ഹൃദയത്തിൻ താളമായി…..❣️ : ഭാഗം 9

ഹൃദയത്തിൻ താളമായി…..❣️ : ഭാഗം 9

എഴുത്തുകാരി: റിൻസി പ്രിൻസ്‌

“അപർണയ്ക്ക് എന്നെ മനസ്സിലായിട്ടുണ്ടാവില്ല അല്ലെ………? ” എനിക്കറിയാം ദേവ സാറിൻറെ മോളല്ലേ……. ” നമ്മൾ ഒരേ കോളേജിലാണ് പഠിക്കുന്നത്…….. അറിയാമായിരുന്നോ….? സൗപർണിക പറഞ്ഞു….. ” ഞാൻ കണ്ടിട്ടുണ്ട്…… എനിക്ക് അപർണ്ണയോട് ഒന്ന് സംസാരിക്കണം…….. ഒറ്റയ്ക്ക്…….. നമുക്ക് ആ തൊടിയിലേക്ക് മാറിനിന്നാലോ…..? സൗപർണിക അത് ചോദിച്ചപ്പോൾ നിഷേധിക്കാൻ അപർണയ്ക്ക് തോന്നിയില്ല…….. അപർണ അവളെ അനുഗമിച്ച് നടന്നു….. ” ഞാൻ തന്നെ കാണാൻ വന്നത് എനിക്ക് വേണ്ടിയല്ല…….. അപർണയ്ക്ക് ഒരുപക്ഷേ അറിയാവുന്ന ഒരാൾക്ക് വേണ്ടിയാണ്……… എൻറെ ഏട്ടന് വേണ്ടി …….. ഏട്ടന്റെ പേര് പറഞ്ഞാൽ ചിലപ്പോൾ അപർണ്ണയ്ക്ക് മനസ്സിലാകും……. ”

ശിവ ” ശിവ ദേവ്…..! അറിയാമായിരിക്കും അപർണയ്ക്ക് അല്ലേ…..? “അറിയാം കണ്ടിട്ടുണ്ട്……….. “ഒരു കാര്യം ഞാൻ തുറന്നു ചോദിച്ചോട്ടെ……. പെട്ടെന്ന് ഒരാൾ വന്ന് ഇങ്ങനെ ചോദിക്കുമ്പോൾ അതിനു മറുപടി പറയാൻ തനിക്ക് ഇത്തിരി ബുദ്ധിമുട്ട് കാണും എന്ന് അറിയാം …… എങ്കിലും എൻറെ ഏട്ടൻറെ കാര്യമായതുകൊണ്ട് മുഖവുര ഇല്ലാതെ ചോദിക്കാം എന്ന് കരുതി……. ” ചോദിച്ചോളൂ……. ” അപർണ്ണയുടെ മനസ്സിൽ ആരെങ്കിലുമുണ്ടോ……..? പെട്ടെന്നൊരു ദിവസം ഇങ്ങനെയൊരു ചോദ്യം അറിയാത്ത ഒരാൾ ചോദിക്കുമ്പോൾ എന്ത് മറുപടി പറയണം എന്ന് തനിക്കറിയില്ല എന്നറിയാം…….. പക്ഷേ ഞാനത് ചോദിക്കാൻ ഉണ്ടായ സാഹചര്യം അപർണയ്ക്ക് അറിയാം എന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്…………

അപർണ്ണയ്ക്ക് എത്രത്തോളം ഏട്ടനെ അറിയാമെന്ന് അറിയില്ല…….. പക്ഷെ എനിക്കറിയാം ഏട്ടൻറെ മനസ്സിൽ കുറെ വർഷങ്ങളായി തെളിഞ്ഞു കാണുന്ന ഒരു പേരാണ് അപർണ്ണ….. പെട്ടന്ന് അവളിൽ ഒരു ഞെട്ടൽ സൗപർണിക കണ്ടു……. ” ഏട്ടനെ പറ്റി ഒരുപാട് കാര്യങ്ങളൊക്കെ അപർണ കേട്ടിട്ടുണ്ടാവും……….. ഒന്നും കള്ളമാണെന്ന് ഞാൻ പറയുന്നില്ല………. പക്ഷേ ഏട്ടൻ ഹൃദയം കൊടുത്ത് സ്നേഹിച്ച ഒരാൾ അപർണ മാത്രമാണ്…………… ആ ഇഷ്ടം ഇന്നോ ഇന്നലെയൊ തുടങ്ങിയത് അല്ല………….. അപർണ കരുതുന്നതുപോലെ മൂന്ന് മാസങ്ങൾ ആയിട്ടൊന്നും തുടങ്ങിയതല്ല…………….. കുറേ വർഷങ്ങൾക്ക് മുൻപ്………… അപർണ്ണ അറിഞ്ഞ സത്യങ്ങളൊക്കെ തുടങ്ങുന്നതിനു മുൻപ് ഏട്ടന്റെ മനസ്സിൽ കയറിക്കൂടിയ രൂപമാണ് അപർണയുടെ…………. ആദ്യമായി ഒരിക്കൽ അപർണ ഞങ്ങളുടെ വീട്ടിൽ വന്നത് ഓർക്കുന്നുണ്ടോ……. മുടിയൊക്കെ പിന്നീ ഇട്ടു പാല് കൊടുക്കാൻ വേണ്ടി………..

ഞാനും അത്രയ്ക്ക് ഓർമിക്കുന്നില്ല………. കാരണം എനിക്കും അന്ന് ഈ പറഞ്ഞ പ്രായമൊക്കെയെ ഉള്ളൂ……………. അതുകൊണ്ട് അത്രമേൽ ഓർക്കുന്നില്ല……….. പക്ഷെ ഏട്ടന് നല്ല ഓർമ ഉണ്ട്………… എനിക്ക് തോന്നുന്നു അപർണ എട്ടാം ക്ലാസിലോ മറ്റോ ആണെന്ന്………. ഏട്ടൻ പ്ലസ് വണ്ണിന് പഠിക്കുന്ന സമയമാണ്…… അന്നാണ് ആദ്യമായി കാണുന്നത്………… പ്രണയം ആണോ എന്ന് അറിയില്ല എങ്കിലും തന്നെ അന്ന് മുതൽ ചേട്ടനു ഒരുപാട് ഇഷ്ടമായിരുന്നു………… അന്ന് കുറെ പ്രാവശ്യം ചേട്ടൻ അപർണ്ണയെ കുറിച്ച് എന്നോട് തിരക്കിയിരുന്നു……… എനിക്ക് തന്നെ നല്ല പരിചയം ഒന്നും ഇല്ലല്ലോ…….. അത് കഴിഞ്ഞായിരുന്നു ചേട്ടൻറെ ജീവിതത്തിലെ തകിടംമറിക്കുന്ന ആ സംഭവം നടന്നത്……… പിന്നീട് ജയിലിലായി…….. പ്ലസ് ടു വിദ്യാഭ്യാസം മാത്രമായി……. പിന്നീട് പഠിക്കാൻ പറ്റിയില്ല………

പ്രായത്തിന്റെ അനുകൂല്യത്തിൽ ഏട്ടനെ വെറുതെവിട്ടു…….. അച്ഛൻറെ കുറച്ച് സ്വാധീനമുണ്ടായിരുന്നു……. എങ്കിലും അഞ്ചു വർഷങ്ങൾ ആ ശിക്ഷ അനുഭവിക്കേണ്ടതായി തന്നെ വന്നു ചേട്ടന്………… പക്ഷെ പുറത്തുവന്നത് മറ്റൊരാൾ ആയിരുന്നു………… ഞങ്ങൾക്കാർക്കും പരിചയമില്ലാത്ത ഒരു ഏട്ടൻ………….. മദ്യപാനവും പുകവലിയും അങ്ങനെ മൊത്തത്തിൽ മോശം ആയിട്ടുള്ള ചേട്ടൻ…………… എനിക്ക് പോലും അടുത്ത ചെല്ലാൻ ഭയമായിരുന്നു………….. അങ്ങനെ ഒരു അവസ്ഥയിൽ ആയിരുന്നു ശിവേട്ടൻ തിരിച്ചു വന്നത്……… പക്ഷേ അതിൽ നിന്നൊക്കെ ഏട്ടൻ കരകയറുമേന്ന് ഞങ്ങൾ ആരും പ്രതീക്ഷിച്ചിരുന്നില്ല………. ഒരിക്കൽ ഏട്ടൻ എല്ലാം നിർത്തി……….. അമ്മയുടെ പ്രാർത്ഥന കൊണ്ടാണോ എൻറെ കണ്ണുനീര് കൊണ്ടാണോ എന്നറിയില്ല എല്ലാം നിർത്തി………… പൂർണ്ണമായി ഇല്ലെങ്കിലും ഒരുപരിധിവരെ ഏട്ടൻ എല്ലാം കുറച്ചു…….. പക്ഷേ അതിന്റെ കാരണം ഞങ്ങൾ ആരും ആയിരുന്നില്ല……….. അപർണ്ണ ആയിരുന്നു……… “ഞാനോ…….?

അത്ഭുതത്തോടെ അവൾ ചോദിച്ചു…. “അതെ……… ഇടയ്ക്കെപ്പോഴോ ആണ് എന്റെ കോളേജിലേക്ക് ഏട്ടൻ വരുന്നത്………. എൻറെ എന്തോ ഒരു ബുക്ക് മറ്റോ കൊണ്ട് തരാൻ വേണ്ടിയാണ് ആദ്യമായിട്ട് വരുന്നത്……. അന്നാണ് വീണ്ടും കാണുന്നത് തന്നെ……… വർഷങ്ങൾ കഴിഞ്ഞെങ്കിലും തന്നെ ഏട്ടന് ഒറ്റനോട്ടത്തിൽ തന്നെ മനസ്സിലായി………… എനിക്ക് പോലും അറിയില്ലായിരുന്നു അപർണ ആയിരുന്നു അത്‌ എന്നും അവിടെയാണ് പഠിക്കുന്നത് എന്നും ഒക്കെ……… കണ്ടപ്പോൾ തന്നെ ഏട്ടൻ എന്നോട് പറഞ്ഞു അവിടെയാണ് പഠിക്കുന്നത് എന്ന്……… തന്നെ അവിടെ ചെന്ന് തിരക്കിയായിരുന്നു ഞാൻ….. ഏട്ടൻ പറഞ്ഞ കാര്യങ്ങളൊക്കെ ശരിയാണെന്ന് മനസിലായി……. സത്യം പറഞ്ഞാൽ എനിക്ക് അത്ഭുതം തോന്നി……… ഇത്ര വർഷങ്ങൾക്ക് ശേഷവും അപർണ്ണയെ മാത്രം കണ്ടാൽ മനസ്സിലാക്കാൻ എങ്ങനെ കഴിഞ്ഞു എന്ന്………

അപ്പൊൾ ഏട്ടന്റെ മനസ്സിൽ മായാതെ മറയാതെ ഒരു രൂപമായി താൻ ഉണ്ടായിരുന്നുവെന്ന് ഏട്ടന്റെ മനസ്സിൽ നിന്ന് ഞാൻ അറിഞ്ഞു……… തന്നെ കണ്ടപ്പോൾ ഏട്ടന് ജീവിക്കാൻ ഒരു മോഹം തോന്നി…… അത്‌ എന്നോട് തുറന്നു പറഞ്ഞു…. അപ്പോൾ ആ ഇഷ്ടത്തിനെ കുറച്ചൊക്കെ പെരുപ്പിക്കാൻ ഞാനും ഒരുപാട് ശ്രമിച്ചിട്ടുണ്ട്……… ഞാൻ തന്നെ കുറിച്ച് അന്വേഷിച്ചു……. ഒരു പാവം കുട്ടി കൂട്ടുകാരും ടീച്ചറും ഒക്കെ പറഞ്ഞത്……… പഠിക്കാൻ വേണ്ടി മാത്രം വരുന്ന ഒരു കുട്ടിയാണ് എന്നാണ്……….. ഏട്ടനോട് ഞാൻ ഇതൊക്കെ പറഞ്ഞു………. തനിക്ക് ഏട്ടനെ ഇഷ്ട്ടം ആകും എന്നും പറഞ്ഞു…… ആ മനസ്സിൽ പ്രതീക്ഷയുടെ നാളങ്ങൾ ഞാനായിരുന്നു കൊളുത്തിയത്…………. തുറന്നു പറഞ്ഞാൽ ഒരുപക്ഷേ ചേട്ടനെ മനസ്സിലാക്കാൻ തനിക്ക് കഴിയും എന്ന് എനിക്ക് തോന്നി……. എന്റെ ഏട്ടന്റെ ഇരുൾ നിറഞ്ഞ വഴികളിൽ ഒരു വെളിച്ചമായി പ്രതീക്ഷകൾ ഞാൻ ഏട്ടന് നൽകി………

പക്ഷെ ഒരിക്കൽ പോലും അപർണ്ണയുടെ മുൻപിൽ വരാനോ ഇഷ്ടം തുറന്നു പറയാൻ ഒന്നും ഏട്ടൻ ആഗ്രഹിച്ചിരുന്നില്ല……….. ദൂരെ മാറി നിന്ന് അപർണയെ കാണുന്നുണ്ടായിരുന്നു…….. അപർണ്ണയുടെ കാര്യങ്ങൾ അറിയുന്നുണ്ടായിരുന്നു……. തന്റെ വിദ്യാഭ്യാസത്തിന് ഒരിക്കലും ഏട്ടൻ തടസ്സമാവരുത് എന്ന് നിർബന്ധം ഉണ്ടായിരുന്നു ആൾക്ക്……. അതുകൊണ്ട് തന്നെ ആണ് തന്റെ മുന്നിലേക്ക് വരാൻ ഉള്ള ധൈര്യം കാണിക്കാതിരുന്നത്……. പിന്നെ കഴിഞ്ഞ മാസങ്ങളിൽ ആണ് അപർണ്ണയുടെ മുൻപിൽ വരുന്നത്…….. ഏകദേശം കോളേജ് കഴിയാറായ മൂന്ന് മാസം……. പക്ഷേ അതിനു മുൻപും എന്നും അപർണ്ണയെ ഏട്ടൻ കാണാറുണ്ടായിരുന്നു….. പക്ഷെ മുന്നിൽ വന്നിട്ടില്ല…… ഇന്നലെ ഏട്ടൻ തിരികെ വന്നപോൾ ആകെ തകർന്ന് പോയിരുന്നു….. ആദ്യം ജയിലിൽ നിന്ന് വന്ന അതെ ഏട്ടൻ…….. കാലുകൾ നിലത്തു ഉറക്കാതെ മദ്യപിച്ച പ്രാകൃതരൂപം ആയിട്ട്…….. സഹിച്ചില്ല എനിക്ക്………..

കാരണം ഞാൻ തിരക്കി……. അപ്പോഴാണ് അപർണ്ണയുടെ വായിൽ നിന്ന് വീണു പോയ ഒരു വാക്കാണ് എൻറെ ചേട്ടനെ ഇത്രയും തകർത്തു കളഞ്ഞത് എന്നും മനപ്രയാസം ഉണ്ടാക്കിയത് എന്നും അറിഞ്ഞത്………. “എന്ത് വാക്ക്…….? വിറയാർന്ന ശബ്ദത്തോടെ അപർണ്ണ പറഞ്ഞു….. “ഏട്ടനെ പേടിയാണെന്ന് താൻ പറഞ്ഞില്ലേ……. അത്‌ ഏട്ടന്റെ മനസ്സിൽ ആണ് കൊണ്ടത്……… ഇത്രയൊക്കെ മോശം ബാഗ്രൗണ്ട് ഉള്ള ഒരാളെ സ്നേഹിക്കണം എന്ന് പറയാനുള്ള അർഹത ഒന്നും എനിക്കില്ല………. പക്ഷേ ഏട്ടൻ അപർണയെ സ്നേഹിച്ചത് ആത്മാർത്ഥമായിട്ടാണ്……… ചേട്ടനെ കുറിച്ച് പറഞ്ഞ കാര്യങ്ങളൊക്കെ സത്യമല്ല എന്ന് ഞാൻ പറയുന്നില്ല പക്ഷെ അതിനൊക്കെ ഓരോ സാഹചര്യങ്ങൾ ഉണ്ടായിരുന്നു…….. ആ സാഹചര്യങ്ങളുടെ പുറത്ത് സംഭവിച്ചു പോയതാണ്…….

അല്ലാതെ താൻ കരുതുന്നത് പോലെ ഏത് ഒരു പെൺകുട്ടിയെ കണ്ടാലും മോശം കണ്ണോട് നോക്കുന്ന ഒരു മോശം വ്യക്തി ഒന്നുമല്ല എന്റെ ഏട്ടൻ………. എന്നുവെച്ച് ഏട്ടൻ ചെയ്ത തെറ്റിനെ ഒരിക്കലും ന്യായീകരിക്കുകയല്ല…….. തെറ്റ് തെറ്റ് തന്നെയാണ് എത്ര തിരുത്താൻ ശ്രമിച്ചാലും…….. ഒരിക്കലും ഏട്ടനെ സ്നേഹിക്കണം എന്ന് ഞാൻ പറയില്ല……. പക്ഷേ വെറുക്കരുത്……… ഏട്ടൻ മനസ്സറിഞ്ഞു സ്നേഹിച്ച കുട്ടിയുടെ മനസ്സിൽ എൻറെ ചേട്ടൻ മോശക്കാരൻ ആവരുതെന്ന് എനിക്ക് നിർബന്ധമുണ്ട്……. അതുകൊണ്ടാണ് ഞാൻ അപർണ്ണയെ കാണാൻ വേണ്ടി വന്നത്……… ഒരിക്കലും ഏട്ടന് വക്കാലത്ത് പറയാൻ വന്നതാണെന്ന് അപർണ കരുതരുത്…….. അവളോട് എന്ത് മറുപടി പറയണം എന്ന് അപർണയ്ക്ക് അറിയില്ലായിരുന്നു………. “എന്തിനായിരുന്നു സൗപർണികയുടെ ഏട്ടൻ അങ്ങനെ ഒരു തെറ്റ് ചെയ്തത്………..? “എനിക്കറിയില്ല……. അങ്ങനെ തുറന്ന് ചോദിക്കാൻ പറ്റിയ ഒരു തെറ്റ് അല്ലല്ലോ അത്……..

ഞാൻ ഏട്ടന്റെ സഹോദരിയാണ് എനിക്ക് ആ കാര്യം ഏട്ടനോട് ചോദിക്കുന്നതിന് പരിമിതികൾ ഏറെയുണ്ട്……….. ഏട്ടന് എന്നോട് പറയുന്നതിലും………. ഏട്ടൻ തെറ്റ് ചെയ്തു എന്ന് ഉള്ള കാര്യം സത്യമാണ്……… നമ്മളൊക്കെ മനുഷ്യരല്ലേ അപർണ്ണ…….. തെറ്റുകളും കുറ്റങ്ങളും സംഭവിക്കാത്തത് ആയി ആരും ഉണ്ടാവില്ല………… അപർണയുടെ മനസ്സിൽ എൻറെ ഏട്ടനെ പറ്റി ഒരു മോശം വിചാരം ഉണ്ടാകരുത്……. അപർണ വിചാരിക്കുന്നതുപോലെ ഒരു മോശം കണ്ണിൽ ഒന്നുമല്ല അപർണ്ണയെ ഏട്ടൻ കണ്ടിട്ടുള്ളത്………. പിന്നെ ഇനി അപർണയ്ക്ക് ഏട്ടൻറെ ഭാഗത്തുനിന്ന് ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല……… അത്‌ ചേട്ടൻ രാവിലെ എന്നോട് പറഞ്ഞിട്ടുണ്ട്……… അതുകൂടി പറയാൻ വേണ്ടിയാണ് ഞാൻ വന്നത്……. ” മോളെ………. അപ്പോഴേക്കും അംബികയുടെ ശബ്ദം വന്നിരുന്നു……. സൗപർണിക അവിടേക്ക് ചെന്നു…….. ”

സംഭാരം കുടിക്കില്ലേ….. ” പിന്നെ……… അവരുടെ കയ്യിൽ നിന്നും അത് വാങ്ങി കുടിച്ചു……. അതിനുശേഷം അപർണ്ണയുടെ മുഖത്തേക്ക് നോക്കി സൗപർണ്ണിക……. അവളുടെ മനസ്സിൽ അപ്പോഴും ആകുലതകള് ആണ് എന്ന് സൗപർണികയ്ക്ക് തോന്നിയിരുന്നു………….. ” ഞാൻ ഇറങ്ങട്ടെ അപർണ……… സൗപർണിക അവളുടെ മുഖത്തേക്ക് നോക്കി പറഞ്ഞു……. അവൾ യാന്ത്രികമായി തലയാട്ടി……. 💐💐💐💐💐💐💐💐💐💐💐💐 സൗപർണിക പോയപ്പോഴും അപർണ്ണ ആലോചനയിൽ തന്നെയായിരുന്നു……… സൗപർണിക പറഞ്ഞ കാര്യങ്ങളുടെ ഞെട്ടലിൽ ആയിരുന്നു ആ നിമിഷം അവൾ….. അയാൾക്ക് തന്നോട് പ്രണയമായിരുന്നു അത്ര…….. കുറേ കാലങ്ങൾ ആയി……….. അയാൾ തന്നെ സ്നേഹിച്ചിരുന്നു അത്രേ പക്ഷേ അയാളെപ്പറ്റി താൻ അറിഞ്ഞ കാര്യങ്ങൾ അത് സത്യമാണെന്ന് തന്നെയാണ് അയാളുടെ സഹോദരി പോലും പറഞ്ഞത്……….

അത്രയും അറിഞ്ഞിട്ടും താൻ എങ്ങനെയാണ് അയാളെ ഉൾക്കൊള്ളുന്നത്…….. അവളുടെ മനസ്സിൽ ചോദ്യങ്ങൾ മാറിമറിഞ്ഞു കൊണ്ടേയിരുന്നു……. ഉത്സവം നടക്കുന്ന ദിവസം ആയതുകൊണ്ട് അച്ഛൻ നേരത്തെ കടയടച്ച് വന്നിരുന്നു…….. എല്ലാവരും അമ്പലത്തിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ്…… എന്തോ അമ്പലത്തിലേക്ക് പോകാൻ അന്ന് പതിവിലും വേഗത കൂടുതലായിരുന്നു തനിക്ക്……… ഒരുപക്ഷേ അയാൾ അവിടെ വന്നാലോ……. എന്തുകൊണ്ടോ മനസ്സ് അയാളെ കാണാൻ ആഗ്രഹിക്കുകയാണ്…….. അയാളുടെ സാന്നിധ്യം ആഗ്രഹിക്കുന്നത് പോലെ……….. അഥവാ ഒരു നോട്ടം എങ്കിലും ആഗ്രഹിക്കുന്നത് പോലെ……… അവൾ ഉത്സവത്തിനു പോകാൻ പതിവിലും ഭംഗിയായി തന്നെ ഒരുങ്ങിയിരുന്നു………… അമ്പലത്തിലേക്ക് ചെന്നതും ശാലുവിനെ കണ്ടിരുന്നു…….

അവൾ ഓരോ നാട്ടു വർത്തമാനങ്ങൾ പറഞ്ഞു ഒപ്പം നടക്കുന്നുണ്ട്………… പക്ഷേ അപർണയുടെ കണ്ണുകൾ തേടിയത് ആ രൂപത്തെ ആയിരുന്നു……….. ആൾക്കൂട്ടത്തിനിടയിൽ നിന്നും തനിക്ക് മാത്രമായി വരുന്ന ആ നുണക്കുഴി കവിളുകളും…… കുസൃതി നിറഞ്ഞ കണ്ണുകളും……. ആഗ്രഹിച്ച ആ ഒരു നോട്ടത്തിനായി അപർണ അവിടെ മുഴുവൻ പരതി…….. പക്ഷെ പ്രതീക്ഷിച്ച രൂപം അവിടെ എങ്ങും ഇല്ല……… ആഗ്രഹിച്ച കണ്ണുകൾ അവിടെ എങ്ങും കാണുന്നില്ല……. അവൾക്ക് ഹൃദയത്തിൽ ഒരു വേദന തോന്നി…………. ഇല്ല അയാൾ വന്നിട്ടില്ല…………. ഹൃദയത്തിൽ ഒരു നൊമ്പരം ഉടലെടുക്കുന്നത് അത്ഭുത പൂർവ്വം അപർണ അറിഞ്ഞു……… തിരികെ വീട്ടിലേക്ക് ചെന്നപ്പോഴും എന്തോ ഒരു ഉത്സാഹം തോന്നിയിരുന്നില്ല………. ശ്രീയേട്ടൻ ഉമ്മറത്ത് വന്ന് ഇരിപ്പുണ്ട് എന്ന് അമ്മ പറയുന്നത് കേട്ടു……. അത് കേട്ടത് കൊണ്ടായിരിക്കും അമ്മു തുള്ളിച്ചാടി അവിടേക്ക് പോകുന്നത് കണ്ടിരുന്നു……… എന്നിട്ടും തനിക്ക് എന്തോ അവളെ നോക്കാനോ അവിടേക്ക് പോകാനോ ഒന്നും തോന്നിയില്ല……..

മനസ്സിൽ എന്തോ ഒരു വേദന നിറയുകയാണ്………… ആഗ്രഹിച്ച മുഖം കാണാത്തതിൽ ഉള്ള സങ്കടം ആയിരിക്കാം……….. ഒരു പക്ഷേ ഹൃദയം ആ സാമീപ്യം ആഗ്രഹിക്കുന്നത് പോലെ……… ഇല്ല പാടില്ല…………! ഒരിക്കലും താൻ അങ്ങനെ ചിന്തിക്കാൻ പാടില്ല……… തന്റെ കുടുംബത്തെ മറന്ന് ഒന്നും ചെയ്യാൻ പാടില്ല എന്ന് ഉണ്ട്….. അത്‌ മനസ്സിലാക്കുന്നുണ്ടായിരുന്നു എങ്കിലും തൻറെ ഉപബോധമനസ്സ് ആ സത്യത്തെ അംഗീകരിക്കുന്നില്ല എന്ന അപർണയ്ക്ക് തോന്നിയിരുന്നു……….. എവിടെയൊക്കെയോ അയാളെ ഒന്ന് കാണാൻ ഹൃദയം വെമ്പുന്നു …………. ഒരു പക്ഷേ താൻ പറഞ്ഞുപോയ തെറ്റിന് മാപ്പ് പറയാൻ ആയിരിക്കും ഹൃദയം വെമ്പുന്നത്…………… ഒന്നുമല്ലെങ്കിലും ഇത്ര വർഷക്കാലം തന്നെ മനസ്സിൽ കൊണ്ടുനടന്ന ആളല്ലേ…………. ഒരു വട്ടം അയാളോട് അറിയാതെ താൻ പറഞ്ഞു പോയതാണ് എന്ന് പറയാൻ മനസ്സ് വെമ്പൽ കൊള്ളുന്നതായി അപർണയ്ക്ക് തോന്നിയിരുന്നു…………

“അപ്പു എന്തിയേ………? ശ്രീയേട്ടന്റെ ചോദ്യമാണ് ഓർമ്മകളിൽ നിന്നും ഉണർത്തിയത്………. അപ്പോൾ ആണ് സ്ഥലകാല ബോധം വന്നത്…………. എന്തൊരു മോശമാണ് ശ്രീയേട്ടൻ വന്നിട്ട് ഇത്ര നേരമായിട്ടും താൻ അവിടേക്ക് ചെന്നിട്ടില്ല…………. പെട്ടെന്ന് തന്നെ മുറിയിൽ നിന്നും എഴുന്നേറ്റു ഉമ്മറത്തേക്ക് പോയി……… “നിന്നെ കണ്ടില്ലല്ലോ എന്ന് ഇപ്പോൾ ചോദിച്ചേ ഉള്ളു…………. ശ്രീയേട്ടൻ ചോദിച്ചു …… “നല്ല തലവേദന…. അതുകൊണ്ട് കിടന്നതായിരുന്നു അത്രമാത്രം മറുപടി പറഞ്ഞു……. ഞാൻ പറയാൻ വന്നത് നീ അറിഞ്ഞില്ലേ ട്യൂഷൻ സെൻററിൽ ഒരു ടീച്ചറിന് വേക്കൻസി ഉണ്ടത്രേ……… നിനക്കൊന്നു നോക്കാമായിരുന്നില്ലേ………. മാതസ് ടീച്ചർ വേക്കൻസി ആണെന്ന്……… ഒന്നുമല്ലെങ്കിലും വെറുതെ ഇരിക്കുകയല്ലേ………. നീയൊന്ന് ചെന്ന് നോക്ക്…….. “നോക്കാം ശ്രീയേട്ടാ… യാന്ത്രികമായി അത്രയും മറുപടി പറഞ്ഞു…….

ശ്രീയേട്ടൻ പോയതും അമ്മുവിൻറെ ഉത്സാഹം ഒക്കെ പോയിരുന്നു…… ഇപ്പോഴാണ് അവളുടെ ഉത്സാഹത്തിന്റെ കാരണം തനിക്ക് മനസ്സിലാകുന്നത്……… ഒരുപക്ഷേ അയാളെ ഇപ്പോൾ കണ്ടാൽ ഈ ഉത്സാഹം തനിക്കും ഉണ്ടാകുമായിരിക്കും……..? എന്തിനാണ് വീണ്ടും അയാളിലേക്ക് തന്നെ ഓർമ്മകൾ ചെന്നെത്തുന്നത്……… ഇതൊക്കെ ശരിയാണോ…….? ശരിയല്ല എന്ന് ചിന്തിക്കുമ്പോഴും ഹൃദയം അത്‌ ശരിയാണ് എന്ന് വാദിക്കുന്നു……. ഏതൊരു പെണ്ണും അറപ്പോടെയും വെറുപ്പോടെയും മാത്രം കാണണ്ട ഒരുവനെ കുറിച്ച് എന്തിനാണ് താൻ ഇങ്ങനെ ചിന്തുകുന്നത്………….

അറിയാതെയാണെങ്കിലും തന്റെ മനസ്സിൽ ഒരു സ്ഥാനം സൃഷ്ടിക്കാൻ അയാൾക്ക് കഴിഞ്ഞു….. ” ചേച്ചി നാളെ 11 മണിക്കാണ് ഇൻറർവ്യൂ…….. ഞാൻ ചേച്ചിയോട് പറയണം എന്ന് വിചാരിച്ചു ……….. ഉത്സവത്തിൻറെ തിരക്കിൽ വിട്ടു പോയതാണ്……… ഹർഷൻ സർ പറഞ്ഞിരിന്നു പ്രത്യേകം പറയണം ചേച്ചിയോട് എന്ന്……… അമ്മു പറഞ്ഞു…… “ആഹ്…. ഞാൻ വരാം……. അവളോട് അത്രമാത്രം പറഞ്ഞു ഉറങ്ങാനായി കിടന്നു…. എന്തുകൊണ്ടോ ഉറക്കം വന്നില്ല…… മനസ്സ് വീണ്ടും തേടുകയാണ് അലയുകയാണ് ആരുടെയോ സാമീപ്യത്തിനായി…….ഒത്തിരി സ്നേഹത്തോടെ ✍ റിൻസി

ഹൃദയത്തിൻ താളമായി…..❣ : ഭാഗം 8

Share this story