ഒരു ചെമ്പകപ്പൂവിന്റെ ഓർമ്മയ്ക്ക്: ഭാഗം 34

ഒരു ചെമ്പകപ്പൂവിന്റെ ഓർമ്മയ്ക്ക്: ഭാഗം 34

എഴുത്തുകാരി: ദിവ്യ കഷ്യപ്പ്

ഒരു സ്തംഭനാവസ്ഥയിലായിരുന്നു ചന്ദ്രശേഖർ… നവി പറഞ്ഞതൊന്നും ഉൾക്കൊള്ളാൻ അയാൾക്ക് കഴിയുന്നില്ലായിരുന്നു…ഗൗരി… പണ്ടിവിടെ ഇഷാനിയെ തിരക്കി വന്ന ദേവന്റെ പെങ്ങളാണെന്നും ദേവൻ ആത്മഹത്യ ചെയ്തു എന്നതുമൊക്കെ ചെവിയിലിരുന്നു മൂളക്കം ചൊല്ലുന്നതു അയാൾ അറിഞ്ഞു.. രണ്ടുപേരും തിരുനക്കര അമ്പലത്തിന്റെ പടവിൽ ഇരിക്കുകയായിരുന്നു… തലേ ദിവസം നവിക്ക് ഉറങ്ങാനെ കഴിഞ്ഞില്ലായിരുന്നു… തിരിഞ്ഞും മറിഞ്ഞും കിടന്നു എങ്ങനെയോ നേരം വെളുപ്പിക്കുകയായിരുന്നു… സന്തോഷമാണോ സങ്കടമാണോ നെഞ്ചിൽ വന്നു മുട്ടി നിൽക്കുന്നതെന്നു അവന് തിരിച്ചറിയാൻ കഴിയുന്നുണ്ടായിരുന്നില്ല…

കണ്ണിൽ നിന്നുതിർന്നു വീണ കണ്ണീർക്കണങ്ങൾ പോലും നെഞ്ചിലെ സന്തോഷത്തിന്റെ വീർപ്പുമുട്ടലിൽ നിന്നാണോ അതോ സങ്കടത്തിന്റെ വീർപ്പുമുട്ടലിൽ നിന്നാണോ എന്ന് നവിക്ക് മനസിലായില്ല… തലയണ അടക്കി വെച്ചു കൊണ്ട് കിടന്നു ആവോളം കണ്ണീർ വാർത്തു… വെളുപ്പിന് അച്ഛന്റെ മുറിയിൽ തട്ടും മുട്ടും കേട്ട് അങ്ങോട്ട് ചെന്നപ്പോൾ അച്ഛൻ കുളിച്ചു നിൽക്കുന്നു അമ്പലത്തിൽ പോകാൻ.. “ഇന്ന് വൃശ്ചികം ഒന്നല്ലേ നവി..മണ്ഡലകാലം ആരംഭമല്ലേ… ഒന്ന് തിരുനക്കരയപ്പനെ തൊഴാൻ പോവാ “…എന്ന് അച്ഛൻ പറഞ്ഞപ്പോൾ നവിയുടെ മനസിലേക്ക് മറ്റൊരു വൃശ്ചിക പൂങ്കാറ്റ് വീശുകയായിരുന്നു.. അങ്ങ് കൽക്കണ്ടക്കുന്നു കടന്ന് വന്നൊരു തണുത്ത വൃശ്ചിക പൂങ്കാറ്റ്…

“അച്ഛൻ നിൽക്കൂ…ഞാനും വരുന്നു”… എന്ന് പറഞ്ഞു റെഡി ആകുകയായിരുന്നു നവി.. അങ്ങനെ ഇരുവരും കൂടി എത്തിയതാണ് തിരുനക്കര അമ്പലത്തിൽ.. അവിടെയും മഹാദേവ പ്രതിഷ്ഠ തന്നെ… തൊഴുതിറങ്ങിയപ്പോൾ നവി പറഞ്ഞ പ്രകാരമാണ് കല്പടവിൽ ഇരുന്നത്… അവിടെയിരുന്നാണ് തലേ ദിവസം നിരഞ്ജനയിൽ നിന്നറിഞ്ഞ കാര്യങ്ങൾ അച്ഛനോട് പറഞ്ഞത്…അവിടെ നിരഞ്ജനയോടൊപ്പമുള്ളത് ഗൗരിയാണെന്നും…… അത് കേട്ടതിന്റെ ഞെട്ടലിൽ ആയിരുന്നു ചന്ദ്രശേഖർ…. “വാ അച്ഛാ.. പോകാം…”ഒരു ദീർഘനിശ്വാസത്തോടെ നവി എഴുന്നേറ്റു…ഒപ്പം ചന്ദ്രശേഖറും…. ……………………….🌷🌷 രാവിലെ ഒൻപതു മണിയോടെ അവർ പോകാനിറങ്ങി… നിരഞ്ജന അവളുടെ കാറിൽ തൃശൂരേക്കും…

നവി ഗൗരിയേം കൂട്ടി ആലപ്പുഴക്ക് അച്ഛമ്മയുടെ അടുത്തേക്കും… മുറിയിൽ നിന്നിറങ്ങും മുൻപേ ഗൗരി നിരഞ്ജനയെ കെട്ടിപ്പിടിച്ചു കരഞ്ഞു… “നീ എന്തിനാടാ വിഷമിക്കുന്നെ?? നവിയുടെ അടുത്തല്ലേ എത്തിപ്പെട്ടിരിക്കുന്നെ… ആര് നോക്കും നിന്നെ നവി നോക്കുംപോൽ.. ആര് തരും നവി തരുന്ന സ്നേഹം… പുണ്യം ചെയ്യണം ഗൗരി… ഇതുപോലെ പ്രണയിക്കുന്നൊരാളെ കിട്ടാൻ… U are really lucky…” “മുത്തശ്ശി…”ഗൗരി വിങ്ങിപ്പൊട്ടി… “നവി എന്തെങ്കിലും മനസ്സിൽ കണ്ടിട്ടുണ്ടാവും… അങ്ങോട്ട് ചോദിക്കണ്ടാ.. ചിലപ്പോൾ ദേഷ്യാവും…കാത്തിരിക്കൂ…”നിരഞ്ജന അവളെ തന്നിൽ നിന്നു അടർത്തി മാറ്റി.. പോകാനിറങ്ങും നേരം ഗൗരിയെ ഒന്ന് പാളി നോക്കി ചന്ദ്രശേഖർ… അടുത്തൂടെ കടന്ന് പോയ ആ മുഖത്തിലെ സങ്കടം അയാളെയും സങ്കടത്തിലാക്കി…

അറിഞ്ഞോ അറിയാതെയോ തന്റെ കുടുംബത്താൽ തട്ടിത്തകർക്കപ്പെട്ട ഒരു കുടുംബത്തിലെ കുട്ടി എന്ന സങ്കട ഓർമയിലും ഇന്നവൾ തന്റെ മകന്റെ മനസിന്റെ പാതിയാണല്ലോ എന്ന ഓർമ അയാളെ ആശ്വാസത്തിന്റെ കൊടുമുടിയിൽ എത്തിച്ചു… തന്നെ കടന്നുപോയവളെ കൈനീട്ടി പിടിച്ചു തന്നിലേക്ക് വിളിച്ചു അയാൾ… അറിയാതെ ആ കൈകൾ ഗൗരിയുടെ ശിരസിനെ തഴുകിയപ്പോൾ ഏറെ സന്തോഷിച്ചത് നവിയാണ്… അച്ഛൻ എല്ലാം അറിഞ്ഞിരിക്കുന്നു എന്ന് ആ പ്രവൃത്തിയിൽ നിന്നു ഗൗരി മനസിലാക്കുകയും ചെയ്തു… “അച്ഛാ.. ഞാൻ ആ വഴി ട്രിവാൻഡ്രം പോകും കേട്ടോ… സെമിനാറിന്…”നവി വിളിച്ചു പറഞ്ഞത് കേട്ട് ചന്ദ്രശേഖർ ഗൗരിയുടെ ശിരസ്സിൽ നിന്നും കൈകളെടുത്തു…

“മോള് ചെല്ല്… അച്ഛൻ ആലപ്പുഴക്ക് വരുന്നുണ്ട്… അച്ഛനു മോളോട് സംസാരിക്കാനുണ്ട്…”അയാൾ അവളോട്‌ മാത്രമായി പറഞ്ഞു… മെല്ലെയൊന്നു തലയാട്ടി കൊണ്ട് ഗൗരി ചെന്നു കാറിൽ കയറി… നിരഞ്ജന വേറെ വഴിക്കായിരുന്നു.. നവി ചങ്ങനാശേരി വഴി ആലപ്പുഴക്ക് തിരിച്ചു… ഒന്നര മണിക്കൂർ യാത്രയ്ക്കിടയിൽ രണ്ടുപേരും ഒന്നും സംസാരിച്ചില്ല… ഇടയ്ക്കെപ്പോഴോ നവി സ്റ്റീരിയോ ഓൺ ചെയ്തു… ഹൃദയത്തെ വിങ്ങലിൻ കയത്തിൽ എത്തിക്കുന്നൊരു ഗാനം അതിൽ നിന്നും കേൾക്കാൻ തുടങ്ങി… ❣”വാനം പോലെ… ഒരു നൂറ് കൈനീട്ടി..” “മാറിൽ ചേർക്കാം.. നിറതിങ്കളായ്…” “ഏതോ…. ഒരു വിധിയായ്….” “മുന്നിൽ…. ഇരുൾ മൂടിയാൽ…” “അകലെ നീ പോയാലും നിഴലാവാം ഞാൻ….”

“വരുവോളം.. വഴിയോരം തിരിയാവാം ഞാൻ….”❣ (കടപ്പാട് ) ആ പാട്ടിന്റെ വിങ്ങലിൽ ഗൗരി നവിയെ തല തിരിച്ചൊന്നു നോക്കി… അവൻ ഈ ലോകത്തൊന്നും അല്ലെന്നു ഗൗരിക്ക് തോന്നി.. ആ പാട്ടിന്റെ വരികളിലെ ആഴങ്ങളിൽ എങ്ങോ ആണെന്ന് ആ മുഖം കണ്ടാലറിയാമായിരുന്നു… ചന്ദ്രമംഗലം തറവാട് വീടിന്റെ മുന്നിൽ കാർ ചെന്നു നിന്നപ്പോൾ അച്ഛമ്മ വാതിൽക്കൽ തന്നെയുണ്ടായിരുന്നു… നവിയോടൊപ്പം ഒരു പെൺകുട്ടി കൂടി ഇറങ്ങുന്നത് കണ്ടു അച്ഛമ്മ അമ്പരന്നു… നവി ഓടിച്ചെന്നു അച്ഛമ്മയെ കെട്ടിപ്പിടിച്ചു… “ആരാ അമ്പാടിക്കുട്ടാ ഇത്… ഒരു സുന്ദരിക്കുട്ടി…”അച്ഛമ്മ അവന്റെ ചെവിയിൽ ചോദിച്ചു… “പണ്ട് കാണണം എന്ന് മോഹം പറഞ്ഞോരാളില്ലേ… ഫോണിൽ സംസാരിച്ചിട്ടുണ്ടല്ലോ… ആ ആൾ…”നവി കുസൃതി ചിരിയോടെ തിരിച്ചു അച്ഛമ്മയുടെ ചെവിയിലും പറഞ്ഞു…

അത് കണ്ടു ഒരു നിമിഷം ഗൗരിയുടെ ചുണ്ടിൽ ഒരു മന്ദഹാസം വിരിഞ്ഞു.. ആ ചിരിച്ച മുഖത്തോടെ അച്ഛമ്മയെ നോക്കിയപ്പോൾ ആ മുഖം സന്തോഷത്താൽ വിടരുന്നതാണ് അവൾ കണ്ടത്… “വാ… ഇങ്ങ് വന്നേ…”അച്ഛമ്മ അവളെ ചേർത്തു പിടിച്ചു അകത്തേക്ക് കൊണ്ട് പോയി… ഉച്ചയൂണ് കഴിഞ്ഞു നവി തിരുവനന്തപുരത്തേക്ക് പോകാനൊരുങ്ങി…അച്ഛമ്മയുടെ മുറിയിൽ ഒരുങ്ങിക്കൊണ്ട് നിന്ന അവന്റെ അടുത്തേക്ക് അച്ഛമ്മ എത്തി… “കുട്ടനെന്നാ തിരിച്ചു വരിക…??” “മൂന്നാല് ദിവസം കഴിയും അച്ഛമ്മേ… വന്നിട്ട് കുറച്ച് കാര്യങ്ങൾ പറയാനുണ്ട്… അതുവരെ ആ കാന്താരിയെ നോക്കിക്കോണം കേട്ടോ..അവൾക്കൊരു മുറിയും കൂടി കൊടുത്തേക്ക്…” നവി അച്ഛമ്മയോട് കാര്യങ്ങൾ ഒന്നും തന്നെ പറഞ്ഞിരുന്നില്ല…

വന്നിട്ടാകാം എന്ന് കരുതി.. “അമ്പാടി കുട്ടാ നീ വന്നിട്ട് ആ മോളോട് ഒന്നും സംസാരിച്ചു കണ്ടില്ലല്ലോ…”?? “ഇനിയും സമയം കിടക്കുവല്ലേ ന്റെ അച്ഛമ്മ കുട്ടി…”നവി അച്ഛമ്മയുടെ മൂക്കിൽ പിടിച്ചു വലിച്ചു… മുറിക്ക് പുറത്തേക്കിറങ്ങിയതും ഗൗരി അവിടെ അകത്തളത്തിൽ പരുങ്ങി നിൽക്കുന്നത് കണ്ടു… നവി അവളുടെ അടുത്തേക്ക് ചെന്നു കനപ്പിച്ചൊന്നു നോക്കി… “ദേ ഒരു കാര്യം പറഞ്ഞേക്കാം… ഞാൻ മൂന്നാല് ദിവസം കഴിഞ്ഞേ വരൂ… ഇവിടെ അച്ഛമ്മ പറയുന്നത് കേട്ട് അടങ്ങി ഒതുങ്ങി നിന്നോണം.. ചാടിപ്പോകാൻ വല്ല ഉദ്ദേശവും ഉണ്ടെങ്കിൽ പ്രത്യാഘാതം വളരെ വലുതായിരിക്കും… പറഞ്ഞില്ലെന്നു വേണ്ടാ…” നവി നടന്നു ചെന്നു കാറിൽ കയറി… അച്ഛമ്മ കാറിന്റെ അടുക്കൽ വരെ ചെന്നു…

അവൻ അച്ഛമ്മയുടെ നെറ്റിയിൽ ഒരുമ്മ നൽകി കാറിലേക്ക് കയറി… തന്നെ നവിയേട്ടൻ ഒന്ന് തിരിഞ്ഞു നോക്കും എന്ന് കരുതിയ ഗൗരിക്ക് തെറ്റി… അവൻ തിരിഞ്ഞുനോക്കാതെയാണ് കാറിലേക്ക് കയറിയിരുന്നത്… അച്ഛമ്മയെ നോക്കി കൈവീശി കാണിച്ചു കൊണ്ട് കാർ മുറ്റം കടന്നു… ഗൗരിയുടെ മുഖം പരിഭവത്താൽ മൂടി.. കണ്ണും നിറഞ്ഞു… വിതുമ്മിയ ചുണ്ടുകൾ അച്ഛമ്മ കാണാതിരിക്കുവാനായി കൂട്ടിപ്പിടിച്ചു വെച്ചു അവൾ… മിററിലൂടെ ആ മുഖത്തെ പരിഭവചോപ്പ് കണ്ട നവി വല്ലാത്തൊരു നിർവൃതിയോടെ ചിരിച്ചു.. നാല് വർഷത്തോളമായി അവന്റെ ചുണ്ടിൽ നിന്നു അന്യമായി നിന്നിരുന്നൊരാ ഹൃദ്യമായ പുഞ്ചിരി പൂർവാധികം ശക്തിയോടെ തിരിച്ചു വരാൻ ഒരുക്കം കൂട്ടുകയായിരുന്നു…😊

വൈകുന്നേരത്തെ ചായ കുടിക്ക് ശേഷം അച്ഛമ്മ അവളെ മുകളിലെ ഒരു മുറിയിലേക്ക് കൂട്ടിക്കൊണ്ട് പോയി… “മ്മ്.. ഗൗരികുട്ടി ഇവിടെ കിടന്നോ കേട്ടോ.. ഇതാ നിനക്കുള്ള മുറി…” “യ്യോ.. ഇത്രേം വലിയ മുറിയിൽ ഒറ്റക്കോ.. നിക്ക് പേടിയാ…” “ഇത്ര പേടിത്തൊണ്ടി ആണോ നീ… എന്നാ കിടക്കാൻ താഴേക്ക് പോര്.. കുളിയൊക്കെ ഇവിടെ കഴിച്ചോ.. അച്ഛമ്മേടെ ബാത്റൂമിൽ അപ്പടി കുഴമ്പിന്റേം തൈലത്തിന്റേം ഒക്കെ മണമാ.. ചിലപ്പോ കാലും വഴുക്കും..” “മ്മ്..”ഗൗരി തലയാട്ടി സമ്മതിച്ചു… “എന്നാൽ മോളിത്തിരി വിശ്രമിച്ചോ.. വിളക്ക് വെയ്ക്കും നേരം താഴേക്ക് വന്നാൽ മതി..”അച്ഛമ്മ താഴെക്കിറങ്ങി പോയി… ഗൗരി ആ മുറിയാകെയൊന്നു നോക്കി.. മൊത്തം തടിപ്പണിയാണ്… മച്ചും ഗോവണിയും മുറിയുടെ പുറത്തെ വരാന്തയിലെ കൈവരിയും ചാരുപടിയും എല്ലാം തടിയുടെയാണ്…

നല്ല തണുപ്പും സുഖവും… അപ്പോഴാണ് മേശപ്പുറത്തു അച്ഛമ്മയെ കെട്ടിപ്പിടിച്ചിരിക്കുന്ന നവിയുടെ ഒരു ഫോട്ടോ ഗൗരി കണ്ടത്… ഇത് നവിയേട്ടന്റെ മുറിയാണോ…?? അവൾ ചുറ്റിനും ഒന്നൂടി നോക്കി… ഹാങ്കറിൽ തൂക്കിയിട്ടിരിക്കുന്ന രണ്ട് മൂന്ന് ടി ഷർട്ടുകൾ കണ്ടപ്പോൾ അവൾക്ക് മനസിലായി അത് നവിയുടെ മുറിയാണെന്ന്….അവൾ ആ ഫോട്ടോയെടുത്ത് അതിലേക്കു തന്നെ ഉറ്റുനോക്കി നിന്നു… നോക്കി നിൽക്കുംതോറും എന്തിനോ മനസ് നിറയുന്നുണ്ടായിരുന്നു…വല്ലാത്തൊരു സന്തോഷത്തോടെ…. …. എന്താവും ആ മനസ്സിൽ… ദേഷ്യവോ.. അതോ സങ്കടമോ… ഒന്നും ഇതുവരെ മിണ്ടിയിട്ടില്ല… നിരഞ്ജനചേച്ചി പറഞ്ഞു കൊടുത്തത് കേട്ട് മൗനമായി നിൽക്കുകയാണ്… ഇനി എപ്പോഴാണാവോ ഒരു പൊട്ടിത്തെറി ഉണ്ടാവുന്നത്…… ഗൗരി ഒരു നിശ്വാസത്തോടെ ഫോട്ടോ താഴെ വെച്ചു……🌷🌷🌷

രണ്ട് ദിവസം കഴിഞ്ഞു… സെമിനാർ കഴിഞ്ഞു നവി നേരെ പോയത് തിരുമുല്ലക്കാവിലേക്കാണ്…. വൃശ്ചികമാസം തുടങ്ങിയതിനാൽ മല കയറാൻ ആളുണ്ടായിരുന്നു…. പോകും വഴി അവൻ വാര്യവും എഴുത്തുപുരയും രവിയേട്ടന്റെ വീടും ഒക്കെ നോക്കി കണ്ടു.. വാര്യത്ത് താമസക്കാർ ആരൂമുള്ളതായി തോന്നിയില്ല.. അടച്ചിട്ടിരിക്കുകയാണ്… താഴ്വാരത്ത് ചെന്നു അവിടുത്തെ സ്നാനക്കുളത്തിൽ മുങ്ങി കുളിച്ച ശേഷം നവി മലകയറാൻ തുടങ്ങി.. മനസ് മുഴുവൻ മഹാദേവനും ഹൃദയത്തിൽ ഗൗരിയുമായിരുന്നു…. രണ്ടര മണിക്കൂറിന്റെ ഒടുവിൽ നവി മലമുകളിൽ എത്തി.. കൽക്കണ്ടപ്പൂവ് വാങ്ങി നടയിൽ വെച്ചു… കൈകൾ കൂപ്പി നിന്നു മനസ് നിറച്ചു മഹാദേവനെ തൊഴുതു…

“നന്ദി… തിരികെ കാണിച്ചു തന്നതിന്… എന്നും എക്കാലവും ന്റെ കൂടെ തന്നെ ഉണ്ടാകണേ മഹാദേവാ …..”അവൻ മനസുരുകി പ്രാർത്ഥിച്ചു… തിരുമേനി നടനേരെ വന്നപ്പോൾ അവൻ കയ്യിലിരുന്ന വർണ്ണക്കടലാസ് പൊതി നടയിലേക്ക് വെച്ചു… “പൂജിക്കണം തിരുമേനി…” അദ്ദേഹം തലകുലുക്കി കൊണ്ട് അതുമെടുത്തു അകത്തേക്ക് പോയി… കുറച്ച് നിമിഷങ്ങൾക്ക് ശേഷം ഒരിലചീന്തിൽ കുറെ പുഷ്പങ്ങൾക്ക് നടുവിൽ കളഭം തേച്ചൊരാ പൊന്നിൻ തരി നവിക്ക് തിരികെ കൊടുത്തു… “ഓം..”എന്നെഴുതിയൊരു ആലിലതാലി!!!!

തിരികെ ഇറങ്ങി നവി പോയത് തൃശൂർക്കാണ്… രാത്രിയോടെ നിരഞ്ജനയുടെ വീട്ടിൽ ചെല്ലുമ്പോൾ അവർ കിടന്നു കഴിഞ്ഞിരുന്നു… കോളിങ് ബെല്ലിന്റെ ഒച്ച കേട്ട് എഴുന്നേറ്റ് വന്ന ആര്യനും നിരഞ്ചനയും അസമയത്ത് നവിയെ മുന്നിൽ കണ്ടു അമ്പരന്നു… “എനിക്കിപ്പോ ഒന്ന് കിടക്കണം.. നാളെ രാവിലെ എന്നെ മുത്തശ്ശിയുടെ അടുത്ത് കൊണ്ട് പോകണം…”നവി പറയുന്നത് കേട്ട് ആര്യനും നിരഞ്ചനയും പരസ്പരം നോക്കി… പിറ്റേദിവസം പ്രാതൽ കഴിഞ്ഞു ആര്യനും നിരഞ്ചനയും നവിയെയും കൂട്ടി മുത്തശ്ശിയുടെ അടുത്തേക്ക് പോയി… നവിയെ കണ്ടു മുത്തശ്ശി ഭയങ്കര കരച്ചിലായിരുന്നു… ഇത്രയും നാൾ ഗൗരിയെ വിഷമിപ്പിക്കണ്ടാ എന്ന് കരുതി അടക്കി വെച്ചിരുന്ന സങ്കടം മുഴുവൻ അണപൊട്ടി ഒഴുകി നവിയെ കണ്ടപ്പോൾ… നവിയും കരഞ്ഞുപോയി…

മുത്തശ്ശിയെ കെട്ടിപ്പിടിച്ചവൻ കാറിലേക്ക് കയറ്റി… തിരിച്ചു കോട്ടയത്തേക്ക് പോരാൻ തുനിഞ്ഞ നവിയുടെ കയ്യിൽ ആര്യൻ ഒരു വലിയ കവർ വെച്ചു കൊടുത്തു…. എന്താണെന്ന് ചോദ്യഭാവത്തിൽ നോക്കിയ നവിയോട് “വാര്യവും എഴുത്തുപുരയും നിൽക്കുന്ന സ്ഥലത്തിന്റെ ഡോക്യുമെൻറ്സ് ആണെന്നും അത് ഗൗരിയിൽ നിന്നു തങ്ങളാണ് വിലക്ക് വാങ്ങിയതെന്നും “ആര്യൻ പറഞ്ഞു… ഒരു ഞെട്ടലായിരുന്നു നവിയുടെ മുഖത്ത്… കാറിൽ നിന്നിറങ്ങി വന്നു നവി രണ്ടുപേരെയും ചേർത്തു പിടിച്ചു… “എനിക്ക് മനസിലാവുന്നില്ല നിങ്ങളെ രണ്ടുപേരെയും… നിങ്ങളൊക്കെ എന്റെയാരാ… എന്നെ.. എന്റെ ഗൗരിയെ.. ഈ മുത്തശ്ശിയെ ഒക്കെ എന്തിനാ ഇത്രയും സ്നേഹിക്കുന്നെ… ഇങ്ങനെയും ഉണ്ടോ സൗഹൃദങ്ങൾ….”നവിയുടെ കണ്ണുകൾ ഈറനായി….🌷🌷

സന്ധ്യനാമം ജപിച്ച ശേഷം മുറിയിലേക്ക് വന്നതായിരുന്നു ഗൗരി… തണുപ്പ് കയറാനായി മുറിയുടെ പുറത്തേക്കുള്ള വാതിൽ അവൾ തുറന്നിട്ടു.. നല്ല ചെമ്പകപ്പൂവിന്റെ ഗന്ധം മൂക്കിലേക്കടിച്ചു കയറിയപ്പോഴാണ് ചാരുപടിയിലേക്ക് വീണു കിടക്കുന്ന ഒരു ചെമ്പക ചില്ലയും അതിലെ മൊട്ടിട്ട പൂക്കളും കാണുന്നത്… അവിടേക്കു ചെന്നിരുന്നവൾ ആ പൂക്കൾ കയ്യിലുതിർത്തെടുത്തു….വാസനിച്ചു… പടിയിൽ ഏതോ രണ്ട് പുസ്തകങ്ങൾ ഇരിക്കുന്നത് കണ്ടു അവൾ അതെടുത്തു നോക്കി… അതിൽ കുറെ കടലാസ് കഷ്ണങ്ങൾ… എന്തൊക്കെയോ കുത്തിക്കുറിച്ച് വെച്ചിരിക്കുന്നത്… വെറുതെ ആ പുസ്തകത്തിന്റെ താളുകൾ മറിച്ചു കൊണ്ടിരുന്നതിനിടയിൽ നിന്നും ഉണങ്ങിക്കരിഞ്ഞ കുറെ ചെമ്പകപ്പൂക്കൾ അതിൽ നിന്നും താഴേക്ക് വീണു.. കൂടെ ഒരു കടലാസ്സും…. 🌷”ഒരു ചെമ്പകപ്പൂവിന്റെ ഓർമ്മയ്ക്ക് “🌷

നവിയുടെ കയ്യക്ഷരത്തിൽ ആ എഴുതിയിരിക്കുന്നത് കണ്ടു ഗൗരിയുടെ ഹൃദയം വിങ്ങി… ആ കടലാസ്സും ഉണങ്ങിയ പൂക്കളും താഴെ നിന്നവൾ വാരിയെടുത്തു നെഞ്ചോടു ചേർത്തു… ഹൃദയം വിങ്ങി നുറുങ്ങുകയായിരുന്നു…ഇനിയൊരു നിമിഷം പോലും നവിയെ കാണാതിരിക്കാനാവില്ല എന്നവൾക്ക് തോന്നി… ആ സാമീപ്യം… ആ ശബ്ദം.. ആ സ്പർശനം ഒന്നുമില്ലാതെ ഗൗരിയില്ലാ… തന്റെ ശ്വാസവും നിശ്വാസവും ഹൃദയവും ഹൃദയമിടിപ്പും എല്ലാമായ തന്റെ പ്രിയപ്പെട്ടവനു വേണ്ടി അവൾ കാത്തിരുന്നു… എവിടെ നിന്നോ അന്ന് കാറിൽ വെച്ചു കേട്ട ആ പാട്ട് ഒഴുകിയെത്തി അപ്പോഴും… ❣അകലെ നീ പോയാലും.. നിഴലാവാം ഞാൻ…. വരുവോളം.. വഴിയോരം.. തിരിയാവാം ഞാൻ….❣… കാത്തിരിക്കുവോ…. ദിവ്യ…..

ഒരു ചെമ്പകപ്പൂവിന്റെ ഓർമ്മയ്ക്ക്: ഭാഗം 33

Share this story