മാംഗല്യം തന്തുനാനേനാ : ഭാഗം 1

മാംഗല്യം തന്തുനാനേനാ : ഭാഗം 1

എഴുത്തുകാരി: ശ്രുതി കൃഷ്ണ

“പ്ടോ….💥 പ്രദക്ഷിണം കഴിഞ്ഞ് അമ്പലനടയിൽ ഒന്നുകൂടി തൊഴുത് കണ്ണടച് നിൽക്കുമ്പോളാണ് എന്തോ പൊട്ടിയതുപോലെ ഒരു ശബ്ദം കാതുകളിൽ വന്നുടക്കിയത്.പെട്ടെന്ന് കണ്ണ് തുറന്ന് ഞാൻ അതിർത്തിയിലല്ലെന്ന്‌ ഉറപ്പ് വരുത്തി.പണ്ട് ഊട്ട് പുരയ്ക്ക് തീപ്പിടിച്ചതിൽ പിന്നേയാണ് അമ്പലത്തിലെ വെടിവഴിപാടുകൾ നിർത്തിയത്.അത് വീണ്ടും പുനരാരംഭിച്ചോ എന്ന സംശയത്തിൽ ചുറ്റും നോക്കിയപ്പോഴാണ് ഉച്ചത്തിലൊരു പെൺകുട്ടിയുടെ ആക്രോശം കാതുകളിൽ വന്നുടക്കിയത്. “പ്ഫാ… ഫോട്ടോഷൂട്ടിന് നിന്റെ അമ്മയെ പോയി വിളിക്കെടാ…” എല്ലാവരെയും പോലെ സംഭവമെന്താണെന്നറിയാനുള്ള ആകാംഷ എനിക്കുമുണ്ടായി.

പൊതുവെ അമ്പലത്തിൽ നന്നേ തിരക്ക് കുറവാണ്.തൊഴുത് കഴിഞ്ഞ് തിരിഞ്ഞു നടക്കുമ്പോൾ തന്നെ കണ്ടു ആൽത്തറയ്ക്കടുത്ത് നിൽക്കുന്ന രണ്ടു ചെറുപ്പക്കാരെയും അവരോട് ഉച്ചത്തിൽ സംസാരിക്കുന്ന പെൺകുട്ടിയെയും.കവിളിൽ കൈചേർത്ത് ഉഴിഞ്ഞുകൊണ്ടുള്ള ഒരുവന്റെ നിൽപ്പ് കണ്ടപ്പോഴേ കാര്യങ്ങൾ ഏകദേശം മനസിലായി.അവനെ ഒന്ന് കൂടി കനപ്പിച്ചു നോക്കിയിട്ട് പെൺകുട്ടി നടയിലേക്ക് നോക്കി ഒന്ന്കൂടി തൊഴുതു.അതോടെ ഈശ്വരനുമായുള്ള അവളുടെ ഫേസ് ടു ഫേസ് കമ്മ്യൂണിക്കേഷന് ഒത്തനടുവിൽ തടസമായി നിൽക്കുന്ന ഞാൻ ഇത്തിരിയങ്ങോട്ട് മാറി നിന്നു.അമ്പലത്തിൽ നിന്നിറങ്ങി ചെരുപ്പ് ധരിക്കുന്ന നേരമത്രയും ഞാൻ അവളെ നോക്കികാണുകയായിരുന്നു.

പച്ചയും നീലയും ഇടകലർന്ന ദാവണിയാണ് വേഷം.തോളറ്റമുള്ള മുടി കുളിപ്പിന്നൽ കെട്ടിയിരിക്കുന്നു. മെലിഞ്ഞ ശരീരം.സൂക്ഷിച്ചു നോക്കിയാൽ മാത്രം കാണുന്ന ഇത്തിരി ഇടുങ്ങിയ തിളങ്ങുന്ന കണ്ണുകൾ.നേർത്ത കൈകളിൽ വളയും കാതിലെ ജിമുക്കയും നെറ്റിത്തടത്തിൽ കുഞ്ഞു പൊട്ടിനൊപ്പം സ്ഥാനം പിടിച്ച തൊടുകുറിയും ആകെ മൊത്തം ഒരു മലയാളത്താനിമയൊക്കെ ഉണ്ട്.പക്ഷേ ആളൊരു വീരശൂരപരാക്രമി ആണെന്ന് തോന്നുന്നു. “കണ്ണൻകുട്ടി മറ്റന്നാൾ പോവായി ല്ല്യേ…?” പുറകിൽ നിന്നുള്ള ചോദ്യം കേട്ട് ഒരു നിമിഷം തിരിഞ്ഞു നിന്നു.വിറയ്ക്കുന്ന കാലടികളോടെ ഒരുകയ്യിൽ ഒഴിഞ്ഞ പൂക്കൂടയും മറുകയ്യിൽ ഇലയിൽ പൊതിഞ്ഞ നേദ്യചോറുമായി കൂനിക്കൂടി വരുന്ന ഷാരസ്യാരെ കണ്ടു. “അമ്മയും അച്ഛനും വന്നിരുന്നു ഇന്നലെ..

നിശ്ചയം കഴിഞ്ഞ വകയായി നേർന്നിട്ടുള്ള വഴിപാടുകളൊക്കെ ചെയ്തു..കുട്ടിയെ കണ്ടില്ല്യാലോ…” “ഞാൻ യാത്രയ്ക്കുള്ള കുറച്ച് കാര്യങ്ങള് ശെരിയാക്കാൻ പോയതായിരുന്നു…” “അത് ശെരിയായില്ല്യ…കുട്ടീടെ പേരിലാവുമ്പോൾ ഒന്ന് വന്ന് ഭഗവാനെ തൊഴായിരുന്നു… എന്നാലേ ശെരിക്കും ഫലപ്രാപ്തി ഉണ്ടാവുള്ളൂ…” ഭക്തിയോടെ പറഞ്ഞവർ നടയിലേക്ക് നോക്കി കണ്ണടച്ചു..നേർമയായി ഞാനും പുഞ്ചിരിച്ചു… “അതാ ഇന്ന് കാലത്തെ വന്നേ… ഇനിയിപ്പോൾ എപ്പഴാ ലീവ് കിട്ടുവാന്ന് അറിയില്യ…” “അമ്മ പറഞ്ഞു കുട്ട്യേ… കല്യാണം ഇവിടെ ഈ തിരുനടേല് വയ്ച്ചല്ലേ… നന്നായി വരും… കാണാൻ ഈ കിളവിക്കു ആയുസ് ഇണ്ടാവോന്ന് മാത്രം അറിയില്ല…”

വിറയലോടെ പറഞ്ഞവർ അടുത്തുള്ള ഇടവഴിയിലേക്ക് നടന്നു നീങ്ങി.അത് അവസാനിക്കുന്നത് അവരുടെ വാര്യത്താണ്.കുട്ടിക്കാലത്ത്‌ അവരുടെ വക പായസവും നേദ്യചോറും എത്ര കഴിച്ചിരിക്കുന്നു.എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ തോന്നുന്നു.ആലോചനയോടെ തന്നെ ഇറങ്ങി നടക്കുമ്പോൾ വെറുതെ എന്തിനോ വേണ്ടി കണ്ണുകൾ തിരഞ്ഞു… പ്രിയപ്പെട്ടതെന്ന് കരുതുന്ന എന്തിനോ വേണ്ടി… 🧡🧡🧡🧡🧡 “നിങ്ങൾക്ക് ഒട്ടും ഉത്തരവാദിത്തം ഇല്ലേ… ഞങ്ങളിവിടെ വന്നിട്ട് പത്തു പതിനഞ്ചു മിനിറ്റ് കഴിഞ്ഞു..പോയിട്ട് വേറേ പണിയുള്ളതാ…” “അങ്ങനെ ചോദിക്ക് കണ്ണേട്ടാ… ഇത്തിരി കഴിഞ്ഞാൽ നല്ല വെയില് വരും.വിയർത്താൽ പിന്നേ മേക്കപ്പൊക്കെ കുളമാകും…”

എന്റെ മുറപ്പെണ്ണും സർവോപരി ഭാവി വധുവുമായ കീർത്തി കൂടി എന്നെ പിൻതാങ്ങിയതോടെ ഞാൻ മുന്നിൽ നിൽക്കുന്ന രണ്ടവന്മാരെയും ഒന്ന് കൂർപ്പിച്ചു നോക്കി… “ചേട്ടാ മെയിൻ ഫോട്ടോഗ്രാഫർ വന്നിട്ടില്ല… ഇപ്പോൾ എത്തും.. ടാ നീയൊന്ന് വിളിച്ചേ..എവിടെയെത്തി എന്ന് ചോദിക്ക്…” ഒരുവൻ മറ്റവനോടായി പറഞ്ഞപ്പോൾ ലവൻ ഫോണും കൊണ്ട് ഇത്തിരി മാറി നിന്നു.അപ്പോഴേക്കും ഒരു ഓട്ടോ വന്ന് റോഡിൽ നിർത്തിയതും വളയണിഞ്ഞ ഒരു കൈ പുറത്തേക്ക് നീണ്ടു വന്ന് വീശിക്കാണിക്കുന്നതും കണ്ടു.അതിൽ നിന്ന് ഇറങ്ങി വരുന്ന ആളെകണ്ട് സത്യം പറഞ്ഞാൽ ഞാൻ ശെരിക്കും ഞെട്ടി.രാവിലെ അമ്പത്തിൽ കണ്ട കുട്ടിയതാ ക്യാമറബാഗും തൂക്കി ഞങ്ങൾക്കരികിലേക്ക് സ്ലോ മോഷനിൽ നടന്നു വരുന്നു… “സോറി… ഞാൻ അല്പം ലേറ്റ് ആയി…

ഇന്ന് കടയുടെ വാടക കൊടുക്കേണ്ട ദിവസമായിരുന്നു അതാ… റിയലി സോറി…” ആള് ഭാവ്യതയോടെ പറഞ്ഞ് വലിയ കറുത്ത ബാഗ് തുറന്ന് ക്യാമറ എടുത്ത് കഴുത്തിൽ തൂക്കി.അത് വരെ അവൾ വൈകിയതിൽ പിറുപിറുത്തുകൊണ്ടിരുന്ന കീർത്തിയും ഒപ്പം ഞാനും ദാവണി ഉടുത്ത് കഴുത്തിൽ ക്യാമറ തൂക്കി നിൽക്കുന്നവളെക്കണ്ട് ഒരു നിമിഷം അന്തിച്ചു.. “പ്രീ വെഡിങ് ഷൂട്ട്‌ അല്ലേ… നിങ്ങൾക്ക് എന്തെങ്കിലും ഐഡിയ ഉണ്ടെങ്കിൽ പറഞ്ഞോളൂ… അത് പോലെ ചെയ്യാം…” വളരെ കൂളായി ചോദിക്കുമ്പോഴും അവള് ക്യാമറയും ലൈറ്റുമൊക്കെ സെറ്റ് ചെയ്യുന്ന തിരക്കിലായിരുന്നു..കൂടെയുള്ളവന്മാർക്ക് ഒരു ചിരകാല ജ്ഞാനിയെപോലെ നിർദേശങ്ങൾ നൽകുന്നുണ്ട്..

ഞാനാണെങ്കിൽ ആദ്യമായി ഒരു വനിതാ ഫോട്ടോഗ്രാഫറിനെ തൊട്ടടുത്ത് കണ്ടു കിട്ടിയതിന്റെ അമ്പരപ്പിലും… “ലിപ് ലോക്ക് സീൻ വേണം… ” കീർത്തി ചാടിക്കേറി പറഞ്ഞപ്പോൾ കടൽക്കരയിൽ വീശുന്ന തണുത്ത കാറ്റിലും ഞാൻ നിന്നു വിയർത്തു.. കീർത്തിയുടെ മറുപടി കേട്ട് മൂവരും തലപൊക്കി നോക്കുന്നുണ്ട്..പിന്നേ സമ്മതമെന്നോണം പതിയെ തലയാട്ടി… “കോസ്റ്റ്യൂം ചേഞ്ച്‌ ചെയ്യുന്നുണ്ടോ?” അവളുടെ ചോദ്യത്തിന് കീർത്തി ആവേശത്തോടെ തലയാട്ടുമ്പോൾ എന്റെ നോട്ടം ഞാനിട്ടിരിക്കുന്ന കറുത്ത ഷർട്ടിലും അതെ കരയുള്ള മുണ്ടിലുമായിരുന്നു… “ഞാൻ വേറേ ഡ്രസ്സ്‌ കരുതിയിട്ടില്ല…” അല്പം ജാള്യതയോടെ ഞാൻ പറഞ്ഞതും കീർത്തിയുടെ മുഖം ഇരുണ്ടു…

“എങ്കിൽ പിന്നേ ഇപ്പോൾ ഇങ്ങനെ മതി… കല്യാണം കുറച്ച് കഴിഞ്ഞാണെന്നല്ലേ പറഞ്ഞത് അപ്പോഴേക്കും ട്രെന്റിനനുസരിച്ചു മെച്ചപ്പെടുത്താം…” അവളുടെ വാക്കുകൾ കീർത്തിക്ക് ആശ്വാസം നൽകിയെന്ന് തോന്നി… കടൽക്കരയിൽ ഓടിയും, കൈപിടിച്ചു നടന്നും, കാൽ നനച്ചും,മടിയിൽ കിടന്നും,നെറ്റിയിൽ ചുംബിച്ചും അങ്ങനെ ഒരുപാട് ഫോട്ടോസ് എടുത്തു..അതിനിടെ കുട്ടിക്കാലം മുതലുള്ള ഞങ്ങളുടെ അതിസാഹസികമായ പ്രണയകഥകൾ മുറപോലെ കീർത്തിയവർക്ക് വിളമ്പിക്കൊടുക്കുന്നുണ്ടായിരുന്നു.എല്ലാം കഴിഞ്ഞാണ് അവസാനമാണ് ലിപ് ലോക്ക് എന്ന മഹാ ഉദ്യമത്തിലേക്ക് കടന്നത്…എത്രയൊക്കെ വേണ്ടെന്ന് നിർബന്ധിച്ചിട്ടും അത് കൂടിയേ തീരു എന്ന കീർത്തിയുടെ വാശിക്ക് മുൻപിൽ ഞാൻ മുട്ട് മടക്കി.അവളെ ചൊടിപ്പിച്ചാൽ പിന്നേ അമ്മായി വന്ന് എന്റെ വീട് കീഴ്മേൽ മറിക്കും.എന്തിനാ വെറുതെ ഒരോ പൊല്ലാപ്പ്…

എന്റെ മുഖത്തിന് നേരെ അടുത്തുവരുന്ന അവളുടെ മുഖം കണ്ടപ്പോഴേ ഞാൻ കണ്ണുകൾ ഇറുകെയടച്ചു..നെഞ്ചു വിരിച് തല ഉയർത്തിപ്പിടിച്ചു നിൽക്കുമ്പോൾ എന്റെ മാറിൽ വയ്ച്ചിരുന്ന കീർത്തിയുടെ കൈകളുടെ മുറുക്കം കൂടിയതറിഞ്ഞു… ചെന്നിയിലൂടെ ഊറിയിറങ്ങുന്ന വിയർപ്പിന്റെ ചൂടറിഞ്ഞു..എന്റെ കാൽപ്പാദത്തിൽ കയറി നിന്ന കീർത്തിയുടെ ഭാരമറിഞ്ഞു…കൈകൾ ഉടുമുണ്ടിൽ മുറുക്കി പിടിച്ച് ശ്വാസം പിടിച്ചു ഞാൻ നിന്നു.പെട്ടന്നൊരു “അയ്യോ ” വിളി കേട്ടിട്ടാണ് കണ്ണ് തുറന്നത്.കാൽ വിരലിൽ ഇറുക്കി പിടിച്ച ഞണ്ടിനെ വിടുവിക്കാൻ കുതറുകയാണ് കീർത്തി.സമയം കളയാതെ എന്റെ പെരുവിരൽ കൊണ്ട് ചവിട്ടി പിടിച്ചപ്പോൾ നനഞ്ഞ പൂഴി മണ്ണിൽ അത് ആഴ്ന്നു പോയി.

ഇത്തിരി ചോര പൊടിയുന്ന കാലും വയ്ച്ചു വലിയവായിൽ കരയുന്ന കീർത്തിയെ കണ്ടപ്പോഴേ അന്നത്തെ ഷൂട്ടിന് പാക്ക് അപ്പ് പറഞ്ഞു.കൂടെ എന്റെ ശ്വാസവും നേരെ വീണു.പേരും അഡ്രെസും അത്യാവശ്യം വേണ്ട മറ്റു വിവരങ്ങളും പറഞ്ഞു കൊടുത്ത് പോവാൻ തുനിഞ്ഞപ്പോൾ പെട്ടന്ന് പെണ്ണിന്റെ ചോദ്യമെത്തി… “ചേട്ടൻ പട്ടാളത്തിലാണോ?” “അതെ… എങ്ങനെ മനസിലായി?” അത്ഭുതം മറച്ചു വയ്ക്കാതെ തന്നെ ഞാൻ ചോദിച്ചു… “ആ നെഞ്ചും വിരിച്ചുള്ള നിൽപ്പ് കണ്ടപ്പോൾ തോന്നി…ചേട്ടന് ഇതിനെക്കുറിച്ച് വലിയ ധാരണയില്ലാല്ലേ? ഒരുമാതിരി അതിർത്തിയിലെ നുഴഞ്ഞു കയറ്റക്കാരെ വെടി വയ്ക്കാൻ നിൽക്കുന്നത് പോലെ…

ഞണ്ട് കടിച്ചില്ലായിരുന്നെങ്കിൽ ഉറപ്പായിട്ടും ആ ചേച്ചി നടു ഉളുക്കി വീണേനെ..ഏന്തി വലിഞ്ഞു ഒത്തിരി കഷ്ടപ്പെടുന്നുണ്ടായിരുന്നു പാവം…” പറഞ്ഞു കഴിഞ്ഞതും സ്കൂട്ടറിനടുത്തേക്ക് പതിയെ ഞൊണ്ടി നീങ്ങുന്ന കീർത്തിയെ അവൾ സഹതാപത്തോടെ നോക്കി…ഒപ്പം എന്നെ നോക്കി ഒരു ആക്കിയ ചിരിയും പാസ്സാക്കി…അവളുടെ ചോദ്യം കേട്ടാൽ തോന്നും ആളിതിൽ പി എച്ച് ഡി എടുത്തിരിപ്പാണെന്ന്…ഞാൻ അവളെ രൂക്ഷമായി നോക്കി.. “തന്റെ പേരെന്താ?” ഗൗരവം വിടാതെ തന്നെ ഞാൻ ചോദിച്ചു… “അന്നപൂർണ…” പറഞ്ഞു കഴിഞ്ഞതും പുറകിൽ നിന്ന് “അന്നമ്മോ…”

എന്ന വിളി കേട്ടവൾ തിരിഞ്ഞു നടന്നു.റോഡരികിൽ നിർത്തിയിട്ട സ്കൂട്ടറിലേക്ക് കയറിയപ്പോൾ എന്തോ ഒരു ഉൾപ്രേരണയിൽ തിരിഞ്ഞു നോക്കി.കുറച്ച് മാറി വെള്ളത്തിൽ കുത്തിമറിയുന്ന വികൃതികുട്ടന്മാരുടെ ഫോട്ടോയെടുക്കുന്ന പെണ്ണിനെ കണ്ടു.തിര വന്നടിച്ചു തന്റെ പാവാട നനയുന്നതൊന്നും അവൾ അറിയുന്നില്ലെന്ന് തോന്നി.മുഖത്തേക്ക് പാറിവീഴുന്ന കുറുനിരകളെ ഈർഷ്യയോടെ മാടിയൊതുക്കി തന്റെ ജോലിയിൽ മുഴുകിയിരിക്കയാണവൾ.വണ്ടി സ്റ്റാർട്ട്‌ ചെയ്ത് ഓടിച്ചു പോവുമ്പോഴും മുൻപിലെ മിററിലൂടെ ഞാൻ അവളെ തന്നെ നോക്കിയിരുന്നു….

ഒരു പൊട്ട് പോലെ എന്റെ കണ്ണിൽ നിന്നും മറയുന്നത് വരെ…. ഞണ്ടുകടിയേറ്റ വിഷമത്തിലോ അതോ ലിപ് ലോക്ക് പ്ലാൻ പൊളിഞ്ഞ വിഷമത്തിലോ എന്താണെന്നറിയില്ല വീട്ടിലിറക്കുന്നത് വരെ കീർത്തിയുടെ മുഖം കടന്നല് കുത്തിയത് പോലെ വീർത്തിരുന്നു.സാധാരണ എന്റെ ചെവിക്കും അവളുടെ വായക്കും റസ്റ്റ്‌ കൊടുക്കാത്തവൾ യാത്രയിലുടനീളം സൈലന്റായിരുന്നു.വീട്ട് മുറ്റത്തിറങ്ങി ഞൊണ്ടി ഞൊണ്ടി പോകുന്നവളെക്കണ്ടപ്പോൾ അന്നമ്മയുടെ വാക്കുകൾ ഓർത്ത് ഞാൻ ചിരിയടക്കിപ്പിടിച്ചു.കാലിലെ ഇത്തിരി പോന്ന മുറിവ് കണ്ട് “എന്റെ മോളേ ” എന്നും വിളിച്ച് അമ്മായിയും കാറിക്കൂവുന്നുണ്ടായിരുന്നു.

കണ്ണുനീർ അമർത്തി തുടച്ച് മൂക്ക് പിഴിഞ്ഞ് തന്റെ നേര്യതിൽ തുടച്ച് എന്നെ അമ്മായി അകത്തേക്ക് ക്ഷണിച്ചു.എന്നാൽ അവിടെ നിന്നാൽ ദുഃഖാചരണത്തിൽ പങ്കെടുത്തു കണ്ണീർ പൊഴിക്കേണ്ടി വരുമെന്ന ധാരണയിൽ ആ ക്ഷണം സ്നേഹത്തോടെ നിരസിച്ചു ഞാൻ ഉടൻ തന്നെ അവിടെ നിന്ന് സ്ഥലം കാലിയാക്കി … 🧡🧡🧡🧡🧡 പിന്നേ എട്ട് മാസം കഴിഞ്ഞ് അതെ അമ്പലത്തിൽ വയ്ച്ചു അവളെ വീണ്ടും കണ്ടു.കീർത്തിയുടെ കല്യാണത്തിന്റെ അന്ന്. “മാഷേ…” എന്നൊരു വിളിയോടെ പാഞ്ഞടുത്ത പെണ്ണിന് പരിചയത്തോടെ നേർത്തൊരു പുഞ്ചിരി നൽകി.. “ചേച്ചി നടയിൽ നിന്ന് പ്രാർഥിക്കുന്നത് കണ്ടു. കല്യാണ ചെക്കനെന്താ മാറി നിൽക്കുന്നെ?.. എന്തായാലും ഇന്ന് നല്ല ചുള്ളനായിട്ടുണ്ട്..”

ഒരു നീലക്കരയുള്ള മുണ്ടും അതെ നിറത്തിലുള്ള ജുബ്ബയും ധരിച്ചു നിൽക്കുന്ന എന്നെ അടിമുടി നോക്കിയവൾ അഭിപ്രായം പറഞ്ഞു.. “അന്നത്തെ ഫോട്ടോസൊന്നും ഇഷ്ടമായിക്കാണില്ല അല്ലെ? അതാണോ കല്യാണത്തിനു എന്നെ ഒഴിവാക്കിയത്…” അവള് ചോദിക്കുന്നതിനിടക്ക് എന്റെ ശ്രദ്ധ അവളുടെ കഴുത്തിലെ ക്യാമെറയിലേക്ക് നീണ്ടു… “പുതിയതാ… പൂജിക്കാൻ കൊണ്ടു വന്നതാ… അപ്പഴാ ഇവിടുത്തേ ഷാരസ്യാരമ്മ മാല കെട്ടുന്നത് കണ്ടത്… അപ്പോൾ പിന്നേ കുറച്ച് ഫോട്ടോസ് എടുത്തു ഉദ്ഘാടനം കൂടി കഴിച്ചിട്ട് പോവാമെന്ന് കരുതി…” എന്റെ മനസ്സറിഞ്ഞപോലെ അവൾ ഉത്തരം നൽകി… പെട്ടെന്ന് കെട്ടുമേളം തുടങ്ങിയപ്പോൾ എനിക്ക് വിവാഹാശംസകൾ നേർന്നു കൊണ്ടവൾ മാറി പോയി…

അമ്പലനടയിൽ കീർത്തിക്കൊപ്പം മറ്റൊരാളെ കണ്ട് അത്ഭുതത്തോടെ അവളുടെ കണ്ണുകൾ എന്റെ നേർക്ക് വരുന്നത് ഞാൻ അറിഞ്ഞിരുന്നു… ആ കണ്ണുകളിലെ ചോദ്യശരങ്ങളെ നേരിടാനാവാതെ തിരക്കിനിടയിലേക്ക് ഞാൻ ഊളിയിട്ടു… “ഹാ… കണ്ണാ ഇപ്പോൾ നാട്ടിൽ തന്നെയാണല്ലേ? ഇനിയിപ്പോ എന്ത് ചെയ്യാനാ നിശ്ചയിചിരിക്കണേ?” തിരക്കൊഴിഞ്ഞപ്പോൾ ഇത്തിരി മാറി നിന്ന എന്റെയടുത്ത് തലമൂത്ത ഒരു കാരണവർ കുശലാന്വേഷണവുമായി വന്നു… “അത് അച്ഛന്റെ കൂടെ കൃഷിയൊക്ക നോക്കാമെന്നു വയ്ച്ചു…” “ഈ ഒറ്റക്കയ്യും വയ്ച്ചു നീയെങ്ങനെ തൂമ്പാ പിടിക്കും?” പരിഹാസത്തോടെയുള്ള അയാളുടെ ചോദ്യം എന്റെ നെഞ്ചിൽ തുളഞ്ഞു കയറി.നിറയാൻ വെമ്പുന്ന കണ്ണുകളെ പിടിച്ചു നിർത്തി.

ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നൊരു നൊമ്പരം ഉരുണ്ടു കയറി തൊണ്ടക്കുഴിയിൽ തങ്ങി നിന്നു.എന്നിട്ടും കരഞ്ഞില്ല….പുഞ്ചിരിച്ചു… അതിമനോഹരമായി പുഞ്ചിരിച്ചു… എന്റെ നേരെ നീണ്ടുവരുന്ന സഹതാപത്തോടെയുള്ള നോട്ടങ്ങളെ കണ്ടില്ലെന്ന് നടിച്ചു..പുച്ഛവും പരിഹാസവും കലർന്ന സംഭാഷണങ്ങൾ കേട്ടില്ലെന്ന് വയ്ച്ചു..കഴിഞ്ഞ നാല് മാസമായി എന്റെ ശീലങ്ങൾ ഇങ്ങനെയാണ്… അതിർത്തിയിൽ പെട്ടന്നുണ്ടായ ആക്രമണത്തിൽ ഒരു കൈ നഷ്ടപ്പെട്ടിട്ടും… കുട്ടിക്കാലം മുതലേ മനസ്സിൽ കൊണ്ടു നടന്ന…ഏതു പ്രതിസന്ധിയിലും കൂടെയുണ്ടാകുമെന്ന് വിശ്വസിച്ചവൾ തള്ളിക്കളഞ്ഞിട്ടും തളർന്നില്ല..

കണ്ണീർ വാർത്തില്ല..ഇടയ്ക്കെപ്പോഴോ തിരക്കിനിടയിൽ എന്നെ അലിവോടെ നോക്കുന്ന രണ്ടു ജോഡി കണ്ണുകളെ കണ്ടു..ഏക മകന്റെ വിധിയിൽ ദുഃഖിച്ചു കഴിയുന്ന ക്ഷീണിച്ച രണ്ട് ജോഡി കണ്ണുകളെ.. ഒന്നുമില്ലെന്ന് കണ്ണ് ചിമ്മി കാണിച്ചെങ്കിലും മനസ് കൈ വിട്ടു പോകുമെന്ന് തോന്നിയ വേളയിൽ ഒരു ദീർഘനിശ്വാസമെടുത്തു വിട്ടു.. “ആൺകുട്ടികൾ കരയാൻ പാടില്ല കണ്ണാ…” പണ്ട് കുസൃതി കാണിചതിന് അച്ഛൻ തല്ലുമ്പോൾ മാറിയിരുന്നു വാവിട്ട് കരയുന്ന പീക്കിരി ചെക്കനോട് അമ്മ പറയുന്ന വാചകങ്ങൾ ഓർത്തു..

കണ്ണ് ചതിക്കുമെന്ന് തോന്നുമ്പോഴെല്ലാം പിടിച്ചു നിർത്തിയ വാക്കുകൾ… ഉള്ളിലെ പിരിമുറുക്കത്തിന് അല്പം ആശ്വാസം തോന്നിയപ്പോൾ ഇടയ്ക്കെപ്പോഴോ മാഞ്ഞു പോയ പുഞ്ചിരി കടമെടുത്തുകൊണ്ട് തിരികെ നടന്നു.. എന്നാൽ കണ്മുൻപിൽ കണ്ടത് എനിക്ക് വേണ്ടി കണ്ണീരണിഞ്ഞ ഒരുവളെയായിരുന്നു… പെയ്യാൻ വെമ്പി നിൽക്കുന്ന അവളുടെ കണ്ണുകളായിരുന്നു… . തുടരും…

Share this story