ജനനി: ഭാഗം 7

ജനനി: ഭാഗം 7

എഴുത്തുകാരി: അനില സനൽ അനുരാധ

ഈ ഏട്ടനെ അവൾ അത്രത്തോളം സ്നേഹിച്ചിരുന്നെന്നോ… ജനനിയുടെ വലതു കരം ചുണ്ടോടു ചേർക്കുമ്പോൾ വിഷ്ണു ഒരേ സമയം ചിരിക്കുകയും കരയുകയും ചെയ്തു… ജനനി അവനെ മിഴിച്ചു നോക്കി… അവൻ കണ്ണു ചിമ്മി കാണിച്ചു… അവൾ പുഞ്ചിരിച്ചു… “എന്തു ഭംഗിയാണെന്നോ നീ ചിരിക്കുന്നത് കാണാൻ…” അവൻ സ്നേഹത്തോടെ തിരക്കി… അവൾ അവന്റെ അരികിൽ ബെഡിലായി ഇരുന്നു… അവന്റെ മുഖത്തു നിന്നും കൈകൾ പിൻവലിച്ചു… “ഇപ്പോൾ വേദനിക്കുന്നുണ്ടോ? ” “ഉണ്ട്… പക്ഷേ നീ അടുത്ത് ഇരിക്കുമ്പോൾ ആ വേദന പോലും ആസ്വദിക്കാൻ തോന്നുന്നു… എനിക്ക് വേദനിക്കുമ്പോൾ എന്റെ അനിയത്തിയുടെ മുഖത്തും അതേ വേദന…

നീ സന്തോഷവതിയായിരിക്കണം എന്നു തന്നെയാണ് എന്റെ ആഗ്രഹം …പക്ഷേ നീ എനിക്ക് വേണ്ടി വേദനിക്കുമ്പോൾ എന്നോടുള്ള സ്നേഹം നൽകിയ വേദനയല്ലേ എന്നു ഓർക്കുമ്പോൾ ഞാൻ സന്തോഷവാനാണ് ജാനി… ഈ വേദനയിലും സന്തോഷവാനാണ് … ” “ഞാൻ ഡോക്ടറെ വിളിക്കാം… വേദന കുറയാൻ ഇൻജെക്ഷനോ ടാബ്ലറ്റോ തരാൻ പറയട്ടെ? ” “മോൾക്ക് എന്നോടുള്ള ദേഷ്യമൊക്കെ ശരിക്കും മാറിയോ? ” “ദേഷ്യമോ… എട്ടനല്ലേ ദേഷ്യം തോന്നേണ്ടത്… ഏട്ടനല്ലേ ബാല്യത്തിൽ ഒറ്റപ്പെട്ടത്… എന്റെ അമ്മയും അച്ഛനും ചെയ്ത തെറ്റിന്റെ പേരിൽ ഒരു അച്ഛന്റെ സ്നേഹവും തണലും കിട്ടാതെ വളരേണ്ടി വന്നില്ലേ…” “പിന്നെ എന്താ ഇത്രയും നാളും എന്നെ അകറ്റി നിർത്തിയത്… കടമകൾ പോലെ ഓരോന്നു ചെയ്തു തീർക്കുന്നതല്ലാതെ എന്നെ ആരും സ്നേഹിച്ചിരുന്നില്ലല്ലോ… ”

“ആരു പറഞ്ഞു സ്നേഹിച്ചില്ലെന്ന്… സ്നേഹം ഇല്ലായിരുന്നെങ്കിൽ ലീവ് എടുത്ത് എട്ടന് കൂട്ടിരിക്കാൻ ഞാൻ വരുമായിരുന്നോ… ഇനി നമുക്ക് നമ്മളെയുള്ളൂ ഏട്ടാ… ചിലരെ എത്ര ആത്മാർത്ഥമായി സ്നേഹിച്ചിട്ടും ഒരു കാര്യവും ഇല്ല… മനസ്സിലാക്കില്ല…. സ്വന്തം അമ്മ പോലും…” “അമ്മ പോയതു നന്നായി ജാനി… അമ്മ അടുത്തു നിൽക്കുമ്പോൾ തന്നെ എനിക്ക് ശ്വാസം മുട്ടും… ഞാൻ കാരണം സ്വന്തം മകൻ അരികിൽ നിന്നും പോയതിന്റെ സങ്കടം അമ്മയ്ക്കുണ്ടായിരുന്നു….” “ഇപ്പോൾ അതു തീർന്നല്ലോ… ആ വീട് എട്ടന് വേണോ… അച്ഛനുണ്ടാക്കിയ വീടാണ്… മക്കൾക്ക് എല്ലാവർക്കും തുല്ല്യ അവകാശമാണ്…” “വേണോ എന്നു ചോദിച്ചാൽ… എനിക് മനസ്സിലായില്ല… ” “ഇനിയും അങ്ങോട്ട് മടങ്ങി പോകണോ… അവിടെ ജീവിക്കണോ…

നാളെ അവിടെ ആ വീടിന്റെ അവകാശത്തെ ചൊല്ലി തർക്കം ഉണ്ടാകുമ്പോൾ അവകാശം സ്ഥാപിക്കാൻ ശ്രമിക്കുമോ? “മടങ്ങി പോകണം എന്നില്ല… പക്ഷേ… ഈ കാലും വെച്ച് വേറെ എങ്ങോട്ട് പോകും?” “എന്റെ കൂടെ… ഞാൻ എവിടെയാണോ അവിടെ…” “നിനക്കു ഞാൻ ഒരു ഭാരമാകും… ” “ഒരിക്കലും ഇല്ല… ഏട്ടന്റെ സംരക്ഷണവും സ്നേഹവും എനിക്ക് തുണയാകും… ” അവൾ ശുഭാപ്തി വിശ്വാസത്തോടെ പറഞ്ഞു… *** അഞ്ജലി വൈകുന്നേരം ഓഫീസിൽ നിന്നും തിരികെ എത്തുമ്പോൾ ഗേറ്റിനു അരികിൽ കാത്തു നിൽക്കുന്ന സുമിതയെ കണ്ടു… “ചേച്ചി ഇവിടെ നില്ക്കായിരുന്നോ? ” “ഹ്മ്മ്… നിന്റെ ഡ്രസ്സും സാധങ്ങളും ഒക്കെ എടുത്തിട്ട് വരൂ… ” “അതു വേണ്ട ചേച്ചി… ഞാൻ ഫ്രഷ്‌ ആയിട്ട് അങ്ങോട്ട് വരാം. പിന്നെ രാവിലെ എഴുന്നേറ്റു ഇങ്ങോട്ട് വന്നാൽ മതിയല്ലോ… ”

“അതൊന്നും വേണ്ട… ഇനി ജനനി വന്നിട്ട് ഇങ്ങോട്ട് വന്നാൽ മതി… ഒരു ബാഗിൽ അത്യാവശ്യ സാധങ്ങൾ എടുത്തിട്ട് വന്നേ… ” “അതു വേണോ ചേച്ചി… ” “വേണം.. ” അഞ്ജലി ഗേറ്റ് തുറന്നു… “ചേച്ചി വരുന്നില്ലേ? ” “ഇല്ല. ഇവിടെ നില്ക്കാം… ” അഞ്ജലി വേഗം വീട്ടിലേക്ക് നടന്നു… തിരികെ വരുമ്പോൾ അവളുടെ കയ്യിൽ ഒരു ബാഗും ഉണ്ടായിരുന്നു… “സ്കൂട്ടി അവിടെ വെക്കാമല്ലേ ചേച്ചി? ” “ആഹ് ! അല്ലെങ്കിൽ ഇനി രാവിലെ വീണ്ടും ഇവിടെ വന്നു എടുക്കണ്ടേ… ” സുമിത ഗേറ്റ് തുറന്നപ്പോൾ അഞ്ജലി സ്കൂട്ടിയുമായി മുറ്റത്തേക്ക് കടന്നു.. “ഇവിടെ ആരും ഇല്ലേ ചേച്ചി? ” ബാഗ് കയ്യിൽ എടുത്തു കൊണ്ട് അഞ്ജലി തിരക്കി… “വിനു അകത്തുണ്ട്…” സുമിത അവളെ അകത്തേക്ക് കൂട്ടി കൊണ്ട് പോയി… അവൾക്കായി ഒരുക്കി വെച്ച മുറിയുടെ വാതിൽ തുറന്നു കൊടുത്തു. “പോയി കുളിച്ചിട്ടു വാ…

എന്നിട്ട് ചായ കുടിക്കാം… ” അഞ്ജലി കുളി കഴിഞ്ഞ് അടുക്കളയിലേക്ക് ചെല്ലുമ്പോൾ സുമിത ചായ ഗ്ലാസ്സിലേക്ക് പകർത്തുകയായിരുന്നു… “പപ്പട വട ഇഷ്ടാണോ? ” സുമിത തിരക്കിയപ്പോൾ അഞ്ജലി തലയാട്ടി… അവർ ഒരു ടിൻ എടുത്ത് അതിൽ നിന്നും പപ്പടവട എടുത്ത് പ്ലേറ്റിലേക്ക് വെച്ചു… അപ്പോഴേക്കും വിനോദ് അവിടേക്ക് വന്നു… “നീ എഴുന്നേറ്റോ? ” “ആഹ് ! ചായ…” “ഒരു ഗ്ലാസ്സ് ചായ അവനു എടുത്തു കൊടുക്ക്‌ മോളെ… ” അഞ്ജലി ചായ എടുത്തു അവനു നേരെ നീട്ടി… ചായ വാങ്ങി പ്ലേറ്റിൽ നിന്നും ഒരു പപ്പടവട എടുത്തു കടിച്ചു കൊണ്ട് അവൻ ഡൈനിങ്ങ് ടേബിളിനു അരികിൽ വന്നിരുന്നു… സുമിതയും അഞ്ജലിയും കൂട്ടി അവിടെ വന്നിരുന്നു… “തന്റെ കൂട്ടുകാരി വിളിച്ചില്ലേ?” “ലഞ്ച് ബ്രേക്ക് ടൈമിൽ വിളിച്ചു… വിഷ്ണുവേട്ടൻ മറ്റന്നാൾ ഡിസ്ചാർജ് ആകും…”

“ഹോസ്പിറ്റലിൽ പിന്നെ ആരാ കൂടെ? ” “ഇപ്പോൾ അവളെയുള്ളൂ… അമ്മ ജയേഷേട്ടന്റെ വീട്ടിലേക്ക് പോയി… ” “രാത്രി ഏട്ടൻ വരുമായിരിക്കും അല്ലേ? ” “ഏയ്‌… ” “അപ്പോൾ അവൾക്കു തനിയെ ബുദ്ധിമുട്ട് ആകില്ലേ?” “ചേട്ടായിയ്ക്ക് അവളെ അറിയാത്തതു കൊണ്ട് തോന്നുന്നതാ… അങ്ങനെയൊന്നും ചിന്തിക്കാൻ പോലും അവൾക്ക് കഴിയില്ല…” മുറ്റത്ത് കാർ വന്നു നിൽക്കുന്ന ശബ്ദം കേട്ടു… “കുഞ്ഞൻ വന്നെന്നു തോന്നുന്നു…” എന്നു പറഞ്ഞ് സുമിത എഴുന്നേറ്റു പോയി… “അപ്പോൾ മറ്റന്നാൾ ജോലി കഴിഞ്ഞു താൻ ഇങ്ങോട്ട് വരില്ല അല്ലേ? ” “ഇല്ല… അപ്പോഴേക്കും അവൾ വരും…” “ഹ്മ്മ്… പിന്നെ തന്റെ കല്യാണം എന്നത്തേക്കാ…” “ഡേറ്റ് ഒന്നും തീരുമാനം ആയിട്ടില്ല… അടുത്ത ആഴ്ച അവരുടെ വീട്ടിലേക്ക് പോകുന്നുണ്ട്… അതു കഴിഞ്ഞു നിശ്ചയം…” “ഹ്മ്മ്… ” “ഇന്നലെ ജനനിയോട് പറഞ്ഞ ചെറുക്കൻ കാണാൻ എങ്ങനെ? ” “ഇനി ഇപ്പോൾ പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ… തന്റെ കല്യാണം ശരിയായി…

അവൾക്ക് കെട്ടാൻ ഇപ്പോൾ താല്പര്യവും ഇല്ല… ” “ആർക്ക് കെട്ടാൻ താല്പര്യം ഇല്ലെന്ന്? ” അവരുടെ അടുത്തേക്ക് വന്നു കൊണ്ട് നീരവ് തിരക്കിയതും അഞ്ജലി എഴുന്നേറ്റു നിന്നു… “ഇരിക്കെടോ… ” നീരവ് സ്വല്പം ഗൗരവത്തോടെ പറഞ്ഞു… അഞ്ജലി വേഗം മുഖം കുനിച്ച് ഇരുന്നു… “ഇന്നും സാറിന്റെ വക മോട്ടിവേഷൻ ഉണ്ടായിരുന്നോ?” അവളുടെ മുഖഭാവം കണ്ടപ്പോൾ വിനോദ് തിരക്കി… “ഒന്നും പറയണ്ട ചേട്ടായി… ഇതിലും ഭേദം ജയിലാണ്… ” “രാജി വെച്ച് ഇറങ്ങിപ്പോകരുതോ… ” “ഒരിക്കൽ പോകാൻ നിന്നതാ… ” “എന്നിട്ട്? ” “അപ്പോൾ ജനനി പറഞ്ഞു സാറിന്റെ ഭാഗത്ത്‌ തെറ്റ് ഇല്ലായിരുന്നു.. സാർ അങ്ങനെ ആരെയും വെറുതെ വഴക്ക് പറയില്ലെന്ന്… ” അഞ്ജലി പറയുന്നത് കേൾക്കെ നീരവിന്റെ അധരങ്ങളിൽ ഒരു കുഞ്ഞു പുഞ്ചിരി സ്ഥാനം പിടിച്ചു.

“ഇവൻ അവൾക്ക് വല്ല കൈക്കൂലിയും കൊടുത്ത് അങ്ങനെ പറയിപ്പിച്ചതാകും… ” വിനോദ് പറഞ്ഞു… “ഏയ്‌… അങ്ങനെയൊന്നും അല്ല… അവളോടും ദേഷ്യപ്പെടും… കണ്ടാൽ ഒന്നു ചിരിക്കുക കൂടിയില്ല… ഇപ്പോൾ ചേട്ടായി അടുത്ത് ഇരിക്കുന്ന കാരണമാണ് എനിക്ക് സംസാരിക്കാൻ ഈ ധൈര്യമൊക്കെ… അല്ലെങ്കിൽ ഉണ്ടല്ലോ സാറിനെ കണ്ടാൽ എന്റെ മുട്ട് വിറക്കും…” അഞ്ജലി പറഞ്ഞപ്പോൾ വിനോദ് പൊട്ടിച്ചിരിച്ചു… “ഇന്ന് എന്തിനായിരുന്നു ദേഷ്യപ്പെട്ടത്? ” അഞ്ജലി മറുപടി പറയാതെ നീരവിനെ നോക്കി… “അവനെ നോക്കണ്ട… താൻ പറഞ്ഞോ… ” വിനോദ് പറഞ്ഞു… “വർക്ക്‌ ചെയ്യുന്ന സമയത്ത് സംസാരിച്ചതിന്… ക്യാമറ എപ്പോഴും എന്നെ മാത്രം ചതിക്കും… സെലിൻ എന്നെ പ്രകോപിപ്പിച്ചപ്പോൾ അറിയാതെ ഞാൻ എന്തോ പറഞ്ഞു പോയി…

അപ്പോഴേക്കും ഫോൺ വന്നു… ഞാൻ സാറിന്റെ അടുത്തേക്ക് പോയി… എല്ലാം നിന്നു കേട്ടു… ” “ഈ സെലിനു തന്നോട് എന്തിനാ ദേഷ്യം? ” “എന്നോടല്ല ചേട്ടായി… ജനനിയോടാണ് ദേഷ്യം… ” “അപ്പോൾ ജനനി വഴക്കാളി ആണോ? ” “ഏയ്‌… അവൾക്കു ആത്മാർത്ഥമായി ജോലി ചെയ്യണം സാലറി വാങ്ങണം എന്ന ചിന്തയെയുള്ളൂ… ഇപ്പോൾ ഈ കിടന്ന് ഓടുന്നതു പോലും അതിനാ… ഇനി രാത്രിയിലും ഓഫീസ് ഉണ്ടെങ്കിൽ അവൾ വന്നു വർക്ക്‌ ചെയ്യും… ” അപ്പോഴാണ് സുമിത അവരുടെ അടുത്തേക്ക് വന്നത്… “ജനനിയാ മോളെ… നിന്നെ വിളിച്ചപ്പോൾ കിട്ടിയില്ലെന്നും പറഞ്ഞ് എന്റെ ഫോണിലേക്ക് വിളിച്ചതാ.. ” “അയ്യോ ! എന്റെ ഫോൺ സൈലന്റ് ആയിരുന്നു… ” എന്നും പറഞ്ഞ് ഫോൺ വാങ്ങി കാതോടു ചേർത്തു…

“ഹലോ! ജനനി…” “എവിടെയാ പെണ്ണേ…” ” ചേച്ചി കയ്യോടെ ഇങ്ങോട്ട് പൊക്കി… ഇപ്പോൾ ചായ കുടിച്ചോണ്ട് ഇരിക്കുന്നു…” “ഞാൻ ഒരു കാര്യം ചോദിക്കാൻ വിളിച്ചതാ…” “എന്തു കാര്യം? ” “ഞാൻ മറ്റന്നാൾ വിഷ്ണുവേട്ടനെ കൂട്ടി അങ്ങോട്ട് വന്നോട്ടെ .. വീട്ടിൽ ആരും ഇല്ല…” “അതിനു അനുവാദം വാങ്ങണോടീ…” “ഞാൻ ഇല്ലാത്തപ്പോൾ ഏട്ടൻ അവിടെ ഉണ്ടാകുന്നത് നിനക്ക് ഇഷ്ടപ്പെടുമോ… പേടി തോന്നുമോ എന്നൊക്കെ ചിന്തിച്ചപ്പോൾ… നിനക്ക് അങ്ങനെ എന്തേലും ഉണ്ടോ? “നിന്നെ എത്ര സ്നേഹിച്ചാലും അറിഞ്ഞോ അറിയാതെയോ നീ ഒരു അകലം സൂക്ഷിക്കുന്നുണ്ട്… ആ ഇഷ്ടക്കേടു മാത്രമേ തല്ക്കാലത്തേക്കുള്ളു… നീ ഇങ്ങു വേഗം വാ പെണ്ണേ… നീ ഇല്ലാതെ ഒരു സുഖവും ഇല്ല… ”

“ഞാൻ പിന്നെ വിളിക്കാടീ… വിഷ്‌ണുവേട്ടനോട്‌ ഈ കാര്യം പറയട്ടെ.. പാവം ടെൻഷൻ അടിച്ചു കിടപ്പാണ്… ” “എന്നാൽ നീ രാത്രി വിളിക്ക്…” എന്നു പറഞ്ഞ് കാൾ കട്ട്‌ ചെയ്ത ശേഷം ഫോൺ സുമിതയുടെ കയ്യിൽ കൊടുത്തു… “കുഞ്ഞാ ചായ എടുക്കട്ടെ? ” “വേണ്ട അമ്മേ… കുറച്ചു കഴിയട്ടെ… ” “നിനക്ക് ഇന്നെന്താ മുഖത്തിനു ഒരു വാട്ടം…” വിനോദ് നീരവിനോട്‌ തിരക്കി… “നിനക്ക് തോന്നുന്നതാ… ” “ഹ്മ്മ്…” “തോന്നലൊന്നും അല്ല… ഓഫീസിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ കുഞ്ഞാ? ” “ഒന്നും ഇല്ല എന്റെ അമ്മേ… ” “ഇല്ലെങ്കിൽ വേണ്ട… ജനനി വെറുതെ വിളിച്ചതാണോ അഞ്ചു? ” “ഏയ്‌! അല്ല ചേച്ചി… ഏട്ടനെ ഡിസ്ചാർജ് ചെയ്ത് ഇങ്ങോട്ട് കൊണ്ടു വന്നോട്ടെ എന്ന് അനുവാദം ചോദിക്കാൻ വിളിച്ചതാ…” “ഇങ്ങോട്ടോ? ” വിനോദ് തിരക്കി… “ഇങ്ങോട്ട് അല്ല ചേട്ടായി… ഞങ്ങൾ താമസിക്കുന്ന വീട്ടിലേക്ക്…

ഒരു കണക്കിന് നന്നായി… എന്റെ കല്യാണം കഴിഞ്ഞു ഞാൻ പോയാലും അവൾ തനിച്ച് ആകില്ലല്ലോ…” “ഹ്മ്മ്…” വിനോദ് നിരാശയോടെ മൂളി… നീരവ് വിനോദിനെ പാളി നോക്കി… “ഞാൻ ഫ്രഷ്‌ ആയിട്ട് വരാം…” എന്നു പറഞ്ഞ് നീരവ് അവിടെ നിന്നും എഴുന്നേറ്റു… ** രാത്രി ഏറെ നേരം കഴിഞ്ഞിരുന്നു… ജനനിയോടു വിശേഷങ്ങൾ പങ്കു വെച്ചു മതിയാകാതെ വിഷ്ണു വാചാലനായി…. കഥ കേൾക്കുന്ന ഒരു കുഞ്ഞിന്റെ ജിജ്ഞാസയോടെ അവൾ നല്ലൊരു കേൾവിക്കാരിയായി… ഇടയ്ക്ക് എപ്പോഴോ അവളിൽ നിന്നും ഉയർന്ന ഒരു കോട്ടുവായ അവന്റെ സംസാരത്തിനു കടിഞ്ഞാൺ ഇട്ടു… “നേരം ഒരുപാട് ആയല്ലേ? ” വിഷ്ണു ജാള്യതയോടെ തിരക്കി… ജനനി തലയാട്ടി… “പോയി കിടന്നോ… ബാക്കി നാളെ… ” അവൾ എഴുന്നേറ്റു ബെഡിൽ വന്നു കിടന്നു… വിഷ്ണു ലൈറ്റ് ഓഫ്‌ ചെയ്തപ്പോൾ മുറിയിൽ ഇരുട്ട് പരന്നു… ജനനിയെ പതിയെ നിദ്ര പുൽകിയപ്പോൾ അവളെ ഓർത്ത് അയാൾ ഉറങ്ങാതെ ഇരുട്ടിനോടൊപ്പം നക്ഷത്രങ്ങളോട് കൂട്ടു കൂടി ഇരുന്നു……. തുടരും..

ജനനി: ഭാഗം 6

Share this story