നീലമിഴികൾ (നാഗമാണിക്യം 2): ഭാഗം 47- അവസാനിച്ചു

നീലമിഴികൾ (നാഗമാണിക്യം 2): ഭാഗം 47- അവസാനിച്ചു

സൂര്യകാന്തി

പാർവതി കണ്ണുകൾ തുറക്കുമ്പോൾ കാളിയാർമഠത്തിലെ അറയിലെ കട്ടിലിൽ ആയിരുന്നവൾ.. പതിയെ മിഴികൾ തുറന്ന അവളുടെ കണ്ണുകളിൽ ആദ്യം പെട്ടത് പത്മയായിരുന്നു..പിന്നെ ദേവിയമ്മയും.. “മോളെ…” അമ്മയുടെ വിളി കേട്ടാണവൾ നോക്കിയത്.. “ന്നാലും ന്റെ കുട്ട്യേ നീയ്യെന്തിനാ ഒറ്റയ്ക്ക് കാവിലേക്ക് പോയത്…?” അവൾക്ക് തല ആകെ മരവിച്ചത് പോലെ തോന്നുന്നുണ്ടായിരുന്നു.. ഒന്നും ഓർമ്മ വരുന്നില്ല… “ഞാൻ.. ഭദ്രേച്ചി…ഭദ്രേച്ചിയെ കണ്ടല്ലോ..ഭദ്രേച്ചി എവിടെ..?” എഴുന്നേൽക്കാൻ ശ്രെമിച്ചു കൊണ്ടു പാർവതി ചോദിച്ചു.. “അവടെ അടങ്ങി കിടക്കെന്റെ കുട്ട്യേ.. കാവിൽ ബോധല്ല്യാതെ കെടക്കായിരുന്നെന്നാ നന്ദൻ പറഞ്ഞേ.. നാഗത്താൻമാര് കാത്തു…”

ദേവിയമ്മ പറഞ്ഞതൊന്നും പാർവതിയ്ക്ക് മനസ്സിലായില്ല.. താൻ ഒറ്റയ്ക്ക് കാവിൽ പോയെന്നോ.. പക്ഷെ ഭദ്രേച്ചി കാവിലേക്ക് പോണത് താൻ കണ്ടതല്ലേ.. അത് രുദ്രേച്ചിയോട് പറഞ്ഞപ്പോൾ അവരോടൊന്നിച്ചല്ലേ താനും കാവിലേക്ക് പോയത്… പിന്നെ… പിന്നെ ഒന്നും ഓർമ്മ വരണില്യാലോ.. അവളുടെ അമ്മയുടെ പിറകിൽ നിന്ന അംബിക അപ്പച്ചിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു.. പാർവതി തലയൊന്ന് കുടഞ്ഞു.. തലയ്ക്ക് ഒരു ഭാരം പോലെ.. അവളുടെ മിഴികൾ വീണ്ടും പതിയെ അടഞ്ഞു പോയി.. “കെടന്നോട്ടെ.. ക്ഷീണം കാണും..” ദേവിയമ്മ പറഞ്ഞു.. “ന്റെ കുട്ടി…” “ഒന്നുല്ല്യ സാവിത്രി .. നീയിങ്ങനെ ഓരോന്ന് പറയാൻ നിക്കണ്ട.. ഭാഗ്യം കൂടെണ്ട്.. അതോണ്ടാണല്ലോ പാറൂട്ടി കാവിലേക്ക് പോണത് ഭദ്ര കണ്ടതും പിന്നാലെ പോയതും..” പത്മയുടെ മിഴികൾ അംബികയിലെത്തി.. അവൾ മുഖം ഉയർത്തിയിരുന്നില്ല… യക്ഷിക്കാവിൽ കഴിഞ്ഞു പോയ രംഗങ്ങൾ പത്മയുടെ മനസ്സിലൂടെ കടന്നു പോയി.. ***************

പത്മയായിരുന്നു പാർവതിയെ മടിയിലേക്ക് കിടത്തിയത്.. അനന്തൻ അവളുടെ പാതിയടഞ്ഞ കൺപോളകൾ പിടിച്ചു നോക്കി.. എല്ലാവരും പരിഭ്രാന്തരായിരുന്നു.. “പേടിക്കാനൊന്നുമില്ല.. ഇവിടെ അവൾ കാണാൻ പാടില്ലാത്ത ചിലതിനൊക്കെ സാക്ഷിയായി.. പക്ഷെ പാർവതി കണ്ടത് കൊണ്ടു മാത്രമാണ് ഭദ്ര കാവിലേക്ക് വന്ന കാര്യം എല്ലാവരും അറിഞ്ഞത്.. യക്ഷിയമ്മ തന്നെയാവും അവളുടെ കണ്ണുകളിൽ ആ കാഴ്ച്ച തെളിയിച്ചത്.. ഭദ്ര കാവിലേക്ക് വന്ന കാര്യം നമ്മളെ അറിയിക്കുക എന്നത് മാത്രമായിരുന്നു പാർവതിയുടെ ദൗത്യം.. പിന്നീട് ഇവിടെ നടന്നതൊന്നും പാർവതി കാണേണ്ട രംഗങ്ങളായിരുന്നില്ല.. പാർവതി എന്നല്ല ഈ കാര്യങ്ങളിൽ ഉൾപെടാത്ത ആരും ഇതിന് സാക്ഷിയാവാൻ പാടില്ലായിരുന്നു..

അതുകൊണ്ട് തന്നെയാണ് ഭട്ടതിരിപ്പാടിന് പോലും യക്ഷിക്കാവിനുള്ളിലേക്ക് പ്രവേശിക്കാൻ കഴിയാതിരുന്നത്..” “അങ്കിൾ.. പാറൂട്ടി.. അവൾക്ക് കൊഴപ്പമൊന്നുമില്ല്യാലോ..” ആദിത്യനായിരുന്നു ചോദിച്ചത്.. അപ്പോഴും അവന്റെ കൈകൾ ഭദ്രയെ വലയം ചെയ്തിരുന്നു.. “ഒന്നുമില്ല്യാ ആദി.. ചെറിയൊരു മയക്കം.. അത്രേയുള്ളൂ.. പാർവതി ഉണർന്നെഴുന്നേൽക്കുമ്പോൾ ഇവിടെ നടന്നതൊന്നും അവളുടെ ഓർമ്മയിലുണ്ടാവില്ല..ആരും ഒന്നും ഓർമ്മിപ്പിക്കയുമരുത്.. പിന്നെ മറ്റൊന്ന് കൂടെ..” അനന്തൻ എല്ലാവരെയും ഒന്ന് നോക്കി.. “ഇവിടെ സംഭവിച്ചതെല്ലാം നമ്മൾക്കിടയിൽ മാത്രം നിന്നാൽ മതി.. എല്ലാവരിൽ നിന്നും പതിയെ ഒരു മായാസ്വപ്നം പോലെ ഇതെല്ലാം വിസ്‌മൃതിയിലേക്ക് ആണ്ടു പോവും..” അനന്തൻ ശ്രീനാഥ്നു തെല്ലകലയായി തലകുനിച്ചു നിന്നിരുന്ന അംബികയെ നോക്കി..

“അംബിക ഇങ്ങനെ കുറ്റക്കാരിയെ പോലെ നിൽക്കേണ്ടതില്ല.. നമുക്ക് നിയന്ത്രിക്കാവുന്നതിലും അപ്പുറത്തുള്ള കാര്യങ്ങളാണ് സംഭവിച്ചത്.. പാർവതി നാഗത്താൻകാവിലേക്ക് പോവുന്നത് ഭദ്ര കണ്ടു.. പിറകെ ചെന്ന ഭദ്രയ്ക്ക് കാവിനുള്ളിൽ വെച്ച് വഴി തെറ്റി..അവളൊന്ന് തലയടിച്ചു വീണു.. ഭദ്രയെ തിരക്കി നമ്മളും വന്നു.. കാവിൽ വെച്ച് ഭയന്ന പാർവതി ബോധം കെട്ടു വീണു.. അത്രയേ പുറംലോകം അറിയാവൂ..” ആരും ഒന്നും പറഞ്ഞില്ലെങ്കിലും അനന്തന്റെ വാക്കുകൾ എല്ലാവരും ശ്രെദ്ധിച്ചു കേട്ടു.. “ദാരികയെ എന്നെന്നേക്കുമായി ആവാഹിച്ചു യക്ഷിയമ്മയുടെ പ്രതിഷ്ഠയിൽ കുടിയിരുത്തിയത് ഭട്ടതിരിപ്പാടാണ്.. അതേ നമ്മൾ പറയുന്നുള്ളൂ..പിന്നെ..” അനന്തൻ ആദിത്യനെ നോക്കി… “യക്ഷിക്കാവ് പുനരുദ്ധരിക്കണം..

നാഗരക്ഷസ്സിന്റെ രൂപത്തിൽ യക്ഷിയമ്മയോടൊപ്പം അശ്വതിയും ഇവിടെയാണുള്ളത്… അവർക്ക് ഒരിക്കലും ഇവിടെ അതൃപ്തി ഉണ്ടാവരുത്..” എല്ലാവരും ചേർന്നാണ് യക്ഷിയമ്മയുടെ പ്രതിഷ്ഠയ്ക്ക് മുൻപിൽ വണങ്ങിയത്.. ഭദ്ര ആകെ തളർന്നിരുന്നു.. ആദിത്യൻ അവളെ തന്റെ ദേഹത്തോട് ചേർത്ത് പിടിച്ചിരുന്നു.. കൈകൾ കൂപ്പുമ്പോൾ ഭദ്രയുടെ മിഴികൾ നിറഞ്ഞൊഴുകിയിരുന്നു.. അവളുടെ മനസ്സിൽ അശ്വതി തമ്പുരാട്ടിയുടെ രൂപമായിരുന്നു… എല്ലാവർക്കുമൊപ്പം യക്ഷിക്കാവിന്റെ പടികൾ കടക്കുമ്പോൾ ഭദ്ര ഒന്ന് തിരിഞ്ഞു നോക്കി… യക്ഷിയമ്മയുടെ പ്രതിഷ്ഠയുടെ കൈത്തണ്ടയിൽ ആ കുഞ്ഞു സ്വർണ്ണനാഗം.. ഭദ്രയെ നോക്കിയ ആ നീലക്കണ്ണുകൾ തിളങ്ങിയിരുന്നു.. ഓർമ്മ വെച്ചതിൽ പിന്നെ ഒരുപാട് രാത്രികളിൽ ഭദ്രയുടെ ഉറക്കം കെടുത്തിയ ആ നീലമിഴികളിൽ അപ്പോൾ പകയുടെ കനലുകൾ ഉണ്ടായിരുന്നില്ല…. *************

“ഭദ്ര മോൾക്കിപ്പോൾ എങ്ങനെണ്ട്..?” പാർവതിയുടെ അമ്മ പത്മയോടാണ് ചോദിച്ചത്.. “ഇപ്പോൾ കുഴപ്പൊന്നുല്ല്യ ചേച്ചി.. മുറിവൊക്കെ ഡ്രസ്സ്‌ ചെയ്തു.. നല്ല മയക്കത്തിലാ.. ക്ഷീണമുണ്ട്..രുദ്ര അവളുടെ അടുത്തുണ്ട് ” പത്മ പറഞ്ഞു.. “അല്ലെങ്കിലേ ഇവിടുത്തെ നാഗത്താൻകാവിൽ കയറിയാൽ പകല് പോലും ദിക്കറിയില്ല.. അപ്പോ പിന്നെ ഒരു പരിചയോല്ല്യാത്ത ആ കുട്ടീടെ കാര്യം പറയണോ..” ദേവിയമ്മ പറഞ്ഞു.. രുദ്ര കട്ടിലിൽ ഭദ്രയ്ക്കരികെ ഇരുന്നു അവളുടെ മുടിയിഴകൾ ഒതുക്കി വെച്ച് തലയിൽ തലോടിക്കൊണ്ടിരുന്നു.. ഭദ്രയുടെ കൺപീലികൾ പതിയെ ഇളകി.. “ഞാനിപ്പോൾ സ്വർഗത്തിലാണോ നരകത്തിലാണോ..?” നേർത്ത സ്വരം കേട്ട് രുദ്ര നോക്കിയപ്പോൾ ഭദ്രയുടെ ചുണ്ടിൽ ഒരു വരണ്ട ചിരി തെളിഞ്ഞിരുന്നു..

“മോളെ.. അമ്മൂട്ടീ…” രുദ്ര പിടഞ്ഞെഴുന്നേറ്റു.. “ന്നാലും ന്റെ കുഞ്ഞിയെ ഞാൻ സമ്മതിച്ചു തന്നിരിക്കണൂ.. പൂച്ചയെ പോലെ പതുങ്ങിയ പെണ്ണ് എത്ര പെട്ടെന്നാ പുലിയെ പോലെ ആയത് ന്നെ രക്ഷിക്കാൻ.. നാഗകാളി മഠത്തിലെ കാവിലമ്മ തന്നെ..” “ഒന്ന് മിണ്ടാതിരിക്കണ്‌ ണ്ടോ അമ്മൂട്ടീ.. മനുഷ്യൻ തീ തിന്നുവായിരുന്നു..” “സത്യം കുഞ്ഞി.. നീ കാവിലമ്മയായെന്ന് പറഞ്ഞിട്ടും എനിക്ക് വിശ്വാസല്ല്യായിരുന്നു..ഈ മിണ്ടാപൂച്ചയ്ക്ക് ഇത്ര ധൈര്യം ണ്ടെന്നു ഞാൻ അറിഞ്ഞില്ല്യാട്ടോ..” “നിക്കറിയില്യ അമ്മൂട്ടീ.. ഇപ്പോ ആലോചിക്കുമ്പോൾ വിശ്വസിക്കാൻ കൂടി പറ്റണില്യ..ആരോ ന്നെ കൊണ്ടു അങ്ങനെ ഒക്കെ ചെയ്യിപ്പിച്ചുന്നു തോന്നാ..” ഭദ്ര ചിരിച്ചു..

“എവടെ പത്നിസഹോദരിയ്ക്ക് വേണ്ടി ജീവൻ പോലും വേണ്ടാന്ന് വെയ്ക്കാൻ ധൈര്യം കാണിച്ച മഹാത്മാവ്…?നിശാഗന്ധി പെണ്ണിന്റെ എഴുത്തുകാരൻ..” ഭദ്രയുടെ ചോദ്യം കേട്ടു കൊണ്ടാണ് ആദിത്യന് പിറകെ സൂര്യനും മുറിയിലേക്ക് എത്തിയത്.. രുദ്രയുടെ മുഖം ചുവന്നു… ഭദ്ര ഇരുവരെയും നോക്കി പുഞ്ചിരിച്ചു.. എഴുന്നേൽക്കാൻ ശ്രെമിക്കുമ്പോഴാണ് സൂര്യൻ പറഞ്ഞത്.. “വേണ്ടാ.. റസ്റ്റ്‌ എടുത്തോളൂ..” ആദിത്യന്റെ കണ്ണുകൾ ഭദ്രയിലായിരുന്നു.. അത് കണ്ടതും സൂര്യൻ രുദ്രയെ നോക്കി പുറത്തേക്ക് വരാൻ കണ്ണുകൾ കൊണ്ടു കാണിച്ചു… അവർ പുറത്തേക്കിറങ്ങിയതും ആദിത്യൻ ഭദ്രയ്ക്കരികെ ഇരുന്നു…

“മിസ്റ്റർ ആദിനാരായണൻ.. ഇച്ചിരി കൂടെ വൈകിയിരുന്നേൽ ഈ ഒഴിയാബാധ എന്നെന്നേക്കുമായി താങ്കളുടെ തലയിൽ നിന്നും ഒഴിഞ്ഞു പോയേനെ..” ആദിത്യൻ ഒന്നും പറയാതെ അവളെ തന്നെ നോക്കി ഇരുന്നു.. മിഴികളിൽ നീർതുള്ളി തിളങ്ങി.. “മനസ്സിലായില്ലേ.. അശ്വതി തമ്പുരാട്ടി എന്നെ ഭിത്തിയിലെ പടമാക്കിയേനെന്ന്..” ഭദ്ര ചെറുചിരിയോടെ പറഞ്ഞു… “വയ്യാണ്ട് കിടക്കാണെന്നൊന്നും നോക്കില്ല.. ഇമ്മാതിരി വർത്താനം പറഞ്ഞാൽ അടിച്ചു ചെവിക്കല്ല് പൊട്ടിയ്ക്കും ഞാൻ..” അവളുടെ മുഖത്തേക്ക് മുഖം അടുപ്പിച്ചു വെച്ച് പതിഞ്ഞ ശബ്ദത്തിൽ ആദിത്യൻ പറഞ്ഞു..

അവന്റെ നിശ്വാസം അവളുടെ കവിളിൽ തട്ടുന്നുണ്ടായിരുന്നു.. “ഇപ്പോ എന്തായാലും താങ്ങൂല.. ഇത്തിരി കൂടെ ആരോഗ്യം ഉണ്ടാവട്ടെ.. ഞാൻ ചോദിച്ചു വാങ്ങിക്കോളാം മിസ്റ്റർ കെട്ട്യോൻ..” ക്ഷീണിച്ച സ്വരത്തിൽ ഭദ്ര പറഞ്ഞു.. “അവളുടെ ഒരു തമാശ..കാവിലൊന്നും കാണാതായപ്പോൾ നെഞ്ചിടിപ്പ് നിലച്ചു പോണത് പോലെ തോന്നി എനിക്ക്… പിന്നെ ആ മണ്ഡപത്തിൽ കിടക്കണത് കണ്ടപ്പോൾ നിന്റെ അടുത്ത് എത്തുന്നത് വരെ എന്റെ ജീവൻ പിടിച്ചു നിർത്താൻ കഴിയൊന്ന് പേടിയായിരുന്നു…” ഭദ്ര അവന്റെ കണ്ണുകളിലേക്ക് നോക്കി.. പ്രണയവും വാത്സല്യവുമൊക്കെ ആദിത്യന്റെ മിഴികളിൽ തെളിഞ്ഞിരുന്നു… “അത്രക്കിഷ്ട്ടാണോ എന്നെ…?” ആദിത്യൻ ഒരു നിമിഷം അവളെ ഒന്നു നോക്കി..പിന്നെ അവളുടെ വലത് കവിളിൽ അമർത്തി ചുംബിച്ചു… ഭദ്രയുടെ മിഴികളും നിറഞ്ഞിരുന്നു… *************

“അശ്വതി എന്നും ഒരു നോവായിരിക്കും അനന്തേട്ടാ…” കുളി കഴിഞ്ഞിറങ്ങിയ അനന്തന് മാറാനുള്ള ഡ്രസ്സ്‌ ബാഗിൽ നിന്നും എടുത്തു വെക്കുന്നതിനിടെ പത്മ പറഞ്ഞു.. “ശരിയാണെടോ.. പക്ഷെ നമുക്കെന്ത് ചെയ്യാനാവും..?ഒരു പുനർജ്ജന്മം പോലും അവളാഗ്രഹിക്കുന്നില്ല.. ഒരു ജന്മത്തിലും ആദിത്യനോടുള്ള അവളുടെ പ്രണയം സഫലമാവില്ലെന്ന് അശ്വതിയ്ക്കറിയാം..” പത്മ അനന്തനെ നോക്കി.. “അടുത്ത ജന്മം പ്രണയത്തെ വിട്ടു തരാമെന്നൊക്കെ വെറും വാക്ക് പറയാമെന്നെല്ലാതെ ആത്മാർത്ഥമായി സ്നേഹിക്കുന്ന ആരും തന്റെ പ്രണയത്തെ ഒരു ജന്മത്തിലും മറ്റൊരാൾക്ക്‌ വിട്ടു കൊടുക്കാൻ തയ്യാറാവില്ലെടോ..” മുടി ചീകുന്നതിനിടെ അനന്തൻ കണ്ണാടിയിലൂടെ പത്മയെ നോക്കി..

അവളുടെ ചുണ്ടിലും ഒരു ചിരി തെളിഞ്ഞു.. അത് മറ്റാരും അവൾക്ക് പറഞ്ഞു കൊടുക്കേണ്ടതില്ലെന്ന് അനന്തനും അറിയാമായിരുന്നു… “നിക്ക് നല്ല പേടിണ്ടായിരുന്നു അനന്തേട്ടാ.. ഭൈരവൻ…” അനന്തൻ പുഞ്ചിരിച്ചു.. “സൂര്യന്റെയും രുദ്രയുടെയും കാര്യത്തിൽ എനിക്കൊരു പേടിയുമില്ലായിരുന്നു.. ഭൈരവനെ ജയിക്കാനുള്ള ആഴം അവരുടെ പ്രണയത്തിനുണ്ടെന്ന് എനിക്കറിയാമായിരുന്നു…” “ഉം.. ന്നാലും ശ്രീയുടെ കാര്യം എനിക്കൊരു ഷോക്കായി പോയി.. ഞാൻ ഒട്ടും വിചാരിച്ചില്ല്യ.. അംബിക..” അനന്തൻ ചിരിച്ചു.. “അതിൽ ആരെക്കാളും വല്യ ഷോക്ക് അവന് തന്നെയാ.. പെണ്ണും പെടക്കോഴിയുമൊന്നും വേണ്ടന്ന് പറഞ്ഞു നടന്നതല്ലേ.. അനുഭവിക്കട്ടെ..”

അനന്തൻ കണ്ണിറുക്കി കൊണ്ടു പറഞ്ഞു.. ആ തെളിഞ്ഞ നുണക്കുഴികളിൽ നോക്കിക്കൊണ്ടാണ്‌ പത്മ പറഞ്ഞത്.. “വാര്യർ സമ്മതിക്കോ..?” “ഞാനൊന്ന് സംസാരിച്ചു നോക്കട്ടെ..” പത്മ റൂമിൽ നിന്നും പുറത്തേക്കിറങ്ങുന്നതിനിടെ അനന്തൻ ചോദിച്ചു.. “അല്ല.. നാട്ടിൽ കാത്തിരിക്കുന്ന പ്രെശ്നം മറന്നോ.. നന്ദനയുടെ കല്യാണം..” “ഓ മുറപെണ്ണും അവളുടെ മോളുമല്ലേ.. തന്നത്താൻ അങ്ങ് പരിഹരിച്ചോണ്ടാൽ മതി..” മുഖം കോട്ടി കൊണ്ട് പത്മ പുറത്തേക്കിറങ്ങി.. “മക്കൾക്ക് കൊച്ചുങ്ങളാവാറായി.. ന്നാലും ഇവളുടെ കുശുമ്പ് എന്ന് മാറുമോ ആവോ..” ചിരിയോടെ അനന്തൻ പിറുപിറുത്തു.. ജനലരികെ നിന്നിരുന്ന രുദ്രയ്‌ക്കരികെ സൂര്യനും ഉണ്ടായിരുന്നു..ഒന്നും പറയാതെ നിമിഷങ്ങൾ കൊഴിഞ്ഞു വീഴുന്നതിനിടെയാണ് സൂര്യൻ ചോദിച്ചത്..

“ഇയാൾക്ക് ഇപ്പോഴും എന്നോടൊന്നും പറയാനില്ലേ..?” രുദ്രയിൽ നിന്നൊരു തേങ്ങലുയർന്നു.. “എന്താണ് പറയേണ്ടതെന്ന് എനിക്കറിയില്ല്യാ.. വാക്കുകൾ തികയാത്തത് പോലെ…” കണ്ണുനീർ തുള്ളികൾ സൂര്യന്റെ കൈകളിൽ വീണു.. അവളുടെ മിഴികൾ തുടച്ചവൻ രുദ്രയെ നെഞ്ചോട് ചേർത്ത് പിടിച്ചു.. ആ ഹൃദയതാളം കേട്ടവൾ ഒട്ടുനേരം നിന്നു… “ഈ മുഖത്ത് അയാളുടെ വൃത്തികെട്ട ഭാവങ്ങൾ തെളിഞ്ഞ നിമിഷങ്ങളിലൊക്കെ മരണത്തെ ആഗ്രഹിച്ചു പോയിരുന്നു ഞാൻ.. എന്തൊക്കെയൊ കാട്ടിക്കൂട്ടി ഞാൻ.. ജീവൻ പോലും ബലി നൽകിയേനെ ഞാൻ ഈ ഉടലും ഉയിരും ഒന്നാവാൻ..” “ഞാനറിഞ്ഞിരുന്നു.. എല്ലാം.. പക്ഷെ ഞാൻ കരുതിയതിലും ശക്തനായിരുന്നു അയാൾ..

തിരിച്ചു വരാൻ ശ്രെമിച്ചപ്പോഴൊക്കെ അത്യധികം ശക്തിയോടെ എന്നെ തോൽപ്പിച്ചു കളഞ്ഞു ഭൈരവൻ.. എങ്കിലും ഞാൻ ശ്രെമിച്ചു കൊണ്ടേയിരുന്നു ഓരോ നിമിഷവും എന്റെ നിശാഗന്ധിയ്‌ക്കരികിലേക്ക് തിരിച്ചെത്തുവാൻ.. യക്ഷിക്കാവിലെ കല്മണ്ഡപത്തിലേക്ക് താൻ കാലെടുത്തു വെച്ചപ്പോഴേ ഞാൻ അറിഞ്ഞിരുന്നു തന്റെ ജീവന് അപകടത്തിലാണെന്ന്.. ആ വള്ളി കാലിൽ തടഞ്ഞ നിമിഷം ഞാൻ പോലും അറിയാതെയാണ് ആ മായാനിദ്രയിൽ നിന്നും ഉണർന്നത്…ഒരു നിമിഷാർദ്ധം മതിയായിരുന്നു എനിക്കപ്പോൾ..” ആ വാക്കുകളിൽ തെളിയുന്ന പ്രണയം നിർവൃതിയോടെ കേട്ടു നിൽക്കുകയായിരുന്നു രുദ്ര..

“ഒരു പക്ഷെ എനിക്കൊരിക്കലും തിരിച്ചു ഈ ശരീരത്തിലേക്ക് വരാൻ കഴിഞ്ഞില്ലായിരുന്നെങ്കിൽ എന്ത് ചെയ്യുമായിരുന്നു താൻ…?” നിറഞ്ഞ മിഴികളോടെ രുദ്ര മുഖമുയർത്തി സൂര്യനെ നോക്കി.. വലത് കൈയാൽ അവന്റെ ചുണ്ടുകളിൽ വിരൽ ചേർത്തു.. “പറയരുത്.. എനിക്ക് കേട്ട് നിൽക്കാൻ പോലും ആവില്ല്യാ..” സൂര്യൻ ചിരിയോടെ അവളുടെ കൈത്തലത്തിൽ ചുംബിച്ചു.. രുദ്ര ആ നെഞ്ചിൽ മുഖം ചേർത്തു നിന്നു.. ****

അന്ന് നാഗകാളിമഠത്തിലെ മുറ്റത്തുയർന്ന പന്തലിൽ രണ്ടു വിവാഹങ്ങളായിരുന്നു നടന്നത്.. സർവ്വാഭരണവിഭൂഷിതയായ ഭദ്രയ്‌ക്കരികിൽ കണ്ണുകളിൽ കുസൃതിയുമായി ആദിനാരായണൻ നിന്നിരുന്നു.. അവന്റെ കൈകൾ ഭദ്രയുടെ സീമന്തരേഖയെ ചുവപ്പണിയിച്ചപ്പോൾ സൂര്യന്റെ നെഞ്ചിൽ ചാരി നിന്നിരുന്ന രുദ്രയുടെയും അനന്തനെ ചേർന്നു നിന്നിരുന്ന പത്മയുടെയും മിഴികൾ നിറഞ്ഞിരുന്നു.. ഹൃദയങ്ങളും .. അംബികയുടെ കഴുത്തിൽ ആലിലത്താലി ചാർത്തിയ നേരം ശ്രീനഥിന്റെ കൈകൾ ഒന്ന് വിറച്ചിരുന്നു.. അവന്റെ കണ്ണുകൾ അനന്തന് നേരെ നീണ്ടതും അനന്തൻ കള്ളച്ചിരിയോടെ ശ്രീനഥിനെ നോക്കി കണ്ണിറുക്കി..

വല്യ ആർഭാടമൊന്നുമില്ലാതെ രജിസ്റ്റർ മാര്യേജ് മതിയെന്ന് ശ്രീനാഥ്‌ വാശി പിടിച്ചെങ്കിലും അതൊന്നും അനന്തനും പത്മയ്ക്കും മുൻപിൽ വിലപ്പോയില്ല.. നാഗകാളിമഠത്തിൽ ആ വിവാഹങ്ങൾ വലിയൊരു ആഘോഷം തന്നെയായിരുന്നു.. ഭദ്രയ്ക്ക് ആദിത്യനോടൊപ്പം കാളിയാർമഠത്തിലേക്ക് ഇറങ്ങേണ്ട സമയം ആയപ്പോൾ പത്മയ്ക്ക് കരച്ചിൽ വന്നു മുട്ടുന്നുണ്ടായിരുന്നു.. അതറിഞ്ഞെന്നോണം അനന്തന്റെ ഇടം കൈ അവൾക്ക് ചുറ്റും ഉണ്ടായിരുന്നു.. വലം കൈയിൽ അരുന്ധതിയും (അനന്തന്റെ അമ്മ ).. നിറഞ്ഞ കണ്ണുകൾ തുടയ്ക്കാതെ ചിരിയോടെ തന്നെ എല്ലാവരെയും നോക്കിയാണ് ഭദ്ര ആദിത്യനൊപ്പം കാറിലേക്ക് കയറിയത്..

സൂര്യനൊപ്പം രുദ്രയും ശ്രീനാഥും അംബികയും അവരെ യാത്രയാക്കി.. അവർ ഇറങ്ങിയ ഉടനെ തന്നെ നന്ദനയും ഭർത്താവും യാത്ര പറയാനായി പത്മയ്ക്കും അനന്തനും അരികെയെത്തി. ദിവസങ്ങൾക്കു മുൻപായിരുന്നു നന്ദനയുടെ വിവാഹം.. അമാലിക അപ്പോഴും വാശി കൈവെടിഞ്ഞിരുന്നില്ല.. അനന്തനും പത്മയുമായിരുന്നു നന്ദനയുടെ വിവാഹം നടത്തിയത്.. അമ്മയുടെ വാശിയ്ക്ക് വേണ്ടി തന്റെ ജീവിതം നശിപ്പിക്കാനാവില്ലെന്ന നന്ദനയുടെ തീരുമാനത്തോട് അനന്തനും പത്മയ്ക്കും യോജിപ്പായിരുന്നു.. ആദിത്യന്റെ കാർ കാളിയർമഠത്തിൽ എത്തുമ്പോൾ സന്ധ്യയാവാറായിരുന്നു.. നാഗത്താൻ കാവിൽ വിളക്ക് വെച്ചതിനു ശേഷം ആദിത്യനും ഭദ്രയും യക്ഷിക്കാവിലേക്കിറങ്ങി.. മുല്ലപ്പൂകളുടെ സുഗന്ധമായിരുന്നു കാവിലെങ്ങും..

യക്ഷിയമ്മയുടെ വിഗ്രഹത്തിൽ തിളങ്ങുന്ന നീലമിഴികളോടെ ആ സുവർണ്ണനാഗവും ഉണ്ടായിരുന്നു.. അവരുടെ മേൽ കുടമുല്ലപൂക്കൾ വർഷിച്ചാണ് യക്ഷിയമ്മയും ദാരികയും ആദിത്യനെയും ഭദ്രയേയും അനുഗ്രഹിച്ചത്.. രാവേറെ കഴിഞ്ഞിട്ടും മട്ടുപ്പാവിലെ ആട്ടുകട്ടിലിൽ ഭദ്രയുടെ മടിയിൽ കിടക്കുകയായിരുന്നു ആദിത്യൻ.. “എടി ശരിക്കും നീ കള്ളം പറഞ്ഞതല്ലേ..?” പെട്ടെന്ന് മുഖമുയർത്തി ആദിത്യൻ ചോദിച്ചു.. “എന്ത്..?” നിഷ്കളങ്കമായ ഭാവത്തോടെ ഭദ്ര ചോദിച്ചു.. “അല്ലാ.. പതിനാലു ദിവസം വൃതമെടുക്കണമെന്ന് അമ്മ പറഞ്ഞൂന്നു പറഞ്ഞത്..” അവന്റെ മുഖത്തെ ദയനീയ ഭാവം കണ്ടപ്പോൾ എത്ര അടക്കിപ്പിടിച്ചിട്ടും ഭദ്രയോട് ചിരിച്ചു പോയി.. “എടി ഭദ്രകാളി.. നീയെന്നെ പറ്റിച്ചതാ ല്ലെ…

ശരിയാക്കി തരാടി ” ആദിത്യൻ ഒന്നുയർന്ന് ബലമായി ഭദ്രയുടെ മുഖം പിടിച്ചു താഴ്ത്തി തന്നിലേക്ക് ചേർത്തു .. ഭദ്ര പിടഞ്ഞെങ്കിലും അവൻ വിട്ടില്ല.. അവളെയും വാരിയെടുത്തു അകത്തേക്ക് നടക്കുമ്പോൾ ഭദ്ര ചിരിക്കുന്നുണ്ടായിരുന്നു.. അവളുടെ പ്രതിഷേധങ്ങളൊക്കെ അവന്റെ പ്രണയത്തിൽ അലിഞ്ഞില്ലാതെയായി.. അപ്പോഴും യക്ഷിക്കാവിലെ കുടമുല്ലപ്പൂക്കളുടെ സുഗന്ധം കാളിയാർമഠത്തിന്റെ മുകൾനിലയിലാകെ നിറഞ്ഞു നിന്നിരുന്നു.. ആരുടെയോ സ്നേഹാശംസകളെന്നപോലെ.. ****************

നാളുകൾക്കു ശേഷമൊരു സന്ധ്യയിൽ.. നോക്കെത്താ ദൂരത്തോളമുള്ള തേയിലത്തോട്ടങ്ങൾ കടന്നു സൂര്യന്റെ കാർ ആ മനോഹരമായ വീടിനു മുൻപിൽ ചെന്നെത്തുമ്പോൾ തോട്ടങ്ങൾക്ക് മുകളിൽ കോടമഞ്ഞിറങ്ങി തുടങ്ങിയിരുന്നു.. “എന്തൊരു ഉറക്കമാടോ…” കണ്ണുകൾ തിരുമ്മി തുറന്ന രുദ്രയെ നോക്കി സൂര്യൻ കളിയാക്കി.. “നിശാഗന്ധി പൂക്കുന്നത് രാത്രിയിലാണെന്ന് ഏതോ എഴുത്തുകാരൻ പറഞ്ഞിരുന്നു ഒരിക്കലെന്നോട്..അത് കൊണ്ടാവും പകലുകളേ എനിക്ക് ഉറക്കത്തിനായി ബാക്കിയാവുന്നുള്ളൂ…” സൂര്യൻ പൊട്ടിച്ചിരിച്ചു കൊണ്ടു അവളെ നോക്കി.. രുദ്രയുടെ മുഖം തുടുത്തു..

അവൾ ഫ്രഷായി വരുമ്പോൾ സൂര്യൻ നീണ്ട ഇടനാഴിയിലെ ജനലരികെ ഇട്ടിരുന്ന ചാരുകസേരയിൽ ഇരിക്കുകയായിരുന്നു.. “ഇവിടെ വെച്ചാണ് സൂര്യനാരായണൻ നിശാഗന്ധിയെ പ്രണയിച്ചു തുടങ്ങിയത്.. സ്വന്തമാക്കണമെന്ന് മോഹിച്ചത്.. എത്രയോ രാത്രികളിൽ,ഇവിടെ ഇങ്ങനെ ഇരിക്കുമ്പോഴാണ് ചാരെ അവളുണ്ടായിരുന്നുവെങ്കിലെന്നു മോഹിച്ചത്..” മനം മയക്കുന്ന പുഞ്ചിരിയിൽ മയങ്ങിയെന്നോണം രുദ്ര സൂര്യന്റെ മടിയിൽ ഇരുന്നു.. ഗ്ലാസിനപ്പുറത്തു കോടമഞ്ഞു വന്നു നിറഞ്ഞിരുന്നു.. സൂര്യൻ പുതച്ചിരുന്ന ഷാൾ കൊണ്ടവളെ പൊതിഞ്ഞു തന്നിലേക്ക് ചേർത്തു.. കാതോരം ചുണ്ടുകൾ ചേർന്നു..

“അറിയാതെ ഞാനെന്റെ പ്രണയത്തെ വീണ്ടും നെഞ്ചോടൊതുക്കി കിടന്നിരുന്നു.. കാലൊച്ചയില്ലാതെ വന്നു നീ മെല്ലെയെൻ കവിളോടുരുമ്മി കിതച്ചിരുന്നു.. പാതിയും ചിമ്മാത്ത മിഴികളിൽ നനവാർന്ന ചുണ്ടിനാൽ ചുംബിച്ചിരുന്നിരുന്നു.. അറിയാതെ നീയെന്റെ മനസ്സിലെ കാണാത്ത കവിതകൾ മൂളി പഠിച്ചിരുന്നൂ.. മുറുകാൻ തുടങ്ങുമെൻ വിറയാർന്ന വേളയിൽ മാറോടമർത്തി കൊതിച്ചിരുന്നു.. എന്തിനെന്നറിയില്ല ഞാനെന്റെ മുത്തിനെ എത്രയോ സ്നേഹിച്ചിരുന്നിരുന്നു..” മറന്നിട്ടുമെന്തിനോ മനസ്സിൽ തുളുമ്പുന്നു മൗനാനുരാഗത്തിൻ ലോലഭാവം.. കൊഴിഞ്ഞിട്ടുമെന്തിനോ പൂക്കാൻ തുടങ്ങുന്നു പുലർമഞ്ഞുകാലത്തെ സ്നേഹതീരം.. പുലർമഞ്ഞുകാലത്തെ സ്നേഹതീരം… ****************

രാത്രിയിൽ ഭക്ഷണം കഴിഞ്ഞു ഏറെ നേരം സംസാരിച്ചിരുന്നതിന് ശേഷമാണ് ശ്രീനാഥും അംബികയും താഴേ വീട്ടിലേക്ക് പോയത്.. അവർക്ക് തമ്മിൽ അടുത്തറിയാൻ ഇനിയും സമയം വേണ്ടി വന്നേക്കും എന്ന് അനന്തൻ പറഞ്ഞത് കൊണ്ടു പത്മ അവരെ ഒരു തരത്തിലും ശല്യം ചെയ്യാറില്ല.. കഴിവതും താഴേ വീട്ടിലേക്ക് പോവാറുമില്ല.. ചിലപ്പോഴൊക്കെ ഭക്ഷണം ഒരുമിച്ച് മഠത്തിൽ വെച്ച് കഴിക്കും.. ശ്രീനാഥ് സംസാരപ്രിയനാണെങ്കിൽ അംബിക നേരെ തിരിച്ചാണ്.. പതിഞ്ഞ പ്രകൃതം.. ഏതാണ്ട് രുദ്രയെയും സൂര്യനെയും പോലെ തന്നെ… എല്ലായിടത്തും നോക്കി കതകൊക്കെ അടച്ചു ലൈറ്റ് ഓഫ്‌ ചെയ്തു പത്മ മുറിയിലെത്തി.. മൂളിപ്പാട്ട് കേട്ടപ്പോൾ ആൾ ബാത്‌റൂമിൽ ആണെന്ന് പത്മയ്ക്ക് മനസ്സിലായി..

അവൾ ചുറ്റുമൊന്ന് കണ്ണോടിച്ചു.. ബെഡിനരികെയുള്ള സൈഡ് ടേബിളിൽ കുഞ്ഞു ഓട്ടുരുളിയിൽ നിറയെ മുല്ലമൊട്ടുകൾ.. പിന്നെ… പിന്നെ ആ പാട്ടും… അതേ നിമിഷമാണ് തല തുവർത്തികൊണ്ടു അനന്തൻ പുറത്തേക്കിറങ്ങിയത്.. പത്മ രണ്ടു കൈയും എളിയിൽ കുത്തി നിൽക്കുന്നത് കണ്ടു കള്ളച്ചിരിയോടെ അനന്തൻ കണ്ണാടിയ്ക്ക് മുൻപിലേക്ക് നടന്നു.. “ഉം…?” മുടിയൊതുക്കി അവൾക്ക് നേരെ തിരിഞ്ഞു കൊണ്ടു ഒരു പുരികമുയർത്തി… “അയ്യടാ..” പത്മ വെട്ടിത്തിരിഞ്ഞു നടക്കാൻ തുടങ്ങിയെങ്കിലും സാരിത്തുമ്പ് അനന്തന്റെ കൈയിൽ കുരുങ്ങിയിരുന്നു..

ഒറ്റ വലിയിൽ അവൾ അനന്തന്റെ നെഞ്ചിൽ തട്ടി നിന്നു.. കണ്ണെടുക്കാനാവാതെ ആ നുണകുഴിച്ചിരിയിലേക്ക് നോക്കി നിന്നു.. എന്നും അവളെ മോഹിപ്പിച്ച അതേ ചിരി… ആ സ്വരവീചികൾ അപ്പോഴും അവിടെ അലയടിച്ചു കൊണ്ടിരുന്നു… “വെണ്ണിലാവിന്റെ വെണ്ണ തോൽക്കുന്ന പൊൻ കിനാവാണ്‌ നീ…. ചന്ദ്ര കാന്തങ്ങൾ മിന്നി നിൽക്കുന്ന ചൈത്ര രാവാണ്‌ നീ…(വെണ്ണിലാവിന്റെ)… മാരോൽസവത്തിൻ മന്ത്ര കേളി മന്ദിരത്തിങ്കൽ മഴതുള്ളി പൊഴിക്കുന്നു മുകിൽ പക്ഷിയുടെ നടനം (തിര നുരയും) ……………. ……………. കന്മദം പോലെ ഗന്ധമാർന്നൊരീ കാൽ പടം മൂടുവാൻ നൂപുരം കോർത്തു ചാർത്തുവാൻ മിന്നൽ നൂലുമായ്‌ നിൽക്കവേ (കന്മദം) ദേവീ വര പ്രസാദം തേടി വരുന്നൊരെന്റെ ഇട നെഞ്ചിൽ മിടിക്കുന്നതിടയ്ക്കതൻ സ്വര ജതിയോ (തിര നുരയും)….”….(അവസാനിച്ചു )…

നീലമിഴികൾ (നാഗമാണിക്യം 2): ഭാഗം 46

Share this story