ജനനി: ഭാഗം 2

ജനനി: ഭാഗം 2

എഴുത്തുകാരി: അനില സനൽ അനുരാധ

“ജനനി… ” പുറകിൽ നിന്നും നീരവ് ഗൗരവത്തിൽ വിളിച്ചതും ജനനി തിരിഞ്ഞു നോക്കി… “പി വി സൺസിന്റെ കഴിഞ്ഞ മാസത്തെ പർച്ചേസ് ഡീറ്റെയിൽസ് എന്റർ ചെയ്തത് താൻ അല്ലേ? ” നീരവ് ശബ്ദം ഉയർത്തി കൊണ്ടു തിരക്കി. “എനിക്കൊന്നു നോക്കണം സർ… ” “എവിടെ നോക്കണമെന്ന്… ” “എന്റെ ഡയറിയിൽ നോക്കണമെന്ന്.. ഒരു നിമിഷം സർ… ഞാൻ ഒന്നു ചെക്ക് ചെയ്തോട്ടെ… ” എന്നു പറഞ്ഞ് അവൾ തന്റെ സീറ്റിനു അരികിലേക്ക് പോയി… ബാഗ് തുറന്ന് കഴിഞ്ഞ മാസം എന്റർ ചെയ്ത കമ്പനി നെയിം ചെക്ക് ചെയ്തു… അതിൽ പി വി സൺസിന്റെ പേര് ഇല്ലായിരുന്നു. അതിനു മുൻപത്തെ മാസം അവൾ എന്റർ ചെയ്തിരുന്നു… അവൾ വേഗം അവന്റെ അരികിലേക്ക് വന്നു… “ഞാനല്ല സർ.

പക്ഷേ അതിന്റെ മുൻപത്തെ മാസം പര്‍ച്ചേസ് ബില്‍ എന്റർ ചെയ്തത് ഞാനായിരുന്നു… രണ്ടു മാസത്തെ ഉണ്ടായിരുന്നു… ” നീരവ് സെലിനെ തുറിച്ചു നോക്കി.. ചിലപ്പോൾ ജനനിയാകും എന്റർ ചെയ്തത് എന്നും പറഞ്ഞ് നീരവിൽ നിന്നും തടി തപ്പിയ സെലിൻ മുഖം കുനിച്ചിരുന്നു… “സെലിൻ.. കാബിനിലേക്ക് വരൂ…” എന്നും പറഞ്ഞ് നീരവ് പോയതും ജനനി തന്റെ സീറ്റിൽ വന്നിരുന്നു… “നീ ഇതൊക്കെ നോട്ട് ചെയ്തു വെക്കുന്നുണ്ടോ? ” അഞ്ജലി ശബ്ദം താഴ്ത്തി തിരക്കി… “ഹ്മ്മ്.. ലഞ്ച് ബ്രേക്കിനു സംസാരിക്കാം… ക്യാമറ ചതിക്കും മോളെ.. ചിലപ്പോൾ സർ നമ്മളെ നോക്കുന്നുണ്ടാകും..” ചെരിപ്പിന്റെ സ്‌ട്രാപ്പ് ശരിയാക്കാൻ എന്ന പോലെ ഒന്നു കുനിഞ്ഞു ഇരുന്നു കൊണ്ട് ജനനി പറഞ്ഞു…

അതിനു ശേഷം ടേബിളിൽ ഇരുന്ന ഫയൽ എടുത്ത് സെയിൽസ് ഡീറ്റെയിൽസ് എന്റർ ചെയ്യാൻ തുടങ്ങി… കുറച്ചു കഴിഞ്ഞതും സെലിൻ തിരികെ വന്നു. മുഖം കണ്ടപ്പോൾ തന്നെ നല്ല വഴക്ക് കേട്ട ലക്ഷണം ഉണ്ടായിരുന്നു… പക്ഷേ ആരും ആരോടും ഒന്നും ചോദിച്ചില്ല.. ലഞ്ച് ബ്രേക്ക്‌ ആയപ്പോൾ നീരവ് പുറത്തേക്ക് പോകുന്നത് കണ്ടു… ഇനി അര മണിക്കൂർ സ്വാതന്ത്ര്യം കിട്ടിയ പ്രതീതിയാണ്… “ശരിക്കും എന്തായിരുന്നു രാവിലെ പ്രശ്നം?” ലഞ്ച് കഴിക്കാൻ ഇരിക്കുമ്പോൾ ജനനി അഞ്ജലിയോട് തിരക്കി. “പി വി സൺസിന്റെ സ്റ്റോക്ക് എമൗണ്ടിൽ മിസ്റ്റേക്ക് ഉണ്ടായിരുന്നു. ”

“അതിന്? ” “ഞങ്ങൾക്ക് എല്ലാവർക്കും വഴക്ക് കിട്ടി… അപ്പോൾ നീ എത്താത്ത കാരണം സെലിൻ അതു നിന്റെ തലയിലേക്ക് ഇട്ടു. എന്റെ ഊഹം ശരിയാണെങ്കിൽ അവൾ തന്നെയാകും തെറ്റി അടിച്ചത്… എന്തായാലും രാവിലെ നിന്നെ സമ്മതിച്ചു മോളെ… അങ്ങേരു ശബ്ദം ഉയർത്തിയാൽ തന്നെ എന്റെ തൊണ്ട വരളും.. പേടി കാരണം കയ്യും കാലും വിറയ്ക്കും. പക്ഷേ നീ ഒന്നു പതറിയതു പോലും ഇല്ലല്ലോ…” ജനനി പുഞ്ചിരിച്ചു… “സത്യം പെണ്ണേ… സാറിന്റെ മുഖത്തു നോക്കി സംസാരിക്കാൻ തന്നെ ഇവിടെ പലർക്കും ഭയമാണ്… നമ്മുടെ സീനിയർ അക്കൗണ്ടന്റ് രവിയേട്ടൻ പോലും അങ്ങനെയാണ്… ”

“എന്നു കരുതി ഞാനും പേടിച്ചു നിൽക്കണോ.. ആ ബിൽ എന്റർ ചെയ്തത് ഞാൻ ആണെങ്കിൽ അതും ഞാൻ തുറന്നു സമ്മതിച്ചേനെ… പേടിച്ചു മറച്ചു വെക്കാൻ നിൽക്കില്ല… നമ്മൾ മനുഷ്യരല്ലേ… തെറ്റുകൾ സംഭവിക്കും. അതു തിരുത്താൻ മനസ്സ് കാണിച്ചാൽ മതി .. സർ പറയുന്നതല്ലേ എമൗണ്ട് എന്റർ ചെയ്തു പ്രിന്റ് എടുക്കുന്നതിന് മുൻപ് ചെക്ക് ചെയ്യാൻ… അപ്പോൾ മിസ്റ്റേക്ക് കാണുമ്പോൾ സാറിനു ദേഷ്യം വരാതെ ഇരിക്കുമോ? ” “നീയപ്പോൾ സാറിന്റെ ഭാഗം ആണല്ലേ… എന്റെ മോളെ നീ വരുന്നതിന്റെ കുറച്ചു ദിവസം മുൻപ് ഡാറ്റ എന്റർ ചെയ്യുന്നതിനിടയിൽ ഒന്നു ഉറക്കം തൂങ്ങിപ്പോയി…

അതിന് അങ്ങേരു മുന്നിൽ വന്നു നിന്ന് ഡെസ്കിൽ ഒരു തട്ടായിരുന്നു… എന്റെ ഉറക്കം ഏതു വഴി പോയെന്നു അറിയില്ല. അതിന് പുറകെ വഴക്കും കേട്ടു… അതിനു ശേഷം പേടി ഒന്നു കൂടെ കൂടി…” “ഇവിടെ കുഴപ്പമില്ലാത്ത സാലറി ഉണ്ടല്ലോ എന്നതാണ് എന്റെ ആശ്വാസം… അതിനിടയിൽ മറ്റൊന്നും എന്നെ അലട്ടാറില്ല. ചെയ്യുന്ന കാര്യം ശ്രദ്ധയോടെ ചെയ്യാൻ ശ്രമിക്കുന്നുണ്ട്… ” “ഹ്മ്മ്…” “നാളെ നീ വീട്ടിൽ പോകുന്നുണ്ടോ? ” “ഇല്ല… പെണ്ണുകാണലിൽ നിന്നും രക്ഷപ്പെടാൻ എന്തെങ്കിലും കാരണം കണ്ടു പിടിക്കണം… നീ പോകുന്നുണ്ടോ? ” “ഇല്ല…” “അപ്പോൾ എനിക്ക് വീട്ടിൽ പറയാൻ ഒരു കാരണം കിട്ടി…

ഞാൻ പോയാൽ നീ തനിച്ച് ആകില്ലേ… അതു കൊണ്ട് ഞാൻ പോകുന്നില്ല.. കൂട്ടുകാരിയെക്കാൾ വലുത് അല്ലല്ലോ പെണ്ണുകാണൽ… ” എന്നും പറഞ്ഞ് അഞ്ജലി എഴുന്നേറ്റപ്പോൾ ജനനിയും എഴുന്നേറ്റു… നീരവ് കാബിനിലേക്ക് കയറി പോയതിനു പിന്നാലെ ജനനിയുടെ ടേബിളിൽ ഇരിക്കുന്ന ഫോൺ റിംഗ് ചെയ്തു… കാൾ എടുത്തപ്പോൾ നീരവ് അവളോടു കാബിനിലേക്ക് വരാൻ പറഞ്ഞു… അവൾ എഴുന്നേറ്റു പോയതും സെലിൻ ഹർഷയെ നോക്കി… ജനനി ഫയലുമായി തിരികെ വന്നപ്പോഴും സെലിൻ ഹർഷയെ നോക്കി തലയാട്ടി… അതു കണ്ടിട്ടും കാണാത്ത പോലെ ജനനി തന്റെ സീറ്റിൽ വന്നിരുന്നു. **

അഞ്ചുമണിയ്ക്ക് എല്ലാവരും ഇറങ്ങുമ്പോൾ നീരവ് പോകാറില്ല. അവൻ ആറു മണിവരെ ഇവിടെയുണ്ടാകും… ഏതെങ്കിലും ക്ലയിന്റ്സ് വരുന്നുണ്ടെന്ന് അറിയിച്ചാൽ അവരു വന്നു പോയതിനു ശേഷം ക്ലോസ് ചെയ്യും. ഓഫീസിൽ നിന്നും ഒരുമിച്ചാണ് ജനനിയും അഞ്ജലിയും ഇറങ്ങിയത്… താഴെയുള്ള കോഫി ഷോപ്പിൽ കയറി ഓരോ കോഫി കുടിച്ചു… ഇരുന്നിരുന്ന് നടു ഒരു വിധം ആയിരുന്നു… “വീട്ടിൽ എത്തി ഒന്നു കിടന്നാൽ മതി… ” കോഫി കുടിക്കുന്നതിനിടയിൽ അഞ്ജലി പറഞ്ഞു. “നീ പോയി കുളിച്ചിട്ട് കിടന്നോ.. ചപ്പാത്തി ഞാൻ വന്നിട്ട് ഉണ്ടാക്കാം… ”

“അതൊന്നും വേണ്ട…” “എനിക്ക് അറിയാം .. ഈ സമയത്ത് നിനക്ക് നല്ല വയറു വേദനയും കാല് വേദനയും ഉണ്ടെന്ന്… അതു കൊണ്ട് മോളു വേഗം വീട്ടിൽ പോയിട്ട് കുളിച്ചു റസ്റ്റ്‌ എടുക്ക്… നീ പതിയെ പോയി വണ്ടി എടുത്തു പൊയ്ക്കോ. ഞാൻ അങ്ങോട്ട് പൊയ്ക്കോട്ടെ… ” അഞ്ജലി തലയാട്ടി… ജനനി ബിൽ അടച്ച ശേഷം പാർക്കിംഗ് ഏരിയയിൽ പോയി വണ്ടി എടുത്തു… പിന്നെ കമ്പ്യൂട്ടർ സെന്ററിലേക്ക്… ക്ലാസ്സ്‌ എടുക്കുമ്പോൾ ലാബിന്റെ ഒരു മൂലയിൽ സുമിതയും വെറുതെ വന്നിരിക്കും… എക്സാം ആയ കാരണം എല്ലാവരും പ്രാക്ടിക്കൽ ചെയ്യുന്ന തിരക്കിൽ ആയിരുന്നു…

ടാക്സ് ഓഫീസിൽ ഇരുന്നുണ്ടാകുന്ന ക്ഷീണം ഇവിടെ നടന്നു തീരും… നാളെ വരുമ്പോൾ മറക്കാതെ റെക്കോർഡ് കൊണ്ടു വരാൻ അവരെ ഓർമ്മിപ്പിച്ചതിന് ശേഷം അവൾ ചെയറിൽ വന്നിരുന്നു… അറ്റൻഡൻസ് ഇട്ടതിനു ശേഷം ഒന്നു നിവർന്ന് ഇരുന്നു… നല്ല കാലു കടച്ചിൽ ഉണ്ടായിരുന്നു. ഡേറ്റ് അടുക്കുമ്പോൾ ഇതു പതിവാണ്… സ്റ്റുഡന്റസ് പോയപ്പോൾ ചുരിദാറിന്റെ ഷാൾ കൊണ്ട് മുഖം ഒന്നു അമർത്തി തുടച്ചു… “മോൾക്ക് എല്ലാം കൂടെ ബുദ്ധിമുട്ട് ആയല്ലേ?”സുമിതയുടെ ശബ്ദം കേട്ടതും അവൾ പുഞ്ചിരിച്ചു… “ഏയ്‌ ഇല്ല ചേച്ചി… ഞാൻ പൊയ്ക്കോട്ടെ? ” അവർ തലയാട്ടി… പാർക്കിംഗിൽ ചെന്ന് വണ്ടി എടുത്തു… വീട്ടിൽ എത്തുമ്പോൾ അഞ്ജലി ഉമ്മറത്തു തന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു …

ഉമ്മറത്തേക്ക് കയറി അവളുടെ മടിയിൽ തല ചായ്ച്ചു കിടന്നു… വലതു കൈ കൊണ്ട് അഞ്ജലിയുടെ ചുരിദാറിൽ മുറുകെ പിടിച്ചു… “പോയി കുളിച്ചിട്ട് വാ പെണ്ണേ… നാറുന്നു… ” ജനനി ഒന്നു തിരിഞ്ഞു നിലത്ത് കവിൾ ചേർത്തു വെച്ച് കിടന്നു… “മടിച്ചി… ” “എന്നാൽ ഞാൻ പോയി ഫ്രഷ്‌ ആയിട്ട് വരാം… ചപ്പാത്തി ഉണ്ടാക്കണ്ടേ… ” “നീ കുളിച്ചു വാ… നമുക്ക് കഴിക്കാം…” “നീ ഉണ്ടാക്കിയോ? ” “ആഹ് ! പെണ്ണേ… രണ്ടു മാസം വേഗം അങ്ങു പോയാൽ മതി… എല്ലായിടത്തും കൂടിയുള്ള നിന്റെ ഈ ഓട്ടം ഒന്നും ശരിയാകില്ല… ” “ശരിയാകാതെ പറ്റില്ല… ” എന്നും പറഞ്ഞ് ജനനി എഴുന്നേറ്റു… കുളിച്ചു വന്ന ശേഷം ഭക്ഷണം കഴിച്ചു… അതിന് ശേഷം അഞ്ജലി വീട്ടിലേക്ക് ഫോൺ ചെയ്യാനായി മുറിയിലേക്ക് പോയി…

ജനനി ഉമ്മറത്ത് ഇരുന്നു… ഫോൺ റിംഗ് ചെയ്യുന്നതു കേട്ടിട്ടും എടുത്തു നോക്കാൻ തോന്നിയില്ല… ഒഴിഞ്ഞു കിടക്കുന്ന മോതിര വിരലിലേക്ക് മിഴികൾ നീണ്ടു … മനസ്സിൽ നിർവികാരത തളം കെട്ടി… ഫോൺ വീണ്ടും റിംഗ് ചെയ്യാൻ തുടങ്ങിയപ്പോൾ കാൾ എടുത്തു. ഫോൺ കാതോരം ചേർത്തു വെച്ചു… “ജാനി… ” അമ്മ വിളിച്ചു… …….. “മോളെ കാവ്യ വിളിച്ചിരുന്നു… ” “ഹ്മ്മ്… ” “മോളു മറ്റന്നാൾ വരില്ലേ? ” “ഇല്ല… ” “അവൾക്ക് ലാസ്റ്റ് സെമസ്റ്ററിന്റെ ഫീസ് അടക്കണമെന്ന്… ” “എന്നത്തേക്കാ… ” “ബുധനാഴ്ച ലാസ്റ്റ് ഡേറ്റ് ആണെന്ന്…” “ഹ്മ്മ് .. ” “പിന്നെ ഹോസ്പിറ്റലിൽ പോകാനായിട്ടുണ്ട്… ഒരു ഓപ്പറേഷൻ കൂടെ വേണ്ടി വരും… ” “ഹ്മ്മ്… ” “മോളു കഴിച്ചോ? ” “ഹ്മ്മ്.. ഞാൻ പിന്നെ വിളിക്കാം.. ”

എന്നു പറഞ്ഞു കാൾ കട്ട്‌ ചെയ്യുമ്പോൾ കണ്ണുകൾ നിറയാൻ വെമ്പൽ കൊള്ളുന്നുണ്ടായിരുന്നു… കണ്ണുകൾ വേഗം അമർത്തി തുടച്ചു… വെറും നിലത്ത് ചുരുണ്ടു കൂടി കിടന്നു…. ** പ്രാക്ടിക്കൽ എക്സാം നടക്കുന്ന കാരണം മോഹനകൃഷ്ണൻ നീരവിനോട്‌ ശനിയാഴ്ച ജനനിയ്ക്ക് ലീവ് കൊടുക്കാൻ പറഞ്ഞു. അത്ര ഇഷ്ടത്തോടെ അല്ലെങ്കിലും അവൻ ലീവ് അനുവദിച്ചു… എല്ലാ ബാച്ചുകാർക്കും എക്സാം ഒരു ദിവസം തന്നെയായിരുന്നു. അതു കൊണ്ട് പല വിദ്യാർത്ഥികളെയും ജനനി ആദ്യമായി കാണുകയായിരുന്നു…. എല്ലാവരുടെയും പ്രാക്ടിക്കൽ എക്സാം കഴിയുമ്പോൾ അഞ്ചുമണി കഴിഞ്ഞു…

ഒരു മാസത്തെ പരിചയമെ ഉണ്ടായിരുന്നുള്ളൂ എങ്കിലും തന്റെ സ്റ്റുഡന്റസ് യാത്ര പറഞ്ഞു പോകുന്നത് ഉള്ളിൽ ചെറിയൊരു നോവ് നിറച്ചു… മറ്റു സ്റ്റാഫുകൾ പോയപ്പോൾ ജനനി എല്ലാവരുടെയും പ്രാക്ടിക്കൽ എക്സാം ഫയലുകൾ സെർവറിലേക്ക് കോപ്പി ചെയ്തിട്ടു… വൈവയുടെ മാർക്ക്‌ കമ്പ്യൂട്ടറിൽ എന്റർ ചെയ്തു… അതു കഴിഞ്ഞപ്പോൾ സർ ഒരു ഡോക്യുമെന്റ് മലയാളത്തിൽ ടൈപ്പ് ചെയ്യാൻ തന്നു… അതു കഴിയുമ്പോൾ ഏഴുമണി ആകാനായി… കാല് കടച്ചിൽ കൂടി കൊണ്ടിരുന്നു… കൂടെ വയറു വേദനയും… വാഷ് റൂമിൽ പോകുമ്പോൾ കൂടെ സുമിതയും ചെന്നു… തിരിച്ചു ബാഗ് എടുക്കാൻ സ്റ്റാഫ് റൂമിലേക്ക് വരുമ്പോൾ ഫോൺ റിംഗ് ചെയ്യുന്നുണ്ട്…

ഫോൺ എടുത്തു നോക്കിയപ്പോൾ അമ്മയായിരുന്നു… ഫോൺ എടുത്തു നോക്കുന്ന സമയത്ത് അവളുടെ മുഖത്ത് ഉണ്ടായ മാറ്റം സുമിത ശ്രദ്ധിക്കുകയും ചെയ്തു… ജനനി കാൾ എടുത്തു.. അപ്പുറത്ത് നിന്നും പറയുന്നത് എന്താണെന്ന് കേട്ടില്ലെങ്കിലും അത്ര സന്തോഷമുള്ള കാര്യം അല്ലെന്ന് സുമിതയ്ക്ക് തോന്നി… “വരാം… ” എന്നു പറഞ്ഞു കാൾ കട്ട്‌ ചെയ്തു… “വീട്ടിൽ നിന്നാണോ? “സുമിത തിരക്കി… “അതെ ചേച്ചി… ഞാൻ ഇറങ്ങട്ടെ… ” എന്നു പറഞ്ഞ് അവൾ പുഞ്ചിരിച്ചു… അവർ തലയാട്ടി… ബാഗ് എടുത്ത് സാറിനോട് പറഞ്ഞ് പുറത്തേക്കു ഇറങ്ങി… കോണിപ്പടി ഇറങ്ങുമ്പോൾ വല്ലാത്ത തളർച്ച തോന്നി… പടിയിൽ ഇരുന്ന് കൈ മുട്ടുകൾ കാലിൽ വെച്ച ശേഷം മുഖം കൈക്കുമ്പിളിൽ മറച്ചു വെച്ചു…

നിമിഷങ്ങൾ പതിയെ കടന്നു പോയി… മുന്നിൽ ആരോ നിൽക്കുന്നത് പോലെ തോന്നിയപ്പോഴാണ് മുഖം ഉയർത്തി നോക്കിയത്. നീരവ് ആയിരുന്നു… ഒരു നിമിഷം ഇരുവരുടെയും മിഴികൾ തമ്മിൽ കോർത്തു… അവൾ നോട്ടം മാറ്റി എഴുന്നേറ്റു നിന്നതും അവൻ ഒന്നും ചോദിക്കാതെ അവളെ കടന്നു പോയി… അവളും പടികൾ ഇറങ്ങി മുന്നോട്ട് നടന്നു… വീട്ടിൽ എത്തിയതും ഫ്രഷ്‌ ആയി വന്നു… അഞ്ജലി അവളെയും കാത്ത് അകത്ത് ഇരിക്കുന്നുണ്ടായിരുന്നു.. “അഞ്ചു… എനിക്ക് വീട്ടിൽ പോകണം… ” “അപ്പോൾ ഞാനോ? ” ” ഞാൻ ഇറങ്ങുമ്പോഴാ വീട്ടിൽ നിന്നും വിളിച്ചത്… ”

“നിന്നെ പോലെ ഇവിടെ തനിച്ചു നിൽക്കാൻ എനിക്ക് ധൈര്യം ഇല്ലാട്ടോ… ഞാനും വരും നിന്റെ കൂടെ… ” “ഒന്നര മണിക്കൂർ ഡ്രൈവ് ചെയ്യണം… ” “സാരമില്ല…” “പിന്നെ അവിടെ അത്ര സൗകര്യം ഒന്നും ഇല്ല… ” “സാരമില്ല….” “അല്ലെങ്കിൽ നിന്നെ ഞാൻ ആദ്യം നിന്റെ വീട്ടിൽ ആക്കിത്തരാം… ” “ഞാൻ വീട്ടിലേക്ക് വരുന്നത് ഇഷ്ടമില്ലെങ്കിൽ അതു പറഞ്ഞാൽ മതി… ” “എന്തെങ്കിലും കഴിച്ചിട്ട് നമുക്ക് ഇറങ്ങാൻ നോക്കാം… ” എന്നും പറഞ്ഞ് ജനനി മുറിയിലേക്ക് പോയി… കഴിക്കാൻ വന്നിരുന്നപ്പോൾ ജനനിയ്ക്ക് വിശപ്പ് കെട്ടു പോയിരുന്നു… എന്നാലും ഒരു വിധത്തിൽ കഴിച്ചു തീർത്തു… എഴുന്നേൽക്കുമ്പോൾ അഞ്ജലിയെ ഒന്നു നോക്കി…

അവൾ തന്നെ നോക്കിയാണ് ഇരിക്കുന്നത് എന്നു കണ്ടതും കണ്ണു ചിമ്മി കാണിച്ച് പുഞ്ചിരിച്ചു… രാത്രി യാത്ര അഞ്ജലിയ്ക്ക് കുറച്ച് ഭയമുള്ള കാര്യമാണെങ്കിലും ജനനിയ്ക്ക് പേടിയൊന്നും തോന്നിയില്ല… രണ്ടു പേരും മാറി മാറി വണ്ടി ഓടിച്ചു… വീട്ടിലേക്ക് എത്തുമ്പോൾ പത്തു മണി ആകാനായിരുന്നു… ഉമ്മറത്തു അവരെയും കാത്ത് അമ്മയായ രേണുക ഇരിക്കുന്നുണ്ടായിരുന്നു… സ്കൂട്ടി മുറ്റത്തു നിർത്തി ഇരുവരും ഉമ്മറത്തേക്ക് കയറി… അമ്മ ഇരുവരെയും നോക്കി പുഞ്ചിരിച്ചു.. സാരിത്തലപ്പു കൊണ്ട് കണ്ണുകൾ തുടച്ചു… അഞ്ജലി ജനനിയുടെ വീട്ടിൽ ആദ്യമായി വരികയായിരുന്നു…

എല്ലാവരും അകത്തേക്ക് നടന്നു… ഒരു ചെറിയ വാർപ്പ് വീടായിരുന്നു അത്.. അതിൽ മൂന്നു മുറികൾ ഉണ്ടെങ്കിലും കട്ടിലും അലമാരയും ഇട്ടു കഴിഞ്ഞാൽ പിന്നെ അധികം സൗകര്യം ഇല്ലായിരുന്നു… “കുളിച്ചിട്ട് വാ മക്കളെ. എന്നിട്ട് ഭക്ഷണം കഴിക്കാം… ” “ഇന്നിനി ഒന്നും വേണ്ട അമ്മേ.. കുടിക്കാൻ കുറച്ച് വെള്ളം മതി. . ” അഞ്ജലി പറഞ്ഞു … അമ്മ വെള്ളം എടുക്കാൻ പോയപ്പോൾ അഞ്ജലി സോഫയിൽ ഇരുന്നു. “അനിയത്തി ഇവിടെ ഇല്ലേ? ” “ഇല്ല.. അവൾ ഹോസ്റ്റലിലാണ്… ” “അപ്പോൾ അമ്മ തനിച്ചാണോ ഇവിടെ? ” ജനനി മറുപടി പറയും മുൻപേ മുറിയിൽ നിന്നും ഒരാളുടെ ചുമ കേട്ടു… അഞ്ജലിയ്ക്ക് വെള്ളവുമായി വന്ന അമ്മ ധൃതിയിൽ വെള്ളവുമായി മുറിയിലേക്ക് പോയി…

ചുമ പിന്നെയും ഉറക്കെ കേട്ടതും ജനനി മുറിയിലേക്ക് നടന്നു… അഞ്ജലിയും… വാതിൽപ്പടിയിൽ പിടിച്ച് ജനനി മുറിയിലേക്ക് നോക്കി… അഞ്ജലി അകത്തു ബെഡിൽ കിടക്കുന്ന ആളെ നോക്കി… ക്ഷീണം നിറഞ്ഞ മുഖം… വെളുത്ത മുഖത്തു കട്ടി മീശയും കുറ്റിത്താടിയും… അവളെ കൂടുതൽ അമ്പരപ്പിച്ചത് എന്താണെന്ന് വെച്ചാൽ ജനനിയുടെ മുഖച്ഛായ തന്നെയായിരുന്നു അയാൾക്കും… അവരെ ഒരുമിച്ച് കാണുന്ന ആർക്കും മനസ്സിലാകും അവർ സഹോദരങ്ങൾ ആണെന്ന്…

പക്ഷേ ജനനി തന്നോട് എന്തിനായിരുന്നു കള്ളം പറഞ്ഞത്… അച്ഛൻ മരിച്ചതിന്റെ അന്നു ഇറങ്ങിപ്പോയ ഏട്ടൻ മടങ്ങി വന്നില്ലെന്നു പറഞ്ഞിട്ട്… അഞ്ജലി ജനനിയുടെ മുഖത്തേക്ക് നോക്കി… “ഇതു നിന്റെ ഏട്ടനാണോ… ഏട്ടന്റെ പേര് ഓർമ്മ വരുന്നില്ലല്ലോ… ആഹ് ! ജയേഷ്… ജയേഷേട്ടനാണോ ?” പേര് ഓർത്തെടുത്തു കൊണ്ട് അഞ്ജലി തിരക്കി… ജനനി അല്ലെന്ന് തലയാട്ടി…. “നിനക്ക് ഒരു ഏട്ടനും അനിയത്തിയും അല്ലേയുള്ളൂ… ” അഞ്ജലി വീണ്ടും തിരക്കി … ജനനി ഒന്നും പറയാതെ അവിടെ നിന്നും തിരിഞ്ഞു നടന്നു… തുടരും.. ഇതിന്റെ ബാക്കി നാളെ രാവിലെ 10 മണിക്ക് അപ്ലോഡ് ചെയ്യും…

ജനനി: ഭാഗം 1

Share this story