കൃഷ്ണവേണി: ഭാഗം 3

കൃഷ്ണവേണി: ഭാഗം 3

എഴുത്തുകാരി: അനില സനൽ അനുരാധ

“ഇന്നു നേരത്തെ എത്തണമെന്ന് ഞാൻ പറഞ്ഞിരുന്നില്ലേ? ” “സോറി സർ… ” പറഞ്ഞു തീരും മുൻപേ അവന്റെ വലതു കൈ അവളുടെ കവിളിൽ പതിഞ്ഞിരുന്നു. ഓർക്കാപ്പുറത്ത് കിട്ടിയ അടിയിൽ അവളൊന്നു ഉലഞ്ഞു പോയി. ഓർമ വെച്ചതിനു ശേഷം ജീവിതത്തിൽ ആദ്യമായി കിട്ടിയ അടിയാണ്. കണ്ണുകൾ നിറഞ്ഞു വന്നു. “സമയത്തിന് വരില്ല. മാനേഴ്സുമില്ല.” അവൾ തല കുനിച്ചു നിന്നു. മിഴികൾ നിറഞ്ഞ് ഒഴുകുന്നുണ്ടായിരുന്നു. “പോകുന്നതിനു മുൻപ് ടൈപ്പ് ചെയ്തു പ്രിന്റ് എടുക്കണം. എനിക്കൊന്നു വായിച്ചു നോക്കി വേരിഫൈ ചെയ്യുകയും വേണം. ” അവൾ ഒന്നും പറയാതെ എഗ്രിമെന്റ് എടുത്തു തിരിഞ്ഞു നടന്നു. അവൾ സീറ്റിൽ വന്നിരുന്നതും സുഷമയും ഹരിതയും അവിടേക്കു വന്നു.

ഹരിത മാർക്കറ്റിംഗ് സെക്ഷനിൽ ഉള്ളതാണ്. “സർ വഴക്കു പറഞ്ഞോ? എത്തിയതും നിന്നെ തിരക്കി ഞങ്ങളോട് ചൂടായി. ” സുഷമ പറഞ്ഞു. അവൾ മറുപടി ഒന്നും പറയാതെ കംപ്യൂട്ടർ ഓൺ ചെയ്തു. എഗ്രിമെന്റ് വായിച്ചു നോക്കി. അതിൽ വരുത്തേണ്ട ചേഞ്ചസ് ഒരു പേജിൽ പ്രേത്യേകം എഴുതി എഗ്രിമെന്റിനു മുകളിൽ വെച്ചിരുന്നു. “എന്താ വേണി? ” ഹരിത തിരക്കി. അവൾ മിഴികൾ ഉയർത്തി അവരെ നോക്കി. കണ്ണുകൾ ചുവന്നു കലങ്ങിയിരുന്നു. കവിളിലെ വിരൽപ്പാടുകൾ അവർ അപ്പോഴാണ് ശ്രദ്ധിച്ചത്. “നിന്നെ തല്ലിയോ? ” അവൾ ഒന്നും പറയാതെ വേഗം ടൈപ് ചെയ്തു തുടങ്ങി. പ്രിന്റ് എടുത്ത് എം ഡിയുടെ ക്യാബിനിലേക്ക് കടക്കുന്നതിനു മുൻപ് അവൾ വാച്ചിലേക്ക് നോക്കി.

പത്തുമണി ആകാൻ പത്തു മിനിറ്റ് കൂടിയുണ്ട്. അവൾ ഡോറിൽ മുട്ടി. “കം ഇൻ… ” “എന്താ എന്തെങ്കിലും ഡൌട്ട് ഉണ്ടോ? ” അവളെ കണ്ടതും അവൻ തിരക്കി. അവൾ മറുപടി പറയാതെ ഫയൽ അവന്റെ നേർക്കു നീട്ടി. അവൻ അതു വാങ്ങി വായിച്ചു നോക്കുമ്പോൾ അവൾ ചെയറിൽ പിടിച്ചു നിന്നു. അപ്പോഴാണ് അവന്റെ ഷർട്ടിന്റെ നിറം അവൾ ശ്രദ്ധിച്ചത്. ബ്ലൂ കളർ ഷർട്ട്‌ ആയിരുന്നു അവൻ ധരിച്ചിരുന്നത്. ഇയാളും കണ്ണേട്ടനും എന്നെ ബുദ്ധിമുട്ടിക്കാൻ വന്നവർ തന്നെ. ഷർട്ടിന്റെ കാര്യത്തിൽ തന്നെ എന്തു പൊരുത്തം. “താനിരിയ്ക്ക്… ” അവൻ വായിക്കുന്നതിനിടയിൽ പറഞ്ഞു. അവൾ ഇരുന്നില്ല. മുഖം വീർപ്പിച്ചു തല കുനിച്ചു നിന്നു. “ഇരിക്കെടോ. മുഖം ഇങ്ങനെ പിടിക്കല്ലേ… ” പിന്നെ എങ്ങനെ പിടിക്കണം.

വീട്ടിലും ഒരുത്തൻ വന്നു കയറിയിട്ടുണ്ട്. ദോശ തിന്നാൽ അവൻ ചത്തു പോകുമല്ലോ. അവന്റെ ഡ്രസ്സ്‌ അയൺ ചെയ്തു കൊടുക്കാൻ ഞാൻ അവന്റെ ഭാര്യയാണോ. ഇവിടെ വന്നാൽ വഴക്കു പറഞ്ഞു കൊല്ലാൻ മറ്റൊരുത്തൻ. എന്നെ അടിക്കാൻ ഇയാൾ ആരാ… അവൾ മനസ്സിൽ പറഞ്ഞു. അവൻ അവളുടെ മുഖം പിടിച്ചുയർത്തി. അവൾ ഒരു ഞെട്ടലോടെ അവനെ നോക്കി പിന്നോട്ട് മാറി നിന്നു. അവൻ എഴുന്നേറ്റു അടുത്തേക്ക് വന്നതൊന്നും അവൾ അറിഞ്ഞിരുന്നില്ല. “പോകുന്നതിനു മുൻപ് വേഗം പോയി മുഖം കഴുകി വാ. നമ്മുടെ ഫസ്റ്റ് മീറ്റിംഗ് അല്ലേ… ഉഷാറാക്കണം.” അവൾ വേഗം തിരിഞ്ഞു നടന്നു. അവന്റെ കൂടെ കാറിൽ പോകാൻ അവൾക്കു യാതൊരു താല്പര്യവും ഉണ്ടായിരുന്നില്ല.

അവൾ കാറിന്റെ ബാക്ക് ഡോർ തുറക്കാൻ തുടങ്ങിയതും അവൻ ഫ്രന്റ്‌ ഡോർ ഓപ്പൺ ചെയ്തു. “തന്റെ ഡ്രൈവർ ആയിരിക്കാൻ എനിക്കു പറ്റില്ല. ഇവിടെ കയറിയാൽ മതി. ” “ഞാനിവിടെ കയറാം. ” “അല്ലെങ്കിൽ ഞാൻ പുറകിൽ ഇരുന്നോളാം. താൻ ഡ്രൈവ് ചെയ്തോളു.” കല്യാണിയമ്മ അന്നേ പറഞ്ഞതാ കാറും കൂടി പഠിക്കാൻ. ആദ്യം കാറു വാങ്ങട്ടെ എന്നിട്ടാകാം എന്നു മറുപടിയും പറഞ്ഞു. വേറെ വഴി ഇല്ലാതെ അവൾ ഫ്രന്റിൽ തന്നെ കയറി പുറത്തേക്കു നോക്കിയിരുന്നു. മീറ്റിംഗ് സക്സസ് ആയി. ഇരു കൂട്ടരും അഗ്രിമെന്റിൽ സൈൻ ചെയ്തു. കാറിൽ കയറിയ ശേഷം അനന്തു ഒരു ഷേക്ക്‌ ഹാൻഡ് നൽകാനായി കൈ നീട്ടി എങ്കിലും അവൾ അതു കണ്ടിട്ടും കാണാത്ത പോലെ പുറത്തേക്കു നോക്കിയിരുന്നു.

ഓഫീസിൽ തിരിച്ചെത്തുന്നതു വരെ അവന്റെ മുഖത്തേക്ക് നോക്കിയില്ല. വൈകുന്നേരംഓഫീസിൽ നിന്നും ഇറങ്ങുന്നതിനു മുൻപ് വാഷ് റൂമിൽ പോയി മുഖം കഴുകി കണ്ണാടിയിൽ നോക്കി. കവിളിലെ പാട് അവിടെ നീലിച്ചു കിടക്കുന്നുണ്ട്. കല്യാണിയമ്മ ചോദിച്ചാൽ എന്തു പറയും എന്നോർത്ത് വാതിൽ തുറന്നു. സുഷമ അവിടെ നിൽക്കുന്നുണ്ടായിരുന്നു. “അനന്തൻ സാറിന്റെ ഫസ്റ്റ് മീറ്റിംഗ് അടിപൊളിയായല്ലേ? ” “ഉം… ” “എന്താ നിനക്കൊരു സന്തോഷം ഇല്ലാത്തത്? ” “ഒന്നുമില്ല ചേച്ചി… ” “നുണ പറയല്ലേ മോളെ. ” “നാളെ പറയാം. മനസ്സിന് ഒരു സുഖവും ഇല്ല. ” വീട്ടിൽ എത്തി ഉമ്മറത്തു കയറിയതും കല്യാണിയമ്മ കവിളിലെ പാട് കണ്ടു പിടിച്ചിരുന്നു.

“ഓഫീസിൽ ഒന്നു വീണു. മുഖമടിച്ചാ വീണത്.” ഒരു വിധത്തിൽ പറഞ്ഞൊപ്പിച്ച് അവൾ വേഗം മുറിയിലേക്ക് നടന്നു. സാരി മാറി അകത്തേക്ക് വരുമ്പോൾ കല്യാണിയമ്മ ചായ ഉണ്ടാക്കി മേശമേൽ കൊടുന്നു വെച്ചിരുന്നു. “ഞാൻ ഉണ്ടാക്കില്ലേ അമ്മേ… ” “ഉം… രാവിലെ തന്നെ ഒന്നും കഴിക്കാതെ പോയിട്ട് എനിക്കൊരു സമാധാനവും ഉണ്ടായിരുന്നില്ല. അവിടെ ചെന്നതും വയറു നിറച്ചു കിട്ടി. അവൾ മനസ്സിൽ പറഞ്ഞു. “കണ്ണന്റെ മുറിയൊന്നു അടിച്ചു വൃത്തിയാക്കണം കേട്ടോ മോളെ. രാവിലെ ഇപ്പോൾ എന്നും തിരക്കിൽ അല്ലേ നീ ഓടുന്നത്. നമുക്ക് അടുക്കളയിലേക്ക് സഹായത്തിനു ഒരാളെ നിർത്തിയാലോ? ” “അതു വേണ്ട എന്റെ കല്യാണിക്കുട്ടീ… ഇവിടെ ഞാൻ ഇല്ലേ… ” രാത്രി അത്താഴം കഴിക്കുന്ന സമയം ആയിട്ടും കണ്ണൻ എത്തിയില്ല. “മോളെ നമുക്ക് കഴിക്കാം.

അവൻ ചിലപ്പോൾ വൈകും എന്നു പറഞ്ഞിരുന്നു. ഒരു താക്കോൽ അവനു കൊടുത്തിട്ടുണ്ട്. മോള് അവനു കഴിക്കാനുള്ളതെല്ലാം മേശമേൽ മൂടി വെച്ചാൽ മതി. *** രാവിലെ എഴുന്നേറ്റതിനു ശേഷം അവൾ ആദ്യം നോക്കിയത് കണ്ണാടിയിലേക്ക് ആയിരുന്നു. കവിളിലെ പാട് ഒരു മങ്ങലോട് കൂടി അവിടെ തന്നെ കിടക്കുന്നുണ്ടായിരുന്നു. അവൾ അടുക്കളയിൽ നിൽക്കുന്ന സമയത്താണ് കല്യാണിയമ്മ കണ്ണന്റെ ഡ്രസ്സ്‌ തേച്ചു വെക്കാനായി വന്നു പറഞ്ഞത്. മുറിയിലേക്ക് ചെല്ലുമ്പോൾ കട്ടിലിലെ വിരി എല്ലാം അലങ്കോലമായി കിടന്നിരുന്നു. അവൾ ഡ്രസ്സ്‌ എടുത്തു മുറിയിലേക്ക് നടന്നു. അയൺ ചെയ്തതിനു ശേഷം തിരിച്ചു മുറിയിൽ കൊണ്ടു വെച്ചു. തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോഴാണ് കട്ടിലിലെ വിരി ഒന്നു ശരിക്കും വിരിച്ചിടാം എന്നു കരുതി എടുത്തത്.

വിരിയെടുത്ത് കുടയുമ്പോൾ ആണ് വാതിൽക്കൽ നിന്നും ഒരു ശബ്ദം കേട്ടത്. അവൾ പെട്ടെന്ന് തിരിഞ്ഞു നോക്കി. അവൾ അറിയാതെ തന്നെ വിരി അവളുടെ കയ്യിൽ നിന്നും വീണു. അയാളുടെ മിഴികൾ അവളിൽ തന്നെ ആയിരുന്നു… അയാൾ മുറിയിലേക്ക് കയറി പുറം കാലു കൊണ്ടു വാതിൽ അടച്ച് വാതിലിൽ ചാരി നിന്നു. ഒരു ഭയം അവളെ മെല്ലെ വന്നു പൊതിഞ്ഞു… “സർ… ” അവൾ പതിയെ പറഞ്ഞു. ഓഫീസിൽ കാണുന്നത് പോലെയല്ല. ഒരു കാവി മുണ്ടാണ് ഉടുത്തിരുന്നത്. കഴുത്തിൽ ഒരു തോർത്ത്‌ കിടപ്പുണ്ട്. മുടി അലസമായി കിടക്കുന്നു. മിഴികൾ അപ്പോഴും അവളിൽ തന്നെ ആയിരുന്നു. അവൻ അവളെ നോക്കി നിന്നു. ദാവണിയിൽ അവൾ വളരെ സുന്ദരിയാണെന്ന് അവനു തോന്നി.

നെറ്റിയിലെ ചന്ദനക്കുറി അവൾക്കു വല്ലാത്ത ഐശ്വര്യം നൽകുന്നുണ്ട്. ഒരു നിമിഷം കണ്ണുകൾ കവിളിലെ പാടിൽ തങ്ങി നിന്നു. കല്യാണിയമ്മയുടെ കണ്ണനും അനന്തകൃഷ്ണനും ഒന്നാണെന്നു അവൾക്കു അപ്പോഴാണ് മനസിലായത്. ഇന്നലെ ഷർട്ട്‌ കണ്ടിട്ട് പോലും ഇങ്ങനെ ഒരു സംശയം തോന്നിയില്ല. ഇയാൾ കാരണം നേരം വൈകിയിട്ട്… അവൾ പതിയെ കവിളിൽ തൊട്ടു. അവൾ വേഗം നിലത്തു കിടന്ന വിരിയെടുത്ത് വിരിച്ചു. അതിനു ശേഷം വാതിൽക്കലേക്ക് നടന്നു. “വാതിൽ തുറക്കൂ… എനിക്കു പോകണം. ” “നിന്നോടാരാ എന്റെ മുറിയിലേക്ക് കയറാൻ പറഞ്ഞത്? ” “കല്യാണിയമ്മ പറഞ്ഞിട്ടാ… ഇനി വരില്ല.” “വരില്ലേ… എന്നാലിനി എവിടേക്കും പറഞ്ഞു വിടില്ല. ”

അവന്റെ കൈകൾ തന്റെ മുഖത്തിനു നേർക്കു വരുന്നതു കണ്ടതും അവൾ വേഗം പുറകിലേക്ക് മാറി. “മാറി നിൽക്ക്… അല്ലേൽ ഞാൻ ഇപ്പോൾ അമ്മയെ വിളിക്കും. ” “അമ്മയോ? ” “കല്യാണിയമ്മയെ വിളിക്കുമെന്ന്. ” “അപ്പോൾ വേണി അപ്പച്ചിയുടെ മോൾ ആണോ. എന്നാൽ എനിക്കു ധൈര്യമായി തൊടാം. എന്റെ മുറപ്പെണ്ണ് അല്ലേ നീ. ” എന്നു പറഞ്ഞ് ബലമായി അവളെ ചേർത്തു പിടിച്ച് കവിളിലെ പാടിൽ അധരങ്ങൾ ചേർത്തു. ദേഷ്യം കൊണ്ടു അവളുടെ മുഖം ചുവന്നു. അവനെ പിടിച്ചു തള്ളി അടിക്കാനായി കൈ ഓങ്ങിയതും അവൻ കൈയിൽ പിടിച്ചു. അവൾ കുതറാൻ ശ്രമിച്ചതും അവളുടെ കൈ പിടിച്ചു പുറകിലേക്ക് മടക്കി. അവൾക്കു നന്നായി വേദനിക്കുന്നുണ്ടായിരുന്നു.

അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ അവനു പാവം തോന്നി. കയ്യിലെ പിടി വിട്ട് മാറി കൊടുത്തു. അവൾ വേഗം വാതിൽ തുറന്നു പുറത്തേക്കു ഓടി. മുറിയിൽ എത്തുംമ്പോഴേക്കും അവൾ നന്നായി കിതയ്ക്കുന്നുണ്ടായിരുന്നു. ഇയാൾ ഇതു എന്തൊക്കെയാ ന്റെ കൃഷ്ണാ കാണിക്കുന്നത്. എന്നെ ഇവിടെ നിന്നും കെട്ടു കെട്ടിക്കാൻ വന്ന അവതാരം ആണോ ഇത്. അവൾ അടുക്കളയിലേക്ക് നടന്നു. കണ്ണനു അട നല്ല ഇഷ്ടമാണ്. രാവിലെ അതുമതിയെന്ന് കല്യാണിയമ്മ ഇന്നലെ രാത്രി പറഞ്ഞിരുന്നു. അവൾ അട പ്ലേറ്റിലേക്ക് എടുത്തു വെച്ചു. ചായ അടുപ്പത്തു വെച്ചപ്പോഴാണ് കല്യാണിയമ്മ അങ്ങോട്ട്‌ വന്നത്. “കണ്ണൻ കഴിക്കാൻ വന്നിരുന്നൂട്ടോ. ” “ഉം… ” “എന്താ മോളെ സുഖമില്ലേ?” “ഒന്നൂല്യ അമ്മേ.

കഴിക്കാൻ ഇരുന്നോളു. ഞാൻ ചായയുമായി ഇപ്പോൾ വരാം. ” അവൾ കഴിക്കാനുള്ളതെല്ലാം മേശമേൽ കൊടുന്നു വെച്ചതിനു ശേഷം അവന്റെ മുഖത്തേക്ക് നോക്കി. അവൻ പുഞ്ചിരിച്ചു. അവൾ കല്യാണിയമ്മയെ നോക്കി. “മോള് കഴിക്കുന്നില്ലേ? ” “ഞാൻ കഴിച്ചോളാം അമ്മ കഴിച്ചോളൂ. ” എന്നു പറഞ്ഞ് അടുക്കളയിലേക്ക് നടന്നു. ഉച്ചക്ക് കൊണ്ടു പോകുന്നതിനുള്ള ചോറ് പാത്രത്തിൽ ആക്കുന്നതിനിടയിൽ അവിടെ നിന്നു തന്നെ ചായ കുടിച്ചു. ചോറും പാത്രവും വെള്ളവും എടുത്തു മുറിയിലേക്ക് പോകുമ്പോൾ കല്യാണിയമ്മ വീണ്ടും വിളിച്ചു. “കഴിച്ചിട്ട് പോ മോളെ. ” “ഞാൻ ചായ കുടിച്ചു അമ്മേ. അതു മതി. ” “അതു പോരാ… വേഗം വന്നിരുന്ന് കഴിയ്ക്ക്. മോനെ… ഇവള് ഇന്നലെ തന്നെ കഴിക്കാതെ പോയിട്ട് വീണു.

അടുക്കളയിൽ ഒരാളെ സഹായത്തിനു നിർത്താം എന്നു പറഞ്ഞാലും സമ്മതിക്കില്ല. രാവിലെ ആണെങ്കിൽ ഒന്നിനും സമയം കാണുകയുമില്ല. ” അവൾ ചോറും പാത്രവും വെള്ളവും മേശമേൽ വെച്ചു. വേഗം ഒരു അട എടുത്തു പ്ലേറ്റിൽ ഇട്ട്‌ അവിടെ നിന്നു തന്നെ കഴിക്കാൻ തുടങ്ങി. “ചായ കുടിക്കു മോളെ. ” “വേണ്ട അമ്മേ. നേരം പോയി. ഇതു മതി. ” “ആ അപ്പച്ചി… ഈ വേണി ആണുട്ടോ ഓഫീസിലെ എന്റെ അസിസ്റ്റന്റ്‌. കുറേ മുൻപ് ഒന്നു രണ്ടു തവണ ഓഫീസിൽ വെച്ചു കണ്ടപ്പോഴും എനിക്ക് അറിയില്ലായിരുന്നു ഇയാള് ഇവിടെയാ താമസമെന്ന്. അമ്മാവനും ഒന്നും പറഞ്ഞിരുന്നില്ല. ഇന്നു രാവിലെ മുറിയിൽ വെച്ചു കണ്ടപ്പോഴാ മനസിലായത്. സാറ് തന്നെ മുൻപ് കണ്ടിട്ടുണ്ടോ. എന്നിട്ട് താൻ കണ്ടിട്ടില്ലല്ലോ… അവൾ ചിന്തിച്ചു.

“അതെയോ മോളെ. എന്നിട്ട് നീ പറഞ്ഞില്ലല്ലോ.” “അത്… സാർ പറഞ്ഞിട്ടുണ്ടാകും എന്നു കരുതി. “സാറോ… ഇതു വരെ ഇവന്റെ കാര്യങ്ങൾ പറയുമ്പോൾ കണ്ണേട്ടൻ എന്നല്ലേ പറഞ്ഞോണ്ടിരുന്നത്. സാറ് വിളിയൊക്കെ ഓഫീസിൽ മതി. ഓഫീസ് കാര്യങ്ങൾ ഒക്കെ ഓഫീസിൽ ഇട്ട്‌ തന്നെ വന്നേക്കണം. ” അവൾ ഒന്നും പറയാതെ കൈ കഴുകാനായി നടന്നു. അവൾ ഓഫീസിൽ പോകാൻ ഇറങ്ങുമ്പോഴേക്കും അവൻ പോയി കഴിഞ്ഞിരുന്നു. *** മുഖം കുനിച്ച് അവൾ ഇരുന്നു. സാറിന്റെ മുഖത്തേക്ക് നോക്കുമ്പോൾ രാവിലത്തെ കാര്യങ്ങളാണ് മനസിലേക്ക് കടന്നു വരുന്നത്.

മുഖത്തേക്ക് നോക്കിയാൽ ആ കണ്ണുകൾ തന്റെ കണ്ണിലേക്കു ആഴ്ന്നിറങ്ങുകയാണ്. “നാളെ തന്നെ മാർക്കറ്റിംഗ് സെക്ഷനിലെ എല്ലാവരുമായി ഒരു മീറ്റിംഗ് അറേഞ്ച് ചെയ്യാൻ ജിതിനോട് പറയണം.” “ഉം… ” “ബ്രേക്ക്‌ ഫാസ്റ്റ് സൂപ്പർ ആയിരുന്നു… ” “ഉം… ” “നാളെ മുതൽ എനിക്കും ലഞ്ച് വേണം.” “ഇതു വീടല്ല. വീട്ടുകാര്യങ്ങൾ സംസാരിക്കാൻ. ” “എന്റെ പെണ്ണിനോട് എവിടെയും വെച്ച് ഞാൻ എന്തും സംസാരിക്കും. അതിനി ഓഫീസാണോ വീടാണോ റോഡാണോ എന്നൊന്നും ഞാൻ നോക്കില്ല… ” അവൾ ഒരു ഞെട്ടലോടെ മുഖമുയർത്തി അവനെ നോക്കി… (തുടരും… )

കൃഷ്ണവേണി: ഭാഗം 2

Share this story