ഹൃദയതാളം: ഭാഗം 23

ഹൃദയതാളം: ഭാഗം 23

എഴുത്തുകാരി: അനു സത്യൻ

ബുധനാഴ്ച.. പള്ളിയിൽ ജാൻസിയുടേ ആണ്ട് കുർബാനയും ഒപ്പീസും കഴിഞ്ഞ ശേഷം എല്ലാവരും കൂടി പുളികുന്നത്ത് വീട്ടിലേക്ക് എത്തി. വീട് വെഞ്ചരിപ്പിന് ശേഷം വന്നവർക്ക് ആഹാരം എല്ലാം കൊടുത്തു അവർ പിരിഞ്ഞു പോയപ്പോഴേക്കും ഉച്ച കഴിഞ്ഞിരുന്നു. അവസാനം വീട്ടുകാർ മാത്രം ആയി. അബിയും വീട്ടുകാരും അവിടെ നിൽക്കുന്നത് കണ്ടു കുര്യാക്കോസിനോക്കെ ചെറിയ അമർഷം ഉണ്ടായി എങ്കിലും അവർ അത് പുറത്തു കാട്ടിയില്ല. ആലിസും ഗ്രേസിയും ത്രേസ്യയും മേരിക്കൊപ്പം എല്ലാവർക്കും വെള്ളവും ജ്യൂസും ഒക്കെ എടുക്കുന്ന തിരക്കിൽ ആയിരുന്നു.

കുര്യാക്കോസും സാമുവലും ജോസും ഹാളിൽ ഇരൂന്ന് സംസാരം ആണ്. അവർക്ക് എതിരെ ഉള്ള സോഫയിൽ ജസ്റ്റിൻ്റേ ഭാര്യ ലിസിയും കുഞ്ഞും റോസ്ലിനും എലിസബത്തും ഇരിപ്പുണ്ട്. ജീന ഡൈനിംഗ് ടേബിളിന് അടുത്തുള്ള കസേരയിൽ അക്സായൊട് സംസാരിച്ചു ഇരിക്കുന്നു. ജസ്റ്റിൻ, ക്രിസ്റ്റി, റോബിൻ ഒക്കെ വാതിലിന് അടുത്തുള്ള സോഫയിൽ ഉണ്ട്. അവർക്ക് അടുത്തായി ആരെയും ശ്രദ്ധിക്കാതെ ഫോണിൽ നോക്കി അബിയും ഇരിപ്പുണ്ട്. ഇടക്കു ഒന്ന് ചുറ്റും നോക്കിയ അക്സ റോസ് ആരും കാണാതെ അബിയുടെ ചോര ഊറ്റൂന്നത് കണ്ടു. അവരുടെ സംസാരത്തിന് ഇടയിലേക്കാണ് ജാനിയുമായി ജോ ഇറങ്ങി വന്നത്.

എല്ലാവരുടെയും ശ്രദ്ധ അവരിലേക്കായി. “മോനെ ജോ.. വാ.. ഞങ്ങൾ നിന്നെ നോക്കി ഇരിക്കുവായിരുന്നു..” അവനെ കണ്ടതും കുര്യാക്കോസ് തങ്ങളുടെ അടുത്തേക്ക് അവനെ ക്ഷണിച്ചു. അത് കേട്ട് അബി തലയുയർത്തി ഒന്ന് നോക്കി. വെള്ളയും റോസും കലർന്ന ഒരു ചുരിദാർ ഇട്ടു എല്ലാവരെയും മാറി മാറി നോക്കുന്ന ജാനിയെ കണ്ട് അവൻ്റെ കണ്ണുകൾ വിടർന്നു. തന്നെ നോക്കുന്ന അബിയെ കണ്ണുരുട്ടി കാട്ടി ജാനി ജോയോട് ചേർന്ന് നിന്നു. അപ്പോഴേക്കും ജ്യൂസുമായി അടുക്കളയിൽ നിന്നവരും അരങ്ങത്തേക്ക് വന്നു. “ജോ.. ഞങ്ങൾ നിൻ്റെയും ഏലി മോളൂടെയും കല്യാണ കാര്യം സംസാരിക്കുകയായിരുന്നു.. നിൻ്റെ അഭിപ്രായം ഇന്ന് പറയാം എന്നല്ലേ പറഞ്ഞത്.. ഇപ്പൊ ദേ എല്ലാവരും ഉണ്ട് താനും..”

ജോസ് ഗ്രേസി നീട്ടിയ ജ്യൂസ് എടുത്തു കൊണ്ട് ജോയോടായി പറഞ്ഞു. അവൻ ചെറുതായി ഒന്ന് ചിരിച്ചു ഏലിയെ നോക്കി. അവൻ്റെ മറുപടി എന്താകും എന്ന ടെൻഷനിൽ നഖം കടിച്ചു തുപ്പി ഇരിക്കുകയാണ് അവള്. അക്സാ ആണേൽ ഇപ്പൊ പൊട്ടും എന്ന രീതിയിൽ ഇരിക്കുന്നു. ജീനക്ക് ഇവിടെ എന്ത് നടന്നാലും അവളെ ബാധിക്കില്ല എന്ന രീതി ആണ്. ബാക്കി ഉളളവർ അവൻ്റെ മറുപടിക്കായി കാത്തിരിക്കുകയാണ്. “എൻ്റെ അഭിപ്രായം ഞാൻ ഇന്ന് ഇപ്പൊൾ തന്നെ പറയും വല്യ പപ്പ.. പക്ഷേ അതിന് മുമ്പേ നിങ്ങളൊക്കെ കുറച്ച് കാര്യങ്ങൽ അറിയണം..” ജോ പറഞ്ഞത് കേട്ടു എല്ലാവരും അവനെ സംശയത്തോടെ നോക്കി. “നിനക്ക് എന്താ പറയാനുള്ളത്..? ജാനിയുടെ കാര്യം ആണോ..?

നിൻ്റെ വിവാഹം കഴിഞ്ഞാലും ഇവളെ ഞങൾ നോക്കിക്കോളാം.. അത് പോരെ..?” ഗ്രേസി ചോദിച്ചു. “എല്ലാവരും അവളെ നോക്കിയതിൻ്റെ പാടുകൾ ഒക്കെ ഇപ്പോഴും അവളുടെ ദേഹത്ത് ഉണ്ട്..എൻ്റെ ജാനിയെ നോക്കാൻ വേണ്ടി ആരും ബുദ്ധിമുട്ടേണ്ട.. അതിനു ഞാൻ ജീവനോടെ ഉണ്ട്.. എനിക്ക് പറയാൻ ഉള്ളത് വേറെ ചില കാര്യങ്ങളാണ്.. അത് പക്ഷേ ജാനി കൂടി ഉൾപ്പെട്ടതുമാണ്..” “നീ ഇങ്ങനെ കടങ്കഥകൾ പറയാതെ നേരെ കാര്യത്തിലേക്ക് വാ മോനെ..” കുര്യാക്കോസ് അക്ഷമയോടെ അവനോടു പറഞ്ഞു. “പറയാം അങ്കിൾ.. ഇന്ന് ജാൻസിയുടെ ആറാം ആണ്ട് അല്ലേ.. ഇന്ന് വരെ ആരെങ്കിലും ഒരാള് ജാൻസി ആത്മഹത്യ ചെയ്തത് എന്തിനാണ് എന്ന് ചിന്തിച്ചിട്ടുണ്ടോ..?

അവൾക്ക് ആത്മഹത്യ ചെയ്യേണ്ട തക്ക എന്തെകിലും പ്രശ്‌നമുള്ളതായി മമ്മിക്ക് അറിയാമോ..? അല്ലേൽ ആർക്കെങ്കിലും അറിയാമോ..?” ജോ ഗ്രേസിയോട് ചോദിച്ചതും അവർ ഇല്ല എന്ന് തലയാട്ടി. ജോ എന്താണ് പറയുന്നത് എന്ന് ശ്രദ്ധിച്ചിരുന്ന ജീന പെട്ടെന്ന് ജാൻസിയുടെ മരണത്തെ പറ്റി കേട്ടപ്പോൾ ഒന്ന് നടുങ്ങി. അത് കണ്ട് ജോയൽ ഒരു പുച്ഛചിരി വിടർന്നു. “അപ്പോ പിന്നെ ജാൻസി എന്തിന് മരിക്കണം..? അവൾക്ക് ജസ്റ്റിനേ ഇഷ്ടമായിരുന്നു അല്ലേ..? അവളുടെ നിർദ്ദേശ പ്രകാരമല്ലെ ജസ്റ്റിൻ വീട്ടുകാർക്കൊപ്പം കല്യാണാലോചനയുമായി ഇവിടെ വന്നത്..?” ജസ്റ്റിൻ അതേ എന്ന് തലയാട്ടി. അത് കണ്ടപ്പോൾ എല്ലാവരും സംശയത്തോടെ അവനെ നോക്കി.

“ആരും ജസ്റ്റിനേ നോക്കണ്ട.. ജാൻസിക്ക് ആ വിവാഹത്തിൽ സമ്മതക്കുറവു ഒന്നും ഇല്ലായിരുന്നു..” “എങ്കിൽ പിന്നെ എന്തിനാ എൻ്റെ കൊച്ചു ആത്മഹത്യ ചെയ്തത്..? പറയാൻ..” ഗ്രേസി ഓടിവന്നു ജോയുടെ ഷർട്ടിൽ പിടിച്ചു കുലുക്കി. ജാനി പേടിച്ച് പുറകോട്ട് മാറി അവൻ്റെ ഷർട്ടിൽ അള്ളിപ്പിടിച്ച് നിന്നു. ജീന പ്രേതത്തെ കണ്ടത് പോലെ വിളറി വെളുത്തു നിന്നപ്പോൾ ജസ്റ്റിന് ഇത്രയും കാലം താൻ തേടി നടന്ന രഹസ്യം വെളിപ്പെടാൻ പോവുന്നതിൻ്റെ ആകാംക്ഷയിൽ ഉപരി ജോയലിന് എല്ലാം അറിയാം എന്ന ഞെട്ടലിൽ ആയിരുന്നു. അതേ അവസ്ഥ തന്നെ ആയിരുന്നു മറ്റു പലർക്കും. “വിട് ഗ്രേസി മമ്മി.. ഞാൻ പറഞ്ഞു തുടങ്ങിയത് അല്ലേ ഉള്ളൂ.. അവള് ആത്മഹത്യ ചെയ്തത് അല്ല..”

“പിന്നെ..?” ഇത്തവണ ചോദിച്ചത് ജോസ് ആയിരുന്നു. ജീനയുടെ കൈകൾ വിറക്കാൻ തുടങ്ങി. അവള് ആരും കാണാതെ എഴുന്നേൽക്കാൻ തുടങ്ങിയതും അക്സ എന്തോ ചോദിച്ചു അവളെ അവിടെ പിടിച്ചിരുത്തി. “ജാൻസി കൊല്ലപ്പെട്ടതാണ്.. അവളെ കൊന്നതാണ്.. സ്വന്തം അനിയത്തി.. താൻ പ്രണയിക്കുന്ന പുരുഷനെ ചേച്ചി സ്വന്തമാക്കാൻ പോവുന്നു എന്നറിഞ്ഞപ്പോൾ ജാൻസിയേ കൊന്നു കളഞ്ഞു ജീന..” ജീനയുടെ അടുത്തേക്ക് വന്നു അവളെ പിടിച്ചു വലിച്ച് എല്ലാവരുടെയും മുന്നിലേക്ക് ഇട്ടു കൊണ്ടാണ് ജോ പറഞ്ഞത്. ജസ്റ്റിൻ അമ്പരന്നു ജീനയെ നോക്കി. വിശ്വാസം വരാതെ എല്ലാവരും അവരെ രണ്ടു പേരെയും മാറി മാറി നോക്കുമ്പോൾ ജീന തല താഴ്ത്തി കണ്ണുകൾ ഇറുകെ അടച്ചു ഇരിക്കുകയായിരുന്നു.

“ജോ.. നീ ഇല്ലവചനം പറയരുത്.. ജീന സ്വന്തം ചേച്ചിയെ കൊന്നു എന്ന്.. ആരെങ്കിലും വിശ്വസിക്കുന്ന കാര്യം പറ നീ..” ഗ്രേസി അവളെ പിടിച്ചു എഴുന്നേൽക്കാൻ ശ്രമിച്ചു കൊണ്ട് ജോയലിനു നേരെ ചീറി. “വിശ്വസിക്കണം മമ്മി.. ഞാൻ പറഞ്ഞത് സത്യമാണ്.. എൻ്റെ ജാനി കണ്ടതാണ്.. അവളോട് ചോദിച്ചു നോക്കൂ..” ജാനിയെ മുന്നോട്ട് നിർത്തി ജോ പറയവെ ജീന പൊട്ടിച്ചിരിക്കാൻ തുടങ്ങി. “നിങ്ങള് ഇത്രക്ക് മണ്ടനാണോ ജോയിച്ചായ..? ഇവൾക്ക് ഭ്രാന്താണ്.. ആ ഭ്രാന്ത് കേട്ടാണോ എൻ്റെ ചേച്ചിയെ ഞാൻ കൊന്നു എന്നു ഇവിടെ വിളിച്ചു പറഞ്ഞത്..? ഇവളെ ഇന്ന് ഞാൻ..” ചിരി നിർത്തി പുച്ഛത്തോടെ അവനെ നോക്കി പറഞ്ഞ ശേഷം ജാനിയെ അടിക്കാൻ കയ്യോങ്ങി.

ജാനിയുടെ ദേഹത്ത് അവളുടെ കൈ പതിയും മുന്നെ ജോ ആ കൈ തടഞ്ഞിരുന്നു. “ജാനിക്ക് ഭ്രാന്ത് ആണെന്ന് വാദിച്ചു രക്ഷപെടാം എന്ന് നീ വിചാരിക്കേണ്ട ജീന.. അവൾക്ക് ഇപ്പൊ ഒരു കുഴപ്പവും ഇല്ലാ.. പെർഫെക്ട്ലി ഓകെ ആണ് ജാനി.. ഇപ്പൊൾ ഇവൾക്ക് അന്ന് നടന്ന കാര്യം മാത്രമല്ല ജാൻസിയുടെ അടക്കത്തിന് ശേഷം ഇവളെ ഉപദ്രവിച്ചത് പോലും ഓർമ്മയുണ്ട്..” ജോ തറപ്പിച്ചു പറയുന്നത് കേട്ട് ജോസ് ഒരു നിമിഷം ആലോചിച്ചു ശേഷം ജീനയുടെ അടുത്തേക്ക് ചെന്നു. “ഇവൻ പറയുന്നത് സത്യം ആണോ മോളേ..? നീ ആണോ ജാൻസിയേ കൊന്നത്..?” ഇടർച്ചയോടെ ഉള്ള അയാളുടെ ചോദ്യം കേട്ട് അവള് അല്ലെന്ന് തലയാട്ടി.

“നീ അല്ലേ..?” ചോദ്യത്തിനോപ്പം ജോയുടെ കൈ ജീനയുടെ കവിളിൽ പതിഞ്ഞു. ജീന ഒരു വശത്തേക്ക് വീഴാൻ പോയി. പിടിച്ചു നേരെ നിർത്തി ഇപ്പുറത്ത് കവിളിലും അടിച്ചു. മൂന്നാമതും അടിക്കാൻ തുടങ്ങിയ ജോയേ ജോസ് തടഞ്ഞു. “എന്തിനാ പപ്പ തടയുന്നത്..? തല്ലാൻ പറ.. തല്ലി കൊല്ലട്ടെ എന്നെ..” ജീന വീറോടെ ചീറിയതും ജോ ഒരെണ്ണം കൂടി അവൾക്ക് കൊടുത്തു. “സത്യം പറയടി.. ജാൻസിയെ കൊന്നത് നീ അല്ലേ..? ഇനിയും കള്ളം പറയാൻ ആണ് നിൻ്റെ തീരുമാനം എങ്കിൽ പോലീസിനെ വിളിക്കും ഞാൻ.. നിന്നെ മാത്രമല്ല നിൻ്റെ കൂട്ടാളികളെയും എനിക്ക് അറിയാം..” അത് കേട്ടതും ജീന ഞെട്ടി അവനെ നോക്കി.

അവൻ്റെ മുഖഭാവം കണ്ടതും അവനു എല്ലാം അറിയാം എന്ന് അവൾക്ക് മനസ്സിലായി. “ഞാൻ പറയാം.. ഞാനാ.. ഞാൻ ഒറ്റക്കാ.. ഒറ്റക്കാ ചേച്ചിയെ കൊന്നത്..” വിക്കലോടെ പറഞ്ഞതും ജോസിൻ്റെ കയ്യും അവളിൽ പതിച്ചു. “നിൻ്റെ ചേച്ചി അല്ലെടി അവള്.. എന്തിനാടി അവളെ നീ കൊന്നത്..?” “ചേച്ചിയോ..? ആരുടെ ചേച്ചി..? ജാൻസി ഇവളുടെ മാത്രം ചേച്ചി ആയിരുന്നു.. എൻ്റെ അല്ല.. എപ്പോഴും ജാനി മാത്രം.. എന്നെ ഒന്ന് നോക്കുക കൂടി ഇല്ല.. എപ്പോഴും ജാനി ജാനി.. ബാക്കി എല്ലാവർക്കും ജോയിച്ചായനേ മതി.. ഞങൾ പെൺകുട്ടികൾ ആയി പോയില്ലേ.. അപ്പോഴാ ജസ്റ്റിച്ചായൻ എന്നോട് കൂട്ടു കൂടുന്നത്.. നിങ്ങളാരും തരാത്ത സ്നേഹവും കരുതലും ജസ്റ്റിച്ചായൻ തരാൻ തുടങ്ങി..

അപ്പോഴൊന്നും എനിക്ക് ഇചായനോടു പ്രണയം ഇല്ലായിരുന്നു.. പക്ഷേ ഇച്ചായന് ചേച്ചിയെ ഇഷ്ടമാണെന്ന് പറഞ്ഞു കഴിഞ്ഞു ചേച്ചിയോട് മാത്രം സംസാരിക്കാൻ തുടങ്ങിയപ്പോൾ എന്നെ അകറ്റാൻ തുടങ്ങിയപ്പോഴാ എനിക്ക് ആദ്യമായി ചേച്ചിയോട് ദേഷ്യം തോന്നിയത്.. ഇച്ചായനേ എന്നിൽ നിന്നും അകറ്റിയത് ചേച്ചി ആയിരുന്നു.. അവസാനം കല്യാണം തീരുമാനിച്ചത് മുതൽ മനസമ്മതത്തിൻ്റെ തലേന്ന് അവളോട് കെഞ്ചി പറഞ്ഞു ഇച്ചായനെ ഇഷ്ടമല്ല എന്ന് പറയാൻ.. പക്ഷേ അവള് സമ്മതിച്ചില്ല.. അവളുടെ ജീവിതത്തിൽ ഒരു പുരുഷൻ ഉണ്ടെങ്കിൽ അത് ജസ്‌റ്റിച്ചായൻ ആവുമെന്ന് അവള് വീറോടെ പറഞ്ഞു.. അതാ ഞാൻ അവളെ കൊന്നത്.. അവള് ഇല്ലാതെ ആയാൽ എനിക്ക് ഇച്ചായനേ കിട്ടുമെന്ന് കരുതി..

പക്ഷേ ഇച്ചായൻ വേറെ കല്യാണം കഴിക്കുമെന്ന് ഞാൻ കരുതിയില്ല…” ജീന കരഞ്ഞു കൊണ്ട് മുഖം പൊത്തി നിലത്തേക്ക് ഇരുന്നു. ഗ്രേസി ഒന്നും വിശ്വസിക്കാൻ കഴിയാതെ വാ പൊത്തി അവളെ നോക്കിയപ്പോൾ ജോസ് അവരെ ചേർത്ത് പിടിച്ചു. “ശരി.. ഇത്രയും നേരം പറഞ്ഞതൊക്കെ സത്യം തന്നെ ആണ്.. ഇനി എനിക്ക് അറിയേണ്ടത് നിൻ്റെ കൂടെ ഉണ്ടായിരുന്ന ആൾ ആരാണ് എന്നാണ്..” “എൻ്റെ കൂടെ ആരും ഇല്ലായിരുന്നു ജോയിച്ചാ.. ഞാൻ ഒറ്റക്ക് എല്ലാം ചെയ്തത്..” ജോയുടെ ചോദ്യത്തിന് മറുപടി ആയി അവള് പറഞ്ഞു. “നീ കള്ളം പറയാൻ ശ്രമിക്കണ്ട ജീനാ.. നിൻ്റെ കൂടെ ഉണ്ടായിരുന്നവർ ആരാണെന്ന് എനിക്ക് അറിയാം..

ഞാനായിട്ട് പറയുന്നോ അതോ നീ പറയുമോ..?” “ഞാൻ ഒറ്റക്കാ എല്ലാം ചെയ്തത്.. ഞാൻ ഒറ്റക്കാണ്..” അവൻ്റെ കയ്യിൽ പിടിച്ചു വിതുമ്പി അവള് വീണ്ടും പറഞ്ഞതും അവൻ ആ കൈ തട്ടിയേറിഞ്ഞ് ജസ്റ്റിൻ ഒക്കെ നിൽക്കുന്ന വശത്തേക്ക് നടന്നു. “ഇച്ചായ.. സത്യം ആണ്.. ഞാൻ ഒറ്റക്കാണ് എല്ലാം ചെയ്തത്.. എന്നെ ആരും സഹായിച്ചില്ല.. എല്ലാം ഒറ്റക്ക് ചെയ്തതാ..” അവൻ്റെ പുറകെ ചെന്നു കയ്യിൽ വട്ടം പിടിച്ചു പറയവെ അവൻ്റെ കൈ ഒന്ന് കൂടി ഉയർന്നു താണു. ജീന ബാലൻസ് പോയി നിലത്തേക്ക് വീണു. “നീ ഒറ്റക്ക് ജാൻസിയേ കൊന്നു ഫാനിൽ കെട്ടി തൂക്കി എന്ന് പറഞ്ഞാല് ഞാൻ വിശ്വസിക്കണം അല്ലേ..?” അതും ചോദിച്ചു ജോ തൻ്റെ തൊട്ടു പുറകിൽ നിന്ന ആളെ പിടിച്ച് മുന്നോട്ട് നിർത്തി. “ഇവൻ.. ഇവനല്ലെ നിൻ്റെ സഹായി..?

ഇവൻ എന്തിന് നിന്നെ സഹായിക്കണം..? പറയെടി..” ജോയുടെ ചോദ്യം കേട്ട് നോക്കിയ അവള് കണ്ടത് തന്നെ പരിഭ്രമത്തോടെ നോക്കുന്ന റോബിനേ ആണ്. അവൻ്റെ ഷർട്ടിൽ കുത്തിപിടിച്ചിരിക്കുന്ന ജോയെകൂടി കണ്ടതോടെ ജിനക്ക് ബോധം പോവുന്നത് പോലെ തോന്നി. “ഛീ.. പറയേടാ.. എന്തിനാടാ എൻ്റെ കുഞ്ഞിനെ നീ കൊന്നത്..? അവള് എന്ത് ദ്രോഹമാ നിന്നോട് ചെയ്തത്..? പറയാൻ..” ജോസ് സമനില തെറ്റിയവനെ പോലെ റോബിൻ്റെ കുത്തിന് പിടിച്ചു അലറി. “ഞാൻ പറയാം.. എല്ലാം പറയാം..” എല്ലാവരുടെയും കണ്ണുകൾ തന്നിൽ ആണെന്നും കള്ളം പറഞ്ഞു രക്ഷപ്പെടാൻ സാധിക്കില്ല എന്നും മനസ്സിലാക്കിയ റോബിൻ പറഞ്ഞത് കേട്ട് എല്ലാവരും അവനെ നോക്കി.

“എനിക്ക് ജാൻസിയേ ഇഷ്ടമായിരുന്നു.. അപ്പോഴാ ജസ്റ്റിച്ചായൻ അവളെ ഇഷ്ടമാണെന്ന് വീട്ടിൽ പറയുന്നത്.. അവൾക്കും വീട്ടുകാർക്കും താൽപര്യമാണ് എന്ന് അറിഞ്ഞു കഴിഞ്ഞപ്പോൾ മനസമ്മതത്തിൻ്റെ തലേന്ന് അവളോട് ഈ കല്യാണത്തിൽ നിന്നും പിന്മാറണം എന്ന് പറയാൻ വേണ്ടിയാണ് ഞാൻ ഇവിടെ എത്തിയത്..” അത്രയും പറഞ്ഞ് അവൻ ചുറ്റും ഒന്ന് നോക്കി. ” ജസ്റ്റിച്ചായനും ജീനയും തമ്മിൽ നേരത്തെ പരിചയം ഉള്ളത് കാരണം അവളുമായി എനിക്കും കൂട്ട് ഉണ്ടായിരുന്നു.. ഇവരുടെ വിവാഹം തീരുമാനിച്ചു കഴിഞ്ഞു ജീന പഴയത് പോലെ ആരോടും മിണ്ടാതെ ആയപ്പോൾ ഞാൻ അതിൻ്റെ കാരണം തേടി പോയി.. അങ്ങനെ ഇവൾക്ക് ജസ്റ്റിച്ചായനെ ഇഷ്ടമാണെന്ന് അറിഞ്ഞു..

ജാൻസി പിൻമാറിയാൽ മാത്രമേ ഈ വിവാഹം മുടങ്ങു എന്ന് മനസ്സിലാക്കിയ ഞാൻ ജീനയോട് ഇതിനെ പറ്റി പറഞ്ഞു.. ഇവൾ പറഞ്ഞത് പ്രകാരമാണ് രാത്രി ഞാൻ ഈ വീട്ടിലേക്ക് വന്നത്.. ഞാൻ അകത്ത് കടക്കുമ്പോൾ കണ്ടത് അവളോട് തർക്കിക്കുന്ന ജീനയേ ആണ്.. ഞാൻ അവളെ സ്നേഹിക്കുന്ന കാര്യം പറഞ്ഞിട്ടും ജാൻസി ജസ്റ്റിചായനെ മാത്രേ വിവാഹം കഴിക്കൂ എന്ന് ഉറച്ചു നിന്നപ്പോൾ ജീനയുടെ ഭാവം മാറി.. ഒപ്പം എനിക്കും ജാൻസിയോട് ദേഷ്യമായി.. ജീന ജാൻസിയുടെ കഴുത്തിൽ പിടിച്ചു ഞെക്കി.. അവള് കുതറി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനു ഇടയിൽ ആ മുറിയിൽ കിടന്ന ജാനി ഉണർന്നു.. ജാനി എന്നെ കാണാതെ കട്ടിലിനു മറവിൽ കൂടി ജാനിയുടെ വായും കയ്യും കാലും ഞാൻ ബന്ധിച്ചു..

അപ്പോഴാണ് ജാൻസി എന്നെ കണ്ടത്.. അവള് അലറി വിളിക്കാൻ തുടങ്ങിയപ്പോൾ തടയാൻ വേണ്ടി അവളുടെ വാ പോത്തിയതാണ്.. പക്ഷേ അന്നേരത്തെ വെപ്രാളത്തിൽ വായും മൂക്കും ഒരുമിച്ചാണ് പൊത്തിയത്.. അൽപ സമയം കഴിഞ്ഞു വിട്ടപ്പോൾ അവള് മരിച്ചിരുന്നു.. എന്ത് ചെയ്യും എന്ന് കരുതി പേടിച്ച എന്നോട് ജീനയാണ് പറഞ്ഞത് കെട്ടി തൂക്കി ആത്മഹത്യ ആക്കാം.. കല്യാണത്തിന് സമ്മതമല്ല അത് കാരണം മരിച്ചതാണ് എന്ന് വറുത്ത് തീർക്കാം എന്ന്.. ജാൻസിയേ കെട്ടിതൂക്കാൻ ഉള്ള എല്ലാ പ്ലാനും തയാറാക്കി കഴിഞ്ഞപ്പോൾ ജാൻസി ചെറുതായി ഒന്ന് അനങ്ങി.. അപ്പൊൾ തന്നെ ജീന തലയിണ വെച്ച് ശ്വാസം മുട്ടിച്ചു ഉണ്ടായിരുന്ന അൽപ പ്രാണൻ കൂടി എടുത്തു..

അവളെ കെട്ടി തൂക്കിയ ശേഷം ജാനിയേ സ്വതന്ത്ര ആക്കി ഞാൻ ഒരു വിധത്തിൽ വീട്ടിൽ എത്തി.. പിറ്റേന്ന് ജാൻസി ആത്മഹത്യ ചെയ്തെന്നും അവളുടെ ബോഡി കണ്ട ജാനിക്കു മാനസിക നില തെറ്റിയെന്ന് കേട്ടപ്പോൾ അല്പം ആശ്വാസം ആയി.. സ്നേഹിച്ച പെണ്ണിനെ കൊല്ലേണ്ടി വന്നു എന്ന വേദനയേക്കാൾ അവളുടെ കൊലപാതകം എൻ്റെ തലയിൽ ആവരുത് എന്ന് കരുതി എല്ലാം മറച്ചു..” റോബിൻ പറഞ്ഞു നിർത്തിയതും ജസ്റ്റിൻ്റേ ചവിട്ടേറ്റ് നിലത്തേക്ക് വീണു. “നിന്നെ എൻ്റെ ക്രിസ്റ്റിയേക്കാൾ ഞാൻ സ്നേഹിച്ചതല്ലെടാ.. ജാൻസിയേ ഇഷ്ടമാണെന്ന് ആദ്യം പറഞ്ഞതും നിന്നോട് അല്ലേ..? അന്നേ നിൻ്റെ ഇഷ്ടം പറഞ്ഞിരുന്നേൽ വിട്ടു തന്നേനേമല്ലോ അവളെ നിനക്ക്…

എന്നെ സ്നേഹിച്ചതിൻ്റെ പേരിൽ അവളുടെ ജീവൻ എടുക്കണമായിരുന്നോ..?” അവനെ അടിക്കുന്നതിൻ്റെ ഇടയിൽ ജസ്റ്റിൻ ചോദിച്ചു കൊണ്ടിരുന്നു. റോബിൻ ഒന്നും പറയാതെ ആ അടി മുഴുവൻ ഏറ്റു വാങ്ങി. “നിന്നെ എൻ്റെ അനിയത്തിയേപ്പോലെ അല്ലേ കണ്ടത്..? ആ നീ.. എനിക്ക് നിന്നെ കാണുന്നത് പോലും അറപ്പാണ്..” ജീനയുടെ മുഖത്തേക്ക് നോക്കി അറപ്പോടെ ജസ്റ്റിൻ മുഖം തിരിച്ചു. അവളുടെ നോട്ടം ചെന്നത് ഒന്നും മിണ്ടാതെ ശില പോലെ നിൽക്കുന്ന ക്രിസ്റ്റിയുടെ നേരെ ആണ്. അവൻ പതിയെ അവളുടെ അടുത്തേക്ക് നടന്നു. “എൻ്റെ ഇച്ചായനേ സ്നേഹിച്ച നീ എന്തിനാ എന്നെ വിവാഹം ചെയ്തത്..? എല്ലാം ഞാൻ ആദ്യമേ തുറന്നു പറഞ്ഞിട്ടും എന്നെ ചതിച്ചത് എന്തിനാ..?”

ക്രിസ്റ്റി ചോദിച്ചത് എന്താ എന്ന് ആർക്കും മനസ്സിലായില്ല എങ്കിലും ജീനയുടെ മറുപടിക്കായി എല്ലാവരും കാതോർത്തു. “നിങ്ങളെ ഞാൻ ചതിച്ചോ..? നിങ്ങള് എന്നെ അല്ലേ ചതിച്ചത്..? എനിക്ക് നിങ്ങളുടെ ഇച്ചായനേ ഇഷ്ടമായിരുന്നു എന്ന്.. മറക്കാൻ സമയം തരാം എന്ന് പറഞ്ഞു നിങ്ങള് എന്നെ വിവാഹം കഴിച്ചു.. എന്നിട്ട് ആദ്യരാത്രിയിൽ ആദ്യ പ്രണയമായ റോസാപ്പൂ എന്ന് വിശേഷിപ്പിച്ചു കൊണ്ട് ഒരു പെൺകുട്ടിയെ കുറിച്ച് പറഞ്ഞു.. അവൾക്ക് ഇവളുടെ ഈ ജാനിയുടെ മുഖം ആയിരുന്നു.. എല്ലാം മറക്കാം എന്ന് പറഞ്ഞിട്ടും ആദ്യമായി എന്നെ സ്വന്തമ്മാക്കുമ്പോൾ പോലും നിങ്ങളുടെ നാവില് നിന്നും വീണത് ഇവളുടെ പേര് ആയിരുന്നു..

ഒരുവട്ടമല്ല പല വട്ടം.. അനിയത്തിയുടെ പേര് പറഞ്ഞു ഭർത്താവ് സ്വന്തം ശരീരത്തെ കശക്കുന്നത് ഏതേലും പെണ്ണിന് സഹിക്കുമോ..? പറ.. എന്നിട്ടും സഹിച്ചില്ലെ..? അപ്പോഴും ഇടക്കു വീട്ടിൽ വരുമ്പോൾ ഇവളെ കാണുമ്പോൾ നിങ്ങളുടെ കണ്ണിൽ ഉണ്ടാവുന്ന തിളക്കം.. ഇവളെയും കൊല്ലാൻ പ്ലാൻ ചെയ്തതാ ഞാൻ.. ഞാൻ സ്നേഹിക്കുന്നവരെ എല്ലാം എന്നിൽ നിന്നും അകറ്റി ഇവളും ഇവളുടെ ഇചെച്ചിയും.. എന്നിട്ട് ജീന മാത്രം തെറ്റ് കാരി..” ജീന വാശിയോടെ പറഞ്ഞു. “ക്രിസ്റ്റി.. ഇവൾ എന്തൊക്കെയാ പറയുന്നത്..? നിനക്ക് ജാനിയെ ഇഷ്ടമായിരുന്നോ..?” ജോയുടെ ചോദ്യം അബിയുടെ കാതിൽ തുളഞ്ഞു കയറി.

അവൻ ക്രിസ്റ്റിയുടെ മറുപടി അറിയാൻ വേണ്ടി ചെവി കൂർപ്പിച്ചു. “ആയിരുന്നു ചേട്ടായി.. ആയിരുന്നു എന്നല്ല.. ഇപ്പോഴും ഇഷ്ടമാണ്..” തല കുനിച്ച് പറഞ്ഞതും ജോ അവനിട്ടും ഒരെണ്ണം കൊടുത്തു. “ഇനി തല്ലിയിട്ടു എന്താ കാര്യം..? അവനു ജാൻവിയെ ഇഷ്ടമാണെൽ നമുക്ക് ആ വിവാഹം നടത്താം.. എന്തായാലും ഒരു കൊലപാതകിയെ എൻ്റെ മകന് വേണ്ട.. പിന്നെ ഈ കൊച്ചു ഒരു ഭ്രാന്ത് ഉള്ളത് അല്ലേ.. അതൊന്നും ഞങൾ ഇപ്പൊ നോക്കുന്നില്ല.. ഇവരെ രണ്ടു പേരെയും പോലീസിൽ ഏൽപ്പിക്കണം.. എൻ്റെ മകൻ്റെ ജീവിതം നശിപ്പിച്ച ഇവൾക്കുള്ള മറുപടി ആയി ജാൻവി അവൻ്റെ ജീവിതത്തിലേക്ക് വരണം.. നഷ്ടപരിഹാരം ആണെന്ന് കൂട്ടിക്കോ.. അങ്ങനെ പോരെ ജോസെ..?

വീണ്ടും ക്രിസ്റ്റിയേ തല്ലാൻ ഒരുങ്ങിയ ജോയെ തടഞ്ഞു കൊണ്ട് കുര്യാക്കോസ് തീരുമാനമെന്നോണം പറഞ്ഞു കൊണ്ട് ജോസിനെ നോക്കി. തൻ്റെ ഒരു മകൾ മരിക്കാൻ കാരണം മറ്റൊരു മകൾ ആണെന്ന സത്യം അയാളെ തളർത്തിയിരുന്നു. ഒന്നും മിണ്ടാതെ തല കുനിച്ച് നിൽക്കുന്ന ജോസിനെ കണ്ട് കുര്യാക്കോസ് വിജയ ചിരിയോടെ ജോയെ നോക്കി. “അങ്ങനെ പോരെ മോനെ..? അതാവുമ്പോൾ നിങ്ങള് ചേട്ടനും അനിയത്തിയും ഒരിടത്ത് തന്നെ ഉണ്ടാവും..” അയാളുടെ സംസാരം കേട്ട് ജാനി ജോയുടെ അരികിൽ വന്നു കയ്യിൽ പിടിച്ചു അവനെ നോക്കി വേണ്ട എന്ന അർത്ഥത്തിൽ തല ആട്ടി.

“എനിക്ക് സമ്മതം..” അവളുടെ കൈ തൻ്റെ കയ്യിൽ നിന്നും പതിയെ വേർപ്പെടുത്തി ജോ പറഞ്ഞത് കേട്ട് എല്ലാവരും ഞെട്ടി അവനെ നോക്കി. ജാനിയുടെ കണ്ണുകൾ പതിയെ നിറഞ്ഞു വന്നു. അബിയും അക്സായും വിശ്വസിക്കാൻ കഴിയാതെ അവനെ നോക്കുമ്പോൾ വിറയലോടെ പുറകോട്ടു നടന്ന ജാനി ആരെയോ തട്ടി വീഴാൻ പോയി. അയാള് അവളെ വീഴാൻ അനുവദിക്കാതെ തന്നോട് ചേർത്ത് പിടിക്കുമ്പോൾ ചില മുഖങ്ങളിൽ അമർഷം നിറഞ്ഞു………തുടരും….

ഹൃദയതാളം: ഭാഗം 22

Share this story