നിനക്കായ് : ഭാഗം 80

നിനക്കായ് : ഭാഗം 80

എഴുത്തുകാരി: ഫാത്തിമ അലി

സാം ശ്രീയുടെ കണ്ണുകൾ മൂടി വെച്ചിരുന്ന കെട്ട് അഴിച്ചതും അവൾ ചിമ്മി അടച്ച് കൊണ്ട് പതിയെ കണ്ണുകൾ തുറന്നു…. “ഹാപ്പി ബർത്ത്ഡേ ദുർഗക്കൊച്ചേ….” കാതിനരികിൽ പതിക്കുന്ന സാമിന്റെ നിശ്വാസത്തിന്റെ ചൂടിനൊപ്പം അവന്റെ വാക്കുകളും ചെവിയിൽ അലയടിച്ചു… അത്ഭുതത്താൽ വിടർന്ന കണ്ണുകളോടെ അവൾ ചുറ്റിലും നോക്കി…. കുന്നിന്റെ വേറെ ഒരു സൈഡിൽ ആയിടടാണ് അവരപ്പോൾ ഉള്ളത്… ആദ്യം നിന്നിടത്ത് നിന്നും കുറച്ച് മരങ്ങൾ മാത്രമാണ് ഇവിടെ അധികമായി ഉണ്ടായിരുന്നത്…. അവയുടെ ചില്ലകളിലൂടെ എൽ.ഇ.ഡി ബൾബുകളും റാന്തൽ വിളക്കുകളും വെച്ച് ഭംഗിയാക്കിയിരുന്നു…

മരങ്ങളുടെയെല്ലാം നടുക്കായി ഒഴിഞ്ഞ് കിടക്കുന്ന നിലത്ത് അത്യാവശ്യം വലിപ്പമുള്ള ടെന്റ് പോലെ ഒന്ന് കെട്ടിയിട്ടുണ്ട്… അതിന്റെ മുൻഭാഗം തുറന്ന് കിടക്കുകയായിരുന്നു…. അതിന്റയുള്ളിലും കത്തി പ്രകാശം പരത്താൻ റാന്തൽ വിളക്കുകളുണ്ട്… സന്തോഷത്താൽ നിറഞ്ഞ കണണുകളോടെ അവൾ തിരിഞ്ഞ് നിന്ന് അവനെ ഇറുകെ പുണർന്നു… നെഞ്ചിലേക്ക് മുഖം അമർത്തി നിൽക്കുന്ന അവളുടെ മുടിയിൽ നനുത്ത പുഞ്ചിരിയോടെ അവൻ മൃദുവായി തലോടിക്കൊടുത്തു…. ആരുടെയൊക്കെയോ കൈയടി ശബ്ദം കേട്ടാണ് ശ്രീ അവന്റെ നെഞ്ചിൽ നിന്നും മുഖം ഉയർത്തിയത്…

ടെന്റിന് മുന്നിലായി അലക്സും അന്നമ്മയും ജെനിയും നിൽക്കുന്നത് കണ്ട് ശ്രീക്ക് ആകെ ചമ്മൽ തോന്നി… ശരിക്കും അവർ അവിടെ ഉണ്ടായിരുന്ന കാര്യം ശ്രീയോട് പാടെ മറന്ന് പോയിരുന്നു.. അവളും അവളുടെ ഇച്ചായനും മാത്രമുള്ള ലോകത്തിലായിരുന്നു ശ്രീ അത്രയും നേരം… താൻ കെട്ടിപിടിച്ച് നിൽക്കുന്നത് അവർ കണ്ടുകാണില്ലേ എന്നോർത്തതും അവൾക്കാകെ ചടപ്പ് തോന്നി… ശ്രീ മുഖവും താഴ്ത്തി നിൽക്കുന്നത് കണ്ട് കാര്യം മനസ്സിലായ സാം കുസൃതിയോടെ അവളുടെ ഇടുപ്പിലൂടെ കൈയിട്ട് അവനിലേക്ക് ചേർത്ത് നിർത്തി… അവൾ ഞെട്ടിക്കൊണ്ട് അവനെ നോക്കിയതും കണ്ണിറുക്കി കാണിച്ച് കൊണ്ട് ശ്രീയെയും കൊണ്ട് മുന്നോട്ട് നടന്നു… മൂന്ന് പേർക്കും മുന്നിലായി എത്തിയതും അന്നമ്മ ആണ് ആദ്യം ചെന്ന് ശ്രീയെ ഇറുകെ പുണർന്നത്…. “ഹാപ്പി ബർത്ത്ഡേ ദച്ചൂസേ….”

അവളുടെ കവിളിൽ അമർത്തി ഒരു ഉമ്മവെച്ച് കൊണ്ട് അന്ന പറഞ്ഞതും ശ്രീ നിറഞ്ഞ ചിരിയോടെ അവളുടെ മൂക്കിൽ പിച്ചി… അന്നമ്മ മാറി നിന്നതും അലക്സ് ശ്രീയുടെ അടുത്തേക്ക് വന്ന് തോളിലൂടെ കൈയിട്ട് ചേർത്ത് പിടിച്ച് കൊണ്ട് അവളുടെ മൂർദ്ധാവിൽ വാത്സല്യത്തോടെ ചുണ്ടമർത്തി… അടുത്ത ഊഴം ജെനിയുടേതായിരുന്നു….അവളോടും ശ്രീ ചെറു പുഞ്ചിരിയോടെയായിരുന്നു പെരുമാറിയത്…. “മതി….എന്റെ കൊച്ച് ഒന്ന് ശ്വാസം വിടട്ടേ….” അന്നമ്മ ശ്രീയുടെ വയറിലൂടെ ചുറ്റിപിടിച്ച് നിൽക്കുന്നത് കണ്ട് കുശുമ്പ് കയറിയ സാം അവളെ അന്നയുടെ അടുത്ത് നിന്നും മാറ്റി അവന്റെ ഇടത് വശത്തായി കൊണ്ട് നിർത്തി… “ഓ…ഇത്രക്കും അഹങ്കാരം പറ്റില്ല ഇച്ചേ….

ഞാനൊറ്റ ഒരാൾ ഉള്ളത് കൊണ്ടാ ദച്ചൂനെ കിട്ടിയതെന്ന് ഓർക്കണം…” അന്നമ്മ കെറുവോടെ പറഞ്ഞത് കേട്ട് സാം പുച്ഛിച്ച് മുഖം കോട്ടി…. സാമിന്റെ പുച്ഛിക്കൽ ഇഷ്ടപ്പെടാതെ അന്ന ശ്രീയുടെ അടുത്തേക്ക് പോവാനായി നോക്കിയതും അവൻ തടസം പോലെ അവൾക്ക് മുന്നിൽ വന്ന് നിന്നു… ശ്രീ ആണെങ്കിൽ ഇവരുടെ രണ്ട് പേരുടെയും കളികളെല്ലാം കണ്ട് പുഞ്ചിരിച്ച് നിൽപ്പായിരുന്നു… “രണ്ടും കൂടെ പിള്ളാര് കളിക്കാതെ…കേക്ക് കട്ട് ചെയ്യണ്ടേ….” ജെനി പറഞ്ഞതും അന്ന സാമിനെ കൂർപ്പിച്ചൊന്ന് നോക്കി ടെന്റിലേക്ക് കയറാനായി പോയി…. ഒരടി മുന്നോട്ട് വെച്ചപ്പോഴേക്കും തന്റെ കൈയിൽ ആരുടെയോ പിടി വീണത് അവൾ അറിഞ്ഞിരുന്നു….

എന്നാൽ തിരിഞ്ഞ് നോക്കാതെ തന്നെ അത് ആരാണെന്ന് അന്നക്ക് മനസ്സിലായി… ഒരു കുഞ്ഞ് പുഞ്ചിരിയോടെ അവൾ തിരിഞ്ഞതും സാം അവളെ അവന്റെ അടുത്തേക്ക് നിർത്തി…. അവന്റെ പ്രവർത്തി കാണെ ജെനി ശ്രീയുടെ മുഖത്തേക്കായിരുന്നു നോക്കിയത്… അവളിൽ നേരത്തെ ഉള്ള പുഞ്ചിരിക്കും കണ്ണുകളിലെ തിളക്കത്തിനും ഒരു മാറ്റവും ഉണ്ടായിട്ടില്ലെന്ന് മനസ്സിലാക്കിയതും ജെനി അവരെ മൂന്ന് പേരെയും നോക്കി അലക്സിന്റെ കൂടെ ടെന്റിന് അകത്തേക്ക് കയറി… സാം ഇരുവരുടെയും കൈകൾ കോർത്ത് പിടിച്ച് അവർക്ക് പിന്നാലെ തന്നെ ഉള്ളിലേക്ക് ചെന്നു… ഒരു കുഞ്ഞ് ടേബിളിലായി ഹാർട്ട് ഷെയ്പ്പിലെ ബർത്ത് ഡേ കേക്കിന് മുന്നിൽ ശ്രീയെ നിർത്തി…

അലക്സ് ലൈറ്റർ എടുത്ത് നടുവിൽ കുത്തി നിർത്തിയ മെഴുകുതിരി കത്തിച്ചു…. ശ്രീ എല്ലാവരെയും നോക്കിക്കൊണ്ട് കുനിഞ്ഞ് വന്ന് അത് ഊതി കെടുത്തിയതും ബാക്കി നാല് പേരും കൈയടിച്ച് കൊണ്ട് അവൾക്ക് വിഷസ് പറഞ്ഞു… കേക്ക് കട്ട് ചെയ്ത് കൈയിലെടുത്ത് ആർക്ക് ആദ്യം കൊടുക്കണം എന്ന ചിന്തയിൽ ശ്രീ നാല് പേരെയും നോക്കി… “ഇങ്ങനെ നോക്കണ്ട ദച്ചൂസേ…ആദ്യം ഇച്ചക്ക് തന്നെ ആയിക്കോട്ടേ..” സാമിനെ മുന്നിലേക്ക് പിടിച്ച് നിർത്തിക്കൊണ്ട് അന്നമ്മ പറഞ്ഞതും ശ്രീ പുഞ്ചിരിച്ച് കൊണ്ട് കേക്കുമായി അവരുടെ നേരെ തിരിഞ്ഞു… അവളുടെ നോട്ടം എങ്ങോട്ടാണെന്ന് മനസ്സിലായതും സാം സൈഡിലേക്ക് മാറി നിന്നു… അവൾ നേരെ അന്നയുടെ മുന്നിൽ വന്ന് നിന്ന് കേക്ക് നീട്ടി.. “ഇതിന് ഇവരെക്കാൾ ഒക്കെ അവകാശം നിനക്കല്ലെ ടീ…”

“ദച്ചൂ….ഞാൻ അപ്പോ വെറുതേ പറഞ്ഞതാണ്…” “അല്ല മോളേ….സത്യമാണ്…ഇച്ചായനെയും ഏട്ടായിയെയും എനിക്ക് കിട്ടിയത്…എന്റെ മുഖത്തുള്ള സന്തോഷത്തിന്…. എല്ലാം എന്റെ അന്നക്കുട്ടി തന്നത് അല്ലേ…നീ ഇല്ലായിരുന്നെങ്കിൽ ഇതൊക്കെ എനിക്ക് കിട്ടുമായിരുന്നോ…?” ശ്രീ അന്നയുടെ കവിളിൽ പിടിച്ച് കൊഞ്ചിച്ചതും ചെറുതായി നനഞ്ഞ കണ്ണുകളോടൊപ്പം അധരത്തിൽ പുഞ്ചിരി നിറച്ച് അവൾ ശ്രീ നീട്ടിയ പീസിൽ നിന്നും ഒരു ചെറിയ കഷ്ണം കടിച്ചു…. ഒരു കുഞ്ഞ് പീസെടുത്ത് ശ്രീയുടെ വായിലേക്ക് വെച്ച് കൊടുത്ത് അവളെ ഇറുകെ പുണരാനും അന്ന മറന്നില്ല… അടുത്തത് അലക്സിന് നേരെയാണ് അവൾ ചെന്നത്…. “സാമിന് കൊടുക്ക് മാളൂട്ടീ….”

അവൻ ആദ്യം ഒന്ന് പകച്ചെങ്കിലും അവളെ നോക്കി ചിരിച്ച് കൊണ്ട് പറഞ്ഞു… “അതെന്താ ഏട്ടായിക്ക് തന്നാൽ….” കണ്ണ് കൂർപ്പിച്ച് കൊണ്ട് ശ്രീ അലക്സിനെ നോക്കിയതും അവന്റെ നോട്ടം പോയത് സാമിന്റെ നേർക്കാണ്… “നീ എന്നാത്തിനാ ഉവ്വേ എന്നെ നോക്കുന്നേ….നിന്റെ മാളൂട്ടി തരുന്നത് വാങ്ങിക്കാൻ എന്റെ സമ്മതം വേണോ….?” അവന്റെ കുറുമ്പോടെയുള്ള മറുപടി കേട്ട് അലക്സ് ഛിരിച്ച് കൊണ്ട് ശ്രീയുടെ കൈയിൽ നിന്നും കേക്ക് കടിച്ചെടുത്ത് ഒരു കുഞ്ഞ് പീസ് അവളുടെ നേർക്ക് നീട്ടി…. ബാക്കി രണ്ട് പേർക്കും കൊടുത്തത് പോലെ തന്നെയാണ് ശ്രീ സാമിന്റെ നേരെ കേക്കുമായി പോയത്… എന്നാൽ അവന്റെ കുസൃതി നിറഞ്ഞ നോട്ടവും കള്ളച്ചിരിയും കണ്ട് അവന്റെ മുഖത്തിന് നേരെ ഉയർന്ന കൈ ഒരു നിമിഷം സ്റ്റക്ക് ആയി പോയി…

സാം അവന്റെ കൈ കൊണ്ട് അവളുടെ വലത് കൈ കുറച്ച് കൂടെ മേൽപ്പോട്ട് ഉയർത്തിക്കൊടുത്ത് ആദ്യം ഒരു കഷ്ണമെടുത്ത് ശ്രീയുടെ വായിലേക്ക് വെച്ച് കൊടുത്തു… ശേഷം അവളുടെ കൈയിൽ പിടിച്ച് കൊണ്ട് ബാക്കി മുഴുവനും അവൻ കഴിച്ചു… ഇടക്ക് എപ്പോഴോ അവന്റെ ചുണ്ടുകളും നാവും അവളുടെ കൈ വിരലുകളെ തലോടിക്കൊണ്ട് കടന്ന് പോയതും ശ്രീയുടെ അടിവയറ്റിൽ നിന്നും ഒരു ആളൽ ഉണ്ടായി… അത് മനസ്സിലാക്കിയ സാം അവളെ നോക്കി സൈറ്റ് അടിച്ചതും ഒരുപിടച്ചിലോടെ കൈ വലിച്ച് ശ്രീ അവനിൽ നിന്നും മുഖം മാറ്റി.. എങ്കിലും അവളുടെ കവിളുകളിൽ രക്തം ഇരച്ച് കയറി ചുവന്നത് അവൻ നല്ലത് പോലെ കണ്ടിരുന്നു…

സാമിന്റെ അടുത്ത് നിന്ന് വെപ്രാളത്തോടെ വന്ന ശ്രീ ജെനിയുടെ അടുത്തേക്ക് പോയി…. “ദച്ചൂസേ….ദേ ഈ നിൽക്കുന്ന നിന്റെ ഇച്ചായനുണ്ടല്ലോ… ഇവനെ ഞാനെന്റെ ബ്രദർ ആയിട്ടാണ് കാണുന്നത്…. അത് മനസ്സിലാക്കാത്തവർ പറയുന്നത് എന്താണെങ്കിലും അതൊന്നും മോള് ചെവിക്കൊള്ളണ്ട കേട്ടോ…. ഇവനെന്നും നിന്റെത് തന്നെയാ….” സാമിന്റെ തോളിൽ ഒന്ന് തല്ലിക്കൊണ്ട് ശ്രീയുടെ താടിയിൽ പിടിച്ച് കൊഞ്ചിച്ചതും നേരത്തെ ഉണ്ടായിരുന്ന കുഞ്ഞ് പിണക്കം മറന്ന് ശ്രീ അവളെ പുണർന്നു… കേക്ക് കട്ട് ചെയ്ത് കഴിഞ്ഞ് അലക്സും അന്നയും ജെനിയും അവര് വാങ്ങിയ ഗിഫ്റ്റുകൾ ശ്രീക്ക് കൊടുത്തു… “അതേ….ഇനി മക്കൾ വിട്ടോ….എനിക്കും എന്റെ കൊച്ചിനും ഒരുപാട് സംസാരിക്കാനുണ്ട്….

അത്കൊണ്ട് ഞങ്ങൾ പയ്യെ അങ്ങ് എത്തിക്കോളാം….” സാം കാറിന്റെ കീ അലക്സിന് നേരെ എറിഞ്ഞ് കൊടുത്ത് കൊണ്ട് പറഞ്ഞു… “നമ്മളെ പറഞ്ഞയക്കാനുള്ള തിരക്ക് കണ്ടോ….ഹ്മ്…. ഞങ്ങളങ്ങ് പോയേക്കാവേ….ഇനി ഇവിടെ നിന്ന് സ്വർഗത്തിലെ കട്ടുറുമ്പ് ആവുന്നില്ല….” ബുള്ളറ്റിന്റെ കീ സാമിന്റെ കൈയിൽ കൊടുത്ത് അവര് മൂന്ന് പേരും തിരിച്ച് പോയി…. ****** തിരിച്ച് കാറ് നിർത്തിയിട്ട അടുത്തേക്ക് പോവുന്ന സമയം മുഴുവൻ അലക്സിന്റെ കണ്ണുകൾ ജെനിയുടെ കൂടെ എന്തോ ചിരിച്ച് കളിച്ച് സംസാരിച്ച് മുൻപിലായി നടക്കുന്ന അന്നയുടെ നേർക്ക് ആയിരുന്നു..

ഇങ്ങോട്ട് വരുന്ന വഴി കാറിൽ ഇരുന്നത് മുതൽ ഈ നിമിഷം വരെ അവൾ തന്നെ നോക്കിയിട്ടില്ലെന്ന് അറിഞ്ഞതും അലക്സിൽ വേദന നിറഞ്ഞ ഒരു ചിരി വിരിഞ്ഞു…. അനുസരണയില്ലാതെ അവളിലേക്ക് അടുക്കുന്ന കണ്ണുകളെ പിടിച്ച് കെട്ടിക്കൊണ്ട് അവൻ താഴേക്ക് നോക്കി നടന്നു… കാറിന് അടുത്ത് എത്തിയതും അന്ന ജെനിയുടെ കൂടെ ബാക്ക് ഡോർ തുറന്ന് കയറി ഇരുന്നു… “അല്ല അന്നക്കുട്ടീ….സാധാരണ ഫ്രണ്ട് സീറ്റ് ഒഴിഞ്ഞ് കിടക്കുമ്പോ ചാടി കയറി ഇരിക്കാറായിരുന്നല്ലോ പതിവ്…ഇപ്പോ ഇത് എന്ത് പറ്റി..?” ജെനിയുടെ ചോദ്യം കേട്ട് കാറിൽ കയറി സീറ്റ് ബെൽട്ട് ഇടുന്ന അലക്സ് ഒരു നിമിഷം അവരുടെ സംസാരത്തിന് കാതോർത്തു… “ഏയ്….ഒന്നുല്ലെന്റെ ചേച്ചീ….

ഫ്രണ്ടിൽ ഇരുന്നാ ചേച്ചിയോട് സംസാരിക്കണമെങ്കിൽ പിന്നിലോട്ട് തിരിയണ്ടേ….അപ്പോ കഴുത്ത് എങ്ങാനും ഉളുക്കി പോയാലോ….ഒന്ന് ആലോചിച്ചേ.. ഞാൻ ബെൽട്ട് ഇട്ട് നടക്കണ്ടി വരില്ലേ…. ഹോ….ആലോചിക്കുമ്പോ തന്നെ പേടിയാവുന്നു…” ജെനി ചോദിച്ചതിന് അന്നമ്മ കൊടുത്ത മറുപടി കേട്ട് അലക്സിന് പോലും ചിരി വന്നു…. “ഓഹോ…..” ജെനിയെ നോക്കിയപ്പോൾ അതൊക്കെ വിശ്വസിച്ചെന്ന മട്ടിൽ തലയാട്ടി ഇരിക്കുന്നത് കണ്ട് അന്ന ചിരി കടിച്ച് പിടിച്ച് സങ്കടത്തോടെ അവളെ നോക്കി അതേയെന്ന് കാണിച്ചു… തിരിച്ച് പോവുന്നതിനിടക്ക് ജെനിയോട് സംസാരിക്കുന്നുണ്ടെങ്കിലും അന്നയുടെ കണ്ണുകൾ അല്കസിന്റെ മേലെ തന്നെ ആയിരുന്നു.. “എന്നതാ എന്ന് അറിയില്ല ഇച്ചായാ….

മനസ്സിൽ ഇപ്പോഴും ഇച്ചായൻ പറഞ്ഞത് അങ്ങനെ തന്നെ കിടക്കുവാ… ഒന്ന് ഉള്ള് തുറന്ന് സംസാരിക്കാൻ പറ്റുന്നില്ലന്നേ…..പക്ഷേ പിണക്കമോ പരിഭവമോ ഇല്ലാ ട്ടോ….ഒരു സങ്കടം…. അത് കൊണ്ട് കുറച്ച് നാള് കൂടെ നമുക്ക് ഇങ്ങനെ തന്നെ പോവാം…” ഡ്രൈവിങിൽ മാത്രം ശ്രദ്ധിച്ച് കൊണ്ടിരുന്ന അലക്സിനെ നോക്കി പുഞ്ചിരിച്ച് കൊണ്ച് ഓർത്തു…. ***** “ഏയ് ദുർഗക്കൊച്ചേ….” അവരെല്ലാം പോയിക്കഴിഞ്ഞതും ടെന്റിന്റെ പുറത്ത് നിൽക്കുന്ന ശ്രീയെ സാം പിന്നിലൂടെ വന്ന് പുണർന്നു…. അവന്റെ സ്പർശനം ഏറ്റതും അത് വരെയില്ലാത്ത വിറയലും വെപ്രാളവും അവൾക്ക് തോന്നി…. “എന്നാ കൊച്ചേ വിറക്കുന്നേ….തണുക്കുന്നുണ്ടോ….?”

ശ്രീയിലേക്ക് ഒന്ന് കൂടെ ചേർന്ന് നിന്ന് പിൻ കഴുത്തിലായി പറ്റി പിടിച്ച് കിടക്കുന്ന മുടിയിഴകളെ ഒതുക്കി മൃദുവായി ചുണ്ട് പതിപ്പിച്ചതും അവൾ ഇടുപ്പിലൂടെ ചുറ്റിപ്പിടിച്ച സാമിന്റെ കൈകളിൽ അമർത്തി…. കുറച്ച് നേരം ഒന്നും സംസാരിക്കാതെ അവരങ്ങനെ നിന്നു… “എന്റെ ബർത്ത് ഡേ ഗിഫ്റ്റ് വേണ്ടേ വാവേ….?” ശ്രീയുടെ മുന്നിലേക്കായി വന്ന് നിന്ന് അവളുടെ മുഖം ഇരു കൈകളിലും ഒതുക്കി പതിയെ ചോദിച്ചതും അവൾ മറുപടിയൊന്നും പറയാതെ അവന്റെ കണ്ണുകളിലേക്ക് തന്നെ ഉറ്റ് നോക്കി നിൽക്കുകയായിരുന്നു… പെട്ടെന്ന് കഴുത്തിലൊരു തണുപ്പ് തോന്നിയപ്പോഴാണ് ശ്രീ അവളുടെ മിഴികളെ പിൻവലിച്ചത്….

ഒരു പ്ലാറ്റിനത്തിന്റെ ആൽഫബെറ്റ് പെൻഡന്റ് ആയിരുന്നു അത്… കുഞ്ഞ് കുഞ്ഞ് ഡയമണ്ട് സ്റ്റോണുകൾ പതിപ്പിച്ച റൗണ്ട് ഷേപ്പിലാണ് അതിന്റെ ലോക്കറ്റ് ഉള്ളത്… അതിനുള്ളിൽ s ഉം d ഉം അക്ഷരങ്ങൾ ഒരു ഹൃദയത്തിന്റെ ഇരുഭാഗങ്ങളായി കൊരുത്തിട്ടിരിക്കുന്നു… “ഇഷ്ടായില്ലേ ഇച്ചായന്റെ കൊച്ചിന്…?” ശ്രീയുടെ കണ്ണ് നിറഞ്ഞിരിക്കുന്നത് കണ്ട് നിരാശയോടെയാണ് അവൻ ചോദിച്ചത്… “ഒത്തിരി….” അവന്റെ നെഞ്ചിലേക്കായി മുഖം ഒളിപ്പിച്ച് കൊണ്ടാണ് അവൾ മറുപടി കൊടുത്തത്…. “അതേ….തീർന്നിട്ടില്ല…ഒരു കുഞ്ഞ് സമ്മാനം കൂടി ഉണ്ട്….” പോക്കറ്റിൽ നിന്നും ഒരു കുഞ്ഞ് ബോക്സ് എടുത്ത് ശ്രീയടെ നേരെ തുറന്ന് കാണിച്ചു…

റൂബിയുടെ ഒരു മൂക്കുത്തിയായിരുന്നു അതിനുള്ളിൽ…. ഡയമണ്ട് സ്റ്റോണുകളുടെ നടുക്കായി റൂബി പതിപ്പിച്ച മൂക്കുത്തി കാണാൻ നല്ല ഭംഗി ഉണ്ടായിരുന്നു…. “ജ്വലറിയിൽ പോയപ്പോ ആക്സിഡന്റലീ കണ്ടതാണ്…. എന്തോ എന്റെ കൊച്ചിന്റെ ഈ നീണ്ട് വെളുത്ത മൂക്കിൽ ഇത് കാണാൻ നല്ല ഭംഗി ആയിരിക്കും എന്ന് തോന്നി….” സാമിന്റെ കൈയിലുള്ള മൂക്കുത്തി കണ്ടതും ശ്രീയുടെ മനസ്സിൽ തന്നോട് ദേഷ്യത്തോടെ സംസാരിച്ച ഹരിയെയാണ് ഓർമ വന്നത്…. ഡിഗ്രിക്ക് പഠിക്കുമ്പോ ടൗണിൽ ഒരു ഫ്രണ്ടിന്റെ കൂടെ ജുവലറിയിൽ പോയ സമയത്താണ് ഇത് പോലൊരു മൂക്കുത്തി അവളുടെ കണ്ണിൽ പെട്ടത്…

അത് പക്ഷേ ഒറ്റക്കൽ മൂക്കുത്തി ആയിരുന്നു…. അത് കണ്ടതും അവൾക്ക് മൂക്ക് കുത്താൻ ആഗ്രഹം തോന്നി… മാധവനോട് വിളിച്ച് ചോദിച്ചപ്പോൾ അയാൾ സമ്മതം കൊടുത്തതും അന്ന് തന്നെ അവൾ മൂക്ക് കുത്തി… അവധി ദിവസം വീട്ടിലേക്ക് പോയ ശ്രീ ഏറെ ആഗ്രഹിച്ചാണ് മംഗലത്തേക്ക് ചെന്നത്… സുമാമ്മയും ഒക്കെ നല്ല ഭംഗിയുണ്ടെന്ന് പറഞ്ഞത് കൊണ്ട് ഹരിക്കും എന്തായാലും ഇഷ്ടപ്പെടുമെന്ന് കരുതി…. എന്നാൽ പ്രതീക്ഷിച്ചതിന് നേർ വിപരീതമായിട്ടായിരുന്നു അവന്റെ പെരുമാറ്റം… മൂക്ക് കുത്തുന്നത് ഇഷ്ടമല്ലെന്നും ഇനി അവനെ കാണാൻ വരുമ്പോ അത് ഉണ്ടാവരുതെന്നും ഒക്കെ ദേഷ്യത്തിൽ അവളെ വഴക്ക് പറഞ്ഞു…

അന്ന് ഏറെ ആഗ്രഹിച്ച ഒന്നായിട്ടും ഹരിക്ക് വേണ്ടി അവൾക്ക് മൂക്കുത്തി കൊണ്ട് പോയ കളയേണ്ടി വന്നു…. സാം ശ്രീയുടെ മുഖത്തേക്ക് നോക്കിയപ്പോൾ എന്തോ ആലോചിച്ച് അവളുടെ മുഖം വാടി നിൽക്കുന്നത് പോലെ കണ്ടു… “എന്നാ ടാ മുഖം വല്ലാതെ ആയത്….ഇഷ്ടമായില്ലെങ്കിൽ വേണ്ട…അതിനീ കുഞ്ഞ് മുഖം ഇങ്ങനെ സങ്കടമാക്കി വെക്കുന്നെ എന്നാത്തിനാ…?” ശ്രീയുടെ മുഖം വാടിയത് കണ്ട് സാം വിഷമിച്ചു…അവനാ ബോക്സ് തിരിച്ച് പോക്കറ്റിലേക്ക് ഇടാൻ ഒരുങ്ങിയതും അതിന് സമ്മതിക്കാതെ ശ്രീ ആ ബോക്സ് വാങ്ങിച്ചു.. “താങ്ക്സ് ഇച്ചായാ….” ഇരു കൈകളാലും ആ കുഞ്ഞ് ബോക്സിനെ നെഞ്ചോട് ചേർത്ത് പിടിച്ച് അവൾ സാമിന്റെ നെഞ്ചിലേക്ക് ചേർന്ന് നിന്നു…..

“എന്നാത്തിനാ ഇപ്പോ ഒരു താങ്ക്സ് ഒക്കെ… ?” ശ്രീയുടെ മുടിയിൽ പതിയെ വിരലുകൾ ഓടിച്ച് കൊണ്ട് അവളുടെ ചെവിയിലായി അവൻ ചോദിച്ചു… “വെറുതേ….” അത്രമാത്രം പറഞ്ഞ് അവന്റെ ഹൃദയ താളവും ചെവിയോർത്ത് കൊണ്ട് ശാരീ കണ്ണുകൾ അടച്ചു…. അൽപ സമയം ഒന്നും മിണ്ടാതെ ഇരുവരും മൗനമായി പ്രണയിച്ചു… “വാ….” കൈയിൽ കോർത്ത് പിടിച്ച് മുന്നിലായി നടക്കുന്ന സാമിനെ സംശയത്തോടെ നോക്കി… അവളുടെ നോട്ടം കണ്ടതും നടത്തം നിർത്തി ഒരു നിമിഷം എന്തോ ചിന്തിച്ച് അവളെ പൊക്കി എടുത്തു… “ഇച്ചായാ….എന്താ കാണിക്കുന്നേ….താഴെ ഇറക്ക്…”

കുതറിക്കളിച്ച ശ്രീ അവന്റെ ഒരു കണ്ണുരുട്ടലോടെ നല്ല കുട്ടിയായി സാമിന്റെ കൈകളിൽ കിടന്നു… “ഇച്ചായാ…ഞാൻ നടന്നോളാമെന്നേ…” “വേണ്ടെന്നേ….എന്റെ കൊച്ചിനെ ഇച്ചായൻ എടുത്തോളാം….” കുറച്ചൊന്ന് നടന്നതും സാം നടത്തം നിർത്തി അവളെ ചിറഞ്ഞൊന്ന് നോക്കി…. “നീ ഒന്നും കഴിക്കാറില്ലായോ….ഒട്ടും കനവില്ലാലോ ടീ കൊച്ചേ…ഒരു തൂവൽ എടുക്കുന്ന പോലെ….” അവന്റെ ആക്കിയുള്ള ചോദ്യം കേട്ട് ശ്രീയുടെ മുഖം വീർത്തു… “എന്നെ താഴെ ഇറക്കിക്കേ…ഇച്ചായാ….” “ഹാ…അപ്പഴേക്ക് പിണങ്ങല്ലേ കൊച്ചേ….എന്നാണേലും നാളെ മുതൽ നല്ലത് പോലെ കഴിച്ചോ….ആവശ്യം വരും….എനിക്ക്….” ശ്രീയുടെ കണ്ണ് തള്ളിയുള്ള നോട്ടം കണ്ടില്ലെന്ന് വെച്ച് കള്ളച്ചിരിയോടെ അവൻ നടത്തം തുടർന്നു….

അവളെയും കൂട്ടി നേരത്തെ നിന്നിടത്തേക്കായിരുന്നു സാം പോയത്… ശ്രീയെ താഴെ നിർത്തി അവൾക്ക് മുന്നിലായി മുട്ട് കുത്തി നിന്നു… “I Promise to hold your hand no matter what happens ദുർഗാ…WILL YOU MARRY ME…….” കൈയിൽ കരുതിയ മിന്ന് താലിയുടെ ചെപ്പ് എടുത്ത് ശ്രീയുടെ നേരെ നീട്ടിക്കൊണ്ട് അവളുടെ മറുപടിക്കായി കാത്തു…. ശ്രീയുടെ ഓർമയിലേക്ക് അന്ന് ആദ്യമായി സാം ഇതേ സ്ഥലത്ത് വെച്ച് അവളെ പ്രൊപ്പോസ് ചെയ്തതും അത് റിജക്ട് ചെയ്തതുമെല്ലാം കടന്ന് പോയി… സാം ഇരുന്നത് പോലെ ശ്രീയും ആ പുൽത്തകിടിലായി ഇരുന്നു… “Yes,i will…..” ശ്രീയുടെ നനഞ്ഞ കണ്ണുകളോടെ….

അധരങ്ങളിൽ നിറഞ്ഞ പുഞ്ചിരിയോടെ…അവനെ നോക്കി തലയാട്ടി… അവനെ ചുറ്റിപിടിച്ച് സാമിന്റെ കഴുത്തിലേക്ക് മുഖം അമർത്തി…. “ഇച്ചായാ….അന്ന് ഒരുപാട് വേദനിച്ചിരുന്നോ…?” സാമിന്റെ കവിളിലൂടെ വിരലോടിച്ച് കൊണ്ടാണ് ചോദ്യം… “അടിച്ചതാണോ അതോ അന്ന് ഇഷ്ടമല്ലെന്ന് പറഞ്ഞതാണോ…?” “രണ്ടും….” “ഹ്മ്….അടിച്ചത് നന്നായിട്ട് വേദനിച്ചു…ഹോ പല്ല് ഇളകിപ്പോയോ എന്ന് വരെ ഡൗട്ട് ആയിരുന്നു…” സാം പറഞ്ഞത് കേട്ട് അവൾ ചുണ്ടു പിളർത്തി സങ്കടത്തോടെ അവനെ നോക്കി… “ചുമ്മാ പറഞ്ഞതാ കൊച്ചേ….എന്നാലും കുഞ്ഞ് വേദന ഉണ്ടായിരുന്നു….പിന്നെ നീ ഇഷ്ടമല്ലെന്ന് പറഞ്ഞത്…. നീ സമ്മതിക്കില്ലെന്ന് ആദ്യമേ എനിക്ക് ഉറപ്പായിരുന്നു…. അത് കൊണ്ട് വല്യ സങ്കടം തോന്നിയില്ല…പക്ഷേ ഒരു കുഞ്ഞ് വാശി ഉണ്ടായിരുന്നു…

ഇതേ സ്ഥലത്ത് ഈ നക്ഷത്രങ്ങളെ സാക്ഷി നിർത്തി എന്റെ കൊച്ച് തന്നെ എന്നോട് ഇഷ്ടം പറയണം എന്ന്… ഇവിടെ വെച്ച് തന്നെ ഒരിക്കൽ കൂടി നിന്നെ പ്രപോസ് ചെയ്യണം എന്ന്….” ശ്രീയുടെ നെറ്റിയിലേക്ക് വീണ് കിടക്കുന്ന മുടിയിഴകളെ ഒതുക്കിക്കൊണ്ട് പറഞ്ഞതും അവളുടെ അധരങ്ങളിൽ പുഞ്ചിരി വിരിഞ്ഞു… “ഉഫ്….എന്റെ പെണ്ണേ….ഇങ്ങനെ ചിരിക്കല്ലേ….ഈ പുഞ്ചിരി കാണുമ്പോഴുണ്ടല്ലോ….” സാം വല്ലാത്തൊരു ഭാവത്തോടെ ശ്രീയെ നോക്കിക്കൊണ്ട് പറഞ്ഞതും അവൾ അവന് നേരെ കണ്ണുകൾ കൂർപ്പിച്ചു… “കിസ്സ് ചെയ്യാൻ തോന്നുന്നുണ്ടാവും അല്ലേ…?” “ആ….ഏഹ്….നീ….എങ്ങനെ…?” സാം മറുപടി പറയാൻ തുടങ്ങിയപ്പോഴാണ് അവളെങ്ങനെ അതിനെ കുറിച്ച് അറിഞ്ഞെന്ന ചിന്ത വന്നത്…

“അറിഞ്ഞു എന്നാവും അല്ലേ…അന്ന് കള്ള് കുടിച്ച് വന്നപ്പോ പറഞ്ഞതാ….” “കർത്താവേ…വേറെ…വേറെ എന്തൊക്കെയാ ഞാൻ പറഞ്ഞേ…?” സാമിന് ആകെ ടെൻഷനാവാൻ തുടങ്ങി… “പറയാൻ സൗകര്യം ഇല്ല…” കെറുവോടെയുള്ള അവളുടെ മറുപടി സാമിന്റെ മുഖത്ത് മന്ദസ്മിതം തെളിച്ചു… “പറയണ്ട….എന്തായാലും ഇച്ചായന്റെ കൊച്ച് എല്ലാം അറിഞ്ഞല്ലോ…അപ്പോ പിന്നെ….” “ഏഹ്…?” “അല്ല….പ്രപോസിങ് കഴിഞ്ഞു….ഇനിയിപ്പോ ഫസ്റ്റ് കിസ്സ്…. ഇനിയും ലേറ്റ് ആക്കണോ വാവേ…” ശ്രീയെ അവന്റെ മടിയിലേക്ക് പിടിച്ചിട്ടുകൊണ്ടാണ് അവന്റെ പറച്ചിൽ… “ഇ…ച്ചായാ….” അവളാണെങ്കിൽ കണ്ണ് വെളിയിൽ തള്ളിയത് പോലെയാണ് അവനെ നോക്കുന്നത്… “എന്നാടാ കൊച്ചേ….ഒരു തവണ…പ്ലീസ്….”

സാം ചുണ്ട് ചുളിച്ച് കൊണ്ട് പ്ലീസ് എന്ന് പറഞ്ഞ് അവൾ എന്ത് മറുപടി പറണം എന്നറിയാതെ കുഴങ്ങി… ഇടുപ്പിൽ വെച്ച അവന്റെ കൈയുടെ പിടി മുറുകുന്നതും മറു കൈ പിൻകഴുത്തിലായി അമരുന്നതും അറിഞ്ഞ് ശ്വാസം പിടിച്ച് കണ്ണുകൾ മുറുക്കി അടച്ച് ഇരുന്നു… സാമിന്റെ കണ്ണുകൾ ഇടതടവല്ലാതെ ശ്രീയുടെ മുഖത്തുകൂടെ പാഞ്ഞു.. അവളുടെ ഉയരുന്ന ശ്വാസമിടിപ്പും അടഞ്ഞ കൺപോളക്ക് വെളിയിലൂടെ കൃഷ്ണമണികൾ ചലിക്കുന്നതും നെറ്റിയിൽ വിയർപ്പ് കണങ്ങൾ പൊടിയുന്നതും അവൻ കൗതുകത്തോടെ നോക്കി… അടഞ്ഞ് കിടക്കുന്ന കൺപോളകൾക്ക് മുകളിലായി ഒരു തണുപ്പ് പടരുന്നത് അറിഞ്ഞ ശ്രീ അവന്റെ ഷർട്ടിൽ മുറുകെ പിടിച്ചു…

“ഏയ്….ദുർഗക്കൊച്ചേ….” സാം അധരങ്ങളെ പിൻവലിച്ചിട്ടും ശ്വാസം വിടാതെയുള്ള അവളുടെ ഇരിപ്പ് കണ്ട് മുഖത്തേക്ക് ഊതി പതിഞ്ഞ സ്വരത്തിൽ വിളിച്ചു… “ഇച്ചായന്റെ കൊച്ച് പേടിച്ചോ….ചുമ്മാ പറഞ്ഞതാ ന്നേ….എന്റെ പെണ്ണിന്റെ പൂർണ്ണ സമ്മതം കിട്ടാതെ ഈ ചുണ്ട് ഞാൻ സ്വന്തമാക്കില്ല…പോരേ…” സാം അവളുടെ നെറ്റിയിൽ അമർത്തി ചുംബിച്ച് കൊണ്ട് പറഞ്ഞു… “ഒന്ന് ശ്വാസം വിടെന്റെ കൊച്ചേ….എന്നിട്ട് ഇങ്ങ് വന്നേ… പറയാനും കേൾക്കാനും ഒരുപാടില്ലേ നമുക്ക്….” പുൽതകിടിലേക്ക് മലർന്ന് കിടന്ന് ശ്രീയുടെ കൈ പിടിച്ച് വലിച്ച് സാം നെഞ്ചിലേക്ക് വലിച്ചിട്ടു…

ഒരു ഞെട്ടലോടെ കണ്ണുകൾ ഉയർത്തി നോക്കിയതും സാം അവളോട് ഓരോന്ന് സംസാരിക്കാൻ തുടങ്ങിയുന്നു… തുടക്കമെല്ലാം സാം പറയുന്ന ഓരോന്നും മൂളിക്കേൾക്കുക മാത്രം ചെയ്തിരുന്ന ശ്രീ പതിയെ മടിയൊക്കെ മാറ്റി സംസാരിക്കാൻ തുടങ്ങിയിരുന്നു… ഒരുപാട് സംസാരിച്ചും പൊട്ടിച്ചിരിച്ചും പിണങ്ങിയും ഇണങ്ങിയും അവരാ രാത്രി നനുത്ത കാറ്റേറ്റ് ആകാശത്ത് നിറഞ്ഞ് നിൽക്കുന്ന നക്ഷത്രങ്ങളെ മതിവരുവോളം ആസ്വദിച്ചു… “ദുർഗാ….വാവേ….എഴുന്നേറ്റേ…ഇവിടെ കിടന്ന് ഉറങ്ങാനാണോ പ്ലാൻ നമുക്ക് പോവണ്ടേ….” സാമിന്റെ നെഞ്ചിൽ പൂച്ചക്കുഞ്ഞിനെ പോലെ പറ്റിച്ചേർന്ന് കിടന്ന് ഉറങ്ങുന്ന ശ്രീയുടെ നെറ്റിയിൽ അമർത്തി ചുംബിച്ച് കൊണ്ട് സാം തട്ടി വിളിച്ചു… “കുറച്ച് നേരം കൂടി ഇച്ചായാ….പ്ലീസ്…”

ഉറക്കിനിടയിൽ ഒന്ന് ചിണുങ്ങിക്കൊണ്ട് ഷർട്ടിന്റെ ഒന്ന് രണ്ട് ബട്ടൺസ് തുറന്നിട്ട് അനാവൃതമായി കിടക്കുന്ന സാമിന്റെ നഗ്നമായ നെഞ്ചിൽ മുഖമിട്ട് ഉരസി…. “മതി വാവേ….നേരം വെളുക്കാറായി….” ഒരു വിധത്തിലാണ് ശ്രീയെ അവൻ കുത്തി എഴുന്നേൽപ്പിച്ചത്… അവളെയും കൊണ്ട് കുന്ന് ഇറങ്ങി നിർത്തിയിട്ടിരിക്കുന്ന ബുള്ളറ്റിന്റെ അടുത്തേക്ക് ചെന്ന് സാം കയറി ഇരുന്നു… “വാവേ….പിടിച്ച് ഇരിക്കണേ…ഉറങ്ങി പോവരുത്….” അവന് പിന്നിലായി കയറിയ ശ്രീയെ നോക്കി പറഞ്ഞതും അവൾ ഒന്ന് മൂളി അവന്റെ അരയിലൂടെ കൈയിട്ട് തോളിൽ തലവെച്ച് കിടന്നു… പോവുന്ന വഴിയിൽ ഇടക്കിടെ തന്റെ അരിയിലൂടെ ചുറ്റിപ്പിടിച്ച അവളുടെ കൈകളെ ഒന്ന് കൂടി മുറുക്കി പിടിച്ചിരുന്നു…

“ദുർഗാ….എഴുന്നേൽക്ക്….വീടെത്തിയേ…” ഷേർളിയുടെ വീടിന് മുന്നിൽ ബുള്ളറ്റ് കൊണ്ട് പോയി നിർത്തിക്കൊണ്ട് തട്ടി വിളിക്കാൻ തുടങ്ങി… “മ്മ്….” ഒരുവിധം കണ്ണുകൾ ചിമ്മി തുറന്ന് ബുള്ളറ്റിൽ നിന്ന് താഴെ ഇറങ്ങിയ അവൾ ആടിയാടി ആണ് സാമിന്റെ മുന്നിൽ നിന്നത്… “എന്റെ കർത്താവേ…ഇങ്ങനെ ഒരു ഉറക്കപ്രാന്തി….നിന്റെ ഉറക്കം ഇച്ചായൻ മാറ്റി തരാവേ….” ശ്രീയുടെ നിൽപ്പ് കണ്ട് മനസ്സിൽ പറഞ്ഞ് അവളുടെ കൈയിൽ പിടിച്ച് വലിച്ച് ഇടത് കവിളിലായി ആഞ്ഞൊന്ന് കടിച്ചു…. “ആഹ്….” സാമിന്റെ ട്രീറ്റ്മെന്റ് ഏറ്റതും ശ്രീയുടെ ഉറക്കമെല്ലാം വന്നവഴിക്ക് സ്ഥലം കാലിയാക്കി…

“ദുഷ്ടാ…കാലമാടാ…എന്ത് കടിയാ കടിച്ചത്….” ശ്രീ കവിളിൽ കൈ വെച്ച് കലിപ്പിട്ട് നോക്കിയതും അവൻ ഒന്ന് ഇളിച്ച് കാട്ടി… “നിന്റെ ഉറക്കം മാറ്റാൻ അല്ലേ….” അവന്റെ ഭാഗം ക്ലിയർ ആക്കിയതും ശ്രീ അവന്റെ ഷർട്ടിൽ പിടിച്ച് മുഖം അടുപ്പിച്ച് സാമിന് ചിന്തിക്കാൻ പോലും സമയം കൊടുക്കാതെ കവിളിലുള്ള താടി രോമത്തെ കടിച്ച് പറിച്ചെടുത്തു… “ആ….ഹൂ…” സാമിന്റെ അലർച്ച പുറത്ത് കേൾക്കാതിരിക്കാൻ വാ പൊത്തി വെച്ചു… “ഇത് ഇച്ചായന്റെ ഉറക്കം മാറാൻ…അപ്പോ രാവെലെ കാണാമേ…” വേദനയുടെ ഷോക്കിൽ നിൽക്കുന്ന അവന്റെ മൂക്കിൽ പിച്ചിക്കൊണ്ട് ശ്രീ വേഗം ഓടി ഗേറ്റ് കടന്നു… “കുറുമ്പി….” ശ്രീ കടിച്ചിടത്ത് തടവിക്കൊണ്ട് അവൾ ഓടിയ വഴിയിലേക്കും നോക്കി മനസ്സിൽ പറഞ്ഞു… ****

ആരും എഴുന്നേൽക്കാതെ ശ്രദ്ധിച്ച് കൊണ്ടാണ് ശ്രീ ഡോർ തുറന്നത്…. ശബ്ദം ഉണ്ടാക്കാതെ സ്റ്റെയർ കയറി റൂമിലേക്ക് ചെന്ന് ഡോർ ലോക്ക് ചെയ്ത് ബെഡിലേക്ക് ഒരു വീഴ്ച ആയിരുന്നു… തലയണ കെട്ടി പിടിച്ച് മുഖം അമർത്തി കിടന്ന ശ്രീയുടെ ഉള്ളിൽ മുഴുവൻ ഇന്നത്തെ ദിവസമായിരുന്നു… ശരിക്കും ഒരു സ്വപ്നമാണോ എന്ന് വരെ അവൾക്ക് തോന്നി… മലർന്ന് കിടന്ന് കൊണ്ട് കഴുത്തിലെ പെൻഡന്റിൽ കൊരുത്ത് പിടിച്ച് അതിന്റെ ചുണ്ടിലേക്ക് ചേർത്തു… ഇന്ന് തന്റെ പിറന്നാൾ ആണെന്ന കാര്യം സാമിന് എങ്ങനെ മനസ്സിലായെന്നാണ് ശ്രീ ചിന്തിച്ചത്…

സത്യം പറഞ്ഞാൽ അവളോട് പോലും ഈ ഒരു കാര്യത്തെ കുറിച്ച് മറന്നിരിക്കുകയായിരുന്നു… സാം…അവനെ കണ്ട അന്ന് മുതൽ തന്നെ അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുക ആണെന്ന് അവൾ ഓർത്തു…. അവനെ കുറിച്ച് ഓർമ്മ വന്നതും ശ്രീയുടെ കവിളിൽ രക്തം ഇരച്ച് കയറി… അധരങ്ങളിൽ പുഞ്ചിരി തത്തിക്കളിച്ചു… പതിയെ പതിയെ അവളുടെ കണ്ണുകൾ അടഞ്ഞ് വന്നപ്പോഴും സ്വപ്നങ്ങളിൽ നിറഞ്ഞ് നിന്നത് അവളുടെ ഇച്ചായൻ മാത്രമായിരുന്നു…….തുടരും

നിനക്കായ് : ഭാഗം 79

Share this story