ആദിശൈലം: ഭാഗം 49

ആദിശൈലം: ഭാഗം 49

എഴുത്തുകാരി: നിരഞ്ജന R.N

കൃഷ്‌ണജ,…… ആ പേര് മാധുവിന്റെ നാവിൽ നിന്നുതിർന്നതും കണ്ണൻ അവനെയൊന്ന് നോക്കി……… ശേഷം രണ്ടാളും പരസ്പരം ഒന്നും പറയാതെ കാറിലേക്ക് കയറി………….. യാത്രയിലുടനീളം അവർ ആ മൗനം തുടർന്നു…… സംസാരിപ്പിക്കാൻ പലതവണ ജോയിച്ചനും രുദ്രനും ശ്രമിച്ചെങ്കിലും ആ മനസ്സുകൾ ഒരുപോലെ കലുഷിതമായിരുന്നു…… രുദ്രാ, നേരെ മാധവത്തിലേക്ക് പൊയ്ക്കോ…… മാധു പറഞ്ഞതുകേട്ട് അവൻ അല്ലുവിലേക്ക് നോട്ടമെറിഞ്ഞു…., അവന്റെ മുഖത്തും അതേ ആവിശ്യം കണ്ട രുദ്രൻ തന്റെ കൈ ഗിയറിലേക്ക് ചലിപ്പിച്ചു…………. സുമിത്രയും ദേവനും ജോലിത്തിരക്കുകളിലായതിനാൽ വീട്ടിൽ മറ്റാരുമുണ്ടായിരുന്നില്ല…,,, സ്പെയർകീ ഉപയോഗിച്ച് മാധു കതക് തുറന്നകത്ത് കയറി… പിന്നാലെ മറ്റുള്ളവരും…….

വീടെത്തിയിട്ടും രണ്ടാളുടെയും മുഖത്തൊരു മാറ്റവുമില്ലാതായപ്പോൾ രുദ്രൻ കാര്യം തിരക്കാനായി തുടങ്ങി…, എന്നാൽ അതിനുമുമ്പേ ജോയിച്ചൻ അവനെ തടഞ്ഞു…. ടാ, ഇനിയും അവരെ ഇങ്ങെനെ വിട്ടാൽ ശെരിയാവില്ല………….. എന്താ അവർക്ക് പറ്റിയെ??? പെട്ടെന്നിതിപ്പോൾ…… സ്റ്റെപ്പുകൾ കയറി മുകളിലേക്ക് പോകുന്ന അവരെനോക്കി രുദ്രൻ ചോദിച്ചതിന് മറുപടിയായി ജോയിച്ചന്റെ വിരലുകൾ ചുവരിന്മേൽ തൂക്കിയ കുറേ ചിത്രങ്ങളിലേക്ക് നീണ്ടു…… ദേവന്റെയും സുമിത്രയുടെയും മാധുവിന്റെയും കണ്ണന്റെയുമൊക്കെ പലതരത്തിലും പലകാലത്തുമുള്ള ചിത്രങ്ങൾ ലാമിനേറ്റ് ചെയ്തുവെച്ചിരിക്കുന്നു ……. അതിലേക്ക് നോക്കവേ, അവന്റെ കണ്ണ് പെട്ടെന്നൊരു ചിത്രത്തിലുടക്കി……………..

മാധവം കുടുംബഫോട്ടോ ആയിരുന്നു അത്….അതിൽ അവർ നാലുപേരുടെ കൂടെ ഒരു സുന്ദരികുട്ടി…………, മറ്റൊരു ഫോട്ടോയിൽ കണ്ണന്റെയും മാധുവിന്റെയും കൂടെയും അവളുടെ ചിത്രം കാണാം………… ഫോട്ടോകൾ കണ്ടതും സംശയത്തോടെ രുദ്രൻ ജോയിച്ചനെ നോക്കി………. നിന്റെ ഈ നോട്ടത്തിന്റെ അർത്ഥം എനിക്ക് മനസ്സിലായി റൂഡി…,,, ഇവളാരെന്നല്ലേ???? ഇവളാണ് കൃഷ്ണജ…………………. ആ പോകുന്ന ഏട്ടന്മാരുടെ ജീവനാഡിയായിരുന്ന അനിയത്തികുട്ടി……. പതിയെ തനിക്കറിയാവുന്ന ആ കാര്യങ്ങളെ ഒരു കഥപോലെ അവൻ വിവരിക്കാൻ തുടങ്ങി.., കൃഷ്ണജയെന്ന കിച്ചുവിന്റെ കഥ…… മാധവത്തിലെ ദേവനും ഭാര്യ സുമിത്രയ്ക്കും ആദ്യസന്താനമായ മാധവ് ജനിച്ചതിന് ശേഷം രണ്ട് വർഷം കഴിഞ്ഞായിരുന്നു കണ്ണന്റെ ജനനം………….

രണ്ടാമത് ഗർഭിണിയായപ്പോൾ മുതൽ രണ്ടാളും ഒരു പെൺകുഞ്ഞിനായി പ്രാർത്ഥിച്ചു,, എന്നാൽ ദൈവം അന്നവരുടെ പ്രാർത്ഥന കേട്ടില്ല…, എങ്കിലും സന്തോഷത്തോടെ അവർ കണ്ണനെ സ്വീകരിച്ചു….. പിന്നീട് അവരുടെ ആ പ്രാർത്ഥന ഫലിച്ചത് കണ്ണന് അഞ്ചുവയസ്സായപ്പോഴാണ്, അതായത് അഞ്ചുവർഷങ്ങൾക്കു ശേഷം സുമിത്രാമ്മ വീണ്ടുമോരു കുഞ്ഞിന് ജന്മം നൽകി…….. ഗർഭിണിയായിരുന്നപ്പോഴേ അവർ രണ്ടാളും മക്കളോടും പ്രാർത്ഥിക്കാൻ പറഞ്ഞു ഒരു അനുജത്തിയ്ക്കായ്…, എന്തോ ഒരു കുഞ്ഞനുജത്തിയെ ഒരുപക്ഷെ, അവരേക്കാളേറെ അന്നത്തെ ആ കുഞ്ഞുമനസ്സുകൾ ആഗ്രഹിച്ചിരുന്നു………

അതുകൊണ്ടാകാം ഊണിലും ഉറക്കത്തിലും അവരിൽ വരാൻ പോകുന്ന അനുജത്തിയുടെ മുഖം തന്നെയായിരുന്നു… അനുജത്തിയ്ക്ക് ഇടാനുള്ള പേരുപോലും അവൾക്ക് അമ്മയുടെ ഉദരത്തിൽ നാല് മാസം പ്രായമായപ്പോൾ തന്നെ ചേട്ടനും അനുജനും കൂടി കണ്ടുപിടിച്ചു…………… “”കൃഷ്ണജ””…….. കിച്ചു എന്ന് വിളിക്കുകയും ചെയ്യാം……….. എന്തോ, ആ പേര് എല്ലാർക്കും ഇഷ്ടായി………. കുസൃതിയ്ക്ക് കൈയും കാലും വെച്ച ആ കുട്ടികുറുമ്പന്മാർ പിന്നീട് അമ്മയെ നോക്കിയത് മുതിർന്ന ആൾക്കാരുടെ പക്വതയോടെയാണ്………. രാവിലെ അമ്മയ്ക്കും കുഞ്ഞാവയ്ക്കും ഉമ്മ കൊടുത്ത് വരാൻ പോണ അനിയത്തികുട്ടിയോട് കാര്യവും പറഞ്ഞാണ് സ്കൂളിൽ പോകുക രണ്ടും …,

അങ്ങെനെ കാത്ത് കാത്ത് നിന്ന ആ ദിവസം വന്നെത്തി., ലേബർറൂമിന് വെളിയിൽ അച്ഛനും മക്കളും പുതിയ അതിഥിയെകാത്ത് നിൽപ് തുടങ്ങി .. സമയം രാത്രിയായിട്ടുണ്ട് , ഉറക്കവും ക്ഷീണവും ആ കുഞ്ഞുമുഖങ്ങളെ തളർത്തിയിരുന്നെങ്കിലും വാവെനെ കാണാതെ എവിടെയും പോകില്ലെന്ന് ശാഠ്യവുമായി അവർ അവിടെത്തന്നെ നിലയുറപ്പിച്ചു… ഒടുവിൽ സമയം പത്തോടടുക്കെ, ഒരു തൂവെള്ള ടവ്വലിൽ പൊതിഞ്ഞുകെട്ടിയ ഒരു കുഞ്ഞുമുഖവുമായി സിസ്റ്റർ ഡോർ തുറന്നുവന്നു…. പെണ്കുഞ്ഞാണെന്ന് പറഞ്ഞ് ദേവന്റെ കൈകളിലേക്ക് ആ കുഞ്ഞിമുഖത്തെ അവർ കൊടുത്തു……

കണ്ണുകളടച്ച് കുഞ്ഞുവിരലുകൾ മുകളിലേക്കുയർത്തി ഇളം റോസ് നിറത്തിൽ ഒരു മുയൽകുഞ്ഞുപോലെ ആ ടവലിൽ പൊതിഞ്ഞ് അച്ഛന്റെ കൈയിൽ കിടക്കുന്ന വാവയിലേക്ക് രണ്ടാളും കണ്ണും മിഴിച്ചുനോക്കിനിന്നു…….. മക്കളെ, ദാ നിങ്ങളുടെ അനുജത്തി…………. ദേവൻ കുനിഞ്ഞുനിന്ന് കുഞ്ഞാവയെ അവളുടെ ഏട്ടന്മാർക്ക് കാണിച്ചുകൊടുത്തു…… അനിയത്തി…. ആ കുഞ്ഞുചുണ്ടുകൾ ആകാംഷയോടെ മന്ത്രിച്ചു….. ശേഷം ആ ടവലിൽ പാതി മറഞ്ഞിരിക്കുന്ന അവളുടെ മുഖത്തേക്ക് അവർ നോക്കി.., തന്റെ വിരലുകളാൽ കണ്ണൻ മെല്ലെ അവളുടെ കൈയിൽ തലോടി…,

മാധുവാണെൽ അവളുടെ കുഞ്ഞുകാലിൽ ഒരു ചക്കരമുത്തം നൽകി…. മുത്തം നൽകാനായി കണ്ണൻ ചുണ്ടുകൾ കൂർപ്പിച്ചതും നേഴ്സ് കുഞ്ഞുമായി അകത്തേക്ക് പോയി…….. അപ്പായെ, വാവ…. വാവെനെ കൊണ്ടുപോണ് അപ്പായെ…………… രണ്ടാളും കാര്യം മനസ്സിലാകാതെ ചിണുങ്ങാൻ തുടങ്ങിയതും ദേവൻ അവരെ രണ്ടാളെയും ചേർത്തുപിടിച്ചു…. അയ്യേ, അച്ഛന്റെ ചുള്ളന്മാർ എന്തിനാ കരയണേ??? വാവയെ അമ്മയുടെ അടുത്തേക്കല്ലേ കൊണ്ടുപോണെ…….. അമ്മയെ കാണാതെ വാവ കരയില്ലേ…… സത്യാണോ?? വാവെനെ അമ്മയുടെ അടുത്തേക്ക് കൊണ്ടുപോയതാണോ?? കുഞ്ഞ് മാധുവിന്റെ ചോദ്യത്തിന് അതേ എന്ന് തലയാട്ടി രണ്ടാളുടെയും നെറുകയിൽ സന്തോഷപൂർവം ദേവൻ മുത്തി……….

കുറച്ചു സമയംകഴിഞ്ഞതും സുമിത്രേനെയും വാവയെയും റൂമിലേക്ക് മാറ്റി…,,…. അമ്മയോട് ചേർന്ന് കിടന്നുറങ്ങുന്ന പൊന്നനുജത്തിയെ നോക്കികൊണ്ട് രണ്ടാളും അച്ഛന്റെ അടുത്തിരുന്നു……………….. ഇഷ്ടായോ അമ്മേടെ മുത്തുമണികൾക്ക് കുഞ്ഞാവയെ…. മ്മ്.. മ്മ് ഇഷ്ടായി അമ്മേ…………….. കൊഞ്ചൽ വിട്ടുമാറാതെ കണ്ണൻ പറഞ്ഞതും മാധു കുഞ്ഞിന്റെ കാലുകൾ നോക്കി …… നല്ല റോസ്കളർ നിറത്തിലെ പിഞ്ചുകാലുകൾ അവന് ഒരേസമയം അത്ഭുതവും ആകാംക്ഷയുമായിരുന്നു…………. അവിടേക്ക് വന്ന ഡോക്ടർ കുഞ്ഞുവാവെനെ നോക്കുകയും എടുക്കുകയുമൊക്കെ ചെയ്യുന്നതൊക്കെ മാധു സസൂക്ഷ്മം വീക്ഷിച്ചു…….. ഡോക്ടർ പോയതും അവൻ അച്ഛന്റെയടുത്തേക്കോടി….

അപ്പായെ… ആ അങ്കിൾ എന്തിനാ നമ്മുടെ കുഞ്ഞാവയെ നോക്കുന്നെ???????? അതേ, ആ അങ്കിൾ വാവെനെ നോക്കുന്ന അങ്കിളാ… വാവയ്ക്ക് അസുഖം വരുമ്പോൾ ആ അങ്കിളാ മരുന്ന് കൊടുക്കുന്നെ…….. നമ്മുടെ വാവയ്ക്ക് അസുഖമുണ്ടോന്ന് നോക്കാൻ വന്നതാ……. അവന്റെ താടി പിടിച്ചുകൊഞ്ചിച്ചുകൊണ്ട് ദേവൻ പറഞ്ഞത് ശ്രദ്ധയോടെ അവന് കേട്ടിരുന്നു…. ഈ അങ്കിൾ ഒത്തിരി വാവയെ നോക്കുവോ അപ്പായെ… അത് കണ്ണന്റെ സംശയമായിരുന്നു…, അതിനും അതേയെന്ന് അർത്ഥത്തിൽ ദേവൻ തലയാട്ടി…… അപ്പായെ….. എന്തോ ചോദിക്കാൻ മാധു തുനിഞ്ഞതും വാവേടെ ചിണുങ്ങൽ കേട്ട് പെട്ടെന്നവൻ അമ്മയുടെ അടുത്തേക്കോടി….. കരയണ്ടാ വാവേ, ചേട്ടച്ഛൻ ഇവിടെയുണ്ടല്ലോ……….

അവളുടെ കാലുകളിൽ മെല്ലെ തലോടി അവൻ പറയുന്നത് കേട്ട് അത്ഭുതത്തോടെ സുമിത്ര ദേവനെ നോക്കി….. അയാളും അതേ അത്ഭുതത്തിലായിരുന്നു…………. ചേട്ടച്ഛനോ??? അതേലോ.,, ഞങ്ങളുടെ കൂട്ടുകാരുടെയെല്ലാം പെങ്ങളൂട്ടികൾ ചേട്ടന്മാരെ ഏട്ടാ ന്ന് വിളിക്കുന്നെ, എല്ലാരേയും പോലെയല്ലല്ലോ ഇവള്..,,,, ഇവള് നമ്മുടെ കുഞ്ഞവയല്ലേ? അതുകൊണ്ട് ഞങ്ങളെ ചേട്ടച്ഛന്ന് വിളിച്ചാൽ മതിട്ടോ…….. അഞ്ചുവയസ്സുകാരനിൽ നിന്ന് പക്വതവന്ന വലിയകുട്ടിയെപോലെ സംസാരിക്കുന്ന കണ്ണനെ സുമിത്ര അഭിമാനത്തോടെ നോക്കി………. അപ്പാ, എനിക്ക് ആ അങ്കിളിനെപോലെ വാവെനെ നോക്കുന്ന ആളാവണം… അപ്പോഴൊക്കെ കുഞ്ഞിനെ മാത്രം നോക്കിനിന്ന മാധു പെട്ടെന്ന് പറഞ്ഞതുകേട്ട് രണ്ടാളും അമ്പരന്നു….

അമ്മേടെ മുത്ത് എന്തിനാ ഡോക്ടർ ആവണേ??? അതാ അമ്മേ, ഞാൻ അതുപോലെ ആയാൽ നമ്മുടെ വാവയെ വേറെ ആരും നൊക്കില്ലല്ലോ.. അവൾക്ക് അസുഖം വരുമ്പോൾ ഞാൻ മരുന്ന് കൊടുക്കാലോ……….. അവന്റെ ആ നിഷ്കളങ്ക മറുപടിയ്ക്ക് വാത്സല്യം നിറഞ്ഞ ചിരിയല്ലാതെ മറ്റൊന്നും ആ അച്ഛനമ്മമാർക്ക് കൊടുക്കാനില്ലായിരുന്നു…… അങ്ങെനെ നാല് ദിവസത്തിനുശേഷം ആശുപത്രി വിട്ട് എല്ലാരും വീട്ടിലേക്ക് വന്നു……… സുമിത്രയുടെ വീട്ടിലേക്കാണ് ആദ്യം പോയതെങ്കിലും ദേവനും പിള്ളേർക്കും അമ്മയെയും വാവയെയും കാണാതിരിക്കാൻ വയ്യാത്തതുകൊണ്ട് നേരെ മാധവത്തിലേക്ക് കൊണ്ടുവന്നു അവരെ……….. അവിടെ ദേവന്റെ അമ്മയുണ്ടായിരുന്നു ഒരു സഹായത്തിന്…… വാവ വീട്ടിൽ വന്നതിനുശേഷം രണ്ടാളും അവളെ വിട്ടുമാറിനിന്നിട്ടില്ല…. എന്തിനും ഏതിനും അമ്മയേക്കാൾ മുൻപ് അവർക്കായിരുന്നു വെപ്രാളം……

അവളൊന്ന് കരയാൻ മുഖം ചുരുക്കിയാൽ അവൾക്ക് മുൻപേ കണ്ണന്റെയും മാധുവിന്റെയും മുഖം ചുളുങ്ങുമായിരുന്നു…… സാധാരണ സ്കൂൾ വിട്ടാൽപോലും കറങ്ങിത്തിരിഞ്ഞ് എപ്പോഴെങ്കിലുമെത്തുന്ന പിള്ളേർ വാവയുടെ വരവിന് ശേഷം ബെൽ അടിക്കാൻ കാത്തുനിൽക്കും വീട്ടിലേക്കോടാൻ……. അങ്ങെനെനെയങ്ങെനെ കണ്ണിലെ കൃഷ്ണമണിപോലെ കിച്ചുവെന്ന പെങ്ങളൂട്ടിയെ ഏട്ടന്മാർ പൊന്നുപോലെ നോക്കി….. കിന്നരിപ്പല്ലുകൾ കൊണ്ട് അവളവരെ ഏട്ടച്ഛ എന്ന് നീട്ടിവിളിക്കും…. അത് കേൾക്കേണ്ട താമസം എവിടെയായാലും അടുത്ത നിമിഷം അവളുടെ ഏട്ടന്മാർ അവിടെ ഓടിയെത്തും…. അച്ഛനമ്മമാരേക്കാൾ അവൾക്കും പ്രിയം ഏട്ടന്മാരെയായിരുന്നു……….

ഏട്ടന്മാരുടെ ചൂടുംപറ്റി അവർക്ക് നടുവിൽ അവരെ കെട്ടിപിടിച്ചുറങ്ങാതെ അവളുറങ്ങിയിരുന്നില്ല…… പനി പിടിച്ച് മൂന്നിൽ ആരെയെങ്കിലും മാറ്റികിടത്തിയാൽ അപ്പോൾ തുടങ്ങും മറ്റ് രണ്ടെണ്ണത്തിന്റെയും കിണുങ്ങൽ………. നമ്മൾ എന്ത് ഭാഗ്യവാന്മാരാടോ ഇതുപോലെ മൂന്ന് മക്കളെ കിട്ടാൻ… !!! അവരുടെ സ്നേഹം കണ്ട് ദേവനെപ്പോഴും സുമിത്രയെ ചേർത്ത് നിർത്തി പറയും……. ഋതുക്കൾ മാറിമറിഞ്ഞു, മുട്ടിലിഴഞ്ഞും പിച്ചവെച്ചും ഓടിനടന്നും അവളുടെ കുഞ്ഞികാലുകൾ മണ്ണിനെ തൊട്ടറിഞ്ഞുകൊണ്ടിരുന്നു….. അപ്പോഴെല്ലാം അവൾക്ക് താങ്ങായി അവളുടെ ഏട്ടച്ഛന്മാർ കൂടെയുണ്ടായിരുന്നു………. കാലങ്ങളോടൊപ്പം അവളും വളർന്നുതുടങ്ങി…..,..

എല്ലാവരുടെയും രാജകുമാരിയായി അവളീ ഭൂമിയിൽ ജന്മമെടുത്തിട്ട് പത്തു വർഷം തികയുന്ന ആ ദിവസം ഉത്സവമായിരുന്നു മാധവത്തിൽ…………. രാവിലെമുതൽ താഴെനിർത്താതെ അവളെ കൊണ്ടുനടക്കുവായിരുന്നു ഏട്ടനും അച്ഛനും കൂടി………….. ഉച്ചയ്ക്ക് എല്ലാവരും ഒന്നിച്ചിരുന്ന് സദ്യ കഴിച്ച് കഴിഞ്ഞ് നേരെ പോയത് ബേത്ലഹേം എന്ന അനാഥാലയത്തിലേക്കായിരുന്നു…, അവൾ ജനിച്ചതിന് ശേഷമുള്ള ഓരോ ബർത്ത്ഡേകളും ആ കുടുംബം ആഘോഷിച്ചിരുന്നത് ഇവിടെയായിരുന്നു…………. എല്ലാം കുഞ്ഞുങ്ങൾക്കും പുത്തനുടുപ്പും കളിപ്പാട്ടവും മധുരങ്ങളുമായി പതിവുതെറ്റിക്കാതെ ഇത്തവണയും അവർ ചെന്നു…. എല്ലാരുടെയും കൂടെ ആടിയും പാടിയും കേക്ക് മുറിച്ചും പത്താംപിറന്നാൾ സന്തോഷത്തോടെ ആഘോഷിച്ചു……… അപ്പായെ, നിച്ച് ബീച്ചിൽ പോണം……….

എന്തിനാ അപ്പയുടെ കിച്ചുമോള് അവിടെ പോണേ??? കടല് കാണാൻ… !! പല്ലുകൾ പുറത്തുകാട്ടി കൈകൾ രണ്ടും കൊട്ടിയടിച്ച് കൈയിലെ കുപ്പിവളയുടെ കിലുക്കത്തോടൊപ്പം അവൾ ആർത്തുചിരിച്ചു……….. അപ്പായെ, ഞങ്ങൾക്കും പോണം………… പരസ്പരം നോക്കി പുഞ്ചിരിച്ചുകൊണ്ട് കണ്ണനും മാധുവും കൂടി കിച്ചുവിന് സപ്പോർട് പറഞ്ഞതോടെ കാർ നേരെ ബീച്ചിലേക്ക് പാഞ്ഞു……………….. ദേണ്ടെ കടല്………… കാർ പാർക്ക്‌ ചെയ്തതും അലയടിക്കുന്ന തിരമാലകളിലേക്ക് കൈചൂണ്ടി കിച്ചു കൈകൊട്ടി പറയാൻ തുടങ്ങി……. ദേ, എല്ലാരും സൂക്ഷിച്ചിറങ്ങണം കടലിലോട്ട്… തിരകൾ കൂടുതലാണാ കേട്ടത്… ദേവന്റെ വക മുന്നറിയിപ്പ് വന്നതും കിച്ചുവിന്റെ കൈകളിൽ എട്ടച്ഛന്മാരുടെ പിടിവീണു…….. മണൽത്തരികളിലൂടെ ഏട്ടന്മാരുടെ കൈപിടിച്ച് അവൾ നടന്നു………

പിറകെ ദേവനും സുമിത്രയും……………………..കുറച്ചു നടന്നതും ക്ഷീണിച്ച് സുമിത്ര അവിടെ നിന്നു……………… അയ്യേ, ഇത്രപെട്ടെന്ന് തളർന്നൊ?? മോശംമോശം !!! ദേവൻ അവളെ കളിയാക്കാൻ തുടങ്ങി… ദേ, ദേവേട്ടാ…… നിങ്ങളെപ്പോലെ ഒരു പണിയുമില്ലാതെ ഇരിക്കുവല്ല ഞാൻ…….ഒറ്റയ്ക്ക് എല്ലാം പണിയും ചെയ്തുനടുവൊടിഞ്ഞു എന്റെ….. അരിശത്തോടെ സുമിത്ര മുഖം വെട്ടിച്ചു….. അച്ചോടാ, അപ്പോഴേക്കും എന്റെ ഭാര്യ പിണങ്ങിയോ??? അറിയാടോ!അമ്മ പോയതിനുശേഷം തനിക്ക് കഷ്ടപ്പാട് കൂടിയിട്ടേയുള്ളൂന്ന്… !!എപ്പോഴും ഞാൻ ചിന്തിക്കും തന്റെ ജോലിഭാരം കുറയ്ക്കാൻ ഞാൻ ഒന്നൂടെ ഒന്ന് കെട്ടിയാലോ എന്ന്….. ഒളികണ്ണിട്ട് സുമിത്രയെ നോക്കികൊണ്ട് ദേവൻ പറഞ്ഞതും അടുത്ത നിമിഷം ഒരു പിടി മണ്ണ് അയാളുടെ തലവഴി വീണതും ഒരുമിച്ചായിരുന്നു…

നിങ്ങൾക്ക് ഇനി വേറെ കെട്ടണം അല്ലെ മനുഷ്യാ??? കണ്ണുരുട്ടി കൊണ്ട് സുമിത്ര ചോദിച്ചതും ദയനീയതയോടെ അയാൾ മക്കളെ നോക്കി…….. അച്ഛന്റെയും അമ്മയുടെയും കുറുമ്പ് കണ്ട് ചിരിച്ചുകൊണ്ടിരിക്കുകയാണവർ…………. അപ്പായെ, എനിക്ക് അങ്ങോട്ട് പോണം.. വാ…. കടലിന്റെയടുക്കലേക്ക് കൈചൂണ്ടി കിച്ചു പറഞ്ഞു….. അമ്മ ക്ഷീണിച്ചു മോളെ, നമുക്കിവിടെയിരുന്നിട്ട് കുറച്ച് കഴിഞ്ഞ് അങ്ങോട്ടേക്ക് പോകാം……. രണ്ട് സൈഡും കേറ്റിവെച്ചേക്കുന്ന അവളുടെ മുടിയിൽ പിടിച്ച് കുലുക്കികൊണ്ട് ദേവൻ പറഞ്ഞത് കേൾക്കാതെ കിച്ചു വാശിപിടിക്കാൻ തുടങ്ങി….. ദേ പെണ്ണെ…, കുറച്ചു വാശി കൂടുന്നുണ്ട് നിനക്ക്…. ഏട്ടച്ഛന്മാരും അച്ഛനും കൂടി ഒരുപാട് കൊഞ്ചിച്ചുവഷളാക്കി വെച്ചേക്കുവാ പെണ്ണിനെ… !!!ഒരൊറ്റ വീക്ക് തന്നാലുണ്ടല്ലോ…..

കിച്ചുവിനെ അടയ്ക്കാനായി സുമിത്ര കൈപൊക്കിയതും അടിയേറ്റുവാങ്ങാനായി അവൾക്ക് മുന്നിലേക്ക് രണ്ടേട്ടന്മാരും കേറി അങ്ങ് നിന്നു…… ദേ മാധു, കണ്ണാ…… നിങ്ങൾക്കും എന്റെ കയ്യീന്ന് കിട്ടുമെ….അനിയത്തിന്നും പറഞ്ഞ് അവളെ കൊഞ്ചിച്ചുവഷളാക്കി രണ്ടും കൂടി….. എന്റെ സുമിത്രേ താനൊന്ന് അടങ്ങ്…….. നല്ല ദിവസമായി അവളെ കരയിക്കാനായിട്ട്…… കണ്ണന് പിന്നിൽനിന്ന് ചിണുങ്ങുന്ന കിച്ചുവിനെ നോക്കികൊണ്ട് ദേവൻ സുമിത്രയോട് പറഞ്ഞു…, ശേഷം മക്കളോട് പൊയ്ക്കോളാൻ ആംഗ്യം കാണിച്ചു……. ദേവേട്ടാ.. പിള്ളേരെ ഒറ്റയ്ക്ക് അയക്കല്ലേ….. അവരൊക്കെ വലിയ കുട്ടികളായെടോ… കിച്ചുവിനെ നമ്മളേക്കാൾ അവര് നോക്കിക്കൊള്ളും….. തിരകളുടെയടുത്തേക്ക് ഓടിയടുക്കുന്ന മക്കളെനോക്കികൊണ്ട് ദേവൻ പറഞ്ഞു…… aത് സമ്മതിക്കുന്നുവെന്നോണം ചെറുപുഞ്ചിരിയോടെ ദേവന്റെ തോളിലേക്ക് സുമിത്ര ചാഞ്ഞു…………….

ഏട്ടച്ഛ… നമുക്ക് അങ്ങോട്ട് പോകാം.. വാ….. ആർത്തലയ്ക്കുന്ന തിരകളുടെയടുത്തേക്ക് അവൾ വിരൽചൂണ്ടി….. അതൊന്നും വേണ്ടാ മോളെ,,,,,നമുക്കിവിടെ നില്കാമെ…… മാധു സ്നേഹത്തോടെ അത് വേണ്ടെന്ന് പറഞ്ഞു… പക്ഷെ, പിടിവാശി കൂടെപ്പിറപ്പായ കിച്ചുവുണ്ടോ അത് കേൾക്കുന്നു?????????? സുമിത്ര കുട്ടികളെ വിളിച്ചതും മാധുവിന്റെയും കണ്ണന്റെയും ശ്രദ്ധ അങ്ങോട്ടേക്കായി …. ആ നിമിഷം രണ്ടാളുടെയും കൈകൾ തട്ടിയെറിഞ്ഞുകൊണ്ട് അവൾ തിരകളിലേക്കോടി……… കിച്ചൂ……. നിൽക്ക്………….. മാധുവും കണ്ണനും അവൾക്ക് പിന്നാലെയോടാൻ തുനിഞ്ഞതും ആർത്തലച്ചെത്തിയ തിരമാല അവളെ പൊതിഞ്ഞു……. കിച്ചൂ……. ഏട്ടാ…………………..

ആ ഒരു വിളി ഉയർന്നുകേട്ടതും കണ്മുന്നിൽ നടക്കുന്നത് വിശ്വസിക്കാനാകാതെ രണ്ടാളും തറഞ്ഞുനിന്നു….. മോളെ……………….. സുമിത്രയും ദേവനും അങ്ങോട്ടേക്കോടിയെത്തി,,,,,,,,,,,,,,,,,,,, മോളെ……. കിച്ചൂ……… എങ്ങും അവരുടെ ഏങ്ങലടികൾ മുഴങ്ങി…. ലൈഫ്ഗാർഡ്മാരും ആൾക്കാരും കൂടി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കടലമ്മ ആ രാജകുമാരിയെ അപ്പോഴേക്കും അടിത്തട്ടിലെ കൊട്ടാരത്തിലേക്ക് കൊണ്ടുപോയിരുന്നു……… മോളെ………………………. സുമിത്രയുടെ നിലവിളി ആ ആകാശനീലിമയെ കാർവർണ്ണമാക്കി…………. നടന്നതൊന്നും ഉൾക്കൊള്ളാനാവാതെ ഞെട്ടിത്തരിച്ചുപോയ കിച്ചുവും കണ്ണനും ഈരേഴുലോകവും കേൾക്കുമാറ് അലറി….. !!!! പക്ഷെ,,, അവളുടെ പൊന്നോമന മാത്രം തിരികെ വന്നില്ല…….

പിറ്റേന്ന് രാവിലെ കടലിലടിഞ്ഞ മൃതദേഹത്തിനെ തിരിച്ചറിയാൻ ദേവനൊപ്പം അവന്മാരും പോയി……………. എവിടെയും എന്നും തങ്ങളുടെ വിരലുകളിൽ തൂങ്ങിനടക്കുന്ന കിലുക്കാംപെട്ടിയെ ഒരുനിമിഷം കൈ വിട്ടതോർത്ത് സ്വയം തലതല്ലി അവർ ആ കുഞ്ഞ്ശരീരത്തിനരികിലേക്ക് വീണു……………. അവളെ കിട്ടിയപ്പോൾ എങ്ങേനെയാണോ അതുപോലെ നിഷ്കളങ്കതയോടെ കണ്ണുകൾ ഇറുകെയടച്ച് ഒരു വെള്ളത്തുണിയിൽ പൊതിഞ്ഞു കിടക്കുകയായിരുന്നു അവരുടെ കൃഷ്ണജ……………….. ഏറെ ആശിച്ചുകിട്ടിയ പൊന്നിനെ കണ്ട് കൊതിതീരുംമുൻപേ മടക്കിവിളിച്ച ദൈവത്തെ അന്നുമുതൽ ആ സഹോദരന്മാർ വെറുത്തുതുടങ്ങി…..

മനസ്സിൽ ആ ദൈവത്തോടുള്ള വിശ്വാസം അന്നവർക്ക് നഷ്ടപ്പെട്ടതാണ്…… പൊന്നുമോളുടെ മരണം ആ അച്ഛനമ്മമാരെ ഏറെ തളർത്തിയെങ്കിലും തങ്ങളുടെ മക്കൾക്ക് വേണ്ടി, പ്രൊഫെഷനുവേണ്ടി അവർ വീണ്ടും തളർച്ചവിട്ടെണീറ്റു…. കാലം മായ്ക്കാത്ത മുറിവുകൾ ഇല്ലെന്ന് പറയുംപോലെ പതിയെ പതിയെ കണ്ണനും മാധുവും പഴയ ജീവിതത്തിലേക്ക് തിരികെവന്നു.. പക്ഷെ, അപ്പോഴും കിച്ചു എന്നാ നോവ് അവരിൽ നിറഞ്ഞുനിന്നു……. അവളുടെ ബർത്ത്ഡേയിൽ ഇന്നും അവന്മാർ ആ അനാഥാലയതിൽ പോകും…….. ജൂഹി ജീവിതത്തിലേക്ക് കടന്നുവന്നതിൽ പിന്നെ കിച്ചുവിന്റെ സ്ഥാനം അവൾക്ക് അല്ലു കൊടുത്തു… പക്ഷെ,, അവളെയും ആ ദൈവം പെട്ടെന്ന് തന്നെ തിരികെയെടുത്തു………….

അതിൽപിന്നെ അവന്മാരെ ഇത്ര സ്നേഹത്തോടെ ഏട്ടാ എന്ന് വിളിച്ചിട്ടുള്ളത് ആഷിയാണ്…. അവളുടെ ആ വിളി അവരിൽ ഉണർത്തിയത് വർഷങ്ങൾക്ക് മുൻപ് തങ്ങളെ വിട്ടുപോയ കിച്ചുവിന്റെ ഓർമകളാണ്…… ജോയിച്ചാ… ടാ….. ..ഒരു നിശ്വാസത്തോടെ ജോയിച്ചൻ പറഞ്ഞവസാനിപ്പിച്ചതും രുദ്രന്റെ കൈകൾ അവന്റെ തോളിൽ വീണു………… കുട്ടികാലം മുതൽ അവളെന്റെയും പെങ്ങളൂട്ടിയായിരുന്നു.. ആ മുഖം ഇപ്പോഴും ഈ നെഞ്ചിലുമുണ്ട്…….. അപ്പോൾ പിന്നെ ദോ ആ പോയവരുടെ കാര്യം പറയണോ രുദ്രാ????? പിറകെചെന്നാൽ അറിയാം നേരെ പോയേക്കുന്നത് കിച്ചുവിനായി അവരൊരുക്കിയ മുറിയിലേക്കായിരിക്കും….. അവൾക്ക് വേണ്ടി അന്നുമുതൽ ഇന്നുവരെ ഓരോ സമ്മാനങ്ങൾ വാങ്ങിച്ച് കൂട്ടിവെച്ചിട്ടുണ്ട് അവിടെ……..

അതുപറയുമ്പോൾ ജോയിച്ചന്റെ ഇടറിയ ശബ്ദം രുദ്രനെയും ഒന്ന് തളർത്തി…………. നീ വാ രുദ്രാ.. നമുക്ക് അങ്ങോട്ടേക്കൊന്ന് പോയി നോക്കാം……… രുദ്രനെയും കൂട്ടി ജോയിച്ചൻ പടികൾ കയറി… ഇതേസമയം ജോയിച്ചൻ പറഞ്ഞതുപോലെ കിച്ചുവിനായിഒരുക്കിയ റൂമിൽ അവളുടെ ഏറ്റവും പ്രിയപ്പെട്ട ടെഡിയെ നെഞ്ചോടടക്കി മുഖം അതിലേക്ക് പൂഴ്ത്തി ഇരിക്കുകയാണ് കണ്ണൻ…… മാധുവാകട്ടെ, അവളുടെ കാലിലുണ്ടായിരുന്ന കുഞ്ഞ് പാദസരത്തിലേക്ക് വിരലോടിക്കുകയാണ്…. ഏട്ടച്ഛ……………… എന്തോ അവിടെ അവളുടെ സാമീപ്യഉള്ളതുപോലെ ഒരു വിളി ആ കാതുകളിൽ അലയടിച്ചു………. മോളെ, കിച്ചു…….. രണ്ടാളുടെയും ചുണ്ടുകൾ ചെറുതായി മന്ത്രിച്ചു……… (തുടരും )

ആദിശൈലം: ഭാഗം 48

Share this story