കൃഷ്ണവേണി: ഭാഗം 4

കൃഷ്ണവേണി: ഭാഗം 4

എഴുത്തുകാരി: അനില സനൽ അനുരാധ

“എന്റെ പെണ്ണിനോട് എവിടെയും വെച്ച് ഞാൻ എന്തും സംസാരിക്കും. അതിനി ഓഫീസാണോ വീടാണോ റോഡാണോ എന്നൊന്നും ഞാൻ നോക്കില്ല… ” അവൾ ഒരു ഞെട്ടലോടെ മുഖമുയർത്തി അവനെ നോക്കി. വാക്കുകൾ കൊണ്ടും പണം കൊണ്ടും പെൺകുട്ടികളെ വീഴ്ത്തി അവസാനം വേണ്ടാതാകുമ്പോൾ വലിച്ചെറിയുകയും ചെയ്യുന്ന ചിലരെ കുറിച്ചുള്ള കഥകൾ കേട്ടിട്ടുണ്ട്. അറിഞ്ഞു കൊണ്ടൊരു കുഴിയിൽ പോയി ചാടാതെ ശ്രദ്ധിച്ച് നടക്കണം. അവൾ മനസ്സിൽ കരുതി. “കല്യാണിയമ്മയുടെ മാനസപുത്രി എന്താ ഒന്നും മിണ്ടാത്തത്. എന്റെ അപ്പച്ചിയെ തനിക്കു വല്യ ഇഷ്ടാലെ. സ്വന്തം അല്ലെങ്കിലും സ്വന്തം അമ്മയെ പോലെ താൻ സ്നേഹിക്കുന്നില്ലേ…

അത് കൊണ്ടു സ്വന്തം മോളു തന്നെ എന്നു വിശ്വാസിക്കാനാ എനിക്കിഷ്ടം.” “സാറിന്റെ ഇഷ്ടം ഒന്നും ഞാൻ ചോദിച്ചില്ലല്ലോ. മീറ്റിംഗിന്റെ കാര്യം ഞാൻ പറഞ്ഞോളാം. ” എന്നു പറഞ്ഞ് അവൾ എഴുന്നേറ്റു. മീറ്റിംഗിന്റെ കാര്യം ജിതിനോട്‌ പറയുകയും അതിന്റെ മെമ്മോ സുഷമയെ ഏൽപ്പിക്കുകയും ചെയ്തു. “ഇന്നലത്തെ കാര്യം നീ പറഞ്ഞില്ലാട്ടോ… ” സുഷമ കണ്ടപ്പോൾ തിരക്കി. “അവിടെ വീട്ടിൽ കല്യാണിയമ്മയുടെ ഏട്ടന്റെ മോൻ വന്നിട്ടുണ്ട്. ഇവിടേയ്ക്ക് വരാൻ ഞാൻ ഡ്രസ്സ്‌ മാറുമ്പോഴാണ് കല്യാണിയമ്മ പറയുന്നത് കണ്ണേട്ടന് ദോശ ഇഷ്ടമില്ലെന്ന്. പിന്നെ പുട്ടൊക്കെ ഉണ്ടാക്കി ഇവിടെ എത്തിയപ്പോൾ വൈകി. അപ്പോൾ എം ഡിയ്ക്കു ഭ്രാന്ത്.” കണ്ണേട്ടനും അനന്തു സാറും ഒരാൾ ആണെന്ന് പറയാൻ അവൾക്കു തോന്നിയില്ല. “നിനക്ക് എന്റെ കൂടെ ഹോസ്റ്റലിലേക്ക് വന്നൂടെ. അവിടെ മെസ്സ് ഉണ്ട്…

ഫുഡ്‌ ഉണ്ടാക്കേണ്ട… നേരത്തെ എഴുന്നേൽക്കണ്ട… നമുക്ക് അവിടെ അടിച്ചു പൊളിക്കാം വേണി. ഈ കഷ്ടപ്പാട് ഒന്നും ഉണ്ടാകില്ല. ” “അതൊന്നും ശരിയാകില്ല ചേച്ചി. ” “കാശിന്റെ പ്രശ്നം ആണോ? ” “അതൊന്നുമല്ല ചേച്ചി. ഒന്നും പറയാതിരിക്കുന്നതാ നല്ലത്. ” അവൾ തിരികെ സീറ്റിൽ വന്നിരുന്നു. വീട്ടിലേക്കു പോയിട്ട് മാസങ്ങൾ ആയിരിക്കുന്നു. ശമ്പളം അക്കൗണ്ടിൽ എത്തുമ്പോൾ വിളിക്കുന്നതല്ലാതെ അവിടെ നിന്ന് ആരും വിളിക്കാറില്ല. പിന്നെ അവിടേക്കു വിളിച്ചാൽ തന്നെ എന്തെങ്കിലും വിശേഷങ്ങൾ പറഞ്ഞാലായി. അവൾ ഓഫീസിൽ നിന്നും ഇറങ്ങുമ്പോൾ കൂടെ അനന്തുവും ഉണ്ടായിരുന്നു. “ഇന്നും രാത്രി ചപ്പാത്തി ആണോ? ” അവൻ പുഞ്ചിരിച്ചു കൊണ്ടു തിരക്കി. “കല്യാണിയമ്മയോട് പോയി ചോദിയ്ക്ക്. ”

അവൾ ദേഷ്യത്തോടെ പറഞ്ഞു. “ചോദിക്കാം. വീട്ടിൽ എത്തിയാൽ ഉടനടി ചോദിക്കാം. ” “പിന്നേ… ഡ്രസ്സ്‌ അയൺ ചെയ്യണമെങ്കിൽ അകത്തു സോഫയിൽ കൊണ്ടു വന്നു വെക്കണം.” “പോയി കല്യാണിയമ്മയോട് പറയ്…” എന്നു പറഞ്ഞ് അവൻ കാറിനടുത്തേക്ക് നടന്നു. തന്റെയും കല്യാണിയമ്മയുടെയും ഇടയിലേക്ക് ഇയാൾ കടന്നു വരണ്ടായിരുന്നു എന്നവൾക്ക് തോന്നി. വീട്ടിലെത്തുമ്പോൾ രണ്ടു പേരും ഉമ്മറത്തിരിക്കുന്നത് അവൾ കണ്ടു. എന്തോ പറഞ്ഞ് രണ്ടാളും ചിരിക്കുന്നുണ്ട്. അവൾ ഉമ്മറത്തേക്ക് കയറി. “അപ്പച്ചി… എനിക്കൊരു ചായ വേണം… ” അവളുടെ മുഖത്തു നോക്കി അവൻ പറഞ്ഞു . കല്യാണിയമ്മ എഴുന്നേറ്റു. “അമ്മ അവിടെ ഇരുന്നോ. ഞാൻ ചായയിടാം. ” “മോള് വന്നു കയറിയതല്ലേയുള്ളു. ” “തിരക്കില്ല.

കുറച്ചു കഴിഞ്ഞു മുറിയിലേക്ക് കൊണ്ടു വന്നാൽ മതി. ” എന്നു പറഞ്ഞ് അവൻ എഴുന്നേറ്റു പോയി. അവൾ ചായയുണ്ടാക്കി മേശമേൽ കൊടുന്നു വെച്ചു. “മോള് പോയി അവനു ചായ കൊടുക്ക്… ” കല്യാണിയമ്മ പറഞ്ഞു. അവൾ ചായയുമായി ചെല്ലുമ്പോൾ അവൻ കട്ടിലിൽ ഇരിക്കുന്നുണ്ടായിരുന്നു. അവൾ അകത്തേക്ക് കയറാതെ വാതിൽക്കൽ നിന്നു. ഇയാൾക്ക് ഒരു ഷർട്ട്‌ ഇട്ട് ഇരുന്നൂടെ. അവൾ മനസ്സിൽ പറഞ്ഞു. അവൾ പുറത്തു നിന്നു തന്നെ വാതിലിൽ തട്ടി ശബ്ദം ഉണ്ടാക്കി. “ആഹാ താനിത്ര പെട്ടെന്ന് എത്തിയോ. വാതിൽ തുറന്നു കിടക്കുകയല്ലേ ഇങ്ങോട്ടു വന്നോളൂ. ” “എനിക്ക് താഴെ പോയിട്ട് വേറെ പണിയുണ്ട്. ” അവൻ കേൾക്കാത്തതു പോലെ ഇരുന്നു. അവൾ മുറിയിലേക്ക് കടന്നു ചായ മേശമേൽ വെച്ചു. “ആ കസേരയിൽ കിടക്കുന്ന ഡ്രസ്സ്‌ വാഷ് ചെയ്യണം. ” അവൻ പറഞ്ഞു.

“ഞാനോ? ” “അല്ലാതെ പിന്നെ ഞാനോ. ഇതൊക്ക നീ എന്നായാലും ചെയ്യേണ്ടത് അല്ലേ. ” “ഞാൻ എന്തിനാ ചെയ്യണേ… കഴുകാൻ ഉള്ളതെല്ലാം താഴെ കൊടുന്നിട്ടാൽ മതി. കല്യാണിയമ്മ അതു വാസന്തിയേട്ത്തിയെ കൊണ്ടു കഴുകിച്ചോളും. ” “എന്റെ ഡ്രസ്സ്‌ വാസന്തിയേട്ത്തിയൊന്നും കഴുകണ്ട. താൻ കഴുകിയാൽ മതി. ” “ഇതെന്തൊരു കഷ്ടാണ്. ഞാൻ നിങ്ങളുടെ വേലക്കാരിയാണോ. ആദ്യം ഓഫീസിൽ മാത്രം ആയിരുന്നു ശല്യം. ഇപ്പോൾ ഇവിടെയും തുടങ്ങി.” അവൻ കട്ടിലിൽ നിന്നും എഴുന്നേറ്റു. “ഡ്രസ്സ്‌ എടുക്ക്… ” “ഞാൻ എടുക്കില്ല. ” “എടുക്കാതെ നീ പോകില്ല.” അവൾ വേഗം തിരിഞ്ഞു നടന്നതും അവൻ കയ്യിൽ പിടിക്കാൻ നോക്കി. കിട്ടിയത് സാരിയുടെ തലപ്പായിരുന്നു. “വിടെടോ… ” അവൾ പറഞ്ഞു. “പറഞ്ഞാൽ അനുസരണ വേണം.

അല്ലെങ്കിൽ കല്യാണം കഴിഞ്ഞു കിട്ടാനുള്ള അടിയിൽ ഒന്നു കൂടി ഞാൻ ഇപ്പോൾ അഡ്വാൻസ് ആയി തരും. വേഗം ഡ്രസ്സ്‌ എടുക്ക്. അതു നീ തന്നെ കഴുകി ഉണക്കി അയേൺ ചെയ്ത് ഇവിടെ കൊണ്ടു വന്നു വെക്കണം.” “ഈ കല്യാണം എന്നൊക്കെ തനിയെ അങ്ങോട്ട്‌ തീരുമാനിച്ചാൽ മതിയോ. എനിക്ക് ഇഷ്ടമാകണ്ടേ… ” “നീയും ഇഷ്ടപ്പെട്ടോ… ആരാ വേണ്ടെന്നു പറഞ്ഞത്. ” “സാരി വിട്… എനിക്ക് പോകണം. ” “ആദ്യം ഞാൻ പറഞ്ഞതു കേൾക്കുന്നുണ്ടോ? ” അവൾ ഒന്നും പറഞ്ഞില്ല. “താനെടുക്കുന്നുണ്ടോ? ” അവൻ വീണ്ടും ചോദിച്ചു. അവൾ ഡ്രസ്സ്‌ എടുത്തു കയ്യിൽ പിടിച്ചപ്പോഴാണ് അവൻ സാരിയിലെ പിടുത്തം വിട്ടത്. അവൾ വേഗം ഡ്രസ്സ്‌ താഴെയിട്ട് പുറത്തേക്കു ഓടാൻ തുനിഞ്ഞതും അവൻ വലതു കൈ കൊണ്ടു അവളെ പുറകിൽ നിന്നും ചുറ്റി പിടിച്ചു. അവളെ അവന്റെ ദേഹത്തേക്ക് ചേർത്തു നിർത്തി.

“നീയിതു എവിടേക്കാ പെണ്ണേ ഓടുന്നത്. നിന്നെക്കാൾ വിളഞ്ഞ ബുദ്ധിയാ എനിക്ക്. ” “കൈ എടുക്കെടോ… ഇങ്ങനെ ദേഹത്തു തൊടുന്നതൊന്നും എനിക്കു ഇഷ്ടമല്ല.” അവന്റെ കൈ പിടിച്ചു മാറ്റാൻ ശ്രമിച്ചു കൊണ്ടു അവൾ പറഞ്ഞു. എന്നാൽ അവൻ പിടുത്തം ഒന്നു കൂടി മുറുക്കുകയാണ് ചെയ്തത്. “എടോ അല്ല കണ്ണേട്ടൻ… അപ്പച്ചി പറഞ്ഞത് താനും കേട്ടതല്ലേ. ” “ഞാൻ തുണി കഴുകാം. ഒന്നു വിട്…” “ഇനി നീ കണ്ണേട്ടാ എന്നു വിളിക്ക്. കണ്ണേട്ടാ ഞാൻ പോയിക്കോട്ടെ എന്നു ചോദിയ്ക്ക്. ” “പറ്റില്ല. കഴുകാമെന്ന് ഞാൻ പറഞ്ഞില്ലേ. ” “കണ്ണേട്ടാ എന്നു വിളിക്കാതെ ഞാൻ വിടില്ല… ” അവളുടെ തോളിൽ മുഖം ചേർത്തു വെച്ചു കൊണ്ടവൻ പറഞ്ഞു.

പെട്ടെന്നവൾ കൈ പിന്നിലേക്ക് വലിച്ച് കൈ മുട്ടുകൊണ്ട് അവന്റെ വയറിൽ ഒരു കുത്തു വെച്ചു കൊടുത്തു. അവൻ പെട്ടെന്ന് അവളെ വിട്ട് വയറു പൊത്തി പിടിച്ചു താഴേക്ക് ഇരുന്നു. അവനു നന്നായി വേദനിച്ചു എന്നവൾക്കു തോന്നി. ഇതെന്താ കൃഷ്ണാ ഇയാൾക്കൊരു ഇടി താങ്ങാനുള്ള ആരോഗ്യം പോലുമില്ലേ… അവൾ വേഗം അവന്റെ അടുത്തിരുന്നു. “എന്താ? ” “ഒന്നുമില്ല… താൻ പൊയ്ക്കോ. ” ഇതു തമാശയാണോ കാര്യമാണോ എന്നറിയാത്ത അവസ്ഥയിലായിരുന്നു അവൾ. വയറിന്മേല്‍ വെച്ച അവന്റെ വലതു കൈ അവൾ എടുത്തു മാറ്റി. അപ്പോഴാണ് സ്റ്റിച്ച് ഇട്ടതിന്റെ പാടുകൾ അവിടെ കണ്ടത്. “അയ്യോ ഇതെന്താ? ” “ഒന്നുമില്ല. അവിടെ ഒരു തടിപ്പ് ഉണ്ടായിരുന്നു. അതു ഓപ്പറേഷൻ ചെയ്തു കളഞ്ഞതാണ്.

വേദന മാറിയതായിരുന്നു. പക്ഷേ ഇപ്പോൾ നല്ല വേദന. അവൾ അവനെ എഴുന്നേൽക്കാൻ സഹായിച്ചു. അവനെ കട്ടിലിലേക്ക് ഇരുത്തി. “ഇനി അനാവശ്യമായി എന്നെ തൊടാനും പിടിക്കാനും വന്നാലുണ്ടല്ലോ ഇതു പോലെയിരിക്കും.” അവളുടെ പറച്ചിൽ കേട്ടപ്പോൾ അവനു ചിരിയാണ് വന്നത്. അവൾ കഴുകാനുള്ള തുണിയെടുത്ത് പുറത്തേക്കു നടന്നു. *** ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്ന കല്യാണിയമ്മയെയും അനന്തുവിനെയും നോക്കാതെ വേണി മുറിയിലേക്ക് നടന്നു. “ഏയ്‌ വേണി… താൻ കഴിക്കുന്നില്ലേ? ” അവൻ തിരക്കി. “ഞാൻ പിന്നെ കഴിച്ചോളാം. ” “അതെന്താ അപ്പച്ചി… നമ്മുടെ കൂടെ കഴിക്കാൻ ഇവൾക്ക് വിലക്കുണ്ടോ? ” “എന്തു വിലക്ക്. അവളെന്റെ മോളല്ലേ. കാവിലു വിളക്കു വെക്കുന്നതും പോലും അവളാണ്.

മോളെ ഇവിടെ വന്നിരിന്നു കഴിക്ക്… ” അവൾ മടിച്ച് അവിടെ തന്നെ നിന്നു. “ചിലപ്പോൾ നമ്മളെ ഒന്നും കണ്ണിൽ പിടിക്കുന്നുണ്ടാകില്ല അതാകും. ” അവൾ കല്യാണിയമ്മയുടെ അടുത്തായി ഇരുന്നു. “വേണി… നാളെ തൊട്ടു നമുക്ക് ഒപ്പം പോകാം. എന്തായാലും നമ്മൾ ഒരിടത്തേക്ക് അല്ലേ പോകുന്നത്. ” “അതു വേണ്ട. ഞാൻ വന്നോളാം. ” “അപ്പച്ചി പറഞ്ഞ കാരണം ചോദിച്ചതാ.” “അതേ മോളെ. ഞാനാ കണ്ണനോട് പറഞ്ഞത്. ” “അതു വേണ്ട അമ്മേ. അനാവശ്യമായ സഹായങ്ങൾ ഒന്നും സ്വീകരിക്കരുതെന്ന് അച്ഛൻ പറഞ്ഞിട്ടുണ്ട്. എനിക്കു പോകാൻ വണ്ടി ഉണ്ടല്ലോ അതുമതി. ” പിന്നെ ആരും അതേ കുറിച്ച് ഒന്നും പറഞ്ഞില്ല. ***

ദിവസങ്ങൾ കടന്നു പോകും തോറും അനന്തുവിന്റെ ഉള്ളിൽ വേണിയോടുള്ള സ്നേഹവും കൂടി കൂടി വന്നു. എന്നാൽ അതെങ്ങനെ പ്രകടിപ്പിക്കാൻ ശ്രമിച്ചാലും അവൾ അതൊന്നും കാര്യമാക്കാതെ കടന്നു പോകും. മനസ്സിൽ ചെറുതായി ഒരു അടുപ്പം അവൾക്കും അവനോടു തോന്നി തുടങ്ങിയിരുന്നു. തന്നെ വിശ്വസിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന കല്യാണിയമ്മയോട് ഒരിക്കലും വിശ്വാസ വഞ്ചന ചെയ്യില്ലെന്നും അങ്ങനെ ഒരു നന്ദികേട് കാട്ടില്ലെന്നും അവൾ മനസ്സിൽ ഉറപ്പിച്ചിരുന്നു. അതു കൊണ്ടു തന്നെ എപ്പോഴു അവനിൽ നിന്നും ഒരു അകലം പാലിക്കാൻ അവൾ ശ്രമിച്ചു കൊണ്ടിരുന്നു. കാവിൽ വിളക്ക് വെച്ചു തിരിഞ്ഞപ്പോഴാണ് അവൾ അനന്തുവിനെ കണ്ടത്.

“എന്തോ കാര്യമായ പ്രാർത്ഥനയിൽ ആയിരുന്നല്ലോ. വല്ലപ്പോഴും എന്റെ ആഗ്രഹങ്ങൾ പൂവണിയാനും ഒന്നു പ്രാർത്ഥിക്കണേ… ” അവൾ ഒന്നും പറയാതെ നടന്നതും അവനും കൂടെ നടന്നു. “ഇപ്പോൾ എന്നോട് കുറച്ചു സ്നേഹമൊക്കെ തോന്നുന്നില്ലേ… ” അവൻ തിരക്കി. “ഇല്ല…” അവന്റെ മുഖം വാടി. “അല്ല… കുറച്ചു ദിവസമായി കാവിൽ കാണാറില്ലല്ലോ. ഇന്നെന്താ മഞ്ഞൾ പൊടി കൊണ്ടു അഭിഷേകമൊക്കെ.” അവൻ തിരക്കി. “ഒന്നുമില്ല. ഇതു മാസത്തിൽ ഒരിക്കൽ പതിവാണ്.” “അതെന്താ? ” “കുറച്ചു ദിവസം കാണാത്തത്തിനുള്ള പരിഭവം തീർക്കണ്ടേ. ” “അതിനെന്തിനാ കാണാതിരിക്കുന്നത്. എന്നും വന്നാൽ പോരെ. ” അവനെ ഒന്നു സൂക്ഷിച്ചു നോക്കിയിട്ട് അവൾ വേഗം നടന്നു. “ഞാനും വരുന്നെടോ… ”

എന്നു പറഞ്ഞ് അവനും വേഗം പിന്നല്ലാലെ നടന്നു. *** രാവിലെ അനന്തുവിന്റെ ഡ്രസ്സ്‌ മുറിയിലേക്ക് കൊണ്ടു വെക്കാനായി ചെന്നതായിരുന്നു വേണി. വാതിലിനു മുൻപിൽ എത്തിയപ്പോഴെ മുറിയിൽ നിന്ന് ഫോണിൽ ആരോടോ ദേഷ്യപ്പെട്ടു സംസാരിക്കുന്നത് കേൾക്കുന്നുണ്ടായിരുന്നു. “എനിക്കതിൽ താല്പര്യം ഇല്ല. ഞാൻ സമ്മതിക്കില്ല. ആരോട് വേണമെങ്കിലും പറഞ്ഞോളു. എന്നെ കാണാൻ ആരെയും പറഞ്ഞയക്കണ്ട. ” എന്നു പറഞ്ഞ് ഫോൺ ബെഡിലേക്ക് വലിച്ചെറിഞ്ഞു. വാതിലിൽക്കലേക്ക് നോക്കിയപ്പോഴാണ് വേണി അവിടെ നിൽക്കുന്നത് അനന്തു കണ്ടത്. “എന്താ?” അവൻ തിരക്കി. ശബ്ദത്തിൽ അപ്പോഴും ദേഷ്യം കലർന്നിരുന്നു. “ഞാൻ ഡ്രസ്സ്‌ വെക്കാൻ വന്നതാ. ” അവൾ മുറിയിലേക്ക് കടന്ന് ഡ്രസ്സ്‌ ടേബിളിൽ വെച്ച് തിരിഞ്ഞു നടന്നു. “വേണി… ”

അവൻ ഒരു തളർച്ചയോടെ വിളിച്ചു. അവൾ നിന്നു. “എനിക്കു നിന്നെ ഇഷ്ടമാണെന്ന് നിനക്ക് അറിയില്ലേ. പിന്നെ എന്തിനാ മനസിലായിട്ടും മനസിലാകാത്ത പോലെ നടക്കുന്നത്. നീ എന്റെ പെണ്ണാണ്. ഈ അനന്തകൃഷ്ണനു ഒരു വിവാഹം ഉണ്ടെങ്കിൽ അതു നിന്നോടൊപ്പം ആയിരിക്കും വേണി. ഇതു ഞാൻ ഒരു തമാശയ്ക്ക് പറയുകയാണെന്ന് നീ വിചാരിക്കരുത്. നിന്നെ ആദ്യമായി കണ്ട അന്നു തൊട്ടേ നീ എന്റെ മനസ്സിൽ കയറി ഇരുന്നതാണ്. ഇനി ഇറക്കി വിടാൻ എനിക്കു പറ്റില്ല. ” “എന്നോട് ഇങ്ങനെയൊന്നും പറയരുത്. അർഹതപ്പെടാത്തത് ആഗ്രഹിക്കരുതെന്നാണ് അച്ഛൻ പഠിപ്പിച്ചിട്ടുള്ളത്.

ഒരു പഴയ കാര്യസ്ഥന്റെ മകൾ ആ സ്ഥാനം മതിയെനിക്ക് ഈ വീട്ടിൽ. എന്നെ സ്വന്തം മോളെ പോലെ വിശ്വസിക്കുന്ന കല്യാണിയമ്മയ്ക്ക് എന്നിൽ ഒരു വിശ്വാസമുണ്ട്. അതൊരിക്കലും ഞാൻ തകർത്ത് എറിയില്ല. ” “എന്റെ സ്നേഹത്തിനു ഒരു വിലയും ഇല്ലേ? ” “വിലയുണ്ട് . അതൊരിക്കലും എനിക്കു തന്നു പാഴാക്കാൻ ഉള്ളതല്ല. ” “എന്റെ സ്നേഹം ഞാൻ അങ്ങനെ പാഴാക്കാൻ ഉദ്ദേശിച്ചിട്ടില്ല. നിനക്ക് അവകാശപ്പെട്ട സ്നേഹം ഞാൻ നിനക്കു മാത്രമേ തരൂ.” “എനിക്കു ആ സ്നേഹം വേണ്ട… എന്നെ ഇങ്ങനെ സ്നേഹിച്ച് ഉപദ്രവിക്കരുത്. ” എന്നു പറഞ്ഞു അവനു മുൻപിൽ കൈ കൂപ്പുമ്പോൾ അവളുടെ മിഴികൾ നിറഞ്ഞു തുളുമ്പാൻ വെമ്പൽ കൊള്ളുന്നുണ്ടായിരുന്നു…. (തുടരും… )

കൃഷ്ണവേണി: ഭാഗം 3

Share this story