❤️കലിപ്പന്റെ വായാടി❤️ : ഭാഗം 7

❤️കലിപ്പന്റെ വായാടി❤️ : ഭാഗം 7

എഴുത്തുകാരി: ശിവ നന്ദ

കൂട്ടുകാരുടെ കൂടെ ഇരിക്കുമ്പോഴും ബര്ത്ഡേ കേക്ക് മുറിക്കുമ്പോഴും എല്ലാം എന്റെ മനസ്സ് നിറയെ സംശയങ്ങൾ ആയിരുന്നു.ശിവ ആയിരിക്കുമോ അവരെ അടിച്ചത്?? അഥവാ ആണെങ്കിൽ അത് എന്തിനായിരിക്കും??? ഒരു ഐഡിയയും കിട്ടുന്നില്ലല്ലോ.. “ഡീ.. നീയിത് ഏത്‌ ലോകത്താ? ” “അവൾ ഇപ്പോൾ സ്വപ്നം കാണുന്ന ടൈം അല്ലേ അളിയാ..നമുക്ക് ചുളുവിന്‌ ഒരു കല്യാണം കൂടാലോ. ” “അല്ല ഗൗരി. നിങ്ങൾ ഫോൺ വിളി ഒന്നും തുടങ്ങിയില്ലേ.. സാധാരണ കല്യാണം ഉറപിച്ച് കഴിയുമ്പോൾ തൊട്ട് തുടങ്ങേണ്ടതാണല്ലോ” അവൻ അത് പറഞ്ഞപ്പോൾ ആണ് ആ വഴിക്ക് ഒന്ന് ചിന്തിച്ചത്.. ശിവയെ വിളിച്ച് തന്നെ ചോദിക്കാം. പക്ഷെ നമ്പർ അറിയില്ലല്ലോ. “ഡീ പോത്തേ.. ഞങ്ങൾ പറയുന്നത് വല്ലതും നീ കേൾക്കുന്നുണ്ടോ? ”

“എടാ ഞാൻ പോകുവാ” “ഏഹ്..ഇപ്പഴയോ??? ” “പോയിട്ട് അത്യാവശ്യം ഉണ്ടട…നമുക്ക് പിന്നെ കാണാം” എല്ലാവരോടും യാത്ര പറഞ്ഞ് നേരെ വീട്ടിലേക്ക് ചെന്നു. ശിവയുടെ നമ്പർ എങ്ങനെയും ഒപ്പിച്ചെ പറ്റു.അച്ഛന്റെ കയ്യിൽ കാണും. പക്ഷെ ഞാൻ എങ്ങനെയാ പോയി ചോദിക്കുക…. മ്മ്…. ഐഡിയ…… ……………….. “ശിവേട്ടന്റെ നമ്പർ ഒക്കെ സങ്കടിപ്പിച്ച് തരാം. പകരം ഞങ്ങള്ക്ക് എന്ത് തരും” “എന്തുവാടാ അപ്പു..ഒരു മനുഷ്യപറ്റില്ലാതെ സംസാരിക്കുന്നത്.നിന്റെയൊക്കെ ചേച്ചി അല്ലേ ഞാൻ. ആ എന്നെ സഹായിക്കാൻ നിനക്കൊക്കെ കൈകൂലി വേണോ? ” “നമ്പർ വേണോ വേണ്ടയോ???” “വേണം” “എങ്കിൽ ഇന്ന് വൈകിട്ട് ഞങ്ങൾക്ക് പൊറോട്ടയും ചിക്കനും വാങ്ങി തരണം” “അയ്യാ..പൊണൊട്ടയെ കേറ്റു”

“എങ്കിൽ ശെരി… വാടാ കുഞ്ഞാ.. നമുക്ക് പോയി കളിക്കാം” “ടാ ടാ… പോകാതെ… വാങ്ങി തരാം” “ഹാ.. അങ്ങനെ വഴിക്ക് വാ” “അല്ല നീയൊക്കെ എങ്ങനെ അച്ഛന്റെ കയ്യിൽ നിന്നും നമ്പർ വാങ്ങും? ” “സിമ്പിൾ.. ഞങ്ങളുടെ ചേട്ടന്റെ നമ്പർ വേണമെന്ന് പറയും” അങ്ങനെ അപ്പുവും കുഞ്ഞനും കൂടി അച്ഛന്റെ കയ്യിൽ നിന്നും നമ്പർ വാങ്ങി. പക്ഷെ പൊറോട്ടയും ചിക്കനും കയ്യിൽ കിട്ടിയിട്ടേ നമ്പർ തരുക ഉള്ളെന്ന അവന്റെ മറുപടിയിൽ ഞാൻ പെട്ടു. “എടാ… അത് വൈകിട്ട് അല്ലേ..ഞാൻ വാങ്ങി തരാം” “ആഹ്… വൈകിട്ട് നമ്പർ തരാം.. അതാകുമ്പോൾ രാത്രി മുഴുവൻ ഇരുന്നു സൊള്ളാലൊ” അവസാനം അവന്മാരുടെ വാശിക്ക് മുന്നിൽ വൈകുന്നേരം വരെ എനിക്ക് കാത്തിരിക്കേണ്ടി വന്നു.ഒടുവിൽ തീറ്റഭ്രാന്തന്മാരുടെ കുംഭ വീർത്തതിന് ശേഷം നമ്പർ ഞാൻ കൈക്കലാക്കി.ഇനി ശിവയെ വിളിച്ച് ചോദിക്കാം.

പക്ഷെ എന്ത് ധൈര്യത്തിൽ ഞാൻ അയാളെ വിളിക്കും..എന്തായാലും ആവശ്യം എന്റേതാണല്ലോ..നമ്പർ ഡയൽ ചെയ്തു…റിങ്ങിങ്…… “ഹലോ” “ഹ….” ദൈവമേ എന്റെ സൗണ്ട് എവിടെ പോയി???? “ഹലോ…ആരാ?? ” “ഗൗരി” “ആര്?? ” “ഞാൻ ഗൗരി” “ഏത്‌ ഗൗരി? ” ഓ…ചോദ്യം കേട്ടാൽ തോന്നും ലോകത്തുള്ള ഗൗരിമാർ എല്ലാം ഇങ്ങേരെ വിളിക്കാറുണ്ടെന്ന്. “പ്രീ വെഡിങ് ഷൂട്ട്‌ നടന്ന ദിവസത്തെ കാര്യം ചോദിക്കാൻ വിളിച്ചത” “മ്മ്മ്…നീയാരുന്നോ..എന്താ കാര്യം? ” “അവന്മാരെ അടിച്ചത് താൻ ആണോ?” “ആരെ?? നീ ചുമ്മാ ആളെ പൊട്ടൻ ആക്കാതെ വ്യക്തമായിട്ട് പറയുന്നുണ്ടോ.എനിക്കിവിടെ നൂറ് കൂട്ടം പണി ഉണ്ട്” “അന്ന് എന്നെ ശല്യം ചെയ്തവന്മാരെ” “ഹ…ഹ…ഹ….എന്തൊക്കെയാടി നീയീ പറയുന്നത്…ചിരിപ്പിച്ച് കൊല്ലുമോ നീ” “ഇങ്ങനെ കിടന്നു ചിരിക്കാനും മാത്രം ഞാൻ ഒന്നും പറഞ്ഞില്ലല്ലോ.

അവന്മാരെ ഞാൻ ഇന്ന് കണ്ടു.കോലം കണ്ടപ്പോൾ താൻ പണിഞ്ഞത് പോലെ തോന്നി” “നീ എന്താ ഉദ്ദേശിക്കുന്നത്..നിന്നോട് ഉള്ള പ്രേമം മൂത്ത് ഞാൻ അവന്മാരോട് ചോദിക്കാൻ പോയെന്നോ.എന്റെ തലയിൽ കൂടി അങ്ങോട്ടും ഇങ്ങോട്ടും ട്രെയിൻ ഓടുവല്ലേ..വെച്ചിട്ട് പോടീ” “താൻ ഉരുണ്ടു കളിക്കണ്ട.എനിക്ക് എല്ലാം മനസ്സിലായി” “നിനക്ക് എന്ത് മനസിലായെന്ന…ഓക്കേ..നിന്റെ സന്തോഷത്തിനു നീ അങ്ങനെ തന്നെ വിചാരിച്ചോ..നിനക്ക് വേണ്ടി ഞാൻ തല്ലുണ്ടാക്കിയെന്ന്” അതും പറഞ്ഞ് ആള് ഫോൺ കട്ട്‌ ചെയ്തു.അപ്പോഴും എന്റെ മനസ്സ് പറയുന്നുണ്ടായിരുന്നു…ശിവ തന്നെയാണ് അതിന് പിന്നിലെന്ന്.മോനെ ശിവ…

ദേഷ്യത്തിന്റെ മുഖംമൂടി അണിഞ്ഞ് നീ ഒളിപ്പിച്ച് വെച്ചിരിക്കുന്ന ഹൃദയം തുറക്കാൻ ഉള്ള താക്കോലും ആയിട്ട് ഈ ഗൗരി വരുന്നുണ്ട്..just wait and see….!! ഫോൺ കട്ടിലിലേക്ക് എറിഞ്ഞ് തിരിഞ്ഞതും മുന്നിൽ ഏട്ടൻ.ഏട്ടന്റെ മുഖം കാണുമ്പോൾ തന്നെ അറിയാം.എല്ലാം കേട്ടുവെന്ന്. “ആരാ നിന്നെ ശല്യം ചെയ്തത്? ” “അതേട്ട…ഒന്നുമില്ല” “ചോദിച്ചതിന് ഉത്തരം പറ ഗൗരി” അവസാനം എല്ലാം ഏട്ടനോട് പറയേണ്ടി വന്നു.. “ഈ പന്ന……മക്കളെ ഞാൻ ഇന്ന്..” “ഏട്ടാ…അതപ്പോൾ തന്നെ സിദ്ധു ഏട്ടനും ശിവേട്ടനും കൂടി solve ചെയ്തു” “വെറുതെ അങ്ങ് സോൾവ് ചെയ്‌താൽ പോരല്ലോ..കൊടുക്കേണ്ടത് കൃത്യ സമയത്ത് കൊടുക്കണം” “അതാ ഏട്ടാ പറഞ്ഞത്.അവന്മാർ ഇന്ന് ഫുൾ ഹോസ്പിറ്റലിൽ ആയിരുന്നു..ശിവേട്ടൻ കൊടുത്ത സമ്മാനം കൈപ്പറ്റാൻ” “ശിവനോ…

അവൻ അങ്ങനെ ചെയ്യുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല” “അതേ ഏട്ടാ…സത്യമാണ്.അത് ചോദിക്കാന ശിവേട്ടനെ ഞാൻ വിളിച്ചത്.അപ്പോൾ ആള് സമ്മതിച്ചു തരുന്നില്ല.പക്ഷെ എനിക്ക് ഉറപ്പാണ്.” “മ്മ്…അങ്ങനെ എങ്കിൽ നല്ലത്.ഇനി ഇത് പോലെ എന്തെങ്കിലും ഉണ്ടായാൽ നീ എന്നെ അറിയിക്കണം.ഞാൻ ഉണ്ട് നിനക്ക് ചോദിക്കാനും പറയാനും.” “അറിയാം ഏട്ടാ.” ഏട്ടൻ കൂടെ ഉണ്ടെന്നുള്ളത് എന്റെ ധൈര്യം ആണ്.അത് പോലെ ശിവയുടെ കലിപ്പ് സ്വഭാവം മാറ്റേണ്ടത് എന്റെ കടമയും.അത് മുത്തശ്ശിക്ക് ഞാൻ കൊടുത്ത വാക്കാണ്… ============== ഒടുവിൽ ആ ദിവസം വന്നെത്തി.ഇന്ന് ശിവയുടെ താലി എന്റെ കഴുത്തിൽ വീഴുന്ന നിമിഷം മുതൽ ഞാൻ പുതിയ ഒരാളാകേണ്ടതാണ്.പക്ഷെ കെട്ടുന്നത് ശിവ ആയത് കൊണ്ട് എന്റെ കുറുമ്പ് ഒന്നും മാറ്റേണ്ടി വരില്ല.അതാണ്‌ ഏക ആശ്വാസം.

അയ്യോ പാവം ആയിട്ട് നിന്നാൽ ചെക്കൻ കയറി അങ്ങ് സ്റ്റാർ ആകും.അത് ഞാൻ സമ്മതിക്കില്ല.പട്ടുസാരിയും ഉടുത്ത് സ്വർണവും ഇട്ട് മുല്ലപ്പൂവും ചൂടി നിൽക്കുന്ന എന്നെ കണ്ടതും കുട്ടിക്കൂട്ടം കളിയാക്കൽ തുടങ്ങി. “ഇതെന്ത ഗൗരിയേച്ചി പാടത്തെ കോലമോ?? ” “അപ്പു നല്ലൊരു ദിവസമായിട്ടു എന്റെ വായിൽ നിന്ന് കേൾകേണ്ടെങ്കിൽ നീ അപ്പുറത്തേക്ക് എങ്ങാനും പോ” “മ്മ്..ഞങ്ങൾ പോയേക്കാം.എങ്കിലും പറയുവാ..ശിവേട്ടന് ചേച്ചിയേക്കാൾ സുന്ദരി ആയിട്ടുള്ള പെണ്ണാണ് ചേർച്ച’ അതും പറഞ്ഞ് അവന്മാർ പോയെങ്കിലും ആ പറഞ്ഞത് എന്റെ ചങ്കിൽ കൊണ്ടു.തിരിഞ്ഞും മറിഞ്ഞും കണ്ണാടിയിൽ നോക്കിയിട്ടും ഒരു തൃപ്തി വരുന്നില്ല.അവൻ പറഞ്ഞത് പോലെ ശിവയ്ക്ക് ഞാൻ ചേരില്ലേ???? ഏയ്‌…വല്യ കുഴപ്പം ഒന്നുമില്ല.പൊക്കം ഇത്തിരി കുറവാണെന്നല്ലേ ഉള്ളു..അല്ലെങ്കിലും നീളം ഉള്ള ചെക്കന് നീളം കുറഞ്ഞ പെണ്ണാ ചേർച്ച.കെട്ടിപിടിക്കുമ്പോൾ ചെക്കന്റെ ഹാർട്ബീറ്റ് പെണ്ണിന് കേൾകാം…..

അയ്യേ ഞാൻ എന്തൊക്കെയാ ഈ ചിന്തിക്കുന്നത്.ആദ്യം അതിന്റെ ദേഷ്യം ഒന്ന് കുറയ്ക്കണം.. എന്നിട്ട് ആ മനസ്സിൽ ഒരു സ്ഥാനം നേടണം.ബാക്കി ഒക്കെ അത് കഴിഞ്ഞ്.അപ്പോഴേക്കും ചെറുക്കൻ കൂട്ടർ എത്തിയെന്ന് ആരോ പറയുന്നത് കേട്ടു.ശിവയെ സ്വീകരിക്കേണ്ടത് ഏട്ടൻ ആണ്.രണ്ട് കലിപ്പന്മാർ തമ്മിൽ ഉള്ള ആ രംഗം ഓർത്തപ്പോൾ തന്നെ എനിക്ക് ചിരി വന്നു.. അച്ഛന്റെ കൈ പിടിച്ച് മണ്ഡപത്തിൽ കയറുമ്പോൾ ശിവയെ ഞാൻ ഒളികണ്ണിട്ടൊന്ന് നോക്കി.ഭയങ്കര ഗൗരവത്തിൽ ആണ് ഇരിക്കുന്നത്.മൊഞ്ച് ഇത്തിരി കൂടിയോ എന്നൊരു സംശയം..മ്മ്..വെറുതെ അല്ല അപ്പു അങ്ങനെ പറഞ്ഞത്. മണ്ഡപം വലം വെച്ച് മുത്തശ്ശിയുടെ അനുഗ്രഹവും വാങ്ങി ഞാൻ ശിവയുടെ അടുത്തിരുന്നു.

നാദസ്വര മേളം ഉയർന്നതും അതിലും ഉച്ചത്തിൽ എന്റെ ഹൃദയം ഇടിക്കാൻ തുടങ്ങി..കണ്ണടച്ച് കൈകൂപ്പി ഞാൻ ഇരുന്നു..ഏതാനും നിമിഷങ്ങൾക്കുള്ളിൽ ശിവയുടെ താലി എന്റെ ഹൃദയത്തിൽ പറ്റി ചേർന്നു.ശ്രേയ ചേച്ചി നീട്ടിയ സിന്ദൂരച്ചെപ്പിൽ നിന്നും ഒരു നുള്ള് സിന്ദൂരം ശിവ എന്റെ സീമന്തരേഖയിൽ തൊട്ടപ്പോൾ അറിയാതെ എന്റെ കണ്ണ് നിറഞ്ഞു.അത് കണ്ടിട്ടും കാണാത്തത് പോലെ ശിവയും ഇരുന്നു. ഫോട്ടോ എടുക്കലും സദ്യ കഴിക്കലും എല്ലാം കഴിഞ്ഞ് എനിക്ക് ഇറങ്ങാൻ ഉള്ള സമയം ആയി.ഒരു പെൺകുട്ടിയെ സംബന്ധിച്ചിടത്തോളം അതിലും ഹൃദയവേദന നൽകുന്ന ഒരു നിമിഷം വേറെ ഇല്ല.താൻ ജനിച്ച് വളർന്ന വീട്ടിൽ ഇനി ഒരു വിരുന്നുകാരി ആയി മാത്രം വരാൻ നിയോഗിക്കപെട്ടവൾ..

അച്ഛന്റെയും അമ്മയുടെയും ഏട്ടന്റെയും ചെല്ലകുഞ്ഞായി വളര്ന്നവൾ മറ്റൊരു വീട്ടിലെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടവൾ ആയി മാറുന്നു.അച്ചനും അമ്മയും കെട്ടിപ്പിച്ച് ഉമ്മ തരുമ്പോഴും ഇതിൽ നിന്നൊക്കെ മാറി നിൽക്കുന്ന ഏട്ടനിൽ ആയിരുന്നു എന്റെ ശ്രദ്ധ.ആ മനസ്സ് വിങ്ങുന്നത് എനിക്ക് അറിയാം.രാജകുമാരിയെ പോലെ വളർത്തിയിട്ട് ഒടുവിൽ തനിക്ക് ഇഷ്ടമില്ലാത്ത ഒരാളുടെ കൂടെ കുഞ്ഞിപ്പെങ്ങളെ അയക്കേണ്ടി വരുന്ന ഒരേട്ടന്റെ വിഷമം..ഓടി ചെന്ന് കെട്ടിപ്പിടിച്ചപ്പോൾ കരച്ചിൽ അടക്കി നിർത്താൻ പാട്പെടുവായിരുന്നു എന്റെ ഏട്ടൻ..ഒടുവിൽ ഏട്ടനും കരഞ്ഞ് പോയി.ഞങ്ങളെ പിടിച്ച് മാറ്റാൻ പലരും ശ്രമിച്ചെങ്കിലും കൂടുതൽ ശക്തിയിൽ ഏട്ടൻ എന്നെ മുറുകെ പിടിക്കുകയായിരുന്നു..

അവസാനം ശിവ വന്നെന്റെ കയ്യിൽ പിടിച്ചപ്പോൾ കരഞ്ഞ് ചുവന്ന കണ്ണുകളുമായി ഏട്ടൻ ശിവയെ നോക്കിയ ഒരു നോട്ടം ഉണ്ട്.ഒരു അടി ഇപ്പോൾ സംഭവിക്കും എന്ന് പേടിച്ചിട്ടാണ് ഞാൻ ഏട്ടനിൽ നിന്നും മാറിയത്.ഏട്ടന്റെ നോട്ടത്തിന്റെ തീവ്രത എന്റെ കയ്യിൽ ഉള്ള ശിവയുടെ പിടുത്തത്തിൽ നിന്നും ഞാൻ അറിയുന്നുണ്ടായിരുന്നു.മുത്തശ്ശി അടുത്തേക്ക് വന്നപ്പോൾ ആണ് ശിവ ആ പിടുത്തം വിട്ടത്. “എന്താ ഈ കാട്ടണെ..കൊച്ചുകുട്ട്യോളെ പോലെ കരഞ്ഞാൽ എങ്ങനാ..എന്റെ കുട്ടനെ പോലെ തന്ന്യാ നീയും എനിക്ക്.ഗൗരിയേ ഓർത്തു വിഷമിക്കണ്ട.അവളെ ഞങ്ങൾ പൊന്ന് പോലെ നോക്കും.” അപ്പോഴും ഏട്ടന്റെ നോട്ടം ശിവയിൽ തന്നെ ആയിരുന്നു. “വാ മോളേ..സമയം പോകുന്നു..”

ഏട്ടന്റെ കവിളിൽ ഒരു ഉമ്മയും കൊടുത്ത് മുത്തശ്ശിയുടെ കൂടെ ഞാൻ നടന്നു.കാറിൽ കയറാൻ പോയ ശിവയെ പെട്ടെന്ന് ഏട്ടൻ വന്നു പിടിച്ചു.. “എന്നോട് നിനക്കുള്ള ദേഷ്യം ഇവളോട് തീർക്കരുത്.നിനക്ക് കിട്ടിയ ഭാഗ്യം ആണ് ഇവൾ..അതെന്നെങ്കിലും നീ മനസ്സിലാക്കും.ഞാൻ കയ്യിൽ കൊണ്ട് നടന്ന പെണ്ണാ…കരയിക്കരുത്..പ്ലീസ്.” ഏട്ടൻ ആദ്യമായിട്ട് ആണ് ഒരാളോട് ഇത്രയും താഴ്ന്നു സംസാരിക്കുന്നത്.അതും എന്റെ സുരക്ഷയെ ഓർത്തു..ശിവ എന്തെങ്കിലും മറുപടി പറയുമെന്ന് ഞാൻ പ്രതീക്ഷിച്ചു.പക്ഷെ അതുണ്ടായില്ല..ഒന്നും മിണ്ടാതെ ശിവ കാറിൽ കയറി.. “നിന്റെ ഏട്ടന് നീയെന്ന് വെച്ചാൽ ഇത്രക്ക് ജീവൻ ആയിരുന്നോ…അത് ഞാൻ അറിഞ്ഞില്ലായിരുന്നു..ഹഹ..ഇപ്പോഴാണ് നിനക്കിട്ട് പണി തരാൻ ഒരു ത്രില്ല് ഉണ്ടായത്.” ഇങ്ങേരെ നന്നാക്കാൻ ഞാൻ കുറേ പാട് പെടുമെന്ന് അതോടെ എനിക്ക് മനസ്സിലായി.ശിവയുടെ വീട് ലക്ഷ്യമായി ആ കാർ നീങ്ങി.ഇനി ശിവയുടെയും ഗൗരിയുടെയും അടിയും വഴക്കും അടുത്ത ഘട്ടത്തിലേക്ക്……… (തുടരും)

❤കലിപ്പന്റെ വായാടി❤ : ഭാഗം 6

Share this story