നിനക്കായ് : ഭാഗം 79

നിനക്കായ് : ഭാഗം 79

എഴുത്തുകാരി: ഫാത്തിമ അലി

“ദുർഗ….അവൾക്കെന്തോ സങ്കടം ഉള്ളത് പോലെ….സൗണ്ട് ഒക്കെ വല്ലാതെ ആയിട്ടുണ്ട്….അടഞ്ഞ പോലെ… കരഞ്ഞിട്ടുണ്ടാവുമോ….” സാം ഫോൺ വെച്ചതും മൂവരെയും നോക്കി ആകുലതയോടെ പറഞ്ഞു… അന്ന വിളിച്ചിട്ട് എടുക്കാഞ്ഞിട്ടാണ് സാം വിളിച്ച് നോക്കാമെന്ന് കരുതിയത്… “ഇച്ചേ…രാത്രി ഞാൻ വിളിച്ച് ഇങ്ങോട്ട് വരാൻ പറഞ്ഞപ്പോഴൊക്കെ നല്ല സന്തോഷത്തിലായിരുന്നു… പിന്നെ എന്ത് പറ്റിയതാവും…വിളിച്ചിട്ട് എടുക്കുന്നില്ല…ഷേർളി ആന്റിയെ വിളിച്ചപ്പോ തലവേദന ആയിട്ട് കിടക്കുവാണെന്നാ പറഞ്ഞേ….?” അന്നമ്മ സംശയത്തോടെ ചോദിച്ചതും സാം ഞെട്ടലോടെ അവളെ നോക്കി… “ടാ….ഇനി വീട്ടിൽ അവര് സംസാരിച്ചതെങ്ങാനും അവള് കേട്ടിട്ടുണ്ടാവുമോ…”

അലക്സിന്റെതാണ് ചോദ്യം… “എനിക്കും ഇപ്പോ അങ്ങനെ ഡൗട്ട് തോന്നുന്നുണ്ട്….” ജെനിയും അവളുടെ മനസ്സിലുള്ളത് പറത്തതും സാം തലയിൽ കൈ വെച്ച് ഇരുന്ന് പോയി.. “കർത്താവേ…നിങ്ങൾ വന്നേ…” സാം ചാടി എഴുന്നേറ്റ് ടെറസിലെ പടികൾ വഴി മുറ്റത്തേക്ക് ഇറങ്ങി…. “അലക്സേ….നീ ബുള്ളറ്റ് എടുത്തേ….” സാം കീ അലക്സിന് നേരെ എറിഞ്ഞ് കൊടുത്ത് കാറിലേക്ക് കയറി…. സ്റ്റാർട്ട് ചെയ്ത് ശ്രി വരുന്നതും കാത്ത് ഷേർളിയുടെ ഗേറ്റിന് മുന്നിൽ നിന്നു… “ടാ….അവള് വരുമോ…?” ജെനി ബാക്ക് സീറ്റിൽ ഇരുന്ന് അവന്റെ തോളിൽ തട്ടിക്കൊണ്ട് ചോദിച്ചതും സാം അവളെ നോക്കി…

“വരുമെന്ന എന്റെ മനസ്സ് പറയുന്ന ജെനീ…” സാം പറഞ്ഞ് തീരലും വീടിന്റെ ഫ്രണ്ട് ഡോർ തുറന്ന് ശ്രീ പതിയെ പുറത്തേക്ക് ഇറങ്ങുന്നത് കണ്ടു… അവളെ കണ്ടതും സാം സമാധാനത്തോടെ ഒന്ന് പുഞ്ചിരിച്ചു.. കാറിന് അടുത്തെത്തി സാമിനെ നോക്കാതെ പിൻസീറ്റിലെ ഡോർ തുറന്നതും അവളെ നോക്കി പുഞ്ചിരിക്കുന്ന ജെനിയെ കണ്ട് ശ്രീയുടെ മുഖം കൂർത്തു… അവളെ നോക്കി ഒന്ന് ദഹിപ്പിച്ച് നേരെ കോ ഡ്രൈവർ സീറ്റിലേക്ക് കയറി ഡോർ വലിച്ചടച്ച് ഇരുന്നു… “അന്നക്കുട്ടീ….ദച്ചൂ എന്നെ നോക്കി ഭസ്മം ആക്കി കളയുമല്ലോ ടീ….ഞാൻ ഇത് എന്ത് ചെയ്തിട്ടാ എന്റെ കർത്താവേ….” ജെനി പതിഞ്ഞ ശബ്ദത്തിൽ അന്നയെ നോക്കിയതും അവൾ വാ പൊത്തി ചിരിച്ചു… കാറിൽ ഇരുന്ന സമയം മൊത്തം ശ്രീ എന്തൊക്കെയോ ഞൊടിഞ്ഞ് കൊണ്ട് ഇരിക്കുന്നത് സാം അറിയുന്നുണ്ടായിരുന്നു… അവളുടെ കുശുമ്പ് കയറിയ മുഖം കണ്ട് ചിരി കടിച്ച് പിടിച്ച് ഡ്രൈവിങിൽ ശ്രദ്ധിച്ചു…. ******

“കാണണം എന്ന് പറഞ്ഞിട്ട് ഇങ്ങേരെന്തിനാ ജെനി ചേച്ചിയെയും കൂടെ കൂട്ടിയത്….ഇനി എന്നെ വേണ്ടെന്ന് പറയാനാവുമോ..?” അവളുടെ ചിന്തകൾ ആ വഴിക്ക് സഞ്ചരിച്ചതും ശ്രീയുടെ ചുണ്ടുകൾ വിതുമ്പാനായി തുടങ്ങി… ശ്രീയുടെ മുഖഭാവങ്ങൾ ശ്രദ്ധിച്ച സാം അവളുടെ മടിയിൽ ഇരിക്കുന്ന കൈകളയെ കൂട്ടി പിടിച്ചു….അവളുടെ കണ്ണിൽ നിന്നും അടർന്ന് വീണ കണ്ണുനീർ നേരെ സാമിന്റെ കൈപ്പത്തിയിൽ വീണ് ചിതറി….. അവന്റെ പ്രവർത്തി ശ്രീയെ ഞെട്ടിച്ചിരുന്നെന്ന് അവളുടെ മുഖത്ത് എഴുതി വെച്ചിരുന്നു.. സാമിനെ ദേഷ്യത്തോടെ നോക്കിക്കൊണ്ട് അവന്റെ കൈയെ ബലമായി എടുത്ത് മാറ്റാൻ ശ്രമിച്ചു…. പക്ഷേ അതിനനുസരിച്ച് സാം അവളുടെ കൈകളെ അമർത്തി പിടിക്കുകയാണ് ചെയ്തത്….

എന്ത് ചെയ്തിട്ടും സാം അവന്റ കൈ എടുത്ത് മാറ്റില്ല എന്ന് തോന്നിയതും ശ്രീ ബലം പിടിക്കുന്നത് നിർത്തി വീർപ്പിച്ച് വെച്ച മുഖത്തോടെ പുറത്തെ കാഴ്ചകൾ കണ്ട് ഇരുന്നു… ശ്രീ തോൽവി സമ്മതിച്ചത് അറിഞ്ഞതും സാം ചെറുതായി മുഖം ചെരിച്ച് അവളെ നോക്കി പുഞ്ചിരിച്ച് കൊണ്ട് അവളുടെ വലത് കൈയെ ഗിയറിന്റെ മുകളിലേക്ക് എടുത്ത് വെച്ച് അവന്റെ കൈവിരലകളാൽ കൊരുത്ത് പിടിച്ചു….. ശ്രീ അവന്റെ പ്രവർത്തികൾ കണ്ട് ചിറഞ്ഞ് നോക്കിയെങ്കിലും സാം അത് മൈന്റ് ചെയ്യാതെ മുന്നോട്ട് നോക്കി ഇരിപ്പായിരുന്നു… അത് കണ്ടതും അവളുടെ മുഖം ഒന്ന് കൂടെ കനത്തു… പക്ഷേ അവന്റെ ഒരു ചേർത്ത് പിടിക്കലോടെ മനസ്സിലെ ഭാരം ഒക്കെ ശ്രീയിൽ നിന്നും ഒഴിഞ്ഞ് പോയിരുന്നു….

കുറച്ച് നേരത്തെ യാത്രക്കൊടുവിൽ അവരാ മൊട്ടക്കുന്നിലേക്കായിരുന്നു എത്തിയത്…. “ഇറങ്ങ്….” കാർ ഒരു സൈഡിലായി ഒതുക്കി നിർത്തി സീറ്റ് ബെൽട്ട് ഊരിക്കൊണ്ട് ശ്രീയെ നോക്കി പറഞ്ഞതും അവൾ കേട്ട ഭാവം നടിക്കാതെ ഇരുന്നു… ഇതൊരു നടക്ക് പോവില്ലെന്ന് തോന്നിയ സാം ഒന്ന് നിശ്വസിച്ച് കൊണ്ട് ഡോർ തുറന്ന് ഇറങ്ങി ശ്രീ ഇരിക്കുന്ന ഇടത്തേക്ക് വന്നു…. കോ ഡ്രൈവർ സീറ്റിന്റെ ഡോർ തുറന്ന് കുനിഞ്ഞ് മുഖം വെട്ടിച്ചിരിക്കുന്ന ശ്രീയെ ഇരു കൈകൾ കോരി എടുത്ത് നെഞ്ചോടടുക്കി… “ഡോ…..താഴെ ഇറക്കെടോ…കാലാ….എന്നെ താഴെ ഇറക്ക്…..ഈശ്വരാ…ഇറക്കെടോ എന്നെ…” ശ്രീ അവന്റെ കൈയിൽ കിടന്ന് കുതറിക്കൊണ്ട് എന്തൊക്കെയോ വിളിച്ച് പറയുന്നുണ്ടെങ്കിലും അതൊന്നും സാം ചെവിക്കൊണ്ടില്ല…

“അടങ്ങി കിടന്നോ…ഇല്ലെങ്കിലേ ഞാനീ കുന്നിന്റെ മണ്ടയിൽ നിന്ന് താഴേക്ക് തള്ളിയിടും….” സാം ഗൗരവത്തോടെ അവളെ നോക്കി പറഞ്ഞെങ്കിലും അത് മൈന്റ് ചെയ്യാതെ വീണ്ടും കുതറുകയായിരുന്നു അവൾ…. “ഇവളെ ഞാൻ…” പെട്ടെന്ന് താൻ വായുവിൽ നിന്ന് ഉയർന്ന് താഴുന്നത് പോലെ തോന്നിയ ശ്രീ സാം താഴെ ഇടാൻ നോക്കുകയാണെന്ന് കരുതി പേടിച്ച് അവന്റെ കഴുത്തിലൂടെ കൈയിട്ട് നെഞ്ചിലേക്ക് മുഖം അമർത്തി പതുങ്ങി കിടന്നു… അവളുടെ പേടിച്ചുള്ള കിടത്തം കണ്ടതും ഒന്ന് കൂടെ ഇറുകെ തന്നിലേക്ക് ചേർത്ത് നടത്തം തുടർന്നു…. “ഹലോ….താഴെ ഇറങ്ങുന്നില്ലേ….” കാതിന് അരികിലായി സാമിന്റെ നിശ്വാസം തട്ടിയതും അവളൊരു പിടച്ചിലോടെ അവന്റെ നെഞ്ചിൽ നിന്നും മുഖം എടുത്തു..

അവന്റെ കുസൃതി നിറഞ്ഞ കണ്ണുകളിലേക്കും അധരങ്ങളിലെ പുഞ്ചിരിയിലേക്കും അവളുടെ കണ്ണുകൾ ഇടതടവില്ലാതെ നോക്കി… അവൻ പുരികം ഉയർത്തിക്കൊണ്ട് എന്താണെന്ന് ചോദിച്ചതും ശ്രീ കണ്ണുകളെ പിൻവലിച്ച് താഴെ ഇറങ്ങി…. അപ്പോഴേക്കും അലക്സും അന്നമ്മയും ജെനിയും അവിടേക്ക് എത്തിയിരുന്നു… ശ്രീ അവരെ ആരെയും ശ്രദ്ധിക്കാതെ തിരിഞ്ഞ് ഒരു പാറക്കെട്ടിന്റെ അടുത്തേക്ക് പോയി മാറിൽ കൈ പിണച്ച് ആകാശത്തേക്ക് ഉറ്റ് നോക്കി നിന്നു… “ചെല്ല് സാമേ….രണ്ടാളും തമ്മിലുള്ള പിണക്കവും പരിഭവവും ഇന്നത്തോടെ തീർത്തേക്ക്….ഞങ്ങൾ അപ്പോഴേക്കും എല്ലാം സെറ്റ് ചെയ്യാം….”

ജെനി അവന്റെ തോളിൽ തട്ടിക്കൊണ്ട് പുഞ്ചിരിയോടെ പറഞ്ഞതും സാം അവളെ നോക്കി കണ്ണ് ചിമ്മി കാണിച്ചു… വെറുതേ ഒന്ന് ഇടം കണ്ണിട്ട് നോക്കിയ ശ്രീ ജെനി സാമിന്റെ തോളിൽ തട്ടിക്കൊണ്ട് എന്തോ പറയുന്നത് കണ്ടതും അവരെ ഒന്ന് നോക്കി പെട്ടെന്ന് മുഖം തിരിച്ചു…. അവര് മൂന്ന് പേരും സാമിനെയും ശ്രീയെയും അവിടെ വിട്ട് കുന്നിന്റെ മറ്റൊരു സൈഡിലേക്കായി പോയി… തന്നോട് പിണങ്ങി മാറി നിൽക്കുന്ന ശ്രീയെ കണ്ട് സാം കുസൃതി ചിരിയോടെ അവളുടെ അടുത്തേക്ക് നടന്നു… “ഏയ് ദുർഗക്കൊച്ചേ…..” പുറം തിരിഞ്ഞ് നിൽക്കുന്ന ശ്രീയുടെ പിന്നിലൂടെ ചെന്ന സാം അവളുടെ ഇടുപ്പിലൂടെ ചുറ്റി വരിഞ്ഞ് അവന്റെ ദേഹത്തേക്ക് അമർത്തി തോളിൽ താടി കുത്തി നിന്നു…

അവന്റെ സ്പർശനവും കാതിൽ തട്ടുന്ന നിശ്വാസവും അവളിൽ പിടച്ചിൽ ഉണ്ടാക്കി… അതിനേക്കാൾ ഉപരിയായി അവന്റെ നാവിൽ നിന്ന് ഏറെ കേൾക്കാൻ കൊതിക്കുന്ന ദുർഗക്കൊച്ചേ എന്നുള്ള വിളി ശ്രീയുടെ കണ്ണുകളെ നനയിച്ചു… ശ്രീ അവനിൽ നിന്ന് കുതറി മാറിക്കൊണ്ട് അവന്റെ നെഞ്ചിൽ പിടിച്ച് പിന്നിലേക്ക് തള്ളി…. അവളുടെ ദേഷ്യവും സങ്കടവും നിറഞ്ഞ മുഖം കണ്ടതും സാം വീണ്ടും അവളുടെ അടുത്തേക്ക് ചെന്നതും ശ്രീ അവന്റെ ചുമലിലും നെഞ്ചിലും ആയി ഇടിക്കാനും പിച്ചാനും തടങ്ങി…. “ദുഷ്ടനാ താൻ…..പൊയ്ക്കോ…..എനിക്ക് ഇഷ്ടല്ല തന്നെ…. തനിക്ക് എന്നെ….വേണ്ടല്ലോ അല്ലേ….ജെനി ചേച്ചിയേ കെട്ടണോ ടോ തനിക്ക്…പറ….പറയാൻ….

പിന്നെ എന്തിനാ എന്നെ….സ്നേഹിച്ചേ…പിന്നാലെ നടന്നത്….ഹേ…എന്തിനാ എന്ന്….എനിക്ക് കാണണ്ട തന്നെ….പൊയ്ക്കോ….” അവന്റെ നെഞ്ചിൽ ഇടിക്കുന്നതിനിടയിൽ പതം പറഞ്ഞ് കരയുന്ന ശ്രീയെ സാം ഉറ്റ് നോക്കി നിന്നു.. അവൾ നൽകുന്ന ചെറിയ വേദനയെ ഏറ്റ് വാങ്ങിക്കൊണ്ട് ശ്രീയെ തടയാൻ ശ്രമിക്കാതെ അവളുടെ സങ്കടങ്ങൾ അത്രയും തീർക്കട്ടേ എന്ന് സാം കരുതി… “എന്നെ…എന്നെ ഇഷ്ടല്ലാലോ….അതല്ലേ….വേണ്ടാന്ന് വെക്കുന്നത്….?” ഏങ്ങിക്കൊണ്ട് അവന്റെ നെഞ്ചിൽ മുഷ്ടി ചുരുട്ടി ഇടിച്ച ശ്രീയെ അവൻ ഇടുപ്പിലൂടെ ചേർത്ത് പിടിച്ച് അവനിലേക്ക് അമർത്തി….. അവൾ ഇരു കൈകൾ കൊണ്ടും സാമിന്റെ ടീ ഷർട്ട് മുറുകെ പിടിച്ച് വെച്ചു….

“എന്റെ ദുർഗക്കൊച്ചിനെ വേണ്ടെന്ന് വെക്കാൻ ഇച്ചായന് പറ്റുവോ ടീ പെണ്ണേ….” ആർദ്രമായ അവന്റെ സ്വരം കേട്ട് ശ്രീ സാമിനെ മുഖം ഉയർത്തി നോക്കി…. അവന്റെ കണ്ണുകളിലെ തിളക്കം ആ നിലാ വെളിച്ചത്തിൽ കണ്ടതും ശ്രീ ഇരു കൈകളാലും അവന്റെ മുഖം കോരി എടുത്തു… സാം കണ്ണുകളൊന്ന് ചിമ്മി തുറക്കവേ കണ്ണുനീർ തുള്ളി മുത്തുകൾ പോലെ അടർന്ന് അവളുടെ വിരലുകളിലായി പതിച്ചു… “ഇച്ചാ..യാ….” ഇടർച്ചയോടെ ശ്രീ സാമിനെ വിളിച്ചതും ഒന്ന് കൂടെ ശക്തിയിൽ അവളെ അടക്കി പിടിച്ചു അവൻ…. “എന്റെ പ്രാണനല്ലേ പെണ്ണേ നീ….” സാം അവളുടെ നെറ്റിയിൽ നെറ്റി മുട്ടിച്ച് നിന്നു…

“എന്തിനാ ഇച്ചായാ എന്നെ അവോയിഡ് ചെയ്തേ…. എന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ…എനിക്ക് എന്ത് മാത്രം സങ്കടം ആയെന്ന് അറിയുവോ….പ്രാണൻ പറിഞ്ഞ് പോവുന്ന പോലെ… നിങ്ങൾ എന്റെയാ….ആർക്കും വിട്ട് കൊടുക്കില്ല ഞാൻ…പറ്റില്ല എനിക്ക്….ഞാൻ… ഞാൻ മരിച്ച് പോവും സാമിച്ചാ….. അത്രക്ക് ഇഷ്ടവാ എനിക്ക്…..” കഴുത്തിലൂടെ കൈകൾ കോർത്ത് പിടിച്ച് പെരുവിരൽ കുത്തി ഉയർന്ന് നിന്ന് കൊണ്ട് അവന്റെ കഴുത്തിടുക്കിൽ മുഖം അമർത്തി വെച്ച് ശ്രീ അവനെ ഇറുകെ പുണർന്നു…. ഇത്രയും നാൾ കേൾക്കാൻ കൊതിച്ചത് അവളുടെ നാവിൽ നിന്ന് തന്നെ കേൾക്കവേ സാമിന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു…. നെഞ്ചൊക്കെ പൊട്ടിപ്പോവുമോ എന്ന് പോലെ ശക്തിയിൽ ആയിരുന്നു മിടിച്ച് കൊണ്ടിരുന്നത്….

സന്തോഷം വാക്കുകൾക്ക് അതീതമായപ്പോൾ അവന്റെ കണ്ണുകൾ നിറയാൻ തുടങ്ങി.. ശ്രീയെ ഇടുപ്പിലൂടെ ചുറ്റി എടുത്തുയർത്തിക്കൊണ്ട് അസ്ഥികൾ നുറുങ്ങുന്ന വിധത്തിൽ അവളെ പുണർന്നു…. ഏറെ നേരത്തിന് ശേഷം കലങ്ങിയ കണ്ണുകളോടെ ശ്രീ അവന്റെ കഴുത്തിടുക്കിൽ നിന്ന് മുഖം ഉയർത്തി….. “ദുർഗാ…..ഒരു….ഒരു തവണ കൂടെ പറയാമോ… കൊതിയാവുന്നു….പ്ലീസ്….” അവളുടെ കുഞ്ഞ് മുഖത്തെ കോരിയെടുത്ത് കൊണ്ട് അവൻ ചോദിച്ചതും അവൾ സാമിന്റെ കാലുകൾക്ക് മുകളിലേക്ക് കയറി നിന്നു…. ഇരു കൈകളും സാമിന്റെ മുഖത്ത് സ്ഥാനം പിടിച്ച് കൊണ്ട് ആ കണ്ണുകളിലേക്ക് ഉറ്റ് നോക്കി…. “ആദ്യമൊക്കെ എനിക്ക് നിങ്ങളോട് ദേഷ്യം ആയിരുന്നു ഇച്ചായാ….

ഇഷ്ടമല്ലെന്ന് പറഞ്ഞിട്ടും പിന്നാലെ നടക്കുന്നതിന്.. പിന്നെ എപ്പോഴാണ് എന്റെ മനസ്സിൽ ഇച്ചായൻ കയറി കൂടിയതെന്ന് എനിക്കറിയില്ല…പക്ഷേ അപ്പോഴും വാശി ആയിരുന്നു….ഇനിയൊരാളെ പ്രണയിക്കില്ലെന്ന വാശി….. ഒരിക്കൽ കൂടി നെഞ്ച് നീറി കരയേണ്ടി വരുമോ എന്ന ഭയം… എല്ലാം കൂടെ ഈ സ്നേഹത്തെ മനസ്സിലാക്കുന്നതിൽ നിന്ന് പിന്നോട്ട് വലിച്ചു…. എന്നാ….ഇ….ഇച്ചായൻ മുംബൈയിലേക്ക് പോയപ്പോ…. അപ്പഴാ ഈ മുഖം എന്റെ ഹൃദയത്തിൽ എന്ത് മാത്രം ആഴത്തിൽ പതിച്ചിട്ടുണ്ടെന്ന് ഞാൻ മനസ്സിലാക്കിയത്… ഈ സ്വരം ഒന്ന് കേൾക്കാതെ….കുസൃതി നിറഞ്ഞ ഈ പുഞ്ചിരി കാണാതെ…ദിവസങ്ങൾ തള്ളി നീക്കിയത് എങ്ങനെയാണെന്ന് എനിക്കിപ്പഴും അറിയില്ല ഇച്ചായാ…

ഇച്ചായൻ തിരിച്ച് വന്നപ്പോ….കണ്ട ഉടനെ ഈ നെഞ്ചിൽ വീണ് പൊട്ടിക്കരഞ്ഞ് എന്നെ വിട്ട് പോവല്ലേ എന്ന് പറയാൻ തോന്നിയിരുന്നു…എന്നാ എന്നെ ഒന്ന് നോക്കുക പോലും ചെയ്യാതിരുന്നപ്പോ എന്ത് മാത്രം സങ്കടം ആയെന്ന് അറിയോ… എന്നോടുള്ള ഇഷ്ടം ഇത്രയേ ഉണ്ടായിന്നള്ളോ എന്ന് വരെ തോന്നി എനിക്ക്…. ഇന്ന്…ഇന്ന് ഇച്ചായന്റെ പേര് മറ്റൊരു പെണ്ണിന്റെ കൂടെ ചേർത്ത് പറഞ്ഞപ്പോ….ഞാൻ….” ശ്രീയുടെ തൊണ്ടക്കുഴിയിൽ നിന്നും ഒരു ഗത്ഗതം പുറത്തേക്ക് ഉയരാൻ വെമ്പി…. “ഇല്ല വാവേ…സങ്കടപ്പെടല്ലേ….ഇ…ഇച്ചായന്റെ നെഞ്ചിൽ എന്റെ കൊച്ചല്ലാതെ വേറെ ഒരു പെണ്ണും ഉണ്ടാവില്ല….

അന്നും ഇന്നും എന്നും എനിക്ക് എന്റെ ദുർഗയെ മാത്രം മതി…” അവളുടെ ശരീരത്തിലെ വിറയൽ അറിഞ്ഞതും സാം അവളെ ചേർത്ത് പിടിച്ചു… ആ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ശ്രീ അനുഭവിച്ച മനപ്രയാസം സാമിന് മനസ്സിലാക്കാൻ സാധിച്ചിരുന്നു… “കരയല്ലേ വാവേ….പ്ലീസ്….” ശ്രീയുടെ നിറഞ്ഞൊഴുകുന്ന കണ്ണുകളെ തുടച്ച് കൊടുക്കുമ്പോൾ സാമിന്റെ കണ്ണുകളും ഒഴുകുന്നുണ്ടായിരുന്നു… “ഇച്ചായന്റെ വീട്ട്കാര് പറഞ്ഞത് കേട്ടപ്പോ മരിച്ച്…മരിച്ച് പോയത് പോലെ തോന്നി….കുറേ കരഞ്ഞു…. അപ്പോ..അപ്പോഴൊന്നും ഇച്ചായനെ വിട്ട് കൊടുക്കുന്നത്…. ഞാൻ ചിന്തിച്ചിട്ടില്ല….അതിന്….അതിന് മാത്രം എന്നെക്കൊണ്ട് പറ്റുന്നില്ല ഇച്ചായാ…. ഇച്ചായൻ…..എന്റെ….എന്റെയാ…….”

ആർക്കും വിട്ട് കൊടുക്കില്ലെന്ന പോലെ അവനെ ഇറുകെ പുണർന്ന് നെഞ്ചിലേക്ക് മുഖം അമർത്തി കിതച്ചതും സാമിന്റെ മനസ്സിൽ അളവില്ലാത്ത സന്തോഷവും സങ്കടവും തോന്നി… തന്റെ ദുർഗ തന്നെ ഇത്രത്തോളം സ്നേഹിക്കുന്നെന്ന തിരിച്ചറിവ് അവന് സന്തോഷം നൽകിയെങ്കിൽ അവളുടെ കണ്ണുനീര് അവനെ ചുട്ട് പൊള്ളിച്ചു…. “ഏയ് ദുർഗക്കൊച്ചേ…” ശ്രീയുടെ സങ്കടം മാറുന്നത് വരെ അവളുടെ തലയിൽ തലോടിക്കൊണ്ടിരുന്നു…. അപ്പോഴേക്കും ഇരുവരുടെയും മനസ്സ് കാറും കോളും ഒഴിഞ്ഞ് ശാന്തമായിരുന്നു…. സാം അവളുടെ നെറുകെയിൽ ചുംബിച്ച് കൊണ്ട് പതിയെ വിളിച്ചതും ആ ചുംബനത്തെ സ്വീകരിച്ച് അവളൊന്ന് കുറുകിക്കൊണ്ട് അവനിലേക്ക് ചേർന്ന് നിന്നു….

🎶എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നു ഉം.. ഉം…. അത്രമേലിഷ്ടമായ് നിന്നെയെൻ പുണ്യമേ ഉം.. ഉം…. ദൂര തീരങ്ങളും മൂകതാരങ്ങളും സാക്ഷികൾ ഉം…ഉം…. എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നു അത്രമേലിഷ്ടമായ് നിന്നെയെൻ പുണ്യമേ….🎶 അവളുടെ കാതിലായി പല്ലുകൾ ആഴ്ത്തിക്കൊണ്ട് പതിയെ അവൻ മൂളി…. അവന്റെ നെഞ്ചിൽ നിന്നും മുഖം ഉയർത്തിയ ശ്രീയുടെ ചുണ്ടിൽ നനുത്ത പുഞ്ചിരി വിരിയാൻ താമസിച്ചില്ല… 🎶എന്നെന്നും ഈ മടിയിലെ പൈതലായ് നീ മൂളും പാട്ടിലെ പ്രണയമായ് നിന്നെയും കാത്തു ഞാൻ നിൽക്കവേ…..🎶

അവന് മറുപടിയെന്നോണം അത്രയും പതിയെ സാമിന് മാത്രം കേൾക്കാൻ തക്കവണ്ണം ശ്രീ രണ്ട് വരികൾ മൂളി…. അവന്റെ സന്തോഷം പ്രകടിപ്പിക്കാനെന്നോണം ശ്രീയെ എടുത്തുയർത്തിക്കൊണ്ട് അവനൊന്ന് വട്ടം കറങ്ങി… സാമിന്റെ നീക്കം ശ്രീയെ ആദ്യമൊന്ന് ഞെട്ടിച്ചെങ്കിലും അതൊരു പൊട്ടിച്ചിരിയിലേക്ക് മാറാൻ അധികം നേരമെടുത്തില്ല… ഇരുവരുടെയും പൊട്ടിച്ചിരികൾ അവിടേയാകമാനം തട്ടി പ്രതിഫലിച്ച് കൊണ്ടിരുന്നു… “മതി സാമിച്ചാ…താഴെ ഇറക്കിക്കേ…..” ഒടുവിൽ ശ്രീ കാലിട്ട് അടിച്ചിപ്പോഴാണ് സാം അവളെ താഴെ നിർത്തിയത്….. “ദുർഗാ….ഈ ലോകത്തിൽ വെച്ച് ഏറ്റവും സന്തോഷവാൻ ഞാനായിരിക്കും….കർത്താവേ…..

എന്റെ സന്തോഷം ഞാൻ എങ്ങനെയാ ഒന്ന് പ്രകടിപ്പിക്കുക….” സാം കൈകൾ ആകാശത്തേക്ക് വിരിച്ച് വെച്ച് കൊണ്ട് ഉറക്കെ വിളിച്ച് പറഞ്ഞതും ശ്രീ കുലുങ്ങി ചിരിച്ചു… അവൾ ചിരിക്കുന്നത് കണ്ട് സാം ശ്രീയുടെ കൈ പിടിച്ച് അവന്റെ മുന്നിലായി നിർത്തി പിന്നിലൂടെ ചുറ്റി പിടിച്ച് അവളുടെ തോളിൽ മുഖം അമർത്തി…. കഴുത്തിനെ മറച്ച് കിടക്കുന്ന മുടിയിഴകളെ വിരലുകളാൽ ഒതുക്കിയപ്പോഴാണ് അവളുടെ ചെവിക്ക് ഇടയിലെ ആ കോയിൻ വലിപ്പത്തിലെ മറുക് അവൻ കാണുന്നത്… “ദുർഗാ…..” അവളുടെ കാതിലായി പതിയെ വിളിച്ചതും ശ്രീ ഒന്ന് മൂളി… “എനിക്ക് ഇഷ്ടായീ….” കുസൃതിയോടെ അവൻ പറഞ്ഞത് മനസ്സിലാവാതെ ശ്രീ സാമിനെ തിരിഞ്ഞ് നോക്കി… “ദേ ഈ മറുക്…നിന്നെ ആരും കണ്ണ് വെക്കാതിരിക്കാനാവും കർത്താവ് ഇങ്ങനെ ഒരു മറുക് തന്നത്….”

വിരലുകളാൽ തഴുകുന്നതിനോടൊപ്പം അവൻ അധരങ്ങൾ അവിടെ പതിപ്പിച്ചതും ശ്രീ ഒന്ന് വിറച്ചു… കാലിന്റെ പെരുവിരലിൽ നിന്നും എന്തോ ഒന്ന് പാഞ്ഞ് കയറിയത് പോലെ….അവളുടെ ശ്വാസം ഉയർന്ന് താണു…. ഇടുപ്പിലൂടെ ചുറ്റി പിടിച്ച് അവന്റെ കൈകളിലെ രോമത്തിൽ അവൾ തെരുപ്പിടിച്ചു…. ഏറെ നേരം അവരാ നിൽപ്പ് തുടർന്നു…. സാമിന്റെ ഫോൺ വൈബ്രേറ്റ് ചെയ്യുന്നത് കേട്ട് അവളെ വിടാതെ തന്നെ ഒരു കൈ കൊണ്ട് പോക്കറ്റിൽ നിന്നും ഫോൺ എടുത്തു… അലക്സിന്റെ മെസ്സേജ് ആയിരുന്നു അത്…സാം അത് വായിച്ച് ഫോൺ തിരികെ വെച്ച് കൈയിൽ കരുതിയ ഒരു കറുത്ത തുണി എടുത്ത് ശ്രീയുടെ കണ്ണിന് മുകളിലേക്കായി കെട്ടി… “ഇച്ചായാ….ഇത് എന്ത് ചെയ്യുകയാ…..”

ശ്രീ അവന്റെ പ്രവർത്തിയിൽ ഞെട്ടി തുണി മാറ്റാനായി ശ്രമിച്ചു.. “എന്റെ ദുർഗക്കൊച്ചിന് ഇച്ചായനെ വിശ്വാസം ഇല്ലേ…?” സാം പതിഞ്ഞ സ്വരത്തിൽ അവളോടായി ചോദിച്ചതും ശ്രീ അതേയെന്ന് തലയാട്ടിക്കൊണ്ട് ഒന്ന് മൂളി… “മ്മ്…” “എന്നാ ഒരു മിനിറ്റ് അടങ്ങി നിൽക്ക്…” സാം തുണിയുടെ കെട്ട് മുറുക്കി അവളെ കൈകളിൽ കോരിയെടുത്ത് നടന്നു… ശ്രീക്ക് അവളെ എവിടേക്കാണ് കൊണ്ട് പോവുന്നതെന്ന് ചോദിക്കണം എന്നുണ്ടെങ്കിലും പിന്നെ അത് വേണ്ടെന്ന് വെച്ചു…

കുറച്ച് നേരത്തെ നടത്തത്തിന് ഒടുവിൽ സാം അവളെ താഴെ നിർത്തി… “ഇച്ചായാ….” ശ്രീയുടെ വിളിക്ക് മറുപടിയായി ഒന്ന് മൂളിക്കൊണ്ട് അവളുടെ പിന്നിൽ നിന്ന് കണ്ണ് മൂടിക്കെട്ടിയ തുണി പതിയെ അഴിച്ചു… അവൾ കണ്ണുകൾ ചിമ്മി തുറന്ന് കൊണ്ട് മുന്നിലെ കാഴ്ച കണ്ട് അത്ഭുതം നിറഞ്ഞ മിഴികളോടെ നിന്നു… “ഹാപ്പി ബർത്ത് ഡേ ദുർഗക്കൊച്ചേ….” സാമിന്റെ കുസൃതി നിറഞ്ഞുള്ള സ്വരം കേൾക്കവേ ശ്രീ കണ്ണ് നിറച്ച് കൊണ്ട് അവന് നേരെ തിരിഞ്ഞ് ഇറുകെ പുണർന്നിരുന്നു……..തുടരും

നിനക്കായ് : ഭാഗം 78

Share this story