സമാഗമം: ഭാഗം 9

സമാഗമം: ഭാഗം 9

എഴുത്തുകാരി: അനില സനൽ അനുരാധ

ദീപയെ നോക്കിയപ്പോൾ മോളെ നെഞ്ചോട് ചേർത്തു പിടിച്ച് നല്ല ഉറക്കത്തിൽ ആയിരുന്നു … “ദീപേ…” ജനലിനു അരികിൽ നിന്നും കുഴഞ്ഞ ശബ്ദത്തോടെയുള്ള വിളി കേട്ടു. ശബ്ദം കേട്ടപ്പോൾ മീരയ്ക്ക് ആളെ മനസ്സിലായി. അതു കൊണ്ട് ഭയമൊന്നും തോന്നിയില്ല. “ദീപേ… ദേ വിളിക്കുന്നു… ” എന്നു പറഞ്ഞ് കുലുക്കി വിളിച്ചെങ്കിലും ദീപ എന്തോ പിറു പിറുത്തു കൊണ്ട് മോളെ ചേർത്തു പിടിച്ചു… മീര കൈ എത്തിച്ച് ജനൽ തുറന്നു… “ഇതു എന്തു ഉണ്ടാക്കാനാ തുറക്കുന്നത്. വാതിൽ തുറന്നു താടീ… ” ജനൽ ചാരി കൊണ്ട് നന്ദുവിന്റെ ദേഷ്യം നിറഞ്ഞ ശബ്ദം കേട്ടു… മീര തുറന്നതു പോലെ തന്നെ വേഗം ജനൽ അടച്ചു കൊളുത്തിട്ടു.

പിന്നെ പോയി മുറിയുടെ വാതിൽ തുറന്നു… അകത്തെ ലൈറ്റ് ഓൺ ചെയ്തപ്പോൾ അവിടെ ആരും ഉണ്ടായിരുന്നില്ല. മുൻ വശത്തെ വാതിൽ തുറന്നപ്പോൾ പുറം തിരിഞ്ഞു നിൽക്കുന്ന നന്ദുവിനെയാണ് കണ്ടത് … അവനെ ഒന്നു നോക്കിയ ശേഷം അവൾ തിരിഞ്ഞു നടക്കാൻ ഒരുങ്ങി. “എനിക്ക് വിശക്കുന്നുണ്ട്…” അവൾ അടുക്കളയിലേക്ക് നടന്നു… അവനു കഴിക്കാനുള്ള ഭക്ഷണം അമ്മ മേശമേൽ മൂടി വെച്ചിരുന്നു… അവൾ അതു തുറന്നു വെച്ചു. ഒരു ഗ്ലാസിൽ വെള്ളം എടുത്ത് വെച്ചു.. തിരിഞ്ഞു നോക്കുമ്പോഴാണ് വാതിൽക്കൽ നിൽക്കുന്ന നന്ദുവിനെ കണ്ടത്… ദീപയല്ല മീരയാണ് വാതിൽ തുറന്നു തന്നതെന്ന് അവനു അപ്പോഴാണ് മനസ്സിലായത്. അവൾ സ്ലാബിനു അരികിലേക്ക് നീങ്ങി നിന്നു.

അവൻ കൈ കഴുകി കഴിക്കാൻ വന്നിരുന്നു… അവൻ കഴിക്കുന്നതും നോക്കി അവൾ ചാരി നിന്നു… അവന്റെ ഷർട്ടിന്റെ ബട്ടൺ തുറന്നു കിടന്നിരുന്നു. അതിനുള്ളിൽ നിന്നും മാല പകുതി പുറത്തേക്കു വന്നു കിടക്കുന്നുണ്ട്… നെറ്റിയിലേക്ക് മുടി വീണ് കിടന്നിരുന്നു… കഴിക്കുന്നതിനിടയിൽ അവൻ ഇടതു കൈ കൊണ്ട് കണ്ണിനു മുകളിലേക്ക് വീണ മുടി നീക്കിയിട്ടു. അപ്പോഴാണ് അവന്റെ നെറ്റിയിൽ ചോര പൊടിഞ്ഞിരിക്കുന്നത് അവൾ കണ്ടത്… എന്തോ പ്രശ്നം ഉണ്ടായിട്ടുണ്ടെന്നു അവൾക്ക് തോന്നി.. കണ്ണുകൾ അവനെ ആകെ ഒന്നുഴിഞ്ഞു… ഷർട്ടിന്റെ ബട്ടൺ തുറന്നിട്ടതല്ല… പൊട്ടിപ്പോയതാണ്… ബ്രൗൺ നിറത്തിലുള്ള ഷർട്ടിൽ ചോര പടർന്നിട്ടുണ്ട്… ഇടതു കൈത്തണ്ടയിൽ തോലു പോയിട്ടുണ്ട്… അമ്മയെ വിളിച്ചാലോ എന്ന ആലോചനയോടെയാണ് വാതിൽക്കലേക്ക് നടന്നത്.

“ഏയ്‌… ” അവന്റെ വിളി കേട്ടതും അവൾ തിരിഞ്ഞു നോക്കി… “ആരെയെങ്കിലും വിളിക്കാൻ ആണേൽ വേണ്ട…” “ചോര വരുന്നുണ്ട്…” “വന്നോട്ടെ. നിനക്ക് നഷ്ടമൊന്നും ഇല്ലല്ലോ… ഉണ്ടോ? ” ……… “ചോദിക്കുന്നതിന് മറുപടി കിട്ടണം… അതെനിക്ക് നിർബന്ധമാണ്…” എന്നു പറഞ്ഞ് അവൻ എഴുന്നേറ്റു… അവൾ പ്ലേറ്റിലേക്ക് നോക്കി. കുറച്ചു ചോറ് ബാക്കി വെച്ചിരുന്നു. കൂടാതെ പ്ലേറ്റിനു ചുറ്റും മേശമേൽ ചോറു കിടന്നിരുന്നു… അവൻ കൈ കഴുകുമ്പോൾ അവൾ ചെന്നു പ്ലേറ്റ് എടുത്തു… സ്ലാബിൽ കിടന്നിരുന്ന തുണിയെടുത്ത് മേശ തുടച്ചു… നന്ദു നോക്കുമ്പോൾ അവൾ പ്ലേറ്റ് പിടിച്ചു നിൽക്കുന്നുണ്ടായിരുന്നു… അവന്റെ കണ്ണുകൾ അവളുടെ വയറിൽ തങ്ങി നിന്നു… അവളുടെ വീർത്ത വയറിനുള്ളിൽ ഒരു കുഞ്ഞു ജീവനുണ്ട് എന്ന ചിന്ത നിറയവേ അവന്റെ കണ്ണുകൾ കുറുകുകയും ഏതോ ഓർമ്മയിൽ എന്ന പോൽ അധരത്തിൽ പുഞ്ചിരി വിടരുകയും ചെയ്തു… “നന്ദുവേട്ടൻ പോയി കിടന്നോളൂ…

പ്ലേറ്റ് ഞാൻ കഴുകി വെച്ചോളാം.” ഉള്ളിൽ നിറഞ്ഞു കൊണ്ടിരിക്കുന്ന ഭയത്തിൽ നിന്നും രക്ഷ നേടാനായി അവൾ പറഞ്ഞു… അവൻ അരികിലേക്ക് നടന്നു വന്നു… അവളുടെ തൊട്ടു മുൻപിൽ വന്നു നിന്നു… കണ്ണുകൾ അപ്പോഴും അവളുടെ ഉദരത്തിൽ ആയിരുന്നു… പതിയെ അവന്റെ കണ്ണുകൾ നിറഞ്ഞു വന്നു… അമ്മ… അവന്റെ ഉള്ളം മന്ത്രിച്ചു… അവന്റെ വിറയാർന്ന വലതു കരം നീണ്ടു വരുന്നത് കണ്ടതും മീര പുറകിലേക്ക് നീങ്ങി നിന്നു.. നീട്ടിയ കൈകൾ ഒരു നിമിഷം നിശ്ചലമായി… പിന്നെ കൈകൾ പിൻവലിച്ചു… അവളെ നോക്കുക പോലും ചെയ്യാതെ ഇറങ്ങിപ്പോയി.. മീര ആശ്വാസത്തോടെ നിശ്വസിച്ചു. പ്ലേറ്റ് കഴുകി വെച്ച് അകത്തേക്ക് വരുമ്പോൾ മുൻവശത്തെ വാതിൽ തുറന്നു കിടന്നിരുന്നു… വീണ്ടും ഇറങ്ങിപ്പോയോ എന്ന ചിന്തയിൽ അവൾ വാതിൽക്കലേക്ക് വന്നു നോക്കി…

ഇരുകൈകൾക്കു മീതെ തല വെച്ച് നിലത്ത് കിടക്കുന്നുണ്ടായിരുന്നു…. ഇരുചെന്നിയിലൂടെയും ഒഴുകിയിറങ്ങുന്ന കണ്ണുനീർ… ഇങ്ങനെ സങ്കടപ്പെടാൻ അത്രയും മുറിവേറ്റു കാണുമോ? “എന്തിനാ ഇങ്ങനെ കുടിച്ചു നശിക്കുന്നത്? ” പതിയെ പറഞ്ഞതാണെങ്കിലും നിശബ്ദതയിൽ അവളുടെ ശബ്ദം അവനു കേൾക്കാൻ പാകത്തിൽ ഉയർന്നിരുന്നു… “ഞാൻ നശിക്കുകയോ നശിക്കാതിരിക്കുകയോ ചെയ്യും. നീ എന്തു കാണാൻ നിൽക്കാണ്… ഏഹ്? ” അവന്റെ ചോദ്യം കേട്ടതും അവൾ തിരിഞ്ഞു… അപ്പോഴാണ് അവിടെ നിന്നിരുന്ന സന്ദീപിനെ കണ്ടത്… “ഞാൻ… ” അവൾ എന്തോ പറയാൻ തുടങ്ങിയതും അവൻ മിണ്ടരുത് എന്ന് ആംഗ്യം കാട്ടി… അതിനു ശേഷം വാതിൽക്കൽ വന്ന് നന്ദുവിനെ നോക്കി… അവൻ മലർന്നു കിടക്കുന്നതു കണ്ടു.

“നീ ഉറങ്ങിയിട്ടുണ്ടായിരുന്നില്ലേ? ” മീരയുടെ അരികിലേക്ക് വന്നു കൊണ്ട് തിരക്കി… “ഹ്മ്മ്.. ജനലിൽ മുട്ടുന്നത് കേട്ടപ്പോൾ എഴുന്നേറ്റതാ… ദീപയെ വിളിച്ചു നോക്കിയപ്പോൾ അവൾ നല്ല ഉറക്കം… ” “അവൾ ഒരു ഉറക്കപ്രാന്തിയാ… എന്നാലും വൈകി വന്നാൽ അവൻ അവളുടെ ജനലിൽ പോയി തട്ടും. അവസാനം ദേഷ്യം വന്ന് ഉറക്കെത്തട്ടുന്നത് കേൾക്കുമ്പോൾ അമ്മ ഉണരും… വാതിൽ തുറന്നു കൊടുക്കും. ചിലപ്പോൾ ചോറ് വാരി കൊടുക്കും. അമ്മയുടെ മടിയിൽ തല വെച്ച് അവൻ ഉറങ്ങും… അവനിൽ ഇപ്പോഴും ബാല്യം വിട്ടുമാറാത്ത ഒരു കുഞ്ഞുണ്ട്… അമ്മയുടെ സ്നേഹം കൊതിക്കുന്ന ഒരു കുഞ്ഞ്…” “ഇനി അവിടെ കിടന്ന് ഉറങ്ങുമോ? ” “ആഹ് ! അപ്പുറത്ത് കാണുന്ന വീടില്ലേ… അതാണ് ഞങ്ങളുടെ തറവാട് വീട്…

കഥയൊക്കെ പിന്നെ പറയാം… പോയി കിടന്ന് ഉറങ്ങാൻ നോക്ക്…” “സർ ബാക്കി കൂടെ പറയുമോ? ” സന്ദീപ് കൈ നീട്ടി അവളുടെ കാതിൽ പിടിച്ചു… “നിന്നോട് എന്തു വിളിക്കാനാ ഞാൻ പറഞ്ഞിരിക്കുന്നത്? ” “ഏട്ടൻ… ദീപുവേട്ടൻ … ” അവൾ പെട്ടെന്ന് പറഞ്ഞു… അവൻ പുഞ്ചിരിച്ചു… “വാ നമുക്ക് അവിടെ ചെന്നിരിക്കാം… ” സന്ദീപ് സോഫയിൽ ഇരുന്നു … അതിനു താഴെയായി അവൾ പതിയെ ഇരുന്നു… “നിലത്ത് ഇരിക്കാതെ… ആ കസേരയിൽ എങ്ങാനും കയറി ഇരിയ്ക്ക്…” “ഞാൻ ഇവിടെ ഇരുന്നോളാം… ഏട്ടൻ പറയ്…” അവൾ സോഫയിലേക്ക് മുഖം ചേർത്തു വെച്ചു കൊണ്ട് പറഞ്ഞു… സന്ദീപ് അവളെ പുഞ്ചിരിയോടെ നോക്കി… കൈ നീട്ടി അവളുടെ നെറുകയിൽ പതിയെ ഒന്നു തലോടി… “എന്റെ അച്ഛന് കൂടപ്പിറപ്പെന്നു പറയാൻ ആകെയുള്ളത് നന്ദുവിന്റെ അച്ഛനാണ് മുരളി…

അച്ഛന്റെ സ്വഭാവവുമായി യാതൊരു സാമ്യവും അയാൾക്കില്ല… നാട്ടിലെ സകല പ്രശ്നങ്ങളിലും കൊണ്ട് പോയി തല വെച്ചു കൊടുക്കും… പിന്നെ അതിന്റെ പുറകിൽ നടക്കൽ ആയിരുന്നു അച്ചാച്ചന്റെ പണി… ഒരിക്കൽ ഈ നാട്ടിലെ തന്നെ ഒരു സ്ത്രീയുടെ വീട്ടിൽ നിന്നും ചെറ്യച്ഛനെ നാട്ടുകാർ പിടികൂടി… വല്ല പ്രേമമോ എന്തേലും ആയിരുന്നേൽ വീട്ടുകാർ കല്യാണം നടത്തി കൊടുത്തേനെ…. പക്ഷേ പ്രണയം അങ്ങനെ ആയിരുന്നില്ല… അവർക്ക് ഭർത്താവും രണ്ടു കുഞ്ഞുങ്ങളും ഉണ്ടായിരുന്നു… ആ സംഭവത്തോടെ അവിഹിതം നാട്ടിൽ പാട്ടായി… ആ സ്ത്രീയും കുടുംബവും ഈ നാട്ടിൽ നിന്നു തന്നെ പോയി… അതും വെറുതെ പോയതല്ല… അച്ചാച്ചൻ പണം കൊടുത്തു ഒഴിവാക്കിയയാണ്… ആ സംഭവത്തോടെ അച്ഛനും ചെറ്യച്ഛനും തമ്മിൽ വാക്കേറ്റം ഉണ്ടായി…

അതിനു ശേഷമാണ് അച്ഛനും അമ്മയും ഇങ്ങോട്ട് താമസം മാറുന്നത്… ചെറ്യച്ഛനെ നന്നാക്കാൻ അച്ചാച്ചൻ കണ്ടു പിടിച്ച ഒരു മാർഗ്ഗമായിരുന്നു വിവാഹം… ഒരു പാവം ആയിരുന്നു നന്ദുവിന്റെ അമ്മ… ആർക്കോ വേണ്ടി ഒരു വഴിപാട് പോലെ അയാൾ ചെറ്യമ്മയെ വിവാഹം കഴിച്ചു… അയാൾ ഒരു മൃഗമായിരുന്നു മീരാ… ഒരു പാവം സ്ത്രീയുടെ കണ്ണുനീരിൽ ആനന്ദം കണ്ടെത്തുന്ന മൃഗം… ഒരുപാട് സഹിച്ചിട്ടുണ്ട്… സ്വന്തം ഭർത്താവ് മറ്റു സ്ത്രീകളുടെ കൂടെ വഴിവിട്ട ബന്ധത്തിനു പോകുന്നത് വരെ നോക്കി നിൽക്കേണ്ടി വന്നിട്ടുണ്ട്… ചെറ്യമ്മയുടെ വീട്ടിൽ അച്ഛനും അമ്മയും ഏട്ടനും ഉണ്ടായിരുന്നു… എന്നിട്ടും ആരെയും ഒന്നും അറിയിക്കാതെ എല്ലാം സഹിച്ചു… ചെറ്യമ്മ നന്ദുവിനെ ഗർഭം ധരിച്ചപ്പോൾ അയാൾ മാറുമെന്ന് എല്ലാവരും കരുതിയിരുന്നു… എന്നാൽ അങ്ങനെയൊന്നും ഉണ്ടായില്ല…

അയാൾ ആ കുഞ്ഞിനെ ആഗ്രഹിച്ചിരുന്നില്ല എന്ന് തോന്നുന്നു… തോന്നൽ അല്ല… അതാണ് സത്യം …. ഒരിക്കൽ ചെറ്യമ്മയെ അയാൾ തള്ളിയിട്ടു… വയറ്റിൽ വളരുന്ന സ്വന്തം ജീവനെ കുറിച്ച് പോലും ഓർക്കാതെ… ” മീരയുടെ നെഞ്ചിൽ ഭാരം കൂടി… അവൾ വലതു കൈ വയറിനു മീതെ ചേർത്തു വെച്ചു… “എന്നിട്ട്? ” “ഒന്നും ഉണ്ടായില്ല… പക്ഷേ ആ സംഭവത്തോടെ അച്ഛമ്മ ആകെ തകർന്നു… മകൻ നന്നാകാത്തതിൽ മാത്രമല്ല… ഒരു പെണ്ണിന്റെ ജീവിതം നശിക്കാൻ കാരണക്കാരിയായല്ലോ എന്നോർത്ത്… നന്ദു ജനിക്കുന്നതിനും മുൻപേ അച്ഛമ്മ പോയി.. നന്ദുവിന്റെ പേരിടൽ ചടങ്ങ് കഴിഞ്ഞ ദിവസം അയാൾ മദ്യപിച്ചു വഴക്കുണ്ടാക്കി… അന്നു രാത്രി അയാൾ ചെറ്യമ്മയുടെ അടിനാഭിയ്ക്ക് തൊഴിച്ചു…

രാത്രി ഹോസ്പിറ്റലിലേക്ക് കൊണ്ട് പോകുമ്പോൾ എല്ലാവരും കരുതി ഇനി ചെറ്യമ്മ ജീവിതത്തിലേക്ക് തിരിച്ചു വരില്ലെന്ന്… പക്ഷേ വന്നു… എന്റെ നന്ദുവിന് വേണ്ടി എല്ലാ വേദനയേയും അതിജീവിച്ച് തിരിച്ചു വന്നു… ” പറയുമ്പോൾ സന്ദീപിന്റെ ശബ്ദം ഇടറിപ്പോയി… മീരയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു… ഒരു ഭിത്തിയ്ക്ക് അപ്പുറം മുഖം പൊത്തിപ്പിടിച്ചു കരഞ്ഞ നന്ദുവിന്റെ തേങ്ങൽ സന്ദീപിന്റെയും മീരയുടെയും കാതിൽ വന്നു പതിച്ചു… സന്ദീപ് എഴുന്നേറ്റ് അവന്റെ അരികിലേക്ക് ഓടിച്ചെന്നു… ചുമരിൽ പിൻതലയിടിച്ച് മുഖം പൊത്തിക്കരയുന്ന നന്ദുവിനെ കണ്ടതും നിലത്തേക്ക് ഇരുന്ന് അവനെ പുണർന്ന് നെഞ്ചോട് ചേർത്തു… “കരയല്ലേ… ഞാൻ ഇല്ലേടാ നിനക്ക്. ഞങ്ങൾ എല്ലാവരും ഇല്ലേ? ” ചോദിക്കുമ്പോൾ സന്ദീപിനു നെഞ്ചകം വിങ്ങി…

നന്ദുവിന്റെ ഇരുകൈകളും അവനെ വരിഞ്ഞു മുറുക്കി… സന്ദീപ് മിഴികൾ പൂട്ടി അവനെ ചേർത്തു പിടിച്ച് ഇരുന്നു … മീര വാതിൽപ്പടിയിൽ പിടിച്ച് ഇരുവരേയും നോക്കി നിന്നു… നീ കാണിച്ച ധൈര്യം എന്റെ അമ്മ അന്നു കാണിച്ചിരുന്നെങ്കിൽ എന്നു ഞാൻ കൊതിച്ചു പോവുകയാണ്… നന്ദുവിന്റെ വാക്കുകൾ മീര വേദനയോടെ ഓർത്തു… മകനെയും കൊണ്ട് ആ നരകത്തിൽ നിന്നും അവർക്ക് രക്ഷപ്പെട്ടു കൂടായിരുന്നോ? ആലോചിക്കും തോറും മീരയ്ക്ക് തളർച്ച തോന്നി… അവൾ മുറിയിലേക്ക് നടന്നു… മേശമേൽ ഇരുന്ന ജഗ്ഗിൽ നിന്നും വെള്ളം കുടിച്ചു… നെറ്റിയിൽ നിന്നും വിയർപ്പു കണങ്ങൾ പൊടിഞ്ഞു. ബെഡിൽ വന്നു കിടന്നിട്ടും അസ്വസ്ഥത അവളെ വിട്ടു പോയില്ല… പിന്നീട് അവരുടെ ജീവിതത്തിൽ എന്തു സംഭവിച്ചിട്ടുണ്ടാകും എന്ന ചിന്തയിൽ മുഴുകി അവൾ കിടന്നു… ***

മുടിയിൽ ആരോ പിടിച്ചു വലിക്കുന്നതു പോലെ തോന്നിയപ്പോഴാണ് മീര ഉണർന്നത്… ശിവാനി നല്ല ഉറക്കത്തിൽ ആയിരുന്നു… ദീപ എഴുന്നേറ്റു പോയിരുന്നു… ശിവാനി മോളുടെ കൈ മെല്ലെ മുടിയിൽ നിന്നും വേർപ്പെടുത്തി. ബെഡിൽ എഴുന്നേറ്റിരുന്നു… അഴിഞ്ഞ മുടി വാരി ചുറ്റിക്കെട്ടി വെച്ചു.. “നല്ല ഉറക്കം ആയിരുന്നല്ലോ.. സമയം എട്ടു കഴിഞ്ഞു… ” മുറിയിലേക്ക് വന്ന ദീപ പറഞ്ഞു… “എട്ടുമണിയോ? ” “അതിനെന്തിനാ ഇങ്ങനെ ഞെട്ടുന്നത്… പോയി ഫ്രഷ്‌ ആകാൻ നോക്ക്… എന്നിട്ട് എന്തേലും കഴിക്കാം… പിന്നെ ഇനി ഇതു പോലെ ടൈറ്റുള്ള ചുരിദാർ ഇടേണ്ട എന്ന് അമ്മ പറയാൻ പറഞ്ഞു… ” “ടൈറ്റ് ആയതാണ്… ഇനി തുന്നൽ അഴിച്ചിടാനും ഇല്ല…” “അമ്മയ്ക്ക് കുറേ സെറ്റ്മുണ്ടുണ്ട്… അതായാലോ? ” “അപ്പോൾ ബ്ലൗസ് വേണ്ടേ? ”

“അതൊക്കെ നമുക്ക് ഒപ്പിക്കാം… ” “അമ്മയുടെ ബ്ലൗസോ? ” “ഏയ്‌! എന്റെ ബ്ലൗസ് ഉണ്ടെടോ… ” “അതെനിക്ക് ലൂസ് ആയിരിക്കും…” “ഇപ്പോഴത്തെ തടി നോക്കണ്ട മോളെ… ഗണേഷേട്ടൻ എന്നെ കെട്ടുമ്പോൾ ഞാൻ അത്ര തടിയൊന്നും ഇല്ലായിരുന്നു. മോൾ ആയതിനു ശേഷമാണ് ഇങ്ങനെ വീർത്തു തുടങ്ങിയത്… ആ റാക്കിനു മുകളിൽ ഒരു പെട്ടിയിൽ പഴയ ഡ്രസ്സുകളാണ്… ദീപുവേട്ടനെ കൊണ്ട് എടുപ്പിക്കാം… തല്ക്കാലത്തേക്ക് ഞാൻ എന്റെ ചുരിദാർ തരാം…” “ദീപുവേട്ടൻ എഴുന്നേറ്റോ? ” “ഇല്ല.. ഉമ്മറത്തു നന്ദേട്ടനെ കെട്ടിപ്പിടിച്ച് കിടപ്പുണ്ട്…” മീര ബെഡിൽ നിന്നും എഴുന്നേറ്റു… മുഖം പോലും കഴുകാതെ ഉമ്മറത്തേക്ക് നടന്നു… “നീ ഇതെങ്ങോട്ടാ? ” പുറകിൽ നിന്നും മീര തിരക്കി… “ഇപ്പോൾ വരാം… ”

എന്നു പറഞ്ഞ് മുന്നോട്ട് നടന്നു… കട്ടിളപ്പടിയിൽ പിടിച്ച ശേഷം ഉമ്മറത്തേക്ക് എത്തിച്ചു നോക്കാൻ തുടങ്ങിയതും നന്ദു അകത്തേക്ക് കടന്നതും ഒരുമിച്ചായിരുന്നു… മുഖം അവന്റെ നെഞ്ചിൽ തട്ടിയതും അവൾ പിന്നിലേക്ക് ആഞ്ഞു… വിചാരിച്ച പോലെ ബാലൻസ് കിട്ടാതെ വീഴാൻ തുടങ്ങിയതും പെട്ടെന്നു തന്നെ നന്ദു അവളെ ഇരു കൈകൾ കൊണ്ടും താങ്ങിയിരുന്നു… ഭയത്താൽ അവളുടെ ശരീരം വിറ കൊണ്ടു… വയറ്റിൽ ചെറിയ കൊളുത്തിപ്പിടുത്തം പോലെ തോന്നി… വലതു കരം അവൾ വയറ്റിനു മീതെ വെച്ചു… “എവിടെ നോക്കിയാടീ നടക്കുന്നത്?” നന്ദുവിന്റെ അലർച്ച കേട്ടപ്പോഴാണ് താൻ ആ കൈക്കുള്ളിൽ ആണെന്ന് അവൾക്ക് മനസ്സിലായത്… അവൾ ഞെട്ടലോടെ അവനെ നോക്കി . അവൾ ഒന്നും മിണ്ടാതെ നിന്നപ്പോൾ അവൻ കൈകൾ പിൻവലിച്ച് അവളുടെ വയറ്റിലേക്ക് നോക്കി… വലതു കൈ നീട്ടിയെങ്കിലും പെട്ടെന്ന് പിൻവലിച്ചു… “എടി പെണ്ണേ…

വയറ്റിൽ ഒരു കുഞ്ഞുണ്ട് എന്നോർക്കാതെ ഇവിടെ ചാടിതുള്ളി നടന്നാൽ ഉണ്ടല്ലോ… ” അവൻ താക്കീതോടെ പറഞ്ഞു… “ഞാൻ പതിയെ നടന്നു തന്നെയാ വന്നത്.” “ഓഹ്! അതു കൊണ്ടാകും ഇപ്പോൾ മലച്ചു വീഴാൻ പോയത്… ” “അതു പിന്നെ… പെട്ടെന്ന് പിന്നിലോട്ട് ആഞ്ഞപ്പോൾ… ” “എന്തിനാ ഇപ്പോ വന്ന് എന്റെ നെഞ്ചത്തോട്ടു ഇടിച്ചത്? ” അവൻ ഗൗരവത്തിൽ തിരക്കി. “ഞാൻ ദീപുവേട്ടൻ എഴുന്നേറ്റോ എന്നു നോക്കാൻ വന്നതാ…” “ഞാൻ എഴുന്നേറ്റിട്ടുണ്ട്.. എന്താ മീരാ… ” അവളുടെ പേടിച്ചരണ്ട ശബ്ദം കേട്ടതും കിടന്നു കൊണ്ടു തന്നെ സന്ദീപ് തിരക്കി… “അത്… അതു പിന്നെ…” “പിന്നെ? ” നന്ദു തിരക്കി… “ബ്ലൗസ് എടുക്കാൻ…” “ബ്ലൗസോ? ” “ആഹ് ! ദീപയുടെ പഴയ ബ്ലൗസ് റാക്കിനു മുകളിൽ ഇരിക്കുന്നുണ്ട്. അതെടുത്തു തരാൻ പറയാൻ… ” “അതെന്തിനാ ഇപ്പോ?” “എനിക്ക് ഇടാൻ.. ” “ഏഹ്? ” “എനിക്കിടാൻ ആണെന്ന്… ”

അവൾ ഗൗരവത്തിൽ പറഞ്ഞതും നന്ദു അവളെ തുറിച്ചു നോക്കി… “ഇപ്പോൾ വേണോ മോളെ? ” സന്ദീപ് തിരക്കി. “പിന്നെ എടുത്തു തന്നാലും മതി ഏട്ടാ… ചുരിദാർ ഇടാൻ ടൈറ്റായി… അപ്പോൾ ദീപ പറഞ്ഞു അമ്മയുടെ സെറ്റ്മുണ്ട് ഉടുക്കാമെന്ന്…” നന്ദു മീരയെ നോക്കി… അവൾ പറയുന്നത് ശരിയാണെന്ന് അവനു തോന്നി. “വാ ഞാൻ എടുത്തു തരാം… ” നന്ദു പറഞ്ഞു. “അവന്റെ കൂടെ ചെന്നോ മീരാ…. അവൻ എടുത്തു തരും.” നന്ദു നടന്നപ്പോൾ അവന്റെ പുറകെ മീര ചെന്നു… “എന്താ നന്ദേട്ടാ… ” നന്ദു മുറിയിലേക്ക് വന്നതും മീര തിരക്കി… നന്ദു തിരിഞ്ഞ് മീരയെ നോക്കി… “നന്ദേട്ടൻ ബ്ലൗസ് എടുത്തു തരാൻ വന്നതാ…” മീര പെട്ടെന്ന് പറഞ്ഞു… “എവിടെയാ ഇരിക്കുന്നത്? ” “ദീപ റാക്കിനു മുകളിലേക്ക് വിരൽ ചൂണ്ടി..

നന്ദു ഒരു കസേരയെടുത്തിട്ട് കയറി നിന്ന് ദീപ കാണിച്ചു കൊടുത്ത പെട്ടി എടുത്തു താഴേക്കു വെച്ചു… അതിനു ശേഷം മീരയെ ഒന്നു നോക്കി… അവൾ ഒന്ന് ചിരിച്ചു കാട്ടി.. അവൻ ചുണ്ടു കോട്ടി കൊണ്ട് പുറത്തേക്ക് പോയി. “നീ നന്ദേട്ടനെ വിളിക്കാൻ പോയതായിരുന്നോ? ” “അല്ല… ” അവൾ നിരാശയോടെ പറഞ്ഞു… “പിന്നെ?” “അവരു കെട്ടിപ്പിടിച്ച് കിടന്നുറങ്ങുന്നത് കാണാൻ പോയതാ… ” “എന്ത്?” “അതേയ് എനിക്ക് അവരുടെ സ്നേഹം കാണുമ്പോൾ വല്ലാത്ത സന്തോഷം തോന്നുന്നു… ഇങ്ങനെയുള്ള സ്നേഹം അനുഭവിക്കാനുള്ള യോഗമൊന്നും എനിക്ക് ഉണ്ടായിട്ടില്ല…” ദീപ അവളെ പുഞ്ചിരിയോടെ നോക്കി… അതിനു ശേഷം കവിളിൽ തലോടി… “നമുക്ക് പരസ്പരം സ്നേഹിക്കാടീ… ഏട്ടന്റെ അനിയത്തിമാരായിട്ട്… ” “ഒരു ദിവസം ഞാൻ ഇവിടെ നിന്നും ഇറങ്ങേണ്ടി വരില്ലേ?”

“നമുക്ക് എങ്ങും പോവണ്ട… നമ്മുടെ മക്കളെയും കൊണ്ട് അവസാനം വരെ ഇവിടെ ജീവിച്ചു തീർക്കാം… ” മീരയുടെ കണ്ണുകൾ നിറഞ്ഞു… “കണ്ണു നിറക്കല്ലേ… ” എന്നു പറഞ്ഞ് കവിളിൽ തലോടിയ ശേഷം പെട്ടി തുറന്നു… അതിൽ നിന്നും ഒരു ചുവപ്പ് ബ്ലൗസ് എടുത്തു കൊടുത്തു… പിന്നെ അലമാരയിൽ നിന്നും പാവാടയും… “ബാക്കി ബ്ലൗസ് നമുക്ക് പിന്നെ നോക്കാം… പോയിട്ട് ഫ്രഷ്‌ ആയിക്കോ.. അപ്പോഴേക്കും ഞാൻ പോയിട്ട് അമ്മയുടെ സെറ്റ്മുണ്ട് എടുത്തിട്ട് വരാം… ” എന്നു പറഞ്ഞ് വാതിൽ ചാരി ദീപ പോയി… മീര കുളി കഴിഞ്ഞ് ഇറങ്ങുമ്പോൾ ദീപ ബെഡിൽ ഇരിക്കുന്നുണ്ടായിരുന്നു… അവളുടെ കയ്യിൽ നേർത്ത ചുവന്ന കരയുള്ള മുണ്ടും നേര്യതും. ദീപ തന്നെ അവൾക്കത് ഭംഗിയായി ഉടുത്തു കൊടുത്തു… “ഒരു മാല കൂടെ കഴുത്തിൽ ഇട്ടാൽ അടിപൊളിയാകും… ” ദീപ പറഞ്ഞു…

ഹേമന്ദിന്റെ മുഖത്തേക്ക് മാല പൊട്ടിച്ച് വലിച്ചെറിഞ്ഞതാണ് ആ നിമിഷം മീരയുടെ മനസ്സിലേക്ക് ഓടി വന്നത്. “നീ അമ്മയുടെ അടുത്തേക്ക് ചെന്നോ… ഞാൻ മോളെ എഴുന്നേൽപ്പിച്ചിട്ട് അവളെയും കൂട്ടി അങ്ങോട്ട് വരാം.” മീര അടുക്കളയിലേക്ക് ചെല്ലുമ്പോൾ നന്ദുവും സന്ദീപും അവിടെ മേശയുടെ അരികിലെ ബെഞ്ചിൽ ഇരുപ്പുണ്ടായിരുന്നു… അമ്മ അവരുടെ മുൻപിൽ ഇരിക്കുന്ന പ്ലേറ്റിലേക്ക് ദോശയെടുത്തു വെക്കുകയായിരുന്നു. “ആഹ് ! സുന്ദരിയായല്ലോ…” സന്ദീപ് പറഞ്ഞതു കേട്ടപ്പോഴാണ് അമ്മ തിരിഞ്ഞു നോക്കിയത്… “ശരിയാ…” അമ്മ അതു ശരി വെച്ചു കൊണ്ട് പറഞ്ഞു. നന്ദു ഒന്നും പറയാതെ അവളെ നോക്കിയിരുന്നു… ഒഴിഞ്ഞു കിടക്കുന്ന കഴുത്ത് മാത്രം എന്തോ പോലെ അവനു തോന്നി… “നിന്റെ മാല എവിടെ?” സന്ദീപ് തിരക്കി… “അത്… അത് പൊട്ടിയില്ലേ?” മീര പതിയെ പറഞ്ഞു…

“പൊട്ടിച്ച് എറിഞ്ഞെന്നു പറയൂ…” നന്ദു പറഞ്ഞു… മീരയുടെ മുഖം വാടി… അതു കണ്ടപ്പോൾ അമ്മയ്ക്കും സങ്കടമായി… “മോൾ വാ ഇവരുടെ കൂടെ കഴിച്ചോ? ” അമ്മ പറഞ്ഞു… മീര സന്ദീപിന്റെ അപ്പുറത്തായി വന്നിരുന്നു… അമ്മ അവളുടെ പ്ലേറ്റിലേക്കും ദോശ വെച്ച് സാമ്പാർ ഒഴിച്ചു കൊടുത്തു… കഴിക്കാൻ ഇരിക്കുമ്പോൾ മനസ്സിൽ മുഴുവൻ താലി കഴുത്തിൽ വീണത് മുതൽ പൊട്ടിച്ച് എറിഞ്ഞതു വരെയുള്ള ജീവിതത്തിലെ പല നിമിഷങ്ങളും കടന്നു പോയി… അതിനിടയിൽ യാന്ത്രികമായി കഴിക്കുന്നുണ്ടായിരുന്നു… കണ്ണുകൾ നിറഞ്ഞ് തുളുമ്പി… പ്ലേറ്റിൽ അവൾ ദോശ പൊട്ടിച്ചെടുക്കാൻ വീണ്ടും പരതി നോക്കി… കയ്യിൽ ഒരു പിടുത്തം വീണപ്പോൾ അവൾ ഞെട്ടലോടെ മുഖം ഉയർത്തി… “നീ എന്താ ആലോചിച്ചു കൂട്ടുന്നത്? ” “ഞാൻ… ഞാൻ ആ മാല പൊട്ടിച്ചെറിഞ്ഞത് തെറ്റായിരുന്നോ ഏട്ടാ? ”

അവൾ ഇടർച്ചയോടെ തിരക്കി… “അതൊക്കെ കഴിഞ്ഞില്ലേ… അവൻ വെറുതെ ഒരു തമാശയ്ക്ക് പറഞ്ഞതാണ്… അല്ലേടാ? ” നന്ദുവിനോട് തിരക്കി… നന്ദു ഒന്നും പറയാതെ മീരയുടെ മുഖത്തേക്ക് നോക്കി… അവൾ അവനെ നോക്കുന്നേ ഇല്ലായിരുന്നു… “ഇന്ന് ഞാനും നന്ദുവും അച്ഛന്റെ കൂടെ മില്ലിലേക്ക് പോകാണ്… രാത്രി തിരിച്ചു വരുമ്പോൾ നിനക്ക് നല്ലൊരു മാല ഈ ഏട്ടൻ വാങ്ങിച്ചു തരും…” എന്നു പറഞ്ഞ് സന്ദീപ് എഴുന്നേറ്റു… അമ്മ കണ്ണു തുടച്ചു കൊണ്ട് അകത്തേക്ക് പോയി… നന്ദുവും എഴുന്നേറ്റ് വരാന്തയിലുള്ള വാഷ്ബെയ്സനു അരികിലേക്ക് നടന്നു… കൈ കഴുകി തിരിഞ്ഞു നോക്കിയപ്പോൾ ചുമരിൽ ചാരി നിൽക്കുന്ന മീരയെ കണ്ടു… അവൻ നീങ്ങി നിന്നപ്പോൾ മീര കൈ കഴുകി… “എന്തിനാടീ അവിടെ ഇരുന്ന് കരഞ്ഞത്? ” ………. “എന്തിനാന്ന്?” അവന്റെ ശബ്ദം ഉയർന്നു… “ഒന്നിനും അല്ല… ”

അവൾ പതിയെ പറഞ്ഞു… “കരഞ്ഞതു കൊണ്ട് ഉപകാരം ഉണ്ടായല്ലോ പുതിയ മാല കിട്ടാൻ പോവുകയല്ലേ? ” അവൾ അവനെ തുറിച്ചു നോക്കി… “അങ്ങനെ അവൻ വാങ്ങുന്ന മാല നീ ഇടണ്ട…” എന്നു പറഞ്ഞ് കഴുത്തിൽ കിടക്കുന്ന മാലയൂരി അവളുടെ കഴുത്തിലേക്ക് ഇട്ടു കൊടുത്തു… മീര അവനെ പകച്ചു നോക്കി… അവൻ നടന്നകന്നിട്ടും അവൾ അവിടെ തന്നെ നിന്നു. മുറ്റത്ത് നിന്നും ബഹളം കേട്ടപ്പോൾ എന്താ കാര്യമെന്ന് അവൾക്ക് പെട്ടെന്ന് മനസിലായില്ല… കാലുകൾ ധൃതിയിൽ ഉമ്മറത്തേക്ക് കുതിച്ചു… “എന്നെ കുറ്റം പറഞ്ഞു നടന്നിട്ട് എന്തായെടോ… ഒരു പെണ്ണിനെ കെട്ടാം എന്നു വാക്കു കൊടുത്തിട്ട് മറ്റൊരു പെണ്ണിന് വയറ്റിൽ ഉണ്ടാക്കിയിട്ട് ഇങ്ങോട്ട് കൊണ്ട് വന്നില്ലേ തന്റെ മോൻ… ” മുറ്റത്തു നിൽക്കുന്നയാൾ അച്ഛനോട് തട്ടിക്കയറുന്നത് കേട്ട് മീര തറഞ്ഞു നിന്നു….തുടരും..

സമാഗമം: ഭാഗം 8

Share this story