മഹാദേവൻ: ഭാഗം 19

മഹാദേവൻ: ഭാഗം 19

എഴുത്തുകാരി: നിഹാരിക

എട്ടത്തിയമ്മയുടെ അനുഗ്രഹം വാങ്ങൂ ” എന്ന് പറയുന്നത് കേട്ടപ്പോൾ നിസംഗതയോടെ മഹി ദ്യുതിയെ നോക്കി…. പ്രായത്തിൽ ഇളയതെങ്കിലും സ്ഥാനം കൊണ്ട് എട്ടത്തിയല്ലേ? എന്ന് ന്യായീകരിച്ച് പറഞ്ഞു എല്ലാവരും….. നിലത്ത് മിഴികളൂന്നി ദ്യുതിയെ ഒന്നു നോക്കുക കൂടി ചെയ്യാതെ ദക്ഷിണ നൽകാനായുള്ള വെറ്റില മീരയുടെ കയ്യിലേക്ക് വച്ചു കൊടുത്തു…. നീറിപ്പിടഞ്ഞവൾ എറ്റുവാങ്ങി…. കാലിൽ വീഴാൻ സമ്മതിക്കാതെ മീരയെ പൂണ്ടടക്കം പിടിച്ചപ്പോൾ .. പൊട്ടിപ്പോയിരുന്നു ആ പെണ്ണ്…. അതൊരു ഏങ്ങലടിയായി ഉയർന്നു ….. ഞെട്ടി ദ്യുതിയെ നോക്കിയ മഹിയെ ദയനീയതയോടെ മീര നോക്കി…. അതിനേക്കാൾ വിങ്ങുന്ന ഒരു മനസാണ് അവിടെ എന്നറിയാതെ…. ”

മീര മോളെ ഇനി അമ്മക്കു കൂടി കൊടുത്ത് അവസാനിപ്പിച്ചോളൂ” എന്ന് കാർക്കശ്യത്തോടെ പറഞ്ഞത് കേട്ട് ദ്യുതി മീരയുടെ ദേഹത്ത് നിന്ന് അടർന്നു മാറി…. പരിഭവിച്ച് നോക്കിയ മീരയുടെ നോട്ടം കണ്ടില്ലെന്ന് നടിച്ച് വെറ്റിലയും അടക്കയും അവൾക്ക് നേരെ നീട്ടി മഹി…. അത് മേടിച്ച് അമ്മക്ക് നൽകി ആ കാലിൽ വീണപ്പോൾ അമ്മയും കരയുകയാണെന്നറിഞ്ഞു മീര !.. ദക്ഷിണ സ്വീകരിച്ചതും അമ്മയെ ചേർത്ത് പിടിച്ചിരുന്നു മഹി… വല്ലാത്ത കരുതലോടെ ….. ഇത് വല്ലാതെ നോവ് പടർത്തി ഉള്ളിൽ ദ്യുതിക്ക്, എല്ലാവർക്കും എല്ലാവരും ഉണ്ട്… താൻ മാത്രമാണ് അധികപ്പറ്റ്! ഒറ്റപ്പെട്ടത് എന്ന് മെല്ലെ അവിടെ നിന്നും മാറി നിന്നു… മുറിയിൽ ചെന്ന് ജനലിലൂടെ പുറത്തേക്ക് നോക്കി നിന്നു.. അവിടവിടെയായി ആൾക്കൂട്ടങ്ങൾ ….

പൊട്ടിച്ചിരിക്കുന്നവർ, കാര്യങ്ങൾ ജിജ്ഞാസയോടെ ആരായുന്നവർ, രഹസ്യങ്ങൾ പറയുന്നവർ, കേൾക്കുന്നവർ…. എല്ലാവരും അവരുടേതായ ലോകത്താണ് …. ഉള്ളിൽ തിളച്ച് മറിയുന്ന വിഷമം മാത്രമാണ് തനിക്ക്.. അതിൻ്റെ നിശ്വാസത്താൽ വെന്തുരുകുകയാണ്.. ചാരിയിട്ട വാതിൽ തുറന്ന ശബ്ദം കേട്ട് ഞെട്ടി തിരിഞ്ഞ് നോക്കി ദ്യുതി… “മഹിയാണ്… അലമാരയിൽ ഭദ്രായിവച്ചിരിക്കുന്ന പണമെടുക്കാനായുള്ള വരവാണ്, ദ്യുതിയെ പക്ഷെ അവിടെ പ്രതീക്ഷിച്ചിരുന്നില്ല! ” നീ .. നീയെന്താ ഇവിടെ ?” നിറഞ്ഞ് തൂവിയ മിഴികളൊളിപ്പിക്കാൻ തല താഴ്ത്തി നിന്നു അവൾ… അവളെ ശ്രദ്ധിക്കാതെ പണവും എടുത്ത് പോകുന്നവനെ വേദനയോടെ നോക്കി…

വാതിലിനടുത്ത് ചെന്ന് നിന്ന് തിരിഞ്ഞ് നിന്ന് ” വരുന്നില്ലേ ” എന്ന് ചോദിച്ചപ്പോൾ മഹിയുടെ കണ്ണുകളിലേക്ക് ഉറ്റുനോക്കി ദ്യുതി…. കൂടുതലായി എന്തെങ്കിലും പറയും എന്ന പ്രതീക്ഷയാൽ … “വാ…. മീരയുടെ അടുത്തേക്ക് ചെല്ല്!” എന്ന് പറഞ്ഞതിൽ പണ്ടത്തെ അധികാരത്തോടെയുള്ള ആ സ്വരം തിരഞ്ഞു ദ്യുതി… പ്രതീക്ഷയുടെ പുഞ്ചിരി ആ ചുണ്ടുകളിൽ വിരിഞ്ഞു …. അത് മതിയായിരുന്നു മനം നിറയാൻ… മഹിയുടെ പുറകേ ചെല്ലുമ്പോൾ മനസ് നിറയെ ആ മുഖമായിരുന്നു ….. മഹാദേവൻ്റെ …” ❤❤❤

ചെറുക്കനും കൂട്ടരും എത്തീട്ടോ… എന്ന് പറഞ്ഞപ്പോഴേ ടെൻഷൻ കാരണം ദ്യുതിയുടെ കൈകൾ മുറുക്കെ പിടിച്ചു മീര …. ദ്യുതിയൊഴികെ എല്ലാരും അത് കാണാൻ ഓടി…. ഉള്ള് പിടഞ്ഞ് എണീറ്റു ദ്യുതി .. നാല് പൊളിയുള്ള ജനലിൽ മുകളിലെ ഒരെണ്ണം പാതി തുറന്ന് എത്തി നോക്കി …. കാല് കഴുകിച്ച് അകത്തേക്ക് ആനയിച്ച രാഹുലിനടുത്ത് നിൽക്കുന്ന റോഷനു ചുറ്റും മിഴികൾ ഓടി നടന്നു… ഭയപ്പെട്ടയാൾ ഇല്ലെന്ന് കണ്ട് ആശ്വാസത്താൽ വീണ്ടും മീരയിലേക്കെത്തി…. ആ കൈകൾ ഒന്നു പിടിച്ചു നോക്കി… ഭയം ആ കൈ വെള്ളയെ ഐസ് പോലെ തണുപ്പിച്ചിരിക്കുന്നു ….. അത് കാൺകെ ദ്യുതിയിൽ അലിവോലുന്ന ഒരു ചിരിയുതിർന്നു … ” ഇത്രക്ക് പേടിയാ മിരച്ചേച്ചിക്ക് ” നാണത്തിൽ കുതിർന്ന ഒരു ചിരി സമ്മാനിച്ച് തല കുനിച്ചിരുന്നു….

പെണ്ണിനെ ഇറക്കൂ ന്ന് കേട്ടപ്പഴേ മീരയുടെ ഉടൽ വിറ കൊണ്ടു… ” അതേ ഇങ്ങനെ പേടിച്ചാൽ അവിടെ പോയി ബോധംകെട്ട് വീഴും ട്ടോ ” എന്ന് കുസൃതിയോടെ പറഞ്ഞ ദ്യുതിയെ വേദനയില്ലാതെ നുള്ളി മീര …. താലവുമായി വന്ന പെൺകൊടികൾക്ക് പുറകേ ദ്യുതിയെ ചേർത്ത് പിടിച്ച് മീര നീങ്ങി… ഉമ്മറത്ത് മണ്ഡപത്തിൽ ഒരേട്ടൻ കല്യാണ വേഷത്തിൽ വരുന്ന അനിയത്തിയെ മിഴി നിറഞ്ഞ് കണ്ടു …. ദ്യുതിക്കൊപ്പം അപ്പുറം ചെന്ന് കൂട്ടി കൊണ്ടുപോയി രാഹുലിനടുത്ത് ഇരുത്തി….. പൂജകൾക്ക് ശേഷം പൂജാരി കൊടുത്ത താലി ഉയർന്ന മേളത്തോടൊപ്പം കഴുത്തിൽ വീണപ്പോൾ കുറേ മനസുകൾ നിർവൃതിയിലാണ്ടു…

പുറകിൽ താലിബന്ധിക്കാൻ രാഖിയെ സഹായിച്ച് തലയുയർത്തിയപ്പോൾ ദൂരെ തന്നിലേക്ക് പുച്ഛത്തോടെ മിഴിനട്ട് നിലയുറപ്പിച്ചവനെ കണ്ടു… ” ജെയിനെ…” അമ്മാവൻ വന്ന് കന്യാ ദാനം ചെയ്തതൊന്നും പിന്നെ അവൾ കണ്ടില്ലാ! ❤❤❤❤❤❤❤❤❤❤❤❤❤❤❤ പിന്നീടെല്ലാം യാന്ത്രികമായിരുന്നു ദ്യുതിക്ക്… ഒന്നിലും മിഴിയുടക്കിയില്ല… മനസും …. പട്ടം കണക്കെ അവളുടെ ചിത്തം അവിടെ പാറിക്കളിച്ചു… മിഴികൾ ഇടക്ക് മഹിയിലുടക്കി.. യാതൊരു ഭാവഭേദവുമില്ലാതെ നിൽക്കുന്നവനെ കണ്ടു … വല്ലാത്ത മാനസിക പിരിമുറുക്കത്തിലും മീരക്കായി ഒരു പുഞ്ചിരിയവൾ അണിഞ്ഞിരുന്നു… ജെയിൻ അടുത്തേക്ക് വന്നില്ല എങ്കിലും ആ മുഖത്ത് തനിക്കന്യമായ ഒരു ഭാവം തങ്ങി നിൽക്കുന്ന പോലെ തോന്നി ദ്യുതിക്ക് …. ഇടക്ക് അവൾ കണ്ടു ഹസ്തദാനമേകി ചിരിച്ച് വർത്തമാനം പറയുന്ന മഹിയേയും ജെയിനെയും… ഓരോ കാഴ്ചയും വല്ലായ്മയോടെ അവൾ നോക്കി…. ❤❤❤❤❤❤❤❤❤❤❤❤❤❤❤

ഉണ്ണാനായി പോയപ്പോഴും അവളെ മീര നിർബന്ധിച്ച് ഒപ്പം കൂട്ടിയിരുന്നു …. ഇലക്കു മുന്നിൽ ഇരുന്നു എന്നല്ലാതെ ഒരു വറ്റ് പോലും ഇറങ്ങുന്നുണ്ടായിരുന്നില്ല …. എന്തോ നടക്കാൻ പോകുന്നു എന്ന് ഉള്ളിൽ തോന്നിക്കൊണ്ടിരുന്നു.. രണ്ട് പേരെയും വേർ തിരിച്ച് അറിയാൻ അവൾക്കിപ്പോൾ കഴിയുന്നുണ്ടായിരുന്നു…. ഒന്ന് തൻ്റെ പ്രണയവും,…. താൻ മറ്റൊരാളുടെ ജീവിതവും…. രണ്ടിനുമിടക്ക് ശ്വാസം മുട്ടി അവൾ ഇരുന്നു …. ❤❤❤❤❤❤❤❤❤❤❤❤❤❤❤ പുടവ മാറ്റി മീര പോകാനിറങ്ങി… അച്ഛമ്മയും അമ്മയും അവൾ പോകുന്നതുൾക്കൊള്ളാനാവാതെ വിതുമ്പി…. അവരെ കെട്ടിപ്പിടിച്ച് കരഞ്ഞപ്പോൾ മീരക്ക് സ്വയം അവരുടെ കുഞ്ഞു മീരക്കുട്ടി ആയത് പോലെ തോന്നി….

അത് കഴിഞ്ഞ് മിഴിയുടക്കിയത് അവളുടെ ഏട്ടനിലായിരുന്നു .. തൂണു ചാരി തൻ്റേടത്തോടെ നിൽക്കുന്നവൻ്റെ ഉള്ളിൽ അനിയത്തിക്കുട്ടി പടിയിറങ്ങുന്നതിൻ്റെ സങ്കടം അലയടിച്ചുയരുന്നുണ്ടെന്ന് മീരക്കറിയാമായിരുന്നു ….. ഏട്ടനായി… അച്ഛനായി തന്നെ കൈപ്പിടിച്ച് നടത്തിയവൻ അവനോട് യാത്ര ചോദിക്കാൻ അശക്തയായിരുന്നു അവൾ… തല കുനിച്ച് അപ്പുറത്ത് നിൽക്കുന്ന ദ്യുതിയുടെ കൈ പിടിച്ചാണ് മീര മഹിയുടെ അടുത്തെത്തിയത്… ഒരു കൈയ്യാലെ ദ്യുതിയുടെയും മറുകൈയ്യാലെ മഹിയുടെയും കൈയ്യെടുത്ത് ചേർത്ത് വച്ചു മീര … ” ഇങ്ങനെ… ഇങ്ങനെ മതി ഏട്ടാ…. ഇങ്ങനെ മതി ദ്യുതിമോളെ……”

ഒരു കുഞ്ഞിൻ്റെ കുരുന്ന് വാശിയോടെ പറയുന്നവളെ ചേർത്ത് പിടിച്ചു മഹി…. എല്ലാം മീരയറിഞ്ഞുവോ എന്ന ഭയത്തോടെ….. വിരിഞ്ഞ നെഞ്ചിൽ ചാരും നേരം ദ്യുതിയേയും കൂട്ടിപ്പിടിച്ചവൾ…. അവളും ആ നെഞ്ചിൽ ചാഞ്ഞു … ആദ്യമായി …. പിടയുന്ന മനമോടെ… തന്നിൽ നിന്നും അവരെ അടർത്തി മീരയെ രാഹുലിനെ ഏൽപ്പിച്ചു… കാറിൽ കയറുമ്പോൾ അപ്പോഴും ദയനീയത യോടെ മീര ഇരുവരെയും നോക്കി…. കാറ് കാഴ്ചയിൽ നിന്ന് മറയും വരെയും ദ്യുതി നോക്കി… മെല്ലെ തിരിഞ്ഞ് നടക്കാൻ ഭാവിച്ചപ്പോൾ കേട്ടു, അധികാരത്തോടെയുള്ള ആ വിളി….. “ദ്യുതീ……….””””…. (തുടരും)

മഹാദേവൻ: ഭാഗം 18

Share this story