ഋതുസംക്രമം : ഭാഗം 28

ഋതുസംക്രമം : ഭാഗം 28

എഴുത്തുകാരി: അമൃത അജയൻ

[വൈകിയെന്നറിയാം . മുൻപേ പറഞ്ഞിരുന്നല്ലോ . ഏപ്രിലിൽ പരീക്ഷയാണ് . സമയം പോലെ എഴുതിയിടാം .. ]

ജിതിനോടൊപ്പം പോകില്ലെന്ന് മനസിലുറപ്പിച്ചു കൊണ്ട് മൈത്രി മുകളിലേക്ക് നടന്നു . അമ്മയിത്ര ബോധമില്ലാതെ സംസാരിക്കുന്നതെന്തിനാണ് . തന്നെ അയാൾക്കൊപ്പം വിടാൻ മാത്രം എന്ത് ബന്ധമാണുള്ളത് . തൻ്റെയും അയാളുടെയും എൻകേജ്മെൻ്റ്റ് രണ്ടാഴ്ചയ്ക്കുള്ളിലുണ്ടെന്ന് അമ്മ പറയുന്നതാണ് . അച്ഛയ്ക്കതേ കുറിച്ച് അറിയുമോ ? അമ്മ പറഞ്ഞുവോ അച്ഛയോട് . പപ്പിയാൻ്റിയ്ക്കറിയുമോ തൻ്റെ വിവാഹ നിശ്ചയത്തിൻ്റെ കാര്യം . അമ്മയൊറ്റയ്ക്ക് തീരുമാനിക്കേണ്ട കാര്യങ്ങളാണോ ഇതൊക്കെ . തൻ്റെമേൽ അവകാശമുള്ളത് അമ്മയ്ക്കു മാത്രമല്ല . അച്ഛയ്ക്കും പപ്പിയാൻറിയ്ക്കുമുണ്ട് . ബാഗ് വച്ചിട്ട് നേരെ അച്ഛയുടെ മുറിയിലേക്ക് നടന്നു . പത്മരാജൻ്റെ പുറം ചൂടുവെള്ളം നനച്ച് തുടച്ച് കൊടുക്കുകയായിരുന്നു ഭാസ്കരേട്ടൻ . അത് കഴിയുന്നത് വരെ മൈത്രി കാത്തു നിന്നു .

ഏത് നിമിഷവും അമ്മയുടെ വിളി വരും ജിതിനൊപ്പം പോകാൻ . പത്മരാജൻ്റെ അടുത്തിരുന്ന് കൈപിടിച്ച് നെറ്റിയിൽ മുട്ടിച്ചു വിങ്ങി . അച്ഛയ്ക്ക് ഒരക്ഷരം പറയാൻ കഴിയില്ലെന്നറിയാം . താഴെ ഒന്ന് രണ്ട് വട്ടം അഞ്ജനയുടെ വിളി കേട്ടിട്ടും മൈത്രി അനങ്ങിയില്ല . നിമിഷങ്ങൾക്കുള്ളിൽ അമ്മയുടെ കാൽപദനം മുകളിൽ കേട്ടു . ആദ്യം മൈത്രിയുടെ മുറിയിൽ ചെന്നു നോക്കി അഞ്ജന . കാണാത്തതിനാൽ ഒരിക്കൽ കൂടി വിളിച്ചു . പ്രതികരണമില്ല . അഞ്ജനയുടെ നെറ്റിയിൽ ചുളിവു വീണു . കണ്ണുകൾ കോപത്താൽ ഇടുങ്ങി . ഒച്ചയെടുക്കാൻ വയ്യ .താഴെ ജിതിനുണ്ട് . അവനൊന്നും തോന്നാൻ പാടില്ലല്ലോ . അരിശം കടിച്ചമർത്തിക്കൊണ്ട് പത്മരാജൻ്റെ മുറിയിലേക്ക് ചെന്നു . ഡോക്ടർ വരുമ്പോൾ മാത്രം അഞ്ജന കടക്കാറുള്ള മുറി . ഒരിക്കൽ അതവളുടെ മണിയറയായിരുന്നു .

അഞ്ജനയ്ക്ക് മറക്കാനാകാത്ത പലതും ആ മുറിയ്ക്കുള്ളിൽ വീർപ്പുമുട്ടി കിടപ്പുണ്ട് . ആ വാതിൽക്കലെത്തുമ്പോൾ അറിയാതെയെങ്കിലും കാലൊന്നിടറാറുണ്ട് . പത്മരാജൻ്റെ നെഞ്ചിൽ തല വച്ചു കിടക്കുന്ന മൈത്രിയെ കണ്ടതും അഞ്ജനയ്ക്ക് വിറച്ചു വന്നു . ” നിന്നോടിവിടെ വന്ന് കിടക്കാനാണോടി ഞാൻ പറഞ്ഞത് ” എത്ര നിയന്ത്രിച്ചിട്ടും അഞ്ജനയുടെ ഒച്ച പൊന്തി . മൈത്രി ഞെട്ടിയെഴുന്നേറ്റു, പത്മരാജനോട് കൂടുതൽ ചേർന്നിരുന്നു . അയാൾ അസ്വസ്ഥനാകുന്നത് അഞ്ജനയും കണ്ടു . മകൾക്കുവേണ്ടി യാചിക്കണമെന്നുണ്ട് . കഴിയുന്നില്ല . കൈകാലുകളും ഉടലും വിറകൊണ്ടു . ” എഴുന്നേൽക്ക് …” അഞ്ജനയുടെ സ്വരം കടുത്തു . ” എനിക്ക് വയ്യമ്മേ ..” ” എഴുന്നേൽക്കെടി.. ” പതിഞ്ഞതെങ്കിലും ദൃഢമായിരുന്നു . ” എനിക്ക് തലവേദനയാ . എങ്ങടും പോകാൻ വയ്യ …” മൈത്രി കരഞ്ഞു തുടങ്ങി . ”

സുഖമില്ലെങ്കിൽ ഇന്ന് വേണ്ടാൻ്റി .. ഞാൻ മറ്റൊരു ദിവസം വരാം … ” അഞ്ജന വെട്ടിത്തിരിഞ്ഞു നോക്കി . വാതിൽക്കൽ കൈകൾ മാറിൽ പിണച്ചു കെട്ടി ജിതിൻ . അവളുടെ മുഖമിരുണ്ടു . അവൻ പറയാതെ മുകളിലേക്ക് കയറിവന്നതും വന്നിട്ട് മിണ്ടാതെ നിന്നതും അഞ്ജനയ്ക്കിഷ്ടപ്പെട്ടില്ല . അവൾ മൈത്രിയെ രൂക്ഷമായി നോക്കിയിട്ട് പുറത്തേയ്ക്കിറങ്ങി . ജിതിനെ അവിടെ നിന്ന് ഒഴിവാക്കാനായിരുന്നു അങ്ങനെ ചെയ്തതെങ്കിലും സംഭവിച്ചത് മറ്റൊന്നായിരുന്നു . ജിതിൻ പത്മരാജൻ്റെ മുറിയ്ക്കുള്ളിലേക്ക് കാലെടുത്തു വച്ചു . സാവധാനം നടന്ന് ബെഡിനരികിൽ ചെന്നു നിന്നു . പത്മരാജൻ്റെ കൃഷ്ണമണികൾ ചലിച്ച് അവൻ്റെ നേർക്കാകുന്നത് ജിതിനും മൈത്രിയും വ്യക്തമായി കണ്ടു . മൈത്രി അച്ഛയുടെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കി .

ഇല്ല .. ആ കണ്ണുകളിൽ അവനെ അംഗീകരിക്കുന്നതായ യാതൊരു ലക്ഷണവുമില്ല .. ജിതിൻ പത്മരാജൻ്റെ കൈപിടിച്ചു . ” അങ്കിളിൻ്റെ സൺ ഇൻ ലോയാണ് .. ” പറഞ്ഞിട്ട് മൈത്രിയെ നോക്കി കണ്ണിറുക്കിച്ചിരിച്ചു . അവൾക്കവൻ്റെ ചേഷ്ടകളൊന്നും പിടിച്ചില്ല . എല്ലാം ഒരുതരം അഭിനയമാണെന്ന് മനസ് ഓർമിപ്പിച്ചുകൊണ്ടേയിരുന്നു . അൽപ്പസമയം ആ മുറിയ്ക്കുള്ളിൽ കണ്ണോടിച്ച് നടന്നിട്ട് ജിതിൻ പുറത്തിറങ്ങി . ” മൈത്രേയി ഒന്നിങ്ങു വരൂ … ” അവൾക്ക് എഴുന്നേറ്റ് ചെല്ലാതിരിക്കാനായില്ല . ജിതിൻ പതിയെ മുന്നോട്ട് നടന്നു . മൈത്രിയും . ആർക്കും ശ്രദ്ധ കിട്ടില്ലെന്നുറപ്പുള്ള ഭാഗത്ത് അവൻ നിന്നു . പിന്നെ മൈത്രിയ്ക്ക് നേരെ തിരിഞ്ഞു . ” നിനക്കൊരു തലവേദനയുമില്ലെന്ന് എനിക്കറിയാം . നുണ ജിതിനോടു വേണ്ട . ” അവൻ്റെ കുറുകിയ കണ്ണുകൾ കഴുകന് സമാനമായി . ” ഇന്നത്തേയ്ക്ക് ഞാൻ പോകുന്നു . സാറ്റർഡേ വീണ്ടും ഞാൻ വരും . അന്ന് നീയെൻ്റെ കൂടെ വന്നിരിക്കും . തീർച്ച..! ” കടുകു പൊട്ടും പോലെ അവൻ്റെ പല്ലുകൾ ഞെരിയുന്നത് മൈത്രി കേട്ടു . **************

ജിതിൻ പോയ പാടെ അഞ്ജന മുകളിലെത്തിയിരുന്നു . തല്ല് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല . ശകാരിച്ചു ഒപ്പം ശനിയാഴ്ച അവനൊപ്പം ഫ്രണ്ട്സിനെ പരിചയപ്പെടാൻ ചെല്ലണമെന്ന് താക്കീതും കൊടുത്തു . രണ്ട് ദിവസം കൂടി വിരസമായി കടന്നു പോയി . അന്ന് വെള്ളിയാഴ്ച . പാർക്കിലെ സിമൻ്റ് ബെഞ്ചിൽ ബദാമിൻ്റെ തണലിൽ നിരഞ്ജനും മൈത്രിയുമുണ്ടായിരുന്നു . ഓരോ കൂടിക്കാഴ്ചകൾ കഴിയുംതോറും അവിടം അവരുടെ ഇടമായി മാറുകയായിരുന്നു . ഒറ്റമരങ്ങളിൽ ചേക്കേറുന്ന വെയിലും പയ്യാരം ചൊല്ലിയെത്തുന്ന കാറ്റും അവരുടെ പ്രണയത്തിന് കാവലിരുന്നു . ചില്ലകളോട് പിണങ്ങിപ്പിരിയുന്ന ഇലകളും പൂക്കളും അവരെ സമീപിച്ചു കാൽച്ചുവട്ടിൽ ചെന്നു മയങ്ങി . ‘പ്രണയത്തിനായി വീണടിയുന്ന ഇതളുകളെ …. അതുമൊരു സുഖം സുഖം സുഖം … ‘

അന്നാണ് നിരഞ്ജൻ ലിൻ്റയെ കുറിച്ചും അനാഥാലയത്തിലെ ജീവിതത്തെ കുറിച്ചുമെല്ലാം വാചാലനായത് . കേട്ടുകഴിഞ്ഞപ്പോൾ ലിൻറയെ കാണുവാനാണ് ആകാംഷ തോന്നിയത് . നിരഞ്ജൻ്റെ പ്രിയപ്പെട്ട കൂട്ടുകാരി . ബാല്ല്യം മുതൽ അവൻ്റെ വളർച്ചയ്ക്കൊപ്പം കൂടിയവൾ , അവൻ്റെ നേട്ടങ്ങളിൽ നിഴൽ പോലെ കൂടെ നിൽക്കാൻ കഴിഞ്ഞവൾ , മൗനം കൊണ്ട് അവനോട് സംവദിക്കുന്നവൾ .. ” ലിൻറയെ കാണണം … ” വെയിലിൽ അവളുടെ മുഖത്തെ ഭാവം ചേതോഹരമായിരുന്നു . ” കൊണ്ടു പോകാം … അവളും കാത്തിരിക്കുകയാണ് ” ” എന്നെക്കുറിച്ച് പറഞ്ഞിട്ടുണ്ടോ ?” ” ഉവ്വ് ….. നിനക്കൊരു സർപ്രൈസുണ്ട് ” ലിൻറ മൈത്രിയെ വരച്ചത് ഓർത്തുകൊണ്ട് അവൻ പറഞ്ഞു . ” എന്താത് ….” അവൾക്കാകാംഷയായി . ” അത് നേരിട്ട് കാണേണ്ടതാണ് ” അവൾ പുഞ്ചിരിച്ചു .. അവനും … അവൻ്റെ തോളിലേയ്ക്ക് തല ചായ്ച്ചിരുന്നപ്പോൾ വല്ലാത്തൊരാശ്വാസമായിരുന്നു .

എല്ലായ്പ്പോഴും അവൻ തനിയ്ക്കൊപ്പമുണ്ടായിരുന്നെങ്കിൽ .. നിരഞ്ജൻ്റെ വിരലുകൾ അവളുടെ കവിളിൽ തലോടി . പിറ്റേന്ന് ജിതിനൊപ്പം ഫ്രണ്ട്സിനെ പരിചയപ്പെടാൻ പോകണമെന്ന അമ്മയുടെ നിർദ്ദേശം എങ്ങനെ ഒഴിവാക്കണമെന്ന് തല പുകഞ്ഞാലോചിച്ചിട്ടും ഒരൈഡിയയും കിട്ടിയില്ല . എവിടേയ്ക്കാണ് പോകുന്നതെന്നു മൈത്രിയ്ക്കുമറിയില്ല . സമയം അതിക്രമിച്ചതിനാൽ അവർക്ക് യാത്ര പറയേണ്ടി വന്നു . രാത്രിയിൽ വിളിക്കാം . എന്തെങ്കിലുമൊരു വഴിയുണ്ടാകാതിരിക്കില്ലെന്ന് സമാധാനിപ്പിച്ചിട്ടാണ് നിരഞ്ജൻ മടങ്ങിയത് . ************** വീട്ടിലെത്തിയപ്പോൾ തന്നെ സുമിത്രയിൽ നിന്ന് അമ്മ എറണാകുളത്തേക്ക് പോയി എന്നറിഞ്ഞു . ഉച്ച കഴിഞ്ഞ് പോയത് കൊണ്ട് വരാനെന്തായാലും രാത്രിയാകുമെന്നുറപ്പാണ് . അവൾ പഴയിടത്തേയ്ക്ക് പോകാൻ തീരുമാനിച്ചു .

നന്ദേമ്മായിയിൽ നിന്ന് പപ്പിയാൻ്റിയുടെ എന്തെങ്കിലും വിവരങ്ങൾ ലഭിച്ചാലോ . അവൾ പത്മരാജനോട് അനുവാദം ചോതിച്ചിട്ട് താഴെ വന്ന് സുമിത്രയോട് താൻ പഴയിടത്തേക്ക് പോകുകയാണെന്നറിയിച്ചു . ” അയ്യോ കുട്ടി .. അമ്മയറിഞ്ഞാൽ ” ” അറിയില്ല . സുമിത്രേച്ചി പറയാതിരുന്നാൽ മതി . കൃഷ്ണനങ്കിളിനോട് ഞാൻ പറഞ്ഞോളാം ” വാച്ചറോടും ശട്ടം കെട്ടിയിട്ടവൾ പത്മതീർത്ഥത്തിൻ്റെ ഗേറ്റ് കടന്നു . ഇപ്പോൾ തനിക്ക് കുറേക്കൂടി ധൈര്യം തോന്നിത്തുടങ്ങിയിട്ടുണ്ട് . മുൻപാണെങ്കിൽ അമ്മയീ സ്‌റ്റേറ്റിന് പുറത്തായാൽ പോലും പറയാതെ എന്തെങ്കിലും ചെയ്യാൻ ഭയമായിരുന്നു . ഇപ്പോൾ തനിക്കിതിനൊക്കെ കഴിയുന്നതെങ്ങനെയാണ് . നിരഞ്ജനാണോ ആ ധൈര്യം . ആകണം .. പഴയിടത്ത് എത്തിയപ്പോൾ പടിക്കെട്ടിറങ്ങി വരുന്ന സൂര്യനെ കണ്ടു . അമ്മയുടെ പേർസണൽ സ്റ്റാഫായതിൽ പിന്നെ സൂര്യനെ അടുത്ത് കിട്ടുന്നത് അപ്പോഴാണ് . പെട്ടന്നവൾക്ക് അപായസൂചന കിട്ടി .

സൂര്യൻ ഇവിടെയുണ്ടെങ്കിൽ .. അപ്പോൾ അപ്പോൾ അമ്മ എറണാകുളത്ത് പോയില്ലേ . മൈത്രിയെ കണ്ട് പുഞ്ചിരിച്ചു കൊണ്ടാണ് സൂര്യൻ അടുത്തേക്ക് വന്നത് . ” സൂര്യേട്ടൻ അമ്മയ്ക്കൊപ്പം എറണാകുളത്ത് പോയില്ലേ … ” ” ഇല്ല .. എനിക്കിവിടെ കുറച്ച് വർക്കുണ്ട്.. ” മൈത്രിയ്ക്കപ്പോഴാണ് ശ്വാസം നേരെ വീണത് . പെട്ടന്നവൾക്ക് ജിതിനെ ഓർമ വന്നു . അവനെ കുറിച്ച് ചോദിക്കണോ വേണ്ടയോ എന്നാലോചിച്ചു . ” ആ ജിതിൻ ഓഫീസിലെങ്ങനെയാ സൂര്യേട്ടാ ?” ” വന്നിട്ടല്ലേയുള്ളൂ .. എന്തായാലും മോശമല്ല .. ” അവൻ പുഞ്ചിരിച്ചു . അവൻ്റെ ചിരിയുടെ അർത്ഥം മനസിലായെങ്കിലും അവളത് അവഗണിച്ചു . ” ഞാൻ സൂര്യേട്ടനോട് ഒരു കാര്യം പറയട്ടെ? ” അവൻ കാതുകൂർപ്പിച്ചു .. ” സൂര്യേട്ടൻ അയാളെയൊന്ന് ശ്രദ്ധിക്കണം .. ” സൂര്യൻ്റെ മുഖത്തെ ചിരി മാഞ്ഞു . ഒരാഴ്ച കൂടി കഴിഞ്ഞാൽ ജിതിനുമായി മൈത്രിയുടെ എൻഗേജ്മെൻ്റാണ് .

അവൻ്റെ പ്രതിശ്രുത വധുവാണ് ഈ പറയുന്നത് . ” മൈത്രിയെന്താ ഇങ്ങനെ പറയുന്നത് ..? ” സൂര്യൻ നെറ്റി ചുളിച്ചു . ” കൂടുതലൊന്നും എന്നോട് ചോദിക്കരുത് . കൃത്യമായിട്ടൊന്നും പറയാനെനിക്കുമറിയില്ല . പക്ഷെ സൂര്യേട്ടനയാളെ ശ്രദ്ധിക്കണം . ഓഫീസ് കാര്യങ്ങളിൽ പ്രത്യേകിച്ച് … ചെയ്യുമോ ” ” മൈത്രി പറഞ്ഞാൽ ഞാൻ കേൾക്കാതിരിക്കുമോ …? ” അവൾ പുഞ്ചിരിച്ചു . അവളോട് യാത്ര പറഞ്ഞ് സൂര്യൻ നടന്നു പോയി . അവൾ പഴയിടത്തേയ്ക്കും . ************** രാത്രിയിൽ നിരഞ്ജനോട് ഫോണിൽ പഴയിടത്തേയ്ക്ക് പോയതിനെ കുറിച്ച് വിശദീകരിച്ചു . നന്ദേമ്മായിക്കും പപ്പിയാൻ്റി നോർത്തിൽ പോയതിനു ശേഷമുള്ള വിശദമായ കാര്യങ്ങളൊന്നും അറിയില്ലെന്ന് പറഞ്ഞു . ” അവരടുത്ത സുഹൃത്തുക്കളല്ലെ . എന്നിട്ടും പറഞ്ഞിട്ടില്ലേ ഒന്നും ” നിരഞ്ജനത് വിശ്വാസയോഗ്യമായി തോന്നിയില്ല .

” അറിയില്ലെന്നാ എന്നോട് പറഞ്ഞത് ” ഒന്നുകിൽ പത്മജ ഉണ്ണിയെ കുറിച്ച് നാട്ടിൽ ആർക്കും ഒന്നുമറിയില്ല . അതൊരു വലിയ രഹസ്യമായി അവർ തന്നെ മറച്ചു വയ്ക്കുന്നു . എന്നിട്ടെവിടെയോ അവർ മറഞ്ഞു നിൽക്കുന്നു .. അല്ലെങ്കിൽ അറിയാവുന്നവർ അതൊളിച്ചു വയ്ക്കുന്നു .. നിരഞ്ജൻ നെടുവീർപ്പയച്ചു . ” നാളത്തെ കാര്യം എന്താ ചെയ്യുക ?” ” നീ ജിതിനൊപ്പം പോകണം ” മൈത്രിയുടെ കണ്ണ് മിഴിഞ്ഞു . ” എന്താ പറഞ്ഞത് ” ” നീ പോകണമെന്ന്.. ” “നിരഞ്ജനെന്നെ കളിയാക്കുവാണോ ” അവൾക്കരിശം വന്നു .. ” ഒരിക്കലുമല്ല . . ഫ്രണ്ട്സിനെ കാണാനല്ലേ .. എതെങ്കിലും റസ്റ്റൊറൻ്റിലായിരിക്കും .. താൻ ജസ്റ്റ് പോയി വാ . താൻ വെറുതെ പോയി വാ . അവൻ്റെ ഫ്രണ്ട് സർക്കിളിനെ കുറിച്ചൊക്കെ മനസിലാക്കാമല്ലോ .. ”

” നിരഞ്ജാ വെറുതെ കളിക്കല്ലേ . പോകാതിരിക്കാൻ ഒരൈഡിയ കിട്ടാഞ്ഞിട്ടാണെങ്കിൽ അതു പറയ് . ഞാനമ്മയോട് എന്തെങ്കിലും പറഞ്ഞ് ഒഴിവായിക്കോളാം .. ചിലപ്പോ തല്ലിക്കൊല്ലുമായിരിക്കും … കൊന്നോട്ടെ.. എന്നാലും മൈത്രിയെ അവനൊപ്പം കറങ്ങാൻ കിട്ടില്ല ” അവൾ പൊട്ടിക്കരഞ്ഞു . ” മൈത്രീ …………..” മറുവശത്ത് നിരഞ്ജൻ്റെ ശബ്ദം നേർത്തു .. ************** ശനിയാഴ്ച … പത്ത് മണിയോടെ ജിതിൻ്റെ കാർ പത്മതീർത്ഥത്തിനു മുന്നിൽ വന്നു നിന്നു . മൈത്രി ഒരുങ്ങി നിൽപ്പുണ്ടായിരുന്നു . ഗ്രേ കളർ ടോപ്പും മെറൂൺ ലഗിൻസുമായിരുന്നു അവൾ ധരിച്ചിരുന്നത് . പകിട്ട് കുറഞ്ഞ വസ്ത്രധാരണം തന്നെ അവനിൽ അനിഷ്ടം നിറച്ചു . അഞ്ജനയാണ് മൈത്രിയെ ജിതിനൊപ്പം മുൻ സീറ്റിലിരുത്തി ഡോറടച്ചത് . കാറിളകിപ്പോകുന്നത് നോക്കി അഞ്ജന കൈവീശിക്കാട്ടി .. കാറിനുള്ളിൽ മൈത്രി മുഖം കുനിച്ചിരുന്ന് കൈവിരലിലെ മോതിരത്തിൽ വെറുതെ തൊട്ടു കൊണ്ടിരുന്നു .

ജിതിൻ സ്റ്റീരിയോ ഓൺ ചെയ്തു . ഷാനിയ ട്വയിൻ്റെ യു ആർ സ്റ്റിൽ ദ വൺ . ജിതിനത് ആസ്വദിച്ചു കൊണ്ട് സ്റ്റിയറിംഗിൽ താളമടിച്ചു .. When I first saw you, I saw love And the first time you touched me, I felt love And after all this time You’re still the one I love, mmm, yeah-yeah മൈത്രിയ്ക്കത് അരോചകമായിരുന്നു . അത്തരം പാട്ടുകളൊന്നും അവളുടെ ലിസ്റ്റിലേയില്ല . അവൾക്ക് തല പെരുത്തു . മുഖം തിരിച്ച് പുറത്തേക്ക് നോക്കിയിരുന്നു . ജിതിൻ്റെ ചുണ്ടിൽ പുഞ്ചിരി വിടർന്നു .. ക്രൂരമായൊരു പുഞ്ചിരി . അവൻ തല ചരിച്ച് മൈത്രിയെ നോക്കിയിട്ട് വീണ്ടും ഡ്രൈവിംഗിൽ ശ്രദ്ധിച്ചു . കാർ സിറ്റി വിട്ടു മുന്നോട്ടു കുതിച്ചു …..( തുടരും ) അമൃത അജയൻ അമ്മൂട്ടി

ഋതുസംക്രമം : ഭാഗം 27

Share this story