ഹൃദയത്തിൻ താളമായി…..❣️ : ഭാഗം 5

ഹൃദയത്തിൻ താളമായി…..❣️ : ഭാഗം 5

എഴുത്തുകാരി: റിൻസി പ്രിൻസ്‌

ഒരു നിമിഷം എന്ത് പറയണം എന്നറിയാതെ അച്ഛൻറെ മുഖത്തേക്ക് നോക്കി നിന്നു….. ആൾ നടന്നു അകന്നു കഴിഞ്ഞു… അച്ഛനെ കണ്ടിട്ടില്ല…. ” വീട്ടിലേക്ക് നടക്കടി…. അലറുകയായിരുന്നു… ആ ശബ്ദം കേട്ടപ്പോൾ ശരീരത്തിലൂടെ വിറയൽ കയറി… അപ്പോൾ ആ മുഖത്ത് തെളിഞ്ഞു നിന്നത് തന്നോടുള്ള ദേഷ്യവും സങ്കടവും ആയിരുന്നുവെന്ന് മുഖത്തുനിന്ന് തന്നെ വായിച്ചെടുക്കാമായിരുന്നു….. ബലമായി തന്നെ കൈകളിൽ പിടിച്ചു വലിച്ച് അച്ഛൻ വീട്ടിലേക്ക് കൊണ്ടുപോയപോൾ കാണുനീർ കാഴ്ചയെ മറച്ചു… വീട്ടിലേക്ക് തന്നെ പിടിച്ചു വലിച്ചു കൊണ്ടു വരുന്നത് കണ്ട് ആകും അമ്മയും ഒന്ന് ഭയന്നിരുന്നു…. പുറത്തേക്കിറങ്ങി വന്ന് എന്താണ് എന്ന് ചോദിക്കുമ്പോൾ അച്ഛൻ ആദ്യം ദേഷ്യപ്പെട്ടത് അമ്മയോടാണ്…. ” ഇങ്ങനെ ആണോടീ പെൺമക്കളെ വളർത്തുന്നത്…..

അമ്മയുടെ നേർക്ക് തിരിഞ്ഞ് ആയിരുന്നു ആദ്യ ചോദ്യം…. കൈനീട്ടി അമ്മയുടെ മുഖത്തേക്ക് ഒപ്പം ഒരു അടിയും…. ആ അടി അമ്മയ്ക്ക് ഉള്ളത് ആയിരുന്നില്ല എന്ന് തനിക്ക് നന്നായി അറിയാമായിരുന്നു….. അമ്മയുടെ കണ്ണിൽ നിന്നും ഉതിർന്നു വീണ കണ്ണുനീർ തന്നെ ചുട്ടുപൊളിക്കാൻ കഴിവുള്ളത് ആണ് എന്ന് ഓർത്തു …. താൻ കാരണം അമ്മയുടെ ശരീരം വേദനിച്ചപ്പോൾ എവിടെയോ അയാളോട് വീണ്ടും മനസ്സിൽ ദേഷ്യം തോന്നുക ആയിരുന്നു…. നടു റോഡിൽ നിന്നാണ് മോളുടെ കെട്ടിപ്പിടുത്തം…. അച്ഛൻ അത്‌ പറയുമ്പോൾ താൻ വല്ലാതെ ചെറുതായ പോലെ തോന്നി….. തൻറെ തൊലിയുരിഞ്ഞു പോകുന്നതായി അവൾക്ക് തോന്നിയിരുന്നു…. അച്ഛാ…. ഞാൻ പറയുന്നതൊന്നു കേൾക്ക്…. വാക്കുകൾ ഗദ്ഗദത്തോടെ പുറത്തേക്ക് വരുമ്പോഴും ഹൃദയം വേദന തിന്നുക ആയിരുന്നു…..

അച്ഛൻ ഒരു കാര്യവുമില്ലാതെ ദേഷ്യപ്പെടില്ല…. മുഖത്തേക്ക് പോലും നോക്കിയില്ല…. അകത്തെ മുറിയിലേക്ക് കയറി പോയി…. പുളി വടിയുമായി ആയിരുന്നു അച്ഛൻ തിരികെ വന്നത്…. അരിശം തീരുന്നതുവരെ ശരീരത്തിൻറെ പലഭാഗങ്ങളിലും അച്ഛൻ അത് ഉപയോഗിച്ച് അടിക്കുന്നുണ്ടായിരുന്നു….. പക്ഷേ ആ വേദനയെക്കാൾ തന്നെ മനസ്സിനെ വേദനിപ്പിച്ച അച്ഛൻ തന്നെ മനസ്സിലാക്കില്ലല്ലോ എന്ന് ആയിരുന്നു…. തനിക്ക് പറയാനുള്ളത് കേട്ടില്ലല്ലോ എന്നുള്ള വേദനയായിരുന്നു… ഒപ്പം അമ്മയുടെ തിണർത്ത കവിളുകളും… അയാളെ എനിക്ക് അറിയില്ല അച്ഛാ….. ഞാൻ വീഴാൻ തുടങ്ങിയപ്പോൾ എൻറെ കയ്യിൽ പിടിച്ചതാണ്…. അത്രയും മാത്രം അവ്യക്തമായി ഗാദ്ഗാദങ്ങൾക്ക് ഇടയിൽ സംസാരിക്കുന്നുണ്ടായിരുന്നു…..

കുറച്ചു അടിച്ചു തീർന്നപ്പോഴേക്കും അച്ഛൻ ദേഷ്യത്തിൽ വടി അവിടെ ഇട്ടിട്ട് ഇറങ്ങി പോയിട്ടുണ്ടായിരുന്നു…. അച്ഛന്റെ മിഴികളും നനഞ്ഞിരുന്നു… എന്താടി…. എന്താ സംഭവിച്ചത്…. ദേഷ്യത്തോടെ ആണെങ്കിലും ശാന്തമായിരുന്നു അമ്മ ചോദിച്ചിരുന്നത്….. നടന്ന സംഭവങ്ങൾ എല്ലാം ഒരുവിധത്തിൽ അമ്മയോട് പറഞ്ഞു ഒപ്പിച്ചു…. അമ്മയുടെ മുഖത്തും സങ്കടം കാണാമായിരുന്നു…. മനപ്പൂർവ്വം അയാൾ കുറെ കാലമായി തൻറെ പിന്നാലെ ഉണ്ട് എന്നുള്ളത് മാത്രം പറഞ്ഞില്ല…. ബസ്സിൽ നിന്നും ഇറങ്ങിയപ്പോൾ താൻ വീഴാൻ തുടങ്ങി എന്നും അപ്പോൾ അയാൾ പിടിച്ചതായിരുന്നു എന്നും ഹോസ്പിറ്റലിൽ വെച്ച് അയാളെ താൻ കണ്ടിട്ടുണ്ടായിരുന്നു എന്നും സംഭവം അയാൾക്കറിയാമായിരുന്നു എന്ന് മാത്രമേ അമ്മയോട് പറഞ്ഞിരുന്നുള്ളൂ….. ഇല്ലെങ്കിൽ ഒരുപക്ഷേ അമ്മയും തന്നെ സംശയിച്ചാൽ എന്ന് ഭയന്നായിരുന്നു മുഴുവൻ കാര്യങ്ങളും പറയാതിരുന്നത്…..

എനിക്കൊന്നും പറയാൻ പോലും അച്ഛൻ അവസരം തന്നില്ലല്ലോ…. നിന്നെ പെട്ടെന്ന് അങ്ങനെ കണ്ടപ്പോൾ അച്ഛൻ തകർന്നിട്ട് ഉണ്ടാവും മോളെ…. അതായിരിക്കും…. മുറിവിൽ തലോടി അമ്മ അങ്ങനെ ആശ്വസിപ്പിച്ചെങ്കിലും മനസിനേറ്റ മുറിവിൽ അപ്പോഴും തെല്ലും ആശ്വാസം തോന്നിയിരുന്നില്ല…. ഇങ്ങനെയാണോ അച്ഛൻ തന്നെ മനസ്സിലാക്കിയിരുന്നത് എന്നായിരുന്നു അപ്പോഴും മനസ്സിൽ ഉണ്ടായിരുന്നു ചോദ്യം…. അച്ഛൻറെ കഷ്ടപ്പാടുകൾ ഏറ്റവും കൂടുതൽ മനസ്സിലാക്കി വളർന്നത് താൻ ആയിരുന്നു എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്….. മറ്റുള്ളവരെ അപേക്ഷിച്ച് ആവശ്യങ്ങളൊന്നും അച്ഛനോട് പറയാനുണ്ടായിരുന്നില്ല… ഒരു കോളേജ് ടൂറോ, ഒരു പുസ്തകം വാങ്ങാൻ പോലും ആവശ്യമില്ലാതെ അച്ഛനോട് കാശ് വാങ്ങാറില്ല…. പഴയ പുസ്തകങ്ങൾ ആരോടെങ്കിലും ചോദിച്ചു മേടിക്കാൻ ആയിരുന്നു അപ്പോഴും താല്പര്യം…..

എന്നിട്ടും അച്ഛൻ ഒരിക്കൽപോലും തന്നെ മനസ്സിലാക്കിയില്ലല്ലോ….. അച്ഛൻ നൽകിയ ശിക്ഷയുടെ വേദന ശരീരത്തിൽ ചെറിയ പാടുകൾ അവശേഷിപ്പിച്ചു…. മനസ്സിലെ മുറിവ് ഉണങ്ങുന്നുണ്ടായിരുന്നില്ല….. ഇത്രയും കാലത്തിനിടയ്ക്ക് ആദ്യമായാണ് അച്ഛൻ തന്നോട്‌ ഇത്രയും ദേഷ്യപ്പെടുന്നത്….. ഒരുപക്ഷേ തന്റെമേൽ അത്രമേൽ പ്രതീക്ഷ വച്ചത് കൊണ്ടായിരിക്കാം ആ രംഗം അച്ഛന് അപ്പോൾ അത്രയും സങ്കടം നൽകിയത്… മനസ്സിൽ മുഴുവൻ ദേഷ്യം അയാളോട് ആയിരുന്നു …. അയാൾ കാരണമാണ് അച്ഛന് മുൻപിലുള്ള തൻറെ സ്ഥാനം പോലും നഷ്ടപ്പെട്ടത് എന്ന ചിന്ത അയാളോടുള്ള വെറുപ്പ് കൂടാനുള്ള കാരണമായി…. ആ നോവുകൾക്ക് ഇടയിലുള്ള ഏക ആശ്വാസം നാളെമുതൽ അയാളെ കാണണ്ടല്ലോ എന്നതായിരുന്നു….

വൈകുന്നേരം സ്കൂൾ വിട്ട് കുട്ടികളെല്ലാം എത്തിയപ്പോൾ ചടഞ്ഞു കൂടി കിടക്കുന്ന തന്നെ കണ്ടപ്പോൾ എല്ലാവർക്കും എന്തോ സംശയം തോന്നിയിരുന്നു… നെറ്റിയിൽ എന്തുപറ്റി ചേച്ചി…. അക്കു ഓടി വന്നു ചോദിച്ചു…. അപ്പോഴാണ് അമ്മുവും അച്ചുവും അത്‌ കണ്ടത്…. പുറകെ ഓടി എല്ലാരും അടുത്ത് ഇരുന്നു…. അവരോട് ആക്സിഡന്റ് കാര്യം മാത്രം പറഞ്ഞു… ചേച്ചിയുടെ മുഖം എന്താണ് നീര് വന്നപോലെ… പെട്ടെന്ന് അച്ചു ചോദിച്ചു… നെറ്റി മുറിഞ്ഞതിന്റെ ആകും…. അത്രയും പറഞ്ഞ് വീണ്ടും ആ കിടകയിൽ തന്നെ അഭയം പ്രാപിച്ചു…. അമ്മ വിളിച്ചപ്പോൾ അക്കവും അച്ചുവും ഇപ്പോൾ വരാം എന്ന് പറഞ്ഞു പോയി… അമ്മു മാത്രം മുറിയിൽ അവശേഷിച്ചു…. അപ്പോഴാണ് അമ്മു തന്റെ ശരീരത്തിലെ പാടുകൾ കാണാൻ ഇടയായത്… എന്താണ് ചേച്ചി…. സത്യം പറ…. അമ്മു പറഞ്ഞു….

അവളോട് താൻ എങ്ങനെയാണ് പറയുന്നത്…. ഇന്നലെ അവളെ ഉപദേശിച്ച ആളാണ് താൻ…. ഒരിക്കലും തനിക്കതിന് അർഹതയില്ലെന്ന് അവൾ ഒരുപക്ഷേ ചിന്തിച്ചു കൂടായ്കയില്ല….. എങ്കിലും ആ നിമിഷം ആരോടെങ്കിലും എല്ലാം ഒന്നു പറയണം എന്ന് ആഗ്രഹിച്ചിരുന്നു…. ഒരുപക്ഷേ അമ്മുവിന് തന്നെ മനസ്സിലാകും എന്ന് തോന്നിയിരുന്നു… താൻ ചോദിച്ചപ്പോൾ ഒരു മടിയും ഇല്ലാതെ ശ്രീയേട്ടന്റെ കാര്യം തന്നോട് തുറന്ന് പറഞ്ഞ ആളാണ്….. അവളോട് താൻ കള്ളം പറയേണ്ട കാര്യമില്ല….. മനസ്സ് തുറക്കാൻ ആരെങ്കിലും ഇപ്പോൾ തനിക്ക് ആവശ്യമാണെന്ന് തോന്നിയിരുന്നു….. അവളുടെ മടിയിലേക്ക് കിടന്ന് പൊട്ടിക്കരഞ്ഞു….. കാരണമെന്താണെന്ന് ചോദിക്കുന്നതിനു മുൻപേ അവൾ തന്നെ മുടിയിൽ തഴുകി ഇരുന്നു….. ഒരുപക്ഷേ ആ നിമിഷം അവൾ തനിക്ക് ചേച്ചി ആവുകയായിരുന്നു എന്ന് തോന്നിയിരുന്നു……

അപ്പോൾ അവളോട് എല്ലാം പതുക്കെ പറഞ്ഞു കൊടുത്തു….. എല്ലാം കേട്ടുകഴിഞ്ഞപ്പോൾ അവളുടെ ചുണ്ടിൽ ചെറു ചിരി വിടർന്നപ്പോൾ ദേഷ്യമാണ് തോന്നിയത്….. ഞാൻ ഇത്രയൊക്കെ പറഞ്ഞിട്ടും നിനക്ക് ചിരി ആയിട്ടാണോ തോന്നുന്നത്…. അയാളെ കാണാൻ സുന്ദരനാണോ ചേച്ചി….? അവളുടെ ആ ചോദ്യം കേട്ടപ്പോൾ ഉള്ളിൽ ദേഷ്യം വീണ്ടും കൂടുകയായിരുന്നു…. അവളുടെ മടിയിൽ നിന്ന് എഴുനേറ്റു…. ഒന്നും പറയാതെ മുൻപിൽനിന്ന് ദേഷ്യപ്പെട്ട് എഴുനേറ്റു…. വൈകുന്നേരം ചായയുമായി അവളാണ് അടുത്തേക്ക് വന്നത്….. മുഖത്ത് ഒരു കുസൃതി ചിരി ഉണ്ട്…. സാരമില്ല ചേച്ചി….. നമ്മുടെ അച്ഛനല്ലേ….. അച്ഛന് ചിലപ്പോൾ ചേച്ചിയെ അങ്ങനെ കണ്ടപ്പോൾ സങ്കടം കൊണ്ട് ചെയ്തതായിരിക്കും….

ചേച്ചി അതോർത്ത് വിഷമിക്കേണ്ട….. അമ്മു അങ്ങനെ പറഞ്ഞപ്പോൾ അങ്ങനെ ആശ്വസിക്കാൻ തന്നെയായിരുന്നു തനിക്ക് ഇഷ്ടം…. പക്ഷേ ഉള്ളിലെവിടെയോ ഒരു നോവ്….. ഒരിക്കലും അച്ഛന് തന്നോട് അങ്ങനെ ചെയ്തിട്ടില്ല…. അതുകൊണ്ടായിരിക്കാം…. മനസ്സിനെ വല്ലാതെ കുത്തിനോവിക്കുന്നതായി തോന്നിയിരുന്നു…. രാത്രിയിൽ അച്ഛൻ വന്നപ്പോഴും തന്നോട് മാത്രം പ്രത്യേകിച്ച് ഒന്നും സംസാരിച്ചില്ല…… അത് ഒരു വേദന തന്നെയായിരുന്നു…. അച്ഛൻ കൊണ്ടുവന്ന എണ്ണ പലഹാരങ്ങളിൽ താനൊന്നും എടുക്കാതിരുന്നപ്പോൾ അമ്മയുടെ കയ്യിൽ അച്ഛൻ ആയിരിക്കും അത് തനിക്ക് നേരെ കൊണ്ട് കൊടുത്തു വിട്ടു തന്നത് എന്ന് ഉറപ്പായിരുന്നു….. വീണ്ടും വിഷമിപ്പിച്ചാൽ ആ മനസ്സ് വേദനിക്കുമോ എന്ന് ഭയന്ന് അതിൽനിന്നും ഒരു കേക്ക് എടുത്ത് കഴിച്ചു….. ശാലു വിളിച്ചു വിശേഷം എല്ലാം തിരക്കി വച്ചു…. നെറ്റിക്ക് വേദന കുറവുണ്ടോന്ന് അറിയാൻ ആണ്….

മനസിന്റെ വേദന അവൾ അറിഞ്ഞില്ലല്ലോ… അവളോട് ഒന്നും പറഞ്ഞില്ല…. അറിഞ്ഞാൽ അവൾക്ക് വിഷമം ആകും…. നേരിട്ട് കാണുമ്പോൾ പറയാം എന്ന് ഓർത്തു…. ഭക്ഷണമെല്ലാം കഴിച്ചു കഴിഞ്ഞ് എല്ലാവരും കിടന്നപ്പോൾ അന്ന് അച്ചുവും അമ്മുവും സ്നേഹത്തോടെ ആയതുകൊണ്ട് അമ്മു തന്നെ തേടി വന്നിരുന്നില്ല….. രാത്രിയിൽ വീണ്ടും ചിന്തകൾ തന്നെ അലട്ടാൻ തുടങ്ങി…… പിന്നീട് പതിയെ എപ്പോഴോ ഉറക്കത്തിലേക്ക് വഴുതി പോയിരുന്നു….. രാത്രിയിലെപ്പോഴോ കാലിൽ ഒരു തണുപ്പ് അനുഭവപ്പെട്ടു…. അപ്പോഴാണ് കണ്ണുതുറന്നത് അരികിൽ തന്നെ തലോടി നിൽക്കുന്ന അച്ഛൻറെ മുഖം കണ്ടപ്പോൾ കണ്ണടച്ചു തന്നെ കിടന്നു…. നെറ്റിയിലെ മുറിവിലും അടികൊണ്ട പാടുകളിലും ഒക്കെ ഒന്ന് തലോടി അച്ഛൻ തന്നെ ശരിക്ക് പുതപ്പിച്ചിട്ട് പുറത്തേക്കിറങ്ങി പോയപ്പോൾ ഉള്ളിൽ തോന്നിയ സന്തോഷത്തിന് അതിരില്ലായിരുന്നു…..

തന്നെ അടിച്ചു പോയതിന് വേദനയാവും അല്ലെങ്കിൽ അമ്മ സത്യമെല്ലാം പറഞ്ഞപ്പോൾ ഉണ്ടായ കുറ്റബോധം ആവാം….. എന്താണെങ്കിലും തൻറെ ഉരുകുന്ന മനസ്സിനെ അത്രമാത്രം മതിയാരുന്നു….. അതിനോടൊപ്പം മറ്റൊരു ഉറച്ച തീരുമാനം എടുത്തിരുന്നു….. തന്റെ അച്ഛൻ വേദനിക്കുന്ന ഒരു കാര്യത്തിലേക്ക് താൻ പോവില്ല….. ഇനി അയാൾ വന്നാൽ എന്ത് ചെയ്യണം എന്ന് തനിക്ക് അറിയാം…. അയാളെ ഇനി വെറുതെ ഒന്ന് നോക്കാൻ പോലും താൻ നിൽക്കില്ല എന്ന് അവൾ ഓർത്തു…. പക്ഷെ അപ്പോഴൊന്നും അവൾ അറിഞ്ഞില്ല ഒരിക്കലും കാണാതെ ഇരിക്കാൻ കഴിയാത്ത ഒരാൾ ആയി അവൻ ഒരിക്കൽ അവളുടെ ഹൃദയത്തിൽ വേരുന്നി വളരും എന്ന്…. 🥀🥀🥀

പിറ്റേന്ന് അമ്മുവിൻറെ നിർബന്ധപ്രകാരമാണ് അമ്പലത്തിൽ പോകാം എന്ന് തീരുമാനിച്ചത്….. പിന്നെ വിങ്ങുന്ന തന്റെ മനസിന്‌ ഒരു ആശ്വാസവും ആകുമല്ലോന്ന്… അച്ഛനോട് അനുവാദം വാങ്ങുമ്പോൾ അച്ഛൻ തന്റെ മുഖത്ത് നോക്കിയിരുന്നില്ല… ആ മുഖത്തെ കുറ്റബോധം തനിക്ക് വായിച്ച് അറിയാമായിരുന്നു….. എങ്കിലും തൻറെ മനസ്സിൽ അച്ഛനോട് ഒരു ദേഷ്യവും ഉണ്ടായിരുന്നില്ല….. സ്നേഹം കൂടിയിട്ടെ ഉണ്ടായിരുന്നുള്ളൂ… . അച്ഛൻറെ അനുവാദം കിട്ടിയതും അമ്മു പെട്ടെന്ന് കുളിച്ചു റെഡി ആവാൻ പോയി….. താനും…. ഒരു പട്ടുപാവാട ആണ് അണിഞ്ഞത്…… അത് അമ്പലത്തിൽ പോകുമ്പോൾ മാത്രം ഉള്ള ഒരു വേഷം ആണ്…. തലയിൽ ഒരു തുളസികതിർ ചൂടാനും മറന്നില്ല ഒപ്പം ഒരു മുല്ലപ്പൂവും…..

മെല്ലെ അമ്പലത്തിലേക്ക് നടന്നു…. പാലത്തിനരികിൽ വന്നപ്പോഴാണ് ഇന്നലത്തെ രംഗം പെട്ടെന്ന് മനസ്സിലേക്ക് ഓർമ്മ വന്നത്… ഇവിടെ വച്ചായിരുന്നു ആ വിവാദ രംഗം അല്ലേ ചേച്ചി….. അമ്മു തമാശയായി ചോദിച്ചപ്പോൾ കൂർപ്പിച്ച അവളെ ഒന്നു നോക്കി…. തുറിച്ചു നോക്കണ്ട ഞാൻ ഉള്ള കാര്യം അല്ലേ പറഞ്ഞത്…. ഇവിടെ വച്ച് ആയിരുന്നില്ലേ…. നീ ഒന്ന് മിണ്ടാതെ ഇരിക്കടി… ഉം…. ഉം… 🎵 കുടപ്പനയുടെ മറവിൽ നിന്നൊരു കള്ളനോട്ടം കണ്ടേ.. ഇണ്ടൽ കൊണ്ടു ഞാൻ മിണ്ടില്ല…… അത്‌ കുറ്റമക്കല്ലേ….🎵 അവൾ ആകെപ്പാടെ കളിയാക്കി പാടുകയാണ്….. നീ എന്തിനാടി ഇപ്പോൾ ആ പാട്ട് പാടിയത്….. നിന്നോട് പറഞ്ഞ എന്നെ വേണം അടിക്കാൻ….. . എന്റെ ചേച്ചി ഞാൻ ഒരു പാട്ട് പാടി….. എന്താണ് ഇത്…. ഒരു പാട്ട് പാടാൻ സ്വാതന്ത്ര്യമില്ലേ…. മിണ്ടാതെ ഒന്ന് വേഗം വരുന്നുണ്ടോ അമ്മു…..

തനിക്ക് ആ സംസാരം തുടർന്നു കൊണ്ടുപോകാൻ ഇഷ്ടമില്ല എന്ന് തോന്നിയത് കൊണ്ടായിരിക്കാം അതിനെപ്പറ്റി അമ്മു പിന്നെ ഒന്നും പറഞ്ഞില്ല….. അമ്പലത്തിലേക്ക് കടക്കുമ്പോൾ മനസ്സിൽ ഒരു നേരിയ തണുപ്പ് അനുഭവപ്പെട്ടതായി തോന്നിയിരുന്നു…. തൊഴാനായി കൃഷ്ണ വിഗ്രഹത്തിനു അടുത്തേക്ക് നിൽക്കുമ്പോൾ കൃഷ്ണന് പതിവിലും സൗന്ദര്യം കൂടിയതായി തോന്നിയിരുന്നു….. മനസ്സുരുകി കൃഷ്ണനോട് പ്രാർത്ഥിച്ചു…. കണ്ണു തുറന്നപ്പോഴാണ് മുൻപിൽ നിൽക്കുന്ന ആ രൂപം വീണ്ടും കണ്ണിൽപ്പെട്ടത്… സ്വർണ്ണ കാസവുള്ള ഒരു മുണ്ടും കാപ്പിപ്പൊടി നിറത്തിലെ ഷർട്ടും ആണ് വേഷം…. തന്നെ നോക്കി ചിരിയോടെ നിൽക്കുകയാണ്…. അമ്മു അപ്പോഴേക്കും പ്രാർത്ഥന കഴിഞ്ഞ് വലം വയ്ക്കാൻ ആയി പോയിരുന്നു….

എന്നും അമ്പലത്തിൽ വരുമോ കണ്ണുകളടച്ച് കൈകൂപ്പി നിന്നാണ് ചോദ്യം…. തനിക്ക് മാത്രം കേൾക്കാൻ പാകത്തിന്…. ഇനി അതും കൂടി മുടക്കാനുള്ള ഭാവമാണോ…..? അതേപോലെതന്നെ കണ്ണടച്ചു നിന്ന് കൈകൾ കൂപ്പി ആണ് താനും മറുപടി പറഞ്ഞത്…. പതിഞ്ഞ ഒരു ചിരി കേട്ടു…. ആ നുണക്കുഴി വിരിഞ്ഞിട്ടുണ്ടാകും എന്ന് അപ്പോൾ താൻ ചിന്തിച്ചു… നെറ്റിക്ക് വേദന ഉണ്ടോ… അരിശം വന്നു ആ ചോദ്യം കേട്ടപ്പോൾ… ഒരു കാര്യം ഞാൻ പറഞ്ഞേക്കാം….. ഇനി മേലിൽ എൻറെ പുറകെ നടന്നാൽ ഉണ്ടല്ലോ…. ഇന്ന് ഞാൻ പുറകെ വന്നത് അല്ലല്ലോ….. താനല്ലേ ഞാൻ ഉള്ളടത്ത് വന്നത്……. അയാളുടെ ആ ചോദ്യത്തിന് തനിക്ക് മറുപടിയുണ്ടായിരുന്നില്ല…. അയാളുടെ അടുത്ത് നിന്നും പെട്ടെന്ന് നടന്നു നീങ്ങാൻ ആയിരുന്നു ആഗ്രഹിച്ചത്…. അയാളെ ഒന്ന് കൂർപ്പിച്ചു നോക്കി അമ്മുപോയ വഴിക്ക് നടന്നു..

അവിടേക്ക് പോകുമ്പോൾ ശ്രീയെട്ടനുമായി സംസാരിച്ചു നിൽക്കുന്ന അമ്മുവിനെ ആണ് കണ്ടത്… അപ്പോൾ ഇതാണ് ഇവൾക്ക് അമ്പലത്തിൽ പോകണം എന്ന് പറഞ്ഞ കാര്യം…. അമ്മു…… കുറച്ച് ഉറക്കെ തന്നെയാണ് വിളിച്ചത്…… ഇതുവരെ ശ്രീ ഏട്ടനോട് തനിക്ക് അമ്മുവിൻറെ കാര്യം സംസാരിക്കാൻ കഴിഞ്ഞിട്ടില്ല… ആ കാര്യത്തിൽ തനിക്ക് ദേവേട്ടന്റെ ആയ ഒരു ഉറപ്പു കിട്ടിയാൽ മാത്രമേ അവരുടെ കാര്യത്തിന് തനിക്ക് എന്തെങ്കിലും ചെറിയ രീതിയിൽ എങ്കിലും ഒന്ന് അയഞ്ഞു കൊടുക്കാൻ കഴിയു….. എനിക്ക് അവരുടെ കാര്യത്തിൽ ആവലാതി ഇല്ലാതെ സന്തോഷിക്കുവാൻ കഴിയുകയുള്ളൂ….. അതുകൊണ്ടുതന്നെ കൂടുതൽ അവളെ പ്രോത്സാഹിപ്പിക്കുന്നത് ശരിയല്ലെന്നും തനിക്ക് തോന്നിയിരുന്നു…. ശ്രീയേട്ടനെ കണ്ടില്ലേ ചേച്ചി….. താൻ കൂടുതൽ ഒന്നും പറയരുത് എന്നുള്ള അപേക്ഷ ആയിരുന്നു ആ ശബ്ദത്തിൽ…. ശ്രീയേട്ടൻ ഉണ്ടായിരുന്നത് അറിഞ്ഞില്ല….

ശ്രീയേട്ടൻ ഇങ്ങനെ അമ്പലത്തിൽ വരുന്ന പതിവൊന്നും ഇല്ലല്ലോ…. ഇന്ന് എന്തുപറ്റി….? അർത്ഥം വച്ചുള്ള തന്റെ ചോദ്യം കേട്ടതും ശ്രീയേട്ടൻ ഒന്ന് വിളറി പോയിരുന്നു….. അമ്പലത്തിൽ വരാൻ അങ്ങനെ പ്രത്യേക വല്ലതും വേണോ അപ്പു…. ചമ്മല് മറക്കാൻ ശ്രീയേട്ടൻ പറഞ്ഞു….. പതിവില്ലാത്ത ചില കാര്യങ്ങളൊക്കെ കണ്ടതുകൊണ്ട് ചോദിച്ചതാ….. രണ്ടുപേരുടെയും മുഖത്തേക്ക് നോക്കി….. അത് പറയുമ്പോൾ കള്ളം പിടിച്ച ഭാവമായിരുന്നു രണ്ടുപേർക്കും…. ശ്രീ….. പിന്നിൽ നിന്ന് ഒരു വിളി കേട്ടു…. പരിചയമായ ശബ്ദത്തിലുള്ള ആ വിളി കേട്ടപ്പോൾ എല്ലാവരും തിരിഞ്ഞു നോക്കി പക്ഷേ താൻ മാത്രം നോക്കിയില്ല… കാരണം ആ ശബ്ദത്തിനുടമയെ തനിക്കറിയാമായിരുന്നു…. ആളെ കണ്ടപ്പോഴേക്കും ശ്രീയേട്ടന്റെ മുഖം വിടർന്നിരുന്നു…. എത്ര നാളായി കണ്ടിട്ട്…

ശ്രീയേട്ടൻ ഓടിച്ചെന്ന് കെട്ടിപ്പിടിച്ച് അയാളോട് അത് പറഞ്ഞപ്പോഴേക്കും തൻറെ മുഖം അയാളിലേക്ക് ചെന്നിരുന്നു…. ആ മുഖത്ത് തനിക്കുവേണ്ടി അപ്പോഴും ഒരു കുസൃതി നിറഞ്ഞ പുഞ്ചിരി കളിച്ചിരുന്നു…. നിനക്ക് ബാങ്കിലെ ജോലി കിട്ടിയില്ലേ…… ഞാനറിഞ്ഞിരുന്നു… പരിചിതനെ പോലെ ആണ് ശ്രീയേട്ടനോട് സംസാരിക്കുന്നത്…. കുറച്ചേ ആയുള്ളൂ…. അതിന് നന്ദി പ്രാർത്ഥനയാണോ….? അല്ലാതെ കരുത്തുറ്റ സഖാവ് അമ്പലത്തിൽ കയറുമോ… പോടാ…. ഞാൻ വെറുതെ വന്നതാ…. പതിവില്ലാതെ അമ്പലത്തിൽ കണ്ടതുകൊണ്ട് ചോദിച്ചതാ…. അയാൾ അത് പറയുമ്പോൾ ശ്രീയേട്ടൻ ചെറുതായൊന്നു ചമ്മി ഇരുന്നുവെന്ന് ആ മുഖത്തിൽ നിന്നും മനസ്സിലായിരുന്നു…. അമ്മാവൻറെ മക്കൾ ആണ്… അപർണ.., അമൃത…,

ഞങ്ങളെ രണ്ടുപേരെയും ശ്രീയേട്ടൻ പരിചയപ്പെടുത്തുമ്പോൾ അയാളുടെ മുഖം തനിക്ക് നേരെയായിരുന്നു…. “അപർണ” നല്ല പേര് അയാളു തന്റെ മുഖത്തേക്ക് നോക്കി ആണ് പറഞ്ഞത്…. അതെന്താ ചേട്ടാ….. അമൃത കൊള്ളില്ലേ…. പെട്ടെന്ന് അമ്മു ഇടയ്ക്ക് കയറി ചോദിച്ചപ്പോൾ താൻ അവളെ ഒന്നു കൂർപ്പിച്ചു നോക്കിയിരുന്നു…. അങ്ങനെയല്ല…. ആദ്യം കേട്ട പേര് അപർണ അല്ലേ… അപർണ എന്നാൽ സാക്ഷാൽ പാർവതി ദേവിയുടെ നാമം അല്ലേ…. അതുകൊണ്ട് പറഞ്ഞതാ…. അമൃത…. അമൃതം പോലെ…. നല്ല പേരാണ്… അമ്മുവിന്റെ മുഖം തെളിഞ്ഞു…. ഇത് ശിവ എൻറെ കൂടെ ആയിരുന്നു ഒന്നാം ക്ലാസ് മുതൽ പ്ലസ് ടു വരെ പഠിച്ചത്…. കേതാരത്തെ ദേവൻ സാറിൻറെ ഇളയ മകനാണ് “ശിവ ദേവ് ” ശ്രീയേട്ടൻ ഞങ്ങളോട് പറയുമ്പോഴും അയാളുടെ മുഖം എൻറെ മുഖത്ത് തന്നെ ആയിരുന്നു…. കുസൃതി നിറഞ്ഞ നുണക്കുഴികളും….ഒത്തിരി സ്നേഹത്തോടെ ✍ റിൻസി

ഹൃദയത്തിൻ താളമായി…..❣ : ഭാഗം 4

Share this story