മാംഗല്യം തന്തുനാനേനാ : ഭാഗം 4

മാംഗല്യം തന്തുനാനേനാ : ഭാഗം 4

എഴുത്തുകാരി: ശ്രുതി കൃഷ്ണ

“മാഷവിടെ നിന്നെ…..” പിറ്റേന്ന് വൈകീട്ട് ലൈബ്രറിയിൽ നിന്നിറങ്ങി വീട്ടിലേക്കുള്ള വഴിയെ തിരിഞ്ഞപ്പോഴാണ് പുറകിൽ നിന്നുള്ള വിളി കേട്ടത്…ആ മാഷ് വിളിയും പരിചതമായ ശബ്ദവും കൊണ്ടു തന്നെ ആളെ തിരിച്ചറിഞ്ഞിരുന്നു… അല്ലെങ്കിലും ഈ വരവ് ഞാൻ പ്രതീക്ഷിച്ചതാണ്… ഇതിത്തിരി വൈകി പോയെന്ന് മാത്രം…ഓടിപ്പിടിച്ചു വന്നവൾ എന്നത്തെയും പോലെ എന്റെ മുൻപിൽ നിന്ന് കിതപ്പടക്കി… “മാഷിനെ ഞാൻ രാവിലെ മുതൽ അന്വേഷിക്കുവാ…വരുമെന്ന് പ്രതീക്ഷിച്ചു ഒത്തിരി നേരം അമ്പലത്തിൽ കാത്തു…പിന്നേ ഷാര്യസ്യാരമ്മ പറഞ്ഞു ഇപ്പോൾ കാണാറേയില്ലെന്ന്…” ഇവള് നാട്ടുകാരോട് മൊത്തം എന്റെ വിശേഷവും തപ്പി നടക്കുവാണോ എന്ന് ഞാൻ മനസ്സിൽ ചിന്തിക്കാതിരുന്നില്ല…

എന്റെ മറുപടിയൊന്നും ഇല്ലെന്നതിനാലാവും അവൾ എന്റെ മുഖത്തേക്ക് തന്നെ ഉറ്റു നോക്കുന്നുണ്ടായിരുന്നു… “എന്താ മാഷേ സഹതാപം ആണോ…?” കൈകെട്ടി നിന്നവൾ എനിക്ക് നേരെ പുരികക്കൊടികൾ ഉയർത്തി ചോദിച്ചു…എന്റെ മുഖത്ത് ഭാവഭേദമൊന്നും കാണാത്തതിനാലാണെന്ന് തോന്നുന്നു അവൾ പിന്നെയും പറഞ്ഞു തുടങ്ങിയത്… “വഴിയേ പോകുന്നവരുടെയൊക്കെ കടം തീർക്കാൻ മാത്രം വലിയ കോടീശ്വരനാണോ മാഷ്?” വീണ്ടും എന്റെ ഭാഗത്ത് നിന്ന് പ്രതികരണമൊന്നുമില്ലാഞ്ഞത് അവളെ തെല്ലൊന്ന് ചൊടിപ്പിച്ചെന്ന് തോന്നി… “സുകേശനുമായുള്ള എന്റെ കടം തീർക്കാൻ ഞാൻ പറഞ്ഞോ മാഷിനോട്…അതിന് മാത്രം എന്ത് ബന്ധമാ നമ്മൾ തമ്മിൽ…”

പുസ്തകം പിടിച്ച ഒറ്റക്കൈ പുറകിലേക്ക് കെട്ടി അവളുടെ മുഖത്ത് മിന്നിമായുന്ന ഭാവങ്ങളെല്ലാം ഒപ്പിയെടുക്കുകയായിരുന്നു ഞാൻ…. പറയുന്നതിനിടയിൽ മേൽചുണ്ടിന് മുകളിലും മൂക്കിൻ തുമ്പിലും പറ്റിപ്പിടിച്ച വിയർപ്പു തുള്ളികളെ ദൃതിയിൽ അമർത്തിതുടച്ചവൾ എന്നോടുള്ള രോഷം പ്രകടിപ്പിക്കുന്നുണ്ടായിരുന്നു… “കഴിഞ്ഞോ?….” എന്റെ ചോദ്യം വളരെ ശാന്തമായിരുന്നു… കുഞ്ഞിക്കണ്ണുകൾ ഇത്തിരി തുറിപ്പിച്ചു പുരികക്കൊടികൾ ചുളിച്ചവൾ സംശയഭാവേന എന്നെ നോക്കി… “തന്റെ ചോദ്യം ചെയ്യൽ കഴിഞ്ഞോന്ന്?… ഇനി എനിക്ക് പറയാല്ലോ അല്ലേ… താൻ പറഞ്ഞത് ശെരിയായിരിക്കും…നമ്മൾ തമ്മിൽ അതിന് മാത്രം വലിയ ബന്ധമൊന്നുമില്ല…പക്ഷേ തന്റെ സ്ഥാനത്ത്‌ വേറാരായിരുന്നാലും ഞാൻ ഇത് തന്നെ ചെയ്യുമായിരുന്നു…

പിന്നേ തന്നെ ഒരു സുഹൃത്തായി കാണാൻ എനിക്ക് പ്രയാസമൊന്നുമില്ല… അതിനപ്പുറത്തേക്കുള്ള അടുപ്പമൊന്നും വേണ്ടാ.. എനിക്കത്രയേ ഉളളൂ…” ഞാൻ പറഞ്ഞു കഴിഞ്ഞിട്ടും തൃപ്തിയില്ലാത്തത് പോലെ അവളെന്നെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു… “താൻ ഇങ്ങനെ ഉരുട്ടി നോക്കുവൊന്നും വേണ്ടാ… ആ സുകേശനേ പോലെ കടമുള്ള പണത്തിനു പകരം തന്നെ വച്ച് വിലപേശാനൊന്നും എനിക്ക് ഉദ്ദേശമില്ലാ…അതല്ല തനിക്ക് ഞാനുമായുള്ള ഈ പണമിടപാട് ഒരു കുറച്ചിലാണെങ്കിൽ അതിങ്ങ് തിരിച്ചു തന്നേരെ…” ഇത്തിരി ഗൗരവത്തിൽ തന്നെ പറഞ്ഞു നിർത്തുമ്പോൾ കടം തീർക്കാൻ അവളുടെ കയ്യിൽ പണമെത്തിക്കാണില്ലെന്ന ആത്മവിശ്വാസമായിരുന്നു എനിക്ക്….

എന്നാൽ തീരെ പ്രതീക്ഷിക്കാതെ തന്റെ തോൾബാഗിൽ നിന്നൊരു ചെറിയ പൊതിയെടുത്ത് അവൾ എനിക്ക് നേരെ നീട്ടി… ഞാൻ അവളുടെ മുഖത്തെക്കും കയ്യിലേക്കും മാറി മാറി നോക്കി… “മ്മ്മ്….ഇത് വാങ്ങിക്ക് മാഷേ…” അവൾ വീണ്ടും പറഞ്ഞപ്പോൾ അതെന്താണെന്നുള്ള ആകാംഷയിൽ കയ്യിലെ പുസ്തകം കക്ഷത്തിൽ തിരുകി ഞാനത് കൈപറ്റി… പണമല്ലെന്നത് ആ പൊതിയുടെ വലുപ്പം കൊണ്ട് തന്നെ എനിക്ക് ഊഹിക്കാമായിരുന്നു… പിന്നെയെന്ത് എന്ന ചിന്തയിൽ ഞാനാ പൊതിയഴിച്ചു… അതിലൊരു മെഡലും ഒരു വിവാഹ മോതിരവുമായിരുന്നു ഉണ്ടായിരുന്നത്…തൂക്കവും വലുപ്പവും കൊണ്ട് ഏകദേശം രണ്ട് രണ്ടര പവനോളം വരുന്ന ഉരുപ്പടികൾ…ഞാൻ ഒന്നും മനസിലാവാതെ അവളുടെ മുഖത്തേക്ക് നോക്കി… “എന്റെ അച്ഛന്റെയാ… ഓർമയ്ക്കായി നിധി പോലെ സൂക്ഷിച്ചിരുന്നതാ…

അച്ഛന് സമ്മാനമായി കിട്ടിയ ഈ മെഡലും പിന്നേ അമ്മ അണിയിച്ച ഈ വിവാഹ മോതിരവും…” ഞാൻ അവ കയ്യിലെടുത്തൊന്ന് പരിശോധിച്ചു…മെഡലിന്റെ മുകളിലായി ബെസ്റ്റ് ഫോട്ടോഗ്രാഫർ എന്നും മോതിരത്തിൽ ദേവി എന്നും സ്വർണത്തിൽ കൊത്തി വയ്ച്ചിരിക്കുന്നത് കണ്ടു… “ഇന്നലെ വൈകുന്നേരം വരെ അലഞ്ഞിട്ടും പണമൊന്നും ശെരിയായില്ല…സുകേശൻ ഏത് നിമിഷവും കടന്നു വരാമെന്ന ഭയത്തിലാ രാവിലെ വരെ കഴിച്ചു കൂട്ടിയത്…ഇന്ന് രാവിലെ ഇത് വിറ്റ കാശ് സുകേശനേ ഏൽപ്പിക്കണമെന്ന് കരുതിയതാ… അപ്പോഴേക്കും അയാൾ സ്റ്റുഡിയോയിലേക്ക് വന്നു…മാഷ് പണം കൊടുത്ത വിവരം പറഞ്ഞു… പിന്നേ എന്നോട് മോശമായി പെരുമാറിയത്തിന് ക്ഷമയും ചോദിച്ചു…”

അവള് പറഞ്ഞു തീർന്നതും ഞാൻ പൊതി പഴയത് പോലെ ചുരുട്ടി വച്ച് അവൾക്ക് തിരികെ നീട്ടിക്കൊടുത്തു… “ഇത് താൻ തന്നെ വച്ചോ… പണം കയ്യിൽ വരുമ്പോൾ കാശായിട്ട് തന്നെ തന്ന് എന്റെ കടം വീട്ടിയാൽ മതി… എനിക്ക് തിടുക്കമൊന്നുമില്ല…” എന്നാൽ അത് വേണ്ടെന്ന മട്ടിൽ അവൾ നിഷേധാർത്തത്തിൽ തലയാട്ടി… “അത് വേണ്ടാ… മാഷ് തന്നെ വായ്ച്ചോ…ഇന്നലെ രാത്രി മുഴുവൻ ഇത് വിൽക്കണം എന്ന് ഞാൻ എന്റെ മനസിനെ പറഞ്ഞു പഠിപ്പിക്കയായിരുന്നു…ഇപ്പോൾ ഈ നഷ്ടം ഉൾക്കൊള്ളാൻ എന്റെ മനസ് പാകപ്പെട്ടു…ഇത് മതിയാവോ എന്നൊന്നും അറിയില്ല… പോരെങ്കിൽ പറഞ്ഞാൽ മതി… ഞാൻ എങ്ങനെയെങ്കിലും ബാക്കി കൂടി സംഘടിപ്പിച്ചു തന്നേക്കാം…

പഴയ ക്യാമറ കേടായപ്പോൾ തന്നെ ഇത് വിറ്റ് പുതിയത് വാങ്ങാൻ പറഞ്ഞാ അമ്മയിതെന്നെ ഏൽപ്പിച്ചത്… പാവത്തിനും നല്ല വിഷമം ഉണ്ടായിരുന്നു… എനിക്കും അതേ…അതുകൊണ്ടാ വിൽക്കാതെ തന്നെ വേറെയൊരു മാർഗം തേടിയത്… അത്യാവശ്യം വരുമ്പോൾ വിൽക്കാനുള്ളത് തന്നെയാ ഇത്തരം ഉരുപ്പടികൾ അതറിയാം എന്നാലും നമ്മൾ മനുഷ്യർക്ക് ചിലതിനോട് ഭയങ്കര പ്രിയമായിരിക്കും എന്തൊക്കെ സംഭവിച്ചാലും വിട്ടുകൊടുക്കരുതെന്ന് തോന്നും…” എന്റെ കണ്ണുകളിലേക്ക് നോക്കിയാണവളത് പറഞ്ഞത്… എന്തു കൊണ്ടോ ഞാൻ അവളിൽ നിന്നും മറ്റൊരിടത്തേക്ക് എന്റെ നോട്ടം പറിച്ചു നട്ടു… “കുറച്ച് കൂടി വ്യക്തമായി പറഞ്ഞാൽ മനുഷ്യസഹജമായ ചില ചീപ്പ്‌ സെന്റിമെന്റ്സ്…

നമുക്ക് പ്രിയപ്പെട്ട ചിലതിനോട്… പ്രിയപ്പെട്ട ഓർമ്മകൾ നൽകുന്ന ചിലതിനോട്… അങ്ങനെ… അങ്ങനെ…. പറ്റുവെങ്കിൽ മാഷ് ഒരുപകാരം ചെയ്യണം…പണത്തിന് അത്യാവശ്യമില്ലെങ്കിൽ ഇത് കയ്യിൽ തന്നെ സൂക്ഷിക്കണം… എന്നെങ്കിലും ഇത്തിരി കാശ് കിട്ടുമ്പോൾ ഞാൻ തിരികെ വാങ്ങിക്കോളാം…വേറൊന്നും കൊണ്ടല്ലാട്ടോ ഇത് കയ്യിലുള്ളപ്പോൾ ഒരു ധൈര്യമാ… അച്ഛൻ കൂടെയുള്ളത് പോലെയാ….” പറഞ്ഞു കഴിഞ്ഞവൾ നിറഞ്ഞ മിഴികൾ എന്നിൽ നിന്നൊളിപ്പിക്കാനെന്ന പോലെ തിരിഞ്ഞു നടന്നു… കണ്ണുനീരൊപ്പി തിരിഞ്ഞു നടക്കുന്നവളെ ഞാൻ അല്പനേരം നോക്കി നിന്നു…

കയ്യിലുള്ള പൊതി എന്റെ ഉള്ളം കയ്യിൽക്കിടന്നു മുറുകി… വല്ലാത്ത അസ്വസ്തത തോന്നി… ഒപ്പം അവളോടിത്തിരി ദേഷ്യവും…തിരിച്ചൊന്നും പ്രതീക്ഷിക്കാതെ തന്നെ സഹായിച്ചിട്ടും എന്നെ മനസിലാക്കാതെ പോയതിന്…തിരിഞ്ഞു നടന്നു ഞാൻ രണ്ടടി വയ്ക്കും മുൻപേ ഒന്ന് കൂടി ആ ശബ്ദം കാതുകളിലെത്തി… “മാഷേ…” അത് കേൾക്കേണ്ട താമസം മറ്റെന്തോ പ്രതീക്ഷിച്ചെന്ന പോലെ ഞാൻ തിരിഞ്ഞു നോക്കി… “ഇന്നലെ ആ സുകേശനേ മാഷ് എന്തെങ്കിലും ചെയ്തോ?” പെട്ടെന്നുള്ള അവളുടെ ചോദ്യം കേട്ട് ഞാനൊന്ന് നെറ്റി ചുളിച്ചു… “അയാൾ അങ്ങനെ വല്ലതും പറഞ്ഞൊ നിന്നോട്…”

ഇല്ലെന്നവൾ തലയാട്ടിയപ്പോഴേ മറ്റൊന്നിനും ചെവി കൊടുക്കാതെ ഞാൻ തിരിഞ്ഞു നടന്നു… എന്നെ പിന്തുടരുന്ന അവളുടെ നോട്ടം തിരിഞ്ഞു നോക്കാതെ തന്നെ ഞാൻ അറിഞ്ഞിരുന്നു…ഒപ്പം മനസിലേക്ക് തലേന്നത്തെ വൈകുന്നേരം ഓർമയിലേക്കെത്തി…തന്റെ ശിങ്കിടികൾ കൂടെയില്ലാതെ ഒറ്റയ്ക്ക് നിർത്തി രണ്ടെണ്ണം പൊട്ടിച്ചപ്പോഴേ ഉള്ള ധൈര്യമെല്ലാം ചോർന്നുപോയി നിലവിളിക്കുന്ന സുകേശന്റെ മുഖമോർത്തപ്പോഴേ ചിരി പൊട്ടി… 🧡🧡🧡🧡🧡 “ഡാ കണ്ണാ നീ റെഡിയായില്ലേ?” നാട്ടിലെ എന്റെ ഉറ്റ ചങ്ങാതി ഉണ്ണി മുറിയിലേക്ക് കയറി വരുമ്പോൾ ഞാൻ ഒരു പുസ്തകം മുഖത്ത്‌ തുറന്ന് വയ്ച്ചു വെറുതെ കണ്ണടച്ചു കിടക്കുകയായിരുന്നു… “ഹാ….നീ എന്താ ഇവിടെ? സൽക്കാരത്തിനു പോയില്ലേ…?”

പെട്ടെന്നവനെ കണ്ട അമ്പരപ്പിൽ ഞാൻ കട്ടിലിൽ എഴുന്നേറ്റിരുന്നു… “അത്ശെരി….നമുക്ക് ഒരുമിച്ചു പോകാമെന്നു ഞാൻ പറഞ്ഞതല്ലേ….?” “ഏയ് ഞാനില്ല…ഞാനിപ്പോൾ എവിടെയും പോവാറില്ലെന്ന് നിനക്കറിഞ്ഞൂടെ… പ്രത്ത്യേകിച്ചു കല്യാണപാർട്ടികൾക്ക്… നീ പൊക്കോ…” “അങ്ങനെയിപ്പോൾ പോവുന്നില്ല… നീ എഴുന്നേറ്റു റെഡിയാവ്… നമ്മളൊരുമിച്ചേ പോകുന്നുള്ളൂ… ഇനി എപ്പഴാ ഇങ്ങനെ ഒരു ചാൻസ് കിട്ടുകയെന്ന് പോലും അറിയില്ല…കുറച്ച് ദിവസം കഴിഞ്ഞാൽ നീ പോവില്ലേ… അത് കൊണ്ട് ഇന്ന് എന്റെ കൂടെ നീ വന്നേ പറ്റു…അറിയാല്ലോ ചെന്നില്ലെങ്കിൽ അവന്മാരെല്ലാരും കൂടി നിന്നെ പൊരിക്കും…” അവൻ നിർബന്ധിച്ചിട്ടും ഞാൻ മടിപിടിച്ചു അവിടെ തന്നെ ഇരുന്നു…

നാളെ നാട്ടിലെ ഒരു കൂട്ടുകാരന്റെ പെങ്ങളുടെ കല്യാണമാണ്… അതിന്റെ ഭാഗമായി ഇന്ന് വൈകീട്ട് അവന്റെ വീട്ടിൽ ചെറിയൊരു പാർട്ടിയുണ്ട്… അതിനെന്നെ കൊണ്ടുപോവാനാണ് അവൻ വന്നിരിക്കുന്നത്… “എന്റെ കണ്ണാ…നീ ഇങ്ങനെ മുറിയിൽ ചടഞ്ഞു കൂടി ഇരിക്കുമ്പോൾ അങ്കിളിന്റെയും ആന്റിയുടെയും വിഷമം എത്രയായിരിക്കും എന്ന് ഊഹിച്ചു നോക്ക്…നിനക്ക് വിഷമം ഉണ്ടാകും സ്വാഭാവികം എന്ന് കരുതി അവരെയിങ്ങനെ തീ തീറ്റിക്കണോ… നീ പോവുന്ന വരെയെങ്കിലും അവര് നിന്നെയോർത്ത്‌ സന്തോഷിച്ചോട്ടെ…” വീണ്ടും അവൻ ഉപദേശങ്ങളുടെ കെട്ടഴിച്ചപ്പോൾ അത് ശെരിയാണെന്ന് എനിക്കും തോന്നി…

മെല്ലെ എഴുന്നേറ്റ് റെഡിയാവാൻ തുടങ്ങിയപ്പോൾ അവൻ ചിരിയോടെ പുറത്തേക്കിറങ്ങി പോയി…കണ്ണാടിയിൽ നോക്കി ഒറ്റക്കൈ കൊണ്ട് മുടി ചീവുമ്പോൾ ഞാൻ എന്നിലെ മാറ്റങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുകയായിരുന്നു…മെറൂൺ കളർ ഷർട്ടിന്റെ ഇടത്തെ കൈ അറ്റുപോയ ഭാഗം വരെ മടക്കി വയ്ക്കുമ്പോൾ എന്തോ ഒരു സങ്കടം ഉള്ളിൽ കുമിഞ്ഞു കൂടി… അപ്പുറത്തു നിന്നും അച്ഛനുമമ്മയുമായുള്ള ഉണ്ണിയുടെ സംസാരം ഉയർന്നു കേട്ടു… എന്നെപ്പോലെ തന്നെ അച്ഛനുമമ്മയ്ക്കും എന്റെ കൂട്ടുകാരിൽ ഏറ്റവും പ്രിയം അവനോടാണ്… ആള് നാട്ടിൽ തന്നെയാണ്… കുറച്ച് കൃഷിയും… രാഷ്ട്രീയവും… വായനശാലയുടെ മേൽനോട്ടവുമൊക്കെയായി സ്വസ്ഥം ഗൃഹഭരണം അതാണ്‌ ലൈൻ…

റെഡിയായിക്കഴിഞ്ഞു മുറിയിലെ അലമാരയിൽ നിന്ന് നേരത്തെ കരുതി വയ്ച്ച രണ്ട് മദ്യക്കുപ്പിയെടുത്ത് കവറിലാക്കി പുറത്തെടുത്തു വയ്ച്ചു… സാധനം മിലിറ്ററിയാണ്… വിവാഹ വീട്ടിലെ അത്യാവശ്യക്കാർക്ക് കൊടുക്കാൻ വേണ്ടി കൂട്ടുകാരൻ ആദ്യമേ പറഞ്ഞേൽപ്പിച്ചതായിരുന്നു…പൊതുവെ എനിക്ക് കിട്ടുന്ന കുപ്പികളൊക്കെ കൂട്ടുകാർക്കോ അച്ഛന്റെ പരിചയക്കാർക്കോ കൊടുക്കുകയാണ് പതിവ്…കുപ്പിയെടുത്തപ്പോൾ അതിനടുത്തായി തന്നെ ഞാൻ ഉപേക്ഷിച്ച എന്റെ പഴയ വാച്ചും അന്നമ്മയേൽപ്പിച്ച കുഞ്ഞു പൊതിയും കണ്ടു…പതിയെ രണ്ടിലൂടെയുമൊന്ന് വിരലോടിച്ചു…അലമാര തിരികെ ഭദ്രമായി അടച്ചുപൂട്ടി… ഒരുങ്ങി പുറത്തേക്കിറങ്ങി വരുമ്പോൾ എന്നെക്കണ്ടു അച്ഛനുമമ്മയും കണ്ണീരൊപ്പുന്നുണ്ടായിരുന്നു…

പക്ഷെ എനിക്കറിയാം അത് സന്തോഷക്കണ്ണീരാണെന്ന്…അന്ന് കീർത്തിയുടെ കല്യാണത്തിന് പങ്കെടുത്തതിൽ പിന്നേ ഇത്തരം ആഘോഷങ്ങൾക്കൊന്നും പോവാറില്ല…കീർത്തിയുടേതിനും എനിക്ക് ഇഷ്ടമില്ലാത്തിരുന്നിട്ടും അമ്മയും അച്ഛനും നിർബന്ധിച്ചു കൊണ്ടുപോയതാണ്…ഒരർത്ഥത്തിൽ ആ ചടങ്ങിൽ പങ്കെടുത്തെന്ന് പറയാൻ പറ്റുമോ?… ഇല്ലാ… കാരണം എന്റെ ശരീരം മാത്രമേ അന്നാ ക്ഷേത്രനടയിൽ ഉണ്ടായിരുന്നുള്ളൂ… മനസ് മുഴുവൻ പഴയ ഓർമകളിലായിരുന്നു… ഞാനും അവളുമൊത്തുള്ള പ്രണയകാലങ്ങളിൽ… കയ്യിലുള്ള കവർ ഉണ്ണിയെ ഏൽപ്പിച്ചു…അവൻ സ്കൂട്ടർ എടുക്കുമ്പോഴേക്കും അച്ഛനോടുമമ്മയോടും യാത്ര ചോദിച്ചു ഞാനുമിറങ്ങി… ഇടയ്ക്കെപ്പോഴോ എന്റെ ശ്രദ്ധ മുറ്റത്തിനരികിലായി മൂടിയിട്ട എന്റെ സ്കൂട്ടറിലേക്ക് നീണ്ടു…

അതപ്പാടെ പൊടി പിടിച്ചു കിടപ്പുണ്ടായിരുന്നു…വിവാഹവീട്ടിലേക്കുള്ള യാത്രയിൽ എന്റെ സ്കൂട്ടർ വിൽക്കുവാനായി ഉണ്ണിയെ പറഞ്ഞേൽപ്പിച്ചു… പറ്റിയ ആൾക്കാരെ കൊണ്ടുവരാമെന്നു അവൻ ഉറപ്പ് പറഞ്ഞു…അവിടെയെത്തുന്നത് വരെ ഉണ്ണി വാതോരാതെ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു… പക്ഷേ എന്റെ മനസ് അതൊന്നും കേൾക്കാതെ മറ്റെവിടെയൊക്കെയോ അലയുകയായിരുന്നു… ബൈക്ക് ഒതുക്കി നിർത്തി നിറയെ അലങ്കാരദീപങ്ങൾ കൊണ്ട് മനോഹരമാക്കിയ വീട്ടിലേക്ക് കടന്നുചെല്ലുമ്പോൾ തന്നെ കണ്ടിരുന്നു കാര്യമായി പണിയെടുക്കുന്ന അലങ്കാരങ്ങളേതുമില്ലാത്ത ഒരു പെണ്ണിനെ… വരുന്നവരുടെയും പോകുന്നവരുടെയും വീട്ടുകാരുടെയും ചിത്രങ്ങൾ ഓടി നടന്നവൾ തന്റെ ക്യാമറയിൽ പകർത്തുന്നുണ്ടായിരുന്നു..

.നീണ്ട രണ്ടു മൂന്ന് ആഴ്ചകൾക്ക് ശേഷമാണ് അവളെ അടുത്ത് കാണുന്നത്… കൂടെ ബീച്ചിൽ വയ്ച്ചു പരിചയപ്പെട്ട പയ്യെന്മാരെയും കണ്ടു…പരിചയ ഭാവേന എല്ലാവരോടുമായി ഒന്നു പുഞ്ചിരിച്ചു… കൂട്ടുകാരോടൊപ്പം കൂട്ടത്തിൽ കൂടി വർത്തമാനങ്ങളിലേർപ്പെട്ട് നിൽക്കുമ്പോഴും ഇടയ്ക്കിടെ എന്റെ കണ്ണുകൾ അവളെ തേടിപ്പോയി…ഇത്തിരി കഴിഞ്ഞ് ഗാനമേള തുടങ്ങിയപ്പോഴേക്കും അവന്മാരൊക്കെ സ്റ്റേജിലും അവിടെയിവിടെയുമായി ഡാൻസ് കളിക്കുകയും കൂടെപ്പാടുകയുമൊക്കെ ചെയ്യുന്നുണ്ടായിരുന്നു…സത്യം പറഞ്ഞാൽ എനിക്ക് ബോറടിച്ചു തുടങ്ങിയിരുന്നെങ്കിലും ഉണ്ണി അവന്മാരോടൊപ്പം കൂടിയതിനാൽ ഞാൻ ഇത്തിരി മാറിയിരുന്നു …

ഏറെനേരം കഴിഞ്ഞ് ഞാൻ ഒറ്റയ്ക്കിരിക്കുന്നത് കണ്ട് ഓടിക്കിതച്ചു വിയർത്തു കുളിച് ഉണ്ണി അടുത്ത് വന്നു…തിരികെ പോകാമെന്നവൻ പറഞ്ഞപ്പോൾ ഞാൻ മുൻപേയിറങ്ങി… ഇരുട്ടു മൂടിയ ഇടവഴിയിൽ നിന്ന് വെളിച്ചം നിറഞ്ഞു നിൽക്കുന്ന വീട്ടിലേക്ക് തിരിഞ്ഞു നോക്കിയപ്പോൾ ആദ്യം കണ്ണിൽ പെട്ടതും അവളായിരുന്നു… ക്ഷീണിച്ചവശയായി മുറ്റത്തിട്ട കസേരകളിലൊന്നിൽ ക്യാമറ മടിയിൽ വയ്ച്ചു ക്ഷീണിചിരിക്കുന്ന അന്നമ്മ… തിരികെ വണ്ടിയെടുത്തു വലിയ ഇടവഴിയും കഴിഞ്ഞ് വയലോരത്തൂടെ റോഡിലേക്ക് കടന്നപ്പോഴാണ് കുപ്പി വണ്ടിയിൽ തന്നെയിരിക്കുന്ന കാര്യം ഓർമ വന്നത്… ആ ബഹളത്തിനിടയിൽ ഞാനും ഉണ്ണിയും അവന്മാരും ആ കാര്യം മറന്നിരുന്നു…

അത്യാവശ്യം കരുതലൊക്കെ അവരെടുത്തു കാണും എങ്കിലും ഇത്ര കാര്യമായി പറഞ്ഞിട്ട് കൊടുക്കാതിരിക്കുന്നത് മോശമല്ലേ എന്ന ധാരണയിൽ വണ്ടി തിരികെ വിട്ടു…വീണ്ടും അങ്ങോട്ടേക്ക് കയറി ചെല്ലുമ്പോൾ ഗാനമേള കലാശക്കൊട്ടിലേക്ക് നീങ്ങിയിരുന്നു…ആള് കുറവാണെങ്കിലും ആകെ മൊത്തം പാട്ടിന്റെ ബഹളം…ഡി ജെ യെന്നും പറഞ്ഞ് ഉള്ള ലൈറ്റെല്ലാം കൂടി തെളിച്ചും അണച്ചും മ്യൂസിക് ബാൻഡിന്റെ ശബ്ദം കൂട്ടിയും കുറച്ചും ശെരിക്കും തല പെരുക്കുന്നത് പോലെ തോന്നി… പലർക്കും അതൊരു പ്രശനമല്ലെന്ന് തോന്നി… നന്നായി ആസ്വദിക്കുന്നുണ്ടെന്ന് തോന്നി…. ആ ബഹളത്തിനിടയിലും എന്റെ കണ്ണുകൾ നാല് പാടും പാഞ്ഞു നടന്നു… പ്രിയപ്പെട്ടതെന്തോ തേടുന്ന പോലെ…….. തുടരും..

മാംഗല്യം തന്തുനാനേനാ : ഭാഗം 3

Share this story