ജനനി: ഭാഗം 3

ജനനി: ഭാഗം 3

എഴുത്തുകാരി: അനില സനൽ അനുരാധ

അഞ്ജലി ജനനിയുടെ മുഖത്തേക്ക് നോക്കി… “ഇതു നിന്റെ ഏട്ടനാണോ… ഏട്ടന്റെ പേര് ഓർമ്മ വരുന്നില്ലല്ലോ… ആഹ് ! ജയേഷ്… ” പേര് ഓർത്തെടുത്തു കൊണ്ട് അഞ്ജലി തിരക്കി… ജനനി അല്ലെന്ന് തലയാട്ടി…. “നിനക്ക് ഒരു ഏട്ടനും അനിയത്തിയും അല്ലേയുള്ളൂ… ” അഞ്ജലി വീണ്ടും തിരക്കി … ജനനി ഒന്നും പറയാതെ അവിടെ നിന്നും തിരിഞ്ഞു നടന്നു… അഞ്ജലി അവൾ പോയ വഴിയേ നോക്കി നിന്നു… “മോളെ…” അമ്മയുടെ വിളി കേട്ടു … ജനനി എന്തോ മറച്ചു വെക്കുന്നു എന്ന ചിന്തയോടെ അഞ്ജലി അമ്മയെ നോക്കി.. “ജയേഷ് വിളിക്കാറു പോലും ഇല്ല… അവൾ ഒന്നും പറഞ്ഞിട്ടില്ലായിരിക്കും അല്ലേ? ”

“അച്ഛൻ മരിച്ചതും ഏട്ടൻ ഏട്ടത്തിയേയും കൂട്ടി പോയതും അനിയത്തി ഹോസ്റ്റലിൽ നിന്നു പഠിക്കുന്നതും അമ്മയെക്കുറിച്ചും അറിയാമായിരുന്നു… ” “അപ്പോൾ ഞാൻ മാത്രമേയുള്ള പുതുമുഖം… ” ചുമ നിന്നതിന്റെ ആശ്വാസത്തിൽ ഇടർച്ചയോടെ വിഷ്ണു പറഞ്ഞു… “എട്ടന് ഇത് എന്തു പറ്റിയതാ? ” എന്നു ചോദിച്ച് അവൾ അരികിലേക്ക് ചെന്നു… “ഒരു ആക്‌സിഡന്റ്… ” “ഇപ്പോൾ അടുത്താണോ? ” “അല്ല… കുറച്ചായി…” “നടക്കാൻ ബുദ്ധിമുട്ട് ഉണ്ടോ? ” “അതേയുള്ളു… ” എന്നും പറഞ്ഞ് അവൻ പുതപ്പ് നീക്കിയതും അഞ്ജലി ഞെട്ടലോടെ മുഖം തിരിച്ചു… വലതു കാൽ പാദം ഇല്ലായിരുന്നു…

കാലിൽ ഒരു കെട്ടും… “എന്താ പേര്? ” അവൻ ചോദിച്ചപ്പോഴാണ് അവൾ ഞെട്ടലിൽ നിന്നും മുക്തയായത്… “അഞ്ജലി… ” “കുറെ നേരം യാത്ര ചെയ്തതല്ലേ… പോയിക്കിടന്നോളൂ… ” വിഷ്ണു പറഞ്ഞതും അവൾ വേഗം പുറത്തേക്ക് നടന്നു… ജനനി അകത്ത് ഇരിക്കുന്നുണ്ടായിരുന്നു… “കിടന്നാലോ? ” ജനനി തിരക്കി.. അഞ്ജലി തലയാട്ടി… ജനനി എഴുന്നേറ്റു അഞ്ജലിയേയും കൂട്ടി മുറിയിലേക്ക് നടന്നു… വാതിൽക്കൽ എത്തിയപ്പോൾ ഒന്നു തിരിഞ്ഞു നോക്കി… അമ്മ അവളെ നോക്കി നിൽക്കുന്നുണ്ടായിരുന്നു…. വലതു കൈ മുഷ്ടി ചുരുട്ടിപ്പിടിച്ച ശേഷം ഒരു നിമിഷം മിഴികൾ പൂട്ടി… പിന്നെ കണ്ണുകൾ തുറന്ന് അമ്മയെ നോക്കി പുഞ്ചിരിച്ചു…

“നാളെ ഒൻപതു മണിയ്ക്ക് കാർ വരും… ഹോസ്പിറ്റലിലേക്ക് പോകാൻ… ” എന്നും പറഞ്ഞ് മുറിയിലേക്ക് കടന്നു… വീട്ടിൽ എത്തിയപ്പോൾ മുതൽ കാണുന്നത് മറ്റൊരു ജനനിയാണെന്ന് തോന്നിപ്പോയി അഞ്ജലിയ്ക്ക്… അഞ്ജലി കട്ടിലിൽ വന്നിരുന്നു… വാതിൽ അടച്ച ശേഷം ജനനിയും… “ജനൽ തുറന്നിടണോ? ” “ഹ്മ്മ്… ” അഞ്ജലി മൂളി…. ജനൽ തുറന്നിട്ട ശേഷം ജനനി കട്ടിലിൽ ചാരി ഇരുന്നു… “ഇനി ചോദിച്ചോ… ” ജനനി പറഞ്ഞു. “എന്ത്‌? ” “സംശയങ്ങൾ… ” “അങ്ങനെയൊന്നും ഇല്ല… ” “ഉണ്ട്… അതു ജയേഷേട്ടൻ അല്ലെന്നു ഞാൻ പറഞ്ഞപ്പോൾ നിന്റെ മുഖത്തെ ഭാവം ഞാൻ ശ്രദ്ധിച്ചിരുന്നു…” “ഹ്മ്മ്… നാളെ എന്തിനാ ഹോസ്പിറ്റലിൽ പോകുന്നത്? ” “ഏട്ടന്റെ കാലിൽ പഴുപ്പുണ്ട്… ഒരു വൃണം വന്നിരുന്നു…

ഡോക്ടറെ കാണിക്കുകയും ചെയ്തതാ… പക്ഷേ… നാളെ ഹോസ്പിറ്റലിൽ പോകണം… കുറച്ചു ടെസ്റ്റുകളുണ്ട് … ചിലപ്പോൾ ഓപ്പറേഷൻ വേണ്ടി വരും.. കാലു ഒന്നു കൂടെ കയറ്റി മുറിക്കേണ്ടി വരും… ” “ഏട്ടൻ എന്ന് പറയുമ്പോൾ? ” “ഏട്ടൻ തന്നെ… പക്ഷേ… എന്തോ… അടുത്തേക്ക് ചെല്ലുമ്പോൾ കുറ്റബോധം പുറകിലേക്ക് വലിക്കുന്നു… ” “എന്തിന്? ” “അച്ഛനും അമ്മയും ചെയ്ത തെറ്റിന് മറ്റുള്ളവരുടെ പരിഹാസം ഏറ്റു വാങ്ങിയാ ഏട്ടൻ വളർന്നത്… ” “നീ ഒന്നു തെളിച്ചു പറയ്… എനിക്ക് ഒന്നും മനസ്സിലാകുന്നില്ല… ” “അച്ഛന്റെ ശരിക്കുമുള്ള ഭാര്യ വിഷ്ണുവേട്ടന്റെ അമ്മയാ…” “നിനക്ക് മുൻപ് അറിയാമായിരുന്നോ?”

“ഇല്ല… വിഷ്ണുവേട്ടനെ ഈ വീട്ടിലേക്ക് കൊണ്ടു വരുന്നത് വരെ എനിക്ക് അറിയില്ലായിരുന്നു… വിഷ്ണുവേട്ടന്റെ അമ്മ മരിച്ച ശേഷം അവിടുത്തെ ആരൊക്കെയോ ചേർന്നു വിഷ്ണുവേട്ടനെ ഇങ്ങോട്ട് കൊണ്ടു വന്നു. ആകെ ബഹളം.. ജയേഷേട്ടൻ പറഞ്ഞു വിഷ്ണുവേട്ടനെ ഈ വീട്ടിൽ കയറ്റാൻ സമ്മതിക്കില്ലെന്ന്… പക്ഷേ അച്ഛൻ കയറ്റി… അന്നിവിടെ കുറെ പ്രശ്നങ്ങൾ ഉണ്ടായി… രാത്രി അച്ഛൻ ആത്മഹത്യ ചെയ്തു… എന്റെ അമ്മയ്ക്ക് അറിയാമായിരുന്നു അച്ഛനു വേറെ ഭാര്യയും ചെറിയൊരു കുഞ്ഞും ഉണ്ടെന്ന്… എന്നിട്ടും വീട്ടുകാരെ ഉപേക്ഷിച്ചു അച്ഛനും അമ്മയും ഒന്നായി… എനിക്ക് മനസ്സു കൊണ്ട് ഇപ്പോഴും ഇതൊന്നും അംഗീകരിക്കാൻ പറ്റിയിട്ടില്ല… അമ്മയോട് ദേഷ്യപ്പെടാൻ പറ്റുന്നില്ല…. അടുക്കാനും പറ്റുന്നില്ല…

കാവ്യ ഇനി ഇങ്ങോട്ട് വരുന്നില്ലെന്ന് പറയുന്നു… പക്ഷേ പണത്തിന്റെ എന്തെങ്കിലും ആവശ്യം വന്നാൽ അവൾ അപ്പോൾ തന്നെ അമ്മയെ വിളിക്കും… തട്ടിക്കയറും… ഏട്ടനും ഇങ്ങോട്ട് വരില്ല എന്ന വാശിയിൽ തന്നെയാ… ഞാൻ കൂടെ അങ്ങനെ ചെയ്താൽ… അമ്മ ജോലിക്ക് പോകുന്നില്ല.. വീട്ടിലെ കാര്യങ്ങൾ… വിഷ്ണുവേട്ടൻ… പിന്നെ കാവ്യയുടെ കോളേജ് ഫീസ് ഹോസ്റ്റൽ ഫീസ് എല്ലാത്തിനും കൂടെ എന്തു ചെയ്യും… നമസ്സിൽ ജോലിക്ക് കയറിയതിനു രണ്ടു കാരണങ്ങൾ ഉണ്ടായിരുന്നു… ജീവിതം മുന്നോട്ട് കൊണ്ടു പോകാൻ പണം വേണം… പിന്നെ ഇവിടെ നിന്നും ഒരു മാറ്റം… ”

“നീ എന്തേ ഇതൊന്നും മുൻപ് പറഞ്ഞില്ല? ” “പറയാൻ തോന്നിയില്ല…” “നിന്റെ ഏട്ടനും അനിയത്തിയും നിന്നെയും വിളിക്കാറില്ലേ?” “ഇല്ല… ഞാൻ അമ്മയെയും വിഷ്ണുവേട്ടനെയും സപ്പോർട്ട് ചെയ്യുന്നുണ്ടെന്നാണ് ഏട്ടൻ പറയുന്നത്… പിന്നെ കാവ്യ…. അവളെ ചേർത്തു പിടിച്ചു നിർത്താൻ ഒരുപാട് ശ്രമിച്ചതാ… പറ്റിയില്ല… അവൾക്ക് എന്നെ ഒരു കാര്യത്തിനു മാത്രമേ ആവശ്യമുള്ളു. പണത്തിനു വേണ്ടി മാത്രം… അവൾ ഫാഷൻ ഡിസൈനിങ്ങില്‍ ഡിപ്ലോമ ചെയ്യുകയാണ്… ലാസ്റ്റ് സെമെസ്റ്റർ ഫീസ് അടക്കാൻ ആയിട്ടുണ്ട്.. അതു കൂടെ കഴിഞ്ഞാൽ അവൾക്ക് പിന്നെ ആരെയും വേണ്ട.. അവൾ ജോലിക്ക് പോയി സ്വന്തം കാലിൽ നിന്നോളാം എന്നൊക്കെ പറയുന്നു…

അവൾ ഒരു പയ്യനുമായി ഇഷ്ടത്തിലാ…. അച്ഛനുള്ള സമയത്തു തന്നെ വീട്ടിൽ അറിഞ്ഞിരുന്നു… ഇനി അവനുമായി യാതൊരു ബന്ധവും ഉണ്ടാകില്ല എന്നു അവൾ അച്ഛനു വാക്കും കൊടുത്തിരുന്നു… പക്ഷേ അച്ഛൻ മരിച്ച ശേഷം വീണ്ടും അവൾ ആ റിലേഷൻ തുടർന്നു… അതിനെ കുറിച്ച് ചോദ്യം ചെയ്ത എന്നോട് പറഞ്ഞത് എനിക്ക് കല്യാണം കഴിയാതെ നിൽക്കുന്നതിന്റെ അസൂയയാണെന്ന്…. അമ്മയോട് പറയുന്നു മറ്റൊരു സ്ത്രീയുടെ ഭർത്താവിനെ സ്നേഹിച്ചു വിവാഹം ചെയ്ത എന്നെ ഉപദേശിക്കാൻ അമ്മയ്ക്ക് എന്തു യോഗ്യതയാ ഉള്ളത് എന്ന്… അവൾക്കൊരു ജീവിത മാർഗ്ഗം ആക്കി കൊടുക്കാൻ സഹായിക്കുക… അതു മാത്രമേ ഇപ്പോൾ അവളുടെ കാര്യത്തിൽ എനിക്ക് ചെയ്യാൻ പറ്റൂ…

അച്ഛൻ പോയ പോലെ പാതി വഴിയിൽ ആരെയും ഉപേക്ഷിച്ചു കളയാൻ പറ്റുന്നില്ല…. നല്ല ക്ഷീണം… ഉറങ്ങിയാലോ? ” അഞ്ചു തലയാട്ടി… ജനനി ലൈറ്റ് ഓഫ്‌ ചെയ്തു.. പിന്നെ പതിയെ ഉറക്കത്തിലേക്ക് വഴുതി വീണു… *** രാവിലെ അഞ്ജലി എഴുന്നേൽക്കുമ്പോൾ ജനനി അരികിൽ ഇല്ലായിരുന്നു… എഴുന്നേറ്റു അകത്തേക്ക് ചെന്നു… അടുക്കളയിൽ നിന്നും നാളികേരം ചിരകുന്ന ശബ്ദം കേൾക്കുന്നുണ്ടായിരുന്നു… അവൾ അങ്ങോട്ട് ചെന്നു… കുളിയൊക്കെ കഴിഞ്ഞു മുടിയിൽ തോർത്തും കെട്ടി വെച്ച് ധൃതിയിൽ നാളികേരം ചിരകുന്നുണ്ട്… അടുപ്പത്ത് ഇരിക്കുന്ന പുട്ടുംകുടത്തിൽ നിന്നും ആവി പറക്കുന്നുണ്ടായിരുന്നു…

ജനനി എഴുന്നേൽക്കുമ്പോഴാണ് അഞ്ജലിയെ കണ്ടത്… ജനനി പുഞ്ചിരിച്ചു… പിന്നെ വേഗം പുട്ടുണ്ടാക്കാൻ തുടങ്ങി… “ഇനി ഇരുന്ന് ആവി വരട്ടെ… നീ വാ ഞാൻ പേസ്റ്റ് എടുത്തു തരാം… ” “ബ്രഷ്? ” “എന്റെ മതിയോ? ” “അയ്യേ ! പോടീ…” “ഇന്നു തല്ക്കാലം പൽപ്പൊടി വെച്ച് അഡ്ജസ്റ്റ് ചെയ്യ്… ” “ആഹ് ! അതു മതി… ” ജനനി അവളെ പിന്നാമ്പുറത്തേക്ക് കൊണ്ടു പോയി… പൽപ്പൊടിയും വെള്ളവും എടുത്തു കൊടുത്തു… “എടീ നീ ഇതു കഴിഞ്ഞു കുളിച്ചിട്ട് വാ… അമ്മ അമ്പലത്തിൽ പോയതാ ഞാൻ അടുക്കളയിൽ കാണും…” “ഹ്മ്മ്… ”

** ഒൻപതു മണി ആകുമ്പോഴേക്കും പോകാനുള്ള ഒരുക്കങ്ങൾ കഴിഞ്ഞിരുന്നു… “അഞ്ചു വേണേൽ എന്റെ വണ്ടി എടുത്തു വീട്ടിൽ പൊയ്ക്കോ.. ” ജനനി പറഞ്ഞു . “വേണ്ട മോളെ… ഞാനും ഹോസ്പിറ്റലിലേക്ക് വരികയാണ്… ഇന്നൊരു പെണ്ണുകാണൽ ഉണ്ട്.. വെറും പെണ്ണുകാണൽ അല്ല മോളെ… ചെക്കന്റെ അച്ഛനും അമ്മയും മുൻപ് കണ്ടിട്ട് പോയതാ… ഇന്ന് അവരുടെ മോനെയും കൂട്ടി വരാനുള്ള പരിപാടിയാണ്… അവർ വന്നു പൊയ്ക്കോട്ടെ. നമുക്ക് തിരിച്ചു പോകുമ്പോൾ എന്റെ വീട്ടിൽ ഒന്നു മുഖം കാണിക്കാം… ” “നിന്റെ ഇഷ്ടം… ഇതിന്റെ പേരിൽ എന്തെങ്കുലും വഴക്ക് കേട്ടാൽ എന്റെ തലയിൽ ഇടരുത്… ”

“ഇല്ലെടി പെണ്ണേ…” കുറച്ചു കഴിഞ്ഞപ്പോൾ ഹോസ്പിറ്റലിൽ പോകാൻ വണ്ടി വന്നു… അച്ഛന്റെ സുഹൃത്തിന്റെ വണ്ടിയായിരുന്നു… വിഷ്ണുവേട്ടനെ ഹോസ്പിറ്റലിൽ കൊണ്ടു പോകുമ്പോൾ വിനയേട്ടന്റെ വണ്ടിയിൽ തന്നെയാണ് സ്ഥിരം കൊണ്ടു പോകുക… ഹോസ്പിറ്റലിലെ കാര്യങ്ങൾക്കു വലിയ സഹായമാണ്… ടെസ്റ്റുകൾ ചെയ്യാൻ കൂടെ പോകാനും മരുന്ന് വാങ്ങിക്കാനും എല്ലാം മുൻപിൽ നിൽക്കും… അതു തന്നെ വലിയ സഹായം ആയിരുന്നു… പണത്തിന്റെ കുറവേയുള്ളൂ.. സഹായം ചെയ്യാനുള്ള മനസ്സിന്റെ വലുപ്പം വെച്ചു നോക്കുമ്പോൾ അയാൾ സമ്പന്നൻ ആയിരുന്നു.

വ്യാഴാഴ്ച ഓപ്പറേഷൻ ചെയ്യാം എന്നു പറഞ്ഞു… ബുധനാഴ്ച അഡ്മിറ്റ്‌ ആകാനും പറഞ്ഞിരുന്നു… അവിടെ നിന്നും ഇറങ്ങുമ്പോൾ ജനനിയ്ക്ക് മനസ്സിന് ഭാരം തോന്നി… വിഷ്ണുവേട്ടന്റെ മുഖത്തേക്ക് നോക്കിയപ്പോൾ ഒരു നീറ്റൽ… ഇനിയും കാൽ കയറ്റി മുറിക്കുക… ആലോചിച്ചു നോക്കും തോറും തല വേദന കൂടി കൊണ്ടിരുന്നു… വീട്ടിൽ എത്തി വിഷ്ണുവിനെ മുറിയിൽ കൊണ്ട് ഇരുത്തിയ ശേഷമാണ് വിനയൻ പോയത്… വീട്ടിൽ എത്തിയപ്പോൾ വിശപ്പ് കെട്ടു പോയതു പോലെ… അമ്മ വിഷ്ണുവേട്ടനുള്ള ചോറെടുത്ത് പോകുന്നത് കണ്ടു… കുറച്ചു കഴിഞ്ഞതും അതുമായി പുറത്തേക്ക് വന്നു… ജനനിയും അഞ്ജലിയും അമ്മയെ നോക്കി…

“വിശപ്പില്ലെന്ന്… ” അമ്മ പറഞ്ഞു… ജനനി കൈ കഴുകി അമ്മയുടെ കയ്യിൽ നിന്നും പ്ലേറ്റ് വാങ്ങി… പിന്നെ അവന്റെ അരികിലേക്ക് നടന്നു… കണ്ണിനു കുറുകെ കൈ വെച്ചു കിടക്കുകയായിരുന്നു വിഷ്ണു… ചുമലിൽ അവൾ തൊട്ടതും അവൻ കൈ മാറ്റി… അവന്റെ കണ്ണുകൾ ഒഴുകുന്നു… അവളുടെ കണ്ണുകളും നിറഞ്ഞു… “ഭാരമാകുകയാണല്ലേ ഞാൻ? ” അവൾ അല്ലെന്ന് തലയാട്ടി… “എനിക്ക് അറിയാം.. ഞാൻ കാരണമല്ലേ നിന്റെ ജീവിതം ഇങ്ങനെ…” “അതൊന്നും ഓർക്കേണ്ട ഏട്ടാ… ” അവന്റെ കണ്ണുകൾ വിടർന്നു… ആദ്യമായാണ് അവളുടെ നാവിൽ നിന്നും അങ്ങനെ ഒരു വിളി കേൾക്കുന്നത്.. അവൻ കൈകൾ കുത്തി എഴുന്നേറ്റിരുന്നു… “വാരിത്തരട്ടെ? ” “വേണ്ട… എന്നെ ഒന്നു മെല്ലെ പിടിച്ച് ആ കസേരയിൽ ഇരുത്തിയാൽ മതി…

അവൾ ചോറ് മേശമേൽ വെച്ചു… അവനെ കസേരയിൽ ഇരിക്കാൻ സഹായിച്ചു… അവൻ കഴിച്ചു തീരുന്നതു വരെ അവൾ അവിടെ ഇരുന്നു… റൂമിൽ ഇരിക്കുന്ന ബെയ്സനിലേക്ക് കൈ കഴുകിപ്പിച്ചു.. തിരികെ ബെഡിൽ ഇരുത്തി… “ഇന്നു പോകുമോ? ” അവൾ പ്ലേറ്റ് എടുത്ത് പുറത്തേക്കു നടക്കുമ്പോൾ അവൻ പുറകിൽ നിന്നും വിളിച്ചു ചോദിച്ചു… അവൾ തിരിഞ്ഞു നോക്കിയ ശേഷം തലയാട്ടി… “ഓപ്പറേഷന്റെ അന്നു വരുമോ?” …….. “ലീവ് കിട്ടില്ലല്ലേ? ” അവൾ അവന്റെ മുഖത്തേക്ക് നോക്കി കുറച്ചു നേരം കൂടി നിന്നു. പിന്നെ മുറിയിൽ നിന്നും പോയി… മൂന്നുമണിയോട് കൂടി ജനനിയും അഞ്ജലിയും വീട്ടിൽ നിന്നും ഇറങ്ങി… “മോളെ ..

കാവ്യയുടെ ഫീസ്… ” അവൾ പടികൾ ഇറങ്ങുമ്പോൾ അമ്മ വീണ്ടും ഓർമ്മിപ്പിച്ചു… “മറന്നിട്ടില്ല… ” എന്നും പറഞ്ഞ് മുറ്റത്തേക്ക് ഇറങ്ങി… സ്കൂട്ടിയിൽ ഇരുവരും കയറി ഇരുന്നു… യാത്ര പറഞ്ഞ ശേഷം വണ്ടി സ്റ്റാർട്ട്‌ ചെയ്തു… *** നാലുമണി കഴിഞ്ഞിരുന്നു അഞ്ജലിയുടെ വീട്ടിൽ എത്തുമ്പോൾ… വീട്ടു മുറ്റത്തു ഒരു ബൈക്ക് ഇരിപ്പുണ്ടായിരുന്നു… “പെട്ടു മോളെ… ” ജനനി വണ്ടി നിർത്തുമ്പോൾ പുറകിൽ ഇരുന്ന് അഞ്ജലി പറഞ്ഞു… “എന്താടി പ്രശ്നം? ” “പ്രശ്നം ഉമ്മറത്ത് ഇരിപ്പുണ്ട് മോളെ.. ” ജനനി ഉമ്മറത്തേക്ക് നോക്കി.. ആരൊക്കെയോ അവിടെ ഇരിപ്പുണ്ട്… “നമുക്ക് മുങ്ങിയാലോ? ” അപ്പോഴേക്കും അഞ്ജലിയുടെ അച്ഛനും ഏട്ടനും മുറ്റത്തേക്ക് ഇറങ്ങി വന്നു…

“കൃത്യ സമയത്തു എത്തിയല്ലോ… നീ ഇവിടെ ഇല്ലെന്ന് പറഞ്ഞപ്പോൾ നിന്റെ ഫോട്ടോ ചോദിച്ചു… ചെറുക്കന് ഇഷ്ടപ്പെട്ട മട്ടുണ്ട്…” അച്ഛൻ പറഞ്ഞു… അഞ്ജലി മുഖം വീർപ്പിച്ചു പിടിച്ചു . “കളിക്കാൻ നിൽക്കാതെ വാ അഞ്ചു… ” എന്നും പറഞ്ഞ് ഏട്ടൻ അവളുടെ കയ്യും പിടിച്ച് ഉമ്മറത്തേക്ക് നടന്നു… “മോളും വാ… ” അച്ഛൻ ജനനിയെ വിളിച്ചു… “ഞാൻ ഇവിടെ എവിടെയെങ്കിലും നില്ക്കാം അങ്കിൾ… അവരു കണ്ടു പൊയ്ക്കോട്ടെ… ” “അവളൊരു കൂട്ടുകാരിയുടെ വീട്ടിൽ പോയതാ എന്നു ഞാൻ പറഞ്ഞിരുന്നു…

രണ്ടും കൂടെ എപ്പോൾ ഇങ്ങോട്ട് എത്തും എന്ന് ഞങ്ങൾ പറഞ്ഞിരിക്കുമ്പോഴാ നിങ്ങൾ വന്നത്… ഇവിടെ നിൽക്കാതെ വാ മോളെ… ” എന്നും പറഞ്ഞ് അച്ഛൻ നടന്നപ്പോൾ ജനനിയ്ക്ക് കൂടെ ചെല്ലാതിരിക്കാൻ കഴിഞ്ഞില്ല… ” “എങ്ങനെയുണ്ട് പെണ്ണ്… ഇഷ്ടപ്പെട്ടോ നിനക്ക്? ” ആരോ ചോദിക്കുന്ന ശബ്ദം കേട്ടാണ് ജനനി ആ വീടിന്റെ പടികൾ കയറിയത്… “ഇഷ്ടപ്പെട്ടു.. ” എന്നു ചിരിയോടെ പറയുന്ന ആളെ കണ്ടതും ജനനി തറഞ്ഞു നിന്നു…… തുടരും..

ജനനി: ഭാഗം 2

Share this story