❤️കലിപ്പന്റെ വായാടി❤️ : ഭാഗം 33

❤️കലിപ്പന്റെ വായാടി❤️ : ഭാഗം 33

എഴുത്തുകാരി: ശിവ നന്ദ

കാര്യങ്ങളെല്ലാം കൈവിട്ട് പോകുന്നത് പോലെ തോന്നുന്നു.നന്ദുവേട്ടൻ എന്തായാലും ഇതിനു സമ്മതിക്കില്ല.പക്ഷെ ആ തീരുമാനം ഈ കുടുംബത്തിലുള്ളവർക്ക് സ്വീകാര്യവും അല്ല.എന്തായി തീരുമെന്ന് ഒരു പിടിയും കിട്ടുന്നില്ല.സൗഭാഗ്യയുടെ മറുപടി കേട്ടതോടെ ഈ സൗഹൃദത്തിൽ വിള്ളൽ വീഴുമെന്ന് ഉറപ്പായി.എന്തായാലും പുറത്തെ ചർച്ച എന്തായി എന്ന് നോക്കാനായി ചെന്നപ്പോൾ അമ്മയും നന്ദുവേട്ടനും ശിവേട്ടനും ഗിരിയേട്ടനും കൂടി ഒരു റൂമിൽ ഇരിക്കുന്നത് കണ്ടു.വിവാഹക്കാര്യം അല്ലേ..സംസാരിച്ച് തീരുമാനിക്കാൻ വർമ്മ സർ പറഞ്ഞ് കാണും. “അമ്മ എന്തൊക്കെ പറഞ്ഞാലും എനിക്ക് ഇത് അംഗീകരിക്കാൻ പറ്റില്ല” ചെന്നപ്പോൾ തന്നെ കേൾക്കുന്നത് നന്ദുവേട്ടന്റെ ഉറച്ച ശബ്ദമാണ്.

“ഞാൻ പറയുന്നത് നീ ഒന്ന് കേൾക്ക് അനന്ദു.നീ സ്നേഹിച്ച പെൺകുട്ടി ഇപ്പോൾ എവിടെയാണെന്ന് പോലും ആർക്കും അറിയില്ല.ശിവ പറയുന്നത് പോലെ അവളും കൂടി ചേർന്നാണോ നിന്നെ അന്ന് കൊല്ലാൻ ശ്രമിച്ചതെന്നും നമുക്ക് അറിയില്ല.” “അവൾ അങ്ങനെ ചെയ്യില്ല അമ്മ..മറ്റാരേക്കാളും നന്നായി അവളെ എനിക്ക് അറിയാം” “എങ്കിൽ പിന്നേ അവൾ എവിടെടാ?? എന്തിനാ അവൾ മറഞ്ഞിരിക്കുന്നത്?” ശിവേട്ടൻ അമ്മയ്ക്ക് ഫുൾ സപ്പോർട്ട് കൊടുക്കുന്നുണ്ട്.അത് ശിഖ ചേച്ചിയോടുള്ള വെറുപ്പാണ്.ഞാൻ ഒന്ന് നോക്കിയപ്പോൾ ശിവേട്ടൻ പെട്ടെന്ന് മുഖം മാറ്റി.

“എത്രനാൾ നീ ശിഖയെ കാത്തിരിക്കും? ശിവയും സച്ചിയും ഒരുപാട് അന്വേഷിച്ചതല്ലേ..നീയും അവളെ തിരക്കി കുറേ നടന്നിട്ടില്ലേ? ഇനിയും അവൾക് വേണ്ടി നീ നിന്റെ ജീവിതം കളയരുതെന്നേ ഞാൻ പറയു.ഒന്നുമല്ലെങ്കിലും സൗഭാഗ്യ അല്ലേ പെണ്ണ്.നിനക്ക് ചേരുന്നത് അവളാണ്.” ഗിരിയേട്ടന്റെ വാക്കുകളിൽ നിന്നും ഒരുകാര്യം എനിക്ക് മനസിലായി.സൗഭാഗ്യയും ഏട്ടനും ഒന്നിക്കണമെന്ന് ആഗ്രഹിച്ച ഒരേ ഒരാൾ ഞാനാണ്.അവർക്കിടയിൽ നല്ല സൗഹൃദം മാത്രമേ ഉള്ളു.പക്ഷെ ഇവിടുത്തെ പ്രശ്നം അതല്ലലോ..നന്ദുവേട്ടന്റെ പ്രണയം..കാത്തിരിപ്പ്..അതിലൊരു തീരുമാനം ആകാതെ എങ്ങനെയാ ഏട്ടൻ മറ്റൊരു വിവാഹത്തിന് സമ്മതിക്കുന്നത്.

“നമുക്ക് ഈ കുടുംബത്തിനോട് ഒരു കടപ്പാടുണ്ട്.നിന്നെ ഈ നിലയിലാക്കിയ ആ വലിയ മനുഷ്യന്റെ വാക്ക് ധിക്കരിക്കാൻ പറ്റുമോ മോനേ നിനക്ക്??” “കടപ്പാടിന്റെ കാര്യം ഇവിടെ പറയേണ്ട ആവശ്യമില്ല അമ്മ.അവർ നന്ദുവേട്ടനെ സംരക്ഷിച്ചതും പഠിപ്പിച്ചതും ഒക്കെ ഏട്ടൻ വർമ്മ സാറിന്റെ ജീവൻ രക്ഷിച്ചത് കൊണ്ടാണ്.അതിന്റെ പേരിൽ ഏട്ടന്റെ ഇഷ്ടങ്ങൾ അവരുടെ മുന്നിൽ അടിയറവ് വെക്കേണ്ട ആവശ്യമുണ്ടോ??” “ഗൗരി..നീ ചുമ്മാ ഇവന്റെ സൈഡ് നിൽക്കല്ലേ.ഇവന്റെ നല്ല ഭാവിയാണ് എനിക്കും അമ്മയ്ക്കും പ്രധാനം” ശിവേട്ടൻ പെട്ടെന്ന് അങ്ങനെ പറഞ്ഞപ്പോൾ തെല്ലൊരു നൊമ്പരം എനിക്കുണ്ടായി..എന്നെ അകറ്റി നിർത്തുന്നത് പോലെ.അത് മനസിലായിട്ടെന്നോണം ശിവേട്ടൻ എന്റെ മുഖത്ത് നിന്നും നോട്ടം മാറ്റി.

“നിങ്ങൾ എന്താണെന്ന് വെച്ചാൽ തീരുമാനിക്ക്.ഞാൻ എന്ത് പറയാനാ..പ്രസവിക്കാനും വളർത്താനും അല്ലേ അമ്മമാർക്ക് അവകാശമുള്ളു.അവരുടെ ഇഷ്ടങ്ങളിൽ അഭിപ്രായം പറയാൻ പറ്റില്ലാലോ” വിതുമ്പികൊണ്ട് അമ്മ ആ മുറി വിട്ട് പോയി.ഒരു സാധാ സ്ത്രീയുടെ മനസ്സാണ് നന്ദുവേട്ടന്റെ അമ്മയ്ക്കും.മകൻ നല്ല രീതിയിൽ ജീവിക്കുന്നത് കാണണം എന്ന ഒറ്റ ചിന്ത മാത്രമേ ആ മനസ്സിലുള്ളു. “നിങ്ങൾ തമ്മിൽ സംസാരിച്ച് ഒരു തീരുമാനത്തിൽ എത്ത്.എന്തായാലും എനിക്ക് പറയാൻ ഉള്ളത് ഞാൻ പറഞ്ഞു.” അതും പറഞ്ഞ് ഗിരിയേട്ടനും പോയി.നന്ദുവേട്ടൻ ഒന്നും മിണ്ടാതെ കട്ടിലിൽ ഇരിക്കുവാണ്.

“നന്ദു…എടാ..നീ എന്തിനാ ഇങ്ങനെ വാശി കാണിക്കുന്നത്??” “ഇത് വാശിയാണോ ശിവേട്ട?? നിങ്ങൾ ആരും എന്താ നന്ദുവേട്ടന്റെ മനസ്സ് അറിയാൻ ശ്രമിക്കാത്തത്” “നിന്നെക്കാൾ നന്നായി എനിക്ക് അറിയാം ഇവനെ.അതുകൊണ്ടാ പറയുന്നത്.ആരെയും കണ്ണുമടച്ച് വിശ്വസിക്കും ഇവൻ.അതുകൊണ്ട് തന്നെയാ ആ ശിഖയുടെ ചതിയിൽ ഇവൻ പെട്ട് പോയത്.” “ശിഖ ചേച്ചി എന്നുമുതലാ ശിവേട്ടന്റെ ശത്രു ആയത്? ഏട്ടന്റെ അച്ഛന്റെ മകൾ ആണെന്ന് അറിഞ്ഞപ്പോൾ തോട്ടല്ലേ ഈ വെറുപ്പ് തുടങ്ങിയത്.ശിഖ ചേച്ചി ഈ നാട്ടിലേക്ക് വന്നത് ശിവേട്ടനെ കാണാനാ.അതിന് ശേഷമാണ് നന്ദുവേട്ടനെ സ്നേഹിച്ചത്.ആ പ്രണയത്തിന് കൂട്ട് നിന്നപ്പോൾ ശിവേട്ടന് തോന്നിയില്ലേ കൂട്ടുകാരൻ ചതിയിൽ പെട്ടതാണെന്ന്???” “മതി നിർത്ത്..നീ ഈ പ്രൊപോസൽ എതിർക്കുന്നത് എന്തുകൊണ്ടാണെന്ന് എനിക്ക് അറിയാം.

നിനക്ക് നിന്റെ ഏട്ടൻ സൗഭാഗ്യയെ കെട്ടണം.പക്ഷെ നിന്റെ സ്വാർത്ഥതക്ക് വിട്ട് തരാനുള്ളതല്ല നന്ദുന്റെ ജീവിതം.” “ജിത്തു…മതിയാക്ക്..എന്തൊക്കെയാ നീ ഈ വിളിച്ച് പറയുന്നത്” “തടയേണ്ട നന്ദുവേട്ട..ശിവേട്ടൻ പറയട്ടെ…എനിക്ക് സ്വാർത്ഥത ആണല്ലേ..ശരിയാ..ഞാൻ ആഗ്രഹിച്ചിരുന്നു..സൗഭാഗ്യ എന്റെ കുടുംബത്തിൽ മരുമകൾ ആയി വരണമെന്ന്.പക്ഷെ അവര്ക് രണ്ടുപേർക്കും അങ്ങനെ ഒരാഗ്രഹം ഇല്ലെന്ന് എനിക്ക് ഉറപ്പായി.എന്നിട്ടും ഞാനിത് എതിർക്കുന്നത് നന്ദുവേട്ടന്റെ പ്രണയത്തിൽ എനിക്കുള്ള വിശ്വാസം കൊണ്ടാണ്.” “ഗൗരി ഞാൻ…” ശിവേട്ടനെ പറയാൻ അനുവദിക്കാതെ ഞാൻ കൈയുയർത്തി തടഞ്ഞു.

“ഇവിടെ ഇപ്പോൾ സ്വാർത്ഥത കാണിക്കുന്നത് ശിവേട്ടനാണ്.ശിഖ ചേച്ചിയോടുള്ള ദേഷ്യമാണ് നന്ദുവേട്ടനെ ഇങ്ങനെ നിർബന്ധിക്കാൻ കാരണം.തീരുമാനം എടുക്കേണ്ടത് നന്ദുവേട്ടൻ ആണ്.ആ സ്വാതന്ത്ര്യം എങ്കിലും ഏട്ടന് കൊടുക്കണം” കൂടുതൽ ഒന്നും പറയാൻ അനുവദിക്കാതെ ഞാൻ ആ മുറിയിൽ നിന്ന് പുറത്തിറങ്ങി. “ഡാ എന്ത് പണിയ നീ കാണിച്ചത്.അവൾക് നല്ല വിഷമം ആയിട്ടുണ്ട്” “അത് സാരമില്ല.കുറച്ച് കഴിയുമ്പോൾ മാറിക്കോളും.അവൾക് അറിയാവുന്നതല്ലേ എന്റെ സ്വഭാവം.അത് മനസിലാക്കി തിരികെ വന്നോളും” പുറത്തിറങ്ങിയെങ്കിലും അവരുടെ സംസാരം ഞാൻ കേട്ടു.എന്തോ ശിവേട്ടന്റെ വാക്കുകൾ എന്റെ മനസിന്റെ ആഴങ്ങളിൽ കുത്തിനോവിക്കാൻ തുടങ്ങി.കണ്ണുകൾ നിറഞ്ഞു വന്നു. ——–

സൗഭാഗ്യയോട് എല്ലാം പറയാൻ നന്ദുവേട്ടൻ ശ്രമിച്ചെങ്കിലും ഒന്നും കേൾക്കാൻ അവൾ തയാറായില്ല.ഒടുവിൽ വർമ്മ സാറിനെ എതിർക്കാൻ പറ്റാത്തത് കൊണ്ട് തത്കാലത്തേക്ക് നന്ദുവേട്ടന് എല്ലാത്തിനും സമ്മതിക്കേണ്ടി വന്നു.ഇത് എവിടെ ചെന്ന് അവസാനിക്കുമെന്ന് ഒരു ഊഹവും ഇല്ല.നന്ദുവേട്ടന്റെ മുഖം കണ്ടിട്ട് ആണെങ്കിൽ സഹിക്കാനും വയ്യ. “ഇന്ന് വൈകുന്നേരം നല്ലൊരു സമയമുണ്ട്.അപ്പോൾ നമുക്ക് ഇതങ്ങ് ഉറപ്പിക്കാം” “അല്ല സർ..എനിക്ക് കുറച്ച് ബന്ധുക്കൾ ഉണ്ട്.പിന്നേ ശിവയുടെ അച്ഛമ്മയും ചേച്ചിയും ഒക്കെ..അവരൊന്നും ഇല്ലാതെ…” “ഇത് വലിയ ചടങ്ങ് ഒന്നുമല്ല.നമ്മൾ വാക്കാൽ ഒന്ന് ഉറപ്പിക്കുന്നു.നല്ലയൊരു മുഹൂർത്തം നോക്കി വിവാഹനിശ്ചയം ആയിട്ട് തന്നെ നമുക്ക് പിന്നീട് നടത്താം.”

എല്ലാത്തിനും നിർവികാരതയോടെ നന്ദുവേട്ടൻ നിന്നു.കാര്യത്തോട് അടുത്തപ്പോൾ ശിവേട്ടനും നല്ല ടെന്ഷൻ ഉള്ളത് പോലെ.ബാക്കി എല്ലാവരുടെയും മുഖത്ത് സന്തോഷം മാത്രം.അനിയത്തിമാർ എല്ലാം കൂടി സൗഭാഗ്യയെ കളിയാക്കുന്ന തിരക്കിലാണ്..ഇടയ്ക്ക് ഗിരിയേട്ടനും അതിൽ പങ്കുചേരുന്നുണ്ട്.ഉച്ചക്ക് ആഹാരം കഴിക്കുമ്പോഴും ഞങ്ങൾ മൗനമായിരുന്നു.അതെല്ലാവരും ശ്രദ്ധിക്കുന്നുണ്ടെന്ന് മനസിലായപ്പോൾ ഞാൻ ഓരോന്ന് പറഞ്ഞ് ചിരിപ്പിക്കാൻ തുടങ്ങി.അപ്പോഴും ശിവേട്ടനിൽ നിന്നും അകന്ന് നിൽക്കാൻ ഞാൻ ശ്രമിച്ചു.ശിവേട്ടന്റെ വാക്കുകൾ എന്നെ അത്രത്തോളം വേദനിപ്പിച്ചിരുന്നു.. വൈകുന്നേരം ആയപ്പോൾ എല്ലാവരും പൂജാമുറിക്ക് മുന്നിലെത്തി.

അമ്മമാർ അതിനുള്ളിൽ നല്ല രീതിയിൽ അലങ്കരിച്ച് വിളക്ക് വെച്ചിട്ടുണ്ട്.നന്ദുവേട്ടനെ കൊണ്ട് ഒരുവിധമാണ് അമ്മ മുണ്ട് ഉടുപ്പിച്ചത്.കുറച്ച് കഴിഞ്ഞപ്പോൾ സൗഭാഗ്യ വന്നു.തത്തപച്ച സാരിയിലും പാലക്കാ മാലയിലും അവൾ കൂടുതൽ സുന്ദരിയായത് പോലെ. “അനന്തുവിന്റെ മുഖതെന്തേ ഒരു വിഷമം?” വർമ്മ സാറിന്റെ ചോദ്യം കേട്ട് എല്ലാവരുടെയും ശ്രദ്ധ നന്ദുവേട്ടനിലായി.പാവം മറ്റുള്ളവരുടെ സന്തോഷത്തിന് വേണ്ടി സ്വയം ഉരുകി നിൽകുവാണ്. “അത് പിന്നെ..സച്ചിയും അച്ഛമ്മയും ഒന്നുമില്ലാത്തത് കൊണ്ട്…” “അതിനെന്താടോ…എല്ലാത്തിലും ഉപരി തന്റെ പ്രാണനും പ്രാണന്റെ പ്രാണനും ഇവിടെ തന്നെയുണ്ടല്ലോ..”

എന്നെയും ശിവേട്ടനെയും നോക്കി അദ്ദേഹം അത് പറയുമ്പോഴും മനസ്സ് കൊണ്ട് ഞങ്ങൾ ഇപ്പോൾ ഒരുപാട് അകലത്തിലാണ്… “ലക്ഷ്മി..അതിങ്ങട് കൊണ്ട് വാ” വർമ്മ സർ പറഞ്ഞത് പ്രകാരം സൗഭാഗ്യയുടെ അമ്മ ഒരു ചെറിയ പെട്ടി അദ്ദേഹത്തെ ഏല്പിച്ചു. “ഇത് പാരമ്പര്യമായി കൈമാറി വരുന്ന വജ്രമോതിരം ആണ്.തലമുറയിലെ ആദ്യത്തെ ആൾക്ക് അവകാശപ്പെട്ടത്.അതായത് ഈ തലമുറയിൽ ഇതിന്റെ അവകാശി ഭാഗ്യ ആണ്.അനന്ദു…ഇത് ഭാഗ്യമോളുടെ വിരലിൽ അണിയിക്കു.” ആ മോതിരം വാങ്ങുമ്പോൾ നന്ദുവേട്ടന്റെ കൈ നന്നായി വിറക്കുന്നുണ്ടായിരുന്നു.എത്രയൊക്കെ ആയാലും ഒരു പെൺകുട്ടിയുടെ ജീവിതം വെച്ചാണ് പരീക്ഷിക്കുന്നത്.

ആ കുറ്റബോധം ഏട്ടന്റെ മനസ്സിൽ ഉണ്ട്.പൂജാമുറിയിലെ വിഗ്രഹങ്ങളെ നോക്കി ഒരുനിമിഷം ഏട്ടൻ നിന്നു.എന്നിട്ട് സൗഭാഗ്യയുടെ മുഖത്തേക്ക് നോക്കി.അവൾ നാണിച്ച് മുഖം താഴ്ത്തി നിൽകുവാണ്. പെട്ടെന്നാണ് അത് സംഭവിച്ചത്..മോതിരം ഇടാനായി ഏട്ടൻ വിരലിൽ പിടിച്ചതും സൗഭാഗ്യ ബോധം കെട്ടു.നിലത്തേക്ക് വീഴാതെ നന്ദുവേട്ടൻ അവളെ ചേർത്ത് പിടിച്ചു.എല്ലാവരും പേടിച്ച് നില്കുവായിരുന്നു.ഏട്ടൻ കൈകളിൽ കോരിയെടുത്ത് അവളെ റൂമിലേക്ക് കൊണ്ട് പോയി.മുഖത്ത് വെള്ളം തളിച്ചപ്പോൾ അവൾ പതിയെ കണ്ണുകൾ തുറന്നു. “എന്താ ന്റെ കുട്ടിക്ക് പറ്റിയത്??” അവളുടെ അമ്മ നെറുകയിൽ തലോടിക്കൊണ്ട് ചോദിച്ചപ്പോൾ ക്ഷീണം നിറഞ്ഞൊരു ചിരി അവൾ സമ്മാനിച്ചു.

“ഒന്നുമില്ല അമ്മ..എന്തോ പെട്ടെന്ന് തലചുറ്റുന്നത് പോലെ തോന്നി.പിന്നേ ശരീരം തളർന്നു പോകുന്നത് പോലെയും” “മ്മ്മ്…അശുഭം ആണ്” വർമ്മ സാറിന്റെ വാക്കുകൾ കേട്ടപ്പോൾ ആ അവസരത്തിലും നന്ദുവേട്ടന്റെ മുഖത്ത് ഒരു ആശ്വാസം ഞാൻ കണ്ടു.എന്റെ ചുണ്ടിലും ഒരു ചിരി തെളിഞ്ഞു. “മോള് ഒന്ന് റസ്റ്റ്‌ എടുക്കട്ടെ.ഇനി ജ്യോത്സ്യനെ ഒന്ന് കണ്ടിട്ട് ആ ചടങ്ങ് നടത്താം.എന്തെങ്കിലും ദോഷമുണ്ടെങ്കിലോ..ചിലപ്പോൾ അതിന്റെ സൂചന ദേവി കാണിച്ചതായിരിക്കും.” അദ്ദേഹത്തിന്റെ വാക്കുകൾ ശരിവെച്ചുകൊണ്ട് ഞാനും ഏട്ടന്മാരും അനിയത്തിമാരും ഒഴികെ എല്ലാവരും റൂമിൽ നിന്നും ഇറങ്ങി.ഞാൻ സൗഭാഗ്യയുടെ അടുത്ത് തന്നെയിരുന്നു.കുറച്ച് കഴിഞ്ഞപ്പോൾ അമൃതയോട് പിള്ളേരെയും കൂട്ടി പൊയ്ക്കൊള്ളാൻ സൗഭാഗ്യ പറഞ്ഞു.

അവരുടെ പിറകെ നന്ദുവേട്ടൻ പോകാൻ തുനിഞ്ഞതും സൗഭാഗ്യ ഏട്ടന്റെ കൈയിൽ പിടിച്ചു.എന്നിട്ട് വാതിൽക്കലേക്ക് നോക്കി..എല്ലാവരും പോയെന്ന് ഉറപ്പായതും അവൾ എഴുന്നേറ്റിരുന്നു. “ഡീ പെണ്ണേ അടങ്ങി കിടക്കവിടെ” ഞാൻ ശാസനയോടെ പറഞ്ഞപ്പോൾ അവൾ ഞങ്ങൾ നാലുപേരെയും മാറി മാറി നോക്കി.എന്നിട്ട് ഒരു ചിരി.വെറും ചിരിയല്ല..പൊട്ടിച്ചിരി.ഞങ്ങൾ ഞെട്ടി പണ്ടാരമടിച്ച് നിൽകുവാ..ബോധം കേട്ടപ്പോഴേക്കും ഇവളുടെ ഉള്ള ബോധം കൂടി പോയോ….. “എന്താ എല്ലാവരും ഇങ്ങനെ നോക്കി നിൽക്കുന്ന?” “എന്താ ഭാഗ്യ ഇതൊക്കെ??” “എങ്ങനെയുണ്ടായിരുന്നു എന്റെ അഭിനയം? ” “അഭിനയമോ??” “അനന്ദേട്ടന് അഭിനയത്തിന്റെ ആദ്യപാഠം പോലും അറിയില്ലാട്ടോ.

അതല്ലേ മുഖത്തെ വിഷമത്തെ കുറിച്ച് മുത്തശ്ശൻ ചോദിച്ചത്.പക്ഷെ എന്റെ അഭിനയം ആർക്കും മനസിലായില്ല.ഇതാണ് ഒറിജിനാലിറ്റി..” “എടി മതി..ഞങ്ങള്ക്ക് മനസിലാകുന്ന രീതിയിൽ പറ” “ഓക്കേ ഓക്കേ..പറയാം.അതിന് മുൻപ് എനിക്ക് ഒരു കാര്യം അറിയണം” “എന്ത്‌?” “പൂർണമനസ്സോടെ ആണോ അനന്ദേട്ടൻ ഞാനും ആയുള്ള വിവാഹത്തിന് സമ്മതിച്ചത്??” “അത് ഭാഗ്യ…ഞാൻ..” “മുത്തശ്ശന്റെ മുഖത്ത് നോക്കി മറ്റൊരു പെൺകുട്ടി ഈ മനസിലുണ്ടെന്ന് പറയാൻ പറ്റില്ല അല്ലേ??” അവളുടെ ചോദ്യം കേട്ടതും ഞങ്ങൾ എല്ലാവരും ഒരുപോലെ ഞെട്ടി. “ഞാൻ എങ്ങനെ അറിഞ്ഞൂന്നായിരിക്കും അല്ലേ…ഏട്ടൻ ആ ഡ്രോയെർ തുറന്ന് അതിലുള്ള ബുക്ക്‌ എടുത്ത് നോക്ക്.”

സൗഭാഗ്യ പറഞ്ഞ ബുക്ക്‌ എടുത്തപ്പോൾ തന്നെ നന്ദുവേട്ടന് കാര്യം മനസിലായെന്ന് തോന്നി.അത് തുറന്ന് നോക്കാതെ തന്നെ ഏട്ടൻ അത് ബെഡിൽ വെച്ചു.ഞാൻ അത് തുറന്ന് നോക്കിയപ്പോൾ ആണ് മനസിലായത് അതിൽ മുഴുവനും ഏട്ടന്റെ ജീവിതം വരച്ച് വെച്ചിട്ടുണ്ടായിരുന്നു.ശിവേട്ടനെ ക്ലാസ്സിൽ വെച്ച് കണ്ടതും മുത്തശ്ശിയും ശ്രേയ ചേച്ചിയും ആയുള്ള നിമിഷങ്ങളും കോളേജും സച്ചിയേട്ടനും ശിഖ ചേച്ചിയുടെ റാഗിങ്ങും ചേച്ചിയുമായി അമ്പലനടയിൽ നിൽക്കുന്നതും പിന്നീട് അവരുടേത് മാത്രമായ നിമിഷങ്ങളും ഒക്കെ.ഇടയ്ക്ക് ശിവേട്ടൻ എന്നെ നോക്കി നിൽക്കുന്ന രംഗങ്ങളും ഉണ്ടായിരുന്നുട്ടോ…അടിയേറ്റ് കിടക്കുന്ന ശിവേട്ടന്റെയും നന്ദുവേട്ടന്റെയും ചിത്രത്തോടെ ആ ബുക്ക്‌ അവസാനിച്ചു.

“ഏട്ടന്റെ ജീവിതമാണ് ഈ ബുക്ക്‌ നിറയെ.ഇത് കാണുന്ന ഏതൊരാൾക്കും മനസിലാകും ആ പെൺകുട്ടിയും ഏട്ടനും തമ്മിലുണ്ടായിരുന്ന ബന്ധത്തിന്റെ ആഴം.എന്തോ ഒന്ന് നിങ്ങൾക്കിടയിൽ സംഭവിച്ചിട്ടുണ്ട്.അതെനിക്ക് അറിയില്ല.” “ഭാഗ്യ നിന്നോട് ഞാൻ എന്താ പറയേണ്ടത്…ശിഖയെ കുറിച്ച് ഒന്നും പറയാതിരുന്നത് വേറൊന്നും കൊണ്ടല്ല.അവൾ ഇപ്പോൾ എവിടെയാണെന്ന് എനിക്ക് അറിയില്ല.അതിനിടയിൽ വർമ്മ സാറിൽ നിന്നും ഇങ്ങനൊരു നീക്കം ഞാൻ പ്രതീക്ഷിച്ചില്ല.അതിന് നീയും സമ്മതമറിയിച്ചപ്പോൾ എന്റെ നെഞ്ച് നീറി.” “എനിക്ക് അറിയാമായിരുന്നു ഏട്ടൻ മുത്തശ്ശനെ എതിർക്കാതെ എന്നെ പിന്തിരിപ്പിക്കാൻ ശ്രമിക്കുമെന്ന്.അത് കൊണ്ടാണ് ഞാൻ പിടിതരാതെ നടന്നത്.

പെട്ടെന്ന് മുത്തശ്ശനെ പിന്തിരിപ്പിക്കണമെങ്കിൽ ഇതുപോലൊരു അശുഭ സംഭവം ഉണ്ടാകണം.അതിന് വേണ്ടി ജസ്റ്റ്‌ ഒന്ന് ബോധം കെട്ടു..” അതും പറഞ്ഞ് ചിരിക്കുന്ന സൗഭാഗ്യയെ നന്ദുവേട്ടൻ ചേർത്ത്പിടിച്ച് നെറ്റിയിൽ ചുംബിച്ചു. “അനന്ദേട്ടനെ എന്റെ സ്വന്തം ഏട്ടനായിട്ട ഞാൻ കണ്ടേക്കുന്നത്.ശിവേട്ടന് ശേഷം ഈ മനസ്സ് പൂർണമായും മനസിലാക്കിയ ആള് ഞാനല്ലേ.” “ശിവേട്ടന് ശേഷമല്ല സൗഭാഗ്യ..ശിവേട്ടനെക്കാൾ കൂടുതൽ നീയാണ് നന്ദുവേട്ടനെ മനസിലാക്കിയത്” ശിവേട്ടനെ നോക്കികൊണ്ട് ഞാൻ അത് പറഞ്ഞപ്പോൾ ഗിരിയേട്ടൻ ഞങ്ങൾ രണ്ടുപേരെയും മാറി മാറി നോക്കി. “നിങ്ങൾക് എന്താ പറ്റിയത്?? കുറച്ച് നേരം കൊണ്ട് ഞാൻ ശ്രദ്ധിക്കുന്നുണ്ട്” “അത് നീ കാര്യമാക്കണ്ട ഗിരി.

അവര് ഭാര്യയും ഭർത്താവും ചെറിയ സൗന്ദര്യപിണക്കത്തിൽ ആണ്.” ഗിരിയേട്ടന്റെ ശബ്ദം മാറിയത് ശ്രദ്ധിച്ചു കൊണ്ട് നന്ദുവേട്ടൻ അങ്ങനെ പറഞ്ഞെങ്കിലും ഗിരിയേട്ടന്റെ കണ്ണുകൾ എന്റെ മുഖത്ത് തന്നെയായിരുന്നു.ആ നോട്ടം നേരിടാനാകാതെ ഞാൻ മുറിക്ക് പുറത്തേക്കിറങ്ങി. ******** രാത്രിയോടെ തന്നെ ഞങ്ങൾ വീട്ടിലെത്തി.അവിടെ നന്ദുവേട്ടന്റെയും സൗഭാഗ്യയുടെയും വിവാഹം തീരുമാനിച്ച കാര്യം തത്കാലം മുത്തശ്ശിയോട് പറയേണ്ടെന്ന് ഞങ്ങൾ നേരത്തെ തീരുമാനിച്ചിരുന്നു.അത് കൊണ്ട് അത് ഒഴിച്ച് ബാക്കി ഒക്കെ വിശദമായി പറഞ്ഞ് കൊടുത്തു.

അവിടുത്തെ കാവിൽ പോയതും ഊഞ്ഞാൽ ആടിയതും ഗിരിയേട്ടനും സൗഭാഗ്യയും തമ്മിൽ ഉണ്ടായ അടിയും അവൾ ഏട്ടനെ കുളത്തിൽ തള്ളിയിട്ടതും ഒക്കെ….എല്ലാം കഴിഞ്ഞ് മുത്തശ്ശി ഉറങ്ങാൻ കിടന്നപ്പോൾ ആണ് ഞാൻ മുറിയിലേക്ക് വന്നത്.ശിവേട്ടൻ ബാൽക്കണിയിൽ നില്പുണ്ടായിരുന്നു.എന്റെ മനസിലേക്ക് ഏട്ടന്റെ ആ വാക്കുകൾ ഇരച്ച് വരാൻ തുടങ്ങി..എനിക്ക് സ്വാർത്ഥത ആണത്രേ..അത് കൊണ്ട് തന്നെ ഏട്ടന്റെ അടുത്തേക്ക് പോകാതെ ഞാൻ നേരെ കട്ടിലിൽ കയറി കിടന്നു.കുറച് കഴിഞ്ഞപ്പോൾ ഏട്ടൻ വന്നെന്നെ തട്ടിവിളിച്ചു.ഞാൻ കണ്ണ് തുറക്കാതെ കിടന്നു. “കള്ളയുറക്കം ആണെന്ന് അറിയാം..ഇങ്ങോട്ട് എഴുനേറ്റ് വന്നേ.എനിക്ക് സംസാരിക്കണം” എന്നിട്ടും ഞാൻ കണ്ണ് തുറന്നില്ല.

“ഗൗരിയേ…ദേ എഴുന്നേറ്റില്ലെങ്കിൽ ഞാൻ ഇക്കിളി ഇടും” “എന്റെ ദേഹത്ത് തൊടരുത്” “തൊട്ടാൽ???” “ശിവേട്ട ഞാൻ കാര്യമായിട്ട് പറഞ്ഞതാ.ഏട്ടൻ പറഞ്ഞതൊക്കെ എന്റെ മനസിലുണ്ട്.കാര്യത്തോട് അടുത്തപ്പോൾ എനിക്ക് രണ്ടാംസ്ഥാനം ആണെന്നും മനസിലായി.അല്ലെങ്കിൽ നന്ദുവേട്ടന്റെ കാര്യത്തിൽ അഭിപ്രായം പറയാൻ ഞാൻ ആരുമല്ലെന്ന രീതിയിൽ സംസാരിക്കില്ലല്ലോ.” “എന്റെ ഗൗരി അന്നേരത്തെ ആ മൂഡിൽ ഞാൻ പറഞ്ഞ് പോയതാ.നീ അത് ആ സെൻസിൽ എടുക്കുമെന്ന് കരുതി.നാഴികക്ക് നാല്പത് വെട്ടം നീ തന്നെ പറയാറുണ്ടല്ലോ കലിപ്പന്റെ വായാടി ആണെന്ന്..ആ ഞാൻ ഒന്ന് കലിപ്പ് ആയപ്പോഴേക്കും എന്റെ പെണ്ണ് ഇങ്ങനെ മിണ്ടാതിരിക്കുന്നത് ശരിയാണോ????

അപ്പോൾ നീയെന്നെ അത്രയ്ക്കേ മനസിലാക്കിയിട്ടുള്ളു അല്ലേ” “ശരിയാ ഞാൻ ഏട്ടനെ മനസിലാക്കിയിട്ടില്ല.ഞാൻ ഒന്ന് ചോദിച്ചോട്ടെ…ഏട്ടൻ എന്നെ മനസ്സിലാക്കിയിട്ടുണ്ടോ?? ഞാൻ സ്വാർത്ഥ ആണെന്ന് പറഞ്ഞ ശിവേട്ടൻ ഒരിക്കലെങ്കിലും ഓർത്തിട്ടുണ്ടോ വിവാഹം കഴിഞ്ഞ ആദ്യ നാളുകളിൽ ഞാൻ അനുഭവിച്ച സങ്കടം.” “അതൊക്കെ ഇപ്പോൾ പറയേണ്ട ആവശ്യം എന്താടി..നീ കാര്യങ്ങൾ പറഞ്ഞ് പറഞ്ഞ് വഷളാക്കുമല്ലോ” “ഞാൻ ഒന്നിനും വരുന്നില്ല..എനിക്ക് ഉറങ്ങണം” അതും പറഞ്ഞ് ഞാൻ കണ്ണടച്ച് കിടന്നു.കുറച്ച് നേരം നിന്നിട്ട് ശിവേട്ടനും വന്ന് കിടന്നു. “അതേ ഉറക്കത്തിൽ എന്നെ കെട്ടിപ്പിടിക്കാൻ ഒന്നും വന്നേക്കരുത്” “ഓ..നമ്മൾ വരുന്നില്ല…മാഡം ഉറങ്ങിക്കോ..” എന്നോട് കളിച്ചാൽ ഇങ്ങനെയിരിക്കും.പൊട്ടിവന്ന ചിരി അടക്കിപിടിച്ചു ഞാൻ കിടന്നു.. *******

രാവിലെ കണ്ണുതുറക്കുമ്പോൾ ഞാൻ ശിവേട്ടന്റെ നെഞ്ചിൽ തല ചേർത്ത് വെച്ച് കിടക്കുവായിരുന്നു.ഒരു കൈ കൊണ്ട് ശിവേട്ടൻ എന്നെ ചേർത്ത് പിടിച്ചിട്ടുണ്ട്.ശ്ശെടാ..ഇതെങ്ങനെ ശരിയാകും.കെട്ടിപിടിക്കരുതെന്ന് കലിപ്പ് ആയിട്ട് പറഞ്ഞ ഞാൻ തന്നെ ദേ പോയി കെട്ടിപിടിച്ചേക്കുന്നു..അയ്യേ നാണക്കേട്. “ഗുഡ് മോർണിംഗ്” ശിവേട്ടൻ ഉണർന്നെന്ന് മനസ്സിലായതും ഒരുലോഡ് പുച്ഛം മുഖത്ത് വാരി നിറച്ച് ഞാൻ ഇറങ്ങി.എന്നെ വിഷമിപ്പിച്ചതിന് ശിവേട്ടനോട് പിണങ്ങി ഇരുന്നേ പറ്റു.പക്ഷെ ഇവിടെ നിന്നാൽ ഇതുപോലെ ഞാൻ തന്നെ അങ്ങോട്ട് ചെല്ലും.അത് കൊണ്ട് രണ്ട് ദിവസം വീട്ടിൽ പോയി നിൽക്കാമെന്ന് വിചാരിച്ചു.

കോളേജിൽ പോകാൻ റെഡി ആയികൊണ്ടിരിക്കുമ്പോൾ ആണ് ശിവേട്ടൻ ബാത്‌റൂമിൽ നിന്നും ഇറങ്ങിയത്..ദൈവമേ….കണ്ട്രോൾ തരണേ…. “ഞാൻ ഇന്ന് വീട്ടിൽ പോകും” “എന്നോട് പിണങ്ങി പോകുവാണോ??” “എന്തിന്?? അല്ലാതെ എനിക്കെന്റെ വീട്ടിൽ പോയി രണ്ട് ദിവസം നിന്നൂടെ?” “ശ്ശെ…ഞാൻ കരുതി ഇനി തിരിച്ച് വരില്ലായിരിക്കുമെന്ന്.” സങ്കടം നിറച്ച് ശിവേട്ടൻ അങ്ങനെ പറഞ്ഞപ്പോൾ ആ നെഞ്ച് നോക്കി ഒരിടി കൊടുക്കാനാ തോന്നിയത്.പിന്നെ ഒരു നോട്ടത്തിൽ ഞാൻ എന്റെ ദേഷ്യം അറിയിച്ചു. “നോക്കി പേടിപ്പിക്കാതെടി ഉണ്ടക്കണ്ണി..ഞാൻ കൊണ്ടാക്കണോ വീട്ടിൽ?” “വേണ്ട..കോളേജിൽ നിന്ന് ഞാൻ നേരെ പൊയ്ക്കോളാം” “ഹാ പോകുന്നത് ഒക്കെ കൊള്ളാം.

രാത്രി ആകുമ്പോൾ എനിക്കെന്റെ ശിവേട്ടന്റെ നെഞ്ചിൽ കിടക്കണേന്നും പറഞ്ഞ് എന്നെ വിളിച്ചേക്കരുത്” പുരികക്കൊടി ഉയർത്തി ഞാൻ ശിവേട്ടനെ തുറിച്ച് നോക്കി. “അല്ല ഇന്നലെ രാത്രി വല്യ ഡയലോഗ് അടിച്ചിട്ട് കിടന്നവൾ പാതിരാത്രി ആയപ്പോൾ ഉരുണ്ടുരുണ്ട് എന്റെ ഇവിടെ വന്ന് കിടന്നായിരുന്നു” നെഞ്ചിൽ തടവി കള്ള ചിരിയോടെ ശിവേട്ടൻ പറഞ്ഞപ്പോൾ ഞാൻ ബാഗും എടുത്ത് പുറത്തേക്ക് ഇറങ്ങാൻ പോയി.അപ്പോഴേക്കും ഏട്ടൻ എന്റെ കൈ പിടിച്ചു ആ നെഞ്ചിലേക്ക് ചേർത്തു. “സോറി പെണ്ണേ..ഒന്നും ഓർക്കാതെയാ ഞാൻ അങ്ങനെ പറഞ്ഞത്.” കേൾക്കാൻ താല്പര്യമില്ലാത്തത് പോലെ ഞാൻ ഏട്ടന്റെ കൈ പിടിച്ചു മാറ്റാൻ ശ്രമിച്ചുകൊണ്ടിരുന്നു. “ഓ ജാഡ ആണെങ്കിൽ നീ പോടീ…”

എന്നും പറഞ്ഞ് ഏട്ടൻ എന്നെ നെഞ്ചിൽ നിന്നും അടർത്തി മാറ്റി.മുറി വിട്ട് ഇറങ്ങിയപ്പോൾ ഞാൻ കേൾക്കാൻ പാകത്തിന് ഏട്ടൻ വിളിച്ചുപറയുന്നുണ്ടായിരുന്നു: “അതേ..ഞങ്ങൾ ശിഖയെ കുറിച്ചുള്ള അന്വേഷണം വീണ്ടും തുടങ്ങാൻ പോകുവാ.ഇനി അതിൽ ഒരു തീരുമാനം എടുത്തിട്ടേ ഞാൻ നിന്റെ അടുത്ത് വരൂ..അതിന് മുൻപ് വേണമെങ്കിൽ നിനക്ക് ഇങ്ങോട്ട് വരാം” അത് കേട്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷമായിരുന്നു എനിക്ക്.ശിഖ ചേച്ചി എത്രയും പെട്ടെന്ന് ഞങ്ങൾക്ക് മുന്നിൽ എത്തുമെന്ന് ഒരു തോന്നൽ.മുത്തശ്ശിയോട് യാത്രയും പറഞ്ഞ് ഞാൻ കോളേജിലേക്ക് പോയി. മംഗലത്ത് തറവാട്ടിലെ വിശേഷങ്ങൾ നിഹിലയോട് പറയാമെന്ന് കരുതി ചെന്നപ്പോൾ അവൾ ലീവ് ആണ്.

വിളിച്ച് ചോദിച്ചപ്പോൾ അവൾക്ക് പനി ആണെന്ന് പറഞ്ഞു.ക്ലാസ്സിൽ ഇരുന്നിട്ട് ഒരു രസവും ഇല്ല.ഒന്നാമത് നിഹില ഇല്ലാത്തത് കൊണ്ട് ഒറ്റക്കാണ്.പിന്നേ ശിവേട്ടനോട് പിണങ്ങിയിരിക്കുന്നതിന്റെ വിഷമം.രണ്ടുമൂന്നു തവണ ഏട്ടനെ വിളിക്കാനായി ഫോൺ എടുത്തു.അപ്പോഴൊക്കെ വാശി ആ ഉദ്യമത്തിൽ നിന്നും എന്നെ പിന്തിരിപ്പിച്ചു.എന്തായാലും ഫസ്റ്റ് അവർ കഴിഞ്ഞതോടെ ഞാൻ കോളേജിൽ നിന്ന് ഇറങ്ങി.നേരെ നിഹിലയെ പോയി കണ്ടു.അവൾക് ചെറിയ ചൂടുണ്ട്.അല്ലാതെ കുഴപ്പം ഒന്നുമില്ല.വല്ലാത്ത ക്ഷീണം തോന്നിയപ്പോൾ എത്രയും പെട്ടെന്ന് വീട്ടിൽ എത്തണമെന്ന് തോന്നി.അപ്രതീക്ഷിതമായി എന്നെ കണ്ടപ്പോൾ അമ്മ ഒന്ന് ഞെട്ടി.പിന്നേ വിശേഷങ്ങൾ ചോദിക്കാൻ തുടങ്ങി.

ക്ഷീണം കാരണം എല്ലാം പിന്നെ പറയാമെന്നു പറഞ്ഞ് ഞാൻ കിടന്നു.ഉച്ച ആയപ്പോൾ ആണ് അമ്മ വിളിച്ചത്.ഡൈനിങ്ങ് ഹാളിൽ എത്തിയപ്പോൾ ഏട്ടനും അച്ഛനും ചോറ് കഴിക്കുവായിരുന്നു. “ഏട്ടൻ ഇന്ന് നേരത്തെ വന്നോ??” “എനിക്ക് ഇന്ന് പോകണ്ടായിരുന്നു..നീ വരുമ്പോൾ ഞാൻ കുളിക്കുവായിരുന്നു.ഞാൻ വന്ന് നോക്കിയപ്പോൾ നീ നല്ല ഉറക്കം.അതാ വിളിക്കാഞ്ഞത്..വാ..വന്നിരുന്ന് കഴിക്ക്” അമ്മ എനിക്ക് ചോറ് വിളമ്പി വെച്ചു.കൈ കഴുകി ഇരുന്നതും വല്ലാത്തൊരു മനംപിരട്ടിൽ തോന്നി.പിന്നെ ഒന്നും കഴിക്കാൻ നിന്നില്ല.കുറച്ച് കഴിഞ്ഞപ്പോൾ അമ്മ ജ്യൂസ്‌ ഉണ്ടാക്കി തന്നു.അത് അതുപോലെ ഛർദിച്ചു..ഹോസ്പിറ്റലിൽ പോകാമെന്ന് ഏട്ടൻ പറഞ്ഞെങ്കിലും വേണ്ടെന്ന് പറഞ്ഞ് ഞാൻ മുറ്റത്തേക്ക് ഇറങ്ങി.

കുറച്ച് ദിവസം ആയിട്ട് ഫുൾ ബിസി ആയിരുന്നല്ലോ.അതിന്റെ പ്രശ്നങ്ങൾ ആയിരിക്കും. കുട്ടിപ്പട്ടാളം സ്കൂളിൽ നിന്നും വന്ന് കാണും.കുറച്ച് നേരം അവരുടെ കളികൾ കണ്ടുകൊണ്ട് നിൽകുമ്പോൾ ഈ അസുഖം ഒക്കെ മാറിക്കോളും.അവന്മാർ തകർത്ത് ക്രിക്കറ്റ്‌ കളിക്കുവാണ്.കളി കണ്ടാൽ തൊന്നും വേൾഡ് കപ്പ്‌ ആണെന്ന്.അത് കണ്ടു രസിച്ചും ഇടയ്ക്ക് വഴക്കിടുമ്പോൾ ഫൈനൽ ഡിസിഷൻ പറഞ്ഞും അങ്ങനെ ഇരിക്കുമ്പോൾ ആണ് അപ്പു അടിച്ച് വിട്ട ബോൾ എനിക്ക് നേരെ വരുന്നത് കാണുന്നത്.പിടിക്കാനായി കൈ പൊക്കിയത് മാത്രമെനിക്ക് ഓർമയുണ്ട് പിന്നെ കണ്ണ് തുറക്കുമ്പോൾ ഹോസ്പിറ്റലിൽ ആണ്.അടുത്ത് തന്നെ ഗിരിയേട്ടനും ഉണ്ട്.ഞാൻ എന്റെ നെറ്റിയിൽ ഒന്ന് തൊട്ട് നോക്കി.

“നീ എന്തുവാ നോക്കുന്ന?” “അല്ല ബോൾ വീണിട്ട് പൊട്ടലൊന്നും ഇല്ലേ?” “അതിന് ബോൾ നിന്റെ ദേഹത്ത് തട്ടിയില്ലലോ..അതിന് മുന്നേ നീ വീണില്ലേ” “അപ്പോൾ ബോൾ വന്നിടിച്ചല്ലേ എന്റെ ബോധം പോയത്.പിന്നെന്താ എനിക്ക് പറ്റിയത്??” “നീ ഇന്നെന്താ ആഹാരം ഒന്നും കഴിക്കാഞ്ഞത്?” “അത് ഛർദിക്കാൻ തോന്നി” “മ്മ്മ്..ഇത് തന്നെയാ കാരണം” അത് പറയുമ്പോൾ ഏട്ടന്റെ മുഖത്ത് ഒരു ചിരിയുണ്ടായിരുന്നോ..ആവോ.. “പിന്നെ ഒരു കാര്യം ഞാൻ ഇപ്പോഴേ പറഞ്ഞേക്കാം..മാമാന്ന് വിളിച്ചും കൊണ്ട് എന്റെ മെക്കട്ട് കയറാൻ വന്നാൽ കാലിൽ പിടിച്ചു ഞാൻ നിലത്തടിക്കും.അല്ലാതെ നിന്നെ വഷളാക്കിയത് പോലെ ചെയ്യില്ല” “ഏട്ടൻ എന്താ പറഞ്ഞത്??”

“അതേടി മോളേ…എന്റെ കുഞ്ഞിപ്പെങ്ങളുടെ വയറ്റിൽ ഒരു കുഞ്ഞുവാവ വന്നിട്ടുണ്ട്” സന്തോഷം കൊണ്ട് എന്റെ കണ്ണ് നിറഞ്ഞൊഴുകാൻ തുടങ്ങി.കൈ വയറിന് മുകളിൽ വെച്ചപ്പോൾ വല്ലാത്തൊരു കുളിര് അനുഭവപ്പെട്ടു. “ശിവേട്ടൻ??” “വിളിച്ചിട്ടുണ്ട്..കാര്യം പറഞ്ഞിട്ടില്ല..അവനും കൂടി വന്നിട്ട് വേണം അച്ഛനെയും അമ്മയെയും വിളിച്ച് പറയാൻ” പറഞ്ഞുകൊണ്ട് നിന്നപ്പോൾ തന്നെ വാതിലും തള്ളിതുറന്ന് ശിവേട്ടൻ വന്നു.മുഖം കണ്ടാൽ അറിയാം നല്ലത്പോലെ പേടിച്ചിട്ടുണ്ടെന്ന്.ശിവേട്ടന്റെ തോളിൽ ഒന്ന് തട്ടിയിട്ട് എന്നെ നോക്കി കണ്ണിറുക്കി കാണിച്ച് ഗിരിയേട്ടൻ പുറത്തേക്ക് പോയി.

“മോളേ…എന്താടാ…ഇങ്ങനെ ഇവിടെ വന്ന് കിടക്കാനാണോ നീ എന്നോട് വാശി കാണിച്ച് വീട്ടിൽ നിന്നിറങ്ങിയത്” ഞാൻ മറുപടി പറയാതെ ശിവേട്ടന്റെ മുഖത്തേക്ക് തന്നെ നോക്കി കിടന്നു. “എന്തെങ്കിലും ഒന്ന് പറ പെണ്ണേ…എന്താ പറ്റിയത്??” “എന്തിനാ എന്നെ വിഷമിപ്പിച്ച??” “അതിന് ഞാൻ സോറി പറഞ്ഞില്ലേ..ഇനി ഒരിക്കലും അങ്ങനെയൊന്നും ഞാൻ പറയില്ല.ഓഫീസിൽ നിന്ന് നേരെ അങ്ങോട്ട് വരാൻ ഇരിക്കുവായിരുന്നു ഞാൻ.അപ്പോഴാ ഗിരി വിളിച്ച് പറഞ്ഞത്.ഇനി എന്റെ ഭാഗത്തു നിന്ന് അങ്ങനെ ഒന്നും സംഭവിക്കില്ല..നീ കഴിഞ്ഞല്ലേ ഉള്ളു എനിക്ക് മറ്റാരും” “മ്മ്മ്…ഇനി എന്നെ കരയിച്ചാൽ ചോദിക്കാനും പറയാനും ഒക്കെ ആളുണ്ട്..” “ആര്??” ചെറിയൊരു സംശയത്തോടെ ശിവേട്ടൻ എന്റെ കണ്ണുകളിലേക്ക് നോക്കി.

ചിരിച്ച് കൊണ്ട് ഞാൻ തല ചെരിച്ച് പിടിച്ചു.ചൂണ്ട് വിരൽ കൊണ്ട് എന്റെ തടിയിൽ പിടിച്ചു നേരെ ആക്കികൊണ്ട് ശിവേട്ടൻ പുരികം പൊക്കി ചോദിച്ചു…”അതേ” എന്ന് ഞാൻ തലയാട്ടിയപ്പോഴുള്ള ശിവേട്ടന്റെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തത് ആയിരുന്നു.ഏട്ടന്റെയും കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു.എന്റെ വയറിൽ ചുണ്ട് ചേർത്ത് കൊണ്ട് ഏട്ടൻ മെല്ലെ തഴുകി.എന്നിട്ട് എന്റെ നെറ്റിയിൽ അമർത്തി ചുംബിച്ചു….അങ്ങനെ ഈ കലിപ്പന്റെയും വായാടിയുടെയും പ്രണയത്തിന് ഒരു അവകാശി വന്നിരിക്കുന്നു……. (തുടരും)

❤കലിപ്പന്റെ വായാടി❤ : ഭാഗം 32

Share this story