വാക…🍁🍁 : ഭാഗം 8

Share with your friends

എഴുത്തുകാരി: നിരഞ്ജന R.N

കഴിഞ്ഞുപോയതൊക്കെ അവന്റെ മനസ്സിലേക്ക് ഇരമ്പൽ പൂണ്ടു………….. ജയേഷ്…………… ആ പേര് ഉച്ചരിക്കുമ്പോൾ വാകയിലേക്ക് നീളുന്ന കണ്ണുകളെ നിയന്ത്രിക്കാൻ കഴിയാതെ നിസ്സഹായനായി അവൻ നിന്നു…. ……. ദിനങ്ങൾ ആരുടേയും വിഷാദങ്ങൾക്ക് നിന്നുകൊടുക്കാതെ കടന്നുപോയി……. അപ്പോഴൊക്കെയും ആ നാലു ചുമറിനുള്ളിൽ മനസ്സു നീറി ആ രണ്ടു പേർ ജീവിതത്തോട് പൊരുതുന്നുണ്ടായിരുന്നു…. പരസ്പരം കണ്ണുകളിടയുമ്പോൾ നെഞ്ച് വിങ്ങുന്നത് ഇന്നവർക്ക് ശീലമായിരിക്കാം………..എങ്കിലും കാഴ്ചകളിൽ പെടാതെ അവർ മറ്റൊരാൾക്ക് വേണ്ടതൊക്കെ ചെയ്തു പോണു…….

രാത്രി വൈകിവരുമ്പോൾ തന്നെ കാത്തെന്നപോലെ കട്ടിലിൽ ചാഞ്ഞിരുന്നുറങ്ങുന്നവളുടെ നെറുകയിൽ തന്റെ അധരങ്ങളാൽ മുദ്രണം ചാർത്തി അവൻ തന്റെ വിരഹത്തെ ഉള്ളിലൊതുക്കുമ്പോൾ അതിരാവിലെ അവനുണരും മുൻപ് ഉണർന്ന്, നിഷ്കളങ്കതയോടെ ഉറങ്ങുന്നവനെ ഒരമ്മയുടെ വാത്സല്യത്തോടെ നോക്കിനിന്ന്, ആ മുടിയിഴകളിൽ തലോടി കവിളിൽ മുത്തങ്ങളേകി അവളും തന്റെ പ്രണയത്തെ അവനായി പകർന്നു…………… രാവിലെ അടുക്കളയിൽ ചെല്ലുമ്പോൾ കണ്ടു, അമ്മയുടെ തിരക്ക്….. കുറച്ച് ദിവസങ്ങളായി തനിക്കുണ്ടായ ക്ഷീണം അമ്മയെയാണ് ആകെ വിഷമിപ്പിച്ചത്……..

ഒരുവകയും ചെയ്യാൻ സമ്മതിക്കാതെ എല്ലാം സ്വയം ചെയ്യുകയാണ് പാവം……………. അമ്മയെ നോക്കി ഓരോന്നൊക്കെ ചിന്തിച്ചുകൊണ്ട് അവൾ അവരുടെ അടുത്തേക്ക് ചെന്നു…… അമ്മേ……. മോളോ…… എന്താ ഇത്ര രാവിലെ….. വയ്യാത്തത് അല്ലെ കുട്ട്യേ, കുറച്ച് നേരം കൂടി കിടന്നൂടായിരുന്നോ???? ദോശമാവ് ചൂട് കല്ലിലേക്ക് ഒഴിക്കുന്നതിനിടയിൽ അമ്മ പറഞ്ഞു….. എനിക്ക് ഇപ്പോ ഒന്നുമില്ല അമ്മേ…. അമ്മ എന്നെ ഇങ്ങെനെ രോഗി ആക്കാതിരുന്നാൽ മതി……… ഇന്ന് അച്ചൂട്ടൻ വരുവല്ലേ… അപ്പോൾ പിന്നെ ഞാൻ ഇങ്ങെനെ വയ്യാതിരിന്നാൽ എങ്ങെനെയാ ശെരിയാകുക??? മോളെ….. അമ്മേ…. വേണ്ടാട്ടോ……….

അമ്മ ഇങ്ങട് മാറിയെ..ബാക്കി പണി ഞാൻ ചെയ്തോളാം…………… അമ്മയെ പിടിച്ച് അവിടുള്ള കസേരയിൽ ഇരുത്തി, മുറത്തിൽ വെച്ചിരുന്ന പച്ചക്കറി എടുത്ത് മടിയിലേക്ക് വെച്ചു കൊടുത്തു വാക….. ദേ, ഇവിടെ ഇരുന്ന് ഇത് അങ്ങ് അരിഞ്ഞാൽ മതി…. നിന്നുകൊണ്ടുള്ള പണി ഒന്നും വേണ്ടാ.. കാലിന് ആകെ നീരാ ഒന്നാമത്…… കർക്കശ്യത്തോടെ അമ്മയെ വിലക്കികൊണ്ട് അവൾ പിന്തിരിഞ്ഞു……… സാധാരണ സാരീ അങ്ങെനെ വീട്ടിൽ ഉടുക്കാത്തതുകൊണ്ട് വല്ലാത്ത അസ്വസ്ഥതയാണ് അവൾക്കിന്ന് തോന്നിയത്.. ഒന്നിനും ഒരു സ്വാതന്ത്ര്യം ഇല്ലാത്തത് പോലെ,, എങ്കിലും സാരീ തുമ്പ് ഇടുപ്പിലേക്ക് ചേർത്തുവെച്ച് അവൾ ഒരുതവി ദോശമാവ് ചൂടായ കല്ലിലേക്ക് ഒഴിച്ച്……

ഇഞ്ചിചമ്മന്തിയും തക്കാളി ചട്നിയും ഉണ്ടാക്കി, ചൂട് മാറാത്ത ദോശകൾ കാസറോളിലാക്കി ഡയണിങ് ടേബിളിൽ വെച്ചു അവൾ…….. എല്ലാം കൊണ്ട് വെച്ച് അവനെ പ്രതീക്ഷിച്ചതുപോലെ പടവുകളിലേക്ക് നോക്കി………. ശേഷം എന്തോ ഓർത്തെന്നപോലെ നാക്ക് കടിച്ചു……. എന്താ മോളെ…. അത്.. അമ്മേ….. അമ്മ തന്റെ നോട്ടം കണ്ടു എന്ന് മനസ്സിലായതും വാകയിൽ വല്ലാത്ത ചമ്മൽ തോന്നി….. കണ്ണൻ അച്ചൂട്ടനെ വിളിക്കാൻ പോയിരിക്കുന്ന കാര്യം മറന്നു ല്ലേ…….. ചിരിച്ചുകൊണ്ട് അമ്മ പറഞ്ഞത് കേട്ട് ഒരു ഇളിച്ച ചിരിയും പാസ്സാക്കി അടുക്കളയിലേക്ക് നടന്നു അവൾ….. അച്ചൂട്ടൻ ന്ന ആഷിഷ് മേനോൻ, ആയുഷിന്റെ അനുജൻ,, ഗൾഫിലാണ് ചെക്കൻ…. ഒന്നരവർഷങ്ങൾക്ക് ശേഷമാണ് തിരികെ നാട്ടിലേക്ക്……

കല്യാണം കഴിഞ്ഞുടനെ പോയതാണെങ്കിലും വീഡിയോകാളിലൂടെയും ഫോൺ കാളിലൂടെയും വാകയുടെ പ്രിയപ്പെട്ട അനുജനായി അവൻ മാറി…………… ചേട്ടത്തിയും അനുജനെക്കാൾ അവർ ബെസ്റ്റ് ഫ്രണ്ട്സായിരുന്നു…. കുറുമ്പുകൾ കാട്ടി ചുണ്ട് കൂർപ്പിച്ചു നിൽക്കുന്ന രണ്ടിനെയും നോക്കി പൊട്ടിച്ചിരിക്കാനെ ആ നാളുകളിൽ ആയുഷിനും അച്ഛനമ്മമാർക്കും സമയം ഉണ്ടായിരുന്നുള്ളൂ…….. ഇന്നും അവർ അങ്ങേനെയാണ്… ഉള്ളിലെ നോവ് അറിയിക്കാതെ അവളിന്നും അവന് മുന്നിൽ സന്തോഷം അഭിനയിക്കുമ്പോൾ, അച്ഛനമ്മമാർ പറഞ്ഞ് ഏട്ടന്റെയും ഏട്ടത്തിയുടെയും ഇടയിലെ പ്രശ്നങ്ങൾ അച്ചു അറിയുന്നുണ്ടായിരിന്നു….

പെട്ടെന്നുള്ള ഈ വരവ് പോലും അതുകാരണമാണെന്നത് അവനും അച്ഛനും മാത്രം അറിയാവുന്ന സത്യമാണ്……….. ഏട്ടാ…… എയർപോർട്ടിൽ നിന്ന് മടങ്ങുകയാണ് അവർ…….. ന്താടാ……. ഏട്ടന്റെ മുഖം എന്താ വല്ലാതെ ഇരിക്കുന്നെ??? ഒന്നുമില്ലെടാ നിനക്ക് തോന്നുന്നതാ കുറേ നാൾ കൂടി കഴിഞ്ഞുകണ്ടതല്ലേ, അതാകും…….. എത്ര നാൾ കഴിഞ്ഞ് കണ്ടാലും ഈ മുഖത്തെ വയ്യായ്മ തിരിച്ചറിയാൻ എനിക്ക് കഴിയില്ലേ ഏട്ടാ…… ഏട്ടൻ വല്ലാതെ മാറിയിരിക്കുന്നു…. പുഞ്ചിരിയും സമാധാനവും നിറഞ്ഞുനിന്ന മുഖത്ത് ഇന്നെനിക്ക് കാണാനാകുക പ്രത്യാശ അറ്റവന്റെ ഛായയാ…..

അവനെ തന്നെ ഉറ്റുനോക്കികൊണ്ട് അച്ചു പറഞ്ഞു…. എന്റെ അച്ചൂട്ടാ നീ അവിടെ ജോലിയ്ക്കാണോ സൈക്കാട്രി പഠിക്കാനാണോ പോയെ??? കപടമായ ചിരിയുടേ ആവരണത്താൽ അച്ചുവിനെ നോക്കിയ ആയുഷിനെ തിരികെയൊരു പുഞ്ചിരി നൽകി അവനെതിരെറ്റു….. ഒമ്പത് മണി കഴിഞ്ഞതോടെ അവർ വീടെത്തി…. ദേ മോളെ, അവരെത്തി……… കാറിന്റെ ശബ്ദം കേടത്തും അച്ചൻ അകത്തേക്ക് നോക്കി വിളിച്ചുകൂകി……. അച്ഛെ……. കാറിൽ നിന്നിറങ്ങിയതും ഉമ്മറത്ത് നിൽക്കുന്ന അച്ഛനെ അവൻ പുണർന്നു… തിരികെ ആ അച്ഛനും…… എന്താണ് ആനന്ദ് സഖാവെ സുഖല്ലേ…. ടാ ചെക്കാ……

കണ്ണിറുക്കി കൊണ്ടുള്ള അച്ചൂട്ടന്റെ ചോദ്യത്തിന് കൈ പൊക്കി അടിക്കാൻ പോണ ഭാവത്തിൽ ആ മനുഷ്യൻ ഉത്തരം നൽകി….. എവിടെ ഇവിടുത്തെ സ്ത്രീജനങ്ങൾ….???? അകത്തേക്ക് നോക്കികൊണ്ട് അവൻ ചോദിച്ചതും അമ്മയും വാകയും ഉമ്മറത്തേക്ക് ഇറങ്ങി വന്നു….. മോനെ……. നിറഞ്ഞത്തൂകിയ മിഴികളോട് കൂടി ആ കരങ്ങൾ അവനെ തന്റെ മാറോട് അണച്ചു…………… മുടിഇഴകളിലൂടെ തലോടി ആ കവിളിൽ പിടിച്ചു വലിച്ചു…. ക്ഷീണിച്ചു ന്റെ കുട്ടി….. അവനെ അടിമുടി വരെ നോക്കികൊണ്ട് ചുണ്ട് കൊട്ടി അമ്മയുടെ പരിഭവം പറഞ്ഞു…… അത് പിന്നെ എന്റെ ചക്കരപൊന്നിന്റെ കൈപ്പുണ്യം അവിടെ കിട്ടൂല്ലല്ലോ……

അമ്മയുടെ താടിയിൽ പിടിച്ചു കൊഞ്ചലോടെ അവൻ പറഞ്ഞതുകേട്ട് അവരുടെ മുഖമൊന്നു തെളിഞ്ഞു…. അപ്പോഴും നിശബ്ദമായി നിൽക്കുന്ന ഏട്ടത്തിയിലേക്ക് പിന്നെയാണ് അവന്റെ കണ്ണുകൾ എത്തുന്നത്…… ആ മിഴിയുടെ ചലനം തനിക്ക് പിന്നിൽനിൽക്കുന്ന ഏട്ടനിലേക്ക് ആണെന്ന് അറിഞ്ഞതും അവനിൽ ഒരുതരം ആർദ്രത തോന്നി.. ഏട്ടത്തി…. ആ മുഖത്തോട് മുഖം നോക്കികൊണ്ട് അവൻ വിളിച്ചതും അവൾ ഏതോ ലോകത്തിൽ നിന്നെന്നപോലെ ഞെട്ടി….. എന്നതാ എന്റെ ഏട്ടത്തി, സ്വന്തം മുതലിന്റെ തന്നെ ചോര ഊറ്റുവാണോ???? അവന്റെ കളിയാക്കൽ കേട്ട് ജീവനില്ലാത്ത നനുത്ത ചിരിനൽകികൊണ്ട് അവൾ അവന്റെ മുടിയെ ഒന്നുലച്ചുകൊണ്ട് അകത്തേക്ക് നടന്നു….

പിന്നാലെ അമ്മയും, ഡിക്കിയിൽ നിന്നെടുത്ത ബാഗുമായി ആയുഷും….. എന്താ അച്ഛാ ഏട്ടത്തിയ്ക്കും ഏട്ടനും ഇടയിൽ സംഭവിച്ചത്?????? അതുവരെ മുഖത്തുണ്ടായ സന്തോഷം മാറ്റിവെച്ചുകൊണ്ട് ആകുലതയോടെ അവൻ അച്ഛനോട് കാര്യങ്ങൾ തിരക്കി…… അറിയില്ല അച്ചൂ………….. ഒന്ന് മാത്രം അറിയാം..,, ഏത് വാകയേയാണോ അവൻ അവന്റെ നെഞ്ചോട് ചേർത്ത് പിടിച്ചത് ആ വാകയെ ഇന്ന് ചവിട്ടിയരയ്ക്കാൻ അവന് മടി ഇല്ലാതായിരിക്കുന്നു…. അച്ഛാ…?? അതേ, അച്ചൂട്ടാ… ന്റെ മോള് നമുക്കൊക്കെ മുന്നിൽ അഭിനയിക്കുന്ന ആ വേഷം ഉണ്ടല്ലോ……. നമ്മളെ ആരെയും വിഷമിപ്പിക്കാതിരിക്കാൻ സ്വയം കെട്ടിയാടുന്ന സന്തോഷത്തിന്റെ മുഖം………,

അതിനി എത്ര നാൾ ഉണ്ടാകുമെന്ന് അറിയില്ല…… നിസ്സഹായനോടേ അച്ഛൻ പറഞ്ഞുനിർത്തി….. അച്ഛനെന്താ പറഞ്ഞുവരുന്നത്?????? അവർ ഡിവോഴ്സ് ന് അപ്ലെ ചെയ്തിരിക്കുവാ…. ഒന്നും മനസിലാകാതെയുള്ള അവന്റെ ചോദ്യത്തിന് ആ അച്ഛൻ നൽകിയ മറുപടി അവനെ ഞെട്ടിച്ചു…. ഒരുനിമിഷം പോലും തമ്മിൽ കാണാതെ ഇരിക്കാൻ കഴിയാത്ത എന്റെ ഏട്ടന്റെയും ഏട്ടത്തിയെയും പറ്റിയാണോ അച്ഛൻ ഇത് പറയുന്നത്?????? അതേ അച്ചൂട്ടാ………… ഇന്നലെയാണ് ഞാനിത് അറിഞ്ഞത്, ആയുവിന്റെ ആ സുഹൃത്തില്ലേ, അവനാണ് വാദിക്കുന്നത്…. അവന്റെ അച്ഛൻ ഇന്നലെ എന്നെ പുറത്ത് വെച്ച് കണ്ടപ്പ്പോൾ പറഞ്ഞതാണ്………… ഇടർച്ച ആ ശബ്ദത്തെ ഒന്നാകെ വിഴുങ്ങിയിരുന്നു……..

സഖാവിൽ നിന്നും അവന്റെ വാക എങ്ങെനെയാ അച്ഛാ വേർപെടുന്നത്??????? അച്ചുവിന്റെ സ്വരത്തിൽ കലർന്ന നിസംഗത ആ അച്ഛന്റെ മുഖത്തേക്കും പരന്നു….. അച്ചൂട്ടാ….. അകത്തുനിന്ന് അമ്മയുടെ വിളിവന്നതും നീ വന്ന കാലിൽ നില്കാതെ അകത്തേക്ക് വാ….. എന്നും പറഞ്ഞ് അച്ഛൻ അവനുമായി അകത്തേക്ക് ചെന്നു ……… കുളിച്ചുവന്ന ആയുവിനെയും അച്ചുവിനെയും ഊട്ടുകയായിരുന്നു ആാാ അമ്മ….. ഏട്ടത്തി, ചട്നി സൂപ്പെർ…… ഒരറ്റതായി മാറിനിന്നവളോടായി അവൻ പറഞ്ഞു….. നിമിഷങ്ങൾ കടന്നുപോയി…… യാത്രാക്ഷീണം അച്ചുവിനെ ഉറക്കത്തിലേക്ക് നയിച്ചപ്പോൾ ആയുഷ് ഓഫീസിലേക്കിറങ്ങി…….

ജോലികളിൽ മുഴുകി മനസ്സിനെ ചിന്തകളിൽ നിന്നുമകറ്റാൻ ശ്രമം പോലും പരാജയപ്പെട്ടതോർക്കവേ ഇനി എന്ത് എന്ന ചോദ്യം അവളെ വീണ്ടും ക്ഷീണിതയാക്കി…………… അവന്റെ വിയർപ്പിന്റെ ഗന്ധം നിറഞ്ഞ ആ മുറിയിക്കുള്ളിൽ തന്റെ സഖാവിന്റെ പെണ്ണായി കടന്നുവന്ന നിമിഷതെ താലോലിച്ചുകൊണ്ട് അവൾ പയ്യെ കിടക്കയിലേക്ക് ചാഞ്ഞു…………………. ദിവസങ്ങളുടെ കാടന്നുപോക്ക് കലാലയജീവിതത്തിന് വിരാമമിട്ടപ്പോൾ, എവരെയും പോലെ ആ കലാലയം തങ്ങളുടെ പ്രിയ സഖാവിനും വിട നൽകി…… ഇടനെഞ്ച് പൊട്ടുന്ന വേദനയായിരിന്നു അന്നവളിൽ………….. സഖാവില്ലാത്ത ക്യാമ്പസ്……. അത് ചിന്തിക്കാൻ പോലും കഴിയാതെ തളർന്നുപോയിരുന്നു അവൾ………. പറയണം……..

ക്യാമ്പസിലെ ഈ അവസാനദിവസമെങ്കിലും അറിയിക്കണം എന്റെ പ്രണയത്തെ……. ആ കാപ്പിക്കണ്ണുകളോട് വിളിച്ചു പറയണമെനിക്ക് എന്റെ ഇഷ്ടത്തെ….. .. ഫെയർവെൽ ഡേ യ്ക്ക് തലേദിവസം അവൾ തന്റെ ഡയറിയിൽ കുറച്ചിട്ട വാക്കുകൾ…….. പതിവിനും വിപരീതമായി ഉന്മേഷത്തോടെ അവൾ എണീറ്റു……. ബ്ലാക്ക് കളർ ചുരിദാറിന് ചേർന്ന വൈറ്റ് സ്റ്റോൺ കമ്മലും പൊട്ടും അണിഞ്ഞ് അവൾ കോളേജിലേക്ക് തിരിച്ചു….. ഗേറ്റ് കടന്നതും കണ്ടു, മനോഹരിയായ കോളേജ് അങ്കണത്തെ…. വളരെ നന്നായി തന്നെ അലങ്കരിച്ചിട്ടുണ്ട് അവിടെ മുഴുവൻ…..

തങ്ങളുടെ പ്രിയപ്പെട്ട കുട്ടികൾക്ക് വിട നൽകാനുള്ള വിഷമം അധ്യാപകർക്കും പ്രിയ സീനിയർസസിനെ പിരിയുന്നതിന്റെ വിഷമം കുട്ടികൾക്കും ഉണ്ടായിരുന്നെങ്കിലും പുഞ്ചിരിയോടെ അവർ അവിടെ ഒരുക്കി…. വാകെ…… വണ്ടി പാർക്ക്‌ ചെയ്ത് ഇറങ്ങിയപ്പോഴേ കേട്ടു, കിച്ചുവിന്റെ വിളി……. അവളുടെ മുഖം കണ്ടാൽ അറിയാം ഇന്നലെഉറങ്ങിയിട്ടില്ലെന്ന്… എന്താടി, നീ ഇന്നലെ ഉറങ്ങിയില്ലേ??? ഏയ്,,, പനിപോലെ…. അതാ….. മം മം… അവർ രണ്ടാളും നേറെ ക്ലാസ്സിലേക്ക് നടന്നു…. അസ്സിഗ്ന്മെന്റ് സബ്‌മിറ്റ് ചെയ്യേണ്ടതുണ്ടായതുകൊണ്ട് ക്ലാസിൽ നിന്ന് ഡിപ്പാർട്മെന്ടിലേക്കും ചെന്നു……….. ഡീ, നമ്മുടെ കൺവെട്ടത്ത് നിന്ന് നമുക്ക് പ്രിയപ്പെട്ട ഒരാൾ അകന്നുപോയാൽ നമുക്ക് സഹിക്കാനാകുമോ???

ഡിപ്പാർട്മെന്ടിൽ നിന്നും തിരികെ ക്ലാസ്സിലേക്ക് പോകും വഴിയായിരുന്നു കിച്ചുവിന്റെ ചോദ്യം…….. ആവോ അറിയില്ല…….. ഉള്ള് നീറുന്നുണ്ടെങ്കിലും പുറമെ അത് പ്രകടിപ്പിക്കാതെ തന്നെ അവൾ ഉത്തരം നൽകി………. സഹിക്കാൻ പറ്റില്ലായിരിക്കും അല്ലെ…… ഹാ…….. ആഹ്ഹ….. ഹ്ഹ ഹ്ഹ…. പെട്ടെന്ന് കിച്ചുവിന്റെ ശബ്ദം ഇടറി, അവൾ ചുമയ്ക്കാൻ തുടങ്ങി… എന്താടാ എന്താ???? വെപ്രാളത്തോടെ വാക അവളെ അവിടെ പിടിച്ചിരുത്തി…. വെള്ളം….. വെള്ളം വേണം…. ചുമയ്ക്കുന്നതിനിടയിലും അവൾ എങ്ങെനെയോ പറഞ്ഞു….. ദാ കൊണ്ടുവരുന്നേ……. ക്ലാസ്സിലേക്ക് ഓടിചെന്ന് ബാഗിൽ നിന്ന് ഒരു കുപ്പി വെള്ളവുമായി അവൾ കിച്ചുവിന്റെ അരികിലെത്തി…….

വെള്ളം കുടിച്ചതും അവശയായി കിച്ചു അവിടെ ചാഞ്ഞുപോയി…. നിനക്ക് വയ്യേ നമുക്ക് ആശുപത്രിയിൽ പോകാം….. വാ ഏയ് ഒന്നുമില്ലെടി, പെട്ടെന്ന് തലയിൽ എന്തോ ഒന്നിരച്ചുകയറിയതാ…….. മം മം കുറച്ച് നേരം കൂടി ആ ഇരുപ്പ് തുടർന്ന് അവർ.. ശേഷം ക്ലാസ്സിൽ നിന്ന് ബാഗുമായി കാന്റീനിലേക്ക്…………. കാന്റീനിന്റെ മുന്നിലെത്തിയതും കണ്ടു, ക്യാന്റീനിൽ നിന്നിറങ്ങിപോകുന്ന സഖാവിനെ…….. ആ മുഖം കണ്ടതും മനസ്സിൽ കൊടുമ്പിരി കൊണ്ട വികാരങ്ങളെ അടക്കികൊണ്ടവൾ അവൻ പോയ വഴിയേ നോക്കിനിന്നു….. ശേഷം കാന്റീനിലേക്ക് നടന്നു……..

ചൂട് ചായ കിച്ചുവിന് വാങ്ങി കൊടുത്തിട്ട് ലൈബ്രററി വരെ പോയിവരാമെന്ന് പറഞ്ഞ് അവിടുന്നിറങ്ങുമ്പോൾ മനസ്സിൽ അവനെ കാണുക എന്ന ഒരൊറ്റ ലക്ഷ്യം മാത്രമായിരുന്നു വാകയ്ക്ക്…….. ക്ലാസ്സിലും ഓഡിറ്റോറിയത്തിലും യൂണിയൻ ഓഫിസിലുമൊക്കെ നോക്കിയെങ്കിലും അവിടെയൊന്നും അവനെ കാണാത്തത് അവളിൽ നിരാശ പടർത്തി……. എവിടെയാ സഖാവെ………. അവനെ നാല് പാടും തിരക്കുമ്പോഴും ഹൃദയം അവന്റെ സാമിപ്യത്തിനായി തുടികൾ മീട്ടി…. പെട്ടെന്നാണ് സിക്റൂമിന്റെ വശത്തെ ഡോർ തുറക്കുന്ന ശബ്ദം കേട്ടത്…. കിച്ചുവിന് ഇനിയും വല്ല വയ്യായ്മയും വന്ന് ഇവിടേക്ക് കൊണ്ട് വന്നതാകുമോ ന്ന് സംശയത്തിൽ അവളാ ശബ്ദം കേട്ട ഭാഗത്തേക്ക്‌ നടന്നു…..

അടച്ചുകിടക്കുന്ന സിക് റൂമിനെ കുറച്ച് മാറി തന്നെ അവൾ കണ്ടു….. തുറക്കുന്ന ശബ്ദമാണല്ലോ കേട്ടത്… പിന്നെ ഇതിപ്പോ….. ഓരോന്നു ആലോചിച്ചുകൊണ്ട് അവിടേക്ക് നടക്കാൻ തുനിഞ്ഞവൾ അവിടെ നിന്നാരോ ഇറങ്ങുന്ന ശബ്ദം കേട്ട് പെട്ടെന്ന് നിശ്ചലമായി….. ഇതാരാ??? ചിന്തകൾക്ക് വിരാമമിട്ടുകൊണ്ട് അവിടെനിന്നും ഇറങ്ങുന്ന ആളെ കണ്ട് അവൾ ഞെട്ടി………… സഖാവ്…… നാവ് ആ പേരുച്ചരിച്ചപ്പോൾ അവളുടെ കണ്ണുകൾ നീണ്ടത് അവന്റെ മാറിൽ ഒട്ടിച്ചേർന്ന് നിൽക്കുന്ന ദേവകൃപയെആയിരുന്നു………………… അവളുടെ മിഴികളിൽ നിന്നുതിരുന്ന കണ്ണുനീരിനെ തുടച്ചുമാറ്റി, ആ നെറുകയിൽ ചുംബിക്കുകയായിരുന്നു അവൻ……..

അവളുടെ കൈകൾ തന്റെ കൈകൾക്കുള്ളിലാക്കി, അവളെ തന്നോട് ചേർത്ത് നിർത്തി, അവിടെനിന്നും നടന്നകലുന്ന സഖാവിനെ കാണവേ നെഞ്ചിൽ വെള്ളിടിവെട്ടിയ അവസ്ഥയിലായി പോയി അവൾ….. ഒരുവേള ഈ ഭൂമി പിളർന്നു താൻ ഇല്ലാണ്ടായിരുന്നുവെങ്കിൽ എന്നുപോലും അവൾ ചിന്തിച്ചു…… അനുസരണയില്ലാതെ നിറഞ്ഞത്തൂകിയ മിഴികളോട് അവൾ തിരിഞ്ഞുനടന്നു…. ആരെയൊക്കെയോ തട്ടി വീഴാൻ ഭാവിച്ചു… ആരൊക്കെയോ അവളെ ശകാരിച്ചു….. ഇതൊന്നും പക്ഷെ അവൾ കേട്ടില്ല… മനസ്സിലിപ്പോഴും ആ ചിത്രമാണ്, താൻ പ്രാണനെപോലെ സ്നേഹിച്ച സഖാവിന്റെ ചുംബനം ഏറ്റുവാങ്ങുന്ന മറ്റൊരു പെൺകുട്ടി…… !!!!

ഓർക്കുംതോറും അവളിൽ സ്വയം അവജ്ഞ തോന്നി…….. എങ്ങോട്ടെന്നില്ലാതെ ദിശതെറ്റിയുള്ള നടത്തം അവളെ കോളേജ് ഗേറ്റിന്റെ പുറത്തേക്ക് നയിച്ചു………….. കണ്ണും കാതും ഒരുപോലെ ആ ദൃശ്യത്താൽ മറഞ്ഞ നിമിഷം പാഞ്ഞേത്തിയ ഒരു കാർ അവളെ ഇടിച്ചുതെറിപ്പിച്ചു……… കണ്ണുകളിൽ ഇരുൾ പടരും മുൻപേ കണ്ടു, പൂത്തുനിൽക്കുന്ന വാകയെ…. സഖാവിനെ പ്രണയിച്ച് വിരഹം മാത്രമേറ്റ് വാങ്ങേണ്ടിവരുന്ന വാകയെ….. ആ ചുണ്ടുകളിൽ അവസാനമായി ഒരിക്കൽ കൂടി ആ വാക്കുയർന്നു….. സഖാവെ………. തുടരും

വാക…🍁🍁 : ഭാഗം 7

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!