ദാമ്പത്യം: ഭാഗം 12

ദാമ്പത്യം: ഭാഗം 12

എഴുത്തുകാരി: തുഷാര ലക്ഷ്മി

നിമിഷ പോയി കഴിഞ്ഞതും ആര്യ ഒരു തേങ്ങലോടെ വന്നവനെ ചുറ്റിപിടിച്ചു…. ആദ്യമായി ചേർന്നു നിൽക്കുകയാണവൾ… അഭി പക്ഷേ വാത്സല്യത്തോടെ അവളുടെ തലയിൽ തലോടി… ഇത്തവണ അവൾ സന്തോഷം കൊണ്ടാണ് കരയുന്നതെന്ന് അവന് മനസ്സിലായി… ആ നിമിഷം ആര്യ മനസ്സിൽ ദൈവങ്ങൾക്ക് നന്ദി പറയുകയായിരുന്നു… ഈ മനുഷ്യനെ തനിക്ക് തന്നതിന്….. ഒരുപാട് പരീക്ഷിച്ചുവെങ്കിലും ഒടുവിലീ സന്തോഷം തന്നല്ലോ… തന്നെ സ്നേഹിക്കാനും, തനിക്ക് വേണ്ടി മരിക്കാനും ,കൊല്ലാൻ പോലും തയ്യാറാണെന്ന് പറയുന്ന ഒരാൾ… ‘ എവിടെയായിരുന്നു നീ…??? എന്തേ നീ താമസിച്ചു എന്നെ തേടി വരാൻ..?? സാരമില്ല…. കുറച്ചു താമസിച്ചാണെങ്കിലും എന്നിലേക്ക് തന്നെ എത്തിയല്ലോ നീ…

ആ ഹൃദയത്തിൽ എനിക്കും ഒരു സ്ഥാനം തന്നല്ലോ….ആ സ്നേഹം എനിക്ക് മാത്രമായി തന്നുവല്ലോ നീ….. മതി….ഇത് മതി എനിക്ക് ജീവിക്കാൻ….’ ആര്യയ്ക്ക് സ്നേഹം കൊണ്ടു നെഞ്ചു വിങ്ങി…. അവളവനെ മുറുകെ കെട്ടി പിടിച്ചു… കുറച്ചു നിമിഷങ്ങൾ അങ്ങനെ നിന്നു…. “” ശ്രീ….. മതിയെടാ….”” അവൻ അവളെ അടർത്തിമാറ്റി കണ്ണുനീർ തുടച്ചു കൊടുത്തു…. അഭിയേട്ടനെ ചേർന്നാണ് നിന്നത്..എന്ത് വിചാരിച്ചു കാണുമോ…. ആര്യയ്ക്ക് ചെറിയ ജാള്യത തോന്നി… “” എന്തായിരുന്നു നേരത്തെ ഉള്ള പെർഫോമൻസ്…. ഞാൻ തന്നെ ഞെട്ടിപ്പോയി… ബോൾഡാകണമെന്ന് പറഞ്ഞപ്പോഴും ഇത്രയും ഞാനും പ്രതീക്ഷിച്ചില്ല…. മിടുക്കി….ഇങ്ങനെ തന്നെ അങ്ങ് പോയാൽ മതി… കരച്ചിലും പിഴിച്ചിലുമൊന്നും നമുക്ക് വേണ്ട…. സെൽഫ് റെസ്പെക്ട് ഉണ്ടായിരിക്കണം എപ്പോഴും….

നമ്മുടെ അച്ഛനമ്മമാരുടെ മുന്നിലല്ലാതെ മറ്റാരുടെയോ മുൻപിലും തെറ്റ് ചെയ്യാതെ കണ്ണീരൊഴുക്കി തലകുനിച്ചു നിൽക്കരുത്….. മനസ്സിലായോ എന്റെ ഝാൻസി റാണിയ്ക്ക്…. “” ആര്യ കുറുമ്പോടെ നോക്കുന്നത് കണ്ടതും അഭിയ്ക്ക് ചിരി വന്നു…. “” ഇനി നമുക്ക് താഴേക്ക് പോകാം അച്ഛനുമമ്മയും നോക്കിയിരിക്കുകയാവും….”” അവളൊന്നു ശാന്തയായെന്ന് കണ്ടതും അഭി പറഞ്ഞു…. അവർ ഒരുമിച്ച് ഇറങ്ങിവരുന്നത് പ്രഭയും ശേഖരനും സന്തോഷത്തോടെ നോക്കിയിരുന്നു… ഇവർ തന്നെയാണ് ഒന്നിച്ച് ചേരേണ്ടിയിരുന്നത്…. അവരുടെ മനസ്സ് പറഞ്ഞു…. പ്രഭാമ്മയുടെയും ,അച്ഛന്റെയും വീട്ടുകാരൊക്കെ വൈകുനേരത്തോടെ പോയിരുന്നു….

അവരിനി നാളെ റിസപ്ഷനെ എത്തുകയുള്ളൂ…. അവർ ചായ കുടിച്ചു കൊണ്ടിരുന്നപ്പോൾ നിമിഷ കുഞ്ഞുമായി ഇറങ്ങിവന്നു ആരെയും ശ്രദ്ധിക്കാതെ ഒരു കസേരയിൽ വന്നിരുന്നു… അടുക്കളയിൽ സഹായത്തിനു നിൽക്കുന്ന ലീലച്ചേച്ചി ഉടനെ തന്നെ ചായയും ഒരു കുപ്പിയിൽ പാലുമായി വന്നു… നിമിഷ പാലെടുത്ത് കുഞ്ഞിനെ കുടിപ്പിച്ചുകഴിഞ്ഞു ചായ കുടിച്ചു….. ആര്യ കുഞ്ഞിനെ തന്നെ ശ്രദ്ധിക്കുകയായിരുന്നു… അവൾ പാലുകുടിക്കുന്നതവൾ കൗതുകത്തോടെ നോക്കി….അരവിന്ദന്റെ ഛായയാണ് കുഞ്ഞിനെന്ന് തോന്നിയവൾക്ക്… പാലുകുടിച്ചു കഴിഞ്ഞ് പ്രഭാമ്മ മോളേ പോയി എടുത്തു… അവരോട് എന്തൊക്കെയോ അവൾ കൊഞ്ചി പറയുന്നുണ്ട്… നിമിഷ തലയുയർത്തി അഭിയേയോ,ആര്യയേയോ നോക്കിയില്ല…. “” വാ മോളെ…നമുക്ക് കുളത്തിലേക്ക് പോകാം…

കുളത്തിലിപ്പോൾ മീൻ വളർത്തുകയാണ്….നിനക്ക് കാണണ്ടേ…. “” ചായകുടിച്ച് കഴിഞ്ഞു പ്രഭാമ്മ ആര്യയെ വിളിച്ചു വീടിന്റെ പുറകിലായി ഒരു ചെറിയ കുളമുണ്ട്… തനിക്കു അവിടെ പോയിരിക്കുന്നത് ഭയങ്കര ഇഷ്ടമായിരുന്നു….മുൻപ് എന്നും വൈകുന്നേരം പ്രഭമ്മയും താനും കൂടി അവിടെ പോയിരിക്കുമായിരുന്നു… ഇപ്പോഴതിൽ മീൻ വളർത്തുകയാണ്…ആര്യ ഉത്സാഹത്തോടെ എഴുന്നേറ്റു അവരുടെ കൂടെ പുറത്തേക്ക് നടന്നു…. ആര്യയും പ്രഭയും ഒന്നിച്ചു പോകുന്നത് ദേഷ്യത്തോടെ നിമിഷ നോക്കിയിരുന്നു… അവളെ വിളിക്കാതെ ആര്യയെ മാത്രം വിളിച്ചത് അവൾക്ക് സഹിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല… നിമിഷ പല്ലു കടിച്ച് നേരെ നോക്കിയതും തന്നെ നോക്കി പുച്ഛത്തോടെ ഇരിക്കുന്ന അഭിയെയാണ് കണ്ടത്… കുഞ്ഞിനെ പ്രഭ കൊണ്ട് പോയതുകൊണ്ട് നിമിഷയും അവരുടെ കൂടെ പോകാൻ എഴുന്നേറ്റു അഭിയെ ശ്രെദ്ധിക്കാതെ പുറത്തേക്കിറങ്ങി… 💙💙💙💙

പ്രഭാമ്മയുടെ കയ്യിലിരിക്കുന്ന വാവ എന്നെ നോക്കുന്നുണ്ടായിരുന്നു….ഈ പുതിയ മുഖം ആരുടെ എന്നാവും… ഇടയ്ക്കിടയ്ക്ക് വീക്ഷിക്കുന്നുണ്ട് കുഞ്ഞിക്കണ്ണും വെച്ച്… കുഞ്ഞിനോടു സ്നേഹം തോന്നിയെങ്കിലും അവളെ ഒന്നെടുക്കാനുള്ള ആഗ്രഹം ഉപേക്ഷിച്ചു…. അരവിന്ദോ, നിമിഷയോ കണ്ടാൽ അത് പ്രശ്നമാകും…തന്റെ പേരിൽ ഒരു പ്രശ്നം തുടങ്ങി വയ്ക്കാൻ ആഗ്രഹമില്ല… കുളത്തിലെ മീനിനെ കുറച്ചു നേരം നോക്കി നിന്നു… കുറച്ചു കഴിഞ്ഞപ്പോഴേക്കും കണ്ടു ദൂരെ നിന്ന് നടന്നു വരുന്ന നിമിഷയെ… തെളിച്ചമില്ലാത്ത മുഖം… പ്രഭാമ്മ അന്തം വിട്ട് നോക്കുന്നുണ്ടായിരുന്നു… കുറച്ചുനേരം ഞങ്ങളെ ശ്രദ്ധിച്ചു നിന്നശേഷം കുഞ്ഞിനെയുമെടുത്ത് അകത്തേക്ക് പോയി…. “”

നീ ഉള്ളതുകൊണ്ടാ മോളെ അവളിങ്ങോട്ട് വന്നത്. ഇതുവരെ ഈ ഭാഗത്തേക്ക് ഒന്നും വന്നിട്ടില്ലാത്തവളാ … എന്തിനാ അടുക്കളയിൽപോലും കയറാറില്ല.. കഴിക്കാൻ മാത്രമേ താഴേക്കു വരാറുള്ളൂ… അല്ലെങ്കിൽ അരവിന്ദിന്റെ കൂടെ പുറത്തേക്ക് എവിടെയെങ്കിലും പോകാനും……ഇനി എന്തൊക്കെ കാണണോ….. “” മറുപടി ഒന്നും കൊടുത്തില്ല… ഈ വീട്ടിൽ നിൽക്കാൻ ഇഷ്ട്ടമുണ്ടെങ്കിലും പ്രശ്നങ്ങളോഴിവാക്കാൻ മാറി താമസിക്കുന്നത് തന്നെയാണ് നല്ലതെന്ന് തോന്നുന്നു… ഇരുട്ട് വീണു തുടങ്ങിയതും അമ്മയുടെ കൂടെ തിരികെ വീട്ടിലേക്ക് നടന്നു.. 💙💙💙

അരവിന്ദ് എങ്ങോട്ടെന്നില്ലാതെ കുറേ ഡ്രൈവ് ചെയ്തു…പിന്നെ തോന്നി ശ്യാമിനെ കാണണമെന്ന്…. ഈ സമയത്ത് അവന് മാത്രമേ തന്നെ ആശ്വസിപ്പിക്കാൻ പറ്റുള്ളൂ… ഹൈസ്കൂൾ മുതലുള്ള കൂട്ടാണ് ശ്യാമുമായി.. ഡിവോഴ്സ് ഒഴിച്ച് എല്ലാത്തിനും കൂടെ നിന്നവനാണ്…. സത്യത്തിൽ അവനെ ഉള്ളൂ ഇപ്പോൾ തനിക്കു എന്തും തുറന്നു പറയാൻ ഒരാളായിട്ട്…..പാറയിലെ അമ്പലത്തിലേക്ക് വരാൻ ശ്യാമിനെ വിളിച്ചു പറഞ്ഞു… നേരെ അമ്പലത്തിലേക്ക് പോയി…..ഒരു വലിയ പാറയുടെ മുകളിലാണ് അമ്പലം…. ഇടയ്ക്ക് ഇവിടെ വന്നിരിക്കാറുണ്ട്….വല്ലാത്ത ശാന്തതയാണ് ഇവിടെ…തണുത്ത കാറ്റ് ഏറ്റു ആ പാറയിൽ നിലാവും നക്ഷത്രങ്ങളും നോക്കികിടക്കാൻ ഒരുപാടിഷ്ട്ടമാണ്… എന്തെങ്കിലും വിഷമങ്ങളുണ്ടാകുമ്പോൾ ഇവിടെ വന്നാൽ അതൊക്കെ മാറി പോകാറുണ്ട്….

അതാണ് ശ്യാമിനോട് ഇങ്ങോട്ട് വരാൻ പറഞ്ഞത്… ദൂരേയ്ക്ക് നോക്കി ആ പാറയിലിരുന്നു..ചെറുതായി കാറ്റു വീശുന്നുണ്ടായിരുന്നു….ഇടക്കിടക്ക് കുറച്ചാളുകൾ അമ്പലത്തിലേക്ക് പോകുകയും വരുകയും ചെയ്യുന്നുണ്ട്…..അകലെ ചെറുതായി ബസ് സ്റ്റാൻഡ് കാണാം,,, പൊട്ടുപോലെ കുറച്ചു ബസ്സുകളും… അത് നോക്കിയിരുന്നു….കുറച്ചു കഴിഞ്ഞു അവൻ നടന്നു വന്നു അടുത്തായി ഇരുന്നു.. “” ആര്യയാണ് നിന്റെ പ്രശ്നമല്ലേ…?? കല്യാണം കഴിഞ്ഞ് അവരെ ഒന്നിച്ചു നീ കണ്ടല്ലേ… അതാണ് വാലിനു തീ പിടിച്ച പോലെ ഇങ്ങനെ കിടന്നു ഓടുന്നത് …. ശരിക്കും അവരെ ഒന്നിച്ച് കാണുന്നതാണോ നിന്റെ പ്രശ്നം….?? “” ഒന്നും മിണ്ടാതെയിരിക്കുന്നത് കണ്ടിട്ടാവും അവൻ ചോദിച്ചു… “”

നിനക്കറിയില്ലേ എന്റെ പ്രശ്നമെന്താണെന്ന്… അഭി…എന്റെ പൊന്നനിയനായിരുന്നില്ലേ അവൻ….ആ അവൻ തന്നെ എന്നെ തോൽപിച്ചു…. അതും ഞാൻ ഉപേക്ഷിച്ച ഒരുത്തിക്ക് വേണ്ടി…. എന്റെ കൺമുന്നിൽ അവളുമായി അവൻ ജീവിച്ചു തുടങ്ങി… “” “” അതിന് നിനക്കെന്താടാ…?? ഞാൻ നിന്നോട് അന്നേ പറഞ്ഞതാണ് നിമിഷയുമായി ഒരു ബന്ധം വേണ്ടായെന്ന്….നീ കേട്ടില്ല….എവിടെനിന്നോ വന്ന ഒരു പെണ്ണിന് വേണ്ടി താലികെട്ടിയവളെ ഒരു മനസ്സാക്ഷിക്കുത്തുമില്ലാതെ ഉപേക്ഷിച്ചവനാണ് നീ…. അതും നിന്നെ ജീവനുതുല്യം സ്നേഹിച്ചിരുന്ന ഒരു പെണ്ണിനെ… ഇന്നും അതിന് നിന്നോടെനിക്ക് ക്ഷമിക്കാൻ പറ്റിയിട്ടില്ലെടാ.. ഒരുപാട് അടുത്തറിയില്ലായിരുന്നുവെങ്കിലും ആര്യ എനിക്കെന്റെ പെങ്ങളെ പോലെ ആയിരുന്നു…

നീ ഉപേക്ഷിച്ച പോലെ നിന്റെ വീട്ടുകാരും അവളെ ഉപേക്ഷിക്കാത്തതാണോ അവരുടെ ഭാഗത്ത് നീ കാണുന്ന തെറ്റ്..?? അഭി….. അവനാണ് ആൺകുട്ടി… അവനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഒരു ഉമ്മ കൊടുത്തേനെ ഞാൻ… ചേട്ടൻ ചെയ്ത തെറ്റിന് അനിയൻ പരിഹാരം കണ്ടതിന്… ശരിക്കും നിനക്കെന്ത് യോഗ്യതയാണുള്ളത് അവനെ കുറ്റം പറയാൻ ..?? നീ വിലയറിയാതെ വലിച്ചെറിഞ്ഞു കളഞ്ഞതിനെ ചേർത്തുപിടിച്ചതിനാണോ അവൻ നിന്റെ മുന്നിൽ തെറ്റുകാരനായത്…. നീ ഉൾപ്പെടെയുള്ള ബന്ധുക്കളെയോ, സമൂഹത്തെയോ ഭയക്കാതെ അവൻ ആര്യയുടെ കൈ പിടിച്ചു… ശരിക്കും ഒരു വിപ്ലവമാണവൻ നടത്തിയത്….. അങ്ങനെ വേണമെടാ ആൺകുട്ടികൾ… അതിനവൻ കുറ്റം പറയാൻ നടക്കുന്നു…

നിനക്ക് അസൂയയാണെടാ അവരെ ഒന്നിച്ചു കാണുമ്പോൾ… എനിക്ക് കേൾക്കണ്ട നിന്റെ കാര്യങ്ങളൊന്നും…… നേരമിരുട്ടി…. എഴുന്നേറ്റു വീട്ടിൽ പോടാ…….ഞാനും പോകുവാ……”” ആ പാറയിലേക്കു കണ്ണടച്ച് കിടന്നു….കൂടുതൽ സംസാരിക്കാൻ നിന്നില്ല… താൻ ഇനിയും കുറ്റപ്പെടുത്തൽ കേൾക്കേണ്ടിവരും…. കുറച്ചു നേരമിരുന്നിട്ട് അവൻ പോകാനെഴുന്നേറ്റു.. പോകാൻ വിളിച്ചപ്പോഴും കണ്ണ് തുറന്നില്ല….അവൻ പോകുന്നത് അറിയുന്നുണ്ടായിരുന്നു….. കാമുകിക്ക് വേണ്ടി ഭാര്യയെ ഉപേക്ഷിച്ച അരവിന്ദിനെയെ എല്ലാവർക്കും അറിയൂ… പക്ഷേ അനാഥയായ ഒരു പെണ്ണിന് ജീവിതം കൊടുത്ത അരവിന്ദിനെ ആർക്കുമറിയില്ല… വിവാഹത്തിനുമുൻപ് ആരെയും പ്രേമിച്ചിട്ടില്ല… ആര്യയെ വിവാഹം കഴിച്ചപ്പോൾ അവളെയും സ്നേഹിച്ചിരുന്നു…

ആര്യ പക്ഷേ ഒരു പുസ്തകപ്പുഴുവായിരുന്നു…. ഒന്നുകിൽ പഠിത്തം അല്ലെങ്കിൽ അമ്മയുടെ പിറകെ… അങ്ങനെയേ അവളെ കണ്ടിട്ടുള്ളൂ… തന്റെ കാര്യങ്ങളൊക്കെ ചെയ്തുതരുമെങ്കിലും ഒരിക്കലും അവളുടെ പ്രണയം തനിക്ക് കിട്ടിയിട്ടില്ല…. ഒതുങ്ങി ഒരു മൂലയ്ക്ക് ഇരിക്കുന്ന ഒരു പെണ്ണ്…. താനും അധികം ശല്യം ചെയ്യാൻ പോകാറില്ലായിരുന്നു…. അപ്പോഴാണ് നിമിഷയെ പരിചയപ്പെടുന്നത്… ശരിക്കും അവൾ തന്റെ ജീവിതത്തിൽ വന്നതിനുശേഷമാണ് പ്രണയമെന്താണെന്നറിഞ്ഞത്..ഒരു പാവം പെണ്ണ്…ആരുമില്ലാത്തവൾ….അതുകൊണ്ടാകും ഒന്നും തിരിച്ചു പ്രതീക്ഷിക്കാതെ തന്റെ സ്നേഹം മാത്രം മതിയായിരുന്നു അവൾക്കു…. അവളുടെ സ്നേഹവും കെയറിംഗും തന്നെയും ഒരുപാട് സ്വാധീനിച്ചു… തന്റെ ഓരോ കുഞ്ഞു കുഞ്ഞു കാര്യങ്ങൾ വരെ അവൾ ശ്രദ്ധിക്കുമായിരുന്നു…

താൻ പറയുന്നതിനൊക്കെ നല്ല കേൾവിക്കാരിയാകും…ഇപ്പോഴുമോർക്കുമ്പോൾ സുഖമുള്ള ഓർമ്മകളാണ് അതൊക്കെ…. അരവിന്ദ് പ്രണയത്തോടെ ഒരു നിമിഷം നിമിഷയെ ഓർത്തു… ഇടയ്ക്ക് പ്രണയം അതിന്റെ എല്ലാ അതിർവരമ്പുകളും ഭേദിച്ചു….. നിമിഷ ഇല്ലാതെ ജീവിക്കാൻ പറ്റില്ല എന്ന അവസ്ഥ വന്നു…. നിമിഷയെ കൂടെ കൂട്ടാൻ തടസ്സം ആര്യയായിരുന്നു… ആര്യയില്ലായിരുന്നെങ്കിൽ തനിക്ക് നിമിഷയെ സ്വന്തമാക്കാമായിരുന്നു ഒരു തടസ്സവുമില്ലാതെ… ആ ചിന്ത വന്നതോടെ ആര്യയെ വെറുത്തു… അവളൊന്നു ഒഴിവായി പോകാൻ എന്തു ചെയ്യാനും അന്ന് തയ്യാറായിരുന്നു… നിമിഷ തന്റെ കുഞ്ഞിന്റെ അമ്മയാകാൻ പോകുന്നുവെന്നറിഞ്ഞ നിമിഷമാണ് താൻ ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷിച്ചത്… ആ നിമിഷം തീരുമാനമെടുത്തു ഇനി ആര്യയെ സഹിക്കാനാകില്ല….

അവൾ എത്രയും വേഗം ഒഴിഞ്ഞു പോയേ തീരു….. തനിക്ക് നിമിഷയും കുഞ്ഞുമില്ലാതെ ജീവിക്കാനാകില്ല…. തുറന്നു പറഞ്ഞു ഡിവോഴ്സ് വേണമെന്ന്… ആദ്യം സമ്മതിക്കാതിരുന്നവൾ നിമിഷ ഗർഭിണിയാണെന്നറിഞ്ഞപ്പോൾ ഒഴിഞ്ഞു പോകാൻ തയ്യാറായി…. ഡിവോഴ്സിന് സമ്മതിച്ചു… ഒരുപാട് സന്തോഷം തോന്നി അന്ന്….മുന്നിലുണ്ടായിരുന്ന തടസ്സം മാറിയിരിക്കുന്നു… ഡിവോഴ്സായി പിറ്റേന്ന് തന്നെ നിമിഷയെ താലിചാർത്തി തന്റെ പാതിയാക്കി… അന്നുമുതൽ നിമിഷയ്ക്ക് വേണ്ടിയാണ് താൻ ജീവിക്കുന്നത്… മോളുമായി എന്ത് സന്തോഷത്തിലായിരുന്നു ഞങ്ങൾ…ശരിക്കും ജീവിതം ആസ്വദിക്കുകയായിരുന്നു….

ആ സന്തോഷം തല്ലിക്കെടുത്താനായി അവൾ പിന്നെയും നന്ദനത്തേക്ക് വന്നിരിക്കുകയാണ്… അവൾ ഒന്ന് ഒഴിഞ്ഞു പോയപ്പോൾ എന്ത് ആശ്വസിച്ചതാണ്… പക്ഷേ ഇപ്പോൾ തന്റെ കൂടപ്പിറപ്പ് തന്നെ അവളെ കൂടെ കൂട്ടിയിരിക്കുന്നു… ഓർക്കുമ്പോൾ സഹിക്കാനാവുന്നില്ല… നിമിഷ പറയും പോലെ തന്നെ തോൽപ്പിക്കാൻ വേണ്ടി ചെയ്തതാണ് ഇത്… പക്ഷേ താൻ ആര്യയെ ഉപേക്ഷിച്ചത് ഒരനാഥ പെൺകുട്ടിയുടെ ജീവിതത്തിലെ വെളിച്ചമാകാനായിരുന്നു… അവൾക്കൊരു ജീവിതം കൊടുക്കാനായിരുന്നു….തന്റെ ശരി ആരും മനസ്സിലാക്കണ്ട…ആരും… ഓരോന്നാലോചിച്ച് അരവിന്ദ് ഒറ്റയ്ക്കവിടെ കിടന്നു….

നിമിഷയുടെ ഫോൺ വന്നപ്പോഴാണ് അരവിന്ദ് സമയത്തെക്കുറിച്ചും ചുറ്റുമുള്ള ഇരുട്ടിനെക്കുറിച്ചുമൊക്കെ ബോധവാനായത്… അവിടെ നിന്നെഴുന്നേറ്റു അയാൾ കാറിനടുത്തേയ്ക്ക് നടന്നു…. 💙💙💙💙💙💙💙💘💘💘💘💙💙💙💙💙💙💙 രാത്രി ഭക്ഷണം കഴിഞ്ഞ് അമ്മയുടെ കൂടെ അടുക്കളയിൽ വന്നു കൂടെ നിന്ന് ജോലികൾ ഓരോന്നായി തീർത്തു…. അമ്മ എന്തൊക്കെയോ കാര്യങ്ങൾ പറയുന്നുണ്ട്… നാട്ടുകാര്യങ്ങളും അയൽക്കാരെപ്പറ്റിയുമൊക്കെയാണ്…. താൻ ഇല്ലാതിരുന്ന സമയത്ത് ഉള്ള കാര്യങ്ങളാണ്….. എല്ലാം മൂളിക്കേട്ടു…. ഒരുപാട് നാളുകൾക്കു ശേഷം പ്രഭാമ്മയുടെ കൂടെ നന്ദനത്തെ അടുക്കളയിൽ…. ഒരിക്കലും പ്രതീക്ഷിച്ചതല്ല വീണ്ടും ഇവിടെയിങ്ങനെ നിൽക്കുമെന്ന്… മനസ്സ് സന്തോഷത്താൽ ഒന്ന് കുളിർന്നു….

ഇടയ്ക്കെപ്പോഴോ അരവിന്ദ് കഴിക്കാൻ വന്നിരുന്നു… ഞങ്ങളുടെ കൂടെ കഴിക്കാൻ ഉണ്ടായിരുന്നില്ല… അമ്മ ചെന്ന് ഭക്ഷണം എടുത്തു കൊടുക്കുന്നത് കണ്ടു… നിമിഷ നേരത്തെ കഴിച്ചു മുറിയിലേക്ക് പോയിരുന്നു….മുൻപ് എല്ലാവരും ഒരുമിച്ച് കഴിക്കുന്നതായിരുന്നു നന്ദനത്തെ പതിവ്…. അതൊക്കെ മാറിയെന്ന് തോന്നുന്നു…… പാത്രം കഴുകി കൊണ്ടിരുന്നപ്പോൾ അമ്മ പാൽ തിളപ്പിക്കാൻ വയ്ക്കുന്നത് കണ്ടു… നെഞ്ചിലൊരു വെള്ളിടി വെട്ടി… അത് ഞങ്ങൾക്കുള്ളതല്ലേ ആദ്യ രാത്രിയിലേക്കുള്ളത്…. പരിഭ്രമം കൊണ്ടു കൈയ്യിലിരുന്ന പ്ലേറ്റ് തറയിൽ വീഴുമോ എന്ന് പോലും പേടിച്ചു…. കാരണമറിയാത്തൊരു ഭയവും അപകർഷതയുമൊക്കെ ഒരു നിമിഷം കൊണ്ട് അവളിൽ നിറഞ്ഞു… തന്റെ കുറവുകൾ.. ഇത്രനേരമുണ്ടായിരുന്ന സന്തോഷം പതിയെ മാഞ്ഞു തുടങ്ങി…

അമ്മ തിളപ്പിച്ചാറ്റിയ പാൽ ഒരു ഗ്ലാസ്സിലേക്ക് പകരുന്നത് നിർവികാരതയുടെ നോക്കി നിന്നു… ആ സമയം തന്നെ എവിടെ നിന്നോ പൊട്ടിമുളച്ച പോലെ നിമിഷ അടുക്കളയിലെത്തി… “” കുഞ്ഞിന് പാൽ തീർന്നു… അമ്മേ ഇത് ഞാനെടുക്കുന്നെ… “” ഗ്ലാസിലെ പാൽ കയ്യിലെടുത്ത് ഫീഡിങ് ബോട്ടിലിലേക്ക് പകരാനൊരുങ്ങി നിമിഷ പറഞ്ഞു…. “” എന്തായിത് …?? ഇതിവർക്കുള്ള പാലാണ്…. വൈകുന്നേരം കൂടുതലാളുകളുണ്ടായിരുന്നതുകൊണ്ട് പാൽ തികഞ്ഞില്ല…കുഞ്ഞിന് എന്നും രാത്രി പാൽ കുടിക്കുന്ന ശീലമൊന്നുമില്ലല്ലോ…. നീ അതവിടെ വെച്ചേ…. “” നിമിഷ കരുതിക്കൂട്ടി ആണ് വന്നതെന്ന് മനസ്സിലായതും രണ്ടു പേരെയും കൊമ്പുകോർക്കാൻ സമ്മതിക്കാതെ ആ പാൽ ഗ്ലാസ്‌ നിമിഷയ്ക്കു കൊടുത്തേക്കാൻ പറഞ്ഞു അമ്മയെ വഴക്കിൽ നിന്നു വിലക്കി…

അപ്പോഴേക്കും അതിഷ്ട്ടപെടാതെയവൾ തന്നെ ജീവനോടെ കത്തിക്കാൻ പാകത്തിന് ഒരസ്ത്രം വാക്കുകൾ കൊണ്ടു തന്റെ നേർക്കെറിഞ്ഞിരുന്നു…. “” അല്ലെങ്കിൽ തന്നെ ഇവൾക്കെന്ത് ആദ്യരാത്രി..? അഭിയ്ക്കു മാത്രമല്ലേ ഇത് ആദ്യരാത്രി…ഒരാളുടെ കൂടെ കുറെ രാത്രി ആഘോഷിച്ച ഈ സെക്കൻഡ് ഹാൻഡിനെന്ത് ആദ്യരാത്രി..!!!! “” പുച്ഛത്തോടെയുള്ള ആ വാക്കുകളിൽ തീപ്പൊള്ളലേറ്റ പോലെ ഒന്ന് പുളഞ്ഞു… ഒരു ചുഴിയിലകപ്പെട്ടു കറങ്ങുന്നതുപോലെ…. സെക്കൻഡ് ഹാൻഡ് എന്ന വാക്ക് മാത്രം ചുറ്റും മുഴങ്ങി…… ശരിയാണ് ആ പറഞ്ഞത്…. അഭിയേട്ടന് മാത്രമാണ് ഇത് ആദ്യ രാത്രി… താൻ ഒരു സെക്കൻഡ് ഹാൻഡ് തന്നെയാണ്… അഭിയേട്ടന്റെ മുൻപിൽ ആദ്യരാത്രിയാണെന്ന് പറഞ്ഞു ചെന്ന് നിൽക്കാനുള്ള എന്ത് യോഗ്യതയുണ്ട്…. വാക്കുകളേൽപ്പിച്ച ആഘാതത്തിൽ മനസ്സും നാവും തളർന്നപ്പോൾ പകരം പ്രഭാമ്മയുടെ ശബ്ദം നിമിഷയ്ക്ക് നേരെ ഉയർന്നു… “”

കഴുത്തിൽ താലി വീഴുന്നതിനു മുന്നേ ആദ്യരാത്രി ആഘോഷിച്ച് ഒരു കുഞ്ഞിനെ പ്രസവിച്ചവർക്ക് അന്തസ്സായി കല്യാണം കഴിച്ച് തന്റെ ഭർത്താവിന്റെ അമ്മയോ സഹോദരിയോ തരുന്ന പാലും കൊണ്ട് ഭർത്താവിന്റെ മുറിയിലേക്ക് പോകുന്ന ചടങ്ങിന്റെ മഹത്വമറിയാൻ വഴിയില്ല… മേലിൽ ഇമ്മാതിരി വർത്തമാനവുമായി ഇവളുടെ മുന്നിൽ കണ്ടു പോകരുത് നിന്നെ… കുഞ്ഞിനു വേണ്ടിയല്ലേ പാൽ ചോദിച്ചത്….. ഇത് നീയെടുത്തോ… “” അടി കിട്ടിയത് പോലെ വിളറി പോയിരുന്നു നിമിഷയുടെ മുഖം….എന്നാലും അതു മറച്ചു വിചാരിച്ച കാര്യം നടത്തിയ സന്തോഷത്തിൽ പാലുമെടുത്ത് തന്നെ നോക്കി ഒരു പുച്ഛച്ചിരിയും ചിരിച്ചു പുറത്തേക്ക് പോയി…. “” സാരമില്ല മോളെ…..

അവൾ പറഞ്ഞതൊതൊന്നും മോള് കാര്യമാക്കണ്ട….കൈ ഇല്ലാത്തവൻ വിരലില്ലാത്തവനെ കുറ്റം പറയുന്ന പോലെയാ അവളുടെ വർത്തമാനം…മോളത് മറന്നു കള….ഇവിടെ ആരും അവളുടെ അഭിപ്രായമൊന്നും ശ്രദ്ധിക്കാറില്ല ഒരു കാര്യത്തിലും..അതിന്റെ ദേഷ്യം അവൾക്കു എല്ലാവരോടുമുണ്ട്….. പിന്നെ നിന്നോട് നല്ല അസൂയയും….. അതിന്റെ ദേഷ്യം തീർക്കുന്നതാ ഇതൊക്കെ…മോള് വിഷമിക്കേണ്ട കേട്ടോ… അഭിയോട് ഞാൻ പറഞ്ഞു കൊള്ളാം…. “” അമ്മ പറഞ്ഞതൊക്കെ കേൾക്കുന്നുണ്ടെങ്കിലും സെക്കൻഡ് ഹാൻഡ് എന്ന വാക്ക് കാതിൽ മുഴങ്ങിക്കൊണ്ടിരുന്നു…..അതുവരെ ഉണ്ടായിരുന്ന ആത്മവിശ്വാസവും സന്തോഷവും തകർക്കാൻ ശേഷിയുണ്ടായിരുന്നു അതിനു…

ഹാളിൽ അമ്മ ഏട്ടനോട് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു… ഒന്നിനും ചെവി കൊടുക്കാതെ ഒരു കസേരയിൽ പോയിരുന്നു….അഭിയേട്ടൻ തട്ടി വിളിക്കുന്നത് വരെ ആ ഇരുപ്പിരുന്നു… “” ഇങ്ങനെ ഇരുന്നാ മതിയോ..?? കിടക്കണ്ടേ…? വാ റൂമിലേയ്ക്ക് പോകാം…”” യാന്ത്രികമായി അഭിയേട്ടനെ പിന്തുടർന്ന് റൂമിലേയ്ക്ക് കയറി….എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുന്നത് കണ്ടിട്ടാകും അഭിയേട്ടൻ കട്ടിലിൽ പിടിച്ചിരുത്തി… “” എന്താടോ….?? അമ്മ പറഞ്ഞു നമുക്കുള്ള പാല് നിമിഷ അടിച്ചുമാറ്റിയെന്ന്…. അതിനാണോ നീ ഇങ്ങനെ വിഷമിച്ചിരിക്കുന്നത്….?? “” ഒന്നും മിണ്ടാതെ ഒരു നേർത്ത ചിരി മുഖത്ത് വരുത്തി…. “” എന്റെ കുറവുകൾ ചില നേരത്ത് എന്നെ കൊല്ലുന്നു ഏട്ടാ….

എനിക്ക് ഏട്ടന്റെ ഭാര്യയാകാൻ….”” മുഴുവിപ്പിക്കാൻ കഴിഞ്ഞില്ല അതിനുമുമ്പേ കൈ ഉയർത്തി തടഞ്ഞു…. “” മ്…. നിന്റെ കുറവുകൾ… എവിടെ നിന്റെ ആ കുറവുകൾ… എനിക്ക് കൂടി ഒന്ന് കാണിച്ചു താ… കയ്യും കാലും കണ്ണും മൂക്കുമൊക്കെ അതിന്റെ സ്ഥാനത് തന്നെയുണ്ട്….ഞാൻ നോക്കിയിട്ട് കാണുന്നില്ല….അപ്പോൾ മോള് പറയുന്ന ഈ കുഴപ്പങ്ങൾ എന്തൊക്കെയാ….വേഗം ഏട്ടന് കാണിച്ചു തന്നേ…… “” ചിരിയോടെ നോക്കിയിരിക്കുന്ന ആ മുഖത്തേയ്ക്കു ഒന്നു കൂർപ്പിച്ച് നോക്കി…. “” കളിയാക്കണ്ട…. ഞാൻ പറഞ്ഞത് അഭിയേട്ടന് മനസ്സിലായല്ലോ….. പിന്നെ എന്തിനാ വെറുതെ എന്നെ….. “” പറഞ്ഞു വന്നപ്പോഴേക്കും അടക്കിപ്പിടിച്ചിരുന്ന കരച്ചിൽ പുറത്തേക്ക് വന്നു…. “” എടി മണ്ടി…. എത്ര തവണ ഞാൻ നിനക്ക് പറഞ്ഞുതന്നിട്ടുള്ളതാണ്…. നിമിഷ എന്തോ പറഞ്ഞു കാണുമല്ലേ…

അതാണോ ഈ സങ്കടത്തിനു കാരണം…. പിന്നെ നീ പറഞ്ഞ നിന്റെയാ കുറവ് നിന്റെ പരിശുദ്ധിയെ കുറിച്ചാണെങ്കിൽ ആ പരിശുദ്ധി നിന്റെ മനസ്സിനും ശരീരത്തിനുമുണ്ട് ശ്രീ… നീ ഇപ്പോൾ മനസ്സിൽ വിചാരിക്കുന്നത് നിന്റെ കന്യകത്വത്തെ കുറിച്ചാണെങ്കിൽ എനിക്കതൊരു വിഷയമല്ല… നിന്റെയാ നന്മ നിറഞ്ഞ മനസ്സ് അത് മാത്രം മതി എനിക്ക്….. ഇപ്പോൾ തന്നെ നോക്ക് നമ്മുടെ ആദ്യരാത്രി കലക്കാനായി മനപ്പൂർവ്വം ഒരു സീൻ ഉണ്ടാക്കിയതാണ് നിമിഷ…. അതൊക്കെ അറിയാമായിരുന്നിട്ടും നിന്റെ മുൻപിൽ വന്ന് നിൽക്കാൻ പോലും യോഗ്യതയില്ലാത്തവളുടെ വാക്കുകേട്ട് കരഞ്ഞു വിളിച്ചു നീ നിൽക്കുമ്പോൾ തോറ്റുപോകുന്നത് ഞാനാണ്…എന്റെ സ്നേഹം മനസിലാക്കാൻ നിനക്ക് കഴിയുന്നില്ല എന്നല്ലേ അതിനർത്ഥം….. അങ്ങനെ എന്നെ തോല്പിക്കാൻ ഇഷ്ട്ടമല്ലലോ നിനക്ക്..

അതുകൊണ്ടു ഈ വക ചിന്തകൾ ഈ നിമിഷം ഉപേക്ഷിക്കണം നീ….മനസ്സിലായോ നിനക്ക് ….??? “” സമ്മതിച്ചു തലയാട്ടുമ്പോഴേക്കും വിഷമം പാതി മാറിയിരുന്നു…പക്ഷേ ഉറപ്പായിരുന്നു ഒരു നിമിഷയുടെയും വാക്കുകൾക്ക് തകർക്കാൻ പറ്റാത്ത ഒരു സ്നേഹമതിൽ തന്റെ മനസ്സിൽ തീർക്കാൻ ഈ മനുഷ്യന് മാത്രമേ സാധിക്കുവെന്ന്…..കാലം കാത്തുവെച്ചിരിക്കുന്നത് അതുതന്നെയാകും…. “” അല്ല ഇനിയെന്താണ് പ്ലാൻ….?? ഇങ്ങനെ ഇരുന്നാൽ മതിയോ…??ആദ്യചുവട് ചീറ്റിയെങ്കിലും ഇനിയും ചടങ്ങുകൾ ബാക്കിയുണ്ടല്ലോ… “” അഭി ഒരു കള്ളച്ചിരിയോടെ ആര്യയെ നോക്കി… പേടിച്ച് പോലെ കണ്ണ് തള്ളി നോക്കിയിരിപ്പുണ്ട് പെണ്ണ്…..ഒരു കുസൃതി തോന്നി അഭി ഷർട്ടിന്റെ ബട്ടൺ ഓരോന്നായി അഴിക്കാൻ തുടങ്ങി… അത് കണ്ടതും ആര്യ ഇരുന്നയിടത്തുനിന്ന് ചാടിയെഴുന്നേറ്റു…..

ഒരു പൊട്ടിച്ചിരിയുടെ അഭിയവളെ വീണ്ടും അടുത്ത് പിടിച്ചിരുത്തി… “” ഡി പെണ്ണേ നീ പേടിക്കേണ്ട….അങ്ങനെ ഒരു സമീപനം ഈ വീട്ടിൽവെച്ച് എന്റെ ഭാഗത്തുനിന്നുണ്ടാകില്ല…. ഇവിടെ നീ അനുഭവിക്കുന്ന മാനസിക സംഘർഷം എനിക്ക് മനസ്സിലാകും…. ഒരാഴ്ച കഴിയും നമ്മൾ എറണാകുളത്തേക്ക് പോകാൻ… ഈ ഒരാഴ്ച നിനക്ക് ഒന്ന് പ്രിപ്പെയറാകാനുള്ള ടൈം ആണ്, പൂർണ്ണമായും എന്റേതാകാൻ…. അതുവരെ നിന്നെ ഞാൻ ശല്യം ചെയ്യില്ല…. അതുകൊണ്ടെന്റെ കൊച്ച് അതുവരെ സമാധാനത്തോടെയിരുന്നോ കേട്ടോ…. പക്ഷേ എനിക്ക് നിന്നോട് എല്ലാ വികാരങ്ങളുമുണ്ട്… സ്നേഹവും,വാത്സല്യവും,പ്രണയവും, കാമവും, ആസക്തിയും ദേഷ്യവുമെല്ലാം കൂടിച്ചേർന്നതാണ് എന്റെ പ്രണയം… നമ്മൾ മാത്രമായി ഒരു വീട്ടിൽ ജീവിച്ചു തുടങ്ങുമ്പോൾ നിനക്കത് മനസ്സിലാകും…

നിന്നെയെനിക്ക് ഒരുപാടിഷ്ടമാണ്… നിന്റേതായിട്ടുള്ളതെല്ലാം ഇഷ്ടമാണ്…. അതുകൊണ്ടുതന്നെ നീ എങ്ങനെയാണോ അങ്ങനെ തന്നെ എനിക്ക് നിന്നെ ഇഷ്ടമാണ്… ഒരാശങ്കയും വേണ്ട… ഒരു വാക്കു കൂടി തരാം ഞാൻ… നിന്നെ മാത്രമേ ഞാൻ പ്രണയിക്കുന്നുള്ളൂ… ഈ ശാരീരത്തിൽ മാത്രമേ ഞാൻ തൊടുകയുള്ളു..എനിക്ക് നിന്റെ മനസ്സിൽ മാത്രം ജീവിച്ചാൽ മതി…. ഈ ഇടനെഞ്ചിലെ പിടച്ചിൽ നിൽക്കുന്നതുവരെ നീ മാത്രമേ ഉണ്ടാകു ഇവിടെ…. മറ്റൊരു പെണ്ണുടലും, മനസ്സും എന്നെ മോഹിപ്പിക്കില്ല…. ഇതെന്റെ ഭാര്യക്ക് ഞാൻ ആദ്യമായി തരുന്ന വാക്കാണ്… ഇന്നുവരെ അഭിമന്യു സത്യസന്ധതയോടെ മാത്രമേ ജീവിച്ചിട്ടുള്ളൂ… നിനക്കെന്നെ വിശ്വസിക്കാം.. ഒരിക്കൽക്കൂടി സ്നേഹിക്കുന്നവരിൽ നിന്നുള്ള വേദന നിനക്കനുഭവിക്കേണ്ടി വരില്ല…. ഒരു അധികാരം കൂടി ഞാനെടുക്കുകയാണ് നിന്റെ സമ്മതമില്ലാതെ… “”

പറഞ്ഞു നിർത്തി അഭി ആര്യയെ ചേർത്തുപിടിച്ച് നിറുകയിൽ ചുണ്ടമർത്തി… കുറച്ചു നിമിഷം രണ്ടാളും അതുപോലെ ഇരുന്നു… പിന്നെ അഭി തന്നെ അവളെ വിട്ടുമാറിയിരുന്നു…. “” ഇപ്പോൾ ഇതിൽ അടക്കി നിർത്തുകയാണ് ഞാൻ എന്നെ… “” അഭി ഒന്നു ചിരിച്ചു… അവനെ തന്നെ നോക്കി കണ്ണു നിറച്ചിരിക്കുകയായിരുന്നു ആര്യ…. അവന്റെ കണ്ണിലെ പ്രണയത്തിന്റെ തിളക്കത്തിലേക്ക് നോക്കി…. ഈ സ്നേഹത്തിനു എന്ത് പകരം കൊടുത്താലാണ് മതിയാവുക… അവളുടെ കണ്ണിൽ നീർ നിറഞ്ഞ് കാഴ്ച മങ്ങി… അഭിയും അത് കണ്ടു. കൈ നീട്ടി അവനത് തുടച്ചു…. “” എനിക്കറിയാം ശ്രീ എന്നോടുള്ള സ്നേഹത്താലാണ് ഈ കണ്ണുകളിപ്പോൾ നിറഞ്ഞതെന്ന്…..

നിന്റെ കണ്ണുനീർ ഒരുപാട് കണ്ടത് കൊണ്ടാകും ഇനി എന്റെ പ്രണയത്താൽ വിവശയായി, എന്നോടുള്ള നിന്റെ പ്രണയത്താൽ മനസ്സുനിറഞ്ഞല്ലാതെ നിന്റെ കണ്ണിൽ നിന്ന് ഒരു നീർതുള്ളി പൊഴിയുന്നത് കാണാൻ ഞാനാഗ്രഹിക്കുന്നില്ല ശ്രീ…..നിന്റെ കാര്യത്തിൽ സ്വാർത്ഥനാണ് ഞാൻ… “” അവൻ അവളെ ബെഡിലേക്ക് ചായ്ച്ചു നെഞ്ചോട് ചേർത്തു കിടത്തി.. അവളുടെ കണ്ണിൽ അപ്പോഴും ഒരു നീർത്തുള്ളി തിളങ്ങി നിന്നിരുന്നു.. അവന്റെ പ്രണയത്താൽ നിറഞ്ഞു തുളുമ്പാൻ വെമ്പി നിൽക്കുന്നത് പോലെ…….തുടരും….

ദാമ്പത്യം: ഭാഗം 11

Share this story