ഹൃദയതാളം: ഭാഗം 24

ഹൃദയതാളം: ഭാഗം 24

എഴുത്തുകാരി: അനു സത്യൻ

“എനിക്കു സമ്മതം..” ജോയുടെ വാക്കുകൾ എല്ലാ ചെവികളിലും എക്കോ പോലെ മുഴങ്ങി കൊണ്ടിരുന്നു. ജാനിയേ ഭ്രാന്തി എന്ന് വിളിച്ചപ്പോൾ പൊട്ടി തെറിച്ചു ജോയൽ തന്നെയാണോ ഇപ്പൊ ഇങ്ങനെ പറഞ്ഞത് എന്നോർത്ത് ഏലി അവനെ സംശയത്തിൽ നോക്കുമ്പോൾ ക്രിസ്റ്റിയുടെ മുഖത്ത് സന്തോഷം നിറഞ്ഞു. അബി പേടി കൊണ്ട് വിറക്കുന്ന ജാനിയെ തന്നോട് ചേർത്ത് പിടിച്ചു. “കുഞ്ഞേ.. എന്താ ഈ പറയുന്നത്..? ജാനിമോളെ ഇവന് കൊടുക്കാനോ..? അവള് കുഞ്ഞല്ലെ..? ഇവരെ ഒക്കെ കാണുന്നത് തന്നെ അവൾക്ക് പേടിയാണ്.. അവളുടെ മുഖം ഒന്ന് നോക്കിക്കേ..” മേരി ജോയലിൻ്റെ അടുത്ത് വന്നു ചോദിച്ചു. അവൻ്റെ നോട്ടം അബിയോട് ചേർന്ന് നിൽക്കുന്ന ജാനിയിൽ എത്തി നിന്നു.

“അല്ലാതെ ഞാൻ എന്ത് ചെയ്യണം ചേച്ചി..? അവർ പറഞ്ഞത് കേട്ടില്ലേ കൊലപാതകി ആയ പെണ്ണിനെ അവർക്ക് മരുമകൾ ആയി വേണ്ടന്നു..” “അപ്പോ ഇവനോ..? സ്വന്തം കുഞ്ഞിനെ കൊന്ന ഇവന് കൊടുക്കണോ ജാനിമോളെ..? നീ ഇവളോട് കാണിച്ച സ്നേഹം ഒക്കെ വെറുതെ ആയിരുന്നോ ജോയൽ..?” അത് വരെ ഒന്നും മിണ്ടാതെ നിന്ന ജസ്റ്റിൻ പെട്ടെന്ന് ചോദിച്ചത് കേട്ട് ക്രിസ്റ്റി അവനെ തടയാൻ നോക്കി. “വിട് ക്രിസ്റ്റി.. എല്ലാം.. എല്ലാം ഇന്ന് കൊണ്ട് കലങ്ങി തെളിയണം.. ജീന നിന്നെ ചതിച്ചു എന്ന് പറഞ്ഞു എൻ്റെ മുന്നിൽ വന്നു കരഞ്ഞിരുന്ന നീ അവള് അപമാനിക്കുന്നത് എന്തെ പറഞ്ഞില്ല..?

ജീന മറ്റൊരുത്തൻ്റെ കൂടെ കിടക്ക പങ്കിടുന്നത് കണ്ടപ്പോൾ നിനക്കുണ്ടായ അപമാനം ദേഷ്യം സങ്കടം അതൊക്കെ തന്നെ ആവില്ലേ അനിയത്തിയെ മനസ്സിൽ കരുതി അവള് ആണെന്ന രീതിയിൽ ജീനയെ പ്രാപിക്കുമ്പോൾ അവൾക്ക് തോന്നുന്നത്..? പറയേടാ..” ക്രിസ്റ്റിയേ പിടിച്ചു കുലുക്കി ജസ്റ്റിൻ ഓരോന്നായി ചോദിക്കുമ്പോൾ പുറത്ത് വന്ന സത്യങ്ങളുടെ ഞെട്ടലിൽ ആയിരുന്നു എല്ലാവരും. “നീ.. നീ എന്താ പറഞ്ഞത്..? ജിനക്കു വേറെ ബന്ധമോ..? ആരുമായി..?” കുര്യാക്കോസ് പതർച്ചയൊടെ തിരക്കി. “വേറെ ആര്..? അവളുടെ കൂട്ടുപ്രതി തന്നെ.. റോബിൻ.. അവൻ്റെ കൊച്ചിനേയും വയറ്റിലിട്ടാ ഇപ്പൊ നിൽക്കുന്നത്..” ജസ്റ്റിൻ പുച്ഛത്തോടെ പറയുമ്പോൾ കുരിശുംമൂട്ടിലെ എല്ലാവരും അപമാനം കൊണ്ട് തല താഴ്ത്തി നിന്നു. “നിന്നെ പെറ്റില്ല എന്നല്ലെയുള്ളൂ..?

എൻ്റെ സ്വന്തം മകനെ പോലെയല്ലേ നിന്നെ വളർത്തിയത്..? ആ നിനക്ക് എങ്ങനെ കഴിഞ്ഞു സ്വന്തം സഹോദരൻ്റെ ഭാര്യയെ.. ഛെ.. കർത്താവ് പൊറുക്കില്ലെടാ നിന്നോട്.. സാത്താൻ്റെ സന്താനമെ..” ത്രേസ്യ തലയിൽ കൈ വെച്ച് റോബിനെ പ്രാകി കൊണ്ട് ജീനയുടെ നേരെ തിരിഞ്ഞു. “നീ.. നീ ഒരു പെണ്ണ് ആണോടി..? ഒരേ സമയം ഭർത്താവിനും അവൻ്റെ സഹോദരനും ഒപ്പം കഴിയാൻ എങ്ങനെ സാധിച്ചെടി നിനക്ക്..? അതും ഒരല്പം പോലും ഉളുപ്പില്ലാതെ..? നാണമില്ലാത്ത ജന്മം..” ജീനയുടെ മുഖത്തേക്ക് അവർ കാർക്കിച്ചു തുപ്പുമ്പോൾ അവള് അവരെ നോക്കി പരിഹസിച്ചു ചിരിച്ചു. “എന്നാലും എൻ്റെ മോളേ.. നിൻ്റെ ജീവിതം ഇങ്ങനെ ആണെന്ന് ഒരിക്കലെങ്കിലും ഞങ്ങളോട് തുറന്നു പറയാമായിരുന്നു..

പപ്പയും മമ്മിയും എന്തെങ്കിലും വഴി കാണില്ലായിരുന്നോ..?” ഗ്രേസി കരച്ചിലൊടെ ചോദിച്ചു. “ആരോടു പറയണം..? പെൺകുട്ടികൾ വീടിന് ശാപമെന്നും പറഞ്ഞു 18 വയസ്സിൽ കെട്ടിച്ചു വിട്ടു ഇനി അതാണ് നിൻ്റെ വീട് അവിടെ ഭർത്താവിനെ നോക്കി അനുസരിച്ച് അടങ്ങി ഒതുങ്ങി കഴിഞ്ഞോണം എന്നും പറഞ്ഞു കെട്ടിച്ചയച്ച വല്യപ്പച്ചനോടോ..? അതോ പപ്പയോടു ഉള്ള പേടി കാരണം സ്വന്തം മക്കളെ സ്നേഹിക്കാത്ത എൻ്റെ ഈ പപ്പയോടോ..? അതുമല്ലങ്കിൽ രണ്ടു പെൺമക്കൾക്കു ജന്മം നൽകി എന്ന പേരിൽ എന്നും കുറ്റപ്പെടുത്തൽ കേട്ട് കണ്ണീരുമായി കഴിഞ്ഞ മമ്മിയോടോ..? ആര് കേൾക്കും എന്നെ..? കേട്ടാൽ തന്നെ അതൊക്കെ ആണുങ്ങളുടെ കൂടപ്പിറപ്പാണ്.. ഭാര്യമാർ വേണം അവരെ നേർവഴിക്ക് നടത്താൻ എന്നല്ലേ പറയൂ..? എല്ലാം ഞാൻ റോബിച്ചായനോട് മാത്രം പറഞ്ഞു..

ഞാൻ ആത്മഹത്യ ചെയ്യും എന്ന അവസ്ഥയിൽ ആയപ്പോഴാണ് റോബിച്ചായൻ എന്നെ ഇഷ്മാണെന്ന് പറഞ്ഞു.. ഇയാൾ ഒരിക്കലും എന്നെ സ്നേഹിക്കില്ല എന്ന് മനസ്സിലാക്കി കഴിഞ്ഞപ്പോൾ എന്നെ മനസ്സിലാക്കുന്ന റോബിച്ചായനെ ഞാനും പ്രണയിച്ചു.. അതിൽ എന്ത് തെറ്റാ ഉള്ളത്..?” ജീന ചോദിച്ചപ്പോൾ ക്രിസ്റ്റിയുടെയും ജോസിൻ്റെയും ഗ്രെസിയുടെയും തല താഴ്ന്നു. “പ്ഫാ നായെ.. പാല് തന്ന കൈക്ക് തന്നെ കടിച്ചല്ലോടാ @@#₹##@@@ മോനെ..” കേട്ടലാറക്കുന്ന ചീത്ത വിളിക്കുന്നതിനു ഒപ്പം റോബിൻ്റേ കവിളിൽ പല തവണ കുര്യാക്കോസിൻ്റെ കൈ പതിഞ്ഞു. “ഇച്ചായനേ ഒന്നും ചെയ്യല്ലേ.. എൻ്റെ വയറ്റിൽ വളരുന്ന കുഞ്ഞിനെ ഓർത്തെങ്കിലും ഇച്ചായനേ വെറുതെ വിടണം..”

“ഛി.. എരണം കെട്ടവളെ.. എൻ്റെ കാലിൽ പിടിക്കുന്നോ..? എൻ്റെ കുഞ്ഞിനെ ചതിച്ചതും പോരാ ഇവൻ്റെ കൊച്ചിനെയും നീ വയറ്റിൽ പേറുന്നുണ്ടോ..?” ജീന കുര്യാക്കോസിൻ്റെ കാലിൽ പിടിച്ചു പറഞ്ഞതും അയാള് അവളെ കാലു കൊണ്ട് തൊഴിച്ചു മാറ്റി. അയാളുടെ ചവിട്ടേറ്റ് ജീന നിലത്ത് തെറിച്ചു വീണത് കണ്ട് റോബിൻ കുര്യാക്കോസിനേ തള്ളിമാറ്റി അവളുടെ അടുത്തേക്ക് ഓടി ചെന്നു. “ഇവരെ രണ്ടിനെയും പിടിച്ചു പോലീസിൽ ഏൽപ്പിക്കണം.. വെറുതെ വിടരുത് ഈ #₹@&#₹@ മക്കളെ..” കുര്യാക്കോസ് ദേഷ്യം കൊണ്ട് വിറച്ചു. “അവരെ മാത്രം പോരല്ലോ കുര്യച്ചാ.. എൻ്റെ കൊച്ചിൻ്റെ വയറ്റിൽ കുരുത്ത കുഞ്ഞിനെ കൊന്ന തൻ്റെ മോന് കൂടി ജയിലിൽ കിടക്കും.. അതിനുള്ള വകുപ്പും ഉണ്ട്..”

ക്രിസ്റ്റിയേ രക്ഷിക്കാനാണ് കുര്യാക്കോസിൻ്റെ ശ്രമം എന്ന് മനസ്സിലാക്കിയ ജോസ് പറഞ്ഞു. “അതൊക്കെ നിങ്ങളുടെ തീരുമാനം.. എൻ്റെ തീരുമാനം ഞാൻ പറയാം..” അതും പറഞ്ഞു ജോ അക്സായെ അരികിലേക്ക് വിളിച്ചു. “ഇത് അക്സ.. ഈ നിൽക്കുന്ന സാമുവേൽ അങ്കിളിൻ്റെയും ആലീസ് ആൻ്റിയുടെയും മകൾ.. ജോയൽ ജോൺ എന്ന ഞാൻ വിവാഹം കഴിക്കാൻ പോവുന്ന പെൺകുട്ടി.. നിങ്ങളുടെ മകൾ എലിസബത്തിനെ ഞാൻ വിവാഹം കഴിക്കില്ല എന്ന് ആദ്യം തന്നെ അവളോട് പറഞ്ഞിരുന്നു.. എൻ്റെ ജീവിതത്തിൽ ഒരു പെണ്ണ് ഉണ്ടെങ്കിൽ അത് അക്സാ മാത്രം ആവും..” അവളെ ചേർത്ത് പിടിച്ചു എല്ലാവരോടുമായി പറയുമ്പോൾ ഏലിയുടെ മുഖം അപമാനത്താൽ താഴ്ന്നു.

അവളെ നോക്കി ചുണ്ട് കോട്ടി ജോ ജാനിയുടെ അരികിലേക്ക് ചെന്നു. അവൻ അടുത്തേക്ക് വരുന്നത് കണ്ട ജാനിയാവട്ടെ ചുണ്ട് കൂർപ്പിച്ചു അബിയെ പറ്റി പിടിച്ചു നിന്നു. “വാ ജാനീ..” അവൾക്ക് അടുത്തായി ചെന്നു കൈകൾ വിരിച്ചു അവൻ പറഞ്ഞതും കാറ്റുപോലെ അവൻ്റെ നെഞ്ചിലേക്ക് അവള് പറ്റിച്ചേർന്നതും ഒരുപോലെ ആയിരുന്നു. “എൻ്റെ ജാനി എനിക്ക് ഒരു ഭാരമല്ല.. എൻ്റെ ജാനി ഇഷ്ടപ്പെടുന്ന ആളെ മാത്രമേ ഞാൻ ഇവൾക്കായി നൽകു.. ജീന ചെയ്ത തെറ്റുകൾക്ക് പരിഹാരമായി ജാനിയുടെ ജീവിതം നൽകേണ്ട കാര്യം അവൾക്കില്ല.. എനിക്കും.. ഇവളുടെ ജീവിതം പന്താടാൻ ഞാൻ ആർക്കും വിട്ടു കൊടുക്കില്ല.. എൻ്റെ ജാനിക്കു ഭ്രാന്തില്ലാ എന്നും ഇവൾ അല്ല ജീനയുടെ കുഞ്ഞിനെ കൊന്നത് എന്നും തെളിയിക്കണം.. ഇത്ര മാത്രമേ എനിക്ക് ഉണ്ടായിരുന്നുള്ളൂ..

പക്ഷേ വെളിപ്പെട്ടത് ഒട്ടനവധി സത്യങ്ങൾ ആണ്..” ജോ ചിരിച്ചു കൊണ്ട് എല്ലാവരെയും നോക്കി. “മോളേ ജാനി.. ഈ മമ്മിയോട് നീ ക്ഷമിക്കണം.. നിന്നെ കാര്യമറിയാതെ ഒരുപാട് ഉപദ്രവിച്ചിട്ടുണ്ട് ഞാൻ..” ക്ഷമാപണവുമായി അടുത്തേക്ക് വന്ന ഗ്രേസിയേ ഒന്ന് തൊടാൻ പോലും അനുവദിക്കാതെ ജോ ജാനിയെ പിന്നിലേക്ക് നീക്കി. “വേണ്ടാ ഗ്രേസി മമ്മി.. ഇനി നിങ്ങളുടെ ആരുടെയും നിഴൽ പോലും അവളുടെ ദേഹത്ത് വീഴില്ല.. അവൾക്ക് ആരുമില്ലായിരുന്ന സമയത്ത് ഒരിറ്റു സ്നേഹം നൽകാതെ ഉപദ്രവിക്കാൻ മാത്രം ശ്രമിച്ച നിങ്ങളുടെ ക്ഷമ പറച്ചിലും ഇവൾക്ക് ഇനി കേൾക്കണ്ട..” “മോനെ ജോ..”

ഗ്രേസി വിതുമ്പലോടെ അവൻ്റെ കയ്യിൽ പിടിച്ചു. “അങ്ങനെ വിളിക്കരുത് എന്നെ.. നിങ്ങള് ഒരിക്കലെങ്കിലും എന്നെ സ്വന്തം മകനായി കണ്ടിട്ടുണ്ടോ..? ബിസിനസ് ഒക്കെ നടത്തി കൊണ്ട് പോവാൻ വിശ്വസിക്കാൻ കൊള്ളാവുന്ന ഒരാളെ വേണം.. അതായിരുന്നില്ലെ ഞാൻ..? ഞങ്ങളുടെ പപ്പയുടെയും മമ്മിയുടെയും മരണ ശേഷം അവരിൽ നിന്നും ലഭിക്കേണ്ട കരുതലും സ്നേഹവും നിങ്ങളിൽ നിന്നും കൊതിച്ചു.. പക്ഷേ ഉള്ളിൽ പകയും വെറുപ്പും വിദ്വേഷവും നിറച്ചാണ് ഇത്രയും നാൾ എന്നെ മോനെ എന്ന് വിളിച്ചത് എന്നോർക്കുമ്പോൾ സ്വയം വെറുപ്പ് തോന്നുന്നു.. ഛെ..” ജോ ശക്തമായി തല ഒന്ന് കുടഞ്ഞു. “മോനെ ഞങൾ..”

“വേണ്ടാ വലിയപപ്പ.. ഞങൾ ഇന്ന് ഇവിടെ നിന്ന് ഇറങ്ങുകയാണ്..നിങ്ങളുടെ ഒരു വേലക്കരനായി ഇനിയും ഇവിടെ തുടരാൻ എനിക്ക് താല്പര്യം ഇല്ല.. പക്ഷേ പേടിക്കണ്ട കേട്ടോ.. ഓഫീസിൽ ഞാൻ ഉണ്ടാവും എനിക്ക് ഒരു പകരക്കാരനെ നിങ്ങള് കൊണ്ട് വരും വരെ..” അവസാനം അല്പം കടുപ്പിച്ചാണ് അവനത് പറഞ്ഞത്. “നീ പറഞ്ഞത് എല്ലാം സത്യമാണ്.. എനിക്ക് രണ്ടു പെൺകുഞ്ഞുങ്ങൾ ജനിച്ചു എന്ന പേരിൽ അപ്പച്ചൻ എന്നെ മാറ്റി നിർത്തി ബിസിനസ് എല്ലാം ജോണിനെ ഏൽപ്പിക്കുമ്പോൾ എനിക്കുണ്ടായ സങ്കടം ആരും അറിഞ്ഞില്ല.. ഒരു ആൺകുഞ്ഞിനെ കൊടുക്കാത്തതിന് എൻ്റെ ഭാര്യയെ പോലും അപ്പച്ചൻ വെറുത്തു.. പക്ഷേ നീ കാരണം ജോണിനെ അപ്പച്ചൻ ചേർത്ത് നിർത്തി..

അവൻ മരിച്ചു കഴിഞ്ഞപ്പോൾ അവൻ്റെ സ്ഥാനത്തേക്ക് നിന്നെ കയറ്റി.. ജെ ആൻഡ് ജെ എന്ന കമ്പനിയുടെ തലപ്പത്തേക്ക്.. അന്ന് ഒരുപാട് സമ്മർദ്ദം ചെലുത്തിയാണ് ഈ സ്വതെല്ലാം നിൻ്റെ പേരിൽ ആക്കുന്നതിൽ നിന്നും അപ്പച്ചനെ പിന്തിരിപ്പിച്ചത്.. ഈ കാണുന്ന സ്വത്തിൻ്റെ ഒക്കെ വെറും 25 ശതമാനം മാത്രം ആണ് നിനക്കും നിൻ്റെ അനിയത്തിക്കും വേണ്ടി ഉള്ളത്..അതും കിട്ടുന്നത് എൻ്റെ മരണ ശേഷം മാത്രം.. അതിനിടയിൽ നീ ഇവിടെ നിന്ന് ഇറങ്ങി എവിടേക്ക് പോകും..? അതും ഒരു പെങ്കൊച്ചുമായി..?” പരിഹാസ ചുവയോടെ ജോസ് ചോദിച്ചതും ജോ ഒന്ന് ചിരിച്ചു. “ഞാൻ ഇത്രയും കാലം എം ഡി കസേരയിൽ ഇരുന്നത് സാലറി ഇല്ലാതെയല്ല വലിയ പപ്പ.. എൻ്റെ ഇത്രയും നാളത്തെ ശമ്പളം മുഴുവൻ എൻ്റെ അക്കൗണ്ടിൽ കിടപ്പുണ്ട്..

അത് പോലെ ഇതൊക്കെ മുൻകൂട്ടി കണ്ടത് പോലെ അപ്പച്ചൻ എൻ്റെയും ജാനിയുടെയും പേരിലേക്ക് ടൗണിൽ ഒരു ഫ്ലാറ്റ് വാങ്ങി നൽകിയിരുന്നു.. ആരോടും പറയണ്ട എന്ന് പറഞ്ഞതിൻ്റെ കാരണം ഇപ്പോഴാണ് മനസ്സിലായത്.. പിന്നെ എൻ്റെ പപ്പയുടെ മരണ ശേഷം നഷ്ടത്തിൽ ആയിരുന്ന ഈ കമ്പനി ഏറ്റെടുത്തു ഇത്രയും വലിയ ലാഭത്തിൽ ആക്കിയ എനിക്കാണോ ഒരു ജോലി കിട്ടാൻ പ്രയാസം..?” ഇത്തവണ ജോയുടെ ചോദ്യത്തിലും പരിഹാസം നിറഞ്ഞിരുന്നു. അതും പറഞ്ഞു ജോ റൂമിലേക്ക് പോയി. തിരികെ വരുമ്പോൾ അവൻ്റെ കയ്യിൽ രണ്ടു ബാഗ് ഉണ്ടായിരുന്നു. “പിന്നെ ഇവിടെ നിന്നും ഒന്നും എടുക്കുന്നില്ല ഞങൾ.. കുറച്ചു സർട്ടിഫിക്കറ്റ് പിന്നെ ഡ്രെസ്സും.. വേണേൽ നോക്കാം..”

അവൻ ബാഗ് ജോസിന് നേരെ നീട്ടിയപ്പോൾ അയാള് തല തിരിച്ചു അകത്തേക്ക് പോയി. ഗ്രേസി എന്ത് ചെയ്യണമെന്ന് അറിയാതെ നിന്നപ്പോൾ ജാനിയുടെ കൈ പിടിച്ചു ജോ ആ വീട്ടിൽ നിന്നും ഇറങ്ങി. തൊട്ടു പുറകെ അക്‌സായും അബിയും സാമുവലും ആലീസും ഗ്രേസിയോട് യാത്ര പറഞ്ഞു ഇറങ്ങി. അവർ മുറ്റത്തേക്ക് ഇറങ്ങിയതും ഒരു പോലീസ് ജീപ്പ് വന്നു നിന്നു. ജോ മുന്നെ അറിയിച്ചിരുന്നതിനാൽ അവിടെ നടന്ന സംഭവങ്ങൾ എല്ലാം അക്സാ ആരും അറിയാതെ റെക്കോർഡ് ചെയ്തിരുന്നത് തെളിവായി സ്വീകരിച്ചു ജീനയെയും റോബിനെയും ക്രിസ്റ്റിയെയും പോലീസ് അറസ്റ് ചെയ്തു. പോലീസ് ജീപ്പിനു പുറകെ ജോയുടെയും അബിയുടെയും കാറുകൾ പോകുമ്പോൾ രണ്ടു അമ്മമാരുടെ നെഞ്ചകം പൊട്ടിയുള്ള കരച്ചിൽ മാത്രം അവിടെ ഉയർന്നു കേട്ടു…….തുടരും….

ഹൃദയതാളം: ഭാഗം 23

Share this story