❤️കലിപ്പന്റെ വായാടി❤️ : ഭാഗം 2

❤️കലിപ്പന്റെ വായാടി❤️ : ഭാഗം 2

എഴുത്തുകാരി: ശിവ നന്ദ

അവന് പിറകെ ഓടിയാലും ഒപ്പം എത്തില്ലെന്ന് മനസ്സിലായത് കൊണ്ട് അടുത്ത് കിടന്ന ഒരു കല്ലെടുത്ത് അവന്റെ തല നോക്കി ഒരേറ്‌ കൊടുത്തു.മാങ്ങക്കൊക്കെ ഉന്നം നോക്കി ശീലമുള്ളത് കൊണ്ട് ലക്ഷ്യം തെറ്റിയില്ല.അപ്രതീക്ഷിതമായി കിട്ടിയ വേദനയിൽ അവൻ ഒന്ന് തരിച്ചു നിന്നു.സമയം പാഴാക്കാതെ ഞാൻ ഓടി അവർക്കടുത്തെത്തി. “ടാ…കൊച്ചിനെ താടാ” എന്നും പറഞ്ഞ് ഞാൻ അവന്റെ കയ്യിൽ നിന്നും അമ്പൂട്ടിയെ വാങ്ങാൻ നോക്കി.എന്നാൽ ബലമായി അവൻ എന്നെ പിടിച്ച് തള്ളി.എന്നിട്ട് ഏതോ അത്ഭുതജീവിയെ നോക്കുന്നത് പോലെ എന്നെ നോക്കി. “നീയാണോ ചൂലേ എന്നെ കല്ലെടുത്തെറിഞ്ഞത്??” അവന്റെ ചോദ്യത്തിന് മറുപടി പറയാതെ കുഞ്ഞിനെ അവനിൽ നിന്നും വാങ്ങാൻ ആണ് ഞാൻ ശ്രമിച്ചത്..

“മര്യാദക്ക് കൊച്ചിനെ തന്നോ..അല്ലെങ്കിൽ ഞാൻ ബഹളം വെച്ച് ആളെ കൂട്ടും” “നിനക്ക് എന്താ തലക്ക് വല്ല അസുഖവും ഉണ്ടോ..അതോ പിള്ളേരെപ്പിടുത്തക്കാരിലും ന്യൂ ജനറേഷൻ ട്രെൻഡ് ആയോ??” “താൻ അല്ലെടോ എന്റെ കൊച്ചിനെ തട്ടിക്കൊണ്ടു പോകാൻ നോക്കുന്നത്.എന്നിട്ട് ഇപ്പൊ എന്നെ പറയുന്നോ..താൻ കൊച്ചിനെ തരുന്നുണ്ടോ അതോ..” “തരുന്നില്ല..എന്തേ??” അതും പറഞ്ഞ് അവൻ തിരിഞ്ഞ് നടന്നു..മൽപ്പിടുത്തം നടത്തി കുഞ്ഞിനെ വാങ്ങാൻ എനിക്ക് സാധിക്കില്ല. അത് കൊണ്ട് രണ്ടും കല്പിച്ചു അവിടെ നിന്നും ഞാൻ അലറി വിളിക്കാൻ തുടങ്ങി.. “അയ്യോ ഓടി വായോ…

എന്റെ കുഞ്ഞിനെ തട്ടിക്കൊണ്ടു പോകുന്നെ… അയ്യോ…രക്ഷിക്കണെ…” അവൻ ഞെട്ടിത്തരിച്ച് എന്നെ നോക്കിയതും എവിടെ നിന്നോ കുറേ ആളുകൾ ഞങ്ങളുടെ അടുത്തേക്ക് വന്നതും ഒരുമിച്ചായിരുന്നു.

“എന്താ മോളേ പ്രശ്നം?” “ചേട്ടാ അവൻ എന്റെ കൊച്ചിനെ…..” അവന് നേരെ വിരൽ ചൂണ്ടിക്കൊണ്ട് ഞാൻ അത് പറഞ്ഞതും അവൻ അവിടെ നിന്നും സ്കൂട്ട് ആകാൻ ശ്രമിച്ചു.നമ്മുടെ നാട്ടുകാർ വിടുവോ… “ഡാ…നീയേതാടാ?? കൊച്ചിനെ ഇങ്ങോട്ട് താടാ” ഒരു ചേട്ടൻ അവന്റെ കോളറിൽ പിടിച്ച് അത് ചോദിച്ചിട്ട് കുഞ്ഞിനെ അവന്റെ കയ്യിൽ നിന്നും വാങ്ങി.അപ്പോഴേക്കും വേറെ രണ്ടുമൂന്നു പേര് അവന്റെ കൈ പിറകിലേക്ക് പിടിച് വെച്ചു. ഞാൻ വേഗം ചെന്ന് അമ്പൂട്ടിയെ വാങ്ങി.. “ഡോ…വിടടോ… ടീ പുല്ലേ… കൊച്ചിനെ എങ്ങാനും കൊണ്ട് പോയാൽ നീ വിവരം അറിയും.”

അവൻ എന്റെ നേർക്ക് ചീറിയതും ഒരുത്തൻ അവന്റെ കാരണം പുകച്ചതും ഒരുമിച്ച് ആയിരുന്നു..അപ്പോഴേക്കും അമ്പൂട്ടി കരയാൻ തുടങ്ങി.ഇനി അവിടെ നിക്കുന്നത് സേഫ് അല്ലെന്ന് തോന്നി ഞാൻ മോളെയും കൊണ്ട് അമ്പലത്തിനു അകത്തേക്ക് നടന്നു.

പിറകിൽ നല്ല തല്ല് നടക്കുന്നുണ്ടെന്ന് ശബ്ദം കേട്ടപ്പോൾ എനിക്ക് മനസിലായി.തിരിഞ്ഞ് നോക്കാൻ ഉള്ള ധൈര്യം എനിക്കില്ലാരുന്നു.കുഞ്ഞിനെ എത്രയും വേഗം ശ്രേയ ചേച്ചിയെ ഏൽപ്പിക്കണം. “അയ്യോടാ….അമ്മേടെ വാവ എന്തിനാ കരയുന്നത്?? നിന്നെ ഇവള് ബുദ്ധിമുട്ടിച്ചോ??” “ഏയ്‌ ഇല്ല ചേച്ചി.മോള് ഞാനും ആയിട്ട് നല്ല കമ്പനി ആയി” “എങ്കിൽ ഞങ്ങൾ പോകട്ടെ കുറുമ്പി” “ശെരി മുത്തശ്ശി..പറ്റുമെങ്കിൽ നാളെയും വാ ട്ടോ.. ” “നീ ഞങ്ങളുടെ കൂടെ വീട്ടിലേക്ക് വരുന്നോ?” “പിന്നെ ഒരു ദിവസം ആകട്ടെ മുത്തശ്ശി” “ശെരി ഗൗരി.. പോകട്ടെ.. കണ്ടില്ലേ പെണ്ണിന്റെ നിർബന്ധം..ഇനി പാല് കുടിക്കാതെ ഇവൾ അടങ്ങില്ല” പാല് കുടിക്കാത്തതിന്റെ അല്ല പകരം ഒരു കാലമാടനെ കണ്ട് പേടിച് കരയുവാണെന്ന് പറയണമെന്ന് ഉണ്ടായിരുന്നു.പക്ഷെ വേണ്ട.

എന്റെ ശ്രദ്ധക്കുറവ് കൊണ്ടല്ലേ അങ്ങനൊക്കെ സംഭവിച്ചത്.അത് തല്കാലം ആരും അറിയണ്ട. എന്നാലും അവന്റെ അവസ്ഥ എന്തായി കാണുമോ എന്തോ.. തിരികെ ഞങ്ങൾ ഒരുമിച്ച് ഇറങ്ങി.അവിടെ ഇപ്പോൾ നേരത്തെത്തേക്കാളും ആൾകൂട്ടം ഉണ്ട്..ദൈവമേ എല്ലാവരും കൂടി അതിനെ കൊന്ന് കാണുമോ.മിക്കവാറും വധശ്രമത്തിന് സമാധാനം പറയേണ്ടി വരും. “എന്താ മോളേ അവിടെ ഒരു ആൾകൂട്ടം? ” “എന്തോ വാഴക്കാണെന്ന് തോന്നുന്നു അച്ചമ്മേ..വാ.. നമുക്ക് വേഗം പോകാം” അങ്ങോട്ട് ഒന്ന് പോയി നോക്കണമെന്ന് ഉണ്ടായിരുന്നു.എങ്കിലും വേണ്ടെന്ന് വെച്ച് മുത്തശ്ശിയുടെ കയ്യും പിടിച് ഞാൻ വേഗം നടന്നു.അപ്പോഴും അമ്പൂട്ടി നിർത്താതെ കരയുന്നുണ്ടായിരുന്നു.

ആ ആൾക്കൂട്ടത്തിലേക്ക് കൈകൾ നീട്ടിയാണ് അവൾ കരയുന്നത്.അവളുടെ കരച്ചിൽ ശ്രേയേച്ചിയുടെ കാലുകൾക്കു വേഗത കൂട്ടി. പെട്ടെന്ന് ആണ് എന്നെ പിടിച്ചിരുന്ന മുത്തശ്ശിയുടെ കൈകൾ അയഞ്ഞത്.കാര്യം അറിയാനായി നോക്കിയപ്പോൾ മുത്തശ്ശി ഒരു ബുള്ളറ്റ് ഉറ്റുനോക്കുന്നു. ഈ ബുള്ളറ്റിൽ ആണല്ലോ ഞാൻ അമ്പൂട്ടിയെ ഇരുത്തിയത്.. “ശ്രേയ….. ” മുന്നേ പോയ ചേച്ചിയെ മുത്തശ്ശി നീട്ടി വിളിച്ചു. “എന്താ അച്ചമ്മേ..വേഗം വാ..ദേ മോള് നിർബന്ധം പിടിക്കുന്നത് കണ്ടില്ലേ” “ഒന്നിങ്ങട് വന്നേ കുട്ട്യേ…” “എന്താ അച്ചമ്മേ??” “ഇത്…ഇത് കുട്ടന്റെ വണ്ടിയല്ലേ??” “അതേലോ…ഇതവന്റെ വണ്ടി തന്നെയാ..ഈ ചെക്കൻ ഇതെവിടെ??” “ശ്രേയ…അവിടെ ഒരു ആൾകൂട്ടം.. ഇവിടെ കുട്ടന്റെ വണ്ടി..

അവന്റെ സ്വഭാവം അനുസരിച്ച്….” മുത്തശ്ശി അത് പറഞ്ഞ് മുഴുവനാക്കും മുൻപേ ശ്രേയേച്ചി ആ ആൾക്കൂട്ടത്തിന്റെ അടുക്കലേക്ക് പോയിരുന്നു.കാര്യം ഒന്നും മനസ്സിലാകാതെ ഞാൻ മുത്തശ്ശിയെ തോണ്ടി. “കുട്ടൻ…എന്റെ കൊച്ചുമോനാ..അവന്റെ വണ്ടിയ ഇത്.ആള് കുറച് വാഴക്കാളിയാ.അതാ ഒരു പേടി..” കേട്ടത് വിശ്വസിക്കാൻ ആകാതെ ഞാൻ തരിച്ച് നിന്നു.ആദ്യമായിട്ട് അമ്പൂട്ടിയെ ഈ ബുള്ളറ്റിൽ ഇരുത്തിയപ്പോൾ മുതലുള്ള രംഗങ്ങൾ ഞാനൊന്ന് ഓർത്തു..ഒരു പതർച്ചയും ഇല്ലാതെയാണ് അവൾ ഈ വണ്ടിയിൽ ഇരുന്നത്..അയാൾ അവളെ എടുത്ത് കൊണ്ട് പോയപ്പോൾ അവൾ കരഞ്ഞില്ല.പകരം അയാളിൽ നിന്ന് അവളെ പിടിച് വാങ്ങിയപ്പോൾ മുതൽ നിർത്താതെ കരച്ചിൽ ആണ്.

എല്ലാം കൂടി ആലോചിക്കുമ്പോൾ…ദൈവമേ!!!!!!!! അപ്പോഴേക്കും ശ്രേയേച്ചി ആൾക്കൂട്ടത്തെ വകഞ്ഞ് മാറ്റി അകത്തേക്ക് കയറി.മുത്തശ്ശി ഏന്തിവലിഞ്ഞ് നോക്കുന്നുണ്ട്..ഞാൻ നോക്കുമ്പോൾ ഒരാൾ തല പൊട്ടി ചോരയും ഒലിപ്പിച്ച് നില്കുന്നുണ്ട്..ദൈവമേ ഇത് അവനെ അടിച്ച ആ ആളല്ലേ…ഞാൻ ആ ആൾക്കൂട്ടത്തെ മൊത്തത്തിൽ ഒന്ന് നോക്കി… “ശിവാ….” ശ്രേയേച്ചിയുടെ വിളി കേട്ടതും ആരെയോ ഇടിക്കാൻ ആയി പൊക്കിയ കൈകൾ താഴ്ന്നു..തിരിഞ്ഞ് നോക്കിയപ്പോൾ ഉള്ള അവന്റെ മുഖഭാവം കണ്ടു സത്യം പറഞ്ഞാൽ ഞാൻ പരലോകത്തെത്തി… “എന്റെ ദേവി…എന്താ ഇവൻ ഈ കാട്ടണ???” മുത്തശ്ശി പരിതപിക്കാൻ തുടങ്ങി.എന്ത് പറയണം എന്ന് അറിയാൻ വയ്യാതെ ഞാൻ നിന്നു.

“ശിവ…വാ എന്റെ കൂടെ” “പെങ്ങൾക് അറിയോ ഇയാളെ” കൂടി നിന്നവരിൽ ആരോ ചോദിച്ചു. “എന്റെ അനിയൻ ആണ്” “എന്റെ പൊന്ന് പെങ്ങളെ എങ്കിൽ ഇതിനെ വേഗം ഇവിടുന്നൊന്ന് കൊണ്ട് പോകുവോ.വെരളി പിടിച് നിക്കുവാണെന്ന് തോന്നുന്നു” അത് പറഞ്ഞു തീർന്നതും അയാളുടെ ചെവിയിൽ കൂടി ഒരു അഞ്ചാറ് കിളികൾ പാറി പോകുന്നത് ഞാൻ കണ്ടു…. “വെരളി നിന്റെ തന്തക്കാടാ..” “ശിവ..മതിയാക്ക്…വാ ഇവിടെ” ബലമായി ചേച്ചി അയാളെ പിടിച്ച് നടന്നു. “ഈ ശിവയെ അടിക്കാനും മാത്രം നീയൊന്നും വളർന്നിട്ടില്ല.ഇതിനൊക്കെ കാരണക്കാരി ആയ ഒരുത്തി ഉണ്ടല്ലോ അവളെ എന്നെങ്കിലും എന്റെ കയ്യിൽ കിട്ടും” എല്ലാവർക്കും ഉള്ള താക്കീതോടെ അവൻ അത് പറഞ്ഞപ്പോൾ നിന്ന നിൽപ്പിൽ അങ്ങ് മയ്യത് ആയെങ്കിൽ എന്ന് ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിച്ചു.

“മുത്തശ്ശി..ഞാൻ പോകുവാട്ടോ” “നിക്ക് മോളേ.കുട്ടനെ പരിചയപ്പെടുത്തി തരാം” പരിചയപ്പെടൽ കഴിയുമ്പോഴേക്കും എന്നെ തെക്കോട്ടു എടുക്കേണ്ടി വരുമെന്ന് അറിയാവുന്നത് കൊണ്ട് അവർ അടുത്ത് എത്തുന്നതിനു മുൻപ് അവിടെ നിന്നും എങ്ങനെയും രക്ഷപെട്ടേ പറ്റു.. “വേണ്ട മുത്തശ്ശി..എനിക്കീ വഴക്കിടുന്നവരെ ഒക്കെ വലിയ പേടിയാ..അത് കൊണ്ട് ഞാൻ പോകുവാ” യാത്ര പറഞ്ഞ് ഞാൻ നടന്നെങ്കിലും അവൻ എന്നെ കണ്ടു എന്നെനിക് മനസ്സിലായി.ശ്രേയ ചേച്ചി അവനെ വഴക്ക് പറയുമ്പോഴും ആ കണ്ണിൽ എന്നെ ചുട്ടെരിക്കാൻ ഉള്ള അഗ്നി പടരുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു…. വീട്ടിൽ എത്തിയിട്ടും എന്റെ വിറയൽ മാറിയിരുന്നില്ല.എന്നെങ്കിലും ഒരിക്കൽ എന്നെ അവന്റെ കയ്യിൽ കിട്ടും.

അന്ന് എന്താകും എന്റെ അവസ്ഥ.അവനെ അടിച്ചവനെ ഇന്ന് കൊന്നില്ലെന്നേ ഉള്ളു.അപ്പോൾ ഇതെല്ലാം ഒപ്പിച് വെച്ച എന്നെ അവൻ….ഹോ…ഓർക്കാൻ കൂടി വയ്യ..ഒരു മനുഷ്യന് ഇത്രയും ദേഷ്യമുണ്ടാകുമോ…ഇത്രയും നാളും കരുതിയത് എന്റെ ഏട്ടൻ ആണ് ലോകത്തെ ഏറ്റവും വലിയ കലിപ്പൻ എന്നാണ്..പക്ഷെ ഇത് വെച്ച് നോക്കുമ്പോൾ എന്റേട്ടൻ വെറും പൂച്ചയ… പിന്നീട് ഉള്ള രണ്ട് ദിവസം ഞാൻ അമ്പലത്തിലേക്ക് പോയില്ല.പേടിച്ചിട്ടല്ലാട്ടോ..എങ്ങാനും ആ കലിപ്പനെ കാണേണ്ടി വന്നാലോ..എനിക്ക് ഇഷ്ടല്ല അതിനെ കാണുന്നത്.അത് കൊണ്ട.ഇന്നെന്തായാലും രണ്ടും കല്പിച്ച് അമ്പലത്തിൽ ചെന്നു.മുത്തശ്ശിയെ കണ്ടപ്പോൾ ആൾക്ക് ഭയങ്കര ജാഡ. “ഹലോ…എന്താ എന്നെ കണ്ടിട്ട് മിണ്ടാതെ പോകുന്ന”

“ആരാ?? എന്താ?? ” “ദേ മുത്തശ്ശി ചുമ്മാ കളിക്കല്ലേ” “ഓ..അപ്പോ ഞാൻ നിന്റെ മുത്തശ്ശിയാണെന്ന് ഓർമയുണ്ടല്ലേ..എന്നിട്ട് എന്തേ രണ്ട് ദിവസം എന്നെ കാണാതെ പോയത്.” “അയ്യോ അതിന് ഞാൻ ഈ രണ്ട് ദിവസം വീട്ടിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയിട്ടില്ല” “അതെന്ത് പറ്റി? ” കൊച്ചുമോൻ കാരണം ആണെന്ന് പറയാൻ പറ്റില്ലല്ലോ.അത് കൊണ്ട് പഠിത്തം ആയിരുന്നെന്ന് ഒരു കള്ളം അങ്ങ് തട്ടി വിട്ടു “മ്മ്..എന്തായാലും കഷ്ടായി പോയി.രണ്ട് ദിവസം കുട്ടൻ ആണ് എന്നെ അമ്പലത്തിൽ കൊണ്ടാക്കിയത്.ഇന്ന് എന്തോ അവന് തിരക്കുണ്ടെന്നും പറഞ്ഞ് പോയതാ.മോളെ ഒന്ന് കാട്ടി കൊടുക്കാൻ പറ്റിയില്ല” അപ്പോൾ അങ്ങേര് എന്നെ സ്കെച്ച് ഇട്ടെന്ന് ഉറപ്പായി.. “മോള് അന്ന് പറഞ്ഞില്ലേ അവനെ പേടിയാണെന്ന്.

ഈ മുൻകോപം ഉണ്ടെന്നേ ഉള്ളു.ആള് ഒരു പാവം ആണ്.ഞാൻ എന്ന് വെച്ചാൽ ജീവൻ ആണ്.ഇപ്പൊ പിന്നെ അമ്പൂട്ടിയും..” എത്ര പാവം ആണെങ്കിലും മുൻകോപം ഉണ്ടെങ്കിൽ പിന്നെ ബാക്കി ഉള്ളവന്റെ കാര്യത്തിൽ തീരുമാനം ആകും. “മോള് എന്താ ആലോചിക്കുന്നേ??” “ഏയ്‌ ഒന്നൂല്ല എന്റെ മുത്തശ്ശിക്കുട്ട്യേ” “എങ്കിൽ ഞാൻ ചെല്ലട്ടെ.നാളെ വരണം ട്ടോ” “ശെരി ട്ടോ” ==================== ഓഫീസിൽ നിന്നും ഏട്ടൻ നേരത്തെ വന്നത് കൊണ്ട് കുട്ടിപട്ടാളവും ഒത്തുള്ള വൈകിട്ടത്തെ കളി നിർത്തി വേഗം വീട്ടിൽ എത്തി. “കഴിഞ്ഞോ ഇന്നത്തെ ഉദ്യോഗം? ” “മ്മ്…” “എന്നാ ഗൗരി നിനക്ക് കുറച്ച് വകതിരിവ് ഉണ്ടാകുന്നത്..ഏത്‌ നേരവും കളിയും ചിരിയും മാത്രം.സ്റ്റഡി ലീവ് ആണിത്.എന്ന് വെച്ചാൽ ഇത് കഴിഞ്ഞാൽ പരീക്ഷ ആണെന്ന്” “അറിയാം” “എന്നിട്ട് ആ പുസ്തകം തുറക്കുന്നത് ഇതുവരെ ഞാൻ കണ്ടില്ലല്ലോ”

“അത് നിന്നെ കാണിച്ചുകൊണ്ടാണോ അവൾ പഠിക്കേണ്ടത്” അച്ഛന്റെ മാസ്സ് ഡയലോഗ് കേട്ട് അറിയാതെ ഞാൻ ചിരിച്ച് പോയി. “ഞാൻ ജീവനോടെ ഇരിപ്പുണ്ട്.എന്റെ കാലം കഴിഞ്ഞിട്ട് പോരേ ഈ ഭരണം ഒക്കെ” മറുപടി ഒന്നും പറയാതെ ഏട്ടൻ മുറിയിലേക്ക് പോയി.അല്ലെങ്കിലും അച്ഛന്റെ പല ചോദ്യങ്ങൾക്കും ഏട്ടൻ മറുപടി പറയാറില്ല.എങ്കിലും ഏട്ടന്റെ ആ പോക്ക്…ഉള്ളിൽ എവിടെയോ ഒരു നീറ്റൽ പോലെ.പിറകെ ചെന്ന് നോക്കിയപ്പോൾ മുറിയിൽ അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തുന്നു “ഏട്ടാ….” “എന്താ?” “ദേഷ്യത്തിൽ ആണോ?” “അയ്യോ ദേഷ്യപ്പെടാൻ ഞാൻ ആരാ” “എങ്കിലേ എന്നെ ഒന്ന് ടൗൺ വരെ കൊണ്ട് പോകുമോ?” “എന്തിനാ?” “കണ്മഷി തീർന്നു.വാങ്ങണം” “അച്ഛന്റെ പുന്നാരമോളല്ലേ…

പോയി അങ്ങേരോട് പറ” “ഏട്ടൻ വാങ്ങി തന്നാൽ മതി” “മ്മ്…നാളെ വാങ്ങി കൊണ്ട് വരാം” “പറ്റില്ല..ഇപ്പൊ പോണം” “എന്തേ ഇപ്പൊ കണ്ണെഴുതി എങ്ങോട്ടെങ്കിലും പോകാൻ ഉണ്ടോ?” “വാ ഏട്ടാ…നമുക്ക് ഒന്ന് പോയിട്ട് വരാം” “അതിന് നീ വരുന്നത് എന്തിനാ..ഞാൻ വാങ്ങി വരാം” “ഞാനും കൂടി വന്നോട്ടെ…പ്ലീസ്” കുസൃതി ചിരിയോടെയുള്ള എന്റെ കെഞ്ചലിൽ ഏട്ടൻ വീഴുമെന്ന് എനിക്ക് ഉറപ്പാണ്..അങ്ങനെ ഏട്ടനും ആയിട്ട് ബൈക്കിൽ പോകുമ്പോഴും ഞാൻ കലപില സംസാരിച്ചുകൊണ്ടിരുന്നു.

ഇടക്ക് ഏട്ടന്റെ പ്രതികരണം ഇല്ലാതെ വന്നപ്പോൾ ഞാൻ ആ തല ചെറുതായി ഒന്ന് തിരിച്ചു.പാവം ഏട്ടൻ..ബാലൻസ് തെറ്റി ബൈക്ക് മറിയാതിരിക്കാൻ ഒന്ന് വെട്ടിച്ചത…കഷ്ടകാലത്തിന് നിർത്തിയിട്ടിരുന്ന ഒരു കാറിൽ പോയി ഇടിച്ചു.ഏട്ടൻ കലിപ്പോടെ എന്നെ തിരിഞ്ഞ് നോക്കിയതും അതിലും കലിപ്പോടെ മറ്റൊരാൾ ആ കാറിൽ നിന്നും ഇറങ്ങി… ശിവൻ..!!!!!… (തുടരും)

❤കലിപ്പന്റെ വായാടി❤ : ഭാഗം 1

Share this story