മുറപ്പെണ്ണ്: ഭാഗം 6

മുറപ്പെണ്ണ്: ഭാഗം 6

എഴുത്തുകാരൻ: സജി തൈപ്പറമ്പ്‌

ഇല്ല ദേവകി, അത് നടക്കില്ലെന്ന് അവരോട് വിളിച്ച് പറഞ്ഞേക്ക്, യമുനമോളെ വിഷമിപ്പിച്ച് കൊണ്ട് ,യാമിനിക്കൊരു ജീവിതം കൊടുക്കുന്നത് അനീതിയാണ്, അവർക്കത് പറയാം, പക്ഷേ നമുക്ക് രണ്ട് മക്കളും ഒരുപോലെയാണ് രാമചന്ദ്രൻ വിഷമത്തോടെ പറഞ്ഞു. ഞാനുമത് ആലോചിച്ചു, യമുനയിതറിഞ്ഞാൽ അവൾക്കിത് താങ്ങാൻ കഴിയില്ല, തല്ക്കാലം കുട്ടികൾ ഇതറിയണ്ട, ഞാൻ ശാരദയോട് നമുക്ക് താത്പര്യമില്ലെന്ന് വിളിച്ച്പറയാം ഈ സമയം ,കതകിന് പുറകിൽ അച്ഛൻ്റെയും അമ്മയുടെയും സംസാരം കേട്ട് കൊണ്ടിരുന്ന യമുന, തൊണ്ടയിലേക്ക് തികട്ടി വന്ന തേങ്ങലൊതുക്കാൻ പാടുപെടുകയായിരുന്നു. ആരൊക്കെ ഉപേക്ഷിച്ചാലും തന്നെ സ്നേഹിക്കാനും തൻ്റെ കാര്യത്തിൽ ഉത്ക്കണ്ഠപ്പെടാനും അച്ഛനും അമ്മയുമുണ്ടല്ലോ എന്ന തിരിച്ചറിവ്, അവൾക്ക് നേരിയ ആശ്വാസമുണ്ടാക്കി.

ദിവസങ്ങൾ കടന്ന് പോയി യമുന സാധാരണ പോലെ മഹേഷിൻ്റെ കടയിൽ ജോലിക്ക് പോകുന്നുണ്ടായിരുന്നു തൻ്റെ മുന്നിൽ നിന്നും, വാങ്ങിയ സാധനങ്ങളുടെ ബില്ലടച്ചിട്ട് ,അവസാന കസ്റ്റമറും പോയിക്കഴിഞ്ഞപ്പോഴാണ് , നേരെ എതിർവശത്തുള്ള ചേക്ളേറ്റുകൾ നിരത്തി വച്ചിരിക്കുന്ന, ഷോകെയ്സിനരികിൽ നിന്ന് തൻ്റെ മുഖത്തേയ്ക്ക് ഉറ്റ് നോക്കുന്ന ,രണ്ട് കണ്ണുകൾ അവൾ ശ്രദ്ധിച്ചത്. അത് കെവിൻ ആണെന്നറിഞ്ഞപ്പോൾ , അവളുടെ ഉള്ളിൽ നേരിയ ഞെട്ടലുണ്ടായി ,ജീവിതത്തിലൊരിക്കലും കാണരുതെന്നാഗ്രഹിച്ച മുഖമായിരുന്നത്. പെട്ടെന്ന് തന്നെ, തൻ്റെ കണ്ണുകൾ പിൻവലിച്ച യമുന, കമ്പ്യൂട്ടർ സ്ക്രീനിൽ നോട്ടമുറപ്പിച്ചിരുന്നു. ഹലോ.. ഈ പാവത്തിനെ അറിയുമോ? ശബ്ദം കേട്ടപ്പോഴെ, തല ഉയർത്താതെ തന്നെ, കെവിനാണ് തൻ്റെ മുമ്പിലുള്ളതെന്ന് ,യമുനയ്ക്ക് മനസ്സിലായിരുന്നു .

എന്താ കെവിൻ, തനിച്ചേയുള്ളോ, ഭാര്യയെ കൊണ്ട് വന്നില്ലേ? അവൾ തൻ്റെ ഉള്ളിലെ പിടച്ചിൽ പുറത്ത് കാണിക്കാതെ, അവനോട് കുശലം ചോദിച്ചു. അതിന് കല്യാണം കഴിച്ചിട്ട് വേണ്ടേ ,ഭാര്യയുണ്ടാവാൻ? ങ്ഹേ, അതെന്താ ഇത് വരെ കല്യാണം കഴിക്കാതിരുന്നത്? അവൾ ജിജ്ഞാസയോടെ ചോദിച്ചു അതെങ്ങനാ, നീയെൻ്റെ മനസ്സീന്ന് പോകണ്ടേ? കണ്ണടച്ചാലും, കണ്ണ് തുറന്നാലും നീയിങ്ങനെ നിറഞ്ഞ് നില്ക്കുവല്ലേ? കെവിൻ കുടിച്ചിട്ടുണ്ടോ? അവൻ്റെ സംസാരത്തിലെ കുഴച്ചില് കണ്ട്, അവൾ സംശയത്തോടെ ചോദിച്ചു. ഓഹ് ഉണ്ട് ,ലേശം കുടിച്ചു, നിൻ്റെ മുന്നിൽ വരാനുള്ള ഒരു ധൈര്യത്തിന് വേണ്ടി മാത്രം, നിൻ്റെ കല്യാണവും കഴിഞ്ഞിട്ടില്ലെന്നും നീയിവിടെ തന്നെയുണ്ടന്നും അറിഞ്ഞിട്ടാണ് ഞാൻ വന്നത് കെവിൻ, ഇപ്പോൾ പോകു,

നല്ല തിരക്കുള്ള സമയമാണ്, നമുക്ക് പിന്നീട് കാണാം പ്ളീസ് തങ്ങളുടെ സംസാരം ആരെങ്കിലും കേൾക്കുന്നുണ്ടോ എന്ന് ,ഭീതിയോടെയവൾ ചുറ്റിനും നോക്കി. യമുനേ …എനിക്ക് നിന്നോട് സീരിയസ്സായി കുറച്ച് കാര്യങ്ങൾ പറയാനുണ്ട്, അതിനാണ് ഞാനിപ്പോൾ വന്നത് അത് പിന്നീടൊരിക്കലാവാം കെവിൻ ,ഞാൻ പറയുന്നതൊന്ന് കേൾക്കൂ അവൾ കൈകൂപ്പി കൊണ്ട് പറഞ്ഞു. ശരി ,ഞാനിപ്പോൾ പോകാം പക്ഷേ ഞാനിനിയും വരും വേണ്ട ഞാൻ കെവിനെ വിളിച്ചോളാം, നമുക്ക് മറ്റൊരിടത്ത് വച്ച് കാണാം തല്ക്കാലം അയാളെ ഒഴിവാക്കുകയായിരുന്നു അവളുടെ ലക്ഷ്യം. ശരി, എന്നാൽ ഞാൻ പോകുന്നു ബൈ അയാൾ പോയപ്പോഴാണ് അവൾക്ക് ശ്വാസം നേരെ വീണത്. ####

ഒരു ദിവസം യമുന ഷോപ്പിലുള്ള മറ്റുള്ളവരോടൊപ്പം ഊണ് കഴിച്ചോണ്ടിരിക്കുമ്പോഴാണ് വീട്ടിൽ നിന്ന് അമ്മ വിളിക്കുന്നത് മോളേ..യമുനേ.. നിനക്കൊരു രജിസ്റ്റേഡ് കത്തുണ്ടായിരുന്നു, പോസ്റ്റ്മാൻ പറഞ്ഞത്, എന്തോ സർക്കാർ ജോലിക്കുള്ളതാണെന്നാണ്, ഞാൻ ചോദിച്ചിട്ട് എൻ്റെ കയ്യിൽ തന്നില്ല, മോളൊരു കാര്യം ചെയ്യ് ,ഇന്ന് കടയിൽ നിന്ന് കുറച്ച് നേരത്തെ ഇറങ്ങാൻ നോക്ക് ,എന്നിട്ട് വരുന്ന വഴിയിൽ പോസ്റ്റ് ഓഫീസിൽ കയറിയാൽ ,അയാള് കത്ത് ,മോളുടെ കൈയ്യിൽ തരാമെന്ന് പറഞ്ഞിട്ടുണ്ട് ങ്ഹേ, നേരാണോ അമ്മേ എങ്കിൽ ഞാൻ ഉച്ചകഴിഞ്ഞ് ലീവെടുക്കാം, വൈകുന്നേരം വരെ എനിക്ക് കാത്തിരിക്കാൻ വയ്യമ്മേ..

യമുനയ്ക്ക് സന്തോഷം കൊണ്ട് ഭക്ഷണം തൊണ്ടയിൽ നിന്ന് താഴേക്കിറങ്ങാതെയായി മാനേജരോട് വിവരം പറഞ്ഞിട്ട് അവൾ പോസ്റ്റ് ഓഫീസിലേക്ക് ഒരു ഓട്ടോറിക്ഷ പിടിച്ച് പോയി പോസ്റ്റ്മാൻ കൊടുത്ത കവറ് പൊട്ടിച്ച് നോക്കിയ യമുനയ്ക്ക് സന്തോഷം അടക്കാനായില്ല സെയിൽ ടാക്സ് ഡിപ്പാർട്ട്മെൻറിലേക്കുള്ള അപ്പോയിൻ്റ്മെൻ്റ് ഓർഡറായിരുന്നത് അഡ്വൈസ് മെമ്മോവന്നിട്ട് നാളേറെ ആയെങ്കിലും ഇത് വരെ വിളിക്കാതിരുന്നത് കൊണ്ട്, ആ പ്രതീക്ഷയും അസ്തമിച്ചിരിക്കുകയായിരുന്നു തനിക്കൊരു പുതിയജീവിതം കിട്ടിയത് പോലെയാണ് യമുനയ്ക്ക് തോന്നിയത് തന്നെ ജീവിതത്തിൽ അവഗണിച്ചവരോടും ,

ചവിട്ടി താഴ്ത്താൻ ശ്രമിച്ചവരോടും അവൾക്ക് പക തോന്നി ഇനി തനിക്ക് ജയിക്കണമെന്നും മറ്റുള്ളവരുടെ മുന്നിൽ തല ഉയർത്തി നടക്കണമെന്നും അവൾ പ്രതിജ്ഞയെടുത്തു. കടയിലെത്തിയ മഹേഷ് യമുനയെ സീറ്റിൽ കാണാതിരുന്നപ്പോൾ മാനേജരോടന്വേഷിച്ചു സർ, പോസ് റ്റോഫീസിലെന്തോ അത്യാവശ്യമുണ്ടെന്ന് പറഞ്ഞ് ഉച്ചകഴിഞ്ഞ് ലീവെടുത്ത് പോയതാ എന്തത്യാവശ്യം? ഇവിടെ ഇത്രയും തിരക്കുള്ളപ്പോൾ അങ്ങനെ ഇറങ്ങിപോകാൻ ഇതവളുടെ തറവാടൊന്നുമല്ല മഹേഷിന് അരിശം വന്നു യമുനയെ വിളിച്ച് രണ്ട് വർത്തമാനം പറയാനായി അയാൾ മൊബൈലെടുത്ത് അവളുടെ നമ്പർ ഡയൽ ചെയ്തു ഹലോ അവൾ ഫോൺ അറ്റൻ്റ് ചെയ്തു യമുനേ … നിനക്കറിയില്ലേ ഇവിടുത്തെ നിയമങ്ങൾ ?

ലീവ് വേണമെങ്കിൽ രണ്ട് ദിവസം മുൻപേ പറയണം ,നിനക്ക് തോന്നുമ്പോൾ ഇറങ്ങിപ്പോകാൻ, ഇതൊരു സത്രമൊന്നുമല്ല ,കസ്റ്റമർ ഫ്രണ്ട്ലി ആയിട്ടുള്ള ഒരുസ്ഥാപനമാണിത്? കസ്റ്റമേഴ്സിനെ ബുദ്ധിമുട്ടിക്കാതെ പരമാവധി അവരെ തൃപ്തിപ്പെടുത്തിക്കൊണ്ട് പോകണമെങ്കിൽ പർച്ചേസിങ്ങിൽ മാത്രമല്ല ബില്ലിങ്ങിലും കൂടി ഡിലേ വരാതെ അവർ സാറ്റിസ്ഫൈഡാകണമെന്ന് എനിക്ക് നിർബന്ധമുണ്ട്, നീയിവിടുന്ന് പോയപ്പോൾ അതെല്ലാം താറുമാറായി, ഇതൊക്കെ നിനക്കറിയാവുന്നതല്ലേ? മഹേഷ് രോഷം കൊണ്ട് തിളച്ചു. അത് ഞാൻ അമ്മ വിളിച്ച് പറഞ്ഞിട്ട് പോസ്റ്റ് ഓഫീസിൽ വരേണ്ട അത്യാവശ്യമുള്ളത് കൊണ്ട് വന്നതാ ഓഹോ, അപ്പോൾ നിനക്കതാണ് വലുത്,

ഇവിടെ കോടികൾ മുടക്കി പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന ഈ സ്ഥാപനത്തോടും ഇത് വരെ നിനക്കും നിൻ്റെ വീട്ടുകാർക്കും ചോറ് തന്ന ഈ എന്നോടും പ്രതിബദ്ധതയൊന്നുമില്ല അല്ലേ? എനിക്കും എൻ്റെ വീട്ടുകാർക്കും നിങ്ങള് ചുമ്മാതെയാണോ ചോറ് തന്നത് ?ഞാനവിടെ മൂന്നാല് കൊല്ലം പോത്തിനെ പോലെ കിടന്ന് കഷ്ടപ്പെട്ടിട്ടല്ലേ?ഇനി മുതൽ എനിക്ക് നിങ്ങടെ ചോറും വേണ്ട, അവിടുത്തെ ജോലിയും വേണ്ട ,എനിക്ക് നല്ല ഒന്നാം തരം സർക്കാർ ജോലി കിട്ടി ,ഞാനും കുടുംബവും ഇനി അത് കൊണ്ട് ജീവിച്ചോളാം ,ഗുഡ് ബൈ മുഖത്തടിച്ചത് പോലെയുള്ള അവളുടെ മറുപടി കേട്ട് മഹേഷ് സ്തബ്ധനായി നിന്ന് പോയി. യമുനയ്ക്ക് സർക്കാർ ജോലി കിട്ടിയെന്നറിഞ്ഞപ്പോൾ കണ്ണമംഗലം തറവാട്ടിലേക്ക് നിറയെ ആലോചനകളുമായി ബ്രോക്കർ പല പ്രാവശ്യം വന്നു ഇല്ലച്ഛാ …

എനിക്ക് ചിലതൊക്കെ ചെയ്ത് തീർക്കാനുണ്ട് ,ഒരു രണ്ട് വർഷം കൂടി കഴിയട്ടെ ,എന്നിട്ട് എനിക്ക് വിവാഹം ആലോചിച്ചാൽ മതി,യാമിനിക്ക് പറ്റിയ അലാചനകളുണ്ടങ്കിൽ അത് നടക്കട്ടെ അച്ഛാ ..,എനിക്ക് വേണ്ടി അവളെ വെറുതെ വെയിറ്റ് ചെയ്യിക്കണ്ടാ അത് സാരമാക്കണ്ട മോളേ.., അവള് പഠിക്കുവല്ലേ? കോഴ്സ് കഴിയാൻ ഇനിയും സമയമുണ്ടല്ലോ? മകളുടെ വാക്കുകൾക്ക് പിന്നിൽ, ഉറച്ച എന്തോ തീരുമാനമുണ്ടെന്ന് , മനസ്സിലാക്കിയ രാമചന്ദ്രൻ, പിന്നെ അവളെ നിർബന്ധിക്കാൻ പോയില്ല. ദിവസങ്ങളും മാസങ്ങളും കടന്ന് പോയിക്കൊണ്ടിരുന്നു. ഉത്സവകാലത്ത് മികച്ച ഒഫറുകൾ കൊടുക്കുന്നത് കൊണ്ട് ,അന്നത്തെ ദിവസം മഹേഷിൻ്റെ സൂപ്പർ മാർക്കറ്റിൽ സാധാരണയിൽ കവിഞ്ഞ തിരക്കുണ്ടായിരുന്നു. അന്നാണ്, സെയിൽ ടാക്സ് ഡിപ്പാർട്ട്മെൻറിൻ്റെ രണ്ട് കാറുകൾ, കടയ്ക്ക് മുന്നിൽ വന്ന് നിന്നത് ….തുടരും…

മുറപ്പെണ്ണ്: ഭാഗം 5

Share this story