നിനക്കായ് : ഭാഗം 77

നിനക്കായ് : ഭാഗം 77

എഴുത്തുകാരി: ഫാത്തിമ അലി

എന്നാൽ ഒരു വാതിലിനപ്പുറം അവരുടെ സന്തോഷമെല്ലാം കണ്ട് നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ നിൽക്കുന്ന ശ്രീയെ ആരും ശ്രദ്ധിച്ചിരുന്നില്ല…. ****** രാത്രിയിൽ ഷേർളിയോടൊപ്പം ഭക്ഷണം ഉണ്ടാക്കാൻ സഹായിച്ച് കൊണ്ട് നിൽക്കുകയായിരുന്നു ശ്രീ…. സ്ലാബിൽ ഇരുന്ന് വെജിറ്റബിൾസ് കട്ട് ചെയ്യുന്നതിന് ഇടക്കാണ് ഹാളിലെ ടേബിളിന് മുകളിൽ വെച്ച ഫോൺ റിങ് ചെയ്തത് അവൾ കേൾക്കുന്നത്… വീട്ടിൽ നിന്ന് മാധവനോ വസുവോ ആയിരിക്കും എന്ന് കരുതി ചെയ്യുന്ന ജോലി നിർത്തിവെച്ച് ഹാളിലേക്ക് ചെന്നു…

ഡിസ്പ്ലേയിൽ അന്നമ്മയുടെ പേര് തെളിഞ്ഞ് നിൽക്കുന്നത് കണ്ടതും ശ്രീ ഒന്ന് സംശയിച്ച് കൊണ്ട് ഫോൺ എടുത്തു… “ദച്ചൂസേ….” അന്നയുടെ കൊഞ്ചിയുള്ള വിളി കേട്ട് ശ്രീയുടെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു… “എന്താ ടീ പെണ്ണേ…?” തിരിച്ചും അതേ ടോണിൽ തന്നെ ആണ് അവൾക്ക് മറുപടി കൊടുത്തത്… “നീ ഇങ്ങോട്ട് വാ കൊച്ചേ…എനിക്ക് വല്ലാതെ ബോർ അടിക്കുന്നു….” “അയ്യോടാ…നിന്റെ കസിൻസ് ഒക്കെ ഇല്ലേ അവിടെ… അവരുടെ കൂടെ സംസാരിച്ച് ഇരിക്കാ പെണ്ണേ… ബോറടി ഒക്കെ മാറും…” “ഹ്മ്…എല്ലാരും ഉണ്ട്…എന്നാലും നീയും കൂടെ വന്നാലേ ഒരു സുഖവുണ്ടാകൂ…”

“ആണോ….സാരവില്ല…” “ഹാ…കളിക്കാതെ വാ ദച്ചൂ..ഇല്ലേൽ ഞാൻ മിണ്ടില്ലാ ട്ടോ…” ചിണുങ്ങലോടെ അന്ന പറഞ്ഞപ്പോൾ എതിര് പറയാൻ ശ്രീക്ക് തോന്നിയില്ല… “ഓഹ്..ഇനി അതിന് പിണങ്ങണ്ട…ഞാൻ വന്നോളാം…. പോരേ…” “മതി….ഉമ്മാ….” അന്നമ്മ ശ്രീക്ക് ഫോണിലൂടെ ഒരു ഉമ്മയും കൊടുത്തു… “ഈ പെണ്ണ്….” ശ്രീ ചിരിച്ച് കൊണ്ട് ഫോൺ കട്ട് ചെയ്ത് കിച്ചണിലേക്ക് ചെന്നു… “ആരായിരുന്നു മോളേ…?” ചപ്പാത്തി പരത്തുന്നതിനിടക്ക് തല മാത്രം തിരിച്ച് കൊണ്ട് ഷേർളി ചോദിച്ചു… “അന്നയാണ് അമ്മച്ചീ….എന്നോട് അങ്ങോട്ടേക്ക് ചെല്ലാൻ….” ശ്രീ പകുതി അരിഞ്ഞ് വെച്ഏ വെജിറ്റബിൾസ് ബാക്കി കൂടെ അരിയാൻ തുടങ്ങിക്കൊണ്ട് പറഞ്ഞു…

“ആണോ…എന്നാ മോള് പൊയ്ക്കോ…ഇത് അമ്മച്ചെ ഒറ്റക്ക് ചെയ്തോളും…” “അത് വേണ്ട…ഇനി കുറച്ച് കൂടെയല്ലേ കട്ട് ചെയ്യാൻ ഉള്ളൂ… ഇത് കൂടെ കഴിഞ്ഞിട്ട് ഞാൻ പൊയ്ക്കോളാം….” ഷേർളി നിർബന്ധിച്ചിട്ടും ബാക്കി വെജിറ്റബിൾസ് കട്ട് ചെയ്ത് ഒക്കെ റെഡി ആക്കി വെച്ച ശേഷമാണ് ശ്രീ പുലിക്കാട്ടിലേക്ക് പോയത്…. അവിടെ പോർച്ചിലും മുറ്റത്തും നിർത്തിയിട്ടിരിക്കുന്ന കാറുകൾ കണ്ട് അവൾക്ക് അങ്ങോട്ട് കയറാൻ എന്തോ മടി പോലെ തോന്നി… എന്നാലും അന്നമ്മ പറഞ്ഞതല്ലേ എന്ന് കരുതി ഉമ്മറത്തേക്ക് കയറിയപ്പോഴാണ് അവൾ ഹാളിൽ നിന്ന് ആരുടെയൊക്കെയോ സംസാരിക്കുന്നത് കേട്ടത്….

ഡോറിന് മുന്നിൽ എത്തി നിന്ന ശ്രീ സാമിന്റെയും ജെനിയുടെയും വിവാഹക്കാര്യം സംസാരിക്കുന്നത് കേട്ട് തറഞ്ഞ് നിന്നു…. കണ്ണുകൾ നിറഞ്ഞ് തുളുമ്പി കവിളിലൂടെ ഒഴുകുന്നത് തടയാതെ ആശ്രയം അറ്റത് പോലെ അവളങ്ങനെ നിന്നു… താൻ കേട്ടത് സത്യമാവരുതേ എന്ന് പ്രാർത്ഥിച്ച് കൊണ്ടാണ് ശ്രീ കണ്ണുകൾ ഇറുകെ അടച്ച് അവര് പറയുന്നത് കേൾക്കാനായി കാതോർത്തു… ***** “റീന എന്ത് പറയുന്നു….?” ഫിലിപ്പ് റീനയുടെ മറുപടി അറിയാനെന്നോണം അവരുടെ മുഖത്തേക്ക് നോക്കി… “ഞങ്ങൾക്കാർക്കും ഒരു എതിർപ്പും ഇല്ല…ജെനി മോൾ നമ്മുടെ കുട്ടി അല്ലേ…

അല്ലേ അമ്മച്ചീ….” റീന അവരുടെ മനസ്സിലുള്ളത് പറഞ്ഞ് തീർന്ന് അടുത്ത് ഇരിക്കുന്ന അമ്മച്ചിയെ നോക്കി…. “ശരിയാ…പക്ഷേ കുട്ടികളുടെ തീരുമാനം കൂടെ അറിയണ്ടേ….?ആദ്യം അവരുടെ അഭിപ്രായം അറിയാം…എന്നിട്ട് മതി….” എന്തോ ആലോചിച്ച് ഇരുന്ന അമ്മച്ചി ചെറിയൊരു പുഞ്ചിരി മുഖത്തണിഞ്ഞ് കൊണ്ട് എല്ലാവരെയും നോക്കി… “ജെനിക്ക് സമ്മതക്കുറവൊന്നും ഉണ്ടാവില്ല അമ്മച്ചീ….” അമ്മച്ചിക്കുള്ള ഉത്തരമെന്ന പോലെ ഫിലിപ്പ് പറഞ്ഞതും അത് വരെ ഒന്നും മിണടാതെ ഇരുന്ന സേവ്യർ മുരടനക്കി… “ഏതായാലും അവര് വന്നിട്ട് നമുക്ക് സംസാരിക്കാം….എന്താ പോരേ…”

അയാൾ അവസാന വാക്കെന്നോണം പറഞ്ഞതും ബാക്കി എല്ലാവരും അത് സമ്മതിച്ച് കൊണ്ട് തലയാട്ടി… “അത് മതി….” ഇനി ഒന്നും കേൾക്കാൻ ത്രാണി ഇല്ലാത്തത് പോലെ ശ്രീ അവിടെ നിന്നും പിൻവലിഞ്ഞു… തിരിച്ച് ഷേർളിയുടെ വീട്ടിലേക്ക് പോവുമ്പോഴും വിതുമ്പി തുടങ്ങിയ ചുണ്ടുകളെ കൂട്ടിപ്പിടിച്ച് കൊണ്ട് അവൾ കരച്ചിലിനെ അടക്കി നിർത്തിയിരുന്നു…. “എന്തായി തിരിച്ച് പോന്നത് മോളേ…?” ഹാളിൽ ടി.വി കണ്ടുകൊണ്ടിരുന്ന ഷേർളി ശ്രീയെ കണ്ട് സോഫയിൽ നിന്ന് എഴുന്നേറ്റ് അവളുടെ അരികിലേക്ക് ചെന്നു… “എ…ന്തോ…പെട്ടെന്ന്…ഒരു തലവേദന അമ്മച്ചീ….ഞാനൊന്ന് കിടക്കട്ടേ….” സ്വരത്തിൽ കഴിയുന്നതും ഇടർച്ച വരാതിരിക്കാൻ അവൾ ശ്രദ്ധിച്ചിരുന്നു…

ഷേർളിയുടെ മറുപടിക്ക് കാത്ത് നിൽക്കാതെ സ്റ്റെയർ കയറി മുകളിലേക്ക് പോയി… റൂമിലേക്ക് കയറിയതും ഡോർ അടച്ച് നിലത്തേക്ക് ഊർന്നിറങ്ങി ഇരു കാൽമുട്ടുകളിലുമായി തല ചായ്ച്ച് വെച്ചു… ഒരു കൈയാൽ മാറിൽ പറ്റിച്ചേർന്ന് കിടക്കുന്ന കൊന്തയെടുത്ത് ചുണ്ടിലേക്ക് ചേർത്ത് വെച്ചു…. “എ…എന്തിനാ ഇച്ചായാ എ…ന്നെ മോഹിപ്പിച്ചേ….അകന്ന് നിന്നിട്ടും വാശി പിടിച്ച് എ…ന്റെ സ്നേഹം പി…ടിച്ച് വാങ്ങിയിട്ട്….ഇ…ഇപ്പോ…പാതിവഴിക്ക് ഉപേ…ക്ഷിച്ച് പോവാ…ണല്ലേ….” മനസ്സിന് ഏറ്റ വേദന കാരണമാവും വാക്കുകൾ അവളുടെ ഇടറിയിരുന്നു… ഏങ്ങലടിച്ച് കരയുമ്പോഴും അവളുടെ കൈകൾ ആ കുരിശ് രൂപത്തിൽ മുറുക്കി പിടിച്ചിരുന്നു… അവനെ ഒരിക്കലും മറ്റൊരാൾക്ക് വിട്ട് കൊടുക്കാൻ ആഗ്രഹിക്കാത്ത പോലെ…. ******

എന്നത്തേതിലും നേരത്തെ സാം ഹോസ്പിറ്റലിൽ നിന്നും ഇറങ്ങിയിരുന്നു… പാർക്കിങ്ങിൽ നിർത്തിയിട്ട കാറിൽ കയറി നേരെ മാളിലേക്ക് വിട്ടു… കുറച്ച് സമയം ഫുഡ് കോർട്ടിൽ വെയിറ്റ് ചെയ്തതും നേരത്തെ പറഞ്ഞ പ്രകാരം ജെനി അവിടേക്ക് എത്തിയിരുന്നു… “അലക്സ് വന്നില്ലേ…?” സാമിന് എതിരെയുള്ള ചെയർ വലിച്ചിട്ട് ഇരിക്കുന്നതിന് ഇടക്കാണ് ജെനി ചോദിച്ചത്… “അവൻ ഓൺ ദ വേ ആണ്…” ജെനി വന്ന് അൽപ സമയത്തിനകം തന്നെ അലക്സും അങ്ങോട്ട് എത്തിയിരുന്നു… “അന്നക്കുട്ടി നിന്റെ കൂടെ വന്നില്ലേ അലക്സേ…?” അവൾ സംശയത്തോടെ അവനെ നോക്കിയതും അലക്സ് നിശബ്ദനായി.. കാരണം ഇപ്പോൾ അന്ന അലക്സിന്റെ കൂടെ വരുന്നതും അവനെ വിളിക്കുന്നതും ഒക്കെ ഒഴിവാക്കിയിരുന്നു…

“ഇല്ല…അത് ഞാൻ…എനിക്ക് അർജന്റ്റ് ആയിട്ട് ഒരിടം വരെ പോവാനുണ്ടായിരുന്നു…” ജെനിയെ നോക്കി ഒരു ചിരി മുഖത്ത് അണിഞ്ഞ് കൊണ്ട് അലക്സ് പറഞ്ഞു… “ഞാനൊന്ന് വിളിച്ച് നോക്കട്ടേ…?” സാം പോക്കറ്റിലിരുന്ന ഫോണെടുത്ത് അന്നമ്മയെ വിളിച്ചു… “അവൾക്ക് വരാൻ പറ്റില്ലെന്ന്…കസിൻസും മറ്റും ഒരു പെരുന്നാളിനുള്ള ആൾ വീട്ടിൽ ഉണ്ട്…അവള് വരാൻ നോക്കിയാ കുറേ എണ്ണം പിന്നാലെ ഇറങ്ങും…സോ ഇപ്പോ നമ്മളോട് വേണ്ടത് ചെയ്യാൻ പറഞ്ഞു…” അന്നയോട് സംസാരിച്ച് കഴിഞ്ഞ് സാം ജെനിയേയും അലക്സിനെയും നോക്കി… “എന്നാ പ്ലാൻ പറ…?” ജെനി ടേബിളിലേക്ക് കൈ കുത്തി വെച്ച് ചോദിച്ചതും സാം അവരോട് രണ്ട് പേരോടും എന്തൊക്കെയോ സംസാരിച്ചു…

“അപ്പോ എല്ലാം പറഞ്ഞത് പോലെ…ഓക്കെ…” അലക്സിനെയും ജെനിയേയും നോക്കി അവൻ പരികം ഉയർത്തി കാണിച്ചതും അവൾ ഡൺ എന്ന് പറഞ്ഞ് പെരുവിരൽ ഉയർത്തി തംപ്സ് അപ്പ് കാണിച്ചു… എല്ലാം കഴിഞ്ഞ് രാത്രി ആവാറായപ്പോഴാണ് മൂന്ന് പേരും പുലിക്കാട്ടിൽ എത്തിയത്… “പപ്പയും മമ്മയും വന്നിട്ടുണ്ടോ…എന്നോട് പറഞ്ഞിട്ടില്ലല്ലോ…” മുറ്റത്ത് നിർത്തിയിട്ടിരിക്കുന്ന കാർ കണ്ടാണ് ജെനി സംശയം പ്രകടിപ്പിച്ചത്… “അല്ലെങ്കിലും നിന്നോട് പറഞ്ഞിട്ടല്ലല്ലോ അവരിത് വരെ ഓരോന്ന് ചെയ്ത് കൂട്ടിയത്…” സാമിന്റെ മുഖത്ത് അവരോടുള്ള ദേഷ്യം തെളിഞ്ഞ് കാണുന്നുണ്ടായിരുന്നു… “ഹാ…അപ്പഴേക്കും ഡൾ ആയോ ടീ വെള്ളപ്പാറ്റേ….” ജെനി പിന്നെ ഒന്നും മിണ്ടാതെ തലയും താഴ്ത്തി നിന്നതും സാം അവളെ ചേർത്ത് പിടിച്ച് ഇരു കണ്ണുകളും ചിമ്മി കാണിച്ചു.. ജെനി നേരിയൊരു പുഞ്ചിരിയോടെ സാമിനെ നോക്കി സ്റ്റെപ്പുകൾ ചവിട്ടി കയറി…

“ആഹ്…ദേ പിള്ളാര് എത്തിയല്ലോ…” ഹാളിലേക്ക് കയറിയ മൂന്ന് പേരെയും കണ്ട് സോഫയിൽ ഇരുന്ന് സംസാരിക്കുന്ന പുരുഷ പ്രജകളിൽ ആരോ ഒരാൾ ഉറക്കെ പറഞ്ഞു… “എല്ലാവരും എപ്പോ എത്തി…?” സാം എല്ലാവരെയും നോക്കി ചിരിച്ച് കൊണ്ട് കുശലം ചോദിച്ചു… ഹാളിലെ സംസാരം കേട്ടാണ് കിച്ചണിൽ ഭക്ഷണം ഒരുക്കുന്നവരും വെറുതേ സംസാരിച്ച് ഇരിക്കുന്ന സ്ത്രീകളും ഒക്കെ അങ്ങോട്ട് ചെന്നത്… “ജെനി മോളേ….ഓർമയുണ്ടോ ഞങ്ങളെ…. അലക്സേ…നിന്നെ എത്ര കാലമായി കണ്ടിട്ട്…” ജെനിയെ ചേർത്ത് പിടിച്ച് അവളോടും അലക്സിനോടും വന്നവർ ഓരോരുത്തരായി ചോദിക്കാൻ തുടങ്ങി… “സാമേ…നീ എവിടെ പോകുവാ….?” സാം ഇരുന്നിടത്ത് നിന്ന് എഴുന്നേൽക്കാൻ നോക്കിയതും ജോസിന്റെ ചോദ്യം വന്നു…

“ഞാനൊന്ന് ഫ്രഷായി വരാം അങ്കിളേ…?” എല്ലാവരേയും നോക്കി ചിരിച്ച് കൊണ്ട് സാം മുകളിലേക്ക് ഫ്രഷ് ആവാനായി പോയി… സ്റ്റെയർ കയറിയതും ബാൽക്കണിയിൽ ഫോണും പിടിച്ച് അന്നമ്മ ആരെയോ വിളിക്കുന്നത് അവൻ കണ്ടിരുന്നു… “കുഞ്ഞാ….?” സാമിന്റെ സൗണ്ട് കേട്ടതും അന്ന ഫോൺ ചെവിയിൽ നിന്ന് മാറ്റി അവനെ തിരിഞ്ഞ് നോക്കി…. “ആഹ്…ഇച്ചേ..വന്നോ…എന്തായി….നമ്മുടെ പ്ലാനൊക്കെ…?” സാമിന്റെ കൈയിൽ തൂങ്ങിക്കൊണ്ട് അവന്റെ മുഖത്തേക്ക് നോക്കി… “അതൊക്കെ ഞങ്ങൾ സെറ്റ് ചെയ്ത് വെച്ചിട്ടുണ്ട്…നീ ആരെയാ ഈ വിളിക്കുന്നത്…ദുർഗ എവിടെ….അവളിങ്ങോട്ട് വന്നില്ലേ…?” സാം സംശയത്തോടെ ഒരു പുരികം ഉയർത്തിക്കാണിച്ചതും അന്ന ഇല്ലെന്ന് തലയാട്ടി…

“അവളെയാ ഇച്ചാ വിളിച്ചോണ്ടിരിക്കുന്നത്…നേരത്തെ വിളിച്ചപ്പോ വരാമെന്ന് പറഞ്ഞ് ഫോൺ വെച്ചതാ പെണ്ണ്….ഇത് നേരമായിട്ടും അവളെ കാണുന്നില്ല…കുറേ തവണ ആയി ട്രൈ ചെയ്യുന്നു…റിങ് ചെയ്യുന്നുണ്ടെങ്കിലും എടുക്കുന്നില്ല….” ഫോണിലേക്ക് നോകകി നിരാശയോടെ പറഞ്ഞും സാം അവളുടെ തലയിൽ ഒന്ന് കൊട്ടി… “മ്മ്…ഇങ്ങോട്ട് വന്നില്ലേൽ നമുക്ക് അവളെ അവിടെ ചെന്ന് തൂക്കി എടുത്ത് കൊണ്ട് വരാം..” സാം കള്ളച്ചിരിയോടെ സൈറ്റടിച്ച് കാണിച്ചതും അന്ന നല്ലത് പോലെ തല ആട്ടി… “ഇച്ച പോയി ഫ്രഷ് ആയി വാ…എന്നിട്ട് തൂക്കി എടുക്കണോ എന്നൊക്കെ നമുക്ക് തീരുമാനിക്കാം….” അന്നമ്മ അവന്റെ വയറ്റിലിട്ട് ഒന്ന് കുത്തിയതും സാം ചിരിയോടെ അവന്റെ റൂമിലേക്ക് പോയി.. അവിടെ അവന്റെ കസിൻസ് എല്ലാവരും ചിരിയും കളിയുമായി ഇരിക്കുന്നുണ്ട്…

എല്ലാത്തിനേയും ഓടിച്ച് വിട്ട് ഫ്രഷ് ആവാനായി കയറി… ****** “ഈ കൊച്ചിന് ഫോൺ എടുത്താൽ എന്താ…” അന്ന അപ്പോഴും ശ്രീയെ ഫോണിൽ വിളിച്ച് കൊഞ്ടിരിക്കുകയായിരുന്നു… “നീ ഇത് ആരെ വിളിച്ചോണ്ട് നിൽക്കുവാ ടീ…ഇങ്ങോട്ട് വന്നേ….” സാമിന്റെ റൂമി നിന്നും ഇറങ്ങിയ കസിൻസ് എല്ലാം അന്നയെ കണ്ട് അങ്ങോട്ട് ചെന്നു… “ഒരു അഞ്ച് മിനിറ്റ്..ഞാൻ വരാം…നിങ്ങൾ താഴേക്ക് പൊയ്ക്കോ….” അന്നമ്മ അവരെ താഴേക്ക് പറഞ്ഞ് വിട്ട് ഷേർളിയുടെ നമ്പർ ഡയൽ ചെയ്തു… “ഹലോ….ആന്റീ…ദച്ചു വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ലല്ലോ…. അവൾ എവിടെ…?” ഷേർളി ഫോൺ എടുത്തതും അന്നമ്മ അങ്ങോട്ട് കയറി ചോദിച്ചു… “ആ മോളേ….ദച്ചുമോൾ തലവേദന ആവുന്നെന്നും പറഞ്ഞ് റൂമിലേക്ക് പോയിട്ടുണ്ട്…ഉറങ്ങിക്കാണും ഇപ്പോ…വിളിക്കണോ…”

ഷേർളിയുടെ മറുപടി കേട്ട് അന്നയുടെ നെറ്റി ചുളിഞ്ഞു… “ഏയ് വേണ്ട ആന്റീ…അവൾ കിടന്നോട്ടേ….ശരിയെന്നാ…” അവൾ ഫോൺ കട്ട് ചെയ്ത് എന്തോ ആലോചിച്ച് തിരിഞ്ഞതും വാതിൽപടിയിൽ ചാരി നിൽക്കുന്ന അലക്സിനെ കണ്ട് ഞെട്ടി… അവൻ അവളെ തന്നെ ഉറ്റ് നോക്കുന്നത് കണ്ട് മുഖം തിരിച്ച് അലക്സിനെ കടന്ന് പോവാൻ ഒരുങ്ങി… പക്ഷേ അവൻ ഒരു കൈ നീട്ടി പിടിച്ച് അവൾക്ക് തടസ്സമായി വെച്ചു… “കൈ മാറ്റ്…എനിക്ക് പോവണം…” അലക്സിനെ നോക്കാതെ ദേഷ്യത്തിൽ പറഞ്ഞെങ്കിലും അവൻ അനങ്ങിയില്ല… “അന്ന പ്ലീസ്….എനിക്ക് പറയാനുള്ളത് ഒന്ന് കേൾക്കെടോ…” അവൻ ദയനീയമായി പറഞ്ഞതും അന്ന ഒന്ന് ദീർഘശ്വാസം എടുത്ത് കൈകൾ മാറിൽ പിണച്ച് കെട്ടി അവനെ നോക്കി…

“എന്താ പറയാനുള്ളത്…?” അന്ന അലക്സിന്റെ കണ്ണുകളിലേക്ക് ഉറ്റ് നോക്കി നിന്നു… “അത്….അന്ന് നിന്നെ അടിച്ചത്….ഞാൻ മനപ്പൂർവ്വം അല്ല അന്നാ…പെട്ടെന്ന് അങ്ങനെ ഒക്കെ കേട്ടപ്പോ…” പറഞ്ഞ് വന്നത് മുഴുവനാക്കാതെ അവൻ തല താഴ്ത്തി നിന്നു… “കേട്ടപ്പോ…നിങ്ങളും ആ അമൃതയുടെ വാക്ക് കേട്ട് ഞാനാണ് ചെയ്തത് എന്നങ്ങ് വിശ്വസിച്ചു അല്ലേ…എന്നെ ഇത്രയേ നിങ്ങൾ മനസ്സിലാക്കിയിട്ടുള്ളൂ ഇച്ചായാ….ഇത്രയും തരം താണ പ്രവർത്തി ചെയ്യാൻ മാത്രം…അത്രക്ക് ചീപ്പ് ആണോ ഞാൻ….?” അന്നയുടെ മുഖത്ത് സങ്കടം നിഴലിച്ചിരുന്നു… “അന്നാ…ഞാൻ…” അവൻ എന്തോ പറയാൻ വന്നപ്പോഴേക്കും അന്ന അത് തടഞ്ഞിരുന്നു… “വേണ്ട….ഇച്ചായൻ എന്നെ അത്രയും പേരുടെ മുന്നിൽ വെച്ച് ചീത്ത പറഞ്ഞതോ അടിച്ചതോ ഒന്നും എനിക്ക് പ്രശ്നമല്ലായിരുന്നു… പക്ഷേ എന്നെ….

എന്നെ വിശ്വസിച്ചില്ലല്ലോ…അന്ന് ടീന സത്യം പറഞ്ഞത് കൊണ്ട് മാത്രം അല്ലേ ഇച്ചായനും മനസ്സിലായത്…” ഇടർച്ചയോടെ അവൾ ചോദിച്ചതും അലക്സിന്റെ മുഖത്തും വേദന നിഴലിച്ചു… “ഞാൻ എന്ത് മാത്രം വേദനിച്ചു എന്നറിയോ ഇച്ചായാ….മറ്റാര് കുറ്റപ്പെടുത്തിയാലും എനിക്ക് സങ്കടമാവില്ലായിരുന്നു…. ഇച്ചായൻ എന്റെ കൂടെ നിൽക്കും എന്ന് വിശ്വസിച്ചിരുന്നു… പക്ഷേ…..” കലങ്ങിയ കണ്ണുകളെ തുടച്ച് മാറ്റിക്കൊണ്ട് അന്ന അവന്റെ കൈ തട്ടിമാറ്റി ബാൽക്കണിയിൽ നിന്നും പുറത്തേക്ക് ഇറങ്ങി… “ശരിയാ….ഞാൻ കാരണം അവൾ ഒത്തിരി വേദനിച്ചിട്ടുണ്ട്….” അന്ന പോവുന്നതും നോക്കി വേദന നിറഞ്ഞ മുഖത്തോടെ അവൻ നിന്നു…. *****

ഡ്രസ് ചെയ്ഞ്ച് ചെയ്ത സാം നേരെ ബാൽക്കണിയിലേക്ക് ചെന്ന് നിന്നു… ശ്രീയുടെ റൂമിലോ ബാൽക്കണിയോ ലൈറ്റ് ഒന്നും കാണാഞ്ഞ് അവൻ സംശയത്തോടെ താടിയിൽ തടവി… പെട്ടെന്ന് ഡോറിൽ നിന്നും തട്ടി വിളിക്കുന്നത് കേട്ടതും അവൻ ഒരൈ തവണ കൂടെ ശ്രീയുടെ റൂമിന്റെ അടച്ചിട്ട ജനാലയിലേക്ക് നോക്കി ഡോർ തുറക്കാനായി പോയി… സാമിനെ താഴേക്ക് വിളിക്കുന്നുണ്ടെന്ന് പറഞ്ഞ് ഒരു കുട്ടിക്കുറുമ്പി ആയിരുന്നു വന്നത്… അവളെയും എടുത്ത് താഴേക്ക് പോയതും അവിടെ ഹാളിലായി എല്ലാവരും നിൽപ്പുണ്ടായിരുന്നു… “ആ….ദേ സാമും വന്നല്ലോ…” ഫിലിപ്പ് സാമിനെ നോക്കി പറഞ്ഞതും അവൻ അയാളെ നോക്കി ഒന്ന് ചിരിച്ചെന്ന് വരുത്തി… “സാമേ…നമ്മുടെ ഫിലിപ്പിനും ജാനറ്റിനും ഒരു ആഗ്രഹം….

അത് കേട്ടപ്പോ ഞങ്ങൾക്കും താൽപര്യം ഉണ്ട്…..ഇനി നിങ്ങളുടെ അഭിപ്രായം ആണ് അറിയേണ്ടത്…..?” അവന്റ കൊച്ചച്ചൻ പറഞ്ഞത് മനസ്സിലാവാതെ റിനയുടെ അടുത്തായി നിൽക്കുന്ന ജെനിയെ നോക്കി പുരികം ഉയർത്തി… അവൾ ഒന്നും അറിയില്ലെന്ന് പറഞ്ഞ് ചുമൽ കൂച്ചിയതും സാമിന്റെ നോട്ടം അലക്സിന്റെ നേർക്കായി… അവനും ജെനിയെ പോലെ തന്നെ ഒന്നുമറിയില്ലെന്ന് കാണിച്ചു… “ഹാ….നീ കാര്യം നേരെ ചൊവ്വേ പറ ക്ലിറ്റസേ….വേറെ ഒന്നുമല്ല സാമേ…നിന്റെയും ജെനിമോളുടെയും വിവാഹക്കാര്യം ആയിരുന്നു….” മാത്യൂ അയാളെ നോക്കി പറഞ്ഞു… “ഞങ്ങൾ വീട്ടുകാർക്കൊക്കെ സമ്മതം….ഇനി…” “നടക്കില്ല…” ക്ലീറ്റസിനെ പറയാൻ സമ്മതിക്കാതെ സാമിന്റെ സ്വരം അവിടെ ഉയർന്ന് കേട്ടു… “ടാ….നീ ഞങ്ങൾ പറയുന്നത് മുഴുവൻ….”

“ഇതിൽ കൂടുതൽ കേൾക്കാനോ പറയാനോ ഒന്നുമില്ല കൊച്ചപ്പാ…..എനിക്ക് സമ്മതമല്ല….നിങ്ങൾ ദേ ഇവളോട് ചോദിച്ചാലും ഇത് തന്നെയേ പറയൂ….” സാം ജെനിയുടെ കൈ പിടിച്ച് മുന്നിലേക്ക് നിർത്തി അവളുടെ മുഖത്തേക്ക് ഉറ്റ് നോക്കി… “അതേ…സാം പറഞ്ഞതേ എനിക്കും പറയാനുള്ളൂ…. ഇവൻ എന്റെ ബെസ്റ്റ് ഫ്രണ്ട് ആണ്….അതിലും ഉപരി എന്റെ ഒരു സഹോദരനായിട്ടാണ് ഞാൻ കണ്ടത്…. അത് എന്റെ പപ്പക്കും മമ്മക്കും അറിയാവുന്ന കാര്യവും ആണ്….പിന്നെ അവർ എന്ത് ഉദ്ധേശത്തിലാ ഇവിടെ വന്ന് ഇങ്ങനെ ഒരു പ്രൊപോസൽ വെച്ചതെന്ന് എനിക്ക് അറിയില്ല…” ജെനി ഫിലിപ്പിനെയും ജാനറ്റിനേയും ദേഷ്യത്തോടെ നോക്കിക്കൊണ്ട് പറഞ്ഞു.. “നിങ്ങളുടെ അടുപ്പം കണ്ടാ ആരും ഫ്രണ്ട്ഷിപ്പ് മാത്രം ആണെന്ന് ആരെങ്കിലും വിശ്വസിക്കുമോ…?” ജാനറ്റ് മുഖം ചുളിച്ച് കൊണ്ട് പറഞ്ഞത് കേട്ട് സാം മുഷ്ടി ചുരുട്ടി ദേഷ്യം നിയന്ത്രിച്ചു…

“ഇവൾ എനിക്ക് ആരാണെന്ന കാര്യം എനിക്കും ജെനിക്കും നല്ല ബോധ്യം ഉണ്ട്….വേറെ ആര് വിശ്വസിച്ചാലും ഇല്ലെങ്കിലും ഞങ്ങൾക്ക് കുഴപ്പം ഇല്ല…” സാം വാക്കുകളിൽ പരമാവധി മയം വരുത്തി ആയിരുന്നു സംസാരിച്ചത്… “ആ…അത് വിട്..മക്കൾക്ക് താൽപര്യം ഇല്ലെന്ന് പറഞ്ഞല്ലോ….അപ്പോ ഇനി ഒരു സംസാരം വേണ്ട….” അമ്മച്ചി ഒരു തർക്കം വേണ്ടെന്ന് കരുതി പറഞ്ഞു… “ശരി….ജെനി മോളെ കെട്ടാൻഅവന് താൽപര്യം ഇല്ല…അത് വിട്ടു….പക്ഷേ ഇവനെ ഇനിയും ഇങ്ങനെ നിർത്താനാണോ ഉദ്ധേശം….നമ്മുടെ പ്ലാമറ്റത്തെ കറിയാച്ചന്റെ ഇളേ മോളെ ഇവന് വേണ്ടി ആലോചിച്ചിരുന്നു….കൊച്ച് എഞ്ചിനീയർ എങ്ങാനും അല്യോ…” മാത്യൂവിന്റെ സഹോദരി റീനയുടെ കൈയിൽ പിടിച്ച് പറഞ്ഞു…

“നമ്മുടെ മടത്തിലെ ഔസേപ്പിന്റെ മോള്….കൊച്ച് ഡോക്ടറാ….അവളെ സാമിന് വേണ്ടി ആലോചിച്ചാലോ….?” ഓരോരുത്തരായി ചർച്ചകൾ തുടങ്ങിയതും സാം നെറ്റിയിൽ ചുണ്ടൂവിരലും പെരുവിലും കൂട്ടി തിരുമ്മി… “തൽക്കാലം നിങ്ങളാരും എനിക്ക് പെണ്ണിനെ അന്വേഷിക്കണ്ട…” എല്ലാവരോടും ഒരു തീർപ്പെന്നോണം സാം പറഞ്ഞതും അവർ ചർച്ചകളെല്ലാം അവസാനിപ്പിച്ച് അവനെ നോക്കി… “ആഹാ…എന്നിട്ടാണോ….ഏതാ കൊച്ച്…നമ്മുടെ കൂട്ടക്കാരാണോ….?” സാം പറഞ്ഞതും അവനോട് ഓരോ ചോദ്യങ്ങളായി വളഞ്ഞു… “എന്താ ടാ കൊച്ചിന്റെ പേര്….?” റീന സാമിന്റെ അടുത്ത് വന്ന് അവന്റെ കൈയിൽ പിടിച്ച് കൊണ്ട് ചോദിച്ചു… “ശ്രീദുർഗ…” അവനൊരു ചെറു ചിരിയോടെ റീനയെ നോക്കി പറഞ്ഞതും അവർ ഞെട്ടലോടെ കൈ പിൻവലിച്ചു… “ഏത്…ദച്ചു മോളോ…?”

അമ്മച്ചി അവനെ നോക്കി ചോദിച്ചതും സാം അതേ എന്ന് തലയാട്ടി… “കർത്താവേ…ഹിന്ദു പെണ്ണിനെ ആണോ സാമേ നീ പ്രേമിച്ചത്….” ജാനറ്റ് മുഖത്ത് പുച്ഛം വരുത്തിക്കൊണ്ട് പറഞ്ഞതും അവൻ അവരെ കത്തുന്ന നോട്ടം നോക്കി… “ഞാൻ ഇഷ്ടപ്പെട്ടത് അവളെന്ന വ്യക്തിയെ ആണ്…. അവളുടെ മനസ്സിനെ ആണ്…അവളുടെ സ്വഭാവത്തെ ആണ്… അല്ലാതെ നിങ്ങളെ പോലെ മതവും ജാതിയും നോക്കി ആളെ വിലയിരുത്താൻ മാത്രം തരം താഴ്ന്നിട്ടില്ല ഞാൻ..” അവരെ നോക്കി പുച്ഛിച്ച്കൊണ്ട് പറഞ്ഞതും ജാനറ്റും ഫിലിപ്പും ഒന്ന് വിളറി… “എന്നാലും ഒരു അന്യ മതത്തിൽ പെട്ട പെണ്ണിനെ….” മാത്യൂവിന്റെ സഹോദരിയായിരുന്നു… “നല്ല പണവും പത്രാസും കണ്ട് കണ്ണും കലാശവും കാണിച്ച് മയക്കിയെടുത്തതാവും ഇവനെ ആ പെണ്ണ്…

അങ്ങനെ കുറേ നശൂലങ്ങൾ….” ജാനറ്റിനെ മുഴുവനാക്കാൻ സമ്മതിക്കുന്നതിന് മുൻപ് ടീപോയിക്ക് മുകളിൽ വെച്ചിരുന്ന ചില്ലിന്റെഫ്ലവർ വേസ് ഊക്കോടെ നിലത്തേക്ക് വീണിരുന്നു… “ഇനി എന്റെ ദുർഗയെ പറ്റി ഒരു അക്ഷരം മിണ്ടിയാ നിങ്ങളുടെ പുഴുത്ത നാവ് ഞാൻ അരിഞ്ഞെടുക്കും….” മുഖത്തെയും കഴുത്തിലേയും ഞെരമ്പുകളെല്ലാം വലിഞ്ഞ് മുറുകി ചോര തൊട്ടെടുക്കാൻ പാകത്തിന് കോപത്താൽ ജ്വലിച്ച് നിൽക്കുന്ന സാമിനെ കണ്ട് മാത്യൂ അടക്കം എല്ലാവരും ഞെട്ടലോടെ നോക്കി നിന്ന് പോയി……..തുടരും

നിനക്കായ് : ഭാഗം 76

Share this story