അറിയാതെൻ ജീവനിൽ: ഭാഗം 29

അറിയാതെൻ ജീവനിൽ: ഭാഗം 29

എഴുത്തുകാരൻ: ആദിത്യൻ മേനോൻ

വീട്ടിൽ കാർ നിർത്തിക്കൊണ്ട് മുറ്റത്തേക്കിറങ്ങിയപ്പോൾ അമ്മ വരാന്തയിലിരിക്കുന്നത് കണ്ടു. തന്റെ വരവ് കണ്ടപ്പോൾ ചിരിയാലെ എഴുന്നേറ്റ് അടുത്തേക്ക് വന്നു. “എത്ര നേരമായി ഞാൻ കഴിക്കാനായിട്ട് കാത്തിരിക്കുന്നു.. ദേ നിനക്കൊരു കത്ത് വന്നിട്ടുണ്ട്..” അമ്മ കയ്യിലേക്ക് കത്ത് നീട്ടിയപ്പോൾ വേഗത്തിൽ അത് കയ്യിൽ വാങ്ങി വരാന്തയിലിരുന്നു പൊളിച്ചു നോക്കി. തമിഴ് നാട്ടിലെ ഒരു ആദിവാസി മേഖലയിലേക്ക് ഒരു മെഡിക്കൽ ക്യാംപിന് പോകാനുള്ള ലെറ്ററായിരുന്നു അത്. ഇതിനെ പറ്റി നേരത്തെ അറിയാമായിരുന്നു. താൻ തന്നെയാണ് അവിടേക്ക് പോകാമെന്നേറ്റത്.

പക്ഷെ ഈ നോട്ടീസ് ഇങ്ങനെയൊരു സമയത്ത് വരുമെന്ന് തീരെ പ്രതീക്ഷിച്ചതല്ല. “എന്താടാ കുഞ്ഞാ അതിൽ?” “തമിഴ് നാട്ടിലെ ഒരു ആദിവാസി മേഖലയിൽ മെഡിക്കൽ ക്യാംപിന് ചെല്ലാനുള്ള ലെറ്ററാ..” അത് പറയുമ്പോൾ തല താഴ്ത്തി നിന്നു. “എന്നിട്ട് നീ പോവുവാണോ?” അമ്മ ചോദിച്ചപ്പോൾ എന്ത് പറയണമെന്നറിയില്ലായിരുന്നു. ജുവലിനെ ഈയൊരു സിറ്റുവേഷനിൽ ഒറ്റക്കാക്കിയിട്ട് എങ്ങനെയാ മാറി നിൽക്കുവാൻ കഴിയുക? അമ്മയെ കുടുംബക്കാരുടെ വീട്ടിലാക്കാം. പക്ഷെ ജുവലിന് എന്തെങ്കിലുമൊരു ആവശ്യം വന്നാൽ താനില്ലാതെ പറ്റുമോ? “നീയെന്താ കുഞ്ഞാ ഈ ചിന്തിക്കുന്നത്?”

ചിന്തകളുടെ ഭാരമിറക്കി വച്ചത് അമ്മയുടെ ചോദ്യമായിരുന്നു. “ഏയ്‌.. ഒന്നുവില്ല..” ചിരിച്ചുകൊണ്ട് തലയാട്ടി. “അപ്പൊ നീ പോകാൻ തീരുമാനിച്ചോ?” അമ്മ പിന്നെയും ആവർത്തിച്ചു.. “പോകാണ്ടിരിക്കാൻ പറ്റില്ല.. ഞാനീ ജോലി ഏറ്റു പോയതാണ്. പക്ഷെ..” മകനെ അലട്ടുന്നതെന്താണെന്ന് ആ അമ്മക്ക് ഊഹിക്കാമായിരുന്നു. അവർ വാത്സല്യത്തോടെ ആരവിന്റെ തോളിൽ കൈ ചേർത്ത് വച്ചു. “മോനെ.. നീ പോയിട്ട് വാ.. ഞാൻ സുധാമ്മായിയുടെ വീട്ടിൽ നിന്നോളാം. പിന്നെ നിന്റെ വിഷമം ജുവലിനെ കുറിച്ചാണെങ്കിൽ അവൾക്കിപ്പോ കുഴപ്പമൊന്നുമില്ലല്ലോ. നീ ധൈര്യമായിട്ട് പോയിട്ട് വാ..” “ഒരു മാസത്തേക്കാണ്.. അത്രേം ദിവസം അമ്മയെ വിട്ട്…” അറിയാതെ കണ്ണ് നിറഞ്ഞു പോയി.

ഓർമ്മ വച്ച നാളുതൊട്ട് അമ്മയെ വിട്ടു പിരിഞ്ഞിട്ടില്ല. അമ്മയെ കാണാതെ ഉറക്കം വരുമോ എന്നുമറിയില്ല. പിന്നെന്തിനാണ് അത് ഏറ്റതെന്ന് ചോദിച്ചാൽ ആവോ.. അറിയില്ല.. ഒരു മാസത്തേക്കാവുമെന്ന് ഒരിക്കലും വിചാരിച്ചതുമല്ല.. “കുഞ്ഞാ.. നീയെന്നിട്ട് എപ്പോഴാ ഇറങ്ങുന്നത്?” അത് ചോദിക്കുമ്പോൾ അമ്മയുടെയും കണ്ണുകൾ നിറഞ്ഞിരുന്നുവെന്ന് തോന്നി. “നാളെ കാലത്തെ പുറപ്പെടണം.. കൂടെ വേറെയും ഡോക്ടർമാർ ഉണ്ട്.” ഉള്ളിലെ നിരാശ പുറത്തു കാണിച്ചില്ല.. “നമുക്കെന്നാൽ കഴിച്ചാലോ..” ശരിയെന്നു തലയാട്ടി അമ്മയ്‌ക്കൊപ്പം അകത്തേക്ക് കയറിപ്പോയപ്പോൾ ലെറ്റർ ബാൽക്കണിയിൽ തന്നെ അവശേഷിച്ചു. 💜💜💜

ചാച്ചൻ മൊബൈൽ റീസ്റ്റോർ തന്ന ശേഷം ആദ്യം സംസാരിച്ചത് ജിത്തേട്ടനോടാണ്. ജിത്തേട്ടനോട് ചാറ്റ് ചെയ്യുന്നതിനിടെ ഇടക്കെപ്പോഴോ ഉറങ്ങിപ്പോയി. ഉറക്കത്തിൽ ദൂരെ നിന്നൊരു നിഴൽ പോലെ ഒരുവനെ സ്വപ്നം കണ്ടു.. കാതുകളിൽ പ്രണയവർണങ്ങൾ സിനിമയിലെ വരമഞ്ഞളാടിയ പാട്ടിലെ കിളി വന്നു കൊഞ്ചിയ എന്ന് തുടങ്ങുന്ന വരികൾ ആരോ പാടുന്നത് കേട്ടു. അവനരികിലേക്ക് നടന്നടുക്കുന്നതിന് മുൻപേ അവനെന്ന രൂപം മെല്ലെ മെല്ലെ മാഞ്ഞു പോയി.. ആ സമയത്താണ് ദിയയുടെ കാൾ വരുന്നതും എഴുന്നേൽക്കുന്നതും.. “പെണ്ണേ.. സുഖാണോ..?” “ദിയാ.. എന്തൊക്കെയുണ്ട് വിശേഷങ്ങൾ?” “നല്ല വിശേഷം തന്നെ.. നിനക്കോ?”

ദിയയുടെ ചോദ്യം കേട്ടപ്പോൾ ചിരി തോന്നി. “എന്റെ വിശേഷങ്ങളൊക്കെ നിനക്കറിയാല്ലോ.. പക്ഷെ എനിക്കൊർമയില്ല ഒന്നും..” എല്ലാം ഓർത്തെടുക്കാൻ ആഗ്രഹിക്കുന്നുണ്ടെന്ന് ആ ശബ്ദത്തിൽ നിന്ന് തന്നെ ദിയ മനസ്സിലാക്കി. “ഓർമ്മിക്കാൻ നന്നല്ലാത്തത് ഓർമ്മിക്കാതിരിക്കുന്നതാണ് നല്ലത്.. നീയൊരു കാര്യത്തിൽ ഭാഗ്യവതിയാണ്. നീയെല്ലാം മറന്നു പോയിരിക്കുന്നു.. ഇതുപോലെ ഒരു പ്രശ്നങ്ങളിൽ അകപ്പെട്ടു വിഷമിക്കുന്നവരും എല്ലാമൊന്ന് മറന്നു പോയിരുന്നെങ്കിൽ എന്ത് രാസമായേനെ..” “നിനക്ക് വട്ടാണ്.. നിനക്കറിയില്ല എന്റെ അവസ്ഥ.

എത്ര വേണ്ടെന്ന് പറഞ്ഞിട്ടും ഓർത്തെടുക്കുവാൻ എന്റെ മനസ്സ് ശ്രമിക്കുന്നു.. അങ്ങേയറ്റം തലവേദന തോന്നുമ്പോഴാണ് ആ ശ്രമത്തിൽ നിന്നും പിന്തിരിയുക..” “ഞാൻ കണ്ണേട്ടന്റെ കാര്യം വീട്ടിൽ പറയാൻ പോകുകയാണ്. വാപ്പച്ചി എനിക്ക് ഓരോ ആലോചനകൾ കൊണ്ട് വരാൻ തുടങ്ങിയിരിക്കുന്നു..” വിഷയം മാറ്റാൻ വേണ്ടി ദിയ പറഞ്ഞപ്പോൾ പെണ്ണിന്റെ ശ്രദ്ധ അതിലുടക്കി. “നീ കണ്ണേട്ടനെ പറ്റി പറഞ്ഞാൽ നിന്റെ വാപ്പ നിന്നെ വച്ചേക്കുമെന്ന് തോന്നുന്നുണ്ടോ?” ആ ചോദ്യം ചോദിക്കുമ്പോൾ അവളിലെ ആ പഴയ ഫെമിനിസ്റ്റ് ഉയർത്തെഴുന്നേറ്റുവെന്ന് ദിയക്ക് തോന്നി. “വേറെ വഴിയില്ല.. ഇല്ലെങ്കിൽ വാപ്പയെന്നെ വേറാരെക്കൊണ്ടെങ്കിലും കെട്ടിക്കും.”

“അന്യമതത്തിൽ പെട്ടവർ ഒരുമിക്കുമ്പോ സമൂഹത്തിൽ എന്തൊക്കെ നടക്കുമെന്ന് ഞാൻ പറയാതെ തന്നെ നിനക്കറിയാല്ലോ. സൂക്ഷിക്കണം..” ജുവൽ ഉണർത്തിച്ചു. “പ്രണയിച്ചു പോയത് തെറ്റാണോ?” “ഒരിക്കലുമല്ല.. പക്ഷെ നീ ഒരു മുസ്ലിമും കണ്ണേട്ടൻ ഒരു ഹിന്ദുവും ആയി ജനിച്ചുപോയതാണ് തെറ്റ്.. ദൈവത്തിന്റെ തെറ്റ്..” “പേടി തോന്നുന്നുണ്ട്.. വീട്ടിൽ അറിയുമ്പോ എന്തൊക്കെ നടക്കുമെന്ന് പറയാൻ പറ്റില്ല..” “ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ. എല്ലാം നമുക്ക് വരുന്ന വഴിയിൽ വച്ചു കാണാം.. എന്താവശ്യത്തിനും നിന്റൊപ്പം ഞാനുണ്ടാകും..” അത് പറയുമ്പോഴാണ് ജിത്തേട്ടനെ പറ്റി ഓർത്തത്.

“എടാ പിന്നെ.. എനിക്ക് കൊറിയർ അയക്കുന്ന ആ അപരിജിതനില്ലേ.. അതാരാണെന്ന് ആളെ കിട്ടി..” “ആഹാ.. എന്നിട്ട്? ആരായിരുന്നു?” “നമ്മുടെ ജിത്തേട്ടൻ..” അത് കേട്ടപ്പോൾ ഫോണിലൂടെ മറുവശത്തെ ദിയയുടെ ഞെട്ടൽ കേൾക്കാമായിരുന്നു. “ശരിയാ.. അപരി’ജിതൻ’ കൊള്ളാല്ലോ..” ഓർത്തെടുത്തുകൊണ്ട് ദിയ പറഞ്ഞു. “അങ്ങേർക്ക് എന്നോട് എന്തോ ഒരു ഫീലിംഗുണ്ടോ എന്ന് സംശയം..” “എന്നവൻ നിന്നോട് പറഞ്ഞോ?” ദിയ തിരിച്ചു ചോദിച്ചു. “ഇല്ല.. പക്ഷെ സംസാരം കേട്ടപ്പോൾ എനിക്കങ്ങനെ തോന്നി..” മറുപടി പറയാതെ ദിയ നിശ്ശബ്ദതയായി. ദിയക്കപ്പോൾ ഓർമ്മ വന്നത് ജീവനെയാണ്..

ജുവൽ ജീവനെക്കുറിച്ച് ആകാംഷയോടെ അവളോട് പറഞ്ഞ കാര്യങ്ങൾ ഓരോന്നായവൾ ആലോചിച്ചു നോക്കി.. ഓരോ മനുഷ്യനും ഇതുപോലെ ഓരോ പ്രശ്നങ്ങൾ കഴിഞ്ഞത് മറന്നുപോയിരുന്നെങ്കിൽ എത്ര നന്നായേനെ എന്നവൾക്ക് തോന്നി. “എന്നിട്ട് എന്താ നിന്റെ പ്ലാൻ?” ചോദിക്കുമ്പോൾ ദിയ ഓർത്തുപോയി. ഒരിക്കൽ ജീവനെ കുറിച്ചും ജുവൽ തന്നോട് പറഞ്ഞത് ഇതുപോലെയായിരുന്നു.. ഇന്ന് ജീവനല്ല.. ജിതനാണ്.. എന്നൊരു വ്യത്യാസം മാത്രം.. “നാളെ എന്നേ ഒരു കോഫിക്ക് വിളിച്ചിട്ടുണ്ട് ജിത്തേട്ടൻ…”

“ആം ആം.. ജിതന്റെ ബാല്യകാലസഖി അല്ലേ നീ.. ചെറുപ്പത്തിൽ ജിത്തേട്ടന്റെ പെണ്ണെന്നും പറഞ്ഞു നടന്നവള്.. അതൊക്കെ മനസ്സിൽ വച്ചാണെങ്കിലോ അവന്റെ വരവ്..” “ആണെങ്കിൽ…?” പെണ്ണിന്റെ സ്വരത്തിന് കൗതുകമേറി. “ആണെങ്കിൽ.. പറ പറ…” ദിയ ചിരിച്ചുകൊണ്ട് കാതോർത്തു. “ആവോ.. എനിക്കറിഞ്ഞൂടാ.. നീ വച്ചിട്ട് പോയേ..” നാണത്തോടെ ചിരിച്ചുകൊണ്ട് ദിയയുടെ കാൾ കട്ട് ചെയ്തു.. 💜💜💜

എപ്പോഴാണ് ഉറങ്ങിപ്പോയതെന്ന് ഓർക്കുന്നില്ല. എഴുന്നേറ്റപ്പോൾ വൈകുന്നേരം ആയിരുന്നു. ഹാളിലെത്തിയപ്പോൾ ആരവ് ഡോക്ടർ വന്നത് കണ്ടു. “ഡോക്ടറെപ്പോ വന്നു..” പുഞ്ചിരി തൂകിക്കൊണ്ട് ആരവ് ഡോക്ടറുടെ അടുത്തുള്ള സോഫയിൽ ചെന്നിരുന്നു. “ഞാൻ വന്നിട്ട് കുറച്ചു നേരമായി. താൻ നല്ല ഉറക്കായിരുന്നു.” ആരവ് ഡോക്ടർ പറഞ്ഞപ്പോൾ അലീന ചേച്ചി ചായയുമായി ഡോക്ടർക്കരികിലെത്തി. “ചേച്ചീ.. എനിക്കും ഒന്ന്..” ആരവ് ഡോക്ടർക്ക് ചായ കൊടുക്കുന്നത് കണ്ടു ചേച്ചിയേ നോക്കി പറഞ്ഞു. “തീർന്നുപോയി.. ഞാൻ ഗ്യാസിൽ വെള്ളം വെക്കട്ടെട്ടോ..” ശരിയെന്നു തലയാട്ടിയപ്പോൾ അലീന ചേച്ചി അകത്തേക്ക് കയറിപ്പോയി. “ഞാനെയ്..

ഒരു മെഡിക്കൽ ക്യാമ്പിന് വേണ്ടി തമിഴ് നാട്ടിലേക്ക് പോകുവാ..” ഒരു സംഭാഷണത്തിന് തുടക്കമിട്ടുകൊണ്ട് ആരവ് പറഞ്ഞു. “അപ്പൊ അമ്മയോ?” “അമ്മയെ കുടുംബക്കാരുടെ വീട്ടിലാക്കും.. ഞാൻ ഒരു മാസം കഴിഞ്ഞേ വരൂ..” “അതെയോ..” “എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ അങ്ങോട്ട് വിളിച്ചാൽ മതി.. ഞാൻ ഇങ്ങോട്ട് പറന്നെത്തും..” “അതെനിക്കറിയാം..” ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു. ചായ പകുതിയാക്കി കുറേ നേരമായിട്ടും ആരവ് ചായ കുടിക്കാത്തത് കണ്ടു.. “ചായ കുടിക്കുന്നില്ലേ?” “എനിക്ക് മതി.. ഞാനതികം ചായ കുടിക്കാറില്ല. ഇവിടുന്ന് തന്നതുകൊണ്ട് കുടിച്ചെന്നെ ഉള്ളു..”

ആരവ് പറഞ്ഞതും പെണ്ണവന്റെ കയ്യിൽ നിന്നും കപ്പ് വാങ്ങിയിട്ട് തിരിച്ചു ചെന്നിരുന്നുകൊണ്ട് അവൻ കുടിച്ചതിന്റെ ബാക്കി വന്ന ചായ ഊതിക്കുടിക്കുവാൻ തുടങ്ങി.. അത് ആരവിന്റെ മനസ്സിലേക്ക് അത്രമേൽ ആഴത്തിൽ പതിഞ്ഞിരുന്നു.. ഒരു കൂസലുമില്ലാതെ താൻ കുടിച്ച ചായയുടെ ബാക്കി ഊതിയൂതി കുടിക്കുന്ന പെണ്ണിനെ നോക്കിയവൻ കുറേ നേരം ചിരിച്ചു നിന്നു. “പിന്നെ.. ഞാൻ പോയി തിരിച്ചു വരുമ്പോ തന്നോടെനിക്കൊരു കാര്യം പറയാനുണ്ട്..” ആരവ് പുഞ്ചിരിയോടെ അവളെ നോക്കി പറഞ്ഞപ്പോൾ അവന്റെ മനസ്സ് മുഴുവൻ ജുവൽ എന്ന പെണ്ണായിരുന്നു.

അവൻ പറഞ്ഞത് കേട്ട് ചായ കുടിക്കുന്നത് നിർത്തിവെച്ചവൾ തലയുയർത്തി നോക്കി. “ഡോക്ടർ പോയി തിരിച്ചു വരുമ്പോ എനിക്കും ഡോക്ടറോടൊരു കാര്യം പറയാനുണ്ട്.. പറയാനായോ എന്നറിയില്ല.. ഒരു കാര്യം എന്റെ മനസ്സിലുണ്ട് സംഗതി അതുതന്നെയാണെന്ന് ഉറപ്പായാൽ ഡോക്ടർ വരുമ്പോ ഞാനാ കാര്യം പറയാം…” ചിരിച്ചുകാണിച്ചുകൊണ്ടത് പറയുമ്പോൾ പെണ്ണിന്റെ മനസ്സിലപ്പോൾ ജിതനായിരുന്നു…..തുടരും..

അറിയാതെൻ ജീവനിൽ: ഭാഗം 28

Share this story