ജനനി: ഭാഗം 8

ജനനി: ഭാഗം 8

എഴുത്തുകാരി: അനില സനൽ അനുരാധ

നീരവ് ബെഡിൽ വന്നു കിടന്നതും വിനോദ് ലൈറ്റ് ഓൺ ചെയ്തു… “നീ എവിടെയായിരുന്നു കുഞ്ഞാ ഇത്രയും നേരം? ” “ഞാൻ അപ്പുറത്ത് ഉണ്ടായിരുന്നു… കുറച്ചു മെയിൽ ചെക്ക് ചെയ്യാരുന്നു… എന്താണ് ഉറക്കം ഒന്നും ഇല്ലേ? ” “എന്താണാവോ ഉറക്കം വരുന്നില്ല… ” “നീ ഉറങ്ങുന്നില്ലെങ്കിൽ വേണ്ട… ആ ലൈറ്റ് ഓഫ് ചെയ്യ്… എനിക്ക് ഉറങ്ങണം… ” വിനോദ് ലൈറ്റ് ഓഫ്‌ ചെയ്തു… “നീ ആ കൊച്ചിനെ എന്തിനാ കുഞ്ഞാ എന്നും വഴക്കു പറയുന്നത്? ” വിനോദ് തിരക്കി … “കൊച്ചോ? ” “ആഹ്! നമ്മുടെ അഞ്ജലി…” “നമ്മുടെ അല്ല… നിന്റെ…” “എന്റെയെങ്കിൽ എന്റെ… ” “അപ്പച്ചീടെ മോനെ… കള്ള തെമ്മാടി…

അവളെ കാണുമ്പോൾ നിനക്ക് എന്താടാ ഒരു ഇളക്കം…” “അങ്ങനെയൊന്നും ഇല്ല… അതിന്റെ ചിരിയും വർത്താനവും കേട്ടു കൊണ്ട് ഇരിക്കാൻ ഒരു പ്രത്യേക സുഖമാണ്…” “ഒന്നു കൊണ്ടൊന്നും നീ പഠിക്കില്ല അല്ലേ… സ്നേഹിച്ച പെണ്ണ് വേറെ കെട്ടി എന്നും പറഞ്ഞ് നീ ഇവിടെ കിടന്ന് മോങ്ങിയതൊന്നും ഞാൻ മറന്നിട്ടില്ല…. ഉപദേശം ആണെന്നൊന്നും വിചാരിക്കണ്ട… എന്നാലും ഒരു കാര്യം പറയാതിരിക്കാൻ പറ്റുന്നില്ല… കല്യാണം ശരിയായെന്നു അറിഞ്ഞു കൊണ്ട് ആവശ്യമില്ലാത്ത സങ്കടം എടുത്തു തലയിൽ വെക്കാൻ ഇട വരുത്തരുത്…” “ആ കല്യാണം നമുക്ക് മുടക്കിയാലോ? “നമുക്ക് എന്നു പറയണ്ട…”

“ഞാൻ മറ്റന്നാൾ പോകും… ” “എന്തേ? നിന്റെ ഓഫീസ് തുടങ്ങുന്നതു വരെ എന്റെ കൂടെ നില്ക്കാം… അടുത്ത ആഴ്ച തൊട്ടു ഓഫീസിൽ വന്നു തുടങ്ങാം എന്നു പറഞ്ഞിട്ട്… ” “അങ്ങനെ ഞാൻ പറഞ്ഞിരുന്നല്ലേ? ” “ആഹ് ! പറഞ്ഞിരുന്നു… ” “എന്നാൽ വരാം… കുറച്ചു നാൾ അവളെ കണ്ടോണ്ട് ഇരിക്കുകയെങ്കിലും ചെയ്യാമല്ലോ…” “നീ എന്തേലും ചെയ്യ്…” എന്നു പറഞ്ഞ് നീരവ് തിരിഞ്ഞു കിടന്നു.. ** സിസ്റ്റർ വിഷ്ണുവിന്റെ കയ്യിൽ ഇൻജെക്ഷൻ എടുക്കുന്നത് കണ്ടപ്പോൾ കണ്ണുകൾ ഇറുക്കിയടച്ചു കൊണ്ട് ജനനി മുഖം തിരിച്ചു… “വീട്ടിൽ പോയാൽ മുറിവ് ഡ്രസ്സ്‌ ചെയ്ത് കൊടുത്തോളാം എങ്ങനെയാണെന്ന് പറഞ്ഞു തന്നാൽ മതി എന്നു പറഞ്ഞ ആൾക്ക് ഇത്ര ധൈര്യമെയുള്ളൂ… ”

സിസ്റ്റർ കളിയാക്കി ചോദിച്ചതും ജനനി അവരെ നോക്കി പുഞ്ചിരിച്ചു… ഒന്നരാടം ഹോസ്പിറ്റലിൽ വന്നു മുറിവ് ഡ്രസ്സ്‌ ചെയ്യാൻ ബുദ്ധിമുട്ട് ആണെങ്കിൽ എങ്ങനെയാണ് ചെയ്യേണ്ടതെന്ന് പറഞ്ഞു തരാം എന്നു സിസ്റ്റർ പറഞ്ഞപ്പോൾ തലയാട്ടി സമ്മതിച്ചു എങ്കിലും വിഷ്ണുവേട്ടനു വേദനിക്കുമ്പോൾ തന്റെ മനസ്സ് പതറി പോകുകയാണ് എന്ന് അവൾ തിരിച്ചറിയുകയായിരുന്നു… “തന്നെ കൊണ്ട് ചെയ്യാൻ പറ്റുമോ? ” സിസ്റ്റർ തിരക്കിയപ്പോൾ അവൾ തലയാട്ടി… “എന്നാൽ എന്റെ അടുത്തേക്ക് വന്നു നിൽക്ക്.. ” അവൾ അരികിൽ വന്നു നിന്നു… സിസ്റ്റർ ചെയുന്നത് അവൾ ശ്രദ്ധയോടെ നോക്കി നിന്നു…

ആ സമയം മുഴുവൻ വിഷ്ണുവിന്റെ കണ്ണുകൾ അവളിൽ ആയിരുന്നു… തനിക്കു വേദനിക്കുന്നുണ്ടാകുമോ എന്ന ചിന്തയിൽ അവളുടെ കണ്ണുകൾ പിടയ്ക്കുന്നതും മുറിവ് ഡ്രസ്സ്‌ ചെയ്ത് കഴിഞ്ഞപ്പോൾ അവൾ ആശ്വാസത്തോടെ നിശ്വസിക്കുന്നതുമെല്ലാം വിഷ്ണു നേർത്ത പുഞ്ചിരിയോടെ നോക്കിക്കിടന്നു… “നിനക്കു അത്ര ധൈര്യം ഒന്നും ഇല്ലല്ലേ? ” സിസ്റ്റർ പോയിക്കഴിഞ്ഞപ്പോൾ വിഷ്ണു തിരക്കി… “എനിക്ക് ആവശ്യത്തിനു ധൈര്യമൊക്കെയുണ്ട്… ” “നല്ല ധൈര്യം.. ഇൻജെക്ഷൻ എടുക്കുന്നതോ മുറിവ് ഡ്രസ്സ്‌ ചെയ്യുന്നതോ കൂടി നോക്കി നിൽക്കാൻ ധൈര്യം ഇല്ലാത്തവളാണ്… “. “എന്റെ കൂടെ നാളെ ഇവിടെ നിന്നും ഇറങ്ങിത്തിരിക്കാൻ ധൈര്യമില്ലേ വിഷ്ണുവേട്ടന്? ” “ധൈര്യക്കുറവൊന്നും ഇല്ല… പക്ഷേ നിനക്കു ഒരു ബാധ്യതയാകുമോ എന്നൊരു ഭയം മാത്രമേയുള്ളൂ… ”

“എന്നാൽ ആ ഭയം വേണ്ട… ” എന്നു പറഞ്ഞ് അവൾ അവന്റെ അരികിലേക്ക് കസേര നീക്കിയിട്ട് ഇരുന്നു… “പിന്നെ… എന്റെ കൂടെ വന്നാൽ ഞാൻ എപ്പോഴും ഇങ്ങനെ സുഖമായി കിടക്കാം എന്നൊന്നും വിചാരിക്കണ്ട കേട്ടോ? മുറിവ് നന്നായി ഉണങ്ങി വേദനയൊക്കെ മാറിയാൽ നമുക്ക് നടക്കണം…” “നടക്കാനോ? ” “അല്ലാതെ പിന്നെ കിടക്കാനോ? എത്ര ഉത്തരവാദിത്തങ്ങൾ ഏട്ടന് ഉണ്ടെന്ന് അറിയാമോ… ഒരു ചെറിയ വീട് വെക്കണം. അനിയത്തിയെ സംരക്ഷിക്കണം… അവളെ കല്യാണം കഴിച്ച് അയക്കണം… അങ്ങനെ ഒരുപാട് കാര്യങ്ങളുണ്ട്… ” “കളിയാക്കുകയാണല്ലേ? ” അവൻ ഇടർച്ചയോടെ തിരക്കി… “അയ്യടാ ! ഒരു കളിയാക്കലും അല്ല… സത്യം തന്നെയാ… നമ്മൾ ഒരു കൃത്രിമക്കാലങ്ങു വെക്കും… പിന്നെ വിഷ്ണുവേട്ടനു ആരുടെയും സഹായം ഇല്ലാതെ നടക്കാം.. കയ്യിൽ എം ബി എ പാസ്സ് ആയതിന്റെ സർട്ടിഫിക്കറ്റ് ഉണ്ടല്ലോ… നമുക്ക് ഒരു ജോലി അന്വേഷിച്ചു കണ്ടു പിടിക്കാമെന്നേ…”

“അപ്പോൾ എല്ലാം പ്ലാൻ ചെയ്തു വെച്ചിട്ടുണ്ടല്ലേ? ” “ഇല്ലാതെ പിന്നെ… ” “എനിക്കൊന്നു ചാരി ഇരിക്കണം ജാനി… കിടന്നിട്ട് പുറം വേദനിക്കുന്നു… ” അവൻ കൈ കുത്തി എഴുന്നേറ്റു ഇരുന്നപ്പോൾ അവൾ കട്ടിലിന്റെ തല ഭാഗം ഉയർത്തി വെച്ചു… തലയിണ എടുത്തു വെച്ച ശേഷം അവനെ അതിലേക്ക് ചാരി ഇരുത്തി അവളും അരികിൽ ഇരുന്നു… വിഷ്ണു അവളുടെ വലതു കയ്യിൽ മുറുകെ പിടിച്ചു… അവൾ ഇടതു കയ്യാൽ അവന്റെ കൈകൾ പൊതിഞ്ഞു പിടിച്ചു… “ഞാൻ കാരണം ഇല്ലാതായ നിന്റെ ജീവിതം തിരികെ തരണം എനിക്ക്… നിന്നെ ഏതൊരു അവസ്ഥയിലും ചേർത്ത് നിർത്താൻ കഴിയുന്ന പാതി വഴിയിൽ തനിച്ചാക്കി വിടില്ല എന്നു ഉറപ്പുള്ള ഒരാളുടെ കയ്യിൽ നിന്നെ കൈപ്പിടിച്ച് ഏൽപ്പിച്ചു കൊടുക്കണം ഈ ഏട്ടന്..”

“അങ്ങനെ ഒരാൾ എവിടെയാകും ഇപ്പോൾ?” ജനനി ആലോചനയോടെ തിരക്കി… “നമുക്ക് കണ്ടു പിടിക്കാമെന്നേ… ” എന്നു പറഞ്ഞു കൊണ്ട് വിഷ്ണു ചിരിച്ചപ്പോഴാണ് ഡോറിൽ തട്ടുന്ന ശബ്ദം കേട്ടത്… ജനനി എഴുന്നേറ്റു ചെന്നു വാതിൽ തുറന്നപ്പോൾ വിനോദിനെയാണ് കണ്ടത്… അവനെ തീരെ പ്രതീക്ഷിക്കാത്ത കാരണം ജനനി അന്ധാളിപ്പോടെ അവനെ നോക്കി… “എന്താടോ ഇങ്ങനെ നോക്കുന്നത്? ” “സാർ എന്താ ഇവിടെ? ” “ഇവിടെ എന്തിനാ വരുന്നത്… ജനനിയുടെ ഏട്ടനെ കാണാൻ.. കുറച്ചു നീങ്ങി നിന്നാൽ അങ്ങോട്ട് കയറാമായിരുന്നു … ജനനി വേഗം നീങ്ങി നിന്നു… “വാടാ കുഞ്ഞാ… ” വിനോദ് തിരിഞ്ഞു നോക്കി വിളിച്ചപ്പോഴാണ് നീരവ് സാർ കൂടെ വന്നിട്ടുണ്ടെന്നു ജനനിയ്ക്ക് മനസ്സിലായത്… വിനോദും അവന്റെ പുറകിലായി നീരവും അകത്തേക്ക് കയറി…

രണ്ടു പേരും കസവു മുണ്ടും ഷർട്ടുമാണ് ധരിച്ചിരുന്നത്… നെറ്റിയിൽ ചന്ദനക്കുറിയും ചുവപ്പ് കുറിയും വരച്ചിരുന്നു… “ഇന്നു കുഞ്ഞന്റെ പിറന്നാളാണ്… ഞങ്ങൾ അമ്പലത്തിൽ പോയി വീട്ടിലേക്ക് വന്നു കയറിയപ്പോൾ മുതൽ അപ്പച്ചിയ്ക്കു സങ്കടം ഇവിടെ നിന്നും ആരും ഹോസ്പിറ്റലിലേക്ക് പോയി കണ്ടില്ല… വിവരങ്ങൾ അന്വേഷിച്ചില്ല എന്നൊക്കെ പറഞ്ഞിട്ട്… ഇവൻ ഇന്നു ലഞ്ച് കഴിച്ചതിന് ശേഷമെ കുഞ്ഞൻ ഓഫീസിലേക്ക് പോകൂ… അപ്പോൾ ഞങ്ങൾ നേരെ ഇങ്ങു പോന്നു… ” വിനോദ് പറഞ്ഞു… ജനനി പുഞ്ചിരിച്ചു … പിന്നെ തിരിഞ്ഞ് വിഷ്ണുവിനെ നോക്കി… അവന്റെ നോട്ടവും ആഗതരിൽ തന്നെ ആയിരുന്നു… വിനോദും നീരവും വിഷ്ണുവിന്റെ അരികിലേക്ക് നടന്നു… “താൻ മീശയും താടിയും കൂടെ വെച്ചാൽ ഇയാളെ പോലെ തന്നെ ഉണ്ടാകുമല്ലോ… ”

വിനോദ് ചിരിയോടെ ജനനിയോട് തിരക്കി… “എന്നെ കാണാൻ ഏട്ടന്റെ പോലെ തന്നെയാണെന്ന് എല്ലാവരും പറയും… ” ജനനി ഉത്സാഹത്തോടെ പറഞ്ഞു. വിനോദ് വിഷ്ണുവിനു നേർക്ക് വലതു കൈ നീട്ടി… വിഷ്ണു കയ്യിൽ പിടിച്ചതും വിനോദ് കയ്യിൽ മുറുകെ പിടിച്ചു… “എങ്ങനെയുണ്ട് വിഷ്ണു ഇപ്പോൾ? ” “വേദന കുറവുണ്ട്… പേടിക്കാനൊന്നും ഇല്ല എന്നാ ഡോക്ടറും പറഞ്ഞത്… ” “ഭാഗ്യം… എല്ലാം വേഗം ശരിയാകുമെടോ…” എന്നു പറഞ്ഞ് വിനോദ് കൈകൾ പിൻവലിച്ചു… വിഷ്ണുവിന്റെ തോളിൽ മൃദുവായി തട്ടി … “ഇതൊക്കെ ആരാ ജാനി? ” വിഷ്ണു തിരക്കി… “ഇതു നീരവ് സർ…. ഇദ്ദേഹത്തിന്റെ ഓഫീസിലാണ് ഞാൻ ജോലി ചെയ്യുന്നത് … ” “ഞാൻ വിനോദ്… നീരവിന്റെ കസിനാണ്… ” ജനനി പറയും മുൻപേ വിനോദ് പെട്ടെന്ന് പറഞ്ഞു… വിഷ്ണു ഇരുവരെയും നോക്കി പുഞ്ചിരിച്ചു… “നിൽക്കാതെ ഇരിക്കൂ രണ്ടാളും… ”

വിഷ്ണു പറഞ്ഞപ്പോൾ ബൈസ്റ്റാന്റർക്കായുള്ള ബെഡിൽ ഇരുവരും ഇരുന്നു… “നാളെ ഡിസ്ചാർജ് ആകുമല്ലേ? ” നീരവ് തിരക്കി… “ആഹ് ! ഉച്ചയോടെ ഇവിടെ നിന്നും ഇറങ്ങാം… ” അവർ സംസാരിച്ച് ഇരിക്കുന്നതിനിടയിൽ ജനനി ഫ്ലാസ്‌കിൽ നിന്നും ചായ എടുത്തു രണ്ടു ഗ്ലാസ്സിലേക്ക് ഒഴിച്ചു… “ചായ കുടിക്കൂ… ” അവൾ ചായയുമായി അവർക്ക് അടുത്തേക്ക് നടക്കുന്നതു കണ്ടപ്പോൾ വിഷ്ണു പറഞ്ഞു… “അയ്യോ ! വേണ്ട… ഞങ്ങൾ ബ്രേക്ഫാസ്റ്റ് കഴിഞ്ഞാ ഇങ്ങോട്ട് ഇറങ്ങിയത്… ” വിനോദ് പറഞ്ഞു…. ജനനി കൊടുക്കണോ വേണ്ടയോ എന്നറിയാതെ അവിടെ നിന്നു… സാറിന് വേണോ എന്ന ചിന്തയിൽ അവൾ നീരവിനെ നോക്കിയപ്പോൾ അവൻ അവളെ നോക്കുന്നത് കൂടി ഇല്ലായിരുന്നു… “സാരമില്ല…

അതിലേക്ക് തിരിച്ച് ഒഴിച്ചേക്ക് ജാനി… ” വിഷ്ണു പറഞ്ഞു… “അല്ലേൽ ഇനി തിരിച്ച് ഒഴിക്കണ്ട… ഇങ്ങു തന്നേക്ക് .. ” വിനോദ് പറഞ്ഞു… വലതു കയ്യിലെ ചായഗ്ലാസ്സ് വിനോദിനു കൊടുത്ത ശേഷം ജനനി ഇടതു കയ്യിലെ ഗ്ലാസ്സ് വലതു കയ്യിലേക്കാക്കി നീരവിനു നേർക്ക് നീട്ടി… “എനിക്ക് വേണ്ടാ… ” നീരവ് പറഞ്ഞു… “കുടിച്ചോടാ… ” ചായ കുടിക്കുന്നതിനിടയിൽ വിനോദ് പറഞ്ഞു .. “അങ്ങ് കൊടുത്തേക്ക് ജനനി…” എന്നു വിനോദ് പറഞ്ഞതും അവൾ ഒന്നു കൂടെ ചായ ഗ്ലാസ്സ് അവനു നേർക്ക് നീട്ടി… നീരവ് ചായ വേണ്ടാത്ത പോലെ ഗ്ലാസ്സ് പുറകിലേക്ക് തള്ളിയതും ചായ തുളുമ്പി അവളുടെ കയ്യിലായി… കയ്യിലേക്ക് ചൂട് പടർന്നതും അറിയാതെ ഗ്ലാസ്സ് അവളുടെ കയ്യിൽ നിന്നും അവന്റെ മുണ്ടിലേക്ക് ചെരിഞ്ഞു… നീരവ് ചാടി എഴുന്നേറ്റതും ജനനി ഞെട്ടലോടെ അവനെ നോക്കി…….തുടരും………

ജനനി: ഭാഗം 7

Share this story