ദാമ്പത്യം: ഭാഗം 17

ദാമ്പത്യം: ഭാഗം 17

എഴുത്തുകാരി: തുഷാര ലക്ഷ്മി

റൂമിലേക്ക് വന്നതും, നിമിഷയ്ക്ക് വെള്ളം കൊടുത്തതും, ലൈറ്റ് ഓഫ് ചെയ്തു കിടന്നതുമൊക്കെ സ്വപ്നത്തിലെന്നപോലെ ചെയ്തു അരവിന്ദ് … ഏറെ നേരം കഴിഞ്ഞിട്ടും അവന് ഉറക്കം വരുന്നുണ്ടായിരുന്നില്ല…അവന്റെ ഹൃദയം അസാധാരണമാംവിധം മിടിച്ചു കൊണ്ടിരുന്നു… എന്തിനാണ് താനിങ്ങനെ അസ്വസ്ഥതപ്പെടുന്നത്…. ആ കാഴ്ച എന്താ തന്റെ ഉറക്കം കളയുന്നത്……അവനും അവളും കൂടെ നാണം ഇല്ലാതെ തന്റെ മുൻപിൽ..ശ്ശേ….. അവരെ അങ്ങനെ കണ്ടപ്പോൾ എന്തുപറ്റി തനിക്ക്….?? എന്തിനാണ് ദേഷ്യം വന്നത്..? നഷ്ടബോധം ആണോ..?? അഭിയുടെ കരവലയത്തിലമർന്ന അവളെ കണ്ടപ്പോൾ നഷ്ടബോധം തോന്നിയോ…. ഒരിക്കലുമില്ല….

ഇന്ന് ഈ നിമിഷം വരെ ആര്യയെ വിട്ടുകളഞ്ഞതോർത്ത് നഷ്ടബോധമോ, വേദനയോ തനിക്ക് തോന്നിയിട്ടില്ല…. അവളെ ഉപേക്ഷിച്ചു നിമിഷയെ സ്വീകരിച്ചത്, അന്നത് ഒരുപാട് ആലോചിച്ചെടുത്ത തീരുമാനം ആണ്… എന്ന് നിമിഷയെ സ്നേഹിക്കാൻ തുടങ്ങിയോ അന്ന് ആര്യയെ താൻ മനസ്സിൽ നിന്ന് പടിയിറക്കി വിട്ടു കഴിഞ്ഞു…. ഇനി ഒന്നിന്റെ പേരിലും അവളിലേക്ക് ഒരു തിരിച്ചു പോക്കില്ല….ആര്യ തന്റെ ആരുമല്ല ഇപ്പോൾ.. അവളെങ്ങനെ, ആരുടെ കൂടെ കഴിഞ്ഞാലും അത് തന്നെ ബാധിക്കുന്ന കാര്യമല്ല…. പക്ഷേ നേരത്തെ കണ്ട കാഴ്ച അത് മനസ്സിൽ നിന്നും മായുന്നില്ല… അഭിയുടെ കൂടെ അവളെ കാണുമ്പോൾ നിയന്ത്രിക്കാൻ കഴിയാത്ത ദേഷ്യം തോന്നുന്നുണ്ട്….

അവിടെ മാത്രം താൻ തോറ്റു പോയതുപോലെ…. ഈ കല്യാണം എങ്ങനെയെങ്കിലും മുടക്കേണ്ടതായിരുന്നു… അഭി എന്തിനാണ് ഇങ്ങനെ ഒരു ചതി ചെയ്തത്…?? തന്റെ മനസ്സമാധാനം കളയാൻ വേണ്ടിയാണോ…?? എവിടെയും നടക്കാത്ത ഒരു കാര്യമാണിത്….. താൻ വിട്ടുകളഞ്ഞ അവളെ അവൻ ചേർത്തുപിടിച്ചു…. അവനാരേയും പേടിയില്ല,തന്നെയോ സമൂഹത്തെയോ ആരെയും…. ആരുടെയും സമ്മതവും വേണ്ട അവന്… അത്രയ്ക്ക് അവനവളെ സ്നേഹിക്കുന്നുണ്ടോ…? തന്റെ മുൻപിൽ അവർ സ്നേഹത്തോടെ കഴിയുന്നത് സഹിക്കാൻ പറ്റുന്ന കാഴ്ചയല്ല….. തന്റെ മുൻ ഭാര്യയും അനിയനും…. അവരുടെ കല്യാണം തന്നെ തന്റെ ആണത്തത്തിനേറ്റ കനത്ത അടിയാണ്….

ഇന്നവർ പരസ്പരം സ്നേഹം പങ്കിടുന്ന കാഴ്ച കൂടി കാണേണ്ടി വന്നു…അവനവളെയും കൊണ്ട് എത്രയും പെട്ടെന്ന് ഇവിടെ നിന്ന് പോയിരുന്നെങ്കിൽ…. എന്തൊരു ഗതികേടാണിത്…. തന്നെ ഈ അവസ്ഥയിൽ എത്തിച്ചവരോ….അവരിങ്ങനെ തന്റെ മുൻപിൽ സന്തോഷത്തോടെ ജീവിക്കുന്നത് കാണുമ്പോൾ എങ്ങനെ സമാധാനത്തോടെ ഉറങ്ങാൻ പറ്റും..ഓർക്കും തോറും അരവിന്ദിന് അഭിയോടും, ആര്യയോടും ദേഷ്യം കൂടി വന്നു….അവൻ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു… തൊട്ടടുത്തു മറ്റൊരാൾ കൂടി ഉറങ്ങാതെ കിടക്കുന്നുണ്ടായിരുന്നു ആര്യയോടു പക ആളുന്ന മനസ്സുമായി…നിമിഷയ്ക്കും അത് ഉറക്കമില്ലാത്ത രാത്രി ആയിരുന്നു…. വീണ്ടും ആര്യയുടെ കയ്യിൽ നിന്നേറ്റ തല്ലിന്റെ ഓർമ്മ അവളെ ഭ്രാന്ത് പിടിപ്പിച്ചു….

ഇന്നവളുടെ മുന്നിൽ ഒരുപാടു ചെറുതായി പോയി… അവൾ തന്നെ കൈ ഉയർത്തി അടിച്ചിരിക്കുന്നു…ഓരോ തവണ അവളെ ജയിക്കാൻ ശ്രമിക്കും തോറും താനാണ് പരാജയപെട്ടുകൊണ്ടിരിക്കുന്നത്…. ഇല്ല ആര്യ…..എന്റെ മുഖത്തടിച്ച നിന്നെ ഞാൻ വെറുതെ വിടില്ല…. നീ പോകുന്നതിനു മുൻപ് ഇതിനു ഞാൻ പകരം ചോദിച്ചിരിക്കും… നീ നാണംകെട്ടും, കരയും.. നല്ലൊരു യാത്രയപ്പ് നിനക്ക് ഞാൻ നൽകാം… കാത്തിരിക്ക് നീ… ആര്യയെ ചുട്ടെരിക്കാനുള്ള പകയുമായി നിമിഷ പലതും കണക്കുകൂട്ടി കിടന്നു… ഇതൊന്നുമറിയാതെ പ്രിയപ്പെട്ടവന്റെ നെഞ്ചോട് ചേർന്ന് സുഖമായി ഉറങ്ങുകയായിരുന്നു ആര്യ….. 💙🎼💙💙

രാവിലെ നേരത്തേയെഴുന്നേറ്റു കുളിക്കാൻ കയറി….നാളെയാണ് എറണാകുളത്തേക്കു പോകുന്നത്…ഇന്നൊരുപാട് തിരക്കുള്ള ദിവസമാണ്… കുളിച്ചിറങ്ങുമ്പോഴും ആള് എഴുന്നേറ്റിട്ടില്ല….രാവിലെ അമ്പലത്തിൽ പോകണമെന്നും, അത് കഴിഞ്ഞു വീട്ടിൽ പോയി അച്ഛനോടുമമ്മയോടും യാത്ര ചോദിക്കണമെന്നൊക്കെ പറഞ്ഞിരുന്ന ആളാണ് ഈ കിടന്നുറങ്ങുന്നത്… “” അഭിയേട്ടാ….എഴുന്നേൽക്ക്…. അമ്പലത്തിൽ പോകണ്ടേ….അഭിയേട്ടാ…….. “” അടുത്ത് ചെന്ന് പതിയെ വിളിച്ചു നോക്കി…ആര് കേൾക്കാൻ….അനക്കമൊന്നുമില്ലാത്തതു കൊണ്ട് കുലുക്കി വിളിച്ചു നോക്കി…..ഒന്നു മൂളികൊണ്ടു വീണ്ടും തിരിഞ്ഞു കിടന്നു….പിന്നെ ഒന്നും നോക്കിയില്ല…ആ വലതു കയ്യിൽ തോളിനു അടുത്തായി കൊടുത്തു നല്ലൊരു കടി….

“” ആഹ്….. “” നിലവിളിച്ചു കൊണ്ടേഴുനേറ്റു… “” യക്ഷി…കാന്തമ്മ….ചിരി കണ്ടില്ലേ…എന്തിനാടി ഇങ്ങനെ കടിക്കുന്നത്…..എന്തോന്നിത് വട്ടചൊറിയോ..?? “” കയ്യിൽ തിരുമ്മി കണ്ണുരുട്ടികൊണ്ടാണ് ചോദ്യം….. “” രാവിലെ അമ്പലത്തിൽ പോകണമെന്ന് പറഞ്ഞതല്ലേ….എഴുന്നേറ്റു കുളിച്ചേ…. “” “” അമ്പലത്തിൽ പോകാമെന്നു പറഞ്ഞത് എന്റെ ഐഡിയ ആയി പോയി…ഇല്ലായിരുന്നേൽ കൊന്നേനെ ഞാൻ….. “” “” കോമഡി പറഞ്ഞിരിക്കാതെ ഒന്നു പോയി കുളിക്ക് ഏട്ടാ…. “” “” ശരി….നീ റെഡി ആയിക്കോ… ബ്രേക്ക്ഫാസ്റ്റ് നമുക്ക് നിന്റെ വീട്ടിൽ പോയി കഴിക്കാം… “” പറഞ്ഞിട്ട് ഒരു തോർത്തുമെടുത്ത് ആള് കുളിക്കാൻ കയറി… 💙🎼💙💙

അമ്പലത്തിൽ തൊഴുതു നിൽകുമ്പോൾ സന്തോഷം മാത്രമായിരുന്നു മനസ്സിൽ…. ‘എന്റെ എല്ലാ വിഷമങ്ങളും നിനക്കറിയാമല്ലോ ഭഗവാനേ….ഒരു സങ്കടക്കടൽ നീന്തി കടന്നത് അഭിയേട്ടനുമായി നല്ലൊരു ജീവിതം കിട്ടാനായിരുന്നുവെന്നു ഇന്നറിയാം……സ്വപ്നം പോലും കണ്ടതല്ല രണ്ടാമതൊരു കുടുംബജീവിതം….എന്നിട്ടും അഭിയേട്ടൻ എന്നെ കൂടെ കൂട്ടി…. ഇപ്പോൾ വിഷമങ്ങളില്ല, ആശങ്കകളില്ല..ഈ മനുഷ്യന്റെ കൂടെ സന്തോഷവും സമാധാനവും മാത്രമേയുണ്ടാകൂ എന്നറിയാം…. നാളെ ഞങ്ങൾ രണ്ടാളും മാത്രമായി മറ്റൊരു നാട്ടിൽ ജീവിതം തുടങ്ങാൻ പോകുവാണ്….അനുഗ്രഹിക്കണേ ദേവാ…ഇനിയൊരു തവണ കൂടി ജീവിതം കയ്യിൽ നിന്നൂർന്നുപോകരുതേ…

എന്റെ അഭിയേട്ടന് എല്ലാ സർവ്വാഐശ്വര്യവും, ആയുരാരോഗ്യസൗഖ്യങ്ങളും നൽകി അനുഗ്രഹിക്കണേ….. ഈ താലി അണിയാനുള്ള ഭാഗ്യം മരണം വരെ ഈയുള്ളവൾക്കുണ്ടാകണേ…’ അഭിയുടെ കൂടെ തൊഴുതു നിൽക്കുമ്പോൾ അവളുടെ കണ്ണിൽ നിന്നൂർന്നിറങ്ങിയ കണ്ണുനീർ തുള്ളികൾ ശ്രീകോവിലിൽ നിന്നുള്ള ദീപശോഭയേറ്റു തിളങ്ങിയിരുന്നു… കണ്ണുതുറക്കുമ്പോൾ പൂജാരി തീർത്ഥം തരികയാണ്… കൈനീട്ടി വാങ്ങി കുറച്ചു കുടിച്ചു, കുറച്ചു തലയിലും തൊട്ടു….തൊട്ടുപുറകേ ചന്ദനവും കിട്ടി…വിരലിൽ കുറച്ചെടുത്തു അഭിയേട്ടന്റെ നെറ്റിയിൽ തൊട്ടു…ഏട്ടൻ ചിരിച്ചു കൊണ്ടു തല താഴ്ത്തി തന്നു….ആള് തന്നെ തിരിച്ചും തൊട്ടു തന്നു…

കാവിൽ തൊഴുതിറങ്ങുമ്പോൾ ആലിന്റെ വള്ളി കെട്ടാൻ ഒരാശ തോന്നി… മുൻപ് ഇവിടെ വന്നപ്പോൾ എപ്പോഴോ പ്രഭാമ്മ പറഞ്ഞു തന്നതാണ് ഈ ക്ഷേത്രത്തിലെ ആലിന്റെ പ്രത്യേകത…ഒരാഗ്രഹം മനസ്സിൽ വിചാരിച്ചു ആലിന്റെ വള്ളി മൂന്ന് കെട്ട് കെട്ടി പ്രാർത്ഥിച്ചാൽ ആ ആഗ്രഹം സാധിക്കുമെന്ന്.അന്നൊന്നും അതൊന്നു പരീക്ഷിച്ചറിയണമെന്നു തോന്നിയിട്ടില്ല…ഇന്നിപ്പോൾ ഒരാഗ്രഹം…. അഭിയേട്ടൻ പൂജാരിയെ കണ്ടു എന്തോ സംസാരിക്കാനുണ്ടെന്നു പറഞ്ഞു പോയി…. ആ സമയം പതിയെ ആലിനടുത്തേയ്ക്കു നടന്നു…പക്ഷേ ചുറ്റി നടന്നു നോക്കിയിട്ടും ഒരു ആൽ വള്ളി പോലും കെട്ടു വീഴാതെ ഇല്ല… കെട്ടു വീഴാത്ത വള്ളി വേണം തിരഞ്ഞെടുക്കാൻ…..

കുറെ തേടി നടന്നതും ഒരെണ്ണം കിട്ടി….പക്ഷേ അത് ഒരുപാടു മുകളിലാണ്…ചാടിയാൽ പോലും തൊടാൻ പറ്റുമോ എന്നറിയില്ല… നിരാശ പെട്ടു നോക്കി നിൽക്കുമ്പോഴാണ് പെട്ടെന്ന് ആരോ മുകളിലേയ്ക്കു എടുത്തുയർത്തിയത്…… “” പെട്ടെന്ന് വള്ളി കെട്ടു പെണ്ണെ…ഇങ്ങനെ നിന്നാൽ എന്റെ നടു ഒടിയും…മ്മ് ….വേഗമാകട്ടെ….. “” ഒരു നിമിഷം സ്തംഭിച്ചുപോയി….ആ നിമിഷം മനസ്സിൽ ഉണ്ടായിരുന്ന ആഗ്രഹം പോലും മറന്നു പോയിരുന്നു…ചുറ്റും നോക്കിയപ്പോൾ ആരെക്കെയോ നോക്കി ചിരിക്കുന്നുണ്ട്… പെട്ടെന്ന് ബോധത്തിലേക്ക് വന്നു…..വള്ളി കെട്ടാതെ അഭിയേട്ടൻ താഴെ നിർത്തില്ലെന്നറിയാം…. ഒന്നു ചിരിച്ചു കൊണ്ടു കൈ ഉയർത്തി വള്ളിയിൽ തൊട്ടു നോക്കി….. തൊടാൻ പറ്റുന്നുണ്ട്..

വേഗം തന്നെ മൂന്ന് കെട്ടിട്ടു…ഒന്നു ചെറുതായി കുതറിയതും ആള് താഴെ നിർത്തി….നാണം കാരണം തല ഉയർത്തി നോക്കാൻ പറ്റുന്നില്ല.. താഴേയ്ക്ക് നോക്കി നിന്നു… “” എന്താ പ്രാർഥിച്ചത്…അല്ലെങ്കിൽ വേണ്ട…ഇപ്പോൾ പറയാൻ പാടില്ല…നടന്നു കഴിഞ്ഞു പറഞ്ഞാൽ മതി…. “” മുഖമൊന്നുയർത്തി ഒന്നു ചിരിച്ചു അഭിയേട്ടന്റെ വലതു കൈയിലേക്ക് കൈകോർത്തു പിടിച്ചു…ആള് അത്ഭുതത്തോടെ നോക്കുന്നുണ്ടായിരുന്നു…. “” എന്നാൽ നമുക്ക് പോയേക്കാം…. സിറ്റിയിലും പോകാനുള്ളതാണ്…. “” തലയാട്ടി സമ്മതമറിയിച്ചു ശ്രീകോവിലിലേക്ക് നോക്കി ഒന്നുകൂടി പ്രാർത്ഥിച്ചു ഞങ്ങൾ തിരികെ നടന്നു…. 💙🎼💙💙

അമ്പലത്തിൽ നിന്നിറങ്ങുമ്പോൾ മനസ്‌ നിറഞ്ഞിരുന്നു….പരിചയക്കാരോടൊക്കെ നിറഞ്ഞ ചിരിയോടെ സംസാരിച്ചു…. കൂടെ നടക്കുമ്പോഴെല്ലാം അഭിമാനമാണിന്ന് ഈ മനുഷ്യന്റെ ഭാര്യ ആണെന്ന് പറയാൻ…. തന്റെ ജീവിതത്തിലെ സൗഭാഗ്യം…..കോർത്തു പിടിച്ചിരിക്കുന്ന കയ്യിൽ ഒന്നുകൂടി മുറുക്കി പിടിച്ചു….. അഭിയേട്ടനോടുള്ള സ്നേഹം നിറഞ്ഞു നിൽക്കുന്നു മനസ്സിൽ…അതുകൊണ്ടാകും കാറിൽ കയറിയിട്ടും ആ മുഖത്തു നിന്നു നോട്ടം മാറ്റാൻ തോന്നിയില്ല… “” എന്താണ് കാന്തമ്മ….ഇങ്ങനെ നോക്കുന്നത്… പ്രണയം തോന്നുന്നോ എന്നോട്…..?? “” ചോദ്യം കേട്ടതും ചൂളി പോയി…. ചോദിച്ചത് സത്യമാണെങ്കിലും സമ്മതിച്ചു കൊടുക്കാൻ വയ്യ…. “” ഞാൻ ആരേം നോക്കിയില്ല…

അല്ലെങ്കിൽ തന്നെ ഞാൻ നോക്കുന്നത് ഏട്ടനെങ്ങനെ മനസിലായി..അപ്പോൾ ഏട്ടനല്ലേ എന്നെ നോക്കുന്നത്…ഞാനേ ഇതിനകത്ത് ചുമ്മാതിരിക്കുവാ…അത് പോലാണോ വണ്ടി ഓടിക്കുന്ന ഏട്ടൻ….വെറുതെ എന്നെ നോക്കിയിരിക്കാതെ നേരെ നോക്കി ഓടിക്ക് മനുഷ്യാ…. “” അവളുടെ കണ്ണുരുട്ടി ഉള്ള സംസാരം കേട്ടപ്പോളവന് ചിരി പൊട്ടി…. “” മതി കാന്തമ്മോ….വീണിടത്തു കിടന്നുരുളണ്ട…… ഞാൻ കണ്ടു നീ നോക്കി ചോരയൂറ്റുന്നത്…..”” “” നിങ്ങൾക്കു എന്റെ പല്ലിന്റെ മൂർച്ച അറിയണോ അതോ എന്റെ നഖത്തിന്റെ മൂർച്ചയോ??… “” “” നിർത്തി ….ഞാൻ നിർത്തി….. “” രണ്ടു പേരും ഒരു കള്ള ചിരിയോടെ പരസ്പരം നോക്കി….. അവൾ പെട്ടെന്ന് അവന്റെ കയ്യിൽ ഒരു നുള്ളു കൊടുത്ത് തിരിഞ്ഞു പുറത്തേയ്ക്കു നോക്കിയിരുന്നു…..

പക്ഷേ അപ്പോഴും ഒരു പുഞ്ചിരി അവളുടെ ചുണ്ടിൽ നിറഞ്ഞു നിന്നിരുന്നു… സന്തോഷത്തോടെ വന്നിറങ്ങിയ മക്കളെ കണ്ടു ദേവന്റെയും മേനകളുടെയും കണ്ണ് നിറഞ്ഞു… തങ്ങളുടെ മകൾ അനുഭവിക്കുന്ന സന്തോഷം ആ അച്ഛനമ്മമാർ നോക്കി കണ്ടു…. അഭിയുടെ കൂടെ അവളെന്നും സന്തോഷവതിയായിരിക്കുമെന്നു അവർക്കറിയാം…. നാലുപേരും ഒന്നിച്ചിരുന്നു ആഹാരം കഴിച്ചു… പർച്ചേസ് ഉള്ളതുകൊണ്ട് പെട്ടെന്ന് തന്നെ അവർ യാത്ര പറഞ്ഞു…. ഇറങ്ങാൻ നേരം ദേവൻ ഒരു ചെക്ക് ബുക്ക് അഭിയേ ഏൽപ്പിച്ചു…. നല്ലൊരു തുക ആ അച്ഛൻ മകളുടെ പേരിൽ നിക്ഷേപിച്ചിരുന്നു…..

അഭി അത് തിരിച്ചേൽപ്പിക്കാനൊരുങ്ങിയെങ്കിലും ദേവനത് നിർബന്ധിച്ചവനെ ഏൽപ്പിച്ചു….. ആ അച്ഛന്റെ സന്തോഷം നശിപ്പിക്കാൻ ആഗ്രഹമില്ലാത്തതുകൊണ്ട് അവനത് വാങ്ങി ആര്യയെ ഏൽപ്പിച്ചു….. മനസ്‌ നിറഞ്ഞനുഗ്രഹിച്ചു അച്ഛനുമമ്മയും രണ്ടാളേയും യാത്രയാക്കി… 💙🎼💙💙🎼🎼💙💙💙🎼🎼💙💙🎼🎼💙 നേരെ പോയത് സിറ്റിയിലെ ഒരു ഷോപ്പിംഗ് മാളിലേക്കാണ്…. “” മുൻപ് നിനക്ക് വേണ്ടി എന്നെ കൊണ്ട് ക്യാഷ് ചിലവാക്കാൻ നീ സമ്മതിക്കില്ലയിരുന്നു… ഇന്നിപ്പോ എന്റെ ഭാര്യയ്ക്ക് വേണ്ടി ഞാൻ തന്നെ സെലക്ട്‌ ചെയ്യും….അല്ലെങ്കിൽ നീ ഒന്നും എടുക്കാതെ എന്നെ പണക്കാരനാക്കാൻ ശ്രമിക്കും…

അതുകൊണ്ട് പൊന്നുമോള് കൂടെ വന്നാൽ മതി… എല്ലാം ഞാനെടുത്തു തരാം….. “” എടുത്തിട്ടും എടുത്തിട്ടും മതിയാകാതെ പിന്നെയും വാങ്ങികൂട്ടുന്ന ആളെ നോക്കി തലയ്ക്കു കൈ വെച്ച് നിന്നു പോയി……ഇഷ്ടപെട്ടതും ഇഷ്ട്ടപെടാത്തതുമായി കുറേയേറേ വസ്ത്രങ്ങൾ… അവസാനം വഴക്ക് പറഞ്ഞു അവിടെ നിന്നിറമ്പോൾ ഉച്ച ആയിരുന്നു… ഭക്ഷണം കഴിച്ചു നേരെ പോയത് ഒരു ജൂവലറിയിലേക്കായിരുന്നു….ഇവിടെ ഇനി എന്തിനുള്ള പുറപ്പാടാണോ… “” ഡയമണ്ട് നെക്‌ലേസോ,അരഞ്ഞാണമോ, മൂക്കുത്തിയോ ഒന്നും വാങ്ങാനല്ല…ഒരു മാല വാങ്ങാനാ നിനക്ക്….വലിയ മാലയിൽ താലി ഇട്ടു കോളേജിൽ ഒന്നും പോകാൻ നിൽക്കണ്ട….ചെറുത് ഒരെണ്ണം വാങ്ങാം…. “”

ആള് തന്നെ അതും നോക്കി എടുത്തു…ചെറുതാണെങ്കിലും നല്ല ഡിസൈൻ…അത് ഇഷ്ട്ടപെട്ടു…അവിടെ നിന്നു കാറിൽ കയറിയതും വണ്ടി എടുക്കാതെ പേഴ്സിൽനിന്ന് എന്തോ എടുത്ത് മാലയിൽ കോർത്തിടുന്നുണ്ടായിരുന്നു… മുഖത്തിനു നേരെ ഉയർത്തി കാട്ടിയപ്പോൾ മനസിലായി അതൊരു ലോക്കറ്റ് ആണ്…ഹൃദയാകൃതിയിൽ വളരെ മനോഹരമായിട്ടുള്ളത്….. അതിന്റെ മുകളിലായി അഭിആര്യ എന്നെഴുതിയിട്ടുണ്ട്….അഭിയേട്ടൻ തന്നെ കഴുത്തിലേയ്ക്ക് ചേർത്ത് വെച്ചു കൊളുത്തിട്ടു… “” ഇത് മുൻപേ വാങ്ങി വെച്ചിരുന്നതാണ്… ഇന്നിത് പൂജിച്ചു വാങ്ങി…. ഇപ്പോൾ ഇങ്ങനെ കിടക്കട്ടെ….കോളേജിൽ പോകുമ്പോ താലി മാറ്റിയിട്ടാ മതി.. “” കൊളുത്ത് മുറുക്കിക്കൊണ്ടു പറഞ്ഞു….

സന്തോഷം കൊണ്ടു കെട്ടിപിടിച്ചു ആ കവിളിൽ ഒന്നമർത്തി ചുംബിച്ചു…അവിടെ തന്നെ ഒരു കടിയും കൊടുത്തു തിരിഞ്ഞിരുന്നു… ഒന്നൊളിച്ചു നോക്കിയപ്പോൾ കണ്ടു… പ്രതീക്ഷിക്കാത്തതായത് കൊണ്ടു ഒന്നു ഞെട്ടി കവിളിൽ തലോടി ഇരിക്കുന്ന ആളിനെ… പതിയെ കുനിഞ്ഞു അടുത്തേയ്ക്കു വന്നു….കണ്ണുകളിൽ കുസൃതി നിറച്ചു കൊണ്ടു…. “” സന്തോഷം പ്രകടിപ്പിച്ചതാണല്ലേ….എനിക്കും നല്ല സന്തോഷം തോന്നുന്നുണ്ട്… ഞാനും കൂടി പ്രകടിപ്പിച്ചോട്ടെ എന്റെ സന്തോഷം… “” മറുപടി പറയാൻ തുടങ്ങുമ്പോഴേക്കും അഭിയേട്ടന്റെ ഫോൺ ബെല്ലടിച്ചു അത് തടസ്സപ്പെടുത്തി…. അമ്മയാണല്ലോ എന്ന് പറഞ്ഞു ആള് കാൾ എടുത്തു.. “” അമ്മേ…. “” ———- “”

ഞങ്ങൾ സിറ്റിയിലാണല്ലോ… “” ————- ‘” ശരി..ഞങ്ങൾ പെട്ടെന്ന് വരാം…. “” കാൾ കട്ടാക്കി ആളെന്റെ മുഖത്തേയ്ക്കു നോക്കി.. “”ഒരു സിനിമയും കണ്ടു ബീച്ചിൽ കൂടി പോകാമെന്നൊരു ഐഡിയ ഉണ്ടായിരുന്നു…ഇന്നെന്തായാലും നടക്കില്ല….വീട്ടിൽ ഗസ്റ്റ് ഉണ്ട്‌…. അവർക്കു നമ്മളെ കാണണമെന്ന്…അത് പറയാനാ വിളിച്ചത്…നമുക്ക് പോയേക്കാമല്ലേ…”” ചെറിയൊരു വിഷമത്തോടെയാണു ആള് പറയുന്നത്… “” സാരമില്ല…നമുക്കിനി എറണാകുളത്തു പോയി സിനിമക്കും ബീച്ചിലുമൊക്കെ പോകാം…ഇപ്പോ വീട്ടിലേക്ക് വിട്ടോ ഏട്ടൻ…. “” “” നേരത്തെ കണ്ടത് പോലെ നീ സ്നേഹം പ്രകടിപ്പിക്കുമെങ്കിൽ ഞാൻ എന്നും നിന്നെ സിനിമക്കും ,ബീച്ചിലും ,ഷോപ്പിംഗിനുമൊക്കെ കൊണ്ടു പോകാം…..

സാധാരണ ഞാൻ ഒരു ഉളുപ്പുമില്ലാതെ നല്ല അന്തസ്സായി കെഞ്ചിയല്ലേ ഉമ്മ വാങ്ങുന്നത്…ഇന്ന് പക്ഷേ നീ സ്വയം തോന്നി തന്നു,,അതും ഞാൻ പ്രതീക്ഷിക്കാത്ത നേരത്ത്…..ദാറ്റ്‌ വാസ് ഓസം ആൻഡ് സംതിങ് വെരി വെരി സ്പെഷ്യൽ…”” “” വണ്ടിയെടുക്ക് ഏട്ടാ..നമുക്ക് പോകാം.. “” നാണം കൊണ്ടു ചുവന്ന മുഖം ആള് കാണാതിരിക്കാനായി എഫ് എം ഓൺ ചെയ്ത് പുറത്തേയ്ക്കു നോക്കിയിരുന്നു….പെട്ടെന്നൊരു ഡയറി മിൽക്ക് മടിയിലേയ്ക്കു വെച്ചുതന്നു ആളു വണ്ടി എടുത്തു… മനസ്സിൽ മുഴുവൻ നീയാണ്…

പുറത്തെ കാഴ്ചകളിലേയ്‌ക്ക്‌ കണ്ണ് നട്ടിരുന്നെങ്കിലും അതെല്ലാം അവ്യക്തമാക്കികൊണ്ടു അവിടെയെല്ലാം നീ നിറഞ്ഞു നിൽക്കുകയാണ് …ഒളികണ്ണെറിഞ്ഞു ഒന്നു നോക്കി….ഒരു ചെറു ചിരിയോടെ ഡ്രൈവിൽ ശ്രദ്ധിച്ചിരിക്കുകയാണ് ആള് …. ഒന്നുകൂടി ആ കവിളിൽ പല്ലുകളാഴ്ത്താൻ കൊതി തോന്നി….. വേണ്ട….അറിഞ്ഞാൽ തന്നെ കളിയാക്കി കൊല്ലും… അവൾ നിറഞ്ഞ മനസ്സോടെ പ്രിയപ്പെട്ടവന്റെ ഓർമ്മകൾ മനസ്സിൽ നിറച്ചു സീറ്റിൽ ചാരിയിരുന്നു… 💙🎼💙💙🎼🎼💙💙💙🎼🎼💙💙🎼🎼💙

വീടെത്തി അകത്തേയ്ക്കു കയറുമ്പോൾ കണ്ടു ലിവിങ് റൂമിൽ ഇരിക്കുന്നവരെ…. അച്ഛന്റെയും ,അരവിന്ദിന്റേയും കൂടെ സംസാരിച്ചിരുന്ന മൂന്ന് പേർ…. രണ്ടു പേരെ പരിചയമുണ്ട്…ഒരാൾ ശ്യം,അരവിന്ദിന്റെ ഏറ്റവും അടുത്ത കൂട്ടുകാരൻ…മറ്റെയാൾ വിശാൽ ..ബാങ്കിൽ അവർ ഒന്നിച്ചാണ്….പക്ഷേ മൂന്നാമനെ പരിചയമില്ല…. ശ്യാമേട്ടനും,വിശാലേട്ടനും പരിചയഭാവത്തിൽ ചിരിച്ചു…. നേർത്തൊരു പുഞ്ചിരി അവർക്കു നൽകി അകത്തേയ്ക്കു നടന്നു….ഡൈനിങ്ങ് റൂമിൽ കണ്ടു പുറത്തിരിക്കുന്നവരുടെ തുടർച്ച പോലെ ബാക്കി അതിഥികളെ…. ശ്യാമേട്ടന്റെ ഭാര്യ വീണച്ചേച്ചി, വിശാലേട്ടന്റെ ഭാര്യ കൃഷ്ണ പിന്നെ വേറെയും മൂന്നുപേർ….നിമിഷയും,അമ്മയും ,ജനുവമ്മയും കൂടെയുണ്ട്….

വീണച്ചേച്ചിയുടെയും, കൃഷ്ണയുടെയും അടുത്തേയ്ക്കു ചെന്നു….അരവിന്ദ് വഴി പരിചയപെട്ടതാണവരെ… ഒന്നുരണ്ടു തവണ കൂട്ടുകാരെല്ലാം കൂടി മുന്നാറിലേക്കും ,വായനാട്ടിലേയ്ക്കുമൊക്കെ യാത്ര പോകാറുണ്ട്…ആ സമയം എല്ലാവരും ഒരുപാടു അടുത്തിരുന്നു…. ഒടുവിൽ തന്റെ സങ്കടം കണ്ടു തനിക്കു വേണ്ടി അരവിന്ദിനോട് സംസാരിച്ചവരാണ്…..മറക്കാനാകില്ല അവരെ…അവരോടു സംസാരിച്ചു ബാക്കി ഉള്ളവരെയും പരിചയപെട്ടു…ഒരാൾ മായ, അരവിന്ദിന്റെ ബ്രാഞ്ച് മാനേജർ ശ്രീറാമിന്റെ ഭാര്യ ആണ്..അവരുടെ കയ്യിൽ ഒരു വയസോളം പ്രായമുള്ള ഒരു പെൺകുഞ്ഞുമുണ്ട്… രണ്ടുപേർ നിമിഷയുടെ കൂട്ടുകാരികളാണ്…..

സിനിയും, അനുപമയും…നിമിഷയ്ക്കു ബ്യൂട്ടിപാർലറിൽ വച്ചുള്ള പരിചയമാണ് അവരുമായി… വീണ ചേച്ചിയും കൃഷ്ണയും തന്റെ വിശേഷങ്ങളൊക്കെ അറിഞ്ഞിരുന്നു…തന്റെ കാര്യത്തിൽ ഇപ്പോഴവർക്കും സന്തോഷമാണ്… മായയുടെ കുഞ്ഞിനേയുമെടുത്ത് കൊഞ്ചിച്ചു അവരുടെ കൂടെ ഇരുന്നു… കളിചിരികൾക്കിടയിൽ പ്രഭാമ്മയും ജനുവമ്മയും ചായയിടാനായി അടുക്കളയിലേയ്ക്ക് പോയി….പെട്ടെന്ന് നിമിഷ സിനിയേയും,അനുപമയേയും കണ്ണ് കാണിച്ചു… “” നിമിഷ…ഇവിടൊരു കുളമുണ്ടെന്നു പറഞ്ഞിട്ട് നീ ഇതുവരെ കാണിച്ചു തന്നില്ലല്ലോ……”” “” വാടോ..നമുക്കെല്ലാവർക്കും അവിടെയ്ക്കു പോകാം…. ബാക്കി സംസാരം അവിടെ ഇരുന്നാകാം…. “” നിമിഷയെ ഒരു ഗൂഢസ്മിതത്തോടെ പറഞ്ഞു….

അവരുടെ കൂടെ കുളത്തിലേക്ക് നടക്കുമ്പോൾ മനസ്സിൽ അസ്വസ്ഥത നിറഞ്ഞിരുന്നു… അവിടെ നിന്ന് എഴുന്നേറ്റ് പോകാൻ മനസ്സ് വെമ്പി… പക്ഷേ അത് പുറത്തുകാണിക്കാതെ വീണ ചേച്ചിയുടെയും കൃഷ്ണയുടെയും കൂടെ കുളത്തിന്റെ പടിയിലേക്കിരുന്നു… നിമിഷയും അനുപമയും സിനിയും ഞങ്ങളുടെ തൊട്ടുതാഴെയുള്ള പടിയിൽ ഇരിപ്പുറപ്പിച്ചു….മായ ചേച്ചി വെള്ളത്തിലേക്കിറങ്ങി നിന്നു കുഞ്ഞിന് മീനുകളെ കാണിച്ചു കൊടുക്കുന്ന തിരക്കിലാണ്… “” ആര്യയും വീണയും കൃഷ്ണയും നേരത്തെ പരിചയക്കാരാണോ….?? വന്നപ്പോഴേ ആര്യ അവരോടു പരിചയം ഉള്ളതുപോലെ മിണ്ടുന്നത് കണ്ടു…. “” നിമിഷയുടെ കണ്ണുകൾ കൊണ്ടുള്ള ആജ്ഞ മനസ്സിലാക്കി സിനി മുൻകൂട്ടി തീരുമാനിച്ച ചോദ്യമെറിഞ്ഞു… “” അല്ല….ഞാൻ ശ്രദ്ധിക്കുകയായിരുന്നു…നിങ്ങൾ മൂന്നാളും നല്ല കൂട്ടുകാരെ പോലെയാണല്ലോയെന്ന്… ആദ്യമായി കാണുന്നവരാണെന്നു തോന്നിയില്ല….

അതുകൊണ്ട് ചോദിച്ചതാ.. “” ഉത്തരമൊന്നും കിട്ടാത്തതു കൊണ്ടാകും സിനി നിഷ്കളങ്കമായി പറഞ്ഞുനിർത്തി…. സിനിമയുടെ ഭാഗം ഭംഗിയായി പൂർത്തിയായതും അടുത്ത ഭാഗം നിമിഷ ഏറ്റെടുത്തു…. “” അത് നിനക്കറിയില്ലല്ലേ സിനി….?? ഈ ആര്യ ഒരാഴ്ച ആയതേയുള്ളു അഭിമന്യുവിനെ വിവാഹം കഴിച്ചിട്ട്…. പക്ഷേ അതിനും മൂന്ന് വർഷം മുൻപേ ഈ വീട്ടിലെ മരുമകൾ ആയിരുന്നു…. “” പരിഹാസം നിറച്ചു നിമിഷ പറഞ്ഞു തുടങ്ങിയതും മനസ്സിലായിരുന്നു അവരുടെ ഉദ്ദേശം എന്താണെന്ന്… “” അയ്യോ… അതെങ്ങനെ…?? “” “” ഓഹ്…. അതൊക്കെ ഒരു കഥയാണ്…. ആര്യയുടെ രണ്ടാം വിവാഹമാണിത്…ആദ്യത്തെ ഭർത്താവ് ആരാണെന്നറിയാമോ.?? എന്റെ അരവിന്ദേട്ടൻ….

പക്ഷേ ഭർത്താവ് ഉപേക്ഷിച്ചപ്പോഴും അനിയന് ചേട്ടത്തിയമ്മയെ ഉപേക്ഷിക്കാൻ പറ്റിയില്ല…ഉടനെ തന്നെ കെട്ടി കൂടെ അങ്ങ് കൂട്ടി… വീട്ടുകാർക്കും സമ്മതം…. ഇപ്പോൾ സംഗതികളുടെ കിടപ്പുവശം ഏതാണ്ടൊക്കെ നിങ്ങൾക്ക് മനസ്സിലായില്ലേ…??? “” പുച്ഛത്തോടെ നിമിഷ പറഞ്ഞു നിർത്തിയതും കണ്ണുകൾ ഇറുക്കിയടച്ചു…എന്നിട്ടും നിമിഷയുടെയും കൂട്ടുകാരികളുടെയും അടക്കി പിടിച്ച ചിരി അറിയുന്നുണ്ടായിരുന്നു….അപമാനത്തിന്റെ തീച്ചൂളയിൽ വെന്തുരുകുകയായിരുന്നു മനസ്സ്…. വല്ലാതെ വേദനിക്കുന്നു….ശരീരത്തിന്റെ ഓരോ അണുവിലേയ്ക്കും ആ വേദന പടരുന്നു…. ആരാണോ തന്റെ ജീവിതം തകർത്തത് അതിന് കരണക്കാരി ആയവൾ തന്നെ അതിന്റെ കുറ്റം തന്റെ മേൽ ആരോപിച്ച് കല്ലെറിയുന്നു…. ചുറ്റും നോക്കിയപ്പോൾ കണ്ടു പുച്ഛ നിറഞ്ഞ ചിരിയുമായി നിൽക്കുന്ന സിനിയും, അനുപമയും….

മായ കാര്യമെന്തെന്നറിയാതെ അന്തംവിട്ട് നിൽക്കുന്നു…. വീണ ചേച്ചിയും കൃഷ്ണയും എന്തുചെയ്യണമെന്നറിയാതെ വിളറിയിരിക്കുകയാണ്… നിർത്താൻ ഭാവമില്ലാതെ വീണ്ടുമവർ മനസ്സിനെ കുത്തി കീറാൻ തയ്യാറായി നിൽക്കുകയായിരുന്നു… “” എന്നാലും നിമിഷ…സമ്മതിക്കണം കേട്ടോ….. എന്ത് ആൾക്കാരാണിത്…നീയെന്ത്‌ വിശ്വസിച്ചാണ് അരവിന്ദേട്ടനുമായി ഇവരുടെ ഇടയിൽ കഴിയുന്നത്….??? “” ഒരു തുള്ളി കണ്ണുനീര് പോലും വരാതെ കണ്ണ് ഇറുക്കിയടച്ച് ആ നിൽപ്പ് നിന്നു…. ശിലയായി മാറിയ പോലെ… ഈ വേദന, അപമാനം അതിജീവിച്ചേ മതിയാകൂ…ഒരു നിമിഷം അഭിയേട്ടനെ ഓർമ്മ വന്നു… ആ മുഖം, ശബ്ദം,വാക്കുകൾ….. മറുപടി പറയാൻ തയ്യാറെടുത്ത് കണ്ണുകൾ തുറന്നു… പക്ഷേ…. “” മറുപടി ഞാൻ പറഞ്ഞാൽ മതിയോ….?? “”  ഞെട്ടി തിരിഞ്ഞു നോക്കുമ്പോൾ കണ്ടു കുളത്തിലെ പടികൾക്ക് മുകളിൽ സംഹാര രുദ്രനായി നിൽക്കുന്ന അഭിയേട്ടനെ……. തുടരും

അരവിന്ദിന് ആര്യയെ കൈവിട്ടതിൽ നഷ്ടബോധം തോന്നില്ല…. ഒരിക്കൽ തന്റെ ഭാര്യ ആയിരുന്നവളെ തന്റെ അനിയന്റെ കൂടെ കാണുമ്പോൾ ഉണ്ടാകുന്ന ദേഷ്യം മാത്രമാണ് അയാൾക്ക്…അവരുടെ മുന്നിൽ തൊട്ടു പോയി എന്നൊരു ചിന്ത… എന്റെ മനസ്സിലെ അരവിന്ദിന്റെ ക്യാരക്ടർ ഇങ്ങനെയാണ്.. അരവിന്ദ് നിമിഷ എന്ന പെൺകുട്ടിയിൽ അടിമപ്പെട്ടുപോയവനാണ്…. അയാൾക്ക് ആര്യയെ നഷ്ടപ്പെട്ടതിൽ നഷ്ടബോധം തോന്നില്ല….😬😡😡

ആര്യയോട് ചെയ്തതൊഴിച്ചാൽ അരവിന്ദ് നല്ലവനായിരുന്നു…പക്ഷേ ആര്യയോടു ചെയ്തത് പൊറുക്കാൻ പറ്റാത്ത തെറ്റായിപ്പോയി…വലിയ പാപം ആണ് അവൻ ചെയ്തത്…നിമിഷയോടുള്ള അന്ധമായ പ്രണയം അയ്യാളെകൊണ്ടു അതൊക്കെ ചെയ്യിക്കുന്നതാണ്….😬😬 അരവിന്ദിനെ ന്യായീകരിക്കുന്നതല്ല….🙏🙏 എന്റെ മനസ്സിലുള്ള അരവിന്ദിന്റെ ക്യാരക്ടർ പറഞ്ഞതാണ്…. പിന്നെ നിമിഷ….ആള് തനി കൂതറയാണ്…അപ്പോൾ അമ്മാതിരി കൂതറ ഐഡിയാസ് അവളിൽനിന്ന് പ്രതീക്ഷിച്ചാൽ മതി… ഇതിൽ കൂടുതൽ അവളെ കൂതറ ആക്കാൻ പറ്റുമോ എന്നുള്ള ഗവേഷണത്തിലാണ് ഞാൻ….😬😬😬😜😜😜 …..തുടരും….

ദാമ്പത്യം: ഭാഗം 16

Share this story