മാംഗല്യം തന്തുനാനേനാ : ഭാഗം 5

മാംഗല്യം തന്തുനാനേനാ : ഭാഗം 5

എഴുത്തുകാരി: ശ്രുതി കൃഷ്ണ

കയ്യിൽ കരുതിയ കുപ്പിയും പിടിച്ചു ഞാനും ഉണ്ണിയും കൂട്ടുകാർക്കായി തിരഞ്ഞു… ആ ബഹളങ്ങളുടെയും ഇത്തിരി വെട്ടത്തിന്റെയുമിടയിൽ അവന്മാരെ കണ്ടെത്തുകയെന്നത് എളുപ്പമല്ലായിരുന്നു…ഫോണിൽ വിളിച്ചിട്ടും മെസ്സേജ് അയച്ചിട്ടും റിപ്ലൈ കിട്ടിയില്ല… അല്ലെങ്കിലേ ഇപ്പോൾ തന്നെ അവന്മാരുടെ റിലേ പോയി കിടക്കുകയാവും അതിനിടയിലാണ് ഗാനമേളയെന്നും പേരിട്ടു മനുഷ്യന് ചെവിതല കേൾക്കാൻ പറ്റാത്ത രീതിയിൽ ഇത്തരം പ്രഹസനങ്ങൾ…ഞാൻ പുറത്തും ഉണ്ണി വീടിനകത്തും നോക്കാമെന്ന തീരുമാനത്തിലെത്തി…ഉണ്ണി ഫോണുമെടുത്ത്‌ വീടിനുള്ളിലേക്ക് കയറിപ്പോകുന്നത് കണ്ടാണ് ഞാൻ ഒരു ഭാഗത്തായി ഒരുക്കിയിരിക്കുന്ന ഭക്ഷണശാലയിലേക്ക് കയറി നോക്കിയത്…

കാറ്ററിംഗുകാർ ഇപ്പോഴും നല്ല തകൃതിയായി പണിയെടുക്കുന്നുണ്ട്… ഇടയ്ക്ക് ഒരു അരികിലായി അന്നമ്മയുടെ കൂടെയുള്ള പയ്യന്മാർ ഭക്ഷണം കഴിക്കുന്നത് കണ്ടു…വീണ്ടും വെറുതെ മിഴികൾ അവൾക്കായി അവിടമാകെ ഒരോട്ടപ്രദക്ഷിണം നടത്തി… പെട്ടെന്നൊരോർമയിൽ വീടിന്റെ പിൻഭാഗത്തേക്ക് നടന്നു തുടങ്ങി… സാധാരണ കല്യാണവീടിന്റെ പിറകുവശത്ത് അല്ലെങ്കിൽ ടെറസിൽ അങ്ങനെയാണ് ഇത്തരം കലാപരിപാടികൾ കണ്ടിട്ടുള്ളത്…പുറകിലുള്ള വലിയ വിറക്പുര കടന്ന് ഇറങ്ങി ചെല്ലുമ്പോഴേ കണ്ടു ഇത്തിരി മാറി ഒരു ടേബിളിൽ കുപ്പിയും ചീട്ടും നിരത്തി വയ്ച്ചിരിക്കുന്നത്…

ഇരുട്ടിനെ മുറിയ്ക്കാനായി ഒരു മെഴുകുതിരി നടുവിൽ കത്തിച്ചു വയ്ച്ചിട്ടുണ്ട്…എന്തൊക്കെയോ നിഴലനക്കങ്ങൾ കാണുന്നുവെങ്കിലും ശബ്ദമൊ കാഴ്ചകളോ ഒന്നും വ്യക്തമല്ല… വീടിനുള്ളിൽ നിന്നും പുറത്തേക്ക് വയറിട്ട് കെട്ടിവലിച്ച ബൾബിന്റെ അരണ്ട വെളിച്ചം അതിന് ചുറ്റുമായി പാറി നടക്കുന്ന പാറ്റകൾക്കും ചെറു പ്രാണികൾക്കും പോലും തികയുന്നില്ലെന്ന് തോന്നി… സാധാരണ വിവാഹവീടുകളിൽ നിറവെളിച്ചത്തിൽ പിറ്റേന്നത്തേക്കുള്ള സദ്യവട്ടങ്ങളുടെ ഒരുക്കങ്ങൾ നടത്തുന്ന പിന്നാമ്പുറക്കാഴ്ചകൾ ഇവിടെയും ഇല്ല… നാളെ ഓഡിറ്റോറിയത്തിൽ വയ്ച്ചു നടക്കുന്ന കല്യാണവും എല്ലാകാര്യങ്ങളും മൊത്തമായി ഏറ്റെടുത്ത ഇവന്റ് മാനേജ്മെന്റുകാരും ആ കാഴ്ചകളെ ഇല്ലാതാക്കി…

ടേബിളിന് അടുത്തെത്തുന്നതിന് മുൻപേ പെട്ടെന്നാരോ ഇരുട്ടിൽ നിന്നും ഓടി വന്ന് നെഞ്ചിലേക്കിടിച്ചു നിന്നു… അതൊരു പെണ്ണാണെന്ന് മനസിലാക്കാൻ അധികം പ്രയാസമൊന്നും വേണ്ടി വന്നില്ല…വേഗം തന്നെ കയ്യിലുള്ള മൊബൈലിന്റെ ഫ്ലാഷ് ലൈറ്റ് ഓണാക്കി ഉയർത്തിപ്പിടിച്ചപ്പോൾ ആ പെൺകുട്ടിക്ക് അന്നമ്മയുടെ രൂപമാണെന്ന് തിരിച്ചടിഞ്ഞു… “നീയെന്താ ഇവിടെ…?” ചോദ്യത്തിനൊപ്പം തന്നെ ഞാനവളെ സൂക്ഷ്മമായി നോക്കിക്കാണുകയായിരുന്നു…അഴിഞ്ഞുലഞ്ഞ മുടിയും… ആകെ വിയർത്തു കുളിച്ച രൂപവും… ചുണ്ട് പൊട്ടി ഒഴുകുന്ന ചോരയും…കരഞ്ഞു കലങ്ങിയ കണ്ണുകളും…അവളെ നോക്കുന്ന എന്റെ കണ്ണുകളിൽ പകപ്പും എനിക്ക് നേരെ നീളുന്ന അവളുടെ കണ്ണുകളിൽ ആശ്വാസവും തെളിഞ്ഞു….

പുറകെ പാഞ്ഞു വന്ന ഒരുവന്റെ കയ്യിൽ അവൾ ധരിച്ചിരുന്ന ചുരിദാറിന്റെ ഷോൾ കൂടി കണ്ടതോടെ അവിടെ നടന്നതെന്താണെന്ന് എനിക്ക് ഊഹിക്കാമായിരുന്നു… “മാ…. ഷേ…. അ…. അവരെന്നെ…” വിറയ്ക്കുന്ന സ്വൊരത്തിൽ എന്തൊക്കെയോ തപ്പിപ്പിടിച്ചവൾ പറയാൻ ശ്രമിക്കുന്നുണ്ടായിരുന്നു…കിതപ്പ് കൊണ്ടവൾക്ക് അത് മുഴുമിപ്പിക്കാൻ കഴിഞ്ഞില്ല…എന്റെ കയ്യിലുള്ള കവർ താഴെയിട്ടു…ഫോണിലെ വെളിച്ചം കെടുത്താതെ തന്നെ പോക്കറ്റിലേക്കിട്ടു…അവളെ മാറ്റി നിർത്തി പുറകെ വന്നവന്റെ കയ്യിൽ നിന്നും ഷോൾ പിടിച്ചു വാങ്ങി അവൾക്ക് എറിഞ്ഞു കൊടുത്തു…അടുത്തതായി നല്ല കനത്തിൽ തന്നെ അവന്റെ കരണം പുകച്ചൊരു അടിയും പാസ്സാക്കി…

ആദ്യത്തെ പ്രഹരത്തിൽ തന്നെ അവൻ വേച്ചു പോയിരുന്നു…രൂക്ഷമായ മദ്യത്തിന്റെ മണം മൂക്കിലേക്ക് ഇരച്ചെത്തി… കവിൾ പോത്തിപ്പിടിച്ചവൻ നിലത്തേക്കിരുന്നു… പുറകെ പാഞ്ഞു വന്ന മൂന്ന് പേര് അതോടെ ഇരുട്ടിലേക്ക് തന്നെ തിരികെയോടി…നിലത്തിരിക്കുന്നവനെ പിടിച്ചെഴുന്നേല്പിച്ചു ഒന്ന് കൂടി പൊട്ടിച്ചു…ഇടയ്ക്ക് എന്നെ തിരഞ്ഞു അങ്ങോട്ടേക്കെത്തിയ ഉണ്ണിയുടെയും കൂട്ടുകാരന്റെയും മുൻപിലേക്ക് അവനെയിട്ടുകൊടുത്തു…നന്നായി പെരുമാറുന്നതിനൊപ്പം കൂടെയുണ്ടായിട്ടുന്നവരെക്കുറിച്ചും അവർ ചോദിച്ചു മനസിലാക്കുന്നുണ്ടായിരുന്നു…അതിനിടെ ഗാനമേളയൊക്കെ അവസാനിച്ചു അവിടമാകെ വെളിച്ചം പരന്നു…കോലാഹലങ്ങളൊക്കെ നിലച്ചു….

കുറച്ചുമാറി നിന്ന് കരയുന്ന പെണ്ണിനരികിലേക്ക് ചെന്നപ്പോൾ ആദ്യം കണ്ണിൽ പെട്ടത് കവിളിലെ തിണർത്ത പാടുകളാണ്… കൈ നീട്ടിയൊന്നു തൊട്ടപ്പോഴേ എരിവ് വലിച്ചവൾ കണ്ണടച്ചു പിടിച്ചു…ഞാൻ കൈ പിൻവലിച്ചിട്ടും അതേ നിൽപ്പിൽ കണ്ണടച്ചു പിടിച്ചവൾ ഏങ്ങികരഞ്ഞു… ആ കാഴ്ച എന്നേക്കൂടി തളർത്തുന്നുണ്ടായിരുന്നു…അവളുടെ കണ്ണുനീര് എന്റെ ഹൃദയഭാരം ഏറെയാക്കുന്നത് പോലെ… അവളുടെ വേദന എന്റെത് കൂടിയായത് പോലെ… കരച്ചിലിന്റെ ആക്കം കൂടിവന്നപ്പോൾ എന്റെ സഹതാപം പതിയെ ദേഷ്യത്തിലേക്ക് വഴിമാറി…എന്തുകൊണ്ടോ ആ പെണ്ണിനെ ദുർബലയായി കാണാൻ ഇഷ്ടമില്ലാത്തത് പോലെ… ഉശിരുള്ള പെണ്ണിനെ മനസിലേറ്റിയത് പോലെ…

“ഇങ്ങനെ കിടന്ന് മോങ്ങാൻ മാത്രം ഇവിടെയിപ്പോൾ എന്തെങ്കിലും നടന്നോ….?” ഇത്തിരി ദേഷ്യത്തിൽ തന്നെ ചോദിച്ചിട്ടും അവളിൽ നിന്ന് പ്രതികരണമൊന്നും കണ്ടില്ല… “എന്താ അവനടിച്ചപ്പോൾ നിന്റെ നാക്ക് എവിടേലും തെറിച്ചു പോയൊ…?” ഇല്ലെന്നവൾ തറയാട്ടി… ഞാനവളെത്തന്നെ തുറിച്ചു നോക്കി…എന്നെ തലയുയർത്തി നോക്കാൻ പോലും അവൾ മടിച്ചു… “അല്ല… നീയെങ്ങനെയാ ഇങ്ങോട്ട് എത്തിയെ…?” “ഫോട്ടോയെടുക്കാൻ വ… വന്നതാ…” ഒന്ന് രണ്ട് നിമിഷം കഴിഞ്ഞാണ് മറുപടി വന്നത്…അവളുടെ മറുപടി കേട്ടപ്പോൾ എന്റെ ദേഷ്യം ഒന്നുകൂടി വർധിച്ചു… “ഈ ഇരുട്ടത്തൊ?” എന്റെ ചോദ്യത്തിന് അല്ലെന്നവൾ ചുമൽ കൂച്ചി… “പിന്നേ?” “ഈ വീട്ടിലെ ചേട്ടൻ വിളിക്കുന്നെന്ന് പറഞ്ഞു…

കൂട്ടുകാരുടെ ഫോട്ടോയെടുക്കാൻ….” “ആര്?” “അറിയില്ല….” ആ നിമിഷം അവൾക്കിട്ടൊന്ന് പൊട്ടിക്കാൻ എന്റെ കൈ തരിച്ചതാണ്…. എന്നിട്ടും ആത്മനിയന്ത്രണം പാലിച്ചു… “അത് കൊള്ളാം…ആരെങ്കിലും വന്ന് വിളിച്ചാലുടനെ ഇറങ്ങി പൊയ്ക്കൊള്ളണം…നീ ഫോട്ടോയെടുക്കാൻ വന്നവൻമാർ ഇപ്പോൾ വെള്ളമടിച്ചു എവിടേലും ചുരുണ്ടു കൂടി കിടപ്പുണ്ടാകും… അതെങ്ങനെയാ ഇത്തിരിയെങ്കിലും ബോധം വേണ്ടേ…. ഇന്നലെ കണ്ടവരോടൊക്കെ ഇഷ്ടാവാണെന്നും പറഞ്ഞു നടക്കുന്ന നീയൊക്കെ ഇതല്ല ഇതിനപ്പുറവും ചെയ്യും…അല്ല സാധാരണ വാല് പോലെ രണ്ടെണ്ണം ഉണ്ടാവാറുണ്ടല്ലോ…. അവന്മാരെ വിളിച്ചൂടായിരുന്നോ കൂട്ടിന്?”

എനിക്കവളോടുള്ള അമർഷം മുഴുവൻ എന്റെ വാക്കുകളിൽ തീർത്തു… ഒരു വിധം കരച്ചിലടക്കിയ പെണ്ണ് അതോടെ വീണ്ടും കരയാൻ തുടങ്ങി… “വാ തുറന്ന് പറയെടി….” ഞാൻ ഒന്നുടെ അലറിയപ്പോൾ അവളൊന്നു ഞെട്ടി… “അവര്…. ഭ… ക്ഷണം കഴിക്കാൻ… ” ബാക്കി വാക്കുകൾ തേങ്ങലിൽ ഇഴുകി ചേർന്നു… “നിനക്ക് ഇവന്മാരെ ആരെയെങ്കിലും പരിചയം ഉണ്ടോ?” ഉണ്ടെന്നവൾ തലയനക്കി…കണ്ണുകൾ ഉണ്ണിയുടെ കൈകളിൽ തളർന്നിരിക്കുന്നവനിലേക്ക് നീണ്ടു… “എന്നോട് അനാവശ്യം പറഞ്ഞതിന് മുൻപൊരിക്കൽ ഞാനൊന്ന് പൊട്ടിച്ചിട്ടുണ്ട്…” പറഞ്ഞു കഴിഞ്ഞവൾ എന്റെ കണ്ണുകളിലേക്ക് നോക്കി… “മ്മ്… അപ്പോൾ മനപ്പൂർവം നിന്നെ കുടുക്കാൻ ശ്രമിച്ചതാ…

ഞാൻ ഇപ്പോൾ വന്നില്ലായിരുന്നെങ്കിൽ കാണാമായിരുന്നു… ചാടി പുറപ്പെടും മുൻപ് രണ്ട് വട്ടം ആലോചിക്കണം… അത് ശെരിയാണോ തെറ്റാണോ എന്ന്… ഫോട്ടോയെടുക്കാനെന്നും പറഞ്ഞു പിന്നാമ്പുറത്തേക്ക് കൂട്ടിക്കൊണ്ട് പോവുമ്പോൾ ഊഹിച്ചൂടെ എന്തെങ്കിലും കുഴപ്പം കാണുമെന്നു…. അതും ഇതുവരെ പരിചയമില്ലാത്ത ഒരാൾ…” ഞാൻ ശകാരിക്കുമ്പോൾ അതെല്ലാം തലതാഴ്ത്തി നിന്നവൾ കേട്ടു…അനുവാദത്തിന് കാത്തു നിൽക്കാതെ കൈ പിടിച്ചു വീടിന്റെ മുൻവശത്തേക്ക് നടക്കുമ്പോൾ എന്റെ കൂർപ്പിച്ചുള്ള നോട്ടത്തിൽ പറയാൻ വന്നതെന്തോ അവൾ അപ്പാടെ വിഴുങ്ങി…

ചുറ്റുനിന്നും വരുന്ന തുറിച്ചു നോട്ടങ്ങളെ പാടെ അവഗണിച്ചു കൂടെയുണ്ടാവാറുള്ള പയ്യന്മാരുടെ അരികിൽ അവളെ കൊണ്ടുപോയി നിർത്തി…അവരെന്തൊക്കെയോ ചോദിക്കുന്നുണ്ടെങ്കിലും അപ്പോൾ തന്നെ അവളെ വീട്ടിൽ കൊണ്ട് ചെന്നാക്കാൻ മാത്രം പറഞ്ഞു… അവന്മാരുടെ പിറകെ തലകുനിച്ചു പോകുന്നവളെ കണ്ണിമയ്ക്കാതെ നോക്കി നിന്നു…കാര്യങ്ങളൊക്കെ ഒതുക്കി പിറകെ വന്ന ഉണ്ണിയെയും വിളിച് ഞാനും അപ്പോൾ തന്നെ തിരിച്ചിറങ്ങി…ഇടവഴിയിലേക്ക് ഇറങ്ങി ചെല്ലുമ്പോൾ തന്നെ കണ്ടു ഞങ്ങളെ കടന്നു പോകുന്ന പഴയ റെഡ് കളർകാറിൽ നിന്നും എനിക്ക് നേരെ നീണ്ടുവരുന്ന നിറഞ്ഞ കണ്ണുകളെ…എന്തോ ഒന്ന് വീണ്ടും നെഞ്ചിൽ കൊളുത്തി വലിക്കുന്നതായി തോന്നി…

ഉണ്ണിയോട് ആ കാറിന് പുറകെ വണ്ടി വിടുവാൻ പറയുമ്പോൾ എന്റെയുള്ളിൽ എന്താണ് നടക്കുന്നതെന്ന് എനിക്ക് പോലും തിരിച്ചറിയാൻ കഴിയുന്നിലായിരുന്നു… 🧡🧡🧡🧡🧡 പിറ്റേന്ന് രാവിലെ ഉണ്ണി വന്നത് അവളുടെ ക്യാമറയും കൊണ്ടായിരുന്നു… കല്യാണവീടിന്റെ പുറകു വശത്തു നിന്ന് കിട്ടിയതാണത്രേ…തലേന്ന് രാത്രി അവളെന്നോട് പറയാൻ വന്നത് ഇതിനെക്കുറിച്ചാവുമെന്ന് ഞാൻ ഊഹിച്ചു…സാധനം കയ്യിൽ തരുന്നതിനൊപ്പം അവന് ചോദിക്കാൻ നൂറ് കൂട്ടം ചോദ്യങ്ങളും ഉണ്ടായിരുന്നു… ഇലയ്ക്കും മുള്ളിനും കേടില്ലാത്ത വിധം എന്തൊക്കെയോ പറഞ്ഞൊപ്പിച്ചു…

അപ്പോൾ തന്നെ അവനെ കൂട്ടുപിടിച്ചു കവലയിലേക്കിറങ്ങി… സ്റ്റുഡിയോ തുറന്നിട്ടിരിക്കുന്നത് കണ്ടപ്പോൾ എന്തോ വല്ലാത്തൊരു സന്തോഷം തോന്നി… അതിനുള്ളിൽ കയറി അന്നമ്മ അവിടെയില്ലെന്ന് മനസിലാക്കുന്നത് വരെ നീണ്ടു നിന്ന സന്തോഷം… ക്യാമറ തിരികെ നൽകി മടിച്ചു മടിച്ചാണ് അവിടെയുള്ള പയ്യനോട് അന്നപൂർണയെക്കുറിച്ച് ചോദിച്ചത്… ഇന്നലെ നടന്ന സംഭവങ്ങളൊക്കെ അറിഞ്ഞശേഷം അവളുടെ അമ്മ എങ്ങോട്ടും വിടുന്നില്ലത്രേ… അന്നമ്മയെക്കുറിച്ച് പറയുമ്പോൾ അവൻ വാചാലനാവുന്നത് ഞാൻ ശ്രദ്ധിച്ചു… അവര് ബാല്യകാല സുഹൃത്തുക്കളാണെന്നാണ് അറിയാൻ കഴിഞ്ഞത്…

അവർ എന്ന് പറയുമ്പോൾ അന്നപൂർണയും,ഹരി എന്ന അച്ചുവും,കിരൺ എന്ന കിച്ചുവും…ഹരിയും കിരണും ഇരട്ട സഹോദരങ്ങളാണ്… വളരെ കാലം മുൻപേ കുടുംബങ്ങൾ തമ്മിലുണ്ടായിരുന്ന ബന്ധം പതിയെ കുട്ടികളിലൂടെയും തുടരുന്നു….പിന്നെയും അവൻ ഒത്തിരി കഥകൾ പറഞ്ഞു… ലിവർ സിറോസിസ് ബാധിച്ചു മരിച്ച മാധവട്ടനെക്കുറിച്ച്… അദ്ദേഹത്തിന്റെ ചികിത്സയ്ക്കായി ഒത്തിരി കടബാധ്യതകൾ ഏൽക്കേണ്ടി വന്ന കുടുംബത്തേക്കുറിച്ച്… മാധവേട്ടന്റെ മരണത്തേക്കുറിച്ച്… പഠനം പാതിയിൽ ഉപേക്ഷിക്കേണ്ടി വന്ന തങ്ങളുടെ സഹപാഠിയെക്കുറിച്ച്…മോഹങ്ങൾ അടക്കിനിർത്തി കൂടപ്പിറപ്പുകൾക്കായി അധ്വാനിക്കുന്ന ചേച്ചിയെക്കുറിച്ച്….

ആരോരും സഹായത്തിനില്ലാതെ കഷ്ടപ്പെട്ട് കുടുംബം നോക്കുന്ന പെണ്ണിനെക്കുറിച്ച്… അങ്ങനെ കുറെയേറെ കഥകൾ…ക്യാമറ തിരിച്ചേൽപ്പിച്ചപ്പോഴേ അവനത് അവളെ വിളിച്ചറിയിച്ചു…ആര് തിരിച്ചു തന്നുവെന്ന അവളുടെ ചോദ്യത്തിന് ഉത്തരമായി എന്റെ പേര് കേട്ടതിനാലാവാം അവൾ വേഗം തന്നെ ഫോൺ വയ്ച്ചു… തിരികെ വരുമ്പോൾ എന്റെ മനസ് കണ്ണുനിറച്ചു നിൽക്കുന്ന ഒരുവളിൽ തന്നെ കുടുങ്ങിക്കിടക്കുകയായിരുന്നു…അവളുടെ കഥകളൊക്കെ കേട്ടപ്പോൾ ആ പെണ്ണിനോടുള്ള ബഹുമാനം കൂടി വന്നു… ഒന്ന് കാണണമെന്നും സംസാരിക്കണമെന്നും തോന്നി… ഇന്നലെ ശാസിച്ചതൽപ്പം കൂടിപ്പോയോ എന്നും തോന്നാതിരുന്നില്ല…പക്ഷേ അത് തെറ്റല്ലെന്ന് എന്റെ മനസ് തന്നെ തിരുത്തി…

എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിലോ… പ്രായത്തിന്റെതായ എടുത്ത് ചാട്ടം അവൾക്ക് നല്ലോണം ഉണ്ട്… അന്ന് തന്നോട് ഇഷ്ടം പറഞ്ഞത് പോലും കുട്ടിക്കളിയായെ കാണാൻ പറ്റൂ…അല്ലെങ്കിൽ പത്തിരുപത്തഞ്ചു വർഷം കൂടെ നടന്ന പെണ്ണിന് കാണാൻ കഴിയാത്ത എന്ത് പ്രത്യേകതയാണ് വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രം പരിചയമുള്ള ഈ ഒറ്റക്കയ്യനിൽ അവൾ കണ്ടത്…ആലോചിച്ചപ്പോൾ ആദ്യം ചിരി വന്നു… പിന്നേ ഒരു കുഞ്ഞു നോവും… 🧡🧡🧡🧡🧡 ദിവസങ്ങൾ കടന്നു പോകും തോറും അവളെ കാണാനുള്ള ആഗ്രഹം കൂടി വന്നു…അന്ന് രാത്രിയിൽ അവളുടെ കാറിനെ അനുഗമിച്ചു വീട് വരെ പോയതാണ്…പിന്നെയിന്നുവരെ കണ്ടിട്ടില്ല….

അതിനിടെ ഒരു തവണ കൂടി സ്റ്റുഡിയോയിൽ പോയി…കട അടച്ചിട്ടിരിക്കുന്നത് കണ്ടപ്പോഴേ അവളുടെ അമ്മ കടുത്ത തീരുമാനം തന്നെയാണ് എടുത്തിരിക്കുന്നതെന്ന് ഊഹിച്ചു… ആ പയ്യന്മാരോട് അവളുടെ നമ്പർ പോലും വാങ്ങാൻ തോന്നാതിരുന്ന എന്റെ പൊട്ടബുദ്ധിയെ ഒരു നിമിഷം ഞാൻ മനസ് കൊണ്ട് നന്നായി സ്മരിച്ചു… ലൈബ്രറിയിൽ നിന്നുള്ള വഴികളിലും വീട്ടിലേക്കുള്ള ഇടവഴിയിലും ആ മാഷേ വിളിക്കായി ഞാൻ കാതോർക്കും…പലപ്പോഴും തിരിഞ്ഞു നോക്കും…എന്തിന് എന്റെ സ്വപ്നത്തിൽ പോലും ഒരുത്തി മാഷേ എന്നും വിളിച്ച് നടപ്പായി…അവസാനം സമാധാനമില്ലാതായപ്പോഴാണ് അമ്പലത്തിൽ പോക്ക് സ്ഥിരമാക്കിയത്… സാധാരണയുള്ള ഒരു നേരത്തെ പോക്ക് രണ്ട് നേരമാക്കി വർധിപ്പിച്ചു…

എന്റെ മനസൽപ്പം ശാന്തമാക്കുക എന്നതിലുപരി അവളെ കാണുക എന്നൊരു ദുരുദ്ദേശം കൂടി ഉണ്ടായിരുന്നു… പിന്നീട് ഒരാഴ്ച കഴിഞ്ഞാണ് അവളെ അപ്രതീക്ഷിതമായി അടുത്ത് കാണുന്നത്… അമ്പലത്തിൽ ദീപാരാധന തൊഴാൻ ചെന്ന ഒരു വൈകുന്നേരം…. ചുറ്റമ്പലത്തിൽ വിളക്ക് കത്തിക്കുന്നവളെ കണ്ട് ഒരു നിമിഷം സ്വപ്നമാണോ എന്ന് ഞാൻ ചിന്തിക്കാതിരുന്നില്ല… അടുത്ത നിമിഷം അവളുമെന്ന കണ്ടെന്ന് ആ കണ്ണുകളിലെ പിടപ്പിലൂടെ തിരിച്ചറിഞ്ഞു…ഒരു നിമിഷം എന്നെത്തന്നെ നോക്കി നിൽക്കുന്നവൾക്ക് നല്ലൊരു പുഞ്ചിരി തിരികെ നൽകിയപ്പോൾ “മാഷേ…” എന്നും വിളിച്ചവൾ അരികിലെത്തി…. “മാഷിപ്പോൾ വൈകുന്നേരമാണോ വരാറ്? എന്തെ രാവിലെ എന്റെ ശല്യമുണ്ടാകുമെന്ന് പേടിച്ചാണോ വൈകുന്നേരത്തേക്കുള്ള ഈ ഷിഫ്റ്റ്‌…?”

കളിയായി ചോദിച്ചവൾ അടുത്ത്കൂടിയപ്പോൾ ചിരി മായ്ച്ചു ഞാൻ ഗൗരവം നടിച്ചു… “ഞാനെന്തിനാ തന്നെപ്പേടിച് ഒളിച്ചു കളിക്കുന്നെ… എനിക്ക് തോന്നുമ്പോൾ ഞാൻ വരും…” “ഓഹ് ഇങ്ങനെ ചൂടാവാതെ മാഷേ..ഞാൻ വെറുതെ തമാശ പറഞ്ഞതല്ലേ…അഥവാ എന്നെ പേടിച്ചാണെങ്കിൽ തന്നെ ഇനി കുറച്ചു കാലം കൂടിയേ ഈ ശല്യം കാണുള്ളൂ…” “അതെന്താ?” ഞാൻ സംശയത്തോടെ ചോദിച്ചപ്പോൾ അവൾ തെളിച്ചമില്ലാതെ ഒന്ന് പുഞ്ചിരിച്ചു.. “അപ്പോൾ ഒന്നും അറിഞ്ഞില്ലേ… എന്നെ കെട്ടിച്ചു വിടാൻ പോകുവാ… അമ്മ നല്ല തകർപ്പനായി ആലോചനകൾ തുടങ്ങിക്കഴിഞ്ഞു…” ചിരിയോടെയാണവൾ പറഞ്ഞതെങ്കിലും ഉള്ളിൽ ആർത്തലച്ചു കരയുകയാണെന്ന് വാക്കുകളിലെ ഇടർച്ചയിൽ നിന്നും ഞാൻ തിരിച്ചറിഞ്ഞു…. എന്റെയുള്ളിലും പതിയെ നോവുണർന്നു…

ഉള്ളിലെന്തോ കൊളുത്തിവലിക്കുന്നത് പോലൊരു നോവ്… “ഞാനറിഞ്ഞു…. താൻ വീട്ടു തടങ്കലിലാണെന്ന്….” “ഏയ്…. അങ്ങനൊന്നുല്ല മാഷേ എന്റെയമ്മയ്ക്ക് എന്നെ മനസിലാവും… പക്ഷേ ഞാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും അത് അങ്ങനെയാവണമെന്നില്ലല്ലോ….” എന്റെ കണ്ണുകളിലേക്ക് നോക്കിയവൾ ചോദിച്ചപ്പോൾ ഉത്തരമില്ലാതെ നോട്ടങ്ങൾ തമ്മിലിടഞ്ഞു നിന്നു… പതർചയോടെ ഞാനെന്റെ മിഴികൾ മറ്റെങ്ങോ പറിച്ചു നട്ടു… “അന്നത്തെ പ്രശ്നം എന്റെ ഊഹത്തിനപ്പുറം ഇത്തിരി വലുതായിപ്പോയി… ഈ നാട്ടിലുള്ള എന്റെ പേരും പ്രശസ്തിയും ഇത്തിരി കൂടി മെച്ചപ്പെട്ടു…നേരിട്ട് ചോദിക്കുന്നവരോട് സത്യം പറയാമെന്നല്ലാതെ എല്ലാവരുടെയും വായ ഒരുമിച്ചു മൂടിക്കെട്ടാൻ പറ്റില്ലല്ലോ…ഉത്തരം കൊടുത്ത് അമ്മയ്ക്കും മടുത്ത് കാണും…

താഴെ ഒരു പെൺകുട്ടി കൂടെ വളർന്നു വരുന്നുണ്ടല്ലോ…പണ്ട് മുതലേ തുടർന്നു വരുന്ന സമ്പ്രദായം പോലെ ഈ അന്നപൂർണയുടെയും എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം വിവാഹമാണെന്ന് മിസ്സിസ് ദേവി മാധവൻ വിധി കല്പ്പിച്ചു….” ഉള്ളിലുള്ള സങ്കടം പുറത്ത് കാണിക്കാതിരിക്കാൻ അവൾ നന്നായി ചിരിചഭിനയിച്ചു… “ചിലപ്പോൾ അതൊരു പ്രശ്നപരിഹാരമായലോ… തന്നെ മനസിലാക്കുന്ന.. കൂടെ നിൽക്കുന്ന ഒരാളാണെങ്കിൽ നന്നായില്ലേ…പിന്നേ ഇവിടെ അടുത്തുള്ള ആളാണെങ്കിൽ തനിക്ക് വീട്ടുകാരെ പിരിയുന്ന സങ്കടവും വേണ്ടാ…” “ആഹാ…. എന്ത് മനോഹരമായ നടക്കാത്ത സ്വോപ്നം… മാഷ് ഈ ലോകത്തൊന്നും അല്ലേ ജീവിക്കുന്നെ?… ഈ നാട്ടിൽ നിന്ന് നല്ലൊരു ബന്ധം എനിക്ക് കിട്ടില്ല…

ഇനി അഥവാ അയൽനാട്ടിൽ നിന്ന് വല്ല രാജകുമാരന്മാരും വന്നാലും അവരെ ഈ നാട്ടുകാര് ഓടിച്ചോളും…അത്രയ്ക്കാണെ ബാധ്യതകളും നല്ലപേരും….” പിന്നെയും കളിയായിപ്പറഞ്ഞവൾ പൊട്ടിച്ചിരിച്ചു “താൻ ഇങ്ങനെ എപ്പോഴും നെഗറ്റീവ് ആയിട്ട് ചിന്തിക്കാതെ…” ചിരി ഒരു നിമിഷം നിർത്തിയവൾ കണ്ണ് മിഴിച്ചു എന്നെയൊന്നു നോക്കി… എന്തോ തമാശ കേട്ട മട്ടിൽ വീണ്ടും ചിരി തുടങ്ങി… “ആരാ ഈ ഉപദേശിക്കുന്നെ…?” അവളത് ചോദിച്ചപ്പോൾ ഞാനും ചിരിച്ചു… ചമ്മിയ ഒരു ചിരി… “നമ്മൾ വിചാരിക്കുന്നിടത്ത് എപ്പോഴും മനസ് നിൽക്കില്ല മാഷേ… അതിങ്ങനെ എവിടെയും നിൽപ്പുറയ്ക്കാതെ അലഞ്ഞു കൊണ്ടിരിക്കും… നല്ലതിനെ കാണാത്തമട്ടിൽ നന്മയില്ലാത്തത്തിനെ തേടിപ്പിടിക്കും…

അതിനെക്കുറിച്ചു ആലോചിക്കും…ടെൻഷനടിക്കും… അങ്ങനെ പകുതി ആയുസ് കുറയ്ക്കും… ഇപ്പോൾ ഞാനും അതേ അവസ്ഥയിലാ… നല്ലതൊന്നും കാണുന്നില്ല… പേടി തോന്നുന്നു…. എന്നെ ഓർത്തല്ലാ എന്നെ ആശ്രയിച്ചു ജീവിക്കുന്ന മൂന്ന് ജന്മങ്ങളെ ഓർത്ത്‌… ഒരു കണക്കിന് അമ്മയെ കുറ്റം പറയാനൊക്കില്ല സ്വൊന്തം മകൾ അങ്ങനൊരവസ്ഥയിൽ പാതിരാത്രിയിൽ കയറി വരുമ്പോൾ ഏതൊരമ്മയും പേടിക്കും…” പറഞ്ഞു കഴിഞ്ഞവൾ എന്തോ ചിന്തയിലാണ്ടു…. ഞങ്ങൾക്കിടയിൽ മൗനം തളം കെട്ടി…കനത്ത മൗനം… ക്ഷേത്രമണി മുഴങ്ങിയപ്പോഴാണ് രണ്ടാളും ആ നിമിഷത്തിലേക്ക് തിരിച്ചെത്തിയത്.. “ഞാൻ ഓരോന്ന് പറഞ്ഞു ബോറടിപ്പിച്ചു അല്ലേ… എന്നാലോ പറയാൻ വന്നത് പറഞ്ഞുമില്ല…

ഒത്തിരി നന്ദിയുണ്ടേ മാഷേ…മാഷ് അപ്പോഴവിടെ വന്നില്ലായിരുന്നെങ്കിൽ എന്റെ അവസ്ഥ എന്തായിരുന്നേനെ എന്ന് ആലോചിക്കാൻ കൂടി വയ്യാ… എത്രയൊക്കെ അലറി വിളിച്ചിട്ടും ആരും അതൊന്നും കേൾക്കുന്നില്ലായിരുന്നു… എന്നെയവർ വാക്കുകൾ കൊണ്ടും പ്രവർത്തി കൊണ്ടും വേദനിപ്പിക്കുമ്പോഴും മരണം മുൻപിൽ കണ്ടാണ് ഞാൻ കഴിച്ചു കൂട്ടിയത്…” അന്നത്തെ ദിവസത്തിന്റെ ഭീകരത അവളുടെ കണ്ണുകളിൽ തെളിഞ്ഞു കണ്ടു… “മാഷിന് വീണ്ടും വീണ്ടും ഞാൻ കടക്കാരിയായിപ്പോകുന്നു… അന്ന് സുകേശന്റെ കയ്യിൽ നിന്നും രക്ഷിച്ചു…. ഇന്നിപ്പോൾ ഇവിടെയും… ഒത്തിരി നന്ദിയുണ്ട്… മരണം വരെ മറക്കില്ല…” കൈകൂപ്പി കണ്ണു നിറച്ചവൾ പറഞ്ഞപ്പോൾ ഞാൻ പെട്ടെന്നൊരു അന്യനായത് പോലെ തോന്നി…

ഇഷ്ടമില്ലാത്ത എന്തോ ഒരു അകൽച്ച ഞങ്ങൾക്കിടയിൽ ഉള്ളതുപോലെ… “നന്ദിയൊന്നും വേണ്ടെടോ… തനിക്കൊന്നും പറ്റിയില്ലല്ലോ അത് മതി… പിന്നേ ഞാൻ തന്നോട് ക്ഷമ ചോദിക്കുന്നു… അന്ന് ദേഷ്യം കൊണ്ടാണ് അങ്ങനൊക്കെ പറഞ്ഞത്… തനിക്കെന്തെങ്കിലും പറ്റിയിരുന്നെങ്കിലോ എന്നാ പേടി കൊണ്ട്…. ആ ഇരുട്ടിൽ എന്റെ കയ്യിന്റെ അവസ്ഥ ഒരുപക്ഷെ അവർ കണ്ടുകാണില്ല… എന്നെ അറിയുമായിരുന്നെങ്കിൽ… ഈ അറ്റകൈ കണ്ടിരുന്നെങ്കിൽ ചിലപ്പോൾ വീണ്ടും നമ്മൾ രണ്ടാളെയും ആക്രമിച്ചേനെ… അറിയാല്ലോ എനിക്ക് പിടിച്ചു നിൽക്കുന്നതിന് ഒരു പരിധിയുണ്ട്…അതാ ഞാൻ അങ്ങനെയൊക്കെ… പിന്നീട് ആലോചിച്ചപ്പോൾ അത്രയ്ക്ക് വേണ്ടിയിടുന്നില്ലെന്ന് തോന്നി…”

ഞാൻ പറയുമ്പോൾ നേർത്തൊരു പുഞ്ചിരിയോടെ കണ്ണിമയ്ക്കാതെ അവൾ എന്നെത്തന്നെ നോക്കുന്നുണ്ടായിരുന്നു…കണ്ടിട്ടും ഞാനത് കണ്ടില്ലെന്ന് നടിച്ചു… “അങ്ങനെയെങ്കിലും എന്നെക്കുറിച്ച് ഓർക്കുന്നുണ്ടല്ലോ അത് മതി ” അവളെങ്ങനെ പറഞ്ഞപ്പോൾ കള്ളം പിടിക്കപ്പെട്ട കുട്ടിയുടെ അവസ്ഥപോലായി എനിക്ക്… അതും മറയ്ക്കാൻ പതിവുപോലെ ഗൗരവത്തിന്റെ മുഖം മൂടിയണിഞ്ഞു… “മാഷിന് എന്നെക്കുറിച്ച് വലിയൊരു തെറ്റിദ്ധാരണയുണ്ട്…. ഇനിയെങ്കിലും എനിക്കത് തിരുത്തണം…. ഒന്നിനും വേണ്ടിയല്ല…ഒന്നും ആഗ്രഹിച്ചുമല്ല വെറുതെ… മാഷ് കരുതുന്ന പോലെ മാഷിനെ ഞാൻ ആദ്യമായി കാണുന്നത് അന്നാ ബീച്ചിൽ വയ്ച്ചല്ല…. അന്ന് നമ്മൾ ആദ്യമായി സംസാരിച്ചെന്നെ ഉളളൂ….

എനിക്ക് മാഷിനെ നേരത്തെയറിയാം….നേരത്തെ എന്ന് പറയുമ്പോൾ കഴിഞ്ഞ ആറ് വർഷമായിട്ടറിയാം…” അവളത് പറഞ്ഞപ്പോൾ സത്യം പറഞ്ഞാൽ ഞാൻ ഞെട്ടി…വല്ലാതെ ഞെട്ടി…കണ്ണുകൾ മിഴിച് എന്നെത്തന്നെ നോക്കി നിൽക്കുന്നവളെ ആഴത്തിൽ നോക്കി… “കള്ളമല്ല മാഷേ സത്യവാ… ഒറ്റ മകനെ പട്ടാളത്തിലയക്കാൻ വിസമ്മതിച്ച അച്ഛനമ്മമാരുടെ കഥ….പട്ടിണി കിടന്നും പിണങ്ങി നടന്നും അവരെ അനുനയിപ്പിച് കുഞ്ഞിലേ മുതലുള്ള സ്വോപ്നം സാക്ഷാത്കരിച്ച ഒരു ധീര ജവാന്റെ കഥ….ഒരു ദിവസം കുറേയേറെ പറയരുന്ന കൂട്ടത്തിൽ ഷാരസ്യാരമ്മയാ എനിക്ക് പറഞ്ഞു തന്നത്…അന്ന് മുതൽ കയറിക്കൂടിയതാ… ആരാധന ഞാൻ പോലും അറിയാതെ മറ്റൊരു ഇഷ്ടത്തിലേക്ക് വഴിമാറി…ദൂരെ നിന്ന് എത്ര വട്ടം നോക്കി നിന്നിട്ടുണ്ടെന്ന് അറിയാമോ…

അടുത്തേക്ക് വരുമ്പോൾ വല്ലാതെ നെഞ്ചിടിപ്പേറും…ഇടയ്ക്ക് വേഗത്തിലാവുന്ന ഈ ഹൃദയതാളത്തിലാണ് ഞാനെന്റെ പ്രണയം തിരിച്ചറിഞ്ഞത്…. എന്നെങ്കിലും നേരിട്ട് വന്ന് പറയണം എന്ന് കരുതിയതാ… മാഷിന്റെ പേരിൽ എത്രയൊ പ്രണയലേഖനങ്ങൾ എഴുതി സൂക്ഷിച്ചതാ…പക്ഷേ എല്ലാം അന്നാ ബീച്ചിൽ വയ്ച്ചു വെള്ളത്തിലായി…എനിക്കറിയില്ലായിരുന്നു ബാല്യം മുതൽ ഒരു പ്രണയം മാഷിനുണ്ടായിരുന്നെന്നു…. ആരോടും ചോദിച്ചില്ല…. ആരും പറഞ്ഞുമില്ല…. അന്ന് മുതൽ മറക്കാൻ ശ്രമിക്കുവായിരുന്നു…. ഇടയ്ക്കിടെ ഷാരസ്യാരമ്മയോട് മാഷിന്റെ വിവരങ്ങൾ തിരക്കാറുണ്ടായിരുന്നു….

അതൊക്കെ അന്നത്തോടെ നിർത്തി… അതുകൊണ്ടാവും ആക്‌സിഡന്റ് പറ്റിയതൊന്നും അറിയാതെ പോയത്… അല്ലെങ്കിലും ഷാരസ്യാരമ്മ ദുഃഖവാർത്തകൾ ആരുമായും പങ്കുവയ്ക്കാറില്ലല്ലോ…” പറഞ്ഞു കഴിഞ്ഞവൾ ദീർഘമായി നിശ്വസിച്ചു…എന്നെ നോക്കി നേർമയായി പുഞ്ചിരിച്ചു…എന്നാൽ എല്ലാം മറന്ന് വല്ലാത്തൊരു അവസ്ഥയിലായിരുന്നു ഞാൻ… “ഇതറിയുമ്പോൾ മാഷ് എന്നെ സ്നേഹിക്കുമെന്നോ… അംഗീകരിക്കുമെന്നോ…. സ്വീകരിക്കുമെന്നോ….അങ്ങനെ ഒരു ദുരുദേശവും ഇല്ലാട്ടോ…. പറയണമെന്ന് തോന്നി…പറഞ്ഞു…. പിന്നീട് നഷ്ടബോധം തോന്നരുതല്ലോ…മാഷിന് എന്റെ സൗഹൃദമാണ് ഇഷ്ടം… അറിയാം…. പക്ഷേ ആ സൗഹൃദത്തിനിടയിൽ പോലും കരടായി ഇങ്ങനൊരു കാര്യം ഉണ്ടാവാൻ പാടില്ല…

അത്രമാത്രം….” പറഞ്ഞു കഴിഞ്ഞവൾ തിരിഞ്ഞെന്റെ കണ്ണുകളിലേക്ക് നോക്കി… ഒരുപക്ഷെ സ്നേഹത്തിന്റെ ഉറവിടം തേടുകയാവാം… വെറുപ്പുണ്ടോ എന്ന് തിരക്കുകയാവാം…അതുമല്ലെങ്കിൽ അവളുടെ പ്രണയത്തെ എന്നിലേക്ക് ആവാഹിക്കുകയാകാം… ഉയർന്നു കേൾക്കുന്ന മണിനാദത്തിനൊപ്പം തണുത്തൊരു കാറ്റു ഞങ്ങളെ വാരിപുണർന്നു പോയി… അലസമായി പറന്ന മുടിയിഴകൾ മാടിയൊതുക്കിയവൾ പിന്തിരിഞ്ഞു.. “പോട്ടെ മാഷേ വൈകി…

.ഇനി എപ്പോഴാണെന്ന് അറിയില്ല… എപ്പോഴെങ്കിലും കാണാം…” ഒന്നുകൂടി തിരിഞ്ഞവൾ എന്റെ മുഖത്തേക്ക് നോക്കി…കൈ വിട്ട പട്ടം പോലെ എങ്ങോ സഞ്ചരിക്കുന്ന മനസുമായി നിൽക്കുമ്പോഴും ആ മിഴികളിലെ നീർത്തിളക്കം ഞാനറിഞ്ഞു…അകന്നു പോകുന്നതറിഞ്ഞിട്ടും ശൂന്യമായ മനസോടെ നിസ്സംഗ ഭാവത്തോടെ ഞാനവളുടെ വഴിയേ മിഴിയയച്ചു……. തുടരും..

മാംഗല്യം തന്തുനാനേനാ : ഭാഗം 4

Share this story