❤️കലിപ്പന്റെ വായാടി❤️ : ഭാഗം 4

Share with your friends

എഴുത്തുകാരി: ശിവ നന്ദ

ശിവയെ കണ്ടപ്പോൾ തന്നേ ഏട്ടന്റെ സർവ്വനിയന്ത്രണവും നഷ്ടപ്പെട്ടു.ദേഷ്യപ്പെട്ടു മുറിക്ക് പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയ ഏട്ടനെ ഞാൻ തടഞ്ഞു. “കയ്യിന്ന് വിട് ഗൗരി.ഒരു കല്യാണവും പെണ്ണുകാണലും..കെട്ടാൻ പറ്റിയ ഒരു ഉരുപ്പടിയും.” “ഏട്ടാ ഞാൻ പറയുന്നത് ഒന്ന് കേൾക്ക്. ഇപ്പൊൾ ഏട്ടൻ പോയി ഒരു പ്രശ്നം ഉണ്ടാക്കിയാൽ എല്ലാവരുടെയും മുന്നിൽ നമ്മുടെ അച്ഛൻ നാണംകെടേണ്ടി വരും.അത് മാത്രമല്ല അയാളുടെ വീട്ടുകാർ ഒക്കെ നല്ല ആൾക്കാര.നമ്മളായിട്ട് അവരെ അപമാനിച്ച് വിടരുത്” “എന്നും പറഞ്ഞ് അവനെ പോലൊരുത്തന്റെ മുന്നിൽ നിന്നെ കൊണ്ട് നിർത്തണോ ഞാൻ?”

“എന്റേട്ട…കാണാൻ വന്നത് എന്നെയാണെന്ന് അറിയുമ്പോൾ അയാൾ ആയിട്ട് ഈ ബന്ധത്തിൽ നിന്നും പിന്മാറിക്കോളും.ആദ്യ പെണ്ണുകാണൽ മുടങ്ങിയ ദുഃഖത്തിൽ ഇനി ഉടനെ ഒരു ആലോചനയ്ക്ക് അച്ഛൻ മുതിരുകയും ഇല്ല.അപ്പോൾ നമ്മൾ ആഗ്രഹിച്ചത് പോലെ കാര്യങ്ങൾ നടക്കും.ആരുടേയും മുന്നിൽ നമ്മൾ കുറ്റക്കാരാകുകയും ഇല്ല” “സംഗതി ഒക്കെ കൊള്ളാം.പക്ഷെ നീ ഒറ്റക്ക് അങ്ങ് പോയാൽ മതി.എന്നെ അങ്ങോട്ട് പ്രതീക്ഷിക്കണ്ട” “അതെങ്ങനെ ശരിയാകും. പെണ്ണിന്റെ ഒരേയൊരാങ്ങള എവിടെയെന്ന് ചോദിച്ചാലോ.. ” “ചോദിച്ചാൽ കുറച്ച് മുൻപ് പെറ്റതെ ഉള്ളു..ഇപ്പോൾ തൊട്ടിലിൽ കിടക്കുവാണെന്ന് പറഞ്ഞാൽ മതി”

ഏട്ടന്റെ ആസ്ഥാനത്തുള്ള ഈ കോമഡി കേട്ട് തല അറിഞ്ഞ് ചിരിക്കുമ്പോൾ ആണ് അമ്മയുടെ രംഗപ്രവേശം. “നീ ഇതുവരെ ഒരുങ്ങിയില്ലേ ഗൗരി..ദേ അവർ എത്തി” “ചായ കൊണ്ട് കൊടുത്താൽ പോരേ.. അതിന് ഈ ഒരുക്കം തന്നെ ധാരാളം” “മതി അധികപ്രസംഗം.വാ എന്റെ കൂടെ…ഗിരി നീ അങ്ങോട്ട് ചെല്ല്” “അയ്യോ ഏട്ടനെ വിളിക്കണ്ട അമ്മേ..ഏട്ടനെ ഇപ്പോൾ തൊട്ടിലിൽ കിടത്തിയതേ ഉള്ളു” “എന്താ…തോട്ടിലോ???” “ഒന്നുമില്ല അമ്മ..ഈ പെണ്ണിന് വട്ട്. ഞാൻ വരാം” ഏട്ടനെ നോക്കി ആ പതിവ് കുസൃതിച്ചിരി ചിരിക്കുമ്പോഴും എന്നെ കാണുമ്പോൾ ഉള്ള അയാളുടെ പ്രതികരണം ഓർത്തു നെഞ്ച് പിടക്കാതിരുന്നില്ല..

രണ്ടും കല്പിച്ച് അമ്മ തന്ന ട്രേയും പിടിച് ഹാളിൽ എത്തിയപ്പോൾ ആണ് അയാളുടെ കൂടെ വന്നിരിക്കുന്നത് ശ്രേയ ചേച്ചി ആണെന്ന് അറിഞ്ഞത്.കൂടെ അമ്പൂട്ടിയും ഉണ്ട്. പിന്നെ ഒരു ചേട്ടനും..ചേച്ചിയുടെ ഹസ്ബൻഡ് ആയിരിക്കണം. “ഗൗരി…. നീയാരുന്നോ പെണ്ണ്” അത്ഭുതത്തോടെയും സന്തോഷത്തോടെയും ചേച്ചി അത് ചോദിച്ചതും അത് വരെ ഫോണിൽ എന്തോ ഗഹനമായി നോക്കികൊണ്ടിരുന്ന ശിവ പെട്ടെന്ന് തല ഉയർത്തി നോക്കി.ചായയും പിടിച്ച് നിൽക്കുന്ന എന്നെ കണ്ടതും അവന്റെ ഭാവം മാറി.ചായ കയ്യിൽ കൊടുക്കണോ അതോ അവിടെ വെച്ചിട്ട് പോകണോ എന്ന് അറിയാതെ ഞാൻ നിന്നു.

കയ്യിൽ കൊടുക്കണ്ട..ചിലപ്പോൾ അതെടുത്തു എന്റെ മുഖത്തൊഴിക്കും.അത് കൊണ്ട് ചായ ഞാൻ ചേച്ചിക്ക് നേരെ നീട്ടി. “എനിക്ക് അല്ല..ദേ ഇങ്ങോട്ട് കൊടുത്തോ” ഒരു കള്ളച്ചിരിയോടെ ചേച്ചി അതും പറഞ്ഞ് ശിവയെ ഒരു തട്ട്. എന്റെ കണ്ണിലേക്കു തന്നെ ദഹിപ്പിക്കുന്ന നോട്ടം നോക്കി അവൻ ആ ചായ വാങ്ങി.വലിയ ഒരു ജോലി കഴിഞ്ഞ സമാധാനത്തിൽ ഞാൻ ഏട്ടന്റെ അടുത്ത് വന്ന് നിന്നു.അപ്പോഴാണ് അവൻ ഏട്ടനെ കാണുന്നത്. രണ്ട് കലിപ്പൻമാരും കൂടി മുഖഭാവങ്ങൾ കൊണ്ട് ഒരു യുദ്ധം തന്നെ നടത്തുന്നുണ്ട്.. “ഗൗരി ആണ് പെണ്ണെന്നു ഇപ്പോഴാ അറിയുന്നത്..ഇനി കൂടുതൽ ഒന്നും ആലോചിക്കാൻ ഇല്ല..

ഞങ്ങള്ക്ക് നൂറ് വട്ടം സമ്മതമാണ്.” “അല്ല മോളേ എങ്ങനെ അറിയാം” “അമ്പലത്തിൽ വെച്ച് കണ്ടിട്ടുണ്ട്.ഞങ്ങളുടെ അച്ഛമ്മയും ആയിട്ട് നല്ല കൂട്ട ഇവള്..കക്ഷി ഗൗരി ആണെന്ന് അറിയുമ്പോൾ ഇപ്പോൾ തന്നെ ഇവളെ വന്ന് കൂട്ടികൊണ്ട് പോകും.അത്രക്ക് ഇഷ്ട ഗൗരിയെ”. സത്യം പറഞ്ഞ ശിവ നല്ലവൻ ആയിരുന്നെങ്കിൽ എന്ന് ഒരു നിമിഷം ഞാൻ ആഗ്രഹിച്ചു പോയി.ഈ കല്യാണം നടന്നിരുന്നെങ്കിൽ ഒരുപാട് സന്തോഷിച്ചേനെ ഞാൻ.അത്രക്ക് ഇഷ്ടമാണ് ആ മുത്തശ്ശിയെ എനിക്ക്. പക്ഷെ പറഞ്ഞിട്ട് കാര്യമില്ല. ഈ പിശാചിനെ കെട്ടിയാൽ ഉള്ള സന്തോഷം കൂടി അതോടെ പോകും.

“അല്ല മോൻ ഒന്നും പറഞ്ഞില്ല” ഓ ഇനി ഇങ്ങേരുടെ വായിൽ നിന്ന് കേട്ടാലേ അച്ഛന് തൃപ്തി ആകു..എങ്കിൽ കാതുകൂർപ്പിച്ച് വെച്ചോ ഇപ്പോൾ കേൾകാം “ഇഷ്ടമല്ല” എന്ന മറുപടി.ഞാനും ഏട്ടനും ആ വാക്ക് കേൾക്കാനായി നിറഞ്ഞ മനസ്സോടെ നിന്നു. “എനിക്ക് എല്ലാം എന്റെ അച്ഛമ്മ ആണ്. അച്ഛമ്മയ്ക്ക് ഇഷ്ടപെട്ട കുട്ടിയല്ലേ..സൊ…ഈ കല്യാണത്തിന് എനിക്ക് സമ്മതമാണ്…. !!!” അപ്പോഴേക്കും ഏട്ടൻ ചാടി തുള്ളി അകത്തേക്ക് പോകുന്നത് കണ്ടു. കൂടെ പോകണമെന്ന് ഉണ്ട്.പക്ഷെ കേട്ടത് വിശ്വസിക്കാൻ ആകാതെ തരിച്ചു നില്കുവാരുന്നു ഞാൻ. തീയതിയും സമയവും ഒക്കെ മുതിർന്നവർ സംസാരിച്ച് തീരുമാനിക്കട്ടേന്ന് പറഞ്ഞ് ചേച്ചി വന്ന് യാത്ര ചോദിച്ചിട്ട് ഇറങ്ങി.

ഒരു ചിരി മാത്രം തിരികെ നൽകി.എന്റെ മുഖത്ത് പോലും നോക്കാതെ അയാളും ഇറങ്ങി. “ഡാ കൊച്ചിന്റെ നമ്പർ വല്ലോം വാങ്ങിയോ നീ” ചേട്ടൻ ആണ്. “അതിന്റെ ആവശ്യമൊന്നുമില്ല അളിയാ” “അതൊക്കെ ഇപ്പോൾ തോന്നും.എടാ കെട്ടുന്നത് വരെയേ ഇങ്ങനൊക്കെ ഫോണിൽ സംസാരിക്കാൻ പറ്റു.അത് കഴിഞ്ഞാൽ അവരുടെ കാൾ വരുന്നത് തന്നെ നമ്മളെ ഭരിക്കാൻ വേണ്ടിയാ” “ദേ മനുഷ്യ…നിങ്ങൾ വീട്ടിലേക്ക് വാ ട്ടോ… ” ചേട്ടന്റെ വയറിൽ ഒരു കുത്തും കൊടുത്തിട്ടുണ്ട് ചേച്ചി കാറിന്റെ അടുത്തേക്ക് പോയി.പിറകെ ചേട്ടനും. ഞാൻ നോക്കുമ്പോൾ ശിവ എന്റെ അടുത്തേക്ക് വരുന്നു.

ഇറങ്ങി ഓടാൻ പറ്റിയിരുന്നെങ്കിൽ.. “നമ്പർ വേണം” “ആ..ആരുടെ??” “നിന്നെ അല്ലേ ഞാൻ കെട്ടാൻ പോകുന്നത്. അപ്പോൾ അറിയാലോ ആരുടെ നമ്പർ ആണ് ചോദിച്ചതെന്ന്” ഒന്നും മിണ്ടാതെ ഞാൻ തല കുനിച്ചു നിന്നു. അപ്പോ എന്റെ മുഖത്തേക്ക് വിരൽ ഞൊടിച്ചുകൊണ്ട് അയാൾ പറഞ്ഞ വാക്കുകൾ എന്റെ ചങ്ക് തകർക്കുന്നതായിരുന്നു.. “ഈ കല്യാണം മുടക്കാൻ നീയും നിന്റെ ഏട്ടനും പല തന്ത്രങ്ങളും പയറ്റുമെന്ന് എനിക്ക് അറിയാം.പക്ഷെ ഒന്ന് നീ ഉറപ്പിച്ചോ..ഇത് എനിക്ക് കിട്ടിയ ചാൻസ് ആണ്. അത് ഞാൻ വെറുതെ വിടില്ല.ഈ ശിവ നിന്നെ കെട്ടും.ബാക്കി ഒക്കെ അത് കഴിഞ്ഞ്..

അപ്പോൾ ചേട്ടൻ പോകട്ടെ” അവരുടെ കാർ ഗേറ്റ് കടന്ന് പോകുന്നത് വരെ ശില പോലെ ഞാൻ അവിടെ നിന്നു.അമ്മ വന്ന് തട്ടിവിളിച്ചപ്പോൾ ആണ് ബോധം വന്നത്. “ഇനി അധികം സമയമില്ല.നിന്റെ പരീക്ഷ കഴിയുന്നുടനേ നടത്തണം.അതിന് മുൻപ് എല്ലാം ഒന്ന് ഉറപ്പിക്കാനായിട്ട് ഒരു നിശ്ചയം നടത്താം..അല്ലേ” “എന്തിനാ അതൊക്കെ എന്നോട് ചോദിക്കുന്നത്.ഞാൻ ആണോ കാര്യങ്ങൾ തീരുമാനിക്കുന്നത്” അമ്മയുടെ മറുപടിക്ക് കാത്തുനിൽക്കാതെ ഞാൻ ഏട്ടന്റെ മുറിയിലേക്ക് പോയി.

“ഹാ..കല്യാണപെണ്ണ് കയറി വാ..വന്നിവിടെ ഇരിക്ക്” “നമ്മൾ ഇനി എന്ത് ചെയ്യും ഏട്ടാ?” “ഇനിയെന്താ…തീയതി നിശ്ചയിക്കണം..ഓഡിറ്റോറിയം ബുക്ക്‌ ചെയ്യണം..സ്വർണവും സാരിയും ഒക്കെ എടുക്കണം..അത്രതന്നെ” “ഏട്ടാ…” “പിന്നല്ലാതെ ഞാൻ എന്താ പറയേണ്ടത്…നീ ഒരുത്തി കാരണമാ..അല്ലെങ്കിൽ അവൻ വന്നപ്പോൾ തന്നെ ഇതെല്ലാം അവസാനിപ്പിച്ചേനെ ഞാൻ” “ഞാൻ അറിഞ്ഞോ അയാൾ ഇങ്ങനൊരു തീരുമാനം എടുക്കുമെന്ന്” “അവൻ നിന്നോട് പ്രേമം മൂത്തൊന്നും അല്ല ഈ കല്യാണത്തിന് സമ്മതിച്ചത്.അത് കൊണ്ട് തന്നെ അറിഞ്ഞുകൊണ്ട് നിന്നെ ഞാൻ കൊലയ്ക്ക് കൊടുക്കില്ല..തന്തപ്പടിയെ ഞാൻ ഒന്ന് കണ്ടിട്ട് വരാം..നീ ഇവിടിരിക്ക്” ഏട്ടൻ ഉള്ളതാണ് എന്റെ ഏക ആശ്വാസം.

ഈ കല്യാണം മുടക്കാൻ എന്നെക്കാൾ വാശി ഏട്ടനുണ്ട്.അത് കൊണ്ട് തന്നെ അച്ഛനെ എങ്ങനെയും കാര്യങ്ങൾ പറഞ്ഞ് മനസിലാക്കിക്കും ഏട്ടൻ.പെട്ടെന്നാണ് അച്ഛന്റെ ഉച്ചത്തിൽ ഉള്ള സംസാരം കേട്ടത്. “നിന്റെ വാശിക്ക് വേണ്ടി എന്റെ മോൾക്ക് വന്ന നല്ലൊരു ആലോചന ഞാൻ വേണ്ടെന്ന് വെക്കുമെന്ന് തോന്നുന്നോ ഗിരി നിനക്ക്?” “അച്ഛൻ അവനെ കുറിച്ച് എന്തറിഞ്ഞിട്ട ഈ പറയുന്നത്” “എന്താ നിനക്കിപ്പോൾ പറയാൻ ഉള്ളത്.വഴിയിൽ വെച്ച് അവൻ നീയും ആയിട്ട് വഴക്കിട്ടതോ.അതിൽ നീയും ഒട്ടും മോശമല്ലായിരുന്നല്ലോ.നിന്റെ അതേ പ്രായം ആണ് അവനും.ഈ പ്രായത്തിലെ ആണ്പിള്ളേര്ക്ക് അല്പം ദേഷ്യം ഒക്കെ കാണും.

ഇതിന്റെ പേരിൽ അവൻ മോശക്കാരൻ ആണെങ്കിൽ എന്റെ മോനും അതേ സ്ഥാനത്ത് തന്നെയാ” “അച്ഛാ…അവളുടെ അഭിപ്രായം എങ്കിലും ഒന്ന് ചോദിച്ചുകൂടെ” “എന്റെ മോള് നിന്നെ പോലെ അല്ല.അവൾക് ഈ അച്ഛന്റെ മനസ്സറിയാം” അച്ഛന്റെ ഈ വിശ്വാസം ഞാൻ എങ്ങനെ തെറ്റിക്കും ദൈവമേ..അച്ഛനോട് കുറുമ്പുകാണിക്കുമ്പോൾ ഉള്ള ധൈര്യം ഇപ്പോൾ എനിക്ക് നഷ്ടപ്പെട്ടിരിക്കുന്നു.എന്റെ കുറുമ്പുകളെ ഇഷ്ടപ്പെട്ടിരുന്ന അച്ഛനല്ല മറിച്ച്‌ കർക്കശക്കാരനായ അച്ഛനാണ് ഇപ്പോൾ എനിക്ക് മുന്നിൽ ഉള്ളത്.അച്ഛൻ എല്ലാം തീരുമാനിച്ചു കഴിഞ്ഞു.അമ്മയും സന്തോഷത്തിൽ ആണ്.ഇനി എനിക്കോ ഏട്ടനോ ഒന്നും ചെയ്യാൻ പറ്റില്ല…പക്ഷെ എന്നെ മനസ്സിലാക്കാൻ പറ്റുന്ന ഒരാളുണ്ട്…മുത്തശ്ശി…… ===

മുത്തശ്ശി വരുന്നതും കാത്ത് അമ്പലത്തിൽ കയറാതെ ഞാൻ കാത്തുനിന്നു.എന്നും രാവിലെ ആണ് മുത്തശ്ശി വരാറുള്ളത്.പക്ഷെ ഇന്ന് ദീപാരാധന തൊഴാൻ മുത്തശ്ശി വരും എന്നൊരു തോന്നൽ കൊണ്ടാണ് കാത്തുനില്കുന്നത്.പ്രതീക്ഷ തെറ്റിയില്ല.നേര്യതുടുത്ത് നെറ്റിയിൽ നീളത്തിൽ ഭസ്മക്കുറിയിട്ട് ദേ വരുന്നു എന്റെ ചുന്ദരിപ്പെണ്ണ്.. “മുത്തശ്ശിടെ കുറുമ്പി ഇവിടെ കാണുമെന്ന് ഞാൻ ഇപ്പോൾ വിചാരിച്ചതേയുള്ളു..എന്താപ്പോ ഈ നേരത്ത്? ” “മുത്തശ്ശിയെ കാണാൻ വന്നതാ” “അതെയോ.ഞാൻ ഭഗവാനോട് നന്ദി പറയാൻ വന്നതാ.ഒടുവിൽ എന്റെ പ്രാർത്ഥന മൂപ്പർ കേട്ടു” “എന്തായിരുന്നു പ്രാർത്ഥന?” “ന്റെ കുട്ടന്റെ കല്യാണം തന്നെയായിരുന്നു.

കണ്ണടയുന്നതിനു മുൻപ് നിക്ക് അതൊന്ന് കാണണായിരുന്നു.ഇപ്പോൾ നീയാണ് പെണ്ണെന്നറിഞ്ഞപ്പോൾ ന്തെന്നില്ലാത്ത സന്തോഷം” ഈ മുത്തശ്ശിയോടാണോ ഞാനീ കല്യാണം വേണ്ടെന്ന് പറയാൻ വന്നത്.അവരുടെ മുഖത്തെ ആ സന്തോഷം എന്റെ ഒരൊറ്റ വാക്കിൽ ഇല്ലാതാകുന്നത് കാണേണ്ടി വരും.എങ്കിലും എന്റെ ജീവിതം ബലിയർപ്പിക്കാനുള്ള മനക്കട്ടി എനിക്കില്ല.. “മുത്തശ്ശി എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു” “നീ പറയാതെ തന്നെ എനിക്കറിയാം.അവന്റെ സ്വഭാവം ഓർത്തല്ലേ മോൾടെ പേടി.” “ശിവയ്ക്ക്..അല്ല ശിവേട്ടന് ഒരിക്കലും എന്നെ സ്നേഹിക്കാൻ കഴിയില്ല.

പോരാത്തതിന് ഒരിക്കൽ എന്റേട്ടനും ആയിട്ട് ഒന്നുടക്കേണ്ടിയും വന്നിട്ടുണ്ട്.അതൊക്കെ ആൾടെ മനസ്സിൽ ഉണ്ട്” “അവന്റെ മനസ്സ് ഈ ലോകത്ത് മറ്റാരേക്കാളും നന്നായിട്ട് എനിക്ക് അറിയാം.ദേഷ്യവും എടുത്തുചാട്ടവും കൂടുതൽ ആണ്.പക്ഷെ അവനെപ്പോലെ സ്നേഹിക്കാൻ ആർക്കും കഴിയില്ല മോളേ.അമ്മ ഇല്ലാതെ വളർന്ന കുട്ടിയ അവൻ.ആ കുറവ് അറിയിക്കാതെ വളർത്തിയത് ഈ ഞാനും..ആ ഞാനാ പറയുന്നത് നിനക്ക് കരയേണ്ടി വരില്ല.അവന്റെ ഈ ദേഷ്യം ഒക്കെ മാറ്റാൻ നിനക്ക് പറ്റും.

നിന്നെപോലൊരു വായാടിക്കെ അത് സാധിക്കു….” ഇനിയീ മുത്തശ്ശിയോട് ഞാൻ എന്ത് പറയാൻ ആണ്.അയാൾക് അമ്മ ഇല്ലെന്നുള്ള കാര്യം ഇപ്പോഴാണ് ഞാൻ അറിയുന്നത്.ഒരുപക്ഷെ മുത്തശ്ശി പറഞ്ഞത് പോലെ എനിക്ക് അയാളെ മാറ്റിയെടുക്കാൻ സാധിച്ചാലോ…എന്തായാലും മുത്തശ്ശിക്ക് വേണ്ടി എന്റെ അച്ഛനും അമ്മയ്ക്കും വേണ്ടി ഞാൻ ആ സാഹസത്തിനു മുതിരാൻ തീരുമാനിച്ചു…അതേ..ഗൗരി എന്ന ഞാൻ ശിവയെ വിവാഹം കഴിക്കാൻ മനസ്സ് കൊണ്ട് തയാറായി കഴിഞ്ഞു.ദൈവമേ…കൂടെ തന്നെ ഉണ്ടാകണേ….!!!.. (തുടരും)

❤️കലിപ്പന്റെ വായാടി❤️ : ഭാഗം 3

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!