ഹൃദയതാളം: ഭാഗം 11

ഹൃദയതാളം: ഭാഗം 11

എഴുത്തുകാരി: അനു സത്യൻ

“അബിക്ക് ജാൻവിയെ പറ്റി എന്തൊക്കെ അറിയാം..? ഐ മീൻ ജാൻവിക്ക് ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാവാൻ ഉള്ള കാരണം.. അതിനു മുൻപുള്ള അവള് എങ്ങനെ ആയിരുന്നു..?” ജാനിയോടു സംസാരിച്ച ശേഷം ഡോക്ടർ ഷൈനി അബിയോട് തിരക്കി. “അത്.. എനിക്ക്..” “അറിയാവുന്നത് എല്ലാം പറയണം അബീ..” “അതിനെന്താ മമ്മാ.. അവനു അറിയാവുന്നത് അവൻ പറയും.. ചെല്ല് അബി.. ജാനിയെ ഞാൻ നോക്കിക്കോളാം..” പ്രിൻസ് അവനെ നോക്കി കണ്ണു കാണിച്ചു ജാനിയുമായി പുറത്തേക്ക് ഇറങ്ങി. ഡോക്ടർ അബിയുടെ മുഖത്തേക്ക് ഉറ്റു നോക്കി ഇരിക്കുമ്പോൾ അവൻ അവർ തമ്മിൽ ആദ്യമായി കണ്ട ജാനി ഈ ഒരു അവസ്ഥയിൽ ആവും മുൻപുള്ള അവളുടെ ഇച്ചെച്ചി അവൾക്ക് കാവലാൾ ആയിട്ടുള്ള ഓർമകളിലേക്ക് പോവുകയായിരുന്നു.

“ഞാൻ ആദ്യമായി അവളെ കാണുന്നത് ജാൻസി ചേച്ചിയുടെ കൂടെ ആണ്.. ഒരു വെള്ള ഫ്രോക്കിൽ തോളോപ്പം ഉള്ള മുടിയിൽ ഒരു ശലഭത്തിന്റെ റാ ഒക്കെ വെച്ച് മാലാഖയെ പോലെ ഒരു പെൺകുട്ടി.. ജാൻസി ചേച്ചിയും ഞാനും ആയിരുന്നു ക്വയറിൽ വയലിൻ വായിക്കുന്നത്.. അങ്ങനെ ചേച്ചിയുമായി നല്ല സൗഹൃദം ഉണ്ടായിരുന്നു.. മാത്രമല്ല എന്റെ ചേച്ചിയുടെ സീനിയർ കൂടി ആയിരുന്നു ജാൻസി ചേച്ചി.. ഞങ്ങളൊക്കെ ആദ്യം കരുതിയത് ജാൻവി ജാൻസി ചേച്ചിയുടെ സ്വന്തം അനിയത്തി ആണെന്നാണ്.. അത്രക്ക് അറ്റാച്ച്മെന്റ് ആയിരുന്നു അവർ തമ്മിൽ.. ജോയിച്ചായനോടോ ജീന ചേച്ചിയോടോ പോലും അത്ര അടുപ്പത്തിൽ അവള് സംസാരിച്ചു കണ്ടിട്ടില്ല..

ക്വയർ കഴിയുംപാടെ അവള് ഓടി ചേച്ചിയുടെ അരികിൽ വരും.. പിന്നെ ചേച്ചിയുടെ കയ്യിൽ തൂങ്ങിയാണ് നടപ്പ്.. അവളെ ഒരുക്കുന്നതും സ്കൂളിൽ വിടുന്നതും എല്ലാം ചേച്ചി ആണെന്ന് ഒരിക്കൽ പറഞ്ഞിട്ടുണ്ട്.. ജാനി ഞങ്ങളോട് ആരോടും മിണ്ടാറില്ല.. അപ്പോ അവളെ കളിയാക്കിയും വഴക്കിട്ടു ഒക്കെ ഞാൻ അവളോട് കൂട്ട് കൂടാൻ ശ്രമിച്ചു.. അങ്ങനെ ആണ് ജാനിയെ ജാനു എന്ന് വിളിച്ചു തുടങ്ങിയത്.. അവൾക്ക് ജാനു എന്ന് കേൾക്കുന്നത് ദേഷ്യം ആണ്.. എന്നെ ദേഷ്യത്തിൽ നോക്കി ജാൻസി ചേച്ചിയോട് പരാതി പറയും.. ചേച്ചി സാരമില്ല എന്നൊക്കെ പറഞ്ഞു സമാധാനിപ്പിക്കും.. പക്ഷേ ഞാൻ കുറച്ചു കഴിഞ്ഞു വീണ്ടും അവളെ കളിയാക്കും.. മുഖം ഒക്കെ വീർപ്പിച്ചു ചുണ്ട് മലർത്തി കരയുന്ന ഭാവത്തിൽ ഒരു പോക്ക് ഉണ്ട്..

നല്ല രസം ആണ് കാണാൻ..” ഏതോ ഓർമയിൽ അബി ഒന്ന് ചിരിച്ചു. അവന്റെ ചിരി കണ്ട് ഷൈനി സംശയത്തോടെ അവനെ നോക്കി. ” നീ അവളെ സ്നേഹിക്കുന്നുണ്ടോ അബീ..?” “തീർച്ചയായും.. ഞാൻ അവളെ ഒരുപാട് ഇഷ്ടമാണ്.. അത് കൊണ്ട് തന്നെയാണ് അവള് നോർമൽ ആവണം എന്ന് ഞാൻ ആഗ്രഹിക്കുന്നത്.. ഒരു പക്ഷെ നോർമൽ ആയിക്കഴിഞ്ഞാൽ എന്നെ ഓർമ ഉണ്ടാവുമോ എന്ന് പോലും അറിയില്ല.. പക്ഷേ എനിക്ക് അവളെ പഴയത് പോലേവേണം..” “മ്മ്.. ബാക്കിപറ..” അവർ ചിരിയോടെ പറഞ്ഞു. “ചേച്ചിയോട് ജസ്റ്റിൻ എന്ന ചേട്ടന് ഇഷ്ടം ആയിരുന്നു.. ജീനയുടെ ഹസ്ബണ്ടിന്റെ ചേട്ടൻ ആണ് ജസ്റ്റിൻ.. ജസ്റ്റിൻ ചേട്ടനും ജീനായും നല്ല കൂട്ട് ആയിരുന്നു..

ജീന പള്ളിയിൽ വരുമ്പോൾ മുതൽ ജസ്റ്റിൻ ചേട്ടന്റെ കൂടെ ആവും.. അവർക്കൊപ്പം ചേട്ടന്റെ കസിൻ റോബിൻ കൂടി ഉണ്ടാവും.. അവളെ വിളിക്കാൻ വന്ന ചേച്ചിയെ കണ്ട് ഇഷ്ടപ്പെട്ടു ചേച്ചിയെ ചേട്ടൻ പ്രോപ്പൊസ് ചെയ്തു.. പക്ഷേ വീട്ടിൽ വന്നു ചോദിക്കാൻ അല്ലാതെ വേറെ ഒന്നും ചേച്ചി പറഞ്ഞില്ല.. അവരുടെ അടുത്ത് നിന്നും വന്ന ശേഷം ചേച്ചി അത് എന്നോട് പറഞ്ഞിരുന്നു.. ചേച്ചിയുടെ സംസാരത്തിൽ നിന്നു ചേച്ചിക്കും ചേട്ടനെ ഇഷ്ടം ആയിരുന്നു എന്ന് എനിക്ക് തോന്നിയിട്ടുണ്ട്.. പക്ഷേ മനസമ്മതത്തിന്റെ തലേന്ന് എന്തിന് ചേച്ചി തൂങ്ങി മരിച്ചു എന്ന് മാത്രം എനിക്ക് പിടി കിട്ടുന്നില്ല.. പക്ഷേ ആ മരണം ബാധിച്ചത് ജാനിയെ ആണ്.. ചേച്ചി കൂടി പോയതോടെ ആരും നോക്കാൻ ഇല്ലാതെ ഒറ്റപ്പെട്ടു പോയി അവള്..

അതാവും ഇങ്ങനെ ഒരു അവസ്ഥയിലേക്ക് അവളെ എത്തിച്ചത്.. ഇപ്പൊ എന്നെ കാണുമ്പോൾ അബിച്ചായാ എന്നാ വിളിക്കുന്നത്.. പണ്ട് ജാൻസി ചേച്ചി എത്ര പറഞ്ഞാലും അവള് ഇങ്ങനെ വിളിക്കില്ല.. പകരം മണി എന്നാ വിളിക്കുക..” “മണി..?” “ആബേൽ ന്റെ ബെൽ ഒന്ന് മലയാളീകരിച്ചു വിളിക്കുന്നതാ..” ഷൈനിയുടെ നോട്ടത്തിനു മറുപടിയായി അവൻ പറഞ്ഞു. “ഓകെ അബി.. എനിക്ക് ജാൻവിയുടെ ബ്രതരിന്റെ നമ്പർ ഒന്ന് വേണം.. അയാളോട് സംസാരിക്കേണ്ടത് അത്യാവശ്യമാണ്..” “പക്ഷേ ആന്റീ.. ഞാൻ ജാനിയെ ഇവിടേക്ക് കൊണ്ട് വരുന്ന കാര്യം ജോയിച്ചായന് അറിയില്ല.. അറിഞ്ഞാൽ എന്തെങ്കിലും പ്രശ്നം ഉണ്ടാക്കുമോ എന്നു പേടിയുണ്ട്.. ഇച്ചായന്റെ അനിയത്തിയെ ആളുടെ പോലും സമ്മതം ഇല്ലാതെ ഒരു സൈക്യാട്രിസ്റിനെ കാണിച്ചു എന്നറിഞ്ഞാൽ..”

അബി അവരെ നോക്കി. “കുഴപ്പമില്ല അബി.. അതൊക്കെ ഞാൻ ഡീൽ ചെയ്തോളാം.. അബി പ്രിൻസിനെ കാണാൻ വേണ്ടി ഇവിടെ വന്നു.. കൂടെ ജാൻവി കൂടി ഉണ്ടായിരുന്നു.. അവളെ കണ്ടപ്പോൾ ഒരു അബ്നോർമലിറ്റി എനിക്ക് ഫീൽ ചെയ്തു.. നിങ്ങളോട് ചോദിച്ച ശേഷം അവളോട് സംസാരിച്ചു.. ജോയൽ ചോദിച്ചാൽ അങ്ങനെ പറഞ്ഞാല് മതി.. അങ്ങനെ ഒന്നും ചോദിക്കില്ല.. ഞാൻ അയാളോട് നിനക്ക് പ്രശ്നം വരാത്ത രീതിയിൽ സംസാരിച്ചോളാം.. അയാളോട് കൂടി സംസാരിക്കാതെ അവളുടെ കാര്യത്തിൽ ഒന്നും ചെയ്യാൻ എനിക്ക് കഴിയില്ല.. എന്തായാലും ഒന്ന് ഞാൻ ഉറപ്പു നൽകാം..

നീ ഇപ്പൊൾ നൽകുന്ന അതേ കരുതൽ, അവളെ കേൾക്കാൻ, സ്നേഹിക്കാൻ, കരുതാൻ, ഒക്കെ ഒരു ആളുണ്ട് എന്ന ഈ തോന്നൽ നില നിന്നാൽ വേഗം തന്നെ ജാനി പഴയത് പോലെ ആവും..” അതും പറഞ്ഞു ഷൈനി എഴുന്നേറ്റു. കൂടെ അബിയും. തന്റെ ഫോണിൽ നിന്നും ജോയലിന്റെ നമ്പർ അവർക്ക് നൽകി അബി മുറിക്ക് പുറത്തേക്ക് നടന്നു. അബിയെ കണ്ട് പ്രിൻസിന്റെ അരികിൽ ടിവി കണ്ട് കൊണ്ട് എന്തൊക്കെയോ കഴിച്ചു കൊണ്ടിരുന്ന ജാനി ഓടി വന്നു അവന്റെ കയ്യിൽ പിടിച്ചു. മുറിക്കുള്ളിൽ നിന്നും അത് കണ്ട ഷൈനിയുടെ മുഖത്ത് ആദ്യം ഒരു പുഞ്ചിരി വിടർന്നു പെട്ടെന്ന് തന്നെ അത് മാഞ്ഞു ഭയം നിഴലിച്ചു. 🔸🔸🔸

“അബിച്ചാ.. നല്ല ഉപ്പേരി ആണ്.. ഈ ചേട്ടായി തന്നതാ..” കയ്യിൽ ഇരുന്ന പാത്രത്തിലെ പോപ്കൊണ് അവനു നേരെ നീട്ടി ജാനി പറഞ്ഞു. “എന്റെ ജാനുകുട്ടി.. ഇത് ഉപ്പേരി അല്ല.. പോപ്പ്കോൺ ആണ്..” അതിൽ നിന്നും ഒരെണ്ണം എടുത്ത് വായിൽ ഇട്ടു കൊണ്ട് അബി അവളെ തിരുത്തി. അവള് തലയാട്ടി കൊണ്ട് ഒരു കൈ നിറയെ വാരി ബാക്കി പാത്രത്തിൽ ഉള്ളത് അവന്റെ കയ്യിൽ കൊടുത്തു. “ഈ ചേട്ടായി എങ്ങനെ ഉണ്ടു..? നല്ല ചേട്ടായി ആണോ..?” പ്രിൻസിനേ ചൂണ്ടി കുസൃതി ചിരിയോടെ അബി ചോദിച്ചു. “ആം.. നല്ല ചേട്ടായി ആണ്.. എനിക്ക് ജ്യൂസ് തന്നു, ടിവി വെച്ച് തന്നു.. പിന്നെ ഇതും തന്നു.. ഞാൻ പറയുന്നത് ഒക്കെ കേട്ടു.. എനിക്ക് ഇഷ്ടായി..”

കൊഞ്ചലോടെ അവള് പറയുന്നത് കേട്ടു പ്രിൻസ് കോളർ പൊക്കി അബിയെ കാണിച്ചു. “ഓഹ്‌.. നീ ഇത്ര പെട്ടെന്ന് ഇവളെ കയ്യിലെടുത്തോ..?” ചുണ്ട് കോട്ടി അവൻ പ്രിൻസിനോട് ചോദിച്ചു. “പിന്നെ.. എന്റെ അനിയത്തി കുട്ടി അല്ലെടാ ഇവൾ.. നീ വാ.. നമുക്ക് ഒന്ന് പുറത്ത് പോവാം.. ഞങൾ നിന്നെ നോക്കി ഇരിക്കുകയായിരുന്നു..” “എവിടെ പോവാൻ..?” “കടൽ കാണണം, പിന്നെ ഐസ് ക്രീം കഴിക്കണം, കപ്പലണ്ടി കഴിക്കണം, പിന്നെ…” “ആരുടെ ലിസ്റ്റ് ആണ് ഇത്..?” ജാനി വിരലിൽ എണ്ണുന്നത് നോക്കി നിന്ന അബി ഇടക്കു കയറി ചോദിച്ചു. “അത് ചേട്ടായി പറഞ്ഞല്ലോ അബിച്ചായനോട് പറഞ്ഞാല് അവിടെ ഒക്കെ കൊണ്ട് പോവുമെന്ന്.. കൂടെ ചേട്ടായിയും വരുമെന്ന്..” അവള് അവന്റെ കയ്യിൽ തൂങ്ങി പ്രതീക്ഷയോടെ നോക്കി.

“മ്മ്.. പോവാം.. ഇവിടുന്ന് ആഹാരം ഒക്കെ കഴിച്ചു വെയില് ആറിയിട്ടു പോവാമെ..കേട്ടോ.. ജാനു ഇപ്പൊ ടിവി കണ്ടോ..” ജാനിയെ പിടിച്ചിരുത്തി അബിയെ പ്രിൻസ് കൊണ്ട് പുറത്തേക്ക് പോയി. അപ്പോഴേക്കും ഷൈനി അവളുടെ അരികിൽ വന്നിരുന്നു. “ഡാ.. എന്താ മമ്മി പറഞ്ഞത്..? അവളെ നോർമലാക്കി തരുമോ..?” പുറത്ത് ചെന്ന ഉടനെ പ്രിൻസ് ആകാംഷയോടെ തിരക്കി. “അവൾക്ക് അതിനു കുഴപ്പം ഒന്നുമില്ല പ്രിൻസ്.. ജാൻസി ചേച്ചിയുടെ മരണത്തിന് ശേഷം വേണ്ടത്ര പരിഗണനയും ശ്രദ്ധയും ഒന്നും കിട്ടാതെ വന്നതിന്റെ ആണ്.. അതൊക്കെ നമുക്ക് മാറ്റാവുന്നതേ ഉള്ളൂ..പക്ഷേ അവളുടെ ഉള്ളിൽ എന്തൊക്കെയോ ഒളിഞ്ഞിരിപ്പുണ്ട്.. അത് എന്താണെന്ന് അറിയണം..

അതിനു വേണ്ടിയാണ് ആന്റിയെ കൺസൾട്ട്‌ ചെയ്തത് തന്നെ..” “എന്നിട്ട് മമ്മി നിന്നോട് എന്തേലും പറഞ്ഞോ..?” “ഇല്ലേടാ..ആന്റിക്ക് ജോയിച്ചായനോട് സംസാരിക്കണം എന്ന് മാത്രം പറഞ്ഞു.. നമ്പർ വാങ്ങിയിട്ടുണ്ട്.. ഇച്ചായൻ എന്ത് വിചാരിക്കും എന്നാണ് ഇപ്പൊ ആലോചിക്കുന്നത്.. ഇച്ചായൻ ചെയ്യണ്ടത് അല്ലേ ഞാൻ ഇപ്പൊൾ ചെയ്തത്..” “അതേ..അങ്ങേരു പെങ്ങളെ തിരിഞ്ഞു നോക്കാത്തതിന് നീ എന്ത് പിഴച്ചു..? അങ്ങേരെങ്കിലും ഇവളെ സപ്പോർട്ട് ചെയ്തിരുന്നു എങ്കിൽ അല്പം സ്നേഹം കൊടുത്തിരുന്നു എങ്കിൽ ഒരിക്കൽ പോലും ഇത് പോലെ ഒരു അവസ്ഥയിൽ ജാനികുട്ടി എത്തില്ലായിരുന്നു..” “ഡാ.. മതി.. എന്തൊക്കെ പറഞ്ഞാലും ജാനിക്ക് അവളുടെ ജോച്ഛാച്ഛൻ എന്ന് വെച്ചാൽ ജീവനാണ്..

ഇത് വല്ലതും കേട്ടാൽ അവള് നിന്നെ കൊല്ലും കേട്ടോ..” പ്രിൻസ് ദേശ്യപ്പെടുന്നത് കണ്ട് അബി വേഗം വിഷയം മാറ്റി. അപ്പോഴേക്കും അവരെ ഷേർളി കഴിക്കാൻ വിളിച്ചിട്ട്‌ പോയി. “അല്ലെടാ.. ചോദിക്കാൻ മറന്നു.. ഇത് പുതിയ സേർവന്റ് ആണോ..?” “അതേ.. സിസിലി ആന്റിക്ക് വയ്യ.. ഇത് ആന്റിയുടെ അനിയത്തി ആണ്.. ഇവിടെ പേഷ്യന്റ്സ് ഒക്കെ വരുന്നത് കൊണ്ട് ആള് കരുതി നിങ്ങളും അങ്ങനെ വന്നതാവും എന്ന്.. അതാ വന്നപ്പോൾ ചോദിച്ചത്..” “എന്നെ അറിയാത്തത് കൊണ്ടല്ലേ.. അതൊക്കെ പോട്ടെ..വിശക്കുന്നു.. വേഗം വാടാ..” അവർ കൂടെ ചെന്നതോടെ ഉച്ചയൂണ് വിളമ്പി. ഷേർളി ജാനിക്കു ചിക്കനും മീനും ഒക്കെ ആവശ്യത്തിന് വിളമ്പി നൽകി.

ആദ്യം ചോദിക്കാൻ മടിച്ചു എങ്കിലും പിന്നീട് വേണ്ടതൊക്കെ ചോദിച്ചു വാങ്ങി അവള് രുചിയായി ആഹാരം കഴിച്ചു. അബിയുടെ വീട്ടിലെ അതേ പരിഗണന തനിക്ക് ഇവിടെയും കിട്ടിയതിൽ അവൾക്ക് ഒരുപാട് സന്തോഷം തോന്നി. സ്നേഹിക്കാൻ തനിക്ക് ചുറ്റും ആരൊക്കെയോ ഉള്ള തോന്നൽ കുഞ്ഞു മനസ്സിൽ സന്തോഷം വിടർത്തി. 🔸🔸🔸 “അബിച്ചായാ..എന്ത് രസാന്ന് നോക്കിക്കേ.. വാ..” പ്രിൻസിന്റെ കയ്യിൽപിടിച്ച് കടലിൽ കളിക്കുന്നതിന്റെ ഇടയിൽ ജാനി വിളിച്ചു കൂവി. അവൻ അവർ തിരയിൽ കളിക്കുന്നത് നോക്കി നിൽക്കുകയാണ്. പെട്ടെന്ന് ഒരു വലിയ തിര വന്നതും പ്രിൻസ് അവളെ വലിച്ചു ഓടാൻ തുടങ്ങി. പക്ഷേ അവള് ചിരിച്ചു കൊണ്ട് അവിടെ തന്നെ നിന്നു.

അവൻ ദയനീയമായി അബിയെ നോക്കി. ആ തിര അവരെ മുക്കും എന്ന് ഉറപ്പായതും പ്രിൻസ് ജാനിയേ പൊക്കി എടുത്തു തോളിൽ ഇട്ടു കുറച്ച് പുറകോട്ടു മാറിയതും അവന്റെ കാൽമുട്ടിന് മുകളിൽ വരെ വന്നു തിര തിരികെ ഇറങ്ങി. കൂടെ മണ്ണും പോവുന്നത് കൊണ്ട് തോളിൽ കിടന്നു താഴെ ഇറങ്ങാൻ ബഹളം വെക്കുന്ന ജാനിയേം കൊണ്ട് വീഴാതെ ഒരു വിധത്തിൽ ബാലൻസ് ചെയ്ത് അവൻ നിന്നു. “ഞാൻ നിർത്തി.. ഇപ്പൊ ഇതിനെ എടുത്തോണ്ട് വന്നില്ലേൽ കാണാരുന്നു കടൽ വെള്ളത്തിൽ കുളിച്ചു കിടക്കുന്നത്.. അതെങ്ങനെയാ വിളിച്ചാൽ വരില്ലല്ലോ..” അബിയുടെ അരികിൽ എത്തിയ പ്രിൻസ് ജാനിയെ താഴെ നിർത്തി ദേഷ്യത്തോടെ പറയുമ്പോൾ തന്നെ കുറിച്ചാണ് പറയുന്നത് എന്ന ചിന്തയിൽ അവളുടെ മുഖം മ്ലാനമായി.

തിര വരുന്നതും പോവുന്നതും ഒത്തിരി പേര് അതിൽ കളിക്കുന്നതും ചിലർ നീന്തുന്നതും ഒക്കെ നോക്കി അബിയുടെ കയ്യിൽ പിടിച്ചു അവള് നിന്നു. പെട്ടെന്ന് കളി ചിരികൾ എല്ലാം നിർത്തി മൗനമായി നിൽക്കുന്ന ജാനിയെ കണ്ട് അവർ രണ്ടാളും പരസ്പരം ഒന്ന് നോക്കി. പ്രിൻസിനേനോക്കി കണ്ണ് കൊണ്ട് ജാനിയെ പൊക്കാൻ അബി നിർദേശം കൊടുക്കുമ്പോൾ ആണ് അവന്റെ ഫോൺ അടിച്ചത്. അവൻ ഫോണുമായി മാറി നിന്നു സംസാരിക്കാൻ പോയതും അബി ജാനിയെ പിടിച്ചു വലിച്ച് കടലിലേക്ക് ഇറക്കി. “അബിച്ചായാ.. വേണ്ട നനയും.. അബിച്ചായനും ദേഷ്യപ്പെടും.. നമുക്ക് പോവാം.. ” അവന്റെ കയ്യിൽ പിടിച്ചു കെഞ്ചുന്ന ജാനിയെ വക വെക്കാതെ അല്പം കൂടെ ഇറങ്ങി അബി.

ഒന്ന് രണ്ടു തവണ തിര തൊടാതെ കളിപ്പിച്ചു പോകുന്നത് കണ്ട് ജാനി വീണ്ടും ഫോമിൽ ആയി. വന്ന ഒരു തിര അവളെ കാൽ മുട്ടു വരെ നനച്ചു തിരികെ പോയപ്പോൾ വീഴാതെ അബിയെമുറുകെ പിടിച്ചു അവള്. രണ്ടു മൂന്നു ചെറുതും വലുതുമായ തിരകൾക്ക്‌ ഒടുവിൽ വലിയ ഒരു തിര വരുന്നത് കണ്ടു ജാനി പ്രതീക്ഷയോടെ അവനെ നോക്കി. “പോവണോ..?” അവന്റെ ചോദ്യത്തിന് വേണ്ട എന്ന രീതിയിൽ അവള് തലയാട്ടി. പിന്നെ ഒന്ന് കൂടി അവനോടു ചേർന്നു നിന്നു. തിര അടുക്കും തോറും അവളുടെ ഉള്ളിൽ ചെറിയ ഒരു ഭയം നിറഞ്ഞു എങ്കിലും അബി കൂടെ ഉള്ളതിനാൽ ധൈര്യത്തോടെ നിന്നു. ജാനിയും അബിയും തിരയുടെ മുകളിൽ കൂടെ ചാടാൻ തുടങ്ങി.

കളിയുടെ രസം കൂടി വന്നപ്പോൾ അത് പോലെ തന്നെ വീണ്ടും വീണ്ടും ചാടി. കടൽ കാറ്റ് അടിച്ചു മുടികൾ പാറി പറക്കുന്നതും കടൽ വെള്ളം തുള്ളികൾ ആയി അവളുടെ മുഖത്ത് പതിയുന്നതും അവളുടെ നിരയൊത്ത മുല്ലപ്പൂ നിറമുള്ള പല്ലുകൾ കാട്ടിയുള്ള ചിരിയും താടിയലേ ചുഴിയും കണ്ട് അബി അവളിൽ ലയിച്ചു ചേരാൻ കൊതിച്ചു. അത്യഹ്ലാദത്തോടെ അവർ കളിക്കുന്നതിന് ഇടയിൽ പിന്നാലെ വന്ന തിര അവരുടെ കാലടികളെ വഴുതിച്ചു. രണ്ട് പേരും കൈ കോർത്ത് പിടിച്ചതിനാൽ പുറകിലേക്ക് വീണു പോയി. അപ്പോഴേക്കും പേടിച്ച് ജാനി അബിയെ കെട്ടിപിടിച്ചു. വലിയ തിര വന്നു അവരുടെ മേൽ പതിഞ്ഞതും തിരയുടെ ശക്തിയിൽ അവർ കരയിലേക്ക് ശക്തിയോടെ തെന്നി നീങ്ങി. തിര ഇറങ്ങി വരുന്നതിനാൽ ഒഴുക്കിലേക്ക്‌ പോവാതെ അബി അവളെ ഇറുകെ പിടിക്കുമ്പോൾ ജാനി കണ്ണും പൂട്ടി അവന്റെ നെഞ്ചില് കിടന്നു.

ആ തിര ഇറങ്ങിയതും അടുത്ത തിര വന്നു ഒന്ന് കൂടി അവരെ നനച്ചു പോയി. ഇത് കണ്ട് വന്ന പ്രിൻസ് അവരെ പൊക്കി നേരെ നിർത്തി രണ്ടിനേം നോക്കി പേടിപ്പിച്ചു. അവന്റെ ദേഷ്യം നിറഞ്ഞ നോട്ടം കണ്ടതും ജാനി വീണ്ടും തന്റെ മുഖം അബിയുടെ നെഞ്ചിലേക്ക് അമർത്തി. നനഞ്ഞ ശരീരത്തിൽ അവളുടെ നിശ്വാസം അടിച്ചതും അബിക്ക് വല്ലാണ്ടായി. നെഞ്ചില് നിന്നും അടർന്നു മാറാൻ സമ്മതിക്കാതെ പറ്റി ചേർന്നു നിൽക്കുന്ന ജാനിയെ ചേർത്ത് പിടിച്ചു തിരികെ നടക്കുമ്പോൾ പ്രിൻസ് അർത്ഥം വെച്ച് നോക്കി ചിരിക്കുന്നത് അവൻ കണ്ടില്ലെന്നു നടിച്ചു. അവന്റെ ചുണ്ടിലും ഒരു ചിരി മായാതെ നിൽക്കുന്നുണ്ടായിരുന്നു.

പിൻ ചെയ്തിരുന്ന ഷാൾ അഴിച്ചു കുടഞ്ഞു മണ്ണ് കളഞ്ഞു വിടർത്തി അവളെ പുതപ്പിച്ചു തന്നോട് ഒന്ന് കൂടി ചേർത്ത് പിടിച്ചു അബി. നടക്കുന്നതിന്റെ ഇടയിൽ ജാനി ചൂട് കപ്പലണ്ടി ഓരോന്നായി വായിലേക്ക് ഇടുന്നതിന്റെ ഇടയിൽ പ്രിൻസ് ഓരോന്നായി അവളുടെ വായിലേക്ക് എറിഞ്ഞു കൊടുക്കുന്നുണ്ട്. അബി തോല് കളഞ്ഞു അവളുടെ കയ്യിലേക്ക് കൊടുക്കുന്ന കപ്പലണ്ടി പ്രിൻസിന്റെ വായിലേക്ക് ഇട്ടു കൊടുക്കുന്നുമുണ്ട്. അത് കണ്ടപ്പോൾ അബിക്ക് ചെറുതായി ഒരു അസൂയ തോന്നി. പക്ഷേ മനസ്സ് നിറഞ്ഞുള്ള ജാനിയുടെ ചിരി അവന്റെ ഉള്ളം തണുപ്പിച്ചു. അവളുടെ ആവശ്യത്തിന് ഐസ് ക്രീം, മാങ്ങ ഉപ്പിലിട്ടത് ഒക്കെ വാങ്ങി കൊടുക്കാൻ അബിയും പ്രിൻസും മത്സരിച്ചു.

പ്രിൻസിനോട് യാത്ര പറഞ്ഞു തിരികെ വീട്ടിൽ പോവുന്നത്തിന്റെ ഇടയിൽ ചായ കടയിൽ നിന്നും ജാനിക്കു ഇഷ്ടപ്പെട്ട ഉഴുന്ന് വടയും പരിപ്പ് വടയും കൂടെ വാങ്ങി. വീട്ടിൽ ചെന്നതും അവരെ കാത്തെന്നോണം സിറ്റൗട്ടിൽ ഇരുന്ന ആലിസിനെ കണ്ട് ജാനി വണ്ടിയിൽ നിന്നും ചാടി ഇറങ്ങി. സാമുവൽ വേഗം വന്നു അവള് വീഴാതെ പിടിച്ചു. അയാൾക്ക് ഒരു ഉമ്മ കൊടുത്തു ജാനി ആലിസിനെ കെട്ടി പിടിച്ചു അകത്തേക്ക് കയറി. അവളുടെ മുഖത്തെ നിറഞ്ഞ സന്തോഷം കണ്ട് സാമുവൽ അബിയുടെ തോളിൽ സ്നേഹത്തോടെ കൈ അമർത്തി. അവൻ തിരികെ ഒന്ന് കണ്ണ് ചിമ്മി കാട്ടി കയ്യിൽ ഇരുന്നു പലഹാര പൊതി സാമുവലിനെ ഏൽപ്പിച്ചു വീണ്ടും പുറത്തേക്ക് പോയി. സാമുവൽ അകത്തേക്ക് ചെല്ലുമ്പോൾ ജാനി ഇന്നത്തെ വിശേഷങ്ങൾ പറയുകയാണ്.

പലഹാരപ്പൊതി അവരെ ഏൽപ്പിച്ചു അയാള് മുറിയിലേക്ക് നടന്നു. സംസാരത്തിൽ കൂടുതലും അബിയും പ്രിൻസും നിറഞ്ഞു നിന്നു. ആദ്യമായി കടൽ കണ്ട വിശേഷങ്ങൾ പറയുമ്പോൾ ആണ് അവളുടെ മുടിയിൽ ഒക്കെ പറ്റിപ്പിടിച്ചിരുന്ന മണൽ തരികൾ കണ്ടത്. അവളെ ഒന്ന് കൂർപ്പിച്ചു നോക്കി ആലീസ് കുളിക്കാൻ അയച്ചു. ശേഷം അടുക്കളയിലേക്ക് പോയി. 🔸🔸🔸🔸”ജോച്ചാച്ചാ.. ഇന്ന് ഞാൻ അബിച്ചായന്റെ കുടുകുടു വണ്ടിയിൽ കയറി.. പിന്നില്ലെ കുടുകുടു വണ്ടിയിൽ അബിച്ചായൻ എന്നെ പ്രിൻസ് ചെട്ടയിയുടെ വീട്ടിൽ കൊണ്ട് പോയി.. നല്ല രസമാ അവിടെ.. നല്ല ആന്റി ആണ്.. എന്നോട് കുറെ സംസാരിച്ചു.. പിന്നെ ചെട്ടയിക്കും എന്നെ ഒരുപാട് ഇഷ്ടമാ.. അത് കഴിഞ്ഞില്ലേ കടല് കാണാൻ പോയി..

പിന്നെ വെള്ളത്തിൽ കളിച്ചു.. പിന്നെ കുറെ ഐസ് ക്രീം തിന്നു.. മാങ്ങ ഉപ്പിലിട്ടത് തിന്നു.. പിന്നെ…” വൈകിട്ട് ജോയൽ വിളിച്ചപ്പോൾ അന്നത്തെ വിശേഷങ്ങൾ പറയുകയായിരുന്നു ജാനി. ആലീസിന്റെ ഫോണിൽ ആണ് സംസാരം. അവളുടെ ശബ്ദത്തിൽ നിന്നും അവള് ആ വീട്ടിൽ എത്രത്തോളം സന്തോഷത്തിൽ ആണെന്ന് അവനു മനസ്സിലായി. ഒരിക്കൽ പോലും സ്വന്തം വീട്ടിൽ അവള് ഇത്രയും ഹാപ്പി ആയി ഇരുന്നിട്ടില്ല. ടിവി കാണുന്നത് പോലും അവൾക്ക് വിലക്ക് ആയിരുന്നു എന്നത് പോലും താൻ ശ്രദ്ധിച്ചിട്ടില്ല എന്നോർത്തപ്പോൾ അവനു അവനോടു തന്നെ പുച്ഛം തോന്നി. ആർക്കൊക്കെയോ വേണ്ടി സ്വന്തം ചോരയെ നിഷേധിച്ചവൻ ആണ് താൻ.. കൂടപ്പിറപ്പിന്റെ സങ്കടം കാണാത്തവൻ.

ഇന്ന് തനിക്ക് ആരും അല്ലാത്ത സ്വന്തബന്ധം ഒന്നുമല്ലാത്ത ഒരു വീട്ടിൽ ജാനി ഒരുപാട് സന്തോഷത്തിൽ ആണ്.. സ്വന്തം വീട്ടിലേക്കാൾ പരിഗണനയും സ്നേഹവും വാത്സല്യവും അതിലുപരി സമാധാനവും അവൾക്ക് അവിടെ നിന്ന് കിട്ടുന്നു.. തന്റെ വലിയ വീടിന്റെ പകുതി പോലും ഇല്ലാത്ത ആ കൊച്ചു വീട്ടിൽ സുരക്ഷിതയായി കണ്ണീരു വീഴ്താതെ ഉറങ്ങുന്നു.. തന്റെ ജാനിയെ വലിയ പപ്പയും ആന്റിയും വെറുക്കാൻ അവളുടെ അസുഖം മാത്രമാണോ കാരണം..? അതോ വേറെ എന്തെങ്കിലും ഉണ്ടോ..? അവർക്ക് അതേ വെറുപ്പ് തന്നോടും ഉണ്ടോ..? എല്ലാം കണ്ടെത്തണം..” ചിന്തകൾക്ക് ചൂട് പിടിക്കുമ്പോൾ അതിനെ തണുപ്പിക്കാൻ എന്നോണം അവന്റെ ഉള്ളിൽ ജാനിയുടെ നിഷ്കളങ്കമായ മുഖം തെളിഞ്ഞു വന്നു….തുടരും….

ഹൃദയതാളം: ഭാഗം 10

Share this story