❤️കലിപ്പന്റെ വായാടി❤️ : ഭാഗം 3

❤️കലിപ്പന്റെ വായാടി❤️ : ഭാഗം 3

എഴുത്തുകാരി: ശിവ നന്ദ

ഏട്ടന്റെ ദേഷ്യം നന്നായിട്ട് അറിയാവുന്ന ആളാണ്‌ ഞാൻ. അത് പോലെ ശിവയുടെ കലിപ്പും.പോരാത്തതിന് എന്നെയും കൂടി കണ്ടാൽ…. “സോറി..അറിയാതെ പറ്റിയത” തെറ്റ് സ്വന്തം ഭാഗത്ത് ആയത് കൊണ്ടാകാം ഏട്ടൻ കൂൾ ആയിട്ട് സംസാരിച്ചത്. അത് എനിക്ക് കുറച്ച് ആശ്വാസം തന്നു.പക്ഷെ ആ ആശ്വാസത്തിന് അധികം ആയുസ്സില്ലായിരുന്നു. “നിന്റെ കുടുംബത്തുനിന്ന് കൊണ്ട് വന്നതാണോ ഈ റോഡ്” “ഹലോ മിസ്റ്റർ മാന്യമായിട്ട് സംസാരിക്കണം” “മാന്യത നിനക്ക് ഞാൻ പഠിപ്പിച്ച് തരാടാ” ഏട്ടന്റെ നേരെ അയാൾ ചീറിക്കൊണ്ട് അടുത്തു.ഇനി എന്റെ ഏട്ടൻ അടങ്ങി ഇരിക്കില്ലെന്ന് എനിക്ക് അറിയാം. “ഏട്ടാ..വണ്ടിയെടുക്ക്..നമുക്ക് പോകാം” “നീ ഇറങ്ങ്.

അവൻ എന്താ ചെയ്യുന്നതെന്ന് കാണണമല്ലോ” “ഏട്ടാ പ്ലീസ്..” “ഗൗരി നിന്നോട് ഇറങ്ങാന പറഞ്ഞത്” ഏട്ടൻ ശബ്‍ദം ഉയർത്തിയതും അറിയാതെ ഞാൻ വണ്ടിയിൽ നിന്നും ഇറങ്ങി.അപ്പോഴാണ് അവൻ എന്നെ കണ്ടത്..തീർന്നു.. “ഡീ…നീ…നിന്നെ ഞാൻ നോക്കി നടക്കുവായിരുന്നടി” ഇതും പറഞ്ഞ് അവൻ എന്റെ നേർക്ക് വന്നു.കാര്യം അറിയാതെ ഏട്ടനും ബൈക്കിൽ നിന്നിറങ്ങി.. “നീ എന്താടി കരുതിയത് ഈ ശിവയെ നാലഞ്ച് ഞാഞ്ഞൂലുകളെ കാണിച്ച് അങ്ങ് പേടിപ്പിക്കാമെന്നോ..” “ഡാ..നിർത്തട..എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ അത് എന്നോട് ആയിക്കോണം..എന്റെ പെങ്ങളുടെ നേരെ വേണ്ട” “ഓഹോ ഇവൾടെ ആങ്ങള ആയിരുന്നോ നീ..

ഒരു പെണ്ണായത് കൊണ്ട ഇവളെ ഞാൻ അടിക്കാത്തത്. എന്തായാലും ഇവൾക്കുള്ളതും കൂടി ചേർത്ത് നീ വാങ്ങിക്കോ.” പിന്നെ അവിടെ എന്താ നടന്നതെന്ന് ഞാൻ പറയേണ്ട ആവശ്യം ഇല്ലല്ലോ.ഏട്ടനെ പിടിച്ച് മാറ്റാൻ ഞാൻ ആവുന്നതും ശ്രമിച്ചു. പക്ഷെ……ഒടുവിൽ ആളുകൾ കൂടി രണ്ട് പേരെയും പിടിച്ചുമാറ്റേണ്ടി വന്നു.ഏട്ടൻ ഇത്രയും ദേഷ്യം വരാൻ കാരണം ഉണ്ടെന്നെങ്കിലും പറയാം. പക്ഷെ ശിവ.. എന്തിനാ അവൻ ഇത്രയും സീൻ ഉണ്ടാക്കുന്നത്.അന്ന് എനിക്കൊരു അബദ്ധം പറ്റിയതാണെന്ന് അവന് മനസിലായി കാണില്ലേ.. പിന്നെയും എന്തിനാ ഇത്രയും വൈരാഗ്യം കാണിക്കുന്നത്.ഓരോന്ന് ചിന്തിച്ച് വീട് എത്തി.

“ഗൗരി ഞാൻ കുറച്ച് കഴിഞ്ഞേ വീട്ടിലേക്ക് കയറുന്നുള്ളു. അവിടെ നടന്നതൊന്നും ഇവിടെ ആരും അറിയരുത്” “ഏട്ടൻ എവിടെ പോകുവാ?” “അത് അറിയണമെന്ന് നിർബന്ധമാണോ നിനക്ക്? ” “അല്ല ഏട്ടാ.. ഞാൻ” “കൂടുതൽ ചോദ്യം ഒന്നും വേണ്ട.” ശെരിയെന്നു തലയാട്ടി ഞാൻ വീട്ടിലേക്ക് കയറി. “പിന്നെ.. ഞാൻ കുറച്ച് കഴിയുമ്പോൾ വരും.. അപ്പോൾ എനിക്ക് അറിയണം അവന് നിന്നെ എങ്ങനെയാ പരിചയമെന്ന്” ഇനി അതും കൂടി അറിയാത്തതിന്റെ കുറവേ ഉള്ളു.ഇപ്പോൾ തന്നെ മനുഷ്യന്റെ ഉള്ള സമാധാനം പോയിരിക്കുവാ..ഒരു ശിവയും അവന്റെ ഒടുക്കത്തെ ഒരു കലിപ്പും. അവനെ ഒക്കെ കെട്ടുന്ന പെണ്ണിൻറെ അവസ്ഥ.പാവം അവൾ ഇപ്പോൾ എവിടാണോ എന്തോ…

“കള്ളകളി കള്ളകളി….” “ദേ ഗൗരിയേച്ചി…കുറേ നേരമായി ചേച്ചി ഫൗൾ കളിക്കുന്നു.എന്നിട്ടും കളിപ്പിക്കുന്നത് മൂത്തത് ആയത് കൊണ്ട” “ഒരുപാട് അങ്ങ് മൂപ്പിക്കല്ലേ അപ്പു.ഞാൻ അല്ല നിന്റെ ടീം ആണ് കള്ളത്തരം കാണിച്ചത്” “ടാ അപ്പു…വിട്ടേക്കട..അല്ലെങ്കിൽ ഈ ബാളും കൊണ്ട് ആള് സ്ഥലം വിടും” “ഹാ അങ്ങനെ പറഞ്ഞു കൊടുക്ക് കുഞാ” അങ്ങനെ കുട്ടിക്കൂട്ടവും ആയിട്ട് വീണ്ടും കളിയിൽ മുഴുകുമ്പോൾ ആണ് അമ്മ വിളിച്ചത്… മനസ്സില്ലാമനസ്സോടെ വീട്ടിലേക്ക് ചെന്നപ്പോൾ അമ്മാവനും ചെറിയച്ഛനും എല്ലാവരും വന്നിട്ടുണ്ട്..ഇതെന്താപ്പാ എല്ലാവരും കൂടി ഒരു വരവ് എന്ന് ആലോചിച്ച് ഉമ്മറത്തേക്ക് കയറി..ഏട്ടനെ അവിടെയൊക്കെ നോക്കുന്നത് കണ്ടിട്ടാകണം ചെറിയച്ഛൻ പറഞ്ഞു.

“ഞങ്ങൾ വന്നാൽ അവൻ ഇവിടെ കാണില്ലല്ലോ..ഇനി ഞങ്ങൾ പോയിട്ടേ സർ ഇങ്ങോട്ട് വരൂ” ആ പറഞ്ഞത് സത്യമാണ്.അല്ലെങ്കിൽ തന്നെ ഈ ഉപദേശകമ്മിറ്റിക്കാരെ കണ്ടാൽ ആരാ വീട് വിട്ട് പോകാത്തത്.എന്റെ ഗതികേട് കൊണ്ട ഞാൻ ഇവിടെ നില്കുന്നത്. “മോളേ ഇവരെ ഞാൻ വിളിപ്പിച്ചത” ഓഹോ അപ്പോൾ അച്ഛൻ ആണ് ഈ ചതി ചെയ്തത്.എന്നാലും അച്ഛൻ എന്തിനാകും പെട്ടെന്ന് ഇവരെ വിളിപ്പിച്ചത്. “എന്തിനാണെന്ന് വെച്ചാൽ ഞങ്ങൾ നിന്റെ ജാതകം ജ്യോത്സ്യനെ കൊണ്ടൊന്ന് നോക്കിച്ചു.2മാസത്തിനുള്ളിൽ കല്യാണം നടത്തണമെന്ന…അത് കഴിഞ്ഞാൽ പിന്നെ 30 വയസ്സ് വരെ നിനക്ക് സമയം ഇല്ല” അച്ഛൻ പറഞ്ഞത് പകുതി മാത്രമേ ഞാൻ കേട്ടുള്ളൂ.ഈ നിമിഷം വരെ വിവാഹത്തെ കുറിച് ചിന്തിച്ചിട്ടുപോലും ഇല്ല.

അതിനും മാത്രം വളർന്നോ ഞാൻ എന്ന് ചോദ്യഭാവത്തിൽ അമ്മയെ നോക്കിയപ്പോൾ അമ്മയുടെ മറുപടി വീണ്ടും എന്നെ തളർത്തി.. “ഞെട്ടണ്ട ഗൗരി.ഞങ്ങൾ കുറച്ചായി നിനക്ക് ആലോചനകൾ നോക്കുന്നുണ്ട്.ഇപ്പൊ നല്ലൊരെണ്ണം ഒത്തു വന്നിട്ടുണ്ട്” ശെരിക്കും ഞാൻ ഈ വീട്ടിൽ തന്നെയുണ്ടായിരുന്നോ എന്നെനിക് ഇപ്പോൾ സംശയം തോന്നുന്നു.എന്റെ ജീവിതത്തെ കുറിച്ച് തന്നെയാണോ ഇവർ ഈ പറയുന്നത്…..കല്യാണ തീയതി അറിയിച്ചാൽ മതിയായിരുന്നല്ലോ എന്ന് മനസ്സിൽ വിചാരിച്ച് എല്ലാവരെയും പുച്ഛത്തോടെ ഒന്ന് നോക്കി ഞാൻ എന്റെ മുറിയിലേക്ക് പോയി.എനിക്ക് ഒന്നും പറയാൻ ഇല്ലായിരുന്നു.

അല്ലെങ്കിൽ തന്നെ എല്ലാം തീരുമാനിച്ചവരോട് ഞാൻ എന്ത് പറയാൻ ആണ്.പെട്ടെന്ന് ഒരു ദിവസം കൊണ്ട് എങ്ങനെ ഞാൻ ഒരു ഭാര്യ ആകും..ഒരു കുടുംബിനി ആകും..ഓർത്തപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി.പുറത്ത് ഏട്ടന്റെ സംസാരം കേട്ടപ്പോൾ ഏട്ടന് പറയാൻ ഉള്ളത് എന്താണെന്ന് അറിയാൻ ചെവി ഒന്ന് കൂർപ്പിച്ചു..പക്വത കാണിക്കേണ്ട പ്രായം ആണെന്ന് നാഴികക്ക് നാല്പതു വട്ടം പറയുന്ന ഏട്ടൻ എന്ത് അഭിപ്രായം പറയാൻ ആണ്….എന്നാൽ എന്റെ നിഗമനങ്ങൾ തെറ്റിക്കുന്ന വിധമായിരുന്നു ഏട്ടന്റെ ഓരോ വാക്കുകളും.. “നിങ്ങൾ എന്തൊക്കെയാ ഈ പറയുന്നത്…ഗൗരിയുടെ കല്യാണമോ…” “എന്താടാ അവൾക് കല്യാണം കഴിച്ചുകൂടെ” ചെറിയച്ഛൻ ആണ്.

“കല്യാണം കഴിക്കേണ്ടെന്ന് ആരും പറഞ്ഞിട്ടില്ല.അതിനുള്ള പ്രായവും പക്വതയും അവൾക് ആയിട്ടില്ലെന്നേ പറഞ്ഞോളൂ..” “അവൾ പ്രായപൂർത്തിയായ പെണ്ണാണ്” അമ്മാവന്റെ വക ഡയലോഗ്. “18 വയസ്സെന്ന് പറയുന്നത് പെണ്ണിന്റെ സ്വപ്‌നങ്ങൾ ഇല്ലാതാകേണ്ട പ്രായമല്ല..അവർ സ്വപ്‌നങ്ങൾ കണ്ടു തുടങ്ങുന്ന പ്രായം ആണ്.” “ഗിരി..എന്റെ ഇരുപതാമത്തെ വയസ്സിൽ ആണ് ഞാൻ നിന്നെ പ്രസവിക്കുന്നത്.ഇന്ന് ആ പ്രായത്തിൽ അവളെ കെട്ടിച്ചു വിടുന്നതിനാണോ നീ ഈ കിടന്നു ചാടുന്നത്” “അമ്മയുടെ ആ കാലം ആണോ ഇപ്പോൾ…നിങ്ങൾ എന്തൊക്കെ പറഞ്ഞാലും ഒരു ജാതകത്തിന്റെയും പേരിൽ അവളുടെ ജീവിതം ഇല്ലാതാക്കാൻ ഞാൻ സമ്മതിക്കില്ല… ”

അതും പറഞ്ഞ് സ്വന്തം മുറിയിൽ കയറി വാതിൽ അടക്കുന്ന ഏട്ടനെ അത്ഭുതത്തോടെ ഞാൻ നോക്കി നിന്നു.ഇന്നലെ വരെ എന്നെ കുറ്റപ്പെടുത്തിയിരുന്ന ഏട്ടൻ ഇന്നെനിക് വേണ്ടി വാദിക്കുന്നു..ഞാൻ കുട്ടിയാണെന്ന് പറഞ്ഞ് നടന്നവർ ഒക്കെ പ്രതിസ്ഥാനത്തും…… “ഇവിടെ കാര്യങ്ങൾ തീരുമാനിക്കുന്നത് ഞാൻ ആണ്.ഗിരി പറഞ്ഞതൊന്നും ആരും മുഖവിലയ്ക്ക് എടുക്കേണ്ട..നാളെ തന്നെ അവരോട് പെണ്ണുകാണാൻ വരാൻ പറയാം” ഇന്നാദ്യമായി അച്ഛനോട് എനിക്ക് വെറുപ്പ് തോന്നി.വീട്ടിൽ എന്ത് സാധനം വാങ്ങുന്നെങ്കിലും എന്നോട് അഭിപ്രായം ചോദിച്ചിട്ട് ചെയ്തിരുന്ന മനുഷ്യൻ എന്റെ ജീവിതത്തിലെ സുപ്രധാന നിമിഷം വന്നപ്പോൾ സ്വന്തമായി തീരുമാനം എടുക്കുന്നു..ഇതോടെ തീർന്നു ഇത്രയും നാളും ഞാൻ ആഘോഷമാക്കിയ എന്റെ ജീവിതം….

ഇന്നാണ് എന്റെ പെണ്ണുകാണൽ.ഒരുങ്ങി നിൽക്കണമെന്ന് പറഞ്ഞിട്ട് അമ്മ ദേ പോയതേയുള്ളു.ഹും…പിന്നെ…എന്നെ ഇങ്ങനെ കണ്ട് ഈ കല്യാണം മുടങ്ങുന്നെങ്കിൽ അത്രയും നല്ലത്.ഏട്ടനെ ഒന്ന് കാണണമെന്ന് തോന്നി..ആ മനസ്സിലെ സ്നേഹം ഇന്നലെ ആണ് ഞാൻ ശെരിക്കും അറിഞ്ഞത്.എന്നെ വഴക്ക് പറഞ്ഞും കളിയാക്കിയും ഏട്ടൻ എന്നെ ജീവിതം പഠിപ്പിക്കുകയായിരുന്നു.അത് പഠിച്ച് തുടങ്ങിയപ്പോഴേക്കും ദേ അടുത്ത അധ്യായത്തിലേക്ക് കാലെടുത്തു വെക്കാൻ പോകുന്നു.ഏട്ടൻ റൂമിൽ തന്നെ ഉണ്ടായിരുന്നു… “ഏട്ടാ…” “കഴിഞ്ഞോ നിന്റെ ഒരുക്കം?” “ഏട്ടാ…” “നിനക്ക് ഇപ്പൊ കല്യാണം വേണോ ഗൗരി??? ” “ഏട്ടന് തോന്നുന്നുണ്ടോ ഒരു കുടുംബം നോക്കാനുള്ള കെൽപ്പ് എനിക്കായെന്ന്” “പിന്നെന്തിനാ ഒരു പ്രദര്ശന വസ്തു ആകുന്നത്?” “ഏട്ടാ…അറിയാലോ അച്ഛന്റെ സ്വഭാവം.

ആ മനസ്സ് ആഗ്രഹിക്കുന്നത് പോലെ നടക്കട്ടെ” “നിനക്കുമില്ലേ മോളേ ഒരു മനസ്സ്..അത് ഈ ഏട്ടന് അറിയാം.നീ എന്റെ കൂടെ നിന്നാൽ മതി.നിന്റെ സമ്മതമില്ലാതെ ആരും ഒന്നും തീരുമാനിക്കില്ല.” അപ്പോഴാണ് മുറ്റത് ഒരു കാർ വന്ന് നിന്നത്.ഏട്ടന്റെ മുറിയിലെ ജനലിൽ കൂടി നോക്കിയാൽ മുറ്റം നന്നായി കാണാം.എന്നെ കാണാൻ വന്ന ചെറുക്കൻ ആണെന്ന് തോന്നുന്നു.ഞാനും ഏട്ടനും ആ മൊതലിനെ കാണാനായി ജനലിന്റെ അടുത്ത് വന്നു നിന്നു.അപ്പോഴേക്കും കഥാനായകൻ കാറിൽ നിന്നും ഇറങ്ങി. “ഇവനോ?????? ” ഏട്ടന്റെ അതെ ചോദ്യം തന്നെയാണ് എനിക്കും ചോദിക്കാൻ ഉള്ളത്.പക്ഷെ കാറിൽ നിന്നും ഇറങ്ങിയ ആളെ കണ്ട് എന്റെ ശബ്ദം വരെ എങ്ങോട്ടോ ഓടി പോയി… “ശിവ…..!!!”… (തുടരും)

❤കലിപ്പന്റെ വായാടി❤ : ഭാഗം 2

Share this story