആണ് വന്നതെങ്കിൽ കണ്ടിട്ട് പോകാനും അറിയാം….. ഗംഭീരം ഉള്ള ശബ്ദം കാതിൽ അലയടിച്ചു….

ചിരിയോടെ അയാൾ അത്‌ പറഞ്ഞു നടന്നു അകലുമ്പോൾ മുഖത്തെ ഭംഗിയുള്ള താടിക്കൊപ്പം ആ കവിളിൽ വീണ നുണക്കുഴികൾ തെളിഞ്ഞു കാണാമായിരുന്നു…. അയാളുടെ ആ സംസാരം ഉള്ളിൽ ഉണർത്തിയ ദേഷ്യം കുറച്ച് ആയിരുന്നില്ല…. മൂന്ന് മാസങ്ങൾക്ക് ഇടയിൽ ഇന്നാണ് അയാൾ സംസാരിക്കുന്നത്…. ഇതുവരെ നേരിയ പ്രതീക്ഷ ഉണ്ടായിരുന്നു ഒരുപക്ഷെ അയാൾ വെറുതെ നോക്കുന്നതാകും തന്നെ എന്ന്…. പക്ഷെ ഇപ്പോൾ പറഞ്ഞ വാക്കുകൾ വിളിച്ചോതുന്ന സത്യം അയാൾ തന്നെ കാണാനായി മാത്രം ആണ് ഈ യാത്ര നടത്തുന്നത് എന്ന് തന്നെ അല്ലേ…..? ഭയത്തിന്റെ ഒരു ഇരുൾ മനസിനെ വലയം ചെയ്യുന്നത് അപർണ്ണ അറിഞ്ഞു….. “അയാളുടെ പറച്ചിൽ കേട്ടില്ലേ…. അതിൽ അല്പം അഹങ്കാരത്തിന്റെ ധ്വനി ഇല്ലേ…

ശാലുവിന്റെ ചോദ്യം ആണ് ഓർമകളിൽ നിന്ന് ഉണർത്തിയത്… “കണ്ടിട്ട് പോകും അത്രേ… അയാൾക്ക് കാണാൻ ഞാൻ നിന്ന് കൊടുക്കുവല്ലേ… ദേഷ്യത്തോടെയും സങ്കടത്തോടെയും ആയിരുന്നു അത്‌ പറഞ്ഞത്… “സാരമില്ല ഡി…. ഇനി എത്രനാളത്തേക്ക് ആണ്… ഇനി രണ്ടോ മൂന്നോ പരീക്ഷ അതൂടെ കഴിഞ്ഞാൽ പിന്നെ അയാളുടെ ശല്ല്യം ഉണ്ടാകില്ല… പിന്നെ ഇങ്ങോട്ട് വരണ്ടല്ലോ…. അപ്പോൾ ബസിൽ വച്ചുള്ള കാണലും ഉണ്ടാവില്ല…. ശാലുവിന്റെ മറുപടി കേട്ടപ്പോൾ തെല്ല് ആശ്വാസം തോന്നിയിരുന്നു… അതെ പിന്നീട് അയാളെ കാണണ്ടല്ലോ സമാധാനത്തോടെ ഓർത്തു…. ആ ആശ്വാസത്തിൽ കോളേജിലേക്ക് കയറി… ശാലു എക്ണോമിക്സ് ഡിപ്പാർട്മെന്റ് ആയോണ്ട് രണ്ടുപേരും രണ്ടു വഴിയേ പോയി…. സമാധാനത്തോടെ പരീക്ഷ എഴുതി….

പഠിച്ചത് ഒക്കെ തന്നെ ആയിരുന്നു വന്നിരുന്നത് അതുകൊണ്ട് സന്തോഷം തോന്നിയിരുന്നു…. പരീക്ഷ കഴിഞ്ഞു ശാലുവിനെ കാത്ത് വെളിയിൽ നിൽകുമ്പോൾ ആണ് വീണ്ടും മനസ്സിൽ അയാളെ കുറിച്ച് ഉള്ള ചിന്ത അലയടിച്ചത്…. ആരായിരിക്കും അയാൾ…? മുൻപ് കണ്ട പരിചയം ഒന്നും ഇല്ല… “എക്സാം എങ്ങനെ ഉണ്ടാരുന്നു ഡി… ശാലുവിന്റെ ചോദ്യം ആണ് ചിന്തകളെ കീറിമുറിച്ചത്….. “എളുപ്പം ആയിരുന്നു…. നിനക്കോ..? “ഞാൻ പൊട്ടും ഉറപ്പാണ്…. എന്റെ ക്ലാസ്സിൽ നിന്ന പൂതന ഒന്ന് അനങ്ങാൻ പോലും സമ്മതിച്ചില്ല…. വേദനയോടെ ഉള്ള അവളുടെ മറുപടി കേട്ടപ്പോൾ ചിരിയാണ് വന്നത്…. “അപ്പോൾ നീ കോപ്പി എഴുതികൊണ്ട് പോയത് ഒക്കെ വെറുതെ ആയി അല്ലേ…? “മ്മ്….. നിരാശയോടെ ഉള്ള അവളുടെ മറുപടി കണ്ടപ്പോൾ അറിയാതെ ചിരിച്ചു പോയി… “വെറുതെ കോപ്പി എഴുതി സമയം കളഞ്ഞു…..

ആ സമയത്ത് വല്ലോം പഠിച്ചിരുന്നു എങ്കിൽ അത്‌ എങ്കിലും എഴുതി വച്ചൂടാരുന്നോ…. “അതും ശരിയാ…. നമ്മുക്ക് പോയാലോ… ശാലു ചോദിച്ചു… “വാ പോകാം… ബസ്റ്റാന്റിലേക്ക് നടക്കുമ്പോൾ വീണ്ടും അയാളെ കാണാൻ കഴിയല്ലേ എന്ന് മാത്രമായിരുന്നു ഉള്ളിനുള്ളിൽ പ്രാർത്ഥന…. അയാളുടെ വരവിന്റെ ഉദ്ദേശം തന്നെ കാണലാണ് എന്ന് അറിഞ്ഞ നിമിഷം മുതൽ ഉള്ളിൽ ഉടലെടുത്ത ഭയം പുറത്തു പ്രകടിപ്പിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല…. ഏറ്റവും കൂടുതൽ ഭയന്നത് നാട്ടുകാരെ തന്നെയാണ് സ്ഥിരമായി ഒരാൾ ഇങ്ങനെ പുറകെ കൂടുമ്പോൾ കുറച്ചുനാൾ ശ്രദ്ധിച്ചില്ലെങ്കിലും പിന്നീട് ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങും…. പലരും പറഞ്ഞു അച്ഛന്റെ ചെവിയിലേക്ക് എത്തുകയും ചെയ്യും……

ഒരുപാട് പരിഷ്കാരങ്ങൾ ഒന്നും കടന്നു വന്നിട്ടില്ലാത്ത ഒരു കവലയാണ് തങ്ങളുടെത് ചെറിയ കുറച്ചു കടകൾ മാത്രമാണ് ആ കവലയുടെ ശ്രദ്ധാകേന്ദ്രം എന്ന് പറയാൻ…. അതിൽ മുന്നിട്ടുനിൽക്കുന്നത് തങ്ങളുടെ പലചരക്കുകട തന്നെയാണ്…. പിന്നെ ഒരു കുഞ്ഞു ഹോട്ടലും, ചെറിയൊരു തുണിക്കടയും ബേക്കറിയും, അടങ്ങുന്ന ഒരു ചെറിയ ഒരു നാല്കവല… അവിടുത്തെ ആളുകൾക്ക് സംസാരവിഷയം ആകാൻ ഇതിലും വലുതായി ഒന്നും വേണ്ട… ഇപ്പോൾ തന്നെ മൂന്ന് മാസമായി ആൾ പിന്നാലെയുണ്ട്…. ഇതുവരെ ആരും അധികം ശ്രദ്ധിച്ചിട്ടില്ല എന്ന് തോന്നുന്നു…. പക്ഷേ ഇപ്പോൾ അയാൾ തന്നോട് സംസാരിക്കാൻ തുടങ്ങിയിരിക്കുന്നു…. ഒരുപക്ഷേ ഇനിയും സംസാരങ്ങൾ നീണ്ടുപോയേക്കാം…. ഒരു പക്ഷേ കവലയിൽ വെച്ച് തന്നെ അയാൾ തന്നോടു സംസാരിക്കാൻ ശ്രമിക്കാം….

ആ നിമിഷം തന്നെ അച്ഛൻ അറിയുകയും ചെയ്യും…. പിന്നീട് ഉണ്ടാക്കുന്നതിനെ പറ്റി തനിക്ക് ചിന്തിക്കാൻ പോലും കഴിയുന്നില്ല… ഉള്ളിലെ ഭയം വർധിച്ചു…. എന്ത് ചെയ്യും എന്ന് ആലോചിച്ചാണ് നടന്നുനീങ്ങിയത് അപ്പോഴാണ് ബസ് സ്റ്റോപ്പിൽ തന്നെ കാത്തു നിൽക്കുന്ന മറ്റൊരു പ്രശ്നത്തിലേക്ക് മുഖം ചെന്നു പതിച്ചത്…. ” ശ്രീകാന്ത് ” ആദ്യത്തെ വർഷം മുതൽ പിന്നാലെ കൂടിയതാണ്…. പലപ്രാവശ്യം തനിക്ക് താൽപര്യമില്ല എന്ന് അറിയിച്ചെങ്കിലും അവൻ പുറകിൽ നിന്ന് മാറാൻ ഒരു ഉദ്ദേശവും ഇല്ല…. കാശുള്ള വീട്ടിലെ ആണെന്നുള്ള ഒരു തലയെടുപ്പും അതിൻറെതായ അഹങ്കാരവും അവനിൽ ഉണ്ടു താനും…. മാത്രം അല്ല അവന്റെ അച്ഛൻ പോലിസ് കൂടെ ആണ്…. ആ അഹങ്കാരവും ഉണ്ട്… ” എഡി…. അവൻ ഇന്നും അവിടെത്തന്നെ നിൽപ്പുണ്ട്… അങ്ങോട്ട് നോക്കണ്ട… നമുക്ക് പെട്ടെന്ന് പോകാം…

കയ്യിൽ പിടിച്ച് ശാലു അത് പറയുമ്പോൾ ഉള്ളിനുള്ളിൽ വീണ്ടും വീണ്ടും ഭയം അറിയുക ആയിരുന്നു.. തന്നെ കണ്ടതും അവൻ തനിക്ക് നേരെ വന്നു…. അപ്പോഴേക്കും കൈകൾ വിറക്കുന്നുണ്ടായിരുന്നു…. ഒന്നുകൂടി ശാലുവിന്റെ കൈകളിൽ മുറിക്കി പിടിക്കുകയായിരുന്നു…. മുന്നോട്ടേക്ക് നടക്കാൻ ആയപ്പോഴേക്കും…. ശ്രീകാന്ത് കൈകൊണ്ട് തടഞ്ഞിരുന്നു… അങ്ങനെ പോകാൻ വരട്ടെ…. ഞാൻ ഒരു രണ്ടുമൂന്നു വർഷമായി നിന്നോട് ഒരു കാര്യം പറഞ്ഞിട്ട് ഇതുവരെ എനിക്ക് അനുകൂലമായ ഒരു മറുപടി ഉണ്ടായിട്ടില്ല…. ഇന്ന് ഒരു മറുപടി അറിഞ്ഞിട്ട് ഞാൻ പോവുകയുള്ളൂ….. എന്ത് മറുപടി ഞാൻ അന്ന് തന്നെ പറഞ്ഞതാണ് അതിൽ കൂടുതൽ ഒന്നും എനിക്ക് പറയാനില്ല…

എങ്ങനെയൊക്കെയോ ധൈര്യം വരുത്തി അവന്റെ മുഖത്തേക്ക് നോക്കി അത് പറയുമ്പോൾ അവന്റെ മുഖത്ത് ഭാവം പരിഹാസം മാത്രമായിരുന്നു… അങ്ങനെ പറഞ്ഞാൽ എങ്ങനെയാ ശരിയാവുന്നത്…. നിന്നോട് ഞാൻ പറഞ്ഞത് എന്നെ ഇഷ്ടമാണോ എന്നല്ല…. എന്നെ ഇഷ്ടപ്പെടണം എന്നാണ്… ആ വാക്കുകളിൽ വാശിയാണ് സംസാരത്തിൽ നിന്ന് തന്നെ മനസ്സിലായിരുന്നു…. എനിക്ക് ഇഷ്ടമല്ല എന്ന് ഞാൻ പറഞ്ഞല്ലോ…. അത്രയും പറഞ്ഞ് മുന്നോട്ട് നടക്കുമ്പോൾ തൻറെ കൈകളിൽ കയറി അവൻ പിടുത്തം ഇട്ടിരുന്നു…. ഇനി ഇതിന് നല്ല ഒരു മറുപടി പറഞ്ഞിട്ട് നീ പോയാൽ മതി… ഇഷ്ടമാണെന്ന് പറയാതെ ഞാൻ ഇവിടെ നിന്നും പോകില്ല…. നീയും പോകില്ല… അവൻറെ മുഖത്തേക്ക് നോക്കിയപ്പോൾ ഭയമാണ് തോന്നിയത്….

ബസ് സ്റ്റോപ്പിലും മറ്റും നിൽക്കുന്ന ചില ആളുകൾ ഒക്കെ സംഭവം കണ്ടു എന്ന് ഉറപ്പാണ്…. എല്ലാവരും തന്നെ മുഖത്തേക്ക് നോക്കുന്നുമുണ്ട്…. എന്തുചെയ്യണമെന്നറിയാത്ത ഒരു നിസ്സഹായ ഭാവമായിരുന്നു ആ നിമിഷം തൻറെ മുഖത്ത്…. അവൾ അവളുടെ തീരുമാനം പറഞ്ഞല്ലോ , സ്നേഹം ഇങ്ങനെ പിടിച്ചു മേടിക്കാൻ പറ്റുന്ന കാര്യം ഒന്നുമല്ലല്ലോ… ഇങ്ങനെ പിടിച്ചുനിർത്തി സാധിപ്പിക്കാൻ പറ്റുന്ന കാര്യം ഒന്നുമല്ലല്ലോ അതു…. ശാലു അത്‌ പറഞ്ഞപ്പോഴേക്കും അവൻ അവളെ ഒന്നു നോക്കി…. നീ ആരാടി… ഇവടെ ബോഡിഗാർഡ് ആണോ…. “കൈ വിട്… താൻ കരച്ചിലിന്റെ വക്കിൽ എത്തിയിരുന്നു….. എങ്ങനെയൊക്കെയോ ധൈര്യം ഉറപ്പിച്ച് അത്രയും പറഞ്ഞു…. വിടാം ഞാൻ പറഞ്ഞ കാര്യം നീ പറ…. എന്നിട്ട് ആവട്ടെ….

എങ്ങനെയൊക്കെയോ ബലത്തിൽ അവൻറെ കൈകൾ വിടാൻ ശ്രമിക്കുമ്പോൾ ആ കൈകൾ ഒന്നുകൂടി മുറുക്കി വന്നതായി അറിയുന്നുണ്ടായിരുന്നു…. എങ്ങനെയൊക്കെയോ അവൻറെ കൈകൾ വിട്ട് വീണ്ടും ബസ്സ്റ്റോപ്പിലേക്ക് നടക്കാൻ തുടങ്ങുമ്പോൾ തന്നെ… കൈകളിലേക്ക് കുറച്ചുകൂടി ശക്തിയിൽ പിടിക്കാൻ വന്ന അവന്റെ കൈകളിൽ മറ്റ് രണ്ട് കൈകൾ പിടുത്തം ഇട്ടിരുന്നു…. മുന്നിലേക്ക് കയറി നിന്ന ആ രൂപം അപ്പോഴാണ് താനും ശാലുവും ഒരുമിച്ച് കാണുന്നത്…. ” പെൺകുട്ടികളുടെ ദേഹത്ത് തൊട്ട് ആണോ സംസാരം…. ദൃഢമായിരുന്നു ആ ശബ്ദം…. ദേഷ്യത്തിന്റെ മൂടുപടം അണിഞ്ഞ ആ മുഖം… വലിഞ്ഞുമുറുകി ഇരിക്കുന്ന ആ മുഖ പേശികൾക്ക് പോലും ഒരു സൗന്ദര്യം ഉണ്ടായിരുന്നു എന്ന് ആ നിമിഷം തനിക്ക് തോന്നിയിരുന്നു…. രോമാവൃതമായ ആ കൈകളിലെ ഭംഗിയുള്ള വാച്ചിലേക്ക് ഒരു നിമിഷം തൻറെ നോട്ടം ചെന്നിരുന്നു….

പിന്നീട് ആ നോട്ടം നേരെ മുഖത്തേക്ക്…. മുഖപേശികൾ വലിഞ്ഞു മുറുകി നിൽക്കുകയാണ്…. പക്ഷേ എന്നിട്ടും ആ മുഖത്ത് തനിക്കായി മാത്രം എവിടെയോ ഒളിപ്പിച്ച ഒരു പുഞ്ചിരി ഉണ്ടെന്നു തോന്നിപ്പോയി…. പ്രശ്നം എന്താണെന്ന് ഞാൻ ചോദിക്കുന്നില്ല…. എന്താണെങ്കിലും നടുറോഡിൽ നിന്നല്ല അത് തീർക്കേണ്ടത്…. പ്രത്യേകിച്ച് സ്ത്രീകളോടല്ല പരാക്രമം കാട്ടേണ്ടത്…. ഇതൊക്കെ ചോദിക്കാൻ താൻ ആരാടോ… ശ്രീകാന്തിനെ മുഖത്തെ ദേഷ്യം ഇരച്ചു കയറുന്നത് കാണാമായിരുന്നു…. ഞാൻ ആരാണെന്നുള്ളത് അല്ലല്ലോ ഇവിടുത്തെ പ്രശ്നം…. കോളേജിൽ വന്നാൽ പഠിക്കണം അല്ലാതെ പെൺകുട്ടികളുടെ കൈക്ക് പിടിച്ച് വീരസാഹസം കാണിക്കാൻ നിൽക്കരുത്…. വാക്കുകളിൽ ഒരു താക്കീത് നിറഞ്ഞുനിന്നത് ആയി തോന്നിയിരുന്നു… ബസ് വരാൻ നേരമായില്ലേ…? എന്ത് നോക്കി നിൽക്കുകയാണ്…

തൻറെ മുഖത്തേക്ക് നോക്കി ആണ് ചോദ്യം…. അതിൽ ഒരു ആഞ്ജയുടെ സ്വരം ഉണ്ടായിരുന്നു…. ഇനി അവിടെ നിൽക്കണ്ട എന്ന് ഉള്ള ഒരു അർത്ഥം ഉണ്ടായിരുന്നു…. മറുപടിക്ക് കാക്കാതെ തിരിച്ച് ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോൾ ഉള്ളിൽ തിങ്ങി വന്ന വികാരം ദേഷ്യം തന്നെയായിരുന്നു…. ഒരു രക്ഷകൻ വന്നിരിക്കുന്നു… അയാൾ ആരാണ് തനിക്ക് വേണ്ടി സംസാരിക്കാൻ…. അതായിരുന്നു മനസ്സിൽ പറഞ്ഞത്… ആ നിമിഷം ശ്രീകാന്തിനെകാളും ദേഷ്യം തോന്നിയത് അയാളോട് ആയിരുന്നു… അവകാശത്തോടെ തനിക്ക് നേരെ സംസാരിക്കാൻ മാത്രമെന്ത് അധികാരമാണ് തൻറെ മേൽ അയാൾക്കുള്ളത്… താൻ ആരാടോ…. ദേഷ്യത്തോടെ ആണ് ശ്രീകാന്ത് ചോദിച്ചത്… ഞാൻ ആരാണെന്ന് കൂടുതൽ അറിയാതിരിക്കുന്നത് ആണ് നിനക്ക് നല്ലത്… “എന്നെ ശരിക്കും നിനക്കറിയില്ല…

ശ്രീകാന്തിനെ മുഖം ദേഷ്യത്തിൽ ചുവന്നിരുന്നു… നിനക്കും…. വെറുതെ ഒരു പ്രശ്നം ഉണ്ടാകാതെ മോൻ വീട്ടിൽ പോകാൻ നോക്ക്… അവന്റെ തോളിൽ തട്ടി ആണ് പറഞ്ഞത്… അത്രമാത്രം പറഞ്ഞു വീണ്ടും ബസ്സ്റ്റോപ്പിലേക്ക് അയാൾ നടക്കുന്നത് കാണാമായിരുന്നു…. വീണ്ടും ആളുകൾ നോക്കി നിന്ന് ഒരു പ്രശ്നം ഉണ്ടാക്കണ്ട എന്നു കരുതിയായിരിക്കും ശ്രീകാന്ത് സ്വയം അവിടെനിന്നും പിൻവാങ്ങുന്നത് കാണാമായിരുന്നു… ബസ് സ്റ്റോപ്പിലേക്ക് കയറി വന്നപ്പോഴും പുഞ്ചിരിച്ച മുഖം തനിക്ക് നേരെ നീളുന്നുണ്ടായിരുന്നു…. തിരികെ കൊടുത്തത് കൂർപ്പിച്ച ഒരു നോട്ടം മാത്രമായിരുന്നു…. വീണ്ടും വീണ്ടും പുഞ്ചിരിയോടെ അയാൾ തന്നെ നോക്കുമ്പോൾ വല്ലാത്തൊരു അസഹ്യത തോന്നിയിരുന്നു….

അയാളുടെ ആ പ്രവർത്തിയിൽ താൻ സന്തോഷം കണ്ടെത്തിയെന്ന് അയാൾക്ക് തോന്നുന്നു ഉണ്ടായിരിക്കുമോ മനസ്സിൽ നിറഞ്ഞു നിന്ന ചോദ്യം അതായിരുന്നു…, ഇല്ല അങ്ങനെ ഒരിക്കലും ആയാൾ ചിന്തിക്കാൻ പാടില്ല… അത്‌ കൊണ്ടാണ് രണ്ടുംകൽപ്പിച്ച് അയാൾക്ക് നേരെ തന്നെ നടന്നു ചെന്നു…. തന്റെ നീക്കം എന്താണെന്ന് അറിയാതെ ഒരു നിമിഷം അയാൾ പകച്ചു നോക്കി…. എൻറെ കാര്യം നോക്കാൻ എനിക്കറിയാം…. കൂടുതൽ എന്റെ കാര്യത്തിൽ ഇടപെടേണ്ട…. പിറകെ നടന്ന് ശല്യപ്പെടുത്തുന്നത് പോരാഞ്ഞു ആയിരിക്കും ഇപ്പോൾ ഇങ്ങനെ കൂടി ഉപദ്രവിക്കാൻ തുടങ്ങുന്നത്…. അതിനുള്ള മറുപടിയും പുഞ്ചിരി മാത്രമായിരുന്നു…. അയാളുടെ നിസ്സഹകരണ ഭാവം കണ്ടപ്പോൾ വീണ്ടും ദേഷ്യമാണ് തോന്നിയത്…. തനിക്ക് വേറെ പണിയൊന്നും ഇല്ല എന്ന് മനസ്സിലായി…

ഇല്ലെങ്കിൽ ഇങ്ങനെ പിറകെ നടക്കില്ലല്ലോ…. രാവിലെയും വൈകുന്നേരവും എൻറെ പിറകെ നടക്കുന്ന ഈ സമയം കൊണ്ട് എന്തെങ്കിലും നല്ല ജോലി കണ്ടെത്തി അത് ചെയ്തുകൂടെ ഒന്നും അല്ലെങ്കിൽ നിങ്ങളുടെ കുടുംബത്തിന് എങ്കിലും അതുകൊണ്ട് ഒരു സഹായമാകും…. എൻറെ പുറകെ നടക്കുന്നത് കൊണ്ട് ചെരുപ്പ് തേയ്യും എന്നല്ലാതെ മറ്റു മിച്ചം ഒന്നും ഉണ്ടാകാൻ പോകുന്നില്ല…. സാരമില്ല ഞാൻ രണ്ടു ജോഡി ചെരുപ്പ് വേറെ വാങ്ങിക്കോളാം…. ആ മറുപടിയും തന്നിൽ ഉണർത്തിയത് ദേഷ്യം തന്നെയായിരുന്നു…. ഞാൻ തന്നെ കാണാൻ വേണ്ടി ഒരു പണിയും ഇല്ലാതെ പിറകെ വരുവാണെന്ന് ആരാണ് പറഞ്ഞത്…. കാണാൻ താനെന്താ കാഴ്ച വസ്തു വല്ലോം ആണോ….? ആ മറുപടിക്ക് പകരം എന്ത് പറയണം എന്ന് അറിയില്ലാരുന്നു അവൾക്ക്….

ഒരിക്കൽ കൂടി അയാളുടെ മുഖത്തേക്ക് നോക്കിയിട്ട് തിരികെ നടക്കുമ്പോൾ ആ മിഴികൾ വീണ്ടും തന്നെ നോക്കി ചിരിച്ചു… ആ മുഖത്ത് തെളിയുന്ന നുണക്കുഴി വീണ്ടും തനിക്കായി ആണെന്ന് കണ്ടപ്പോൾ മനസ്സിൽ വല്ലാത്ത ദേഷ്യം തോന്നിയായിരുന്നു… തൻറെ നന്ദിവാക്ക് പ്രതീക്ഷിച്ച അയാൾക്ക് മുൻപിലേക്ക് താൻ ശകാരങ്ങളും ആയി എത്തിയപ്പോൾ താനിങ്ങനെ സംസാരിച്ചതിന്റെ ഞെട്ടൽ ആ മുഖത്ത് കാണാഞ്ഞപ്പോൾ തനിക്ക് സങ്കടമാണ് തോന്നിയത്… ബസ്സിൽ കയറിയപ്പോഴും അയാൾ പിന്നാലെയുണ്ടെന്ന് അറിയാമായിരുന്നു…. പക്ഷേ ഒരിക്കൽ പോലും തിരിഞ്ഞു നോക്കിയില്ല…. പക്ഷേ മനസ്സിൽ ആകുല ചിന്തകൾ വീണ്ടും കാടുകയറാൻ തുടങ്ങിയിരുന്നു… ബസ് കവലയിലേക്ക് ഇറങ്ങിയപ്പോൾ..,

ഇറങ്ങി ഓടുകയായിരുന്നു അയാൾ വരുന്നതിനു മുൻപേ നടക്കാനായി.., പ്രതീക്ഷിച്ചതുപോലെ അയാൾ വീണ്ടും ചായക്കടയിലേക്ക് കയറി.., അതിനുശേഷം മാത്രമേ തിരികെ വരു, ആ ആശ്വാസത്തിൽ നടക്കാൻ തുടങ്ങിയപ്പോഴാണ് പിന്നിൽ നിന്നും ഒരു വിളി കേട്ടത്…. “അപർണ്ണ…. നോക്കിയപ്പോൾ ശാന്തമായ മുഖത്തോടെ തന്നെ നോക്കി നിൽക്കുന്ന ഹർഷനെ ആണ് കണ്ടത്… ആദ്യമായി അവിടെ കണ്ട പകപ്പും അത്ഭുതവും ഉള്ളിൽ നിറഞ്ഞു…. ” എന്താ ഇവിടെ… പുഞ്ചിരിയോടെ തിരക്കുമ്പോൾ ആണ് ശാലുവിനെ മുഖം വിവർണം ആകുന്നത് കണ്ടത്… ആളെ ഇവിടെ കണ്ട് പകപ്പിൽ ആണ് അവൾ എന്ന് മനസ്സിലായിരുന്നു… ചെറിയൊരു ജോലിയുണ്ട്… ഇവിടെ ട്യൂഷൻ സെൻററിൽ…

അപർണയുടെ വീട് ഇവിടെയാണോ? അതെ ഇവിടെ അടുത്താണ്…. “ഹർഷൻ” കോളേജിൽ ആദ്യമായി ചെന്ന സമയം റാഗിങ്ങിന് ഇടയിൽ പരിചയപ്പെട്ട ഒരു വ്യക്തിത്വം… റാഗിങിൽ നിന്ന് തന്നെ രക്ഷിച്ച ഒരു മുഖം…. അതിനുശേഷം അതൊരു സൗഹൃദമായി വളരുകയായിരുന്നു… തൻറെ സീനിയർ… ആ വർഷത്തെ അവസാന വർഷ വിദ്യാർഥി…. നല്ല മാർക്കോടെ പാസ് ആയിട്ടും ഇതുവരെ നല്ലൊരു ജോലിയും ലഭിക്കാത്ത ഹതഭാഗ്യയായ ഒരു മനുഷ്യൻ…. നന്നായി പഠിക്കുന്ന ഒരു വ്യക്തി എന്നതിലുമുപരി ആർട്സ് ക്ലബ് സെക്രട്ടറിയും അത്യാവശ്യം കവിതയും കഥയും ഒക്കെ എഴുതുന്ന നല്ലൊരു കഥാകാരനും കവിയുമൊക്കെ കൂടിയായിരുന്നു ഹർഷൻ…. ആർട്സ് ഡേയ്ക്ക് ചൊല്ലാൻ ഒരു കവിത എഴുതി നൽകിയിട്ടുമുണ്ട് അതായിരുന്നു താനന്ന് പാടിയിരുന്നത്….

പക്ഷേ കോളേജിൽ നിന്നും പോയതിനുശേഷം പിന്നീട് ആ സൗഹൃദം നിലനിന്നിട്ടില്ല… അല്ലെങ്കിലും അച്ഛന് ആൺസുഹൃത്തുക്കളുമായുള്ള സൗഹൃദം ഇഷ്ട്ടം അല്ല… അതുകൊണ്ട് അതൊന്നും താൻ പിന്നീട് കൂട്ടിയിണക്കാൻ നിന്നിട്ടുമില്ല…. പക്ഷേ അവിചാരിതമായി കണ്ടപ്പോൾ ഞെട്ടിപ്പോയി…. അതിലെല്ലാമുപരി എപ്പോഴോ ശാലുവിൻറെ മനസ്സ് കവർന്ന ഒരാൾ… പലപ്രാവശ്യം പറഞ്ഞിട്ടുണ്ട് തന്നോട് അവൾ…. തന്നോട് ആൾ സൗഹൃദം കാണിക്കുമ്പോൾ ആളെ കാണാൻ വേണ്ടി മാത്രം അവൾ തന്നോടൊപ്പം ലൈബ്രറിയിൽ മറ്റും വരാറുണ്ടായിരുന്നു…. പുസ്തകങ്ങളാണ് ആളുടെ ലോകമെന്നു മനസ്സിലാക്കിയതിനുശേഷം അദ്ദേഹത്തിന് വേണ്ടി പുസ്തകങ്ങൾ വായിക്കാറുണ്ടായിരുന്നു…. ഇപ്പോൾ ആളെ കണ്ട തിളക്കവും സന്തോഷവും ആ മുഖത്തും പ്രതിഫലിച്ചു കാണാവുന്നതാണ്….

ശാലു എന്താണ് ഒന്നും മിണ്ടാതെ നിൽക്കുന്നത്…. പെട്ടെന്ന് ശാലുവിന്റെ മുഖത്തേക്ക് നോക്കി ഹാർഷേട്ടൻ അത് ചോദിച്ചപ്പോൾ സന്തോഷമായിരുന്നു അവളുടെ കണ്ണിൽ…. തനിക്ക് മാത്രമേ അറിയുമായിരുന്നുള്ളൂ അതിൽ അവൾ അനുഭവിക്കുന്ന സന്തോഷം… “ഒന്നുമില്ല…. പെട്ടെന്ന് ഇവിടെ കണ്ടപ്പോൾ… ഏത് ട്യൂഷൻ സെൻറർ ആണ് ജോലി…. ശാലു പെട്ടെന്ന് ചോദിച്ചു… ഇവിടെ വിന്നേഴ്സിൽ…. തൽക്കാലം ഒരു ജോലി ആവശ്യമായിരുന്നു…. വലിയ ശമ്പളം ഒന്നുമില്ലെങ്കിലും തൽക്കാലം കാര്യങ്ങൾ നടന്നു പോകാനും കുടുംബത്തിലെ പട്ടിണിയില്ലാതെ പോകാനും ഈ ജോലി സഹായിക്കും ഒരു പരിധിവരെ…. പോസ്റ്റ്‌ ഗ്രാജുവേഷൻ കഴിഞ്ഞു, നെറ്റ് സെറ്റ് എല്ലാം കഴിഞ്ഞു…. ഒരുപാട് ജോലി നോക്കി….

ഒരു ഗുണവും ഇല്ല…. അഞ്ചും പത്തും ലക്ഷങ്ങൾ ഒക്കെ ആണ് സ്കൂളിൽ ചോദിക്കുന്നത്…. ” അനുജത്തി ട്യൂഷൻ പഠിക്കുന്നത് അവിടെ ആണ്… പെട്ടന്ന് അപർണ പറഞ്ഞു… എന്താണ് പേര്… അമൃത… സയൻസ് ആ അറിയാം… ആള് വലിയ കുഴപ്പമില്ല… പക്ഷേ തന്റെ അത്രയും അത്രയും പഠിക്കാനുള്ള താല്പര്യം ഉണ്ടെന്നു തോന്നുന്നില്ല…. കഴിവുണ്ട് പക്ഷേ വിനിയോഗിക്കാൻ മനസ്സില്ലാത്ത കൂട്ടത്തിൽ ആണെന്ന് തോന്നുന്നു… അവൾ ചെറിയൊരു മടിച്ചിയാണ്.. ഒന്നു നന്നായി ശ്രദ്ധിച്ചു കൊള്ളണം.. തീർച്ചയായും..

വീണ്ടും ചിരിയോടെ വർത്തമാനങ്ങൾ നടക്കുമ്പോഴാണ് ഓർത്തത് നിൽക്കുന്നത് കവലയിൽ ആണെന്ന്… ചിരിയോടെ ഉള്ള തന്റെ സംസാരം നോക്കി നിൽക്കുന്ന രണ്ട് കണ്ണുകൾ അപ്പോഴാണ് കണ്ടത്… ഒന്ന് ചായക്കടയിലും…. ഒന്ന് പലചരക്ക് കടയിൽ ഇരുന്ന അച്ഛൻറെ നോട്ടവും…. അച്ഛൻറെ നോട്ടത്തേക്കാൾ ശക്തി ഉണ്ടായിരുന്നു ചായക്കടയിൽ നിന്നും തനിക്ക് നേരെ നീളുന്ന ആ കണ്ണുകൾക്ക്🥀 ഒത്തിരി സ്നേഹത്തോടെ ✍ റിൻസി

ഹൃദയത്തിൻ താളമായി…..❣ : ഭാഗം 1

Share this story