വാക…🍁🍁 : ഭാഗം 7

വാക…🍁🍁 : ഭാഗം 7

എഴുത്തുകാരി: നിരഞ്ജന R.N

ഭാരതിയമ്മയോട് യാത്ര പറഞ്ഞിറങ്ങും മുൻപേ തെക്കേതൊടിയിലേക്ക് അവൻ നടന്നു…. അവിടെ അവനെ കത്തെന്നപ്പോലെ രണ്ട് മൺകൂനകളുണ്ടായിരുന്നു….. അവന്റെ പ്രിയ സഖാവിന്റെയും അദ്ദേഹത്തിന്റെ സഖിയുടെയും……… മുട്ടുകുത്തിനിന്ന് മൺകൂനയിലേക്ക് നോക്കിനിൽക്കെ ഒരച്ഛന്റെ വാക്കുകൾ അവന്റെ മനസിലേക്ക് ഓടിയെത്തി….. നോക്കികോണേ മോനെ എന്റെ മോളെ…. വാകയുടെ വലം കൈ തന്നെ എല്പിക്കുമ്പോൾ ആ അച്ഛൻ പറഞ്ഞ വാക്കുകൾ……………. പ്രാണനാണ് അച്ഛാ അച്ഛന്റെ പൊന്നുമോളെ നിക്ക്.. പക്ഷെ, ആ വാക്ക് മാത്രം പാലിക്കാൻ എനിക്ക് കഴിയുന്നില്ല… അവൾക്കർഹതപ്പെട്ട സന്തോഷങ്ങൾ നൽകാനാകില്ലെനിക്ക്……..

അച്ഛൻ പറഞ്ഞതുപോലെ അവളുടെ സന്തോഷങ്ങൾക്കായ് എന്നിലേക്ക് ചാഞ്ഞ വാകചെടിയെ എന്നിൽ നിന്നും ഞാൻ പറിച്ചുമാറ്റുകയാണ്… ഹൃദയം നുറുങ്ങുന്നുണ്ട്, പക്ഷെ അപ്പോഴും ഉള്ളിൽ ഒരു നുള്ള് സന്തോഷമുണ്ട്… ഒപ്പം കാലം എല്ലാം നന്നാക്കുമെന്ന വിശ്വാസവും ….. മിഴിനീർ കാഴ്ചയെ മറച്ച് ആ മണൽ തരികളിലേക്ക് ഇറ്റുവീണതൊന്നും അറിയാതെ അവനാ ഇരുപ്പ് തുടർന്നു….. ഒടുവിൽ ഭാരതിയമ്മയുടെ വിളിയാണ് അവനെ ബോധത്തിലേക്ക് തിരികെ കൊണ്ട് വന്നത്……. തിരികെ വാകയുടെ അടുത്തേക്കുള്ള യാത്ര അവനിൽ ഒരുപോലെ വേദനയും ആശ്വാസവും നിറച്ചു…… ആ മുഖം ഉള്ളിൽ നിറയുമ്പോഴൊക്കെ സ്വയം തന്റെ നിയന്ത്രണം അവന് നഷ്ടമായിപോകുന്നു………..

ഒടുവിൽ ഗേറ്റ് കടക്കുമ്പോൾ കണ്ടു, മുകളിലെ ബാൽകണിയിൽ ഒരു കടലാസ് നെഞ്ചോട് ചേർത്ത് നിൽക്കുന്ന തന്റെ പ്രാണനെ….. ആ മിഴികൾ ചാലിട്ടൊഴുകുന്നുണ്ടെന്ന് വ്യക്തം……………. എന്താ നേരത്തെ എന്ന അമ്മയുടെ ചോദ്യത്തിന് തലവേദന എന്ന് പറഞ്ഞൊഴിഞ്ഞുമാറി അവൻ റൂമിലേക്ക് നടന്നു… പിന്നിൽ തന്റെ അമ്മയുടെ എങ്ങലടികൾ അവന് കേൾക്കാമായിരുന്നു….. താൻ വന്നതോ നിന്നതോ ഒന്നുമറിയാതെ അവൾ ആ നിൽപ് തുടരുകയാണ്…… ഒരുവിധത്തിൽ അവനത് ആശ്വാസമായിരുന്നു… കരഞ്ഞുകലങ്ങിയ ആ കണ്ണുകൾ അവന്റെ നെഞ്ചത്തെ ചുട്ടുപൊള്ളിക്കും …… നേരെ ടവ്വലുമായി ബാത്‌റൂമിൽ കയറി……

തണുത്ത വെള്ളത്തുള്ളികൾക്ക് യഥേഷ്ടം സഞ്ചരിക്കാൻ സമയം നൽകികൊണ്ട് എന്തൊക്കെയോ ഓർത്തുകൊണ്ട് കുറേഏറെ നേരം അവിടെ നിന്നു….. ശേഷം ഷവറിൽ നിന്ന് വീണത് അവസാന തുള്ളികൾ ആണെന്നറിഞ്ഞപ്പോ വസ്ത്രങ്ങളണിഞ്ഞ് തലതോർത്തി ഇറങ്ങി……. ടവ്വലുമായി റൂമിലേക്ക് വരവേ നാസികതുമ്പിലേക്ക് ഇറച്ചുകയറിയ കാപ്പിയുടെ ഗന്ധം അവന്റെ കാപ്പിക്കണ്ണുകളെ ബാൽക്കണിയിലേക്ക് കൊണ്ടുപോയി…. അവൾ അവിടെ ഇല്ലാ………….. പുഞ്ചിരിയോടെ മേശപ്പുറത്ത് വെച്ചിരിക്കുന്ന ചായക്കപ്പിൽ നിന്ന് ചൂടാറുന്ന കാപ്പി ഊതി ഊതി ചുണ്ടോട് ചേർക്കുമ്പോൾ അവൻ സ്വയം ചിന്തിക്കുകയായിരുന്നു…..

താൻ എന്തൊരു മണ്ടനാണ്.. തന്റെ വിയർപ്പിന്റെ ഗന്ധം പോലും പ്രിയമായ ഒരുവളെക്കുറിച്ച് ഇനിയുമേറെ താൻ മനസ്സിലാക്കാനുണ്ടെന്ന് ഓർക്കവേ അവന് സ്വയം പുച്ഛം തോന്നി…… കാപ്പി കുടിച്ച് കഴിഞ്ഞ് തിരികെ മേശപ്പുറത്തേക്ക് വെച്ച് തിരിയുമ്പോഴാണ് ചുരുണ്ടു കൂടിയ ഒരു തുണ്ട് കടലാസ് അവൻ കാണുന്നത്….. അതിലൂടെ, മിഴികൾ പായവേ ചുണ്ടിൽ വാക എന്ന പേര് മാത്രം അവശേഷിച്ചു…… ആദ്യമായി അവൾ തനിക്കേകിയ പ്രേമലേഖനം…… താൻ അറിയാൻ ഏറെ വൈകിപ്പോയ തന്റെ പ്രണയത്തെ തന്നിലേക്ക് തിരികെ തന്ന വരികൾ…………. ഇതായിരിക്കാം ഇത്രയും നേരം അവൾ തന്റെ നെഞ്ചോട് ചേർത്തതെന്ന് അവന് ബോധ്യമായി ……

പതിയെ ആ വാലെന്റയിൻസ് ഡേ ഓർമകളിലേക്ക് അവൻ ചേക്കേറി… വാകയും കുടുംബവും അന്ന് നന്നായി തന്നെ പരിചരിച്ചതുകൊണ്ടാകാം വളരെ പെട്ടെന്ന് തന്നെ പൂർണ്ണരോഗ്യവനാകാൻ അവന് കഴിഞ്ഞത്…. തിരികെ കോളേജിൽ പോകാൻ തുടങ്ങി…. പക്ഷെ അപ്പോഴേക്കും ആയുഷ് എന്ന സഖാവിൽ അവൾ അലിഞ്ജുചേർന്നിരുന്നുവെന്നത് അവൻ പോലും മനസ്സിലാക്കിയില്ല… സൗഹൃദമെന്ന തെറ്റിദ്ധാരണയിൽനിന്ന് പ്രണയം എന്ന സത്യത്തിലേക്ക് അവൾ ചിറകടിച്ചുപറന്നുറയർന്നിരിക്കുന്നു…. അവന്റെ സാമീപ്യം കൊണ്ട് മാത്രം തളിർക്കുന്ന തന്നിലെ പുതുവികാരങ്ങളെ അവൾ താലോലിച്ചു…. ആരോടും പറയാതെ മനസ്സിലൊളിപ്പിക്കാൻ തോന്നിയ ആദ്യത്തെ കാര്യം…………

കൊഴിഞ്ഞുവീഴുന്ന വാകപ്പൂക്കൾ പോലെ ഓരോ ദിവസവും കടന്നുപോകുന്നു…… ഋതുഭേദങ്ങൾ തൊട്ട് തലോടിമടങ്ങുന്നു……. ഇന്നാണ് വാലെന്റയിൻസ് ഡേ….ചെഞ്ജുവപ്പ് പട്ട് വിരിച്ച കോളേജ് അങ്കണം ഇന്നതിലേറെ ചുവപ്പിനാൽ മനോഹരിആയിരിക്കുന്നു……………………….. എങ്ങും രക്തവർണ്ണം തന്നെ…………….. യൂണിയൻ വക ആഘോഷങ്ങളുള്ളതിനാൽ ഓടിനടക്കുകയാണ് ആയുഷ്…………. വാക ആണെങ്കിലോ തന്റെ ജീവിതത്തിലെ ആദ്യപ്രണയദിനത്തിന്റെ ആകാംഷയിലും……. ഇന്നുവരെ ഈ ഒരു ദിവസം അവൾക്ക് മറ്റു ദിവസങ്ങൾ പോലെയായിരുന്നു… എന്നാൽ ഇന്ന്….. ഇന്നവൾ ഒരുപാട് മാറിയിരിക്കുന്നു……. ചുവപ്പിനെ വെറുപ്പായിരുന്നവൾ ചുവപ്പിന്റെ ഭംഗിയിൽ സ്വയം മനോഹരിയായിട്ടാണ് കോളേജിലെത്തിയത്…….

സഖാവെ……….. ബാനർ വലിച്ച്ചുകെട്ടുന്നത് സംസാരിച്ചുകൊണ്ടിരിക്കവേ പിറകിൽ നിന്നുകേട്ട വിളിയിൽ അവൻ തിരിഞ്ഞു…… വാക………… ചുവന്നകളറിൽ വൈറ്റ്സ്റ്റോൺ വർക് ചെയ്ത സാരിയും അതിനൊത്ത ഒരു സിംഗിൾ ചെയിൻ മാലയും കുഞ്ഞു ജിമിക്കിയും വൈറ്റ് സ്റ്റോൺ പൊട്ടും അണിഞ്ഞ് അവനുമുന്നിൽ നില്കുന്നവളെ കണ്ണിമവെട്ടാതെ അവൻ നോക്കിനിന്നുപോയി….. കാറ്റിൽ പാറിപറക്കുന്ന മുടിഇഴകളെ ഒതുക്കുന്നതിനിടയിൽ വലം കൈയിലെ കുപ്പിവളകൾ ഉരുമ്മിയുണ്ടാകുന്ന ശബ്ദമൊഴിച്ചാൽ അവിടം നിശബ്ദതയിലാണ്ട്പോയിന്നു അവന് തോന്നി…. ആദ്യമായി ചുവപ്പണിഞ്ഞ അവളെ കണ്ടതിന്റെ ആകാംഷയോ, അവൾ ചുവപ്പണിഞ്ഞതിന്റെ സന്തോഷമോ എന്തെന്നറിയാത്ത വികാരം ആ കാപ്പിക്കണ്ണുകളെ വിടർത്തി……..

പരസ്പരം പരിസരം പോലും മറന്നുനിന്ന നിമിഷങ്ങൾ………. ആയുഷേട്ടാ…. കിച്ചുവിന്റെ ശബ്ദം ഇടയിലേക്ക് നുഴഞ്ഞുകയറിയതും രണ്ടാളുടെയും മിഴികൾ ഒരു പിടച്ചിലോടെ പിന്മാറി………… വാകെ..കിടുക്കി.. നല്ല രസമുണ്ട് നിന്നെ കാണാൻ….. ആഹ്ലാദത്തോടെ കിച്ചു പറയുമ്പോഴും അവനിൽ നിന്നൊരു വാക്ക് കേൾക്കാനായി അവൾ മോഹിച്ചു…. മിഴികൾ അതവനോട് വിളിച്ചോതുന്നുണ്ട്…. നന്നായിട്ടുണ്ട്….. ഒരുപുഞ്ചിരിയോടൊപ്പം താനാഗ്രഹിച്ച വാക്കുകൾ കൂടി അവനിൽ നിന്ന് കേട്ടപ്പോൾ ആ മുഖം പൂർണ്ണചന്ദ്രശോഭയോടെ വിളങ്ങി… എന്തൊക്കെയോ ആവിശ്യങ്ങൾക്കായി ആരോ അവനെ വിളിച്ചുകൊണ്ടു പോയതും കിച്ചുവിനോപ്പം അവൾ കാന്റീനിലേക്ക് നടന്നു….. ഇന്നിവിടെയാകെ നല്ല രസമുണ്ട് കാണാൻ അല്ലെ…. മം….. ഹോ എന്നും ഇങ്ങെനെആയിരുന്നെങ്കിൽ…. മം……

എന്തെല്ലാമോ പറഞ്ഞ് തന്നോടൊപ്പം നടക്കുന്നവളെ ശ്രദ്ധിക്കാൻ കഴിയാതെ ഒരു മൂളൽ മാത്രം അവൾക് നൽകികൊണ്ട് വാക നടന്നു, മനസ്സിൽ തനിക്ക് പ്രിയപ്പെട്ടവന്റെ മുഖമൊരു ചില്ലുഗ്ലാസ്സിൽ പ്രതിഷ്ടിച്ചുകൊണ്ട്……. ക്യാന്റീനിൽ പതിവുപോലെ ജയേഷും സംഘവും ഉണ്ടായിരുന്നു… ആയുഷ്യന്റെയും അവന്റെ പ്രസ്ഥാനത്തിന്റെയും സ്വീകാര്യതയോടൊപ്പം വാകയ്ക്ക് അവനോടുള്ള അടുപ്പം കൂടി കണ്ടതും ജയേഷിൽ പക ആളികത്തി…… അവന്റെ വെള്ളാരം കണ്ണുകളിൽ ക്രൗര്യംനിറഞ്ഞു…… ഡിയർ ഫ്രണ്ട്സ്….. ആയുഷിന്റെ ശബ്ദം മൈക്കിലൂടെ കേട്ടതും ക്യാമ്പസിൽ ആരവങ്ങുളയർന്നു………

. ഇന്നത്തെ ഡേയുടേ സ്‌പെഷ്യപാലിറ്റി എന്നേക്കാൾ കൂടുതൽ നിങ്ങൾക്കറിയാമല്ലോ…. വാലെന്റയിൻസ് ഡേ… പ്രണയിക്കുന്നവർക്കായി ഒരു ദിനം…….. നമ്മുടെ പ്രിൻസിപ്പലിന്റെ അനുമതിയോടെ ഈ ദിവസം നമ്മൾ അങ്ങ് ആഘോഷിക്കാൻ പോകുവാണ്…. അപ്പോ എങ്ങെനെയാ എല്ലാരും കൂടല്ലേ…… ഞങ്ങൾ റെഡി….. !!!!!!! അവനുള്ള ഉത്തരമായി ആ കോളെജ് ഒരുമിച്ച് വിളിച്ചു കൂവി…… ആഘോഷങ്ങൾക്ക് തിരിക്കൊളുത്താനായി നമുക്കൊരു മത്സരം വെക്കാം……… വിശദവിവരങ്ങൾ ദേവകൃപ പറയും കോളേജ് ആർട്സ് സെക്രട്ടറിയ്ക്ക് മൈക്ക് കൈമാറും മുൻപ് അവൻപറഞ്ഞു…………. മത്സരം ഒരു പ്രേമലേഖനം എഴുത്താണ്…. നമുക്കിഷ്ടപ്പെട്ട ഒരാളോടുള്ള തന്റെ പ്രണയം അക്ഷരങ്ങളുടെ നിറച്ചാരുതയിൽ വർണ്ണിക്കേണം………………..

പക്ഷെ ഇതിനൊരു റൂൾ ഉണ്ട്…… എഴുതുന്ന ആളുടെ പേര് അതിലുണ്ടാകാൻ പാടില്ല…… ലെറ്റർ കിട്ടുന്ന ആള് എഴുതിയ ആളെ കണ്ടുപിടിക്കേണം………………. Lovers ന് സമ്മാനം ഉണ്ടായിരിക്കുന്നതല്ല എന്നും കൂടി അറിയിക്കുന്നു…. സേച്ചിയോട് ഒന്നും തോന്നല്ലേ മക്കളെ…. കുറച്ച് മാറി സൊള്ളിക്കൊണ്ടിരിക്കുന്ന കൂട്ടുകാരനെ നോക്കി ലാസ്റ്റ് ഡയലോഗും പറഞ്ഞുകൊണ്ട് അവൾ സ്റ്റേജ് വിട്ടിറങ്ങി………. ഗ്രൗണ്ടിലായി വെച്ചിരിക്കുന്ന കൂറ്റൻ ഗിഫ്റ്റ്ബോക്സിലായിരുന്നു ലെറ്റർ ഇടേണ്ടത്………. പെൺകുട്ടികൾ തകർത്തിരുന്ന് എഴുതുമ്പോൾ മൂന്നും നാലും എഴുതി ഇടുന്ന തിരക്കിലായിരിന്നു ആൺകുട്ടികൾ…….. വാകെ.. നീ എഴുതുന്നുണ്ടോ????? പേനയും പേപ്പറുമായി എവിടെനിന്നോ ഓടിവന്ന കിച്ചു ചോദിച്ചു…

നീ എഴുതാൻ പോകുവാണോ? കിച്ചുവിനെയും അവളുടെ കൈയിലെ പേപ്പറിനെയും മാറി മാറി നോക്കികൊണ്ട് വാക ചോദിച്ചതും ചമ്മിയ മുഖത്തോടെ അവൾ തല കുനിച്ചു… അമ്പടി കള്ളി…. പറ ആരാ ആളു???? ശോ, അങ്ങെനെ ഒന്നുമില്ല…. ഒരു ഇത്……… ആളോട് ഞാൻ പറഞ്ഞിട്ടൊന്നുമില്ല..ഇതിലൂടെ വേണം അറിയിക്കാൻ…….. നാണത്തോടെ അവൾ പറയുന്നത് കേട്ട് അറിയാതെഅവൾക്കും ഉള്ളിന്റെയുള്ളിൽ തന്റെ പ്രണയത്തിനായി ഒരു കത്തെഴുതാൻ മോഹം ഉദിച്ചു … കിച്ചുവിന് അവളുടെ പ്രൈവസി കൊടുത്തുകൊണ്ട് ലൈബ്രറിയിലേക്ക് നടക്കുമ്പോഴും നെഞ്ചിൽ ആ മോഹം ഒരു ഭാരംപോലെ തങ്ങി നിന്നു…. ഒടുവിൽ ലൈബ്രറിയിൽ നിന്നും ഒരു പേപ്പർ വാങ്ങി റീഡിങ് റൂമിലേക്ക് നടക്കുമ്പോൾ അവൾക്കറിയില്ലായിരുന്നു എഴുതേണ്ടതെന്തെന്നു പോലും………………..

സഖാവെ……… ഇഷ്ടമില്ലാത്തിരുന്ന ആ വാക്കില്ലാതെ ഇന്ന് തനിക്കൊരു ദിനമില്ലെന്ന് അവൾക്ക് തോന്നിപോയി…. എന്തൊക്കെയോ എഴുതാൻ മനസ്സ് തുടികുമ്പോഴും അവയൊന്നും മഷിപടർത്താതെ ഉള്ളിൽ തന്നെ നിന്ന് വീർപ്പുമുട്ടി…. ഒടുവിൽ കണ്ണുകൾ ഇറുകെയടച്ച് ശ്വാസം നേരെ വിട്ട് അവൾ ആ പേപ്പറിലേക്ക് നോക്കി…….. പുഞ്ചിരിക്കുന്ന സഖാവിന്റെ മുഖം പേപ്പറിൽ നിഴലിക്കുന്നു…ഏതോ ഉൾപ്രേരിതം പോലെ അവൾ തുടങ്ങി…. പ്രിയസഖാവിന്…….. എന്നിലെ പ്രണയവും വിപ്ലവവും നീ ആണ് സഖാവെ……… നിന്നിലെ ചുവപ്പാണ്…………..ആ ചുവപ്പില്ലാതെ നീ പൂർണമാകില്ല, അതുപോലെ നീ ഇല്ലാതെ ഞാനും……………. ഇടം കൈയിൽ ചെങ്കൊടിഎന്തിയ സഖാവെ നിന്റെ വലം കൈയിൽ എനിക്കെന്റെ കരങ്ങൾ ചേർക്കേണം….. “””

എഴുതിയ പേപ്പർ ആരും കാണാതെ ബോക്സിലിടുമ്പോൾ അവളിലൊരുതരം കുറുമ്പ് വിടർന്നു….. ആരെന്നോ എന്തെന്നോ അറിയാതെ ആ എഴുത്തുമായി അലയുന്ന സഖാവിനെ ഓർത്ത് ചുണ്ടിലൂറിയ പുഞ്ചിരിയുമായി അവൾ നടന്നു…………… അവളുടെ ചിന്തകൾ ശെരിവെക്കുന്നതായിരിന്നു പിന്നീട് നടന്നത്….. കിട്ടിയ കത്തുകളിൽ നിന്ന് ഏറെ വ്യത്യാസമുള്ള ആ കത്ത് അവനെ വല്ലാതെ ചുറ്റിച്ചു………… വടിവൊത്ത അക്ഷരങ്ങളും അത് നിറം നൽകിയ വാക്കുകളും അതിൽ തുളുമ്പിയ പ്രണയവും അവനെ ഭ്രാന്ത്‌ പിടിപ്പിച്ചു……….. ആവുന്നത്ര തേടിയിട്ടും അവകാശിയെ കണ്ട് പിടിക്കാനാകാതെ തേങ്ങുന്ന മനസ്സുമായി ആ ദിനം അവൻ കഴിച്ചു കൂട്ടി……

അത്താഴം കഴിക്കുമ്പോഴും അവന്റെ ശ്രദ്ധ ആ വരികളിൽ തട്ടിനിൽക്കുകയായിരുന്നു…………. സഖാവെ……. ആ വിളി കേൾകുംതോറും മനസ്സിൽ നിറയുന്ന മുഖത്തിന്‌ വാകയുടേതാണ് ഛായ… ഇനി അവളാകുമോ???? ഏയ്… അവൾ ഇങ്ങെനെ ഒരു പണി ചെയ്യില്ല… വായാടിയാണ്, എന്തുണ്ടെങ്കിലും മുഖത്ത് നോക്കി പറയും……. പ്രണയം ഏതെങ്കിലും പെൺകുട്ടികൾ തുറന്ന് പറയാറുണ്ടോ??? ഇല്ലാ, അവൾക്ക് സഖാക്കളേ ഇഷ്ടമല്ലല്ലോ…. അവൾഇഷ്ടപ്പെടുന്ന സഖാവ് അത് അവളുടെ അച്ഛൻ മാത്രമാണ്….. ചുവപ്പിനെ വെറുത്തവൾക്ക് ഇപ്പോൾ ആ നിറം പ്രിയമാണ്…. അപ്പോൾ… ഇനി അവൾ ആയിരിക്കുമോ??????? ചിന്തകൾ ഒരുപോലെ അവനെ അവളിലേക്ക് അടുപ്പിക്കുകയും അകറ്റുകയും ചെയ്തു….

ഉത്തരമില്ലാത്ത മരീചിക പോലെ ആ കത്തിന്റെ അവകാശിയെ തേടി ആ മനസ്സ് സഞ്ചരിച്ചു……… എന്തിനാ പെണ്ണെ എന്നെ ഇങ്ങെനെ നീ സ്നേഹിക്കുന്നത്??? അതിനോളം എന്ത് പുണ്യമാ ഞാൻ ചെയ്തത്???? പഴകിയ അക്ഷരങ്ങളിൽ തുളുമ്പുന്ന ഒരിക്കലും വറ്റാത്ത പ്രണയത്തെ വിരലുകളാൽ തലോടികൊണ്ട് അവനുരുവിട്ടു………………. താഴേക്ക് ഇറങ്ങി ചെല്ലുമ്പോൾ അമ്മയോടൊപ്പം ഓരോന്ന് പറഞ്ഞിരിക്കുന്ന വാകയെയാണ് കണ്ടത്…… സത്യസന്ധത കൈമുതലാക്കിയ ഒരു അച്ഛന്റെ മകൾ, ഇന്ന് മറ്റുള്ളവരുടെ മുന്നിൽ പുഞ്ചിരി എന്ന പൊയ്മുഖം അണിഞ്ഞുകൊണ്ട് കെട്ടിയാടുന്ന ഈ വേഷം കാണുമ്പോൾ സ്വയം അവൻ വെറുത്തു…… പെട്ടെന്നാണ് ഫോണിന്റെ നോട്ടിഫിക്കേഷൻ സൗണ്ട് കേൾക്കുന്നത്…. ഒരു മെയിൽ ആണ്…… From എന്ന ഭാഗത്ത് വന്ന ഐഡി കണ്ടതും അവന്റെ ഉള്ളൊന്ന് തുടിച്ചു….

തന്നെ തേടി വീണ്ടും…… ഹായ് ആയുഷ്…….. മെയിൽ ഓപ്പൺ ചെയ്ത് വായിക്കുമ്പോൾ താനറിയാതെ തന്റെ മിഴികൾ വാകയിലേക്ക് നീണ്ടു……… എല്ലാം പറഞ്ഞതുപോലെ എത്രയും പെട്ടെന്ന് നടക്കണം….. അവസാന വരികളും വായിച്ചുനിർത്തിയപ്പോൾ തലയ്ക്കു വല്ലാത്ത ഭാരംപോലെ തോന്നി അവന്……. ജയേഷ്…………… ആ പേരിൽ നിറഞ്ഞിരുന്നു ഇനി അങ്ങോട്ടുള്ള ആയുഷിന്റെ ജീവിതം………… തുടരും

വാക…🍁🍁 : ഭാഗം 6

Share this story