മാംഗല്യം തന്തുനാനേനാ : ഭാഗം 7- അവസാനിച്ചു….

മാംഗല്യം തന്തുനാനേനാ : ഭാഗം 7- അവസാനിച്ചു….

എഴുത്തുകാരി: ശ്രുതി കൃഷ്ണ

സന്ധ്യയോടെ വീട്ടിൽ തിരിച്ചെത്തിയിട്ടും കല്യാണക്കാര്യം അച്ഛനും അമ്മയും വിട്ടമട്ടില്ല…പെണ്ണുകാണൽ ചടങ്ങിൽ തന്നെ വിവാഹം വിവാഹം മുടങ്ങിയെന്ന ദുഃഖം പ്രതീക്ഷിച്ച മുഖങ്ങളിൽ മുൻപുള്ളതിനേക്കാൾ ഇരട്ടി സന്തോഷം കാണാനിടയായി…എന്നെ ഇഷ്ടമല്ലെന്ന കാര്യം അവൾ ആരോടും പറഞ്ഞില്ലെന്നുള്ളത് എന്നെ അത്ഭുതപ്പെടുത്തി…ഇനി അവളെന്നെ കളിപ്പിച്ചതാകുമോ എന്ന ചിന്ത പോലും വന്നു… അഭിനയിക്കാൻ അവൾ മിടുക്കിയാണ്…മുൻപരിചയമുണ്ടായിട്ടും അന്ന് ബീച്ചിൽ വയ്ച്ചു തകർത്തഭിനയിച്ചവളാണ്… എത്രയൊക്കെ ആശ്വസിക്കാൻ ശ്രമിച്ചിട്ടും സത്യമെന്താണെന്ന് എനിക്ക് മനസിലാവാതെ വന്നു…

ഒടുവിൽ അവൾ തന്നെ പിന്മാറുന്നതിനായി കാത്തിരിക്കാമെന്ന് തീരുമാനിച്ചു… ഇനിയൊരു കല്യാണത്തിന് അച്ഛനുമമ്മയും നിർബന്ധിക്കുമ്പോൾ ഈ കാരണം പറഞ്ഞു തന്നെ ഒഴിയാമല്ലോ… പിന്നെയും രണ്ടുമൂന്നു ദിവസങ്ങൾ കടന്നുപോയി… കാര്യങ്ങളെല്ലാം മുടക്കം കൂടാതെ മുൻപോട്ട് നീങ്ങുന്നതല്ലാതെ ഞാൻ പ്രതീക്ഷിച്ചത് പോലൊന്നും സംഭവിച്ചില്ല…അതിനിടെ രണ്ടാഴ്ചയ്ക്കുള്ളിൽ വളരെ ലളിതമായി അമ്പലത്തിൽ വയ്ച്ചു തന്നെ വിവാഹം നടത്താൻ തീരുമാനമായി…അവളെ ഒന്നുകൂടി കാണാനും സംസാരിക്കാനും ഞാൻ വളരെയധികം പരിശ്രമിച്ചു…

ഒടുവിൽ വളരെ ബുദ്ധിമുട്ടി ഫോണ് നമ്പർ സംഘടിപ്പിച്ചു…വിളിക്കണോ വേണ്ടയോ എന്ന് ഒരുപാട് തവണ കണക്ക്കൂട്ടി ആലോചിച്ചതിന് ശേഷമാണ് വിളിച്ചത്… അങ്ങനൊരു വിളി അവളും പ്രതീക്ഷിച്ചില്ലെന്ന് തോന്നി…ഒരുനിമിഷത്തേ മൗനത്തിന് ശേഷം ഞങ്ങൾ സംസാരിച്ചു തുടങ്ങി… “ഇയാളെന്താ കല്യാണത്തിനു സമ്മതമല്ലെന്ന് വീട്ടിൽ അറിയിക്കാതിരിക്കുന്നെ?” “മാഷ് എന്താ വീട്ടിൽ പറയാത്തത്? മാഷിന് എന്നെ വിവാഹം ചെയ്യാൻ ഇഷ്ടമാണോ…?” പെട്ടെന്നവൾ ചോദിച്ചപ്പോൾ എനിക്ക് ഉത്തരമില്ലാതായി… അതേ എന്ന് മനസിന്റെ ഏതോ ഒരുകോണിൽ നിന്നും മുഴങ്ങി കേൾക്കുന്നുണ്ട്…

പക്ഷേ പെണ്ണ് കാണലിന്റെ അന്ന് അവൾ പറഞ്ഞതെല്ലാം ഓർമ വന്നപ്പോൾ മൗനം പാലിച്ചു… “പറ മാഷേ… ഇഷ്ടമാണോ എന്നെ…” ഇഷ്ടക്കേടിന് പകരം എന്റെ മനസ്സറിയാനുള്ള ഒരുതരം ആകാംഷയാണ് ആ ചോദ്യത്തിൽ തെളിഞ്ഞത്… “അങ്ങനെയൊന്നും ഞാൻ….” “ശെരി… ഇവിടെ എനിക്ക് ഇഷ്ടമല്ലെന്ന് പറഞ്ഞിട്ട് ആരും സമ്മതിക്കുന്നില്ല… അമ്മ ഇടഞ്ഞു നിൽക്കുവാ…ഇപ്പോൾ വിളിച്ചതൊക്കെ അറിഞ്ഞാൽ കുഴപ്പാവും മാഷേ… ആത്മഹത്യ ഭീഷണിയൊക്കെയുണ്ട്…മാഷ് ഒരുപകാരം ചെയ്യണം… എന്നെ ഇഷ്ടമല്ലെന്ന് വീട്ടിൽ പറയണം… വിവാഹത്തിന് സമ്മതമല്ലെന്ന് അറിയിക്കണം…

ഇതിൽ നിന്നും പിന്മാറണം… മാഷിന് ഇതുവരെ അങ്ങനെയൊന്നും തോന്നാത്ത സ്ഥിതിക്ക് കാര്യങ്ങൾ ധരിപ്പിക്കാനും മനസിലാക്കിക്കുവാനും എളുപ്പമായിരിക്കും…” ഞാൻ മറുത്തെന്തെങ്കിലും പറയും മുൻപേ ഒറ്റശ്വാസത്തിൽ അവളുടെ ഭാഗം പറഞ്ഞു തീർത്തു കാൾ കട്ടാക്കി… വീണ്ടും വിളിക്കാൻ എനിക്കും തോന്നിയില്ല… അവളെല്ലാം കാര്യമായി തന്നെയാണ് പറയുന്നതെന്ന് മനസിലായി… എല്ലാം അമ്മയോടും അച്ഛനോടും തുറന്ന് പറയാനും വിവാഹത്തിൽ നിന്ന് പിന്മാറാനും തന്നെ തീരുമാനിച്ചു…രാത്രിയിൽ ഭക്ഷണം കഴിഞ്ഞ് എല്ലാവരും കൂടി ഉമ്മറത്തിരിക്കുമ്പോൾ തന്നെ കാര്യമവതരിപ്പിച്ചു…

എത്രയൊക്കെ സീരിയസ് ആയിട്ട് പറഞ്ഞിട്ടും അച്ഛനും അമ്മയും അത് കാര്യമാക്കിയെടുക്കാതെ പരസ്പരം നോക്കി പുഞ്ചിരിക്കുകയായിരുന്നു… എന്ത്കൊണ്ടോ ആരുമെന്നെ മനസിലാക്കുന്നില്ലെന്നത് എന്നെ ചൊടിപ്പിച്ചു… “എന്റെ കണ്ണാ… നിന്റെയൊരു കാര്യം… ആദ്യം നിനക്ക് ഇഷ്ടമല്ലെന്ന് പറഞ്ഞു… ഇപ്പോൾ അവൾക്ക് ഇഷ്ടമല്ലെന്ന് പറയുന്നു… നാളെ ഞങ്ങൾക്കിഷ്ടമല്ലെന്നാണോ നീയിത് മുടക്കുവാൻ കണ്ടുപിടിക്കുന്ന കാരണം?” അമ്മയും അച്ഛനും എന്നെ കളിയാക്കി പൊട്ടിച്ചിരിച്ചു… “അമ്മേ ഞാൻ പറയുന്നത് സത്യമാണ്… അവളുടെ അമ്മ നിർബന്ധിച്ചത് കൊണ്ടാണ് അവൾ…”

“നിർത്തു കണ്ണാ… മതി പറഞ്ഞത്…അന്നക്കുട്ടിയ്ക്ക് ഇഷ്ടമല്ലെങ്കിൽ അവൾ പറഞ്ഞോളും… അതിനുള്ള തന്റെടമൊക്കെ അവൾക്കുണ്ട്… പിന്നേ ഇനി നിനക്ക് ഇഷ്ടമല്ലെന്നോ മറ്റോ കള്ളം പറഞ്ഞു വന്നാൽ നല്ല തല്ല് വയ്ച്ചു തരും ഞാൻ…” അമ്മ എനിക്ക് നേരെ കയ്യോങ്ങി കാട്ടി… ഇനിയും സംസാരിച്ചിട്ട് കാര്യമില്ലെന്ന് തോന്നി…നിരാശയോടെ മുറിയിലേക്ക് കടന്നു…എന്റെ പദ്ധതികളെല്ലാം ചീറ്റിപ്പോയെന്ന് അവളെയറിയിക്കാനായി പിന്നെയും വിളിച്ചു… മെസ്സേജ് അയച്ചു നോക്കി…ഒന്നിനും പ്രതികരണമില്ലാത്തിരുന്നപ്പോൾ വല്ലാതെ ദേഷ്യം തോന്നി… കുറേ ആലോചിച്ചപ്പോൾ വീണ്ടുമാ സംശയം വന്നു..

അവൾ പറ്റിക്കുകയാണോ എന്ന്…എന്നാൽ അവൾ വീട്ടുതടങ്കലിൽ ആയിരിക്കുമോ എന്ന ചിന്തയിൽ ആ സംശയം ഇല്ലാതായി…നേരിട്ട് അവളുടെ വീട്ടിലേക്ക് പോകാനിറങ്ങിയ വഴിയേ അവളുടെ അമ്മ വല്ല കടുംകൈയ്യും ചെയ്താലോ എന്ന പേടി പിൻപോട്ട് വലിച്ചു…അതുപോലെ എന്റെ അച്ഛന്റെയും അമ്മയുടെയും സന്തോഷം തല്ലിക്കെടുത്തുന്നതിലും വേദന തോന്നി… വിവാഹത്തിന് മൂന്ന് നാളുകൾ ബാക്കിയുള്ളപ്പോഴാണ് തല്ക്കാലം നാട്ടിൽ നിന്നും മാറി നിൽക്കാമെന്ന് കരുതിയത്…ചെന്നൈയിൽ ഉള്ള സുഹൃത്തിന്റെ അടുത്തേക്ക് പോകാമെന്നു തീരുമാനിച്ചു…

രാത്രിയ്ക്ക് രാത്രിയുള്ള ഒളിച്ചോട്ടം… മുൻപൊരിക്കൽ പട്ടാളത്തിൽ ചേരാൻ സമ്മതിക്കാതെ വന്നപ്പോഴും ഈ മാർഗം പ്രയോഗിച്ചതാണ്…അന്ന് പക്ഷേ കൊച്ചിയിലുള്ള അമ്മാവന്റെ അടുക്കലേക്കായിരുന്നു ഒളിച്ചോട്ടം… സുഹൃത്തിനെ വിളിച്ച് കാര്യങ്ങൾ ഏർപ്പാടാക്കി… വിസ ശെരിയാവുന്നത് വരെ അവിടെ തുടരാമെന്ന് കരുതി…ആരും അറിയാതെ ബാഗൊക്കെ ശെരിയാക്കി വയ്ച്ചു… പക്ഷേ എന്റെ കണക്ക് കൂട്ടലുകളെല്ലാം തെറ്റിച്ചു പിറ്റേന്ന് രാത്രിയിൽ അച്ഛന് ചെറിയൊരു നെഞ്ചു വേദന വന്നു…കല്യാണത്തിന്റെ കാര്യങ്ങൾക്കായി കുറച്ചു ദിവസം വിശ്രമമില്ലാതെ ഓടി നടന്നതിന്റെ ഫലം…

ഹോസ്പിറ്റലിൽ കൊണ്ട് പോയിട്ടും ടെസ്റ്റുകൾക്കായി അഡ്മിറ്റ്‌ ചെയ്യാൻ പറഞ്ഞിട്ടും വിവാഹം കഴിയാതെ ഒന്നിനുമില്ലെന്ന് പറഞ്ഞു വാശിപിടിച്ചു തിരികെ പോന്നു…അച്ഛനെയും അമ്മയെയും അങ്ങനൊരു അവസ്ഥയിൽ ഒറ്റയ്ക്കാക്കനോ.. സങ്കടപ്പെടുത്താനോ കഴിയുമായിരുന്നില്ല… വരുന്നത് പോലെ എന്ന ചിന്തയായിരുന്നു പിന്നീടങ്ങോട്ട്… ഒരു ദിവസം കൂടെ വേഗത്തിൽ കടന്നുപോയി… വളരെ ലളിതമായ ചടങ്ങായതുകൊണ്ട് തലേന്ന് മുതലായിരുന്നു ബന്ധുക്കളുടെ കടന്നു വരവ്…മനസ് ശരിയല്ലാത്ത അവസ്ഥയിൽ വീട്ടിലാകെ ബഹളം കൂടിയായത്തോടെ വല്ലാത്ത വീർപ്പുമുട്ടൽ അനുഭവപ്പെട്ടു…

ഉറക്കം നഷ്ടപ്പെട്ടു…മിനിറ്റുകളും മണിക്കൂറുകളും ശരവേഗത്തിൽ സഞ്ചരിച്ചു കണ്ണടച്ചു തുറക്കും മുൻപേ വിവാഹദിനവും വന്നെത്തി… രാവിലെ ഒരുക്കാമെന്ന് പറഞ്ഞു കൂട്ടുകാര് കടന്നു വന്നപ്പോൾ ഒരു പാവയാപ്പൊക്കെയാണ് നിന്ന് കൊടുത്തത്… മനസ്സറിഞ്ഞപോലെ അവന്മാർ ഓരോന്ന് ചോദിക്കുമ്പോൾ ഒന്നുമില്ലെന്ന് പറഞ്ഞു ഒഴിഞ്ഞു മാറി…താലികെട്ടൽ ചടങ്ങിന് അമ്പലനടയിലേക്ക് കയറുമ്പോഴേ കണ്ടു തിരുനടയിൽ കണ്ണടച്ചു കൈകൂപ്പി നിന്ന് പ്രാർത്ഥിക്കുന്നവളെ…എന്റെയും അവളുടെയും ഒഴികെ മറ്റെല്ലാവരുടെയും നോട്ടം എന്നിലാണെന്ന് തോന്നി…

ഇത്തിരി മാറി അവളുടെ അമ്മയേയും സഹോദരങ്ങളെയും രണ്ടുമൂന്നു ബന്ധുക്കളെയും കണ്ടു…അവരെ നോക്കിയൊന്നു പുഞ്ചിരിച്ചെന്ന് വരുത്തി ഞാൻ അവളിലേക്കെന്റെ ശ്രദ്ധി തിരിച്ചു…. സെറ്റും മുണ്ടുമാണ് അവളുടെ വേഷം… കഴുത്തിൽ ചെറിയൊരു മാലയും കൈകളിൽ നേരിയ സ്വർണ വളകളും… കുഞ്ഞു ജിമുക്കിയും നെറ്റിയിലെ ചുവന്ന കുഞ്ഞി പൊട്ടും മുടി നിറയെ ചൂടിയ മുല്ലപ്പൂവും പെണ്ണിന് വല്ലാത്ത അഴക് തന്നെയാണ്…വരന്റെ വേഷത്തിൽ അരികിൽ ചെന്നു നിന്ന് ഒറ്റകൈ നെഞ്ചിൽ വയ്ച്ചു വിഗ്രഹത്തെ തൊഴുമ്പോൾ മനസ് ശൂന്യമായിരുന്നു…

കണ്ണടച്ചു അല്പനേരം നിൽക്കുമ്പോൾ തന്നെ നിറയെ കരിമഷിയെഴുതിയ ഒരുവളുടെ കൂർപ്പിചുള്ള നോട്ടം ഞാൻ അറിയുന്നുണ്ടായിരുന്നു… താലി കെട്ടിനായി പരസ്പരം നോക്കി നിൽക്കുമ്പോൾ കണ്ണുകൾ തമ്മിലിടഞ്ഞു…വെപ്രാളപ്പെട്ട് ഞാൻ നോട്ടം മാറ്റിയത് ആൾക്കൂട്ടത്തിനിടയിൽ എന്നെ പുച്ഛത്തോടെ നോക്കി നിൽക്കുന്ന അമ്മായിയുടെയും കീർത്തിയുടെയും മുഖത്തേക്കാണ്… എന്തിനോ വീണ്ടുമൊരു വല്ലായ്മ മനസ്സിൽ നിറഞ്ഞു… ഇടയ്ക്കെപ്പോഴോ കണ്ട അച്ഛന്റെയും അമ്മയുടെയും നിറഞ്ഞ കണ്ണുകളും ചിരിച്ച മുഖവും വീണ്ടുമെന്നേ വേദനിപ്പിച്ചു… “”””

മാംഗല്യം തന്തുനാനേന മമ ജീവന ഹേതുനാ കണ്ഠേബധ്നാമി ശുഭകേ ത്വം ജീവശാശ്വതംശതം””””” മന്ത്രോചാരണങ്ങളുടെ അകമ്പടിയോടെ താലി കെട്ടിക്കോളൂ എന്ന് തിരുമേനി പറഞ്ഞപ്പോൾ ഉടലൊന്നാകെ വിറച്ചുവോ?… പൂജിച്ച മഞ്ഞചരടിൽ കോർത്ത താലി കയ്യിൽ പിടിച്ച് തിരുമേനി എന്നെ ചോദ്യരൂപേണ നോക്കി… ഒപ്പം മറ്റെല്ലാവരും… “ആ ഒറ്റക്കയ്യും വച്ച് അവനെങ്ങനെ കേട്ടാനാ… മോളേ കീർത്തീ നീയൊന്ന് ചെന്ന് സഹായിക്കു…. പെങ്ങളുടെ സ്ഥാനത്ത്‌ നിന്ന് താലി മുറുക്കികൊടുക്ക്…” പുച്ഛത്തോടെ എന്നെ നോക്കി അടുത്ത് നിൽക്കുന്ന മകളോട് അമ്മായി ഉച്ചത്തിൽ പറഞ്ഞപ്പോൾ ഞാനാകെ വല്ലാതായി…ഒരിക്കലീ താലി സമ്മാനിക്കണമെന്ന് കരുതിയവൾ എത്ര പെട്ടെന്നാണ് സഹോദരിയായത്…

ആൾക്കൂട്ടത്തിനിടയിൽ നിന്ന് അന്നമ്മയുടെ അരികിലേക്ക് കീർത്തി മാറി നിന്നു…ആരെയും കാണാൻ ശക്തിയില്ലാത്തത് പോലെ എന്റെ മിഴികൾ പിടച്ചു… “ഒരു താലി കെട്ടാൻ പോലും സഹായം ചോദിക്കേണ്ട ഗതികേടുണ്ടോ എന്റെ മാഷിന്…” കാതോരം ചേർന്നു നിന്ന് ചോദിച്ച പെണ്ണിനെ അത്ഭുതത്തോടെ നോക്കി…കുസൃതി ചിരിയോടെയുള്ള കുഞ്ഞിക്കണ്ണുകൾ ഉള്ളിൽ തണുപ്പേകി…തിരിമേനിയിൽ നിന്നും താലി വാങ്ങി…കെട്ട് മുറുക്കാനായി വന്ന കീർത്തിയുടെ മുഖത്ത് നോക്കി ഇച്ചിരി ഉച്ചത്തിൽ തന്നെ മാറി നിൽക്കാൻ പറഞ്ഞു… ” താലി കെട്ടാൻ എനിക്കീ ഒറ്റകൈ തന്നെ ധാരാളമാ….”

മഞ്ഞച്ചരടിന്റെ ഒരറ്റം കടിച്ച് പിടിച്ച് മറ്റെ അറ്റം ഒരു കൈ കൊണ്ട് എന്റെ പെണ്ണിന്റെ കഴുത്തിലൂടെ ചുറ്റിയെടുത്ത് അതിസാഹസികമായി താലി കെട്ടുന്ന എന്നെ കണ്ട് കാഴ്ചക്കാരെല്ലാം മൂക്കത്ത്‌ വിരൽ വയ്ച്ചു…ഇത്തിരി നേരമെടുത്താണെങ്കിലും മൂന്ന് കെട്ടും മുറുക്കുമ്പോൾ എന്റെ കണ്ണുകൾ കണ്ണടച്ചു കൈ കൂപ്പി പ്രാർത്ഥിക്കുന്നവളിലായിരുന്നു… നെറ്റിയിൽ സിന്ദൂരം ചാർത്തുമ്പോൾ കണ്ണ് തുറന്നവൾ പ്രണയത്തോടെ നോക്കി…. പതിയെ ഒരു വിജയച്ചിരി എന്റെ ചൊടികളിലും പ്രത്യക്ഷപ്പെട്ടു…വിളറി നിൽക്കുന്ന അമ്മായിയുടെയും കീർത്തിയുടെയും മുഖം കണ്ടപ്പോൾ ചിരിയുടെ മാറ്റ് ഒന്നു കൂടി വർധിച്ചു…

കന്യാദാന ചടങ്ങിൽ അവളുടെ അമ്മയാ കൈകൾ എന്റെ കയ്യിലേക്ക് ചേർത്തു വയ്ക്കുമ്പോൾ അവളെന്റെ കയ്യിൽ മുറുകെ പിടിച്ചിരുന്നു…പ്രദക്ഷിണ വഴികളിലുടനീളം ഞങ്ങൾ കൈകോർത്ത് ചേർന്നു നിന്നു… എല്ലാവരുടെയും അനുഗ്രഹത്തോടെ അവളെന്റെ നല്ല പാതിയായി… അവൾക്കെന്നോടുള്ള സ്നേഹത്തിനു ഒരു കോട്ടവും വന്നിട്ടില്ലെന്ന് ഇതിനോടകം എനിക്കുറപ്പായിരുന്നു… കല്യാണം കഴിഞ്ഞു പതിവുപോലെ ഫോട്ടോസെക്ഷനിലേക്ക് കാര്യങ്ങൾ കടന്നു…അച്ചുവും കിച്ചുവും കടുത്ത ജോലിയിലാണ്…ബന്ധുക്കളുടെ കൂടെയുള്ള എടുപ്പൊക്കെ കഴിഞ്ഞ് ഞാനും അവളും മാത്രമായി അമ്പലക്കുളത്തിനടുത്തേക്കു നീങ്ങി…

രണ്ട് മൂന്ന് പോസൊക്കെ കഴിഞ്ഞപ്പോഴേ അവന്മാരെ ഞങ്ങൾ ഓടിച്ചു വിട്ടു…കുളത്തിലേക്ക് കാല് നീട്ടിയിരിക്കുന്നവളെ മുകളിലുള്ള പടവിലിരുന്നു ഞാൻ കണ്ണിമയ്ക്കാതെ നോക്കി നിന്നു… “എന്താ മാഷേ ഇങ്ങനെ നോക്കുന്നെ?” തിരിഞ്ഞു നോക്കാതെ തന്നെ അവളുടെ ചോദ്യമെത്തി…തെളിഞ്ഞ വെള്ളത്തിൽ കുറച്ചു മാറി കാണുന്ന ഞങ്ങളുടെ പ്രതിബിംബത്തിലേക്ക് നോക്കി ഞാനും ചിരിച്ചു… കൂടെ അവളും… “നമ്മൾക്ക് രണ്ടാൾക്കും ഇഷ്ടമല്ലാത്ത സ്ഥിതിക്ക് ഡിവോഴ്സ് തന്നെയാണ് നല്ലത്… മ്യൂച്ചൽ ആകുമ്പോൾ എളുപ്പമാ… പക്ഷേ ഒരു വർഷം കാത്തിരിക്കണം…” ചിരിയോളിപ്പിച്ചു ഗൗരവമായി പറഞ്ഞപ്പോൾ ഒരു നിമിഷം അവളൊന്നു നിശ്ചലയായി…

“ഡിവോഴ്സ് തരാൻ സൗകര്യപ്പെടില്ലെങ്കിലോ..” പതിയെ എണീറ്റ് ഇടുപ്പിൽ കയ്യൂന്നി ചുണ്ട് കൂർപ്പിച്ചവൾ ചോദിച്ചപ്പോൾ അടക്കി നിർത്തിയ എന്റെ ചിരി മറ നീക്കി പുറത്ത് വന്നു… പടികൾ കയറി വന്ന് അവളെന്റെ പകുതിയറ്റ കയ്യിൽ ഇരുകൈ കൊണ്ടും ചുറ്റിപ്പിടിച്ചു…പതിയെ എന്റെ തോളിലേക്ക് ചാഞ്ഞു… “എന്നാലും എന്നെ ഇഷ്ടമാണെന്ന് മാത്രം തുറന്ന് സമ്മതിക്കരുത്…. എന്നാ അതെനിക്ക് കേൾക്കാൻ കഴിയുന്നെ…” അവളെന്റെ കണ്ണുകളിലേക്ക് നോക്കി “ഒരിക്കൽ…. എനിക്ക് നിന്നോടുള്ള പ്രണയം അതിന്റെ മൂർദ്ധന്യത്തിൽ എത്തുമ്പോൾ… അവൾ കെറുവോടെ ഒന്നുകൂടി ചേർന്നിരുന്നു…

“എന്റെ അമ്മയെയും അച്ഛനെയും എങ്ങനെ കയ്യിലെടുത്തു…?” “അവരെന്നെ തേടി വന്നതാണ്…. ഒരാൾക്ക് ഞാൻ കാരണം ഉറക്കം നഷ്ടപ്പെട്ടുവെന്ന് പരാതി അറിയിക്കാൻ… അന്നവിടെ നടന്നത് രണ്ടാമത്തെ പെണ്ണുകാണലായിരുന്നു… തലേ ദിവസം ചെക്കനില്ലാതെ ഒരു കൂട്ടം നടന്നതാണ്….എന്റെ അമ്മയെയും കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തി….എല്ലാവരും കൂടി പ്ലാൻ ചെയ്തു മാഷേക്കുടുക്കി….” “അപ്പോൾ എല്ലാവരും അറിഞ്ഞോണ്ടുള്ള കളിയാ….ശെരിയാക്കിത്തരാം” “പിന്നല്ല…. എന്റെ അഭിനയമുറകൾ മാഷ് കാണാൻ കിടക്കുന്നതേയുള്ളൂ…”

അവൾ തലയുയർത്തിപ്പിടിച്ചു പറഞ്ഞപ്പോൾ ഞാൻ പുഞ്ചിരിച്ചു…. അവൾ വീണ്ടുമെന്റെ തോളിലേക്ക് തല ചായ്ച്ചു “അന്നമ്മേ…നിന്നെ ഞാൻ ആദ്യമായി കാണുന്നതെപ്പോഴാണെന്ന് അറിയുമോ?” “ബീച്ചിൽ വയ്ച്ചല്ലേ?” “അല്ല… അന്ന് രാവിലെ അമ്പലത്തിൽ വയ്ച്ചു ഒരുത്തന്റെ കരണം പുകച് ഒരു കൂസലുമില്ലാതെ പ്രാർത്ഥിക്കുന്ന പെണ്ണിനെയാണവൻ ആദ്യം കണ്ടത്…” ഞാനങ്ങനെ പറഞ്ഞപ്പോൾ അവൾ പതിയെ പുഞ്ചിരിച്ചു… “പ്രാർത്ഥിച്ചു കഴിഞ്ഞു ഇറങ്ങി വരുന്ന തന്റെ പ്രാണനാഥനെ അവളും കണ്ടിരുന്നു…അതുകൊണ്ടാണ് എന്റെ പ്രാർത്ഥനയ്ക്ക് ഭംഗം വരുത്താതെ വഴിമാറിപ്പോകുന്നവനെ എല്ലാ ജന്മങ്ങളിലും പാതിയായി തരണേയെന്നവൾ പ്രാർത്ഥിച്ചത്….”

അവൾ എന്നെ നോക്കി കണ്ണുചിമ്മി…ഞാൻ അത്ഭുതപ്പെട്ടു… “ആഹാ…. അപ്പോൾ അതൊക്കെ കഴിഞ്ഞിട്ടാണ് ബീച്ചിൽ വന്ന് അഭിനയിച്ചു തകർത്തത്….” അവൾ പല്ല് മുപ്പത്തിരണ്ടും കാണിച്ചു കൊണ്ട് നന്നായി ഇളിച്ചു കാട്ടി… “അന്നെന്തായിരുന്നു അഭിനയം…. ചേട്ടൻ പട്ടാളത്തിലാണോ ലുക്ക് കണ്ടാൽ അറിയാം…. പിന്നേ എന്തോ പറഞ്ഞല്ലോ… എന്തായിരുന്നു… ഹാ… അതിർത്തിയിൽ നുഴഞ്ഞു കയറ്റക്കാരെ കണ്ടപോലെയോ…എനിക്കെന്തോ ധാരണയില്ലെന്നോ…അങ്ങനെയെന്തോ പറഞ്ഞല്ലോ…” മീശപിരിച്ചു ഞാൻ ചോദിച്ചപ്പോൾ അവൾ നിന്നു വിയർത്തു…എന്നിലെ പിടിവിട്ട് പതിയെ എണീറ്റു….

കയ്യിൽ പിടിവീഴും മുൻപേ നാണത്തോടെ പടവുകൾ കയറിയോടി “നിന്നെ ഞാനെടുത്തോളാം…” എനിക്ക് മറുപടിയെന്നപോലെ കുപ്പിവളകിലുങ്ങുംപോലെ അവളും ചിരിച്ചു…. പിന്നേ യാത്രയായപ്പായി…ഗൃഹപ്രവേശനമായി…സദ്യയായി… ആദ്യരാത്രിയായി…. രണ്ടാഴ്ച കഴിഞ്ഞ് ഹണിമൂണുമായി… മധുവിധു ആഘോഷിക്കാൻ ഊട്ടിക്ക് പോയ ഞാൻ എന്നെ രണ്ട് മൂന്ന് ദിവസം കളിപ്പിച്ചതിന് അവൾക്കിട്ടൊരു മുട്ടൻ പണിയും കൊടുത്തു… അവിടെ ലൈറ്റ് ആൻഡ് ലൈഫ് അക്കാഡമിയിൽ അവൾക്ക് അഡ്മിഷൻ ശെരിയാക്കി… ആദ്യം ഇവിടെ വിട്ട് പോവില്ലെന്ന് പറഞ്ഞെങ്കിലും പിടിച്ച് വലിച്ച് അവിടെ കൊണ്ടാക്കി…

അവളുടെ പഠിത്തം കഴിയുമ്പോഴേക്കും ദേവി സ്റ്റുഡിയോ ഉയിർത്തെഴുന്നേറ്റിരുന്നു…എന്റെ യാത്രയൊക്കെ ഒഴിവാക്കി സ്റ്റുഡിയോ ഏറ്റെടുത്തു…ബാധ്യതകളൊക്കെ അത്യാവശ്യം തീർത്തു…ഒടുവിൽ എന്റെ അന്നമ്മ മൂന്ന് വർഷങ്ങൾക്ക് ശേഷം നാട്ടിലെ അറിയപ്പെടുന്ന ഫോട്ടോഗ്രാഫറായി…അങ്ങനെ ഹാപ്പിയായി പോകുന്ന അവസരത്തിലാണ് വീണ്ടും കീർത്തിയും അമ്മായിയും കുത്തിത്തിരിപ്പുമായി ഇറങ്ങിത്തിരിക്കുന്നത്…ഇത്തവണ അന്നമ്മയ്ക്ക് വിശേഷമൊന്നുമായില്ലെന്നതാണ് വിഷയം…മണ്ണാറശാല ക്ഷേത്രത്തിൽ കീർത്തിയ്ക്ക് വേണ്ടി ഉരുളി കമഴ്ത്താൻ പോകുമ്പോൾ കൂട്ടിന് ഞങ്ങളെ കൂടി വിളിക്കാൻ വന്നതായിരുന്നു സ്നേഹമയിയായ ഞങ്ങളുടെ സ്വൊന്തം അമ്മായി…

പക്ഷേ അപ്പോൾ തന്നെ കറക്റ്റ് ആയി എന്റെ അന്നമ്മയെങ്ങനെ തലചുറ്റി വീണെന്ന് എനിക്ക് ഇന്നുവരെ മനസിലായിട്ടില്ല… പിന്നേ വെള്ളം തളിക്കലായി…. വണ്ടി വിളിക്കലായി… ഹോസ്പിറ്റൽ…ടെസ്റ്റ്‌…പ്രെഗ്നൻസി കൺഫർമേഷൻ…അപ്പോൾ തന്നെ അമ്മായിയെ വിളിച്ച് സന്തോഷവാർത്ത ചൂടോടെ അറിയിച്ചു…. ഇപ്പോൾ അന്നമ്മയ്ക്ക് ആറ് മാസമായി…. ഞങ്ങൾ കുഞ്ഞു വാവയ്ക്കുള്ള വെയ്റ്റിംഗ് ആണെ…… “മതി…. മാഷേ ഞങ്ങൾക്കിനി നടക്കാൻ വയ്യാ… ക്ഷീണിച്ചു….” വയൽവരമ്പിലൂടെ ചേർത്തു പിടിച്ച് നടക്കുമ്പോൾ ക്ഷീണത്തോടെ അവൾ നടത്തം നിർത്തി “ദേ… വിളച്ചിലെടുക്കല്ലേ…ഇപ്പോൾ ഇറങ്ങിയല്ലേ ഉളളൂ…

മര്യാദയ്ക്ക് നടക്കു നല്ല ഇളംവെയിലുണ്ട്….കുറച്ച് കഴിഞ്ഞ് മഴക്കാലം തുടങ്ങിയാൽ ഇതൊന്നും കണികാണാൻ കൂടെ കിട്ടില്ല….” ചുണ്ട് പിളർത്തി എന്നെ നോക്കിയവൾ എന്റെ അരകൈയിലൂടെ ഇരു കൈ കൊണ്ടും ചുറ്റിപ്പിടിച്ചു… “നീയെന്തിനാ എന്റെയീ കയ്യിൽ മാത്രം ഇങ്ങനെ ചുറ്റിപ്പിടിക്കുന്നത്?” “അതൊരുറപ്പിന്….എന്റെ ഒറ്റകയ്യന്റെ അറ്റുപോയ കൈക്ക് പകരം എന്റെയീ രണ്ട് കൈകളും ഉണ്ടാകുമെന്ന ഉറപ്പിന്…” അവൾ പതിയെ എന്റെ തോളിലേക്ക് തല ചായ്ച്ചു… “നീയെന്നെ ഒരു ദിവസം എത്ര തവണ ഒറ്റക്കയ്യൻ എന്ന് വിളിക്കാറുണ്ടെന്ന് അറിയാമോ…?” “എന്താ….. സങ്കടം ഉണ്ടോ?” “ഉണ്ടെങ്കിൽ?” പുരികം അല്പം ഉയർത്തി ഗൗരവത്തോടെ ഞാൻ ചോദിച്ചു…

“ഉണ്ടെങ്കിൽ കണക്കായിപ്പോയി…ഞാൻ ഇനിയും വിളിക്കും നമ്മൾ മാത്രം ഉള്ളപ്പോൾ….വിഷമിച്ചിട്ടു ഒരു കാര്യവുമില്ല…” “വിഷമമൊന്നും ഇല്ലാ…കേട്ട് പഴകിയ വാക്കുകൾക്ക് മൂർച്ച കുറയുമെന്ന് പണ്ടാരോ പറഞ്ഞിട്ടുണ്ട്…മൂർച്ച കുറയ്ക്കുകയാണ് നിന്റെ ലക്ഷ്യമെന്നും മനസിലായി…” “ആഹാ….പണ്ട് ആരാണാവോ എന്റെ മാഷിന് അങ്ങനെയൊക്കെ പറഞ്ഞു തന്നത്…” കുറുമ്പൊടെ ചോദിച്ചവൾ ഉത്തരത്തിനായി കാതോർത്തു… “അതോ…. അതൊരാൾ… അത്രമേൽ പ്രിയപ്പെട്ടരാൾ…”

പെണ്ണിനെ ചേർത്തു നിർത്തി കാതോരം പറഞ്ഞു… “എന്നിട്ട് പ്രിയപ്പെട്ട ആളോട് ഇഷ്ടമാണെന്ന് ഇന്ന് വരെ പറഞ്ഞില്ലല്ലോ?” മുഖം വീർപ്പിച്ചവൾ പറഞ്ഞു… “അതിന് എന്റെ പ്രണയം മൂർദ്ധന്യത്തിൽ എത്തിയില്ലല്ലോ…ഒരോ ദിവസവും ഒരോ നിമിഷവും കൂടി കൂടി വരികയല്ലേ….” ഞാനെന്റെ പെണ്ണിനെ ചേർത്തു നിർത്തി… നെറ്റിയിൽ അമർത്തി മുത്തി… ഇത്തിരിയുന്തിയ വയറിൽ പതിയെ തലോടി….സായംസന്ധ്യയിലെ കുങ്കുമരാശി പതിയെ അവളുടെ കവിളുകളിലും ചേക്കേറി… നാണത്താൽ വിവശയായവൾ എന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി… അവസാനിച്ചു………സപ്പോർട്ട് ചെയ്ത എല്ലാവർക്കും ഒത്തിരി സ്നേഹം ❤ എന്റെ കുഞ്ഞിക്കഥ ഇഷ്ടായോ 😌 അപ്പോൾ വല്യ അഭിപ്രായങ്ങൾ പറഞ്ഞോളൂ….🚶‍♀️ വീണ്ടും വരുന്നത് വരെ വണക്കം 🙏😋

മാംഗല്യം തന്തുനാനേനാ : ഭാഗം 6

Share this story