ദാമ്പത്യം: ഭാഗം 4

ദാമ്പത്യം: ഭാഗം 4

എഴുത്തുകാരി: തുഷാര ലക്ഷ്മി

” ഞാൻ വരുന്നില്ലമ്മേ…. എനിക്ക് പറ്റാത്തത് കൊണ്ടാണ്.. പ്ലീസ് അമ്മേ എന്നോട് ദേഷ്യം തോന്നല്ലേ …” – വിവാഹവാർഷികത്തിന് വരാൻ ക്ഷണിച്ച് പ്രഭ ആര്യയെ ഫോൺ ചെയ്യുമ്പോൾ കിട്ടിയ മറുപടിയാണിത്.. ” പറ്റില്ല മോളെ ….നീ വന്നേ പറ്റൂ ….ഇല്ലെങ്കിൽ ഇനി അമ്മ നിന്നോട് മിണ്ടില്ല …മോളുടെ അച്ഛനുമമ്മയും വരുന്നുണ്ടല്ലോ …നീയും വരണം….അമ്മ കാത്തിരിക്കും ….ഞാൻ അഭിയോട് പറയാം നിന്നെ വിളിക്കാൻ വരാൻ….” ” അതൊന്നും വേണ്ടമ്മേ …ഞാൻ വരുന്നത് ആർക്കും ഇഷ്ടമാകില്ല…അതൊന്നും ശരിയാവില്ല” – ആര്യയ്ക്ക് പോവാൻ തീരെ താത്പര്യമില്ലായിരുന്നു ” മോളെ നീ മറ്റാരെയും നോക്കേണ്ട കാര്യമില്ല….

അച്ഛനുമമ്മയ്ക്കും അന്നത്തെ ദിവസം നീ കൂടെ വേണമെന്ന് ആഗ്രഹമുണ്ട് …” “ഞാൻ …ഞാനൊന്ന് ആലോചിക്കട്ടെ അമ്മേ ..” – ആര്യ രക്ഷപ്പെടാനായി പറഞ്ഞു ഫോൺ കട്ട് ചെയ്തു… ഇനിയും നന്ദനത്തിലേക്ക് പോകാനോ, അരവിന്ദിനെയോ നിമിഷയെയോ കാണാൻ ആര്യയ്ക്ക് തീരെ താല്പര്യമുണ്ടായിരുന്നില്ല…. ശാരിക കുളിച്ചിറങ്ങിയപ്പോൾ കാണുന്നത് എന്തോ ആലോചിച്ചിരിക്കുന്ന ആര്യയെയാണ്… ” എന്താടി ഇങ്ങനെ ചിന്താവിഷ്ടയായ ആര്യ ആയിരിക്കുന്നത് ” – ശാരിക ആര്യയെ കളിയാക്കി…. ആര്യ പ്രഭാമ്മ തന്നെ വിളിച്ച കാര്യം ശാരികയോട് പറഞ്ഞു …

“എടീ….ഇതിന് നീ എന്തിനാ ഇത്ര ആലോചിക്കുന്നത്… നീ പോകണം …സ്വന്തം അച്ഛനുമമ്മയേയും പോലെ നിന്നെ സ്നേഹിക്കുന്ന അവർക്കുവേണ്ടി നീ പോകണം ….. പിന്നെ അരവിന്ദനേയും നിമിഷയേയും എങ്ങനെ ഫേസ് ചെയ്യുമെന്ന് ആലോചിച്ചാണ് നിനക്ക് ടെൻഷനെങ്കിൽ എനിക്ക് നിന്നോട് ഒന്നും പറയാനില്ല..അവൾ വലിയ ത്യാഗി ആകാൻ പോയിരിക്കുന്നു…. നിനക്കിട്ടാണ് ആദ്യം രണ്ട് പൊട്ടിക്കേണ്ടത് ….. നീ അല്ല അവരാണ് നിന്നോട് തെറ്റ് ചെയ്തത്…. നിന്റെ ജീവിതം തകർത്തവരാണവർ ….. നിന്നെ ഉപേക്ഷിച്ച് മറ്റൊരുവളെ തേടി പോയ അവന് മുൻപിൽ പോയി തലയുയർത്തി പിടിച്ചു നിൽക്കണം നീ അന്തസ്സായിട്ട് …..തോറ്റു പോയിട്ടില്ലെന്ന് അവർ മനസ്സിലാക്കണം … മനസ്സിലായോ…..????

” ആര്യ മറുപടി ഒന്നും പറയാൻ പോയില്ല …ശാരിയ്ക്ക് ദേഷ്യം വന്നാൽ ടെറർ ആണെന്ന് അവൾക്കറിയാം… രാത്രി അഭി വിളിച്ചപ്പോൾ ആര്യ കാര്യങ്ങളെല്ലാം അവനോട് പറഞ്ഞു അവളെന്താണ് ചെയ്യേണ്ടതതെന്ന് ചോദിച്ചു…. ” നീ തീർച്ചയായും വരണം… എന്റെ അച്ഛന്റെയുമമ്മയുടെയും മകളായിട്ട്… മറ്റാരെയും നീ ഓർക്കേണ്ട ..വേദനിപ്പിക്കുന്ന കാഴ്ചകളൊന്നും ഇപ്പോൾ നിനക്കിവിടെ ഇല്ലല്ലോ …അല്ലാതെ മറ്റൊരു കാരണവും പറഞ്ഞു നീ അച്ഛനേയുമമ്മയെയും വിഷമിപ്പിക്കരുത്… അമ്മ നിന്നെ പ്രതീക്ഷിക്കും …ആ പാവത്തിനെ സങ്കടപ്പെടുത്തരുത് “- “എനിക്ക് മനസ്സിലായി അഭിയേട്ട …ഞാൻ വരാം” – ആര്യ അവനോടു സമ്മതിച്ചു… ”

ഇത്തവണ നിനക്കൊരു സർപ്രൈസ് ഉണ്ട്” “എന്താ അത് …? “- ആര്യ ആകാംഷ അടക്കാനാവാതെ ചോദിച്ചു…. “സർപ്രൈസ് ആണെന്ന് പറഞ്ഞില്ലേ… പിന്നെ എങ്ങനെയാണ് ഇപ്പോൾ പറയുന്നത് …നീ പന്ത്രണ്ടാം തീയതി വാ….അപ്പൊ കാണാലോ…..”- കോൾ കഴിഞ്ഞിട്ടും അതെന്താണെന്നവൾ ചിന്തിച്ചു കൊണ്ടേയിരുന്നു…താൻ ചെല്ലാനായിട്ട് അഭിയേട്ടൻ ചുമ്മാ പറഞ്ഞതാകും… അവൾ തന്റെ നിഗമനത്തിലെത്തി… പന്ത്രണ്ടാം തീയതി ഉച്ചയോടെ ആര്യ വീട്ടിലെത്തി… വൈകിട്ടാണ് ഫങ്ക്ഷൻ… അവളൊരു സിമ്പിൾ സൽവാറാണിട്ടത് …വലിയ ഒരുക്കം ഒന്നുമില്ല….ഒന്നു കണ്ണെഴുതി ചെറിയൊരു പൊട്ടുതൊട്ടു…. നന്ദനത്തിലേക്ക് പോകുന്നതോർക്കുമ്പോൾ തനിക്ക് എന്തെങ്കിലും വേദന തോന്നുന്നുണ്ടോ…ഇല്ല …വേദനയല്ല….

നന്ദനത്തിലെ അച്ഛന്റേയുമമ്മയുടേയും ബന്ധുക്കളൊക്കെ കാണും…എന്ത് ബന്ധത്തിന്റെ പേരിൽ താനവരുടെ മുന്നിൽ ചെന്ന് നിൽക്കും… എല്ലാവരും ഒരു കാഴ്ച വസ്തുവിനെ പോലെ തന്നെ നോക്കും …. അരവിന്ദിന്റെ പഴയ ഭാര്യ പുതിയ ഭാര്യയോട് മിണ്ടുന്നുണ്ടോ ,അവർ തമ്മിൽ നോക്കൂന്നുണ്ടോ , അരവിന്ദിന്റെ പ്രതികരണം എന്താണ്…. എല്ലാവർക്കും ഇതൊക്കെ കാണാനും അറിയാനുമുള്ള കൗതുകമായിരിക്കും …പോകേണ്ടിയിരുന്നില്ല.. പിന്നെ അഭിയേട്ടൻ പറഞ്ഞ പോലെ താൻ തെറ്റൊന്നും ചെയ്തിട്ടില്ല ..പിന്നെന്തിനു മാറിനിൽക്കണം… അച്ഛനേയുമമ്മയേയും നോക്കിയാൽ മതിയല്ലോ ..തന്റെ വാശി കാരണം അവർ വിഷമിച്ചു കൂടാ… അപ്പോഴാണ് ദേവൻ മുറിയിലേക്ക് വന്നത്….

അയാൾ കട്ടിലിൽ ഇരിക്കുന്ന ആര്യയുടെ മുടിയിൽ തലോടി…… ” നന്ദനത്തേക്ക് പോകുന്നതിൽ വിഷമമുണ്ടോ എന്റെ കുട്ടിക്ക്??? വിഷമിക്കേണ്ട…. ഇതുവരെ സംഭവിച്ചതൊക്കെ മോള് മറന്നുകളയണം …. അതൊക്കെ ചിലപ്പോൾ നല്ലതിനാകും….” ആര്യ മറുപടി പറയാതെ അയാളെ നോക്കി ചിരിച്ചു….. ” ശ്രീക്കുട്ടി അച്ഛൻ എന്തു ചെയ്താലും അതെന്റെ കുഞ്ഞിന്റെ നന്മയ്ക്കാകും…. അച്ഛനൊരു കാര്യം പറഞ്ഞാൽ മോൾ അനുസരിക്കുമോ??? ” ” എന്താണച്ഛാ….അച്ഛനെന്തു വേണമെങ്കിലും എന്നോട് പറയാമല്ലോ…” ” അനുസരിക്കുമോ….??? ” ” ഞാൻ അനുസരിച്ചോളാം …”- ആര്യ ഉറപ്പുകൊടുത്തു… ” എന്നാൽ അച്ഛന്റെ തലയിൽ തൊട്ട് സത്യം ചെയ്യ് മോളേ….”- ആര്യ ഒന്ന് ഞെട്ടി …

അച്ഛൻ എന്തോ മനസ്സിൽ കണ്ടിട്ടുണ്ടെന്നവൾക്ക് മനസ്സിലായി.. പ്രതീക്ഷയോടെ നിൽക്കുന്ന ആ മനുഷ്യനെ വിഷമിപ്പിക്കാൻ എന്തോ അവൾക്ക് തോന്നിയില്ല.. “സത്യം.. എന്റച്ഛൻ പറയുന്നത് എന്തായാലും അത് ഞാൻ അനുസരിക്കും….” – ആര്യ ദേവന്റെ തലയിൽ കൈ വെച്ച് പറഞ്ഞു… ദേവന്റെ കണ്ണുനിറഞ്ഞു… ഇതൊക്കെ കണ്ടുകൊണ്ട് പുറത്തുനിന്ന മേനകയും കണ്ണീരോടെ അകത്തേക്കു വന്നു ….. “മതി…മതി…. ചുമ്മാ സെന്റി അടിച്ചു കരഞ്ഞ് എന്നെ കൂടി കരയിപ്പിക്കല്ലേ …എന്റെ മേക്കപ്പ് മുഴുവൻ പോകും ” -ആര് വെറുതെ ചളി അടിച്ചു…. “എന്റെ പുട്ടുകുട്ടി വാ ..നമുക്ക് നന്ദനത്തേക് പോകാം ..”- ദേവൻ അവളുടെ കയ്യിൽ പിടിച്ചെഴുന്നേൽപ്പിച്ചു…..

സന്തോഷത്തോടെയവർ നന്ദനത്തേക്ക് തിരിച്ചു… നന്ദനത്തേക്ക് കാർ കയറിയപ്പോൾ ആര്യയ്ക്കു താൻ ആദ്യമായി ആ വീട്ടിലേക്ക് വന്നത് ഓർമ്മ വന്നു …അന്ന് തന്റെ അവകാശിയായിരുന്നയാൾ ഇപ്പോഴും ഇവിടെയുണ്ട് ….പക്ഷേ ഇന്നയാൾ തനിക്കന്യനാണ് … മറ്റൊരാൾക്കു സ്വന്തമാണ് …ഈ ചിന്തകളൊന്നും ഇപ്പോൾ തന്നെ വേദനിപ്പിക്കുന്നില്ലെന്നോർത്ത് ആര്യ ഒന്നു പുഞ്ചിരിച്ചു….താൻ ജീവിതത്തിലേക്കു തിരിച്ചു വന്നിരിക്കുന്നു …കരഞ്ഞു തീർത്തല്ല പൊരുതി ജയിച്ചു വേണം ജീവിക്കാനെന്നു ഇന്നവൾക്കറിയാം …. ആര്യ കാറിൽ നിന്നിറങ്ങുന്നതുക്കണ്ടപ്പോഴെ ശേഖരനും പ്രഭയും അവരുടെ അടുത്തേക്ക് വന്നു…. ശേഖരൻ ദേവന് കൈകൊടുത്തു….പ്രഭ മേനകയുടെ കൈ ചേർത്ത് പിടിച്ചു … ” എന്റെ കുഞ്ഞ് വന്നല്ലോ …അമ്മയ്ക്ക് സന്തോഷമായി …” – പ്രഭ ആര്യയെ ചേർത്ത് പിടിച്ചു നെറുകയിൽ മുത്തി….

തലയിലൊരു തട്ടു കിട്ടി തിരിഞ്ഞുനോക്കിയ ആര്യ കണ്ടു തന്നെ നോക്കി ചിരിച്ചുകൊണ്ട് നിൽക്കുന്ന അഭിയെ …. ” എവിടെ അഭിയേട്ടാ… എന്താ സർപ്രൈസ്….” ” നീ വന്നതല്ലേയുള്ളൂ …ഒന്നടങ്ങെടി…..കേക്ക് കട്ട് ചെയ്തു കഴിഞ്ഞ് സർപ്രൈസ് തരാം…..” – അഭി ചിരിയോടെ പറഞ്ഞു … “ഓഹ് …എനിക്കറിയണ്ട …” – അവനെ നോക്കി കണ്ണുരുട്ടി പേടിപ്പിച്ചു തിരിഞ്ഞു നോക്കിയ ആര്യ കണ്ടു തങ്ങളെ നോക്കി നിൽക്കുന്ന അരവിന്ദിനേയും നിമിഷയേയും …രണ്ടുപേരുടെയും മുഖം ഇരുണ്ടിട്ടുണ്ട്…താൻ വന്നത് ഇഷ്ട്ടമായിട്ടില്ലെന്നു വ്യക്തം ….അഭി ഒരു പുച്ഛത്തോടെ അവരെ ഒന്നു നോക്കി ആര്യയുടെ കയ്യിൽ പിടിച്ചുകൊണ്ട് അകത്തേക്ക് പോയി …. “ഇവളെന്താ മനുഷ്യാ ഇവിടെ …?? ആരാ ഇവളെ വിളിച്ചത്….

ബന്ധം തീർത്തുവിട്ടാലും പിന്നെയും കേറി വന്നോളും …വിളിച്ചു കേറ്റാൻ നിങ്ങളുടെ തന്തയും തള്ളയും …അവന് എന്നെ കണ്ടുടാ ..എന്നിട്ടിപ്പോ കണ്ടില്ലേ അവളുടെ കയ്യും പൊക്കിപ്പിടിച്ചുകൊണ്ട് പോയത് ….നിങ്ങളെ പറഞ്ഞാ മതിയല്ലോ ….നിങ്ങൾക്കു ചുണയുണ്ടായിരുന്നെങ്കിൽ ഇവളിനി ഇവിടെ കേറി വരില്ലായിരുന്നു …” – നിമിഷ നിന്നു തിളച്ചു …എല്ലാവരും ആര്യയെ സ്നേഹിക്കുന്നത് കണ്ടിട്ട് അവൾക്കു അസൂയ സഹിക്കാൻ കഴിഞ്ഞില്ല ..ഇവിടെ ആരും തന്നെ ഇതുപോലേ സ്നേഹിക്കുന്നില്ല…എല്ലാവർക്കും ഇപ്പോഴും ആര്യയെ മതി …അമ്മ ആണെങ്കിൽ എപ്പോഴും ആര്യാ, ആര്യാ എന്നണ്‌ ജപിച്ചു കൊണ്ടിരിക്കുന്നത് … അവൾക്കു ആര്യയെ കൊല്ലാനുള്ള ദേഷ്യം തോന്നി …

ആര്യയുടെ സാന്നിധ്യം തന്നെയും അസ്വസ്ഥതപ്പെടുത്തുന്നത് അരവിന്ദ് അറിഞ്ഞു… എന്നാൽ ഇതിനെപ്പറ്റി അച്ഛനോടോ അമ്മയോടോ ചോദിക്കാനും അയാൾക്ക് ധൈര്യമില്ലായിരുന്നു… മുൻപ് എന്ത് കാര്യത്തിനും അച്ഛനുമമ്മയും തന്റെ അഭിപ്രായം ചോദിക്കുമായിരുന്നു … അഭിയും അങ്ങനെ തന്നെയായിരുന്നു…. പക്ഷേ എന്നുതാൻ ആര്യയെ ഉപേക്ഷിക്കാനുള്ള തീരുമാനം എടുത്തോ അന്നുമുതൽ അവർ മാറി… അതിന് അവരെ കുറ്റപ്പെടുത്താൻ ഉള്ള ഒരു യോഗ്യതയും തനിക്കില്ലെന്ന് അരവിന്ദിനറിയാമായിരുന്നു… പക്ഷേ ആരോരുമില്ലാത്തോരു പെൺകുട്ടിക്കൊരു ജീവിതം കൊടുത്തു എന്നൊരു കാരണം സ്വയം കണ്ടെത്തി താനാണ് ശരി എന്നയാൾ വിശ്വസിക്കാൻ ശ്രമിച്ചു……

പ്രഭാമ്മയുടെയും ശേഖരനച്ഛന്റെയും ബന്ധുക്കളൊക്കെ തന്നോട് പഴയതുപോലെ സ്നേഹത്തോടെ തന്നെയാണ് സംസാരിച്ചത് എന്നത് ആര്യയെ അത്ഭുതപ്പെടുത്തി… ആര്യ എല്ലാവരോടും ചിരിച്ചു തന്നെ പെരുമാറി… കൗതുകത്തോടെയും പുച്ഛത്തോടെയുമുള്ള ചില നോട്ടങ്ങളും അവൾ കണ്ടു… പക്ഷേ അവൾ തല ഉയർത്തി തന്നെ നിന്നു… ക്ഷണിച്ച ഗസ്റ്റുകളോക്കെ എത്തിക്കഴിഞ്ഞപ്പോൾ ശേഖരനും പ്രഭയും കൂടെ അരവിന്ദും അഭിമന്യുവും കുഞ്ഞിനേയുടുത്ത് നിമിഷയും സ്റ്റേജിലേക്ക് കയറി…അരവിന്ദിന്റെ കൈ ചേർത്ത് പിടിച്ചു തന്നെ നോക്കി പുച്ഛത്തോടെ ചിരിക്കുന്ന നിമിഷയെ ഒരു ചെറുചിരിയോടെ ആര്യ നോക്കിയിരുന്നു….

ശേഖരനും പ്രഭയും കേക്ക് കട്ട് ചെയ്തു പരസ്പരം വായിൽ വച്ചു കൊടുത്തു ….പിന്നെ ഇരുവരും കുഞ്ഞിനും അരവിന്ദിനും അഭിയ്ക്കും നിമിഷയ്ക്കും കൊടുത്തു….നിമിഷ ആര്യയെ ഒന്നഹങ്കാരത്തോടെ നോക്കി… കേക്ക് മുറിച്ചു ആഘോഷമൊക്കെ കഴിഞ്ഞ് അഭി ഒരു മൈക്ക് ശേഖരന്റെ കയ്യിൽ കൊടുത്തു… ” ഞങ്ങളുടെ ക്ഷണം സ്വീകരിച്ച് ഇവിടെ എത്തി ഞങ്ങളുടെ സന്തോഷത്തിൽ പങ്കു ചേർന്ന എല്ലാവർക്കും ആദ്യമേ നന്ദി പറയുന്നു…. മുപ്പത്തിയഞ്ചു വർഷം എന്നെ സഹിച്ച എന്റെ സഹധർമ്മിണിയോടും ഞാനെന്റെ നന്ദിയും സ്നേഹവും അറിയിക്കുന്നു….

ഞങ്ങളുടെ വിവാഹ വാർഷികം ആഘോഷിക്കാൻ മാത്രമല്ല മറ്റൊരു തീരുമാനം നിങ്ങളെ അറിയിക്കാനും ക്ഷണിക്കാനുമാണ് ഇങ്ങനെ ഒരു ഫങ്ക്ഷൻ ഇവിടെ ഒരുക്കിയത് … ഞങ്ങളുടെ ഇളയമകൻ അഭിമന്യു വരുന്ന മാസം പതിനെട്ടാം തീയതി വിവാഹിതനാവുകയാണ് …വധുവിനേയും ഞാൻ ഈ അവസരത്തിൽ തന്നെ പരിചയപ്പെടുത്തുകയാണ് … എന്റെ പ്രിയസുഹൃത്ത് ദേവന്റെ ഇളയമകൾ ആര്യശ്രീ “….. തുടരും….

ദാമ്പത്യം: ഭാഗം 3

Share this story