സമാഗമം: ഭാഗം 29- അവസാനിച്ചു

സമാഗമം: ഭാഗം 29- അവസാനിച്ചു

എഴുത്തുകാരി: അനില സനൽ അനുരാധ

“ഹലോ… ” നന്ദു വീണ്ടും പറഞ്ഞു… “നന്ദേട്ടാ… ” മീരയുടെ ശബ്ദം അവന്റെ കാതിൽ വന്നു പതിച്ചു… “മീരാ…. ” നന്ദുവിൽ നിന്നും തേങ്ങലോടെ ഒരു വിളി പുറത്തേക്കു വന്നു… മീരയുടെ ഉള്ളം പൊള്ളി പിടഞ്ഞു പോയി… അത്രയും നോവ് നിറഞ്ഞു പോയിരുന്നു ആ വിളിയിൽ… “മീരാ…” “ഹ്മ്മ്… ” “എവിടെയാ നീ… നമ്മുടെ മോൾ… എനിക്ക് വയ്യ മീരാ… ഇനിയും കാണാതെ വയ്യ… ദേഹം മാത്രമല്ല മനസ്സും തളർന്നു പോകുന്നു… എനിക്ക് ഇപ്പോൾ കാണണം… ” “ഇപ്പോൾ അടുത്തേക്ക് വരാൻ എനിക്ക് പറ്റില്ല നന്ദേട്ടാ…” “നിന്നെ അവൻ തടഞ്ഞു വെച്ചിരിക്കുകയാണോ… ആരുടെ ഫോണിൽ നിന്നാ മോളെ നീ വിളിക്കുന്നത്? ”

“അയാളിൽ നിന്നും ഞാൻ രക്ഷപ്പെട്ടു നന്ദേട്ടാ… അവിടെ ഒരു അമ്മയുണ്ടായിരുന്നു… അലിവുള്ള നന്മയുള്ള ഒരമ്മ… അമ്മയ്ക്ക് ഞാൻ വാക്കു കൊടുത്തു പോയി നന്ദേട്ടാ…. അമ്മ പറയുന്നതു വരെ എല്ലാവരിൽ നിന്നും മറഞ്ഞു നിന്നോളാം എന്ന് വാക്ക് കൊടുത്തു പോയി… ” “അവർ ചതിക്കുകയാകും മീരാ… സ്ഥലം നിനക്ക് പറയാൻ അറിയില്ലെങ്കിലും കുഴപ്പമില്ല… ഞാൻ ദീപുവിനെ വിളിക്കാം… സ്റ്റേഷനിൽ പോയി കംപ്ലയിന്റ് കൊടുക്കാം… ഈ കാൾ ഡീറ്റെയിൽസ് വെച്ച് ലൊക്കേഷൻ കണ്ടു പിടിക്കാൻ അവർക്ക് എളുപ്പമായിരിക്കും…” “ആ അമ്മ ചതിക്കില്ല… ഞാൻ അങ്ങോട്ട് വന്നാൽ വീണ്ടും അയാൾ ശല്ല്യമായി വരും… ” “വരട്ടെ…” “അയാളിൽ നിന്നും പൂർണ്ണമായ ഒരു മോചനം നമുക്ക് വേണം നന്ദേട്ടാ…

കേസും കോടതിയും ഒന്നും വേണ്ട… നന്ദൂട്ടിയിൽ അയാൾ അവകാശം പറഞ്ഞാൽ പിതൃത്വം തെളിയിച്ചാൽ… ഒന്നും വേണ്ട… നമ്മുടെ മോളുടെ അച്ഛനായിട്ട് അയാളുടെ പേര് വേണ്ട… ആ അമ്മ പറയുന്നത് അനുസരിക്കാം നന്ദേട്ടാ… ” “ഇനി എന്നു കാണും… ” “അറിയില്ല…” “നിനക്കെന്നെ കാണണം എന്നില്ലേ മീരാ…” “ഇല്ലെന്ന് തോന്നുന്നുണ്ടോ?” “മോൾ എവിടെ? ” “ഉറങ്ങി… മോൾക്ക് പനിയുണ്ട് നന്ദേട്ടാ… കുറേ വാശി പിടിച്ചാണ് ഒന്ന് ഉറങ്ങിയത്…” “ഹ്മ്മ്… ” അവൻ വേദനയോടെ മൂളി … “ഇനി ഈ ഫോണിലേക്ക് വിളിച്ചാൽ കിട്ടില്ല… ഞാനും മോളും വരും… കാത്തിരിക്കണം… എല്ലാവരും കാത്തിരിക്കണം… ” ഒരു മറുപടിയ്ക്ക് പോലും കാത്തു നിൽക്കാതെ കാൾ അവസാനിച്ചപ്പോൾ നന്ദു നിയന്ത്രണം വിട്ടു കരഞ്ഞു… ***

ഓരോ ദിവസവും ഓരോ യുഗങ്ങൾ പോലെ തോന്നി തുടങ്ങിയിരുന്നു നന്ദുവിന് … എന്നാലും അവളും മോളും സുരക്ഷിതയാണല്ലോ എന്നതിൽ ആശ്വാസം കണ്ടെത്തി… സന്ദീപും ദീപയും എല്ലാവരും അവൾ വിളിച്ചല്ലോ എന്നോർത്ത് സമാധാനിച്ചു… ദാസ് നന്ദുവിന്റെ വീട്ടിലെ നിത്യ സന്ദർശകനായി മാറി… ദീപുവിന്റെ സഹായത്തോടെ നന്ദുവിന്റെ വീടിനോട്‌ ചേർന്ന് ദീപ ഒരു ടൈലറിംഗ് യൂണിറ്റ് തുടങ്ങി… സ്റ്റിച്ച് ചെയ്യാൻ നാലു സ്റ്റാഫിനെ കൂടെ ഉൾപ്പെടുത്തി … എല്ലാവരും ഓരോ തിരക്കുകൾക്കിടയിലേക്ക് വഴുതി മാറാൻ ശ്രമിച്ചു കൊണ്ടിരുന്നെങ്കിലും മീരയും നന്ദൂട്ടിയും ഒരു വേദനയായി അവരിൽ നിറഞ്ഞു… എല്ലാവരും കാത്തിരിക്കണം… മീര അവസാനമായി നന്ദുവിനോട് പറഞ്ഞ വാക്ക് നെഞ്ചിലേറ്റി എല്ലാവരും അവളെയും മോളെയും കാത്തിരുന്നു…

നന്ദു പതിയെ ആരോഗ്യം വീണ്ടെടുത്തു തുടങ്ങിയിരുന്നു… ലത ഡോക്ടറുടെ നിർദേശ പ്രകാരം ദാസും സന്ദീപും കൂടെ നന്ദുവിനെ ആയുർവേദ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ചെയ്തു. അവിടെ രോഗിയുടെ കൂട്ടിന് ആരെയും നിർത്തില്ലായിരുന്നു… ഒരു മാസമായിരുന്നു അവിടുത്തെ ചികിത്സയുടെ കാലാവധി… നന്ദുവും മീരയും നന്ദൂട്ടിയും ഇല്ലാത്ത വീട് ദീപയിൽ നിറച്ച ശൂന്യത ചെറുതൊന്നും അല്ലായിരുന്നു… പക്ഷേ അവൾ അതിനോട് പൊരുത്തപ്പെട്ടു പോകാൻ ശ്രമിച്ചു കൊണ്ടിരുന്നു… അവളെ കാണുമ്പോൾ തിളങ്ങുന്ന ദാസിന്റെ മിഴികൾ മാത്രം അവളെ വേട്ടയാടി… **

സന്ദീപും മാതുവും അമ്പലത്തിലേക്ക് പോകുമ്പോൾ കൂടെ ശിവമോളും പോയി… വീട്ടിൽ ഇരുന്ന് മുഷിഞ്ഞപ്പോൾ ദീപ ചുരിദാർ മെറ്റീരിയൽ കട്ട്‌ ചെയ്യാം എന്നു വിചാരിച്ചു… അപ്പോഴാണ് ദാസ് നന്ദുവിന്റെ വീട്ടിലേക്ക് വന്നത്… വന്നത് തനിച്ചായിരുന്നില്ല.. കൂടെ അമ്മയും പട്ടുപാവാടയിട്ട് ഒരു കുഞ്ഞു മോളും ഉണ്ടായിരുന്നു… ദീപ അവരെ കണ്ടപ്പോൾ മുറ്റത്തേക്ക് ചെന്നു… ദാസ് അമ്മയുടെ കയ്യിൽ നിന്നും മോളെ എടുത്തു…. “ഇതെന്റെ അമ്മയാണ്… കൃഷ്ണപ്രഭ… ” മുണ്ടും നേര്യതും ഉടുത്ത്‌ ഐശ്വര്യം നിറഞ്ഞ മുഖവുമായി നിൽക്കുന്ന അമ്മയെ നോക്കി ദാസ് പറഞ്ഞു… ദീപ പുഞ്ചിരിച്ചു… “അമ്മേ… ഇതാണ് ഞാൻ പറയാറുള്ള ദീപ.”

“മനസ്സിലായി… ഇവന് എപ്പോഴും മോളുടെ കാര്യം പറയാനേ നേരമുള്ളു… ” അമ്മ പുഞ്ചിരിയോടെയാണ് പറഞ്ഞതെങ്കിലും ദീപയുടെ മുഖത്തെ പുഞ്ചിരി പാടെ മാഞ്ഞു പോവുകയാണ് ചെയ്തത്… അപ്പോഴേക്കും കാർത്തു അങ്ങോട്ട് വന്നു… കാർ ഇങ്ങോട്ട് വരുന്നത് വീടിന്റെ ഉമ്മറത്തു നിന്ന് അവർ കണ്ടിരുന്നു. “എന്താ മോളെ അവരെ അകത്തേക്ക് ക്ഷണിക്കാഞ്ഞത്? ” അമ്മ ദീപയോട് തിരക്കി… ദീപ നിശബ്ദയായി… അമ്മ അവരോടു വീട്ടിലേക്ക് കയറി ഇരിക്കാൻ പറഞ്ഞു. എല്ലാവരും ഉമ്മറത്തേക്ക് കയറിയിട്ടും ദീപ അവിടെ തന്നെ നിന്നു.. പിന്നെ പതിയെ ടൈലറിംഗ് യൂണിറ്റിനു ഉള്ളിലേക്ക് കയറിപ്പോയി… ചാരിയിട്ട വാതിൽ തുറന്ന് ദാസ് അവളുടെ അരികിലേക്ക് നടന്നു…

ടൈലറിംഗ് മെഷീനിൽ ഇരു കൈ മുട്ടുകളും കുത്തി മുഖം കൈക്കുമ്പിളിൽ ഒളിപ്പിച്ച് അവൾ ഇരിക്കുന്നുണ്ടായിരുന്നു. “ദീപാ… ” ദാസിന്റെ നേർത്ത ശബ്ദം കേട്ടതും അവൾ മുഖം ഉയർത്തി അവനെ നോക്കി… “ഇത് പെണ്ണുകാണൽ ഒന്നും അല്ല. ഈ വഴി വന്നപ്പോൾ വെറുതെ… വെറുതെ ഒന്നു കയറി എന്നേയുള്ളൂ… ” അവളുടെ നനഞ്ഞ കണ്ണുകൾ നോക്കി അവൻ പറഞ്ഞൊപ്പിച്ചു … “നിങ്ങളുടെ കണ്ണുകൾക്ക് കള്ളം പറയാൻ അറിയില്ല… ” ദീപ ഒരു വിഷാദച്ചിരിയോടെ പറഞ്ഞു… “അറിയില്ലായിരിക്കാം… പക്ഷേ ഈ ഒരു കള്ളം കൊണ്ട് നിന്നെ സന്തോഷിപ്പിക്കാൻ കഴിഞ്ഞാൽ… അതോർത്തു മാത്രം പറഞ്ഞു പോയതാണ്…” “നിങ്ങളുടെ കുഞ്ഞിനു ഒരു അമ്മയെ വേണം… അതിനു പറ്റിയ ആൾ ഞാനാണെന്ന് തോന്നിയായിരുന്നോ എന്നെ നോട്ടമിട്ടത്? ”

പകുതി കുസൃതിയായും പകുതി കാര്യമായും അവൾ തിരക്കി. “ഞാൻ വിവാഹം കഴിച്ചിട്ടില്ല… ” “പക്ഷേ.. പക്ഷേ ദീപുവേട്ടൻ പറഞ്ഞിരുന്നല്ലോ നിങ്ങൾക്ക് ഒരു മോൾ ഉണ്ടെന്ന്… ” “എന്റെ ജേഷ്ഠന്റെ മകളാണ്. ” “ആ മോളുടെ അമ്മയും അച്ഛനും എവിടെ? ” “ഏട്ടൻ പോയി… ഈ ലോകത്തു നിന്നും പോയി… പിന്നെ ഏട്ടന്റെ ഭാര്യ… ആരുടെയോ ഭാര്യയായി എവിടെയോ ഉണ്ട്… ഏട്ടന് കാൻസർ ആയിരുന്നു… രോഗിയായ ഏട്ടനെയും മോളെയും ഉപേക്ഷിച്ച് സ്വന്തം സുഖം തേടി ആ സ്ത്രീ കടന്നു കളഞ്ഞു… ” ദീപയ്ക്ക് പിന്നെ വാക്കുകൾ ഒന്നും പുറത്തേക്ക് വന്നില്ല… അവൾ എഴുന്നേറ്റു നിന്നു… “എന്നെ ജീവിതത്തിലേക്ക് പ്രതീക്ഷിക്കരുത് … ” കുറച്ചു നേരത്തെ മൗനത്തിനു ശേഷം അവൾ പറഞ്ഞു..

“ഞാനായിട്ട് നിന്നെ നിർബന്ധിക്കില്ല ദീപ… പക്ഷേ പ്രതീക്ഷിക്കരുത്… കാത്തിരിക്കരുത് എന്നൊന്നും പറഞ്ഞു വാശി പിടിക്കരുത്… അനുസരിക്കാൻ എനിക്ക് കുറച്ചു ബുദ്ധിമുട്ടുണ്ട്.. ” എന്നു പറഞ്ഞു തിരിഞ്ഞപ്പോഴാണ് വാതിൽക്കൽ നിൽക്കുന്ന ശിവമോളെ ദാസ് കണ്ടത്… അവൻ കൈ കാണിച്ചപ്പോൾ അവൾ ഓടിച്ചെന്നു … ദാസ് അവളെ എടുത്തയർത്തി കവിളിൽ വാത്സല്യത്തോടെ ചുംബിച്ചു. പിന്നെ പോക്കറ്റിൽ ഇരുന്ന ചോക്ലേറ്റ് അവളുടെ കൈകളിൽ വെച്ചു കൊടുത്തു… “താനും വാ… ” മുൻപോട്ട് നടക്കുന്നതിനിടയിൽ ദാസ് പറഞ്ഞു… അവളും പുറകെ ചെന്നു. അമ്മയും മാതുവും കൂടെ ചായയും പലഹാരങ്ങളും മേശമേൽ നിരത്തുന്നുണ്ടായിരുന്നു… ദാസും ശിവമോളും ദീപയും കൂടെ വരുന്നതു കണ്ടപ്പോൾ സന്ദീപിന് സന്തോഷം തോന്നി… “സംസാരിച്ചോ രണ്ടാളും? ”

ആകാംക്ഷ അടക്കാൻ കഴിയാതെ സന്ദീപ് തിരക്കി. “ആഹ് ! സംസാരിച്ചു ദീപു… അടുത്ത ആഴ്ച തൊട്ട് പുതിയ ഡിസൈൻ ആയിരിക്കും… പിന്നെ മെറ്റീരിയൽ വൈകാതെ ഇവിടെ എത്തും.. ” ദാസിന്റെ മറുപടി കേട്ട് എല്ലാവരും അന്ധാളിച്ചു… ഒരു പെണ്ണുകാണൽ പ്രതീക്ഷിച്ചിട്ട് ഇതെന്താ ഇങ്ങനെ എന്ന ചോദ്യം എല്ലാവരുടെയും ഉള്ളിൽ നിറഞ്ഞു.. ശിവമോൾ സന്ദീപിന്റെ അരികിൽ ഇരിക്കുന്ന കിങ്ങിണി മോളുടെ അരികിലേക്ക് ചെന്നു.. പിന്നെ രണ്ടു ഭാഗത്തു കെട്ടി വെച്ചിരിക്കുന്ന മുടി മെല്ലെ പിടിച്ചു നോക്കി… അവർ പെട്ടെന്ന് കൂട്ടായി… ചായ കുടിച്ച് അധികം സംസാരത്തിനു ഇരിക്കാതെ ദാസ് പോകാൻ തിടുക്കം കൂട്ടി… എല്ലവരും അറിഞ്ഞു കൊണ്ടാണ് ദാസ് അമ്മയുമായി വന്നത് എന്ന് മനസ്സിലായെങ്കിലും ദീപ അതിനെക്കുറിച്ച് ആരോടും ഒന്നും തിരക്കിയില്ല. **

ഹേമന്ദ് മുറിയിൽ ചടഞ്ഞു കൂടി ഇരിക്കുന്നത് കാണുമ്പോൾ അമ്മയ്ക്ക് സഹിക്കുന്നുണ്ടായിരുന്നില്ല… കുറ്റബോധം അവനിൽ ആധിപത്യം സ്ഥാപിച്ചു കഴിഞ്ഞിരുന്നു… അമ്മ അരികിൽ വന്നിരുന്നപ്പോൾ അവൻ അലസമായി ഒന്നു നോക്കി… “ഇങ്ങനെ ചടഞ്ഞു കൂടി ഇരിക്കാതെ പുറത്തേക്കു വാ മോനെ… ” “ഞാൻ തിരിച്ചു പോയാലോ എന്നു വിചാരിക്കുന്നു… ” “അവിടെ പോയിട്ട് ആ ഏഞ്ചലിനെ ശല്ല്യം ചെയ്യാൻ ആണോ? ” അമ്മയ്ക്ക് ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല… “അല്ല… അവൾ ഇനി എന്നിലേക്ക് മടങ്ങി വരില്ല.. എന്നെ വെറുത്തു കാണും…” “മടങ്ങി വന്നാലോ? ” “എന്നെങ്കിലും കാണുകയാണെങ്കിൽ അവളോട്‌ മാപ്പിരക്കും…

ക്ഷമിക്കാൻ തയ്യാറായാൽ അവളോടൊപ്പം ഇനിയുള്ള ജീവിതം ജീവിച്ചു തീർക്കും… ” “ക്ഷമിച്ചില്ലെങ്കിലോ? ” “അവളെ സ്വതന്ത്ര്യയായി വിടും… ഈ സ്നേഹവും വിശ്വാസവും എല്ലാം നഷ്ടപ്പെടുത്തിയാൽ തിരിച്ചെടുക്കാൻ പ്രയാസമാണ് അമ്മേ.. ഇപ്പോൾ എനിക്ക് എല്ലാം മനസ്സിലാകുന്നുണ്ട്… മീര എവിടെയാ അമ്മേ? അവൾ ആനന്ദിന്റെ വീട്ടിലും അവൻ കിടക്കുന്ന ഹോസ്പിറ്റലിലും ഒന്നും എത്തിയിട്ടില്ലല്ലോ.. ” “അവളും മോളും സുരക്ഷിതമായ ഒരിടത്തുണ്ട്… നീ ഇനി അവളെയും മോളെയും തേടി ചെല്ലില്ല എന്നൊരു ഉറപ്പ് കിട്ടുന്നതു വരെ അവൾ മറഞ്ഞു തന്നെ ഇരിക്കട്ടെ…” “അവൾ പൊയ്ക്കോട്ടെ അമ്മേ… അവളെ സ്നേഹിക്കുന്നവരുടെ അടുത്തേക്ക് പൊയ്ക്കോട്ടെ…

എന്നെ അവൾ ഒരുപാട് സ്നേഹിച്ചിരുന്നു… എന്നിട്ടും ഞാൻ… ഒരുപാട് വിഷമിപ്പിച്ചു.. അവൾക്ക് ഞാനെയുള്ളൂ എന്ന് അറിയാമായിരുന്നിട്ടും കൈവിട്ടു കളഞ്ഞു… ഇനി എനിക്ക് അവളെ വേണ്ട… ഇങ്ങനെയൊരു അച്ഛന്റെ മകളായി എന്റെ മോൾ വളരുകയും വേണ്ട… നിയമപരമായി അവൾ മീരയുടെയും ആനന്ദിന്റെയും മകളാണ്… അത് അങ്ങനെ തന്നെ മതി… ” നിറ കണ്ണുകളോടെ അവൻ പറഞ്ഞു നിർത്തിയപ്പോൾ അമ്മ അവനെ നെഞ്ചോടു ചേർത്തു… കൈകൾ കൊണ്ട് പതിയെ പുറത്തു തട്ടി കൊണ്ടിരുന്നു… ഇരുവരുടെയും കണ്ണുകൾ നിറഞ്ഞു തുളുമ്പി കൊണ്ടിരുന്നു… ** ഹോസ്പിറ്റലിൽ നിന്നും തിരികെ വരുന്ന നന്ദുവിനെ കാത്ത് എല്ലാവരും ഉമ്മറത്തു തന്നെ ഉണ്ടായിരുന്നു…

ദാസ് ആയിരുന്നു നന്ദുവിനെ കൂട്ടി കൊണ്ടു വരാൻ പോയത്… അന്നത്തെ സംഭവത്തിനു ശേഷം ദാസ് നന്ദുവിന്റെ വീട്ടിലേക്ക് വന്നിട്ടില്ലായിരുന്നു. മെറ്റീരിയൽ കൊണ്ടു വരുന്നതും സ്റ്റിച്ച് ചെയ്ത ഡ്രസ്സ്‌ കൊണ്ടു പോകുന്നതും ജോലിക്കാർ ആയിരുന്നു. കാറിൽ നിന്നും പരസഹായം കൂടാതെ നന്ദു ഇറങ്ങി… അവന്റെ മുടിയും താടിയും ആകെ വളർന്നിരുന്നു… ചിരിക്കുമ്പോഴും ചുറ്റും ഇരുണ്ട നിറം പടർന്ന അവന്റെ കണ്ണുകളിൽ വിഷാദം അലയടിച്ചു… എല്ലാവരെയും ഒന്നു നോക്കി ഉമ്മറത്തേക്ക് കയറി. വെല്ല്യമ്മയുടെ മാറിൽ തല ചായ്ച്ചു… കണ്ണുനീരിന്റെ നനവു പടർന്നു… “എപ്പോഴും നാടു വിട്ടു പോയിരുന്ന ചെക്കനാ… ഒരു മാസം മാറി നിന്നപ്പോഴേക്കും കരഞ്ഞോണ്ട് വന്നു നിൽക്കുന്നത്… ”

നിറ കണ്ണുകളോടെ വെല്ല്യമ്മ പറഞ്ഞപ്പോൾ അവൻ ചിരിച്ചു കൊണ്ട് മുഖം അമർത്തി തുടച്ചു… ദീപയേയും സന്ദീപിനെയും പുണർന്നു… ശിവ മോളോട് വിശേഷങ്ങൾ തിരക്കി… “ഞാൻ ഇറങ്ങിക്കോട്ടെ? ” ദാസ് തിരക്കിയപ്പോൾ ദീപ അവനെ നോക്കി… അവൻ അവളെ നോക്കുന്നില്ലായിരുന്നു… “ഭക്ഷണം കഴിഞ്ഞു പോകാം ദാസ്… ” സന്ദീപ് പറഞ്ഞു. “ഞാൻ ഇപ്പോൾ വരാം… ” എന്നു പറഞ്ഞ് നന്ദു മുറിയിലേക്ക് നടന്നപ്പോൾ എല്ലാവരുടെയും അധരങ്ങളിൽ പുഞ്ചിരി വിടർന്നു… ദീപ സന്ദീപിന്റെ അരികിൽ ചെന്നു നിന്നു… സന്തോഷത്താൽ നിറയുന്ന അവളുടെ കണ്ണുകൾ അവൻ തുടച്ചു കൊടുത്തു… ശിവമോൾ പതിയെ ദാസിന്റെ മടിയിൽ കയറി ഇരുന്നു…

മുറിയിലേക്ക് കടന്നപ്പോൾ തന്നെ നന്ദുവിന്റെ ഹൃദയം വല്ലാതെ മിടിച്ചു… മുറിയ്ക്ക് ചുറ്റും കണ്ണോടിച്ചു… ബെഡിൽ കിടക്കുന്ന സാരിയിൽ കണ്ണുകൾ ഉടക്കി.. പാഞ്ഞു ചെന്ന് അതു മുഖത്തോടു ചേർത്തു… മീരാ… എന്റെ മീരയുടെ ഗന്ധം… “മീരാ… ” അവൻ ഉറക്കെ വിളിച്ചു… പ്രതികരണം ഒന്നും ഉണ്ടായില്ല… പുറത്തേക്കു ഓടി വന്നു… അവിടെ ആരും ഇല്ലായിരുന്നു… കാലുകൾ ഗോവണിയ്ക്ക് അരികിലേക്ക് പാഞ്ഞു… പടികൾ കയറി ചെന്നതും അവൻ വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു… മിഴികൾ ആട്ടുകട്ടിലിനു നേരെ നീണ്ടു… നന്ദൂട്ടി അതിൽ കിടന്നുറങ്ങുന്നു… മിഴികൾ ഒന്നു അമർത്തി തുടച്ചു വീണ്ടും നോക്കി… മോൾ അവിടെ തന്നെയുണ്ട്..

അടുത്തേക്ക് നടക്കുമ്പോൾ കാലിന് വല്ലാത്ത ഭാരം. നന്ദൂട്ടിയുടെ അരികിൽ കിടന്ന തലയിണകൾ എടുത്തു മാറ്റി… അവളുടെ അരികിൽ ഇരുന്നു… കണ്ണു നിറച്ച് അവളെ കണ്ടു… കണ്ണുകൾ നിറഞ്ഞു കാഴ്ചയെ മറച്ചു കൊണ്ടിരുന്നു… കുഞ്ഞിനെ എടുത്തു മാറോടു ചേർത്തു.. “നന്ദൂട്ടി…” എന്നു വിളിച്ചു നെറ്റിയിൽ ചുംബിച്ചതും അവൾ ഉണർന്നു… “ച്ഛാ…” എന്നു വിളിച്ച് കുഞ്ഞരിപ്പല്ലുകൾ കാട്ടി അവൾ കുലുങ്ങിച്ചിരിച്ചു… പിന്നെ അവന്റെ താടിയും മീശയും എല്ലാം പിടിച്ചു വലിച്ചു… അവളുടെതായ ഭാഷയിൽ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു… “അങ്ങോട്ട് വരാമോ? ” ദീപയുടെ ശബ്ദം കേട്ടതും നന്ദു അവളെ നോക്കി… “മീര… മീര എവിടെ ദീപേ… ” ദീപ വന്ന് അവന്റെ കയ്യിൽ നിന്നും മോളെ എടുത്തു…

അതിനു ശേഷം ഒരു മുറിയുടെ നേർക്ക് വിരൽ ചൂണ്ടി… ദീപയുടെ കവിളിൽ ഒന്നു തലോടിയ ശേഷം അവൻ മുറിയിലേക്ക് ഓടിക്കയറി… വാതിലിനു അരികിൽ ചുമരിൽ ചാരി മീര നിൽക്കുന്നുണ്ടായിരുന്നു.. അവളും ആകെ ക്ഷീണിച്ചിരുന്നു… കണ്ണുകൾ കുഴിഞ്ഞു പോയത് പോലെ… അവളുടെ തൊട്ട് മുൻപിൽ വന്നു നിന്നു… അവൾ മിഴികൾ ഉയർത്തി അവനെ നോക്കി… അവൻ ചുണ്ടുകൾ കൂട്ടിപ്പിടിച്ച് അവളെ നോക്കി നിൽക്കുകയായിരുന്നു… മീര അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു… ഇരു കൈകൾ കൊണ്ടും അവനെ പുണർന്നു… അധരങ്ങൾ പല ആവർത്തി അവന്റെ നെഞ്ചിൽ പതിഞ്ഞു… “മീരാ… ” അവളെ ഇറുക്കി പുണർന്നു കൊണ്ട് അവൻ വിളിച്ചു…

“ഇനി എന്നെയും മോളെയും തിരഞ്ഞ് ആരും വരില്ല നന്ദേട്ടാ… ” “ഇനി ആരു വന്നാലും ഞാൻ വിട്ടു കൊടുക്കുകയും ഇല്ല… ” അവൾ മുഖം ഉയർത്തി അവനെ നോക്കി… താടി രോമങ്ങൾ വളർന്നു നിൽക്കുന്ന അവന്റെ മുഖത്ത് പതിയെ തലോടി… പിന്നെ അവന്റെ മുഖം കൈക്കുമ്പിളിൽ എടുത്തു… പെരുവിരലിൽ പതിയെ ഉയർന്ന് അവന്റെ നെറ്റിയിലും കണ്ണുകളിലും അമർത്തി ചുംബിച്ചു… “മരണം വന്നു വിളിക്കുമ്പോൾ പോലും എനിക്ക് നന്ദേട്ടനിൽ നിന്നും ഒരു മോചനം വേണ്ട… കൂടെ ഇല്ലെങ്കിൽ തകർന്നു പോകും ഞാൻ… ” “ഞാനും… ” എന്നു പറഞ്ഞ് നന്ദു അവളെ തന്നിലേക്ക് ചേർത്തു പിടിച്ചു….

നന്ദുവിന്റെ മടിയിൽ തല ചായ്ച്ച് കിടക്കുകയായിരുന്നു മീരാ… അവളുടെ വിരലുകളിൽ നന്ദു വിരൽ കോർത്തു പിടിച്ചിരുന്നു… “എവിടെയായിരുന്നു മോളെ ഇത്രയും നാൾ?” “തണലിൽ… ” “തണലിലോ? ” “ആഹ് ! അവിടെ തന്നെ… അല്ലാതെ പോകാൻ ഒരിടം ഇല്ലായിരുന്നു… അന്നു നന്ദേട്ടൻ പറഞ്ഞിട്ടു സ്വർണ്ണം വിറ്റ പണം അവിടെ കൊടുത്തില്ലേ… എന്തോ അവർ എന്നെ മറന്നിരുന്നില്ല… എനിക്കും മോൾക്കും അവിടെ അഭയം തന്നു… പിന്നെ ഇന്നലെയാണ് അവിടുത്തെ അമ്മ വിളിച്ചത്… അയാൾ തിരിച്ചു ഗൾഫിലേക്ക് പോയെന്ന് പറഞ്ഞു… ഇനി എന്നെയും മോളെയും തേടി അയാൾ വരില്ലെന്ന് പറഞ്ഞു… അപ്പോൾ തന്നെ നന്ദേട്ടനെ കാണാൻ തോന്നി. ഫോൺ വിളിച്ചു നോക്കിയപ്പോൾ സ്വിച്ച് ഓഫ്‌…

പിന്നെയാ ദീപുവേട്ടനെ വിളിച്ചത്… അപ്പോൾ തന്നെ ഓടി വന്നു. എന്നെയും മോളെയും കെട്ടിപ്പിടിച്ച് കരഞ്ഞു… പരിഭവിച്ചു… വഴക്കു പറഞ്ഞു… ദീപുവേട്ടനോട്‌ എങ്ങനെയാ നന്ദി പറയുക എനിക്ക് ഇപ്പോഴും അറിയില്ല… ” “നീ അവന്റെ അനിയത്തിയല്ലേ… ആ ഓർമ്മ എന്നും ഉണ്ടാകണം… എന്നും… ” “ഹ്മ്മ്… ” “എന്നെയും മോളെയും കാണാതെ ഒരുപാട് സങ്കടപ്പെട്ടല്ലേ… ദീപ എന്നോട് പറഞ്ഞു… ” “ചിലപ്പോൾ ശ്വാസം പോലും കിട്ടില്ലായിരുന്നു പെണ്ണേ… ഒന്ന് എഴുന്നേറ്റു നടക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു… നീറി നീറി കഴിയുകയായിരുന്നു . ഉറക്കം പോലും കവർന്നെടുത്തല്ലേ നീ പോയത്… എഴുന്നേൽക്ക്… താഴേക്കു പോകാം… ” എല്ലാവരും സന്ദീപിന്റെ വീട്ടിൽ ആയിരുന്നു…

രണ്ടാളും അങ്ങോട്ട് പോയി. ദാസ് മുള്ളിൽ ഇരിക്കുന്ന പോലെ പോകാൻ തിടുക്കം കാട്ടുന്നുണ്ട്… സന്ദീപ് ഓരോന്ന് പറഞ്ഞ് അവനെ അവിടെ തന്നെ ഇരുത്താൻ നോക്കുന്നുണ്ട്… “ഭക്ഷണം കഴിക്കാം… ” അമ്മ വന്നു വിളിച്ചു… “എന്നാൽ നിങ്ങൾ കഴിക്ക്… എനിക്ക് അർജെന്റായി ഒരിടത്ത് പോകണം.. ” “എവിടേക്കാ അളിയാ…” എന്നു ചോദിച്ച് നന്ദു ദീപയുടെ അരികിൽ വന്നു നിന്നു… “ഇന്ന് സ്റ്റാഫ് കുറവാണ്… എനിക്ക് സ്റ്റിച്ച് ചെയ്തതു കളക്ട് ചെയ്യാൻ പോകണം… ” “തിരക്കുള്ളവർ പൊയ്ക്കോട്ടെ… എന്തിനാ വെറുതെ നിർബന്ധിച്ചു പിടിച്ചു നിർത്താൻ നോക്കുന്നത്? ” ദീപ തിരക്കി… “ഞാൻ നിർത്തും.

എന്റെ അളിയനല്ലേ? ” നന്ദു തിരക്കി… “നിന്റെ മാത്രമോ? ” സന്ദീപ് തിരക്കി… “സോറി പൊന്നേ… നമ്മുടെ അളിയൻ…” നന്ദു പറഞ്ഞു … “അപ്പൊ ന്റേം അളിയനാണോ?” ശിവമോൾ സംശയത്തോടെ തിരക്കി… ദാസ് അവളെ എടുത്തു മടിയിൽ ഇരുത്തി… “മോൾക്ക് അളിയൻ എന്നു വിളിക്കാൻ ആണോ അച്ഛൻ എന്നു വിളിക്കാൻ ആണോ ഇഷ്ടം? ” ദാസ് തിരക്കി… ദീപയുടെ മുഖത്ത് ദേഷ്യം നിറഞ്ഞു… അവൾ മോളെ എടുക്കാൻ നടക്കാനായി തുനിഞ്ഞതും മീര അവളുടെ കയ്യിൽ പിടിച്ചു… ശിവമോൾ ആലോചനയോടെ ഇരുന്നു… നന്ദൂട്ടിയ്ക്കും അപ്പുറത്തെ വീട്ടിലെ കണ്ണനും പാറുവിനും ഒക്കെ അച്ഛൻ ഉണ്ടല്ലോ… നിക്ക് എന്താ അച്ഛൻ ഇല്ലാത്തെ… “നിക്ക് അച്ഛൻ ഇല്ലാല്ലോ…” അവൾ നിഷ്കളങ്കതയോടെ പറഞ്ഞു…

“എന്നാലെ അങ്കിളിനെ അച്ഛൻ എന്നു വിളിക്കാമോ? ” ശിവ മോൾ വേഗം ദീപയുടെ അരികിൽ ചെന്നു നിന്നു… “അച്ഛൻ എന്നു വിളിക്കാവോ അമ്മേ? ” അവൾ തിരക്കിയതും ദീപ വേഗം അകത്തേക്ക് കയറി പോയി … “ഞാൻ അവളോട്‌ ഒന്ന് സംസാരിച്ചോട്ടെ? ” അമ്മയോട് ദാസ് തിരക്കി… അമ്മ സന്ദീപിനെ നോക്കി… അവൻ തലയാട്ടി സമ്മതം അറിയിച്ചു… അവൻ അകത്തേക്ക് കടന്നു… ദീപ ബെഡിൽ ഇരിക്കുന്നത് കണ്ടപ്പോൾ അവൻ അരികിൽ ചെന്നിരുന്നു… “എടോ… ഇപ്പോൾ ആണെങ്കിൽ അവളുടെ കുഞ്ഞു മനസ്സിൽ ഞാൻ അവളുടെ അച്ഛനാണെന്ന് അംഗീകരിച്ചു കൊള്ളും…

വലുതാകും തോറും അത് ബുദ്ധിമുട്ടാകും… രജിസ്റ്റർ ഓഫീസിൽ വെച്ച് ഒരു കല്യാണം… ഞാനും താനും മക്കളും കൂടെ ഒരുമിച്ച്… ശരീരം പങ്കു വെച്ചില്ലെങ്കിലും നമുക്ക് മനസ്സ് പങ്കു വെച്ച് ഒരു വീട്ടിൽ കഴിഞ്ഞൂടെ? ” ദീപ ഒന്നും പറയാതെ മുഖം തിരിച്ചു… “ഇതിൽ കൂടുതലായി തന്നെ എങ്ങനെ പറഞ്ഞു മനസ്സിലാക്കും എന്നെനിക്ക് അറിയില്ല. സോറി… ” ദാസ് ഇറങ്ങി പോയപ്പോൾ ദീപ അവൻ പോയ വഴിയെ മിഴി നട്ടിരുന്നു… ദാസ് ഭക്ഷണം കഴിക്കാതെ പോയത് എല്ലാവർക്കും സങ്കടമായി. വൈകുന്നേരത്തോടെ മീരയും ദീപയും കൂടെ നന്ദുവിന്റെ വീട്ടിലേക്ക് പോയി… അവർക്ക് ഒരുപാട് സംസാരിക്കാൻ ഉണ്ടാകും എന്നു പറഞ്ഞ് നന്ദു മക്കളോടൊപ്പം അവിടെ നിന്നു… **

“നീയും അങ്ങനെ തന്നെയാണോ മീരാ പറയുന്നത്? ” “ദാസേട്ടൻ നല്ലവനാ… രണ്ടു കുഞ്ഞുങ്ങൾക്കു സന്തോഷവും ആശ്വാസവും നൽകാൻ നിനക്ക് പറ്റും.. ” “ഗണേഷേട്ടൻ? ” “സന്തോഷിക്കും… മകൾക്ക് ഒരു അച്ഛന്റെ സ്നേഹവും കരുതലും വാത്സല്യവും കിട്ടുന്നുണ്ടല്ലോ എന്നോർത്ത് സന്തോഷിക്കും. ഗണേഷേട്ടൻ മാത്രമല്ല… ഞങ്ങൾ എല്ലാവരും… ” “സമ്മതിക്കട്ടെ ഞാൻ? ” “സമ്മതിച്ചോ… ” സന്ദീപും നന്ദുവും കൂടെ ഒരുമിച്ചു ഉറക്കെ പറഞ്ഞു… “എടി ദുഷ്ടത്തി… സത്യം പറ… ഇവരു രണ്ടും കൂടെ അല്ലേ എന്നോട് ഇങ്ങനെയൊക്കെ പറയണം എന്നും പറഞ്ഞ് ഇളക്കി വിട്ടത്… ” മീരയുടെ ഇരു കവിളിലും പിടിച്ചു വലിച്ചു കൊണ്ട് ദീപ തിരക്കി… നന്ദു വന്ന് ദീപയെ നെഞ്ചോടു ചേർത്തു…

“ഞങ്ങൾ ആരും പറഞ്ഞിട്ടല്ല.. പക്ഷേ അവൾ നിന്നോട് ഈ കാര്യത്തെ കുറിച്ച് സംസാരിക്കും സമ്മതിപ്പിക്കും എന്നത് ഞങ്ങളുടെ വിശ്വാസം ആയിരുന്നു… ” “സമ്മതിച്ചൂടെ മോളെ? ” സന്ദീപ് ഇടർച്ചയോടെ തിരക്കി… “സമ്മതം…” എന്നു പറഞ്ഞ് അവൾ സന്ദീപിന്റെ നെഞ്ചിലേക്ക് ചാഞ്ഞു… സന്ദീപ് നന്ദുവിനെയും മീരയേയും കൂടെ തന്നിലേക്ക് ചേർത്തു പിടിച്ചു… ** രാത്രി മീര മുറിയിലേക്ക് വരുമ്പോൾ നന്ദുവും നന്ദുവിന്റെ നെഞ്ചിൽ കിടന്ന് നന്ദൂട്ടി ഉറക്കമായിരുന്നു… അവൾ മോളെ എടുത്ത് ബെഡിലേക്ക് കിടത്തി… നന്ദുവിനെ നോക്കിയപ്പോൾ അവൻ നല്ല ഉറക്കത്തിൽ ആയിരുന്നു… അവന്റെ നെറ്റിയിൽ ഒന്നു തലോടിയ ശേഷം അവൾ ബെഡിൽ കിടന്നതും അവൻ അവളെ പുണർന്നു…

“ഉറങ്ങിയില്ലേ നന്ദേട്ടാ… ” “ഇന്നു നമ്മൾ ഉറങ്ങുന്നില്ല…” “ഏഹ്? ” “ഉറങ്ങുന്നില്ലെന്ന്…” അവൻ അവളുടെ മാറിൽ മുഖം പൂഴ്ത്തി കിടന്നു… അവൾ അവന്റെ പുറത്തു പതിയെ തട്ടി കൊടുത്തു… പതിയെ അവന്റെ അധരങ്ങൾ കുസൃതികൾ കാട്ടാൻ തുടങ്ങിയിരുന്നു… “മോളുണരും നന്ദേട്ടാ… ” അവൾ ശബ്ദം അടക്കിപ്പറഞ്ഞതും അവൻ അവളെ സ്വതന്ത്ര്യയാക്കി… അവൻ എഴുന്നേറ്റതും അവൾ മിഴികൾ പൂട്ടി ദീർഘമായി നിശ്വസിച്ചു… “മീരാ… ” കാറ്റു പോലെ നന്ദുവിന്റെ ശബ്ദം കാതിൽ നിറഞ്ഞു… പിന്നെ അവളുടെ കാതിൽ മെല്ലെ കടിച്ചു… “താഴെ വന്നു കിടക്കുമോ? ” പ്രണയം തുളുമ്പുന്ന ശബ്ദം വീണ്ടും കാതിൽ നിറഞ്ഞു… അവൾ വലതു കൈ കൊണ്ട് അവന്റെ മുഖത്തു തഴുകി സമ്മതം അറിയിച്ചു…

വിയർപ്പു കണങ്ങൾ പൊടിയുന്ന നന്ദുവിന്റെ നെഞ്ചിൽ തല ചായ്ച്ച് ഉറങ്ങുമ്പോഴും മീരയുടെ അധരങ്ങളിൽ ഒരു പുഞ്ചിരി സ്ഥാനം പിടിച്ചിരുന്നു… ** ദാസിന്റെയും ദീപയുടെയും വീട്ടുകാർ മാത്രം പങ്കെടുത്ത ലളിതമായ ഒരു ചടങ്ങോടെ ദീപ ദാസിനു സ്വന്തമായി… വീട്ടിൽ നിന്നും യാത്ര പറഞ്ഞ് ഇറങ്ങുമ്പോൾ ദീപ നന്ദുവിനെയും സന്ദീപിനെയും കെട്ടിപ്പിടിച്ച് കരഞ്ഞു. അമ്മ എന്തിനാണ് കരയുന്നത് എന്ന് മനസ്സിലാകാതെ ശിവമോളും വിതുമ്പി… “കരഞ്ഞു മക്കളെ കൂടെ വിഷമിപ്പിക്കല്ലേ… എന്തായാലും കല്യാണം കഴിഞ്ഞല്ലോ… ഇനി വേണേൽ ഇവിടെ നിന്നോ… നിനക്ക് എപ്പോഴാണ് എന്റെ കൂടെ ജീവിക്കാൻ തോന്നുന്നത്… അപ്പോൾ കൂടെ വന്നാൽ മതി… ” ദാസ് ദീപയെ സമാധാനിപ്പിക്കാനായി പറഞ്ഞു…

“അയ്യടാ ! ഈ സാധനത്തെ കൊണ്ട് വേഗം പൊയ്ക്കോണം…” സന്ദീപ് കണ്ണുകൾ തുടച്ച് കുസൃതിയോടെ പറഞ്ഞതും ദീപ കരച്ചിൽ നിർത്തി അവനെ മുഖം കൂർപ്പിച്ച് നോക്കി… ” ദീപു അവളെ നെഞ്ചോടടക്കി പിടിച്ചു… “കുറച്ചു കഴിഞ്ഞാൽ ഇവളുടെ തനി സ്വഭാവം പുറത്തു വരും… കുറച്ചു കുരുത്തക്കേടും കുസൃതിയും ഒക്കെയുണ്ട്… പൊന്നു പോലെ നോക്കണേ അളിയാ…” “നോക്കാതെ പിന്നെ… ” എന്നു പറഞ്ഞ് ദാസ് അവളുടെ കയ്യിൽ പിടിച്ചു… അവൾ അവനെ തുറിച്ചു നോക്കിയതും അവൻ ഒരു കണ്ണടിച്ചു കാട്ടി… പിന്നെ അവളെയും കൂട്ടി കാറിൽ കയറി… നന്ദു കിങ്ങിണി മോളെ ദീപയുടെ മടിയിലും സന്ദീപ് ശിവമോളെ ദാസിന്റെ മടിയിലും വെച്ചു കൊടുത്തു…

ദീപ മീരയേയും അമ്മയേയും മാതുവിനെയും നോക്കി മൗനമായി തലയാട്ടി… കാർ കണ്ണിൽ നിന്നും മറയുന്നതു വരെ എല്ലാവരും മുറ്റത്തു തന്നെ നിന്നു… സന്ദീപിന്റെ മിഴികൾ നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നു… മാതു അവന്റെ വലതു കയ്യിൽ മുറുകെ പിടിച്ചു… അവൻ അവളെ പുണർന്ന് ചുമലിൽ മുഖം പൂഴ്ത്തി… അമ്മ കണ്ണുകൾ തുടച്ച് അകത്തേക്ക് കയറിപ്പോയി… നന്ദൂട്ടിയെ എടുത്ത് മീരയുടെ വലതു കയ്യിൽ പിടിച്ച് നന്ദു വീട്ടിലേക്ക് നടന്നു… “ആ ആട്ടു കട്ടിലിനു കുറച്ച് സമാധാനം കിട്ടിയല്ലോ… ” വേദന കലർന്ന പുഞ്ചിരിയോടെ നന്ദു പറഞ്ഞു… “അവൾ ഇനിയും വരും… ഞങ്ങൾ ഇനിയും അവിടെ ഇരുന്ന് വിശേഷങ്ങൾ പങ്കു വെക്കും… ” മീര തിരിഞ്ഞു നോക്കിയപ്പോൾ സന്ദീപും മാതുവും അവരെ നോക്കി അവിടെ തന്നെ നിൽക്കുന്നുണ്ടായിരുന്നു…

സന്ദീപ് കൈ വീശി കാണിച്ചു…. നിറഞ്ഞ മനസ്സോടെ… തന്റെ അനിയത്തിക്കുട്ടികൾ സുരക്ഷിതമായ കൈകളിലെത്തിച്ചേർന്നു എന്ന ആനന്ദത്തോടെ… മീര നന്ദിയോടെ അവനെ നോക്കി… പിന്നെ നന്ദുവിന്റെ കയ്യിൽ ഒന്നു കൂടെ മുറുകെ പിടിച്ചു മുൻപോട്ടു നടന്നു… നന്ദു അവളുടെ കൈകൾ പതിയെ ചുണ്ടോടു ചേർത്തു… ■■■■■ ഇനി അവർ എല്ലാവരും സന്തോഷത്തോടെ ജീവിക്കട്ടെ അല്ലേ… നന്ദുവിനെയും മീരയേയുമെല്ലാം സ്നേഹിക്കുകയും കാത്തിരിക്കുകയും ചെയ്ത എല്ലാവരോടും ഒരുപാട് സ്നേഹം… നന്ദി… വായിച്ചിട്ട് അഭിപ്രായം പറയാൻ മറക്കരുത് കേട്ടോ… സ്നേഹത്തോടെ അനുരാധ സനൽ ❤….. അവസാനിച്ചു

സമാഗമം: ഭാഗം 28

Share this story