സമാഗമം: ഭാഗം 11

സമാഗമം: ഭാഗം 11

എഴുത്തുകാരി: അനില സനൽ അനുരാധ

“ദീപുവേട്ടനെ കുറ്റപ്പെടുത്തിയപ്പോൾ സഹിച്ചില്ല. ദീപുവേട്ടൻ കല്യാണം കഴിക്കാൻ പോകുന്ന കുട്ടിയ്ക്കും വീട്ടുകാർക്കും ഇതൊക്ക കേട്ടാൽ സങ്കടം ആകില്ലേ.” മീര തിരക്കി. “എന്നാലും വേണ്ടായിരുന്നു… കല്യാണക്കാര്യത്തിൽ തീരുമാനം ആയാൽ അല്ലേ ഇനി നിങ്ങൾ അങ്ങോട്ട് വരൂ… ” ദീപ പറഞ്ഞു. “എന്നാൽ അവർ അങ്ങോട്ട് വരേണ്ടി വരില്ല… ” സന്ദീപിന്റെ ശബ്ദം കേട്ടതും മീര ദീപയുടെ കയ്യിൽ മുറുകെപ്പിടിച്ചു. സന്ദീപ് മുറ്റത്തു നിന്നും തിണ്ണയിലേക്ക് ചാടിക്കയറി ഇരുന്നു… “ഏട്ടൻ എന്താ നേരത്തെ പോന്നത്?” ദീപ തിരക്കി. “ഇവൾക്ക് എന്നോട് യാതൊന്നും ഇല്ലെങ്കിലും എനിക്ക് ഒരു ഉത്തരവാദിത്തം ഉണ്ട്… അച്ഛനോട് കുറച്ചു കഴിഞ്ഞു വരാം എന്നു പറഞ്ഞ് പോന്നതാണ്. അവൻ എവിടെ? ” “ഞാൻ ഇവിടെയുണ്ട്.

” വാതിൽക്കൽ നിന്ന് നന്ദു പറഞ്ഞു. “അവിടെ ഉണ്ടായാൽ മതി… മീരയുടെ കാര്യങ്ങൾ നന്നായി ശ്രദ്ധിച്ചോണം. ഒരു പോക്ക് പോയാൽ എപ്പോഴെങ്കിലും തിരിച്ച് വീട്ടിലേക്ക് കയറി വരുന്ന സ്വഭാവം മാറ്റിക്കോ.” “എടാ അപ്പോഴത്തെ ഒരു ദേഷ്യത്തിനും ആവേശത്തിനും അങ്ങനെ സംഭവിച്ചു പോയി. നീ വേഗം വെല്ല്യച്ഛനെയും കൂട്ടി അരവിന്ദേട്ടനെ പോയിക്കാണ്. എന്നിട്ട് ആ കല്യാണക്കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാക്കി ഞങ്ങളെ അങ്ങോട്ട് കൊണ്ടു പോകൂ… ” “അയ്യടാ ! അങ്ങനെ ഒരു തീരുമാനവും ഉണ്ടാക്കുന്നില്ല. പിന്നെ നിനക്ക് കാശിനു വല്ല അത്യാവശ്യവും ഉണ്ടോ? ” “നന്ദേട്ടന്റെ കയ്യിൽ കാശൊക്കെയുണ്ട് ഏട്ടാ… ” ദീപ പറഞ്ഞു… “എവിടെ നിന്ന്? ” നന്ദു അവളെ നോക്കി പേടിപ്പിച്ചതും അവൾ മീരയെ നോക്കി…

മീര വേഗം മുഖം കുനിച്ചു.. സന്ദീപ് മീരയെ നോക്കി… കമ്മലിന്റെ ഞാത്ത് ഇല്ലായിരുന്നു… പക്ഷേ അവളുടെ കഴുത്തിൽ നന്ദുവിന്റെ മാല കിടക്കുന്നത് അപ്പോഴാണ് അവൻ ശ്രദ്ധിച്ചത്. അവൻ നന്ദുവിനെ നോക്കി… “പണയം വെച്ചത് ഞാൻ എടുത്തു കൊടുത്തോളാം.” “എങ്ങനെ? സ്ഥിരമായി നീ എന്തെങ്കിലും ജോലിക്ക് പോകാറുണ്ടോ?” “പോകും…” “ആഹ് ! കാണാം.. ഇനി ഓരോന്ന് ഓരോന്ന് കൊണ്ടു പോയി പണയം വെക്കണ്ട… ഒരു പെണ്ണിന്റെ ഉത്തരവാദിത്തം ഇപ്പോൾ നിന്നിലാണ്…” എന്നു പറഞ്ഞ് പോക്കറ്റിൽ നിന്നും പേഴ്സ് എടുത്ത് അവനു നേർക്ക് നീട്ടി. അത് നന്ദുവിന്റെ പേഴ്സ് ആയിരുന്നു… അവൻ അതു കൈനീട്ടി വാങ്ങി. അമ്മയുടെ ഫോട്ടോ, ലൈസൻസ് പിന്നെ നൂറ്റിപത്ത് രൂപയുമായിരുന്നു അതിൽ ഉണ്ടായിരുന്നത്…

നന്ദു അതു തുറന്നു നോക്കി. അതിൽ കുറച്ചു രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ കൂടെ വെച്ചിരിക്കുന്നു… “ദീപേ… കുറച്ചു കഴിഞ്ഞാൽ വീട്ടിലേക്ക് ചെല്ല്. എന്നിട്ട് ഇവർക്കുള്ള ഭക്ഷണം കൊണ്ടു വന്നു കൊടുക്കണം.” എന്നു പറഞ്ഞ് അവൻ തിണ്ണയിൽ നിന്നും ചാടി ഇറങ്ങി. “അവിടെ നിന്നേ ദീപു .. ” എന്നു പറഞ്ഞ് നന്ദു നോട്ടുകൾ എടുത്ത് അവന്റെ നേർക്ക് നീട്ടി… “എന്താ ഇത്? ” “അവളെ സംരക്ഷിക്കാൻ എനിക്ക് അറിയാം…” സന്ദീപ് ചുണ്ട് കോട്ടി കൊണ്ട് ചിരിച്ചു. “നീ ചിരിക്കണ്ട… തിരിച്ച് അങ്ങോട്ട് വരുന്നതു വരെ അവളെ ഞാൻ നോക്കും.” “കണ്ണു കൊണ്ട് ആയിരിക്കും… ” എന്നു പറഞ്ഞ് സന്ദീപ് നോട്ടുകൾ വാങ്ങി പോക്കറ്റിൽ വെച്ചു. “ഞാൻ അങ്ങോട്ട് ഇറങ്ങാണ്… ”

എന്ന് ആരോടെന്നില്ലാതെ പറഞ്ഞ് നടന്ന് അകലുന്ന സന്ദീപിനെ കാൺകെ മീരയുടെ കണ്ണുകൾ നിറഞ്ഞു… ദീപ പതിയെ തോളു കൊണ്ട് മീരയുടെ തോളിൽ തട്ടി. “ഏട്ടൻ എന്നോടൊന്നും ചോദിച്ചില്ലല്ലോ… ” അവൾ പരിഭവം പോലെ മെല്ലെ പറഞ്ഞു… “ഇങ്ങനെ അനുസരണക്കേട്‌ കാട്ടിയാൽ ചോദിക്കലും പറയലും അല്ല. ചിലപ്പോൾ നല്ല അടിയാണ് ഏട്ടന്മാർ നൽകുക.. ” എന്ന് പറഞ്ഞ് നിലത്തു കിടക്കുന്ന ചൂൽ എടുത്ത് ദീപ അടിച്ചു വാരാൻ തുടങ്ങി… ഉച്ചയോടെ വൃത്തിയാക്കലും തുടക്കലും എല്ലാം കഴിഞ്ഞു. ദീപ ഉച്ചക്ക് വീട്ടിലേക്ക് പോയി… തിരികെ വരുമ്പോൾ കൂടെ അമ്മയും ശിവാനി മോളും ഉണ്ടായിരുന്നു. ഭക്ഷണം അമ്മയുടെ കയ്യിലും മീരയുടെയും നന്ദുവിന്റെ ഡ്രസ്സുകൾ ബാഗിലാക്കി ദീപയും പിടിച്ചിരുന്നു… “ഈ സമയത്ത് അവിടെ നില്ക്കായിരുന്നില്ലേ മോളെ നല്ലത്?

” അമ്മ നന്ദുവിനും മീരയ്ക്കും ഭക്ഷണം വിളമ്പി കൊടുക്കുമ്പോൾ തിരക്കി… “ദീപുവേട്ടനെ പറ്റി അങ്ങനെയൊക്കെ പറഞ്ഞപ്പോൾ…” “ഇനിയിപ്പോൾ നന്ദുവിനെ ചേർത്തും ആളുകൾ ഓരോന്ന് പറയില്ലേ…” അമ്മ തിരക്കി. “പറഞ്ഞോട്ടെ… ആരെങ്കിലും ചോദിച്ചാൽ ഞാൻ ഇവളെ കെട്ടി കൂടെ പാർപ്പിച്ചിരിക്കാണ് എന്നും പറഞ്ഞോളൂ.” നന്ദു പറഞ്ഞതും മീര ഞെട്ടലോടെ മുഖം ഉയർത്തി അവനെ നോക്കി. വായിലേക്ക് വെക്കാൻ ഒരുങ്ങിയ ചോറുരുള പാത്രത്തിലേക്ക് വീണു… “നീ ഇങ്ങനെ ഞെട്ടേണ്ട കാര്യമൊന്നും ഇല്ല. ആരെങ്കിലും ചോദിച്ചാൽ അങ്ങനെ പറയാൻ പറഞ്ഞെന്നേയുള്ളൂ…” നന്ദു മീരയോട് പറഞ്ഞു. “ഇത് എവിടെ ചെന്നു അവസാനിക്കും എന്ന് എനിക്ക് അറിയില്ല ഭഗവാനെ… ”

എന്നു പറഞ്ഞ് അമ്മ നെടുവീർപ്പിട്ടു. “വെല്ല്യമ്മ ഒന്നു കൊണ്ടും പേടിക്കണ്ട. എത്രയും പെട്ടെന്ന് മരുമകളെ നിലവിളക്കും കൊടുത്ത് വീട്ടിലേക്ക് കയറ്റാനുള്ള കാര്യങ്ങൾ നോക്കുക. വിവാഹക്കാര്യത്തിൽ ഒരു തീരുമാനം ആയാൽ ആ നിമിഷം ഞങ്ങൾ അങ്ങോട്ട് പോരും.” “ഹ്മ്മ്… ഓരോന്ന് ചെയ്ത് കൂട്ടിയിട്ട്… എനിക്കൊന്നും അറിയില്ല… മോളെ നാലുമണിയാകുമ്പോൾ നമുക്ക് ഹോസ്പിറ്റലിൽ പോകാം… ” “അവളെ ഞാൻ കൊണ്ടു പൊയ്ക്കോളാം. ലത ഡോക്ടറെ എനിക്ക് അറിയാവുന്നതല്ലേ…” നന്ദു പറഞ്ഞു. “എന്റെ മോനെ നിന്റെ മനസ്സിൽ എന്താണ്? ” “അങ്ങനെ പ്രത്യേകിച്ച് ഒന്നും ഇല്ല… ” “ഹ്മ്മ് … ഇവിടെ രാത്രി എങ്ങനെ നിൽക്കും.. കറന്റ്‌ ഇല്ലല്ലോ? ” “ഞാൻ നാളെ എലെക്ട്രിസിറ്റിയിൽ പൊയ്ക്കോളാം.”

“ബിൽ അടക്കാതെ അവർ കട്ട്‌ ആക്കിയതല്ലേ. ഞാൻ മാധവേട്ടനോട്‌ പറഞ്ഞ് രാത്രി കുറച്ചു കാശ് വാങ്ങിക്കാം.” “അതൊന്നും വേണ്ട വെല്ല്യമ്മേ… എല്ലാം ഞാൻ നോക്കിക്കോളാം.” എന്നു പറഞ്ഞ് കഴിച്ചു മതിയാക്കി അവൻ എഴുന്നേറ്റു. *** “മാറി കഴിഞ്ഞില്ലേ ഇതുവരെ? ” ഉമ്മറത്തു നിന്നും അസഹിഷ്ണുതയോടെ നന്ദു വിളിച്ചു ചോദിച്ചു… “ഇതാ വരുന്നു… ” മുറിയിൽ നിന്നും മീര വിളിച്ചു പറഞ്ഞു. പറഞ്ഞു കഴിഞ്ഞ് പത്തു മിനിറ്റ് കഴിഞ്ഞാണ് അവൾ ഉമ്മറത്തേക്ക് വന്നത്… അപ്പോഴേക്കും നന്ദു മുഖം കടന്നൽ കുത്തിയതു പോലെ വീർപ്പിച്ചു പിടിച്ചിരുന്നു. “പോകാനായോ? ” അവൾ തിരക്കിയതും അവൻ പല്ലു കടിച്ചു ദേഷ്യം അടക്കി… “എനിക്ക് ഈ സാരി ഉടുക്കാൻ ഒന്നും അങ്ങനെ അറിയില്ല…

അതാ വൈകിയത് .. ” “ഹ്മ്മ് …” “ഞാൻ ഈ മാല ഊരി തന്നോട്ടെ?” അവൾ തിരക്കി. അവൻ ഗൗരവത്തോടെ തലയാട്ടി… അവൾ മാല ഊരി അവന്റെ നേർക്ക് നീട്ടി… അവൻ അതു വാങ്ങി.. പിന്നെ അതിന്റെ കൊളുത്ത് അകത്തി ആനകൊമ്പിന്റെ ലോക്കറ്റ് ഊരിയെടുത്തു… അതിനു ശേഷം കൊളുത്ത് മുറുക്കിയിട്ടു… “എന്റെ അമ്മയുടെ മാലയാണ്. കളയാതെ സൂക്ഷിക്കണം… അവിടെയും ഇവിടെയും അഴിച്ചു വെച്ച് കൊണ്ടു കളയരുത്… ” അവളുടെ നേർക്ക് മാല നീട്ടി കൊണ്ട് പറയുമ്പോൾ അവന്റെ ശബ്ദം ആർദ്രമായിരുന്നു… അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നുവോ എന്ന തോന്നലിൽ അവൾ അവന്റെ മിഴികളിലേക്ക് ഉറ്റു നോക്കി… അവളുടെ വലതു കൈ പിടിച്ച് അവൻ ആ മാല കയ്യിൽ വെച്ചു കൊടുത്തു… “പൊട്ടിച്ച് എറിയാൻ തോന്നിയാൽ എന്റെ നേർക്കു തന്നെ എറിഞ്ഞു തരണം…

വേറെ എവിടെയെങ്കിലും കളഞ്ഞാൽ തിരഞ്ഞു കണ്ടു പിടിക്കാൻ നിൽക്കണ്ടേ …” അതു കേട്ടതും അവനോട് നേരത്തെ തോന്നിയ അലിവ് പോയ്‌ മറഞ്ഞു… “എനിക്ക് വേണ്ട ഈ മാല…” എന്നു പറയുമ്പോൾ അവളുടെ മുഖം ചുവന്നു പോയിരുന്നു… നന്ദു അവളെ ഇമ വെട്ടാതെ നോക്കി… നേർത്ത കസവു കരയുള്ള കരിംനീല സാരിയിൽ ദേഷ്യം നിറഞ്ഞ അവളുടെ മുഖം ഉദിച്ചു നിൽക്കുന്നതു പോലെ തോന്നി… “നോക്കി ദഹിപ്പിക്കുമോ എന്നെ… ഏഹ്…അതു കഴുത്തിൽ ഇട്ടോണ്ട് വാ പെണ്ണേ.. ” എന്നു പറഞ്ഞ് അവൻ വാതിൽ പൂട്ടി… അവൾ മാല ഇടാതെ കയ്യിൽ തന്നെ പിടിച്ചു നിൽക്കുകയായിരുന്നു… അവൻ അതു പിടിച്ചു വാങ്ങി കഴുത്തിൽ ഇട്ടു കൊടുത്തു…. അതിനു ശേഷം അവളുടെ വലതു കൈപ്പിടിച്ച് പടികൾ ഇറങ്ങി നടന്നു… ഇതെന്തു മനുഷ്യനാണെന്നാണ് മീര അവനെ കുറിച്ച് മനസ്സിൽ ചിന്തിച്ചു കൊണ്ടിരുന്നത്.

“പിന്നെ മുൻപ് ഡോക്ടറെ കാണിച്ച പേപ്പേഴ്സ് ഒക്കെ ദീപുവേട്ടന്റെ വീട്ടിലാ… അലമാരയിൽ ഒരു ഫയലിൽ വെച്ചേക്കായിരുന്നു…” പടിക്കൽ എത്തിയപ്പോൾ അവൾ പറഞ്ഞു. “അതൊക്കെ അവിടെ ഇരുന്നോട്ടെ…” “അതു ഡോക്ടർ ചോദിക്കില്ലേ? ” “ചോദിക്കുമായിരിക്കും. അതു കളഞ്ഞു പോയി എന്നു പറഞ്ഞേക്ക്… ” “അപ്പോൾ വഴക്ക് പറയില്ലേ? ” “നിന്നെ പറയില്ല. എന്റെ കയ്യിൽ നിന്നും പോയി എന്നു ഞാൻ ഡോക്ടറോടു പറഞ്ഞോളാം… ” നടക്കുന്നതിനിടയിൽ ഒരു ഓട്ടോ വരുന്നത് കണ്ടപ്പോൾ നന്ദു കൈ നീട്ടി. മീര ആദ്യം കയറി… പിന്നെ നന്ദുവും… “താലൂക് ഹോസ്പിറ്റൽ… ” നന്ദു പറഞ്ഞു … “ഇതാരാ ആനന്ദേ കൂടെ? ” ഡ്രൈവറായ രെഞ്ചു തിരക്കി. “അറിഞ്ഞാലെ ഓട്ടോ പോകൂ എന്നെങ്ങാനും ഉണ്ടോ? ”

“ഏയ്‌ ഇല്ല…” എന്നു പറഞ്ഞ് ഓട്ടോ മുൻപോട്ട് എടുത്തു. “അല്ല നമ്മുടെ ദീപു ഒരു പെൺകൊച്ചിനെ കൊണ്ടു വന്നിട്ടുണ്ടെന്ന് മനു ഇന്നലെ കണ്ടപ്പോൾ പറഞ്ഞിരുന്നു… ആ കുട്ടിയാണോ എന്ന് അറിയാൻ ചോദിച്ചതാ…” വണ്ടി ഓടിക്കുന്നതിനിടയിൽ രെഞ്ചു പറഞ്ഞു. മീര മുഖം കുനിച്ച് ഇരുന്നു… “ഹ്മ്മ്… ” നന്ദു താല്പര്യം ഇല്ലാത്ത മട്ടിൽ ഒന്നു മൂളി… പിന്നെ രെഞ്ചു ഒന്നും തിരക്കിയില്ല. ഓട്ടോയിൽ നിന്നും ഇറങ്ങി നന്ദു പോക്കറ്റിൽ നിന്നും കാശ് എടുത്ത് രെഞ്ചുവിന് നേർക്ക് നീട്ടി.. അവൻ അതൊന്നും അറിയുന്നില്ലായിരുന്നു… കണ്ണുകൾ മുഴുവൻ മീരയിൽ ആയിരുന്നു… “ഡാ… ” നന്ദു മുരണ്ടു… മീര ഞെട്ടി രണ്ടു പേരെയും നോക്കി. “ഞാൻ എവിടെയോ വെച്ച് മുൻപ് കണ്ടപോലെ. അതൊന്ന് ഓർത്ത് നോക്കായിരുന്നു… ”

“അങ്ങനെ അവളെ നോക്കി നീ അധികം ഓർക്കാൻ നിൽക്കല്ലേ… വണ്ടി എടുത്ത് പോകാൻ നോക്ക്… ” പൈസ വാങ്ങി രെഞ്ചു വേഗം ഓട്ടോ എടുത്ത് പോയി. “ആരെങ്കിലും വായും പൊളിച്ചു നോക്കി നിൽക്കുന്നത് കണ്ടാൽ നോക്കാൻ പാകത്തിൽ നിന്നു കൊടുത്തേക്കണം. ” “ഞാൻ കണ്ടില്ലായിരുന്നു.” “നീ കാണില്ല… വാ കൂടെ…” മീരയെ വെയ്റ്റിംഗ് ഹാളിൽ ഇരുത്തിയ ശേഷം നന്ദു പോയി ഡോക്ടറെ കാണാനുള്ള ടോക്കൺ വാങ്ങി… അതിനു ശേഷം അവളുടെ അരികിൽ വന്നിരുന്നു… “ഞാൻ പോയി വരാം… ” നമ്പർ ആകാൻ ആയപ്പോൾ അവൾ പറഞ്ഞു. “തനിയെ പോകണ്ട… നേരത്തെ കയറിയവരെ കണ്ടില്ലേ? എല്ലാവരുടെ കൂടെയും ആരെങ്കിലുമൊക്കെയുണ്ട്.” “അത് അവരുടെ ഭർത്താവ് ആകും… ” “അപ്പോൾ അതിനു മുൻപ് കൂടെ കയറിയതോ? ” “അതു ചിലപ്പോൾ അമ്മയാകും.”

“ആരെങ്കിലും ആയിക്കോട്ടെ. കൂടെ ഒരാൾ ഉണ്ടല്ലോ… ഞാനും വരും കൂടെ… ” അവൻ പരമാവധി ശബ്ദം അടക്കി കൊണ്ട് പറഞ്ഞു. “വേണ്ട…” കാറ്റ് പോലെ നേർത്ത ശബ്ദത്തോടെ അവൾ പറഞ്ഞു… “അങ്ങനെ തനിച്ചു വിടാൻ അല്ല കൂടെ കൂട്ടിയത്… നിന്റെ വയറ്റിൽ ഒരു കുഞ്ഞുണ്ട്… എന്റെ കുഞ്ഞ്… ” അവൻ പറഞ്ഞു നിർത്തിയതും ടോക്കൺ നമ്പർ വിളിച്ചതും ഒരുമിച്ച് ആയിരുന്നു… മീര അപ്പോഴും അവൻ പറഞ്ഞു നിർത്തിയതിന്റെ അന്ധാളിപ്പിൽ ആയിരുന്നു… അവൻ മുൻപോട്ടു നടന്നിട്ടും അവൾ അവിടെ തന്നെ നിന്നു… അവൻ തിരിഞ്ഞു നോക്കിയ ശേഷം അവളുടെ കയ്യിൽ ഒന്നു തോണ്ടി… അവൾ അവനെ ഒന്നു നോക്കിയ ശേഷം കൂടെ ചെന്നു. കാബിനിലേക്ക് കടന്നപ്പോൾ തന്നെ നന്ദുവിനെ ലത ഡോക്ടർ തിരിച്ചറിഞ്ഞിരുന്നു… അവന്റെ തൊട്ടു പുറകെ കടന്നു വന്ന മീരയെ കൂടി കണ്ടതും ഡോക്ടർ പുഞ്ചിരിച്ചു…

“ആനന്ദേ… ” ഡോക്ടർ വിളിച്ചതും അവൻ പുഞ്ചിരിച്ചു കൊണ്ട് മുൻപോട്ടു നടന്നു ചെന്നു. “ഇരിക്കെഡാ. മോളും ഇരിക്ക്… “ഡോക്ടർ പറഞ്ഞതും രണ്ടു പേരും ഇരുന്നു. “പിന്നെ എന്തൊക്കെയാ വിശേഷങ്ങൾ? നിന്നെ കാണാൻ കിട്ടാറില്ലല്ലോ…” “നല്ല വിശേഷം ഡോക്ടറെ… ഞാൻ ഇവിടെയൊക്കെ തന്നെയുണ്ട്… ” “കല്യാണം കഴിഞ്ഞതൊന്നും അറിയിച്ചില്ലല്ലോ നീ…” “അങ്ങനെ അറിയിക്കാൻ മാത്രം ഒന്നും ഇല്ലായിരുന്നു…” അവൻ മീരയെ നോക്കി പറഞ്ഞു. “അപ്പോൾ വെറുതെ അല്ലല്ലേ നീ നാട്ടിൽ നിന്നും ഇടയ്ക്ക് മുങ്ങി കൊണ്ടിരുന്നത്. നിന്റെ ഡ്രൈവർ മുങ്ങൽ വിദഗ്തനാണല്ലോ എന്ന് സച്ചുവേട്ടൻ പറയാറുണ്ടായിരുന്നു…”

“പറയുക മാത്രമല്ലല്ലോ… സ്ഥിരമായി അവിടെ നിന്നും മുങ്ങിക്കോളാൻ പറഞ്ഞ് എന്നെ പിരിച്ചു വിട്ടില്ലേ .” നന്ദു പുഞ്ചിരിച്ചു കൊണ്ടു പറഞ്ഞു …. പിന്നെ ഓ പി ടിക്കറ്റ്‌ ഡോക്ടർക്ക് നേരെ നീട്ടി… ഡോക്ടറുടെ മിഴികൾ അതിലൂടെ പാഞ്ഞു. “മീരാ ആനന്ദ്…” ഡോക്ടർ വായിച്ചതും മീരയുടെ കണ്ണുകൾ ഒന്നു പിടഞ്ഞു… “മീര വരൂ…” എന്നു പറഞ്ഞ് ഡോക്ടർ തൊട്ട് അപ്പുറത്തെ പരിശോധന മുറിയിലേക്ക് നടന്നു. നന്ദുവിനെ ഒന്നു നോക്കിയ ശേഷം മീര കൂടെ ചെന്നു… നന്ദു ഡോക്ടറുടെ ടേബിളിൽ ഇരുന്ന കുഞ്ഞിന്റെ രൂപം കയ്യിൽ എടുത്തു… വലതു കൈ വെള്ളയിലേക്ക് വെച്ച് അതിലേക്ക് നോക്കിയിരിക്കേ അവനു അമ്മയെ ഓർമ്മ വന്നു… അവന്റെ ഉള്ളം തരളിതമായി… അമ്മ തന്നെ സ്നേഹിച്ചതു പോലെ മീരയുടെ കുഞ്ഞിനെ സ്നേഹിക്കാൻ താലോലിക്കാൻ അവന്റെ മനസ്സ് തുടി കൊട്ടി…

തന്റെ അമ്മയെ പോലെ ഇഷ്ടമില്ലാത്ത ഒരാളുടെ ജീവിതത്തിൽ കടിച്ചു തൂങ്ങി നില്ക്കാതെ അവിടെ നിന്നും ഇറങ്ങി വന്ന മീരയോടു അവനു ബഹുമാനം തോന്നി… അമ്മയും അവളെ പോലെ ചിന്തിച്ചിരുന്നെങ്കിൽ… വീണ്ടും ഓർക്കെ അവന്റെ ഉള്ളം വിങ്ങി. ഡോക്ടർ വരുന്നതിന്റെ തൊട്ടു പിന്നാലെ അവളും വന്നു… “ആനന്ദേ… ഭാര്യയെ നന്നായി കെയർ ചെയ്യണം.” അവൻ തലയാട്ടി. “വെറുതെ തലയാട്ടിയാൽ പോരാ… മുൻപ് ഡോക്ടറെ കാണിച്ച റിസൾട്ട്‌ കൊണ്ടു കളഞ്ഞ പോലെ കെയർലെസ്സ് ആകരുത്. നല്ല ശ്രദ്ധ വേണം.. നിന്റെ കുഞ്ഞിന്റെ അമ്മയാകാൻ പോകുന്നവളാണ്… ആ ചിന്ത എപ്പോഴും ഉണ്ടായിക്കോട്ടെ… പിന്നെ മീരാ… ഇവന്റെ അരയിൽ ഒരു കയറു കെട്ടി മുറുകെ പിടിച്ചോ. ഇല്ലേൽ ഓടി പോകും… അങ്ങനെ ഓടിപ്പോയ എന്റെ ഡ്രൈവറാണ്…”

മീര ഒന്നും പറയാതെ ഡോക്ടറെ നോക്കി നിന്നു. ഡോക്ടർ ടാബ്ലറ്റ് കുറിച്ചു തന്നതിന് ശേഷം യാത്ര പറഞ്ഞ് അവൻ അവളെയും കൂട്ടി ഫാർമസിയിലേക്ക് നടന്നു. മീരയുടെ മനസ്സ് കൂടുതൽ കലുഷിതമായി കൊണ്ടിരുന്നു. ഫാർമസിയിലേക്ക് ചെന്നപ്പോൾ നല്ല തിരക്ക് ആയിരുന്നു. പുരുഷന്മാരുടെ ക്യൂവിൽ തിരക്ക് കുറവായിരുന്നു. മീരയോട് അവിടെയുള്ള ബെഞ്ചിൽ ഇരുന്നോളാൻ പറഞ്ഞ് നന്ദു ക്യൂവിൽ പോയി നിന്നു. മീരയ്ക്ക് എന്താണ് ചെയ്യേണ്ടത് എങ്ങനെയാണ് നന്ദുവിനോട് പ്രതികരിക്കേണ്ടത് എന്ന് പിടുത്തം കിട്ടുന്നില്ലായിരുന്നു… തന്റെ വിവേകം ഇല്ലാത്ത പ്രവർത്തിയുടെ ഫലം ഇനി എവിടെ ചെന്നു നിൽക്കും… അവൾ ആശങ്കപ്പെട്ടു . നന്ദു മുന്നിൽ വന്നു നിന്നിട്ടും അവൾ അറിഞ്ഞിരുന്നില്ല… “വാ പോകാം.. ” അവന്റെ ശബ്ദം കേട്ടതും അവൾ എഴുന്നേറ്റു… പക്ഷേ മുഖത്തേക്ക് നോക്കിയില്ല.

“നിനക്ക് ചായ എന്തേലും കുടിക്കണോ? ” ഹോസ്പിറ്റൽ പടിക്കൽ എത്തിയപ്പോൾ തിരക്കി. അവൾ വേണ്ടെന്ന് തലയാട്ടി… അവൻ ഒരു ഓട്ടോ വിളിച്ചു… കവലയിൽ വണ്ടി നിർത്തിച്ചതിന് ശേഷം അവൻ ഒരു സഞ്ചിയിൽ സാധനങ്ങൾ വാങ്ങി കൊണ്ടു വന്നു… വീട്ടിലേക്ക് എത്തിയപ്പോൾ ഓട്ടോയിൽ നിന്നും ഇറങ്ങി ഒന്നും മിണ്ടാതെ മീര വീട്ടിലേക്ക് കയറിപ്പോയി… ഓട്ടോക്കാരന് പൈസ കൊടുത്ത ശേഷം നന്ദു സാധനങ്ങൾ എടുത്ത് ഉമ്മറത്തേക്ക് കയറി വന്നു… മീര തൂണിലേക്ക് തല ചായ്ച്ച് തിണ്ണയിൽ ഇരിക്കുന്നുണ്ടായിരുന്നു. വാതിൽ തുറക്കുന്ന ശബ്ദം കേട്ടിട്ടും മീര അകത്തേക്ക് കയറിയില്ല… നന്ദു കിണറ്റിൻ കരയിലേക്ക് നടന്നു. കയ്യും കാലും കഴുകിയ ശേഷം പാത്രങ്ങളിൽ വെള്ളം കോരി നിറച്ചു.

വിറകുപുരയുടെ ഭാഗത്തേക്ക് പോയി അവിടെ കിടന്നിരുന്ന നുറുങ്ങു വിറക് പെറുക്കി അടുക്കളയിൽ കൊണ്ട് വന്നു വെച്ചു. മെഴുകുതിരി കത്തിച്ചു വെച്ച ശേഷം ഉമ്മറത്തു വന്നു നോക്കുമ്പോഴും മീര അതേ ഇരുപ്പിൽ ആയിരുന്നു… കുളിച്ചു വന്ന ശേഷം അവളുടെ അരികിൽ ചെന്നിരുന്നു… “നീ കുളിക്കുന്നില്ലേ? ” …….. “കുളിക്കുന്നില്ലേ എന്ന്? ” ഒന്നു കൂടി ശബ്ദം ഉയർത്തി തിരക്കിയതും അവൾ അവന്റെ മുഖത്തേക്ക് നോക്കി… പിന്നെ കണ്ണുകളിൽ നോട്ടം ഉറപ്പിച്ചു… അവൻ പുരികം ഉയർത്തി എന്താണെന്ന് തിരക്കി… അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു… “എന്താ? ” “എന്തിനാ ഹോസ്പിറ്റലിൽ…. ” പൂർത്തിയാക്കാൻ കഴിയാതെ ഇടർച്ചയോടെ നിർത്തി… “ഹോസ്പിറ്റലിൽ… ”

“എന്റെ പേരിനൊപ്പം എന്തിനാ ആനന്ദ് എന്നു ചേർത്തത്? ” “പിന്നെ… പിന്നെ ഹേമന്ദ് എന്ന് കൊടുക്കണമായിരുന്നോ? ” മീരയ്ക്ക് ശ്വാസം വിലങ്ങുന്നതു പോലെ തോന്നി. ഓർക്കാൻ ഇഷ്ടപ്പെടാത്ത ഓർമ്മകൾ അവളിലേക്ക് പൊഴിഞ്ഞു കൊണ്ടിരുന്നു… ഇനിയൊരിക്കലും തനിക്ക് അയാളെ കാണണ്ട… അയാളുടെ പേര് കേൾക്കണ്ട… പക്ഷേ തന്റെ ഉള്ളിൽ തുടിക്കുന്ന ജീവന്റെ അവകാശിയല്ലേ… കുഞ്ഞിനെ തേടി വരുമോ .. ഇല്ലായിരിക്കും… എല്ലാം മറന്നു കാണും… ഇപ്പോൾ അവളുടെ കൂടെ ആയിരിക്കുമോ… ഏഞ്ചൽ അവനെ ചുംബിച്ചു കടന്നു പോയ രംഗം ഓർമ്മ വന്നു… അവരെ തലോടിയ കരങ്ങളാൽ എന്തിനാണ് എന്റെ കഴുത്തിൽ താലി ചാർത്തി തന്നത്? അവരെ ചുംബിച്ച അധരങ്ങളാൽ എന്തിന് എന്റെ അധരങ്ങൾ നുകർന്നെടുത്തു? അവരെ പേറി നടന്ന നെഞ്ചിൽ എന്തിനെന്നെ തല ചായ്ച്ചുറങ്ങാൻ അനുവദിച്ചു?

ഉപേക്ഷിച്ചു കളയാൻ ആയിരുന്നെങ്കിൽ എന്തിന് ഒരു കുഞ്ഞിനെ സമ്മാനിച്ചു? ഉത്തരങ്ങൾ അറിയാമായിരുന്നിട്ടും അവൾക്ക് വീണ്ടും അവനോട് ആ ചോദ്യങ്ങൾ ചോദിക്കാൻ തോന്നി… “മീരാ… ” നന്ദു ചുമലിൽ കുലുക്കി വിളിച്ചു… അവനെ നോക്കിയ അവളുടെ മിഴികളിൽ വേദന മാത്രം നിഴലിച്ചു… “നേരം ഇരുട്ടുന്നു.. കറന്റ്‌ ഇല്ല… വേഗം പോയി കുളിച്ചിട്ട് വരൂ. കുളിക്കാനുള്ള വെള്ളം കോരി ബാത്‌റൂമിൽ കൊണ്ടു വെച്ചിട്ടുണ്ട്…” അവൾ എഴുന്നേറ്റു മുറിയിലേക്ക് നടന്നു… മാറാനുള്ള ഡ്രസ്സ്‌ എടുത്ത് പുറത്തേക്ക് നടന്നു… “ആ മെഴുകുതിരി എടുത്തോളൂ.. ” പുറകിൽ നിന്നും നന്ദു വിളിച്ചു പറഞ്ഞു… കുളി കഴിഞ്ഞ് ഇറങ്ങുമ്പോൾ പിന്നാമ്പുറത്തെ ചവിട്ട് പടിയിൽ ഇരിക്കുന്ന നന്ദുവിനെയാണ് അവൾ കണ്ടത്…

അവൻ എഴുന്നേറ്റു നീങ്ങി നിന്നു… അവൾ അകത്തേക്ക് നടന്നപ്പോൾ പുറകു വശത്തെ വാതിൽ അടച്ച് അടുക്കളയിലേക്ക് ചെന്നു. ഒരു കപ്പിൽ കാപ്പിയും രണ്ടു ഗ്ലാസ്സും എടുത്ത് മേശമേൽ കൊണ്ടു വെച്ചു. അതിനു ശേഷം മേശമേൽ ഇരുന്നിരുന്ന പ്ലേറ്റിലേക്ക് ബിസ്കറ്റ് എടുത്തു വെച്ചു… “മീരാ…” വിളിച്ചിട്ട് മറുപടിയൊന്നും ഉണ്ടായില്ല… അവൻ ചെന്നു വാതിലിൽ തട്ടിയപ്പോൾ അവൾ വന്നു വാതിൽ തുറന്നു… “വാ കാപ്പി കുടിക്കാം… ” “എനിക്ക് വേണ്ട… ” “നിന്നോടുള്ള സ്നേഹം കൊണ്ടൊന്നും അല്ല ഞാൻ വന്നു വിളിക്കുന്നത്…” അവൾ നെറ്റി ചുളിച്ച് അവനെ നോക്കി… “കുഞ്ഞിന് വിശക്കും…” “നന്ദേട്ടന്റെ സംസാരം കേൾക്കുമ്പോൾ എനിക്ക് പേടിയാകുന്നുണ്ട്… ” “എന്തിന്? ” “എന്തിനാ ഓരോ നുണകൾ പറയുന്നത്? ”

“ഞാൻ എന്തു നുണയാണ് പറഞ്ഞത്? ” “പിന്നെ ഡോക്ടർ എന്തിനാ എന്നെ മീരാ ആനന്ദ് എന്നു വിളിച്ചത്? ഭാര്യയെ കെയർ ചെയ്യണം എന്നു പറഞ്ഞത്? ” “നിന്റെ പേരിനൊപ്പം എന്റെ പേര് ചേർത്തു പറഞ്ഞത് സത്യം തന്നെയാ. പക്ഷേ നീ എന്റെ ഭാര്യയാണെന്ന് ഞാൻ പറഞ്ഞില്ലല്ലോ.” “അതു പിന്നെ പ്രത്യേകിച്ച് പറയണം അല്ലേ… ഒരു കുരുക്കിൽ നിന്നും പുറത്തേക്ക് വന്നേയുള്ളു… ദയവ് ചെയ്ത് ഇനി മറ്റൊരു കുരുക്കിലേക്ക് തള്ളി വീഴ്ത്തരുത് എന്നെ…” ” ഞാൻ കാരണം നിനക്ക് ഒരു ദോഷവും വരില്ല… ” “നമുക്ക് അങ്ങോട്ട് തിരിച്ചു പോകാം.

അല്ലെങ്കിൽ ഞാൻ പൊയ്ക്കോട്ടേ? ” “നീ പറയുന്ന സ്ഥലത്ത് ഞാൻ കൊണ്ടാക്കി തരാം. അതിനു മുൻപ് വന്നു കാപ്പി കുടിക്കാൻ നോക്ക്… അവൾ ഇല്ലെന്ന് തലയാട്ടി… “ദീപു… നിങ്ങളുടെയൊക്കെ ഏട്ടൻ ഇഷ്ടമുണ്ടായിട്ടും എന്തു കൊണ്ടാണ് മാതുവിനെ നിരസിക്കുന്നത് എന്ന് അറിയാമോ? ” അറിയില്ലെന്ന് അവൾ ചുമൽ കൂച്ചി കാണിച്ചു. “ഒരു കഥ പറഞ്ഞു തരട്ടെ നിനക്ക്… ഹ്മ്മ്? ” എന്നു ചോദിച്ച് അവളുടെ മറുപടിക്ക് കാതോർത്ത് അവൻ നിന്നു…..തുടരും..

സമാഗമം: ഭാഗം 10

Share this story