അറിയാതെൻ ജീവനിൽ: ഭാഗം 31

അറിയാതെൻ ജീവനിൽ: ഭാഗം 31

എഴുത്തുകാരൻ: ആദിത്യൻ മേനോൻ

ആരവ് ഡോക്ടർ പോയശേഷം അമ്മയുടെ കൈ പിടിച്ചു തിരിച്ചു കാറിനരികിലേക്ക് നടന്നു പോകുമ്പോൾ കണ്ണുകൾ പിന്നെയും പിന്നെയും പിന്നിലേക്ക് തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു. അമ്മയേ കുടുംബക്കാരുടെ വീട്ടിൽ എത്തിക്കാനുണ്ടായിരുന്നു. അതുവരെയുള്ള യാത്രയിൽ ആരും ഒന്നും മിണ്ടിയിരുന്നില്ല. വീടെത്തി അമ്മയെ ഇറക്കിയപ്പോൾ അമ്മ കവിളിൽ കൈകൾ കൊണ്ട് തലോടിയിട്ട് നല്ലതേ വരൂ എന്ന് പറഞ്ഞു. മനസിന് അതൊരു കുളിമ നൽകിയിരുന്നു. തിരിച്ചു പോകുന്ന യാത്രയിൽ ജിത്തേട്ടനും താനും ഒറ്റക്കായിരുന്നു. ജിത്തേട്ടന്റെ കണ്ണുകൾ ഇടക്കിടയ്ക്ക് തന്നിലേക്ക് പാറി വീഴുന്നത് കണ്ടപ്പോൾ തല താഴ്ത്തി നിന്നു.

ഇടക്ക്‌ കണ്ണാടിയിലൂടെ നോക്കിയപ്പോൾ തന്നെ നോക്കിയിരുന്ന ജിത്തേട്ടന്റെ കണ്ണുകൾ അതിൽ കണ്ടു.. പെട്ടന്ന് തന്നെ ഇരുവരും കണ്ണുകൾ പിന്തിരിച്ചു. രണ്ടുപേരുടെയും ചമ്മല് മാറ്റാനാവണം ജിതൻ റേഡിയോ ഓൺ ചെയ്തത്.. ‘തരളമാം സന്ധ്യകൾ നറുമലർ തിങ്കളിൻ നെറുകയിൽ ചന്ദനം തൊട്ടതാവാം.. കുയിലുകൾ പാടുന്ന തൊടിയിലെ തുമ്പികൾ കുസൃതിയാൽ മൂളിപ്പറന്നതാകാം.. അണിനിലാത്തിരിയിട്ട മണിവിളക്കായ് മനമഴകോടെ മിന്നിത്തുടിച്ചതാവാം.. അണിനിലാത്തിരിയിട്ട മണിവിളിക്കായ് മനമഴകോടെ മിന്നിത്തുടിച്ചതാവാം.. ആരും കൊതിക്കുന്നൊരാൾ വന്നു ചേരുമെന്നാരോ സ്വകാര്യം പറഞ്ഞതാവാം.. പിന്നെയും പിന്നെയും ആരോ കിനാവിന്റെ പടി കടന്നെത്തുന്ന പദനിസ്വനം..പിന്നെയും പിന്നെയും ആരോ നിലാവത്ത് പൊൻവേണുവൂതുന്ന മൃദുമന്ത്രണം..’

കേട്ടുകൊണ്ടിരുന്ന പാട്ടിന്റെ ഈണത്തിൽ ലയിക്കുന്നതിനിടെ കാതുകളിൽ ജിത്തേട്ടന്റെ പാട്ടിനൊപ്പമുള്ള മൂളലും പതിച്ചിരുന്നു. “നന്നായി പാടുന്നുണ്ടല്ലോ..” പറഞ്ഞു ചിരിച്ചപ്പോൾ ജിത്തേട്ടൻ ചെറുതായി ഒന്ന് പുഞ്ചിരിച്ചു. “എനിക്കിഷ്ടപ്പെട്ട പാട്ടാണിത്..” മൂളുന്നതിനിടെ ജിത്തേട്ടൻ പറഞ്ഞു.. “എനിക്കിഷ്ടം പ്രണയവർണ്ണങ്ങൾ സിനിമയിലെ പാട്ടാണ്.. കിളി വന്നു കൊഞ്ചിയ എന്ന വരികൾ..” “ആ പാട്ടും കൊള്ളാം.. പക്ഷെ എന്റെ ഫേവററ്റ് ഈ പാട്ടാണ്..” ജിത്തേട്ടൻ പാട്ട് മൂളുന്നത് തുടർന്നു.. പെണ്ണ് അവനിൽ നിന്നും കണ്ണെടുത്തുകൊണ്ട് പുറത്തേക്ക് നോക്കിയിരുന്നു..

കോഫീ ഷോപ്പിലെത്തിയപ്പോൾ കാർ പാർക്ക്‌ ചെയ്ത് ജിത്തേട്ടൻ നടന്നു വരുന്നതിന് മുന്നേ പെണ്ണ് ചെന്ന് ഒരു ഒഴിഞ്ഞ ടേബിളിൽ സ്ഥലം പിടിച്ചിരുന്നു.. പിന്നാലെയെത്തിയ ജിതൻ അവൾക്കഭിമുഖമായി ഉള്ള ചെയറിൽ വന്നിരുന്നു. “എന്താ കഴിക്കാൻ..?” “എനിതിങ്..” “കുറച്ചു ചോക്ളേറ്റ്സും കേക്സും പറയട്ടെ? അതാണല്ലോ തന്റെ ഫെവ്‌റേറ്റ്..” ജിത്തേട്ടൻ പറഞ്ഞപ്പോൾ ചുണ്ടുകളിൽ ചിരി വിരിഞ്ഞു.. “ഇതൊക്കെ ഇപ്പോഴും ഓർമ്മയുണ്ടോ ജിത്തേട്ടാ?” “അതിന് മറന്നിട്ട് വേണ്ടേ.. നീ ചെറുപ്പത്തിൽ എന്റെ കയ്യും പിടിച്ച് ചോക്ലേറ്റ് വേണം.. കേക്ക് വേണം എന്നൊക്കെ പറഞ്ഞു കരയുമായിരുന്നു.. മധുരക്കൊതിച്ചി ആയിരുന്നു..” “പക്ഷെ എനിക്കിപ്പോ മധുരം അത്രക്ക് ഇഷ്ടമൊന്നുമല്ല..” “എന്നാൽ ഞാൻ രണ്ട് എഗ്ഗ് പഫ്‌സ് പറയട്ടെ..?” ജിത്തേട്ടൻ ചോദിച്ചപ്പോൾ വേണ്ടെന്ന് തലയാട്ടി.

“എനിക്ക് പക്ഷെ എഗ്ഗ് പഫ്‌സും ഇഷ്ടമല്ലല്ലോ..” “ഒരിക്കൽ നിനക്ക് ഇഷ്ടമായിരുന്നല്ലോ..” ജിത്തേട്ടൻ തിരിച്ചു ചോദിച്ചപ്പോൾ തല താണുപോയി. തനിക്ക് പ്രിയപ്പെട്ട ഏതോ ഒരുവന്റെ ഇഷ്ടഭക്ഷണമാണ് അതെന്ന് മാത്രമറിയാമായിരുന്നു.. അതുകൊണ്ടാവണം ഒരിക്കൽ തനിക്കുമത് പ്രിയമായിരുന്നത്.. “അത്…” “വേണ്ട.. എന്നോടെല്ലാം അലീന പറഞ്ഞതാണ്.. സാരമില്ല.. അതേപ്പറ്റി ഇനി ഒന്നും ഓർക്കേണ്ട..” ജിത്തേട്ടൻ പറഞ്ഞപ്പോൾ മുഖം വാടിയിരുന്നു. “ഇത് നമ്മുടെ ഡെയ്റ്റ് ആണോ?” അതിന് ജിത്തേട്ടൻ മറുപടി പറഞ്ഞില്ല.. എന്തോ തമാശ കേട്ടതുപോലെ ഒന്ന് ചിരിച്ചിട്ട് നിർത്തി. അവിടെ നിന്നും ഭക്ഷണം കഴിച്ചു തിരിച്ചു പോകുമ്പോൾ അടുത്തത് എങ്ങോട്ടാണെന്ന് ഒരു പിടിയുമില്ലായിരുന്നു. എവിടേക്കാണെന്ന് പിന്നെയും പിന്നെയും ആവർത്തിച്ചിട്ടും സർപ്രൈസ് എന്ന് പറഞ്ഞു ജിത്തേട്ടൻ ഉള്ളിൽ കൗതുകം വളർത്തിയിരുന്നു.

കുറേ നേരത്തെ യാത്രക്ക് ശേഷം കാർ ചെന്നു നിർത്തുന്നത് ഒരു കാട്ടിലാണ്. വണ്ടി നിർത്തിയതിന് തൊട്ട് മുന്നിലെ ആൽമരം കണ്ടപ്പോൾ തന്നെ സ്ഥലമേതെന്ന് പെണ്ണിന് മനസ്സിലായിരുന്നു. ചെറുപ്പത്തിൽ കളിക്കാൻ വരാറ് ഇവിടെയാണ്‌.. ഈ ആല്മരത്തിൽ ഏതോ പ്രേതത്തെ തളച്ചിട്ടിട്ടുണ്ടെന്ന് ആരൊക്കെയോ പണ്ട് പറഞ്ഞു പേടിപ്പിച്ചിരുന്നു. അന്ന് ഇവിടെ പ്രേതക്കളി കളിക്കുമ്പോ മിക്ക തവണയും താനായിരുന്നു പ്രേതമാവുക. ആൽമരത്തിന്റെ ചുവട്ടിലിരുന്ന് പ്രേതം കൂടിയവളെ പോലെ അട്ടഹസിച്ചു ചിരിക്കുമ്പോൾ കൂടെ കളിക്കുന്നവർക്കും ഇത്തിരി പേടി തോന്നിയിരുന്നു. പ്രേതമാവാഹിക്കാനായി വരുന്ന സ്വാമി അധികവും ജിതേട്ടനാവും..

ഒഴിഞ്ഞു പോയെന്ന് നൂറു തവണ പറഞ്ഞാലും ഇല്ലെന്ന് പറയുന്ന തന്നെ ജിത്തേട്ടൻ ഒടുവിൽ കാറ്റത്തേക്കെടുത്തുയർത്തും.. അപ്പോഴായിരിക്കും ഒഴിഞ്ഞു പോകാമെന്നു സമ്മതിക്കുക.. അവസാനം പ്രേതം ഒഴിഞ്ഞു പോയതുപോലെ ബോധം കെട്ട് ജിത്തേട്ടന്റെ മടിയിലേക്ക് വീഴലോടെയാണ് കളി അവസാനിക്കുക.. “താൻ എന്താടോ ആലോചിക്കുന്നത്?” ജിത്തേട്ടന്റെ ചോദ്യമാണ് ഓർമ്മകളിൽ നിന്നുമുണർത്തിയത്. “ഏയ്‌.. ഒന്നൂല്ല.. കുട്ടിക്കാലത്ത് എന്ത് രസായിരുന്നു ഇവിടെ കളിച്ചു നടക്കാൻ. ഇപ്പൊ ഓർമ്മകൾക്ക് ചിറകു മുളപ്പിച്ചു നോക്കിയപ്പോ അതൊക്കെ ഓർമ്മിക്കാൻ വല്ലാത്തൊരു സുഖം തോന്നുന്നു..” പറഞ്ഞു മുഴുവനാക്കുന്നതിന് മുൻപ് ജിത്തേട്ടൻ കാറിൽ നിന്നും ഇറങ്ങിയിരുന്നു.. “ഇറങ്ങേടോ..” “എങ്ങോട്ടാ?” “ഹാ.. താൻ ഇറങ്ങടോ പറയാം..”

കൗതുകത്തോടെ കാറിൽ നിന്നുമിറങ്ങിയപ്പോൾ ജിത്തേട്ടൻ മുന്നിലായി വന്നു നിന്നു. നെഞ്ച് ശക്തിയിൽ മിടിക്കുവാൻ തുടങ്ങി.. ജിത്തേട്ടൻ എന്തിനുള്ള പുറപ്പാടാണെന്ന് ഊഹിക്കുന്നതിന് തൊട്ട് മുൻപ് അങ്ങേര് പിന്നിൽ വന്നു നിന്നുകൊണ്ട് പെണ്ണിന്റെ കണ്ണ് പൊത്തി. “ഇതെന്ത് തമാശയാ ജിത്തേട്ടാ..” വാക്കുകൾ പരുങ്ങിപ്പോയി.. “ഹാ.. താനൊന്ന് അടങ്ങടോ.. ഒരു അഞ്ചു മിനിറ്റിനുള്ളിൽ കണ്ണ് തുറക്കാം..” ജിത്തേട്ടൻ മുന്നോട്ട് നടത്തിക്കൊണ്ട് പോകുമ്പോൾ ഇനിയെന്ത് എന്നൊരു ചോദ്യമായിരുന്നു മനസ് മുഴുവൻ.. 💜💜💜💜💜💜💜💜💜💜💜💜💜 ഫ്‌ളൈറ്റ് പറന്നു തുടങ്ങിയപ്പോൾ ആരവ് പതിയെ കണ്ണുകളടച്ചു.. ഇരുട്ടിൽ പെണ്ണിന്റെ മുഖം തെളിഞ്ഞുവന്നപ്പോൾ കണ്ണ് തുറന്നു പിടിച്ചു..

കയ്യിൽ അവളുടെ പൊട്ടിയ വാച്ചിന്റെ പീസുമുണ്ടായിരുന്നു. അതിലേക്കുറ്റു നോക്കിക്കൊണ്ടവൻ മെല്ലെ പുഞ്ചിരിച്ചു. ശേഷം ഭദ്രമായി അത് കൈയിൽ പൂട്ടിവച്ചുകൊണ്ട് നെഞ്ചോട് ചേർത്ത് പിടിച്ചു.. ഹൃദയത്തിന്റെ മിടിപ്പ് വർധിച്ചു.. ആ തണുപ്പിലും വിയർത്തു വരുന്നതായി അവനു തോന്നി.. ഒരു മാസം അവളില്ലാതെ എങ്ങനെയെന്നു ഊഹിക്കാൻ പോലുമാകുമായിരുന്നില്ല. അതുപോലെ അമ്മയും.. രണ്ടുപേരും തന്റെ ജീവിതത്തിൽ അത്രമേൽ വേരൂന്നിയവരായിരുന്നു.. സ്നേഹമെന്തെന്ന് പഠിപ്പിച്ചു തന്നത് അമ്മയാണ്.. പ്രണയമെന്തെന്ന് പഠിപ്പിച്ചത് ജുവലും.. ആ രണ്ടു ബിന്ദുക്കളിലാണ് തന്റെ നിലനിൽപ്പ്.. രണ്ടിലൊരാളില്ലെങ്കിൽ ഒരു കാലിന് നിൽക്കാൻ ഇടമില്ലാതെ താൻ മറിഞ്ഞു വീണെന്ന് വരും.. 💜💜💜💜💜💜💜💜💜💜💜💜💜

കുറേ നേരം നടന്നിട്ടും ജിത്തേട്ടൻ കണ്ണുകളിൽ നിന്നും കയ്യെടുത്തു മാറ്റിയിരുന്നില്ല.. എവിടെയെത്തിയെന്നു പോലും അറിയാത്ത വിധം ജിത്തേട്ടൻ കണ്ണുകളെ മൂടിയിരുന്നു.. ആകാംഷയുടെ കനം കൂടി നെഞ്ച് വേദന കൊണ്ട് മരിച്ചു പോകുമെന്നായി പെണ്ണിന്.. “ജിത്തേട്ടാ.. ഇതുവരെ എത്തിയില്ലേ?” കുറേ നേരം നടന്നതിന്റെ മടുപ്പോടെ ചോദിച്ചപ്പോൾ ജിത്തേട്ടന്റെ പുഞ്ചിരി കേട്ടു. “എത്താറായടോ.. കുറച്ചു ദൂരം കൂടി…” ജിത്തേട്ടൻ പറഞ്ഞപ്പോൾ പിന്നെയൊന്നും ചോദിക്കാൻ പോയില്ല.. കുറച്ചു കഴിഞ്ഞാണ് ഒരിടത്ത് ജിത്തേട്ടൻ നിർത്തിയത്.. “ദേ നമ്മളെത്തി..” ജിത്തേട്ടൻ പറഞ്ഞതും ധൃതിയിൽ ജിത്തേട്ടന്റെ കൈകളെ എടുത്തുകൊണ്ടു കണ്ണു തുറന്നു നോക്കി.

കുറേ നേരം കണ്ണടച്ചതിന്റെ നിറവ്യത്യാസം കണ്ണിനുണ്ടായിരുന്നു. കണ്ണ് തുടച്ചുകൊണ്ട് നേരെ നോക്കിയപ്പോഴാണ് സർപ്പക്കാവ് കാണുന്നത്.. കണ്ടതും ചുണ്ടുകളിൽ പുഞ്ചിരി മൊട്ടിട്ടു. ചെറുപ്പത്തിൽ ഇവിടെ വിളക്കുവെക്കുന്നത് താനും ജിത്തേട്ടനും നീലു ചേച്ചിയും കൂടെ ആയിരുന്നു. എല്ലാം വെറുമൊരു തമാശക്കായിരുന്നു. ആ കാടും കാവുമെല്ലാം കുട്ടികളുടെ മാത്രം ലോകമായിരുന്നു.. വിളക്ക് വച്ച കാവിലേക്കും ജിത്തേട്ടനെയും കുറേ നേരം മാറി മാറി നോക്കി നിന്നു.. “ഇതൊക്കെ എപ്പോ ഒപ്പിച്ചു..?” “അതൊക്കെ ഒപ്പിച്ചു..” “ഓ.. മറ്റേ പോസ്റ്റ്‌ മാൻ ഇത്തവണ പൂജാരിയുടെ റോൾ ആവും ചെയ്തത് അല്ലേ?” ചിരിയോടെ പറഞ്ഞപ്പോൾ ജിത്തേട്ടനും ഉറക്കെ ചിരിച്ചു..

“തനിക്കൊർമ്മയുണ്ടോ ഇവിടെ വച്ച് നമ്മൾ ചെറുപ്പത്തിൽ കല്യാണം കഴിച്ചത്..?” ജിത്തേട്ടൻ പറഞ്ഞപ്പോൾ മുല്ലപ്പൂക്കൾ കോർത്തിണക്കിയ പൂമാലകൊണ്ട് പരസ്പരം കഴുത്തിലേക്ക് ചാർത്തിയിട്ടു കൊടുത്ത രണ്ട് കുട്ടികളുടെ ചിത്രം മനസ്സിലേക്കോടിയെത്തി.. ഓർത്തതും ഉള്ളിൽ ചിരി വന്നു… “സർപ്രൈസ് തീർന്നിട്ടില്ല.. വന്നേ..” ജിത്തേട്ടൻ കൈ പിടിച്ചു കാവിലെ പ്രതിഷ്ഠക്ക് പിന്നിലേക്ക് കൊണ്ടുപോയി.. അവിടെ തറയിൽ ചെറിയൊരു വാതിലുണ്ടായിരുന്നു.. കുട്ടിക്കാലത്ത് അങ്ങനെയൊരു വാതിൽ അവിടെ ഉണ്ടായിരുന്നോ ഇല്ലയോ എന്ന് തന്റെ ഓർമ്മയിലില്ല.. ജിത്തേട്ടൻ തുറക്കാൻ ആംഗ്യം കാണിച്ചപ്പോൾ മുട്ടുകുത്തിയിരുന്നുകൊണ്ട് വാതിൽ തുറന്നു.

തുറന്നതും അതിനുള്ളിൽ നിന്നും കുറേ ചോക്ലേറ്റുകൾ മടിയിലേക്ക് വന്ന് വീണു. അപ്രതീക്ഷിതമായി മടിയിലേക്ക് വന്നു വീണ അവയെ കണ്ട് അത്ഭുതം കൂറി നിന്നുപോയി.. കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞതും മടിയിലെ ചോക്ലേറ്റുകളെ മറന്നുകൊണ്ട് ചാടിയെഴുന്നേറ്റ് ജിത്തേട്ടന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി വച്ചു. എത്ര നേരം അങ്ങനെ നിന്നുവെന്നറിയില്ല.. സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു.. ജിത്തേട്ടനെ കൂടുതൽ ഇറുക്കി പുണരുമ്പോഴും എന്ത് വികാരമാണ് തനിക്ക് തോന്നുന്നതെന്ന് അപ്പോഴും മനസ്സിലായിരുന്നില്ല.. “ഇതോടെ ഇന്നത്തെ കലാപരിപാടികൾ അവസാനിച്ചിരിക്കുകയാണ്.. ഇനി എനിക്ക് വളരെ പ്രധാനപ്പെട്ട കുറച്ചു കാര്യങ്ങൾ പറയാനുണ്ട്..”

ജിത്തേട്ടൻ പറഞ്ഞപ്പോഴാണ് അടർന്നുമാറിക്കൊണ്ട് ആ കണ്ണുകളിലേക്ക് നോക്കിയത്.. “കുട്ടിക്കാലത്തു നീ ചോക്ലേറ്റ് വാങ്ങിത്തരാൻ പറഞ്ഞാൽ അന്ന് എന്നെക്കൊണ്ട് ആവുമായിരുന്നില്ല.. ഇത്രേം കാലം നിന്റെ മുന്നിൽ വരാഞ്ഞതും അതുകൊണ്ടായിരുന്നു. സമ്പാധിക്കാൻ തുടങ്ങിയപ്പോഴാണ് കൊറിയർ അയച്ചു തുടങ്ങിയത്.. ഇപ്പോ ഈ ഏട്ടന് സന്തോഷമായി..” ജിത്തേട്ടൻ പറഞ്ഞു തുടരുമ്പോൾ കാതുകൾ കൂർപ്പിച്ചുകൊണ്ട് കേട്ടുകൊണ്ടിരുന്നു.. “നീ പറയാറുള്ള ആ പോസ്റ്റ്‌ മാനില്ലെ? എന്റെ ചങ്ക്.. അവനിപ്പോഴും കരുതിയിരിക്കുന്നത് എനിക്ക് തന്നോട് വല്ലാത്ത പ്രേമമാണെന്നാണ്. നീയെന്റെ കുഞ്ഞിപ്പെങ്ങളല്ലേ.. ചെറുപ്പത്തിൽ നിന്നെ എനിക്ക് എന്തോരം ഇഷ്ടായിരുന്നു.. ഇനി നിന്റെ മുന്നോട്ടുള്ള യാത്രയിൽ ഞാനും കൂടെ ഉണ്ടാവും.. നിനക്ക് മടുക്കും വരെ ചോക്ലേറ്റുകൾ വാങ്ങിച്ചു തന്നുകൊണ്ട്…”

ജിത്തേട്ടൻ പറഞ്ഞത് കേട്ടപ്പോൾ എന്ത് മറുപടി പറയണമെന്ന് അറിയില്ലായിരുന്നു.. കണ്ണുകൾ നിറഞ്ഞു.. സന്തോഷം കൊണ്ടും സങ്കടം കൊണ്ടും ചുണ്ടുകൾ ചിരിച്ചു.. ജിത്തേട്ടനോട് ഒരിഷ്ടമൊക്കെ തോന്നിയിരുന്നു പക്ഷെ ആ ഇഷ്ടത്തിനെ എന്ത് പേരിട്ടു വിളിക്കുമെന്ന് ഇതുവരെ അറിയില്ലായിരുന്നു.. പക്ഷെ ഇപ്പോഴാണ് അതിനൊരു പേര് കിട്ടിയത്.. “പിന്നെ നിന്റെയാ ഡോക്ടറില്ലെ… അവന്റെ കണ്ണുകളിൽ നിന്നോടുള്ള അഗാധമായ പ്രേമം ഞാൻ കണ്ടു കുഞ്ഞോ, ഇന്ന് എയർപോർട്ടിലേക്ക് പോകുന്ന വഴിക്ക് അവന്റെ കണ്ണിലുണ്ടായിരുന്ന ആ നോട്ടം.. അതിൽ ഉള്ള് മുഴുവൻ നീയാണെന്ന് തെളിയുന്നത് പോലെ തോന്നി എനിക്ക്..

നിനക്കറിയാമായിരുന്നോ അത്..?” ജിത്തേട്ടൻ പറഞ്ഞത് കേട്ടപ്പോൾ ഹൃദയം നിലച്ചു പോയിരുന്നു.. തൊണ്ട വറ്റി വരണ്ടു.. നിനച്ചിരിക്കാതെ തലക്ക് അടികൊണ്ടവളെ പോലെ ഒന്ന് ഞെട്ടിപ്പോയി.. തന്റെ ജീവിതത്തിൽ അത്രമേൽ തളിർത്ത ആരവ് എന്ന ഡോക്ടറെ കുറിച്ച് അവളപ്പോഴാണ് കൂടുതൽ ചിന്തിച്ചു തുടങ്ങിയത്.. തന്റെ ആരുമില്ലാത്ത ഒരു പെണ്ണിനെ ഇത്രമേൽ സ്നേഹത്തോടെയും കരുതലോടെയും കൊണ്ട് നടന്നവൻ.. അവളുടെ ഏത് പ്രതിസന്ധികളിലും പൊന്നു പോലെ ചേർത്ത് പിടിച്ചവൻ.. ആ അവനു താൻ ആരായിരുന്നു എന്നത്തിന്റെ ഉത്തരവും അവളെ തഴുകി ആ നിമിഷം കടന്നു പോയ കാറ്റിൽ ലയിച്ചിരുന്നുവെന്ന് ഒടുവിൽ അവൾക്ക് മനസ്സിലായി…….തുടരും..

അറിയാതെൻ ജീവനിൽ: ഭാഗം 30

Share this story