പുതിയൊരു തുടക്കം: ഭാഗം 10

പുതിയൊരു തുടക്കം: ഭാഗം 10

എഴുത്തുകാരി: അനില സനൽ അനുരാധ

“എനിക്കും ചിലരെ ഇപ്പോഴാണ് മനസ്സിലാകുന്നത് അമ്മേ… മനസ്സിൽ ഒന്നും ഒളിച്ചു വെക്കാതെ എന്നെ സ്വന്തം എന്നു കരുതി സ്നേഹിക്കാൻ എന്റെ അമ്മ മാത്രമേയുള്ളൂ എനിക്ക്… ” എന്നു പറഞ്ഞ് അമ്മയെ കെട്ടിപ്പിടിച്ച് അവൻ അമ്മയുടെ തോളിൽ മുഖം ചേർത്തു വെച്ചു… അവന്റെ മിഴികൾ നിറഞ്ഞ് ഒഴുകി… എന്തിനെന്നു അറിയാതെ സേതുവിന്റെയും…. അമ്മ അവന്റെ മുടിയിഴയിലൂടെ പതിയെ തലോടി കൊണ്ടിരുന്നു… ആദിയുടെ വിവാഹം കഴിഞ്ഞ ദിവസവും ഇതു പോലെ അവൻ തകർന്നു പോയിരുന്നു… അന്ന് ജീവൻ കളയാൻ പോലും ശ്രമിച്ചു. ഇപ്പോൾ എന്തു പറ്റി എന്റെ കുഞ്ഞിന്…

സേതു ആകുലതയോടെ ചിന്തിച്ചു… കിച്ചു അമ്മയുടെ തോളിൽ നിന്നും മുഖം ഉയർത്തി… പിന്നെ അമ്മയിൽ നിന്നും വെർപ്പെട്ടു നിന്നു… മുണ്ടിന്റെ തലപ്പ് കൊണ്ട് മുഖം അമർത്തി തുടച്ചു… അതിനു ശേഷം പുഞ്ചിരിയോടെ അമ്മയെ നോക്കി… “വീണ്ടും അവൾ എന്നെ തോൽപ്പിച്ചു അമ്മേ… മുമ്പത്തേക്കാൾ വേദനിപ്പിച്ചു… നന്ദകിഷോർ വീണ്ടും വിഡ്ഢിയായി…” “നീ എന്തൊക്കെയാ മോനെ പറയുന്നത്… ആരു വീണ്ടും തോൽപ്പിച്ചു എന്നാ? ” “ആദി… അവൾ തന്നെ… അന്നു തന്നെ എല്ലാം അവസാനിച്ചാൽ മതിയായിരുന്നു… എന്തിനാ അമ്മേ എന്നെ രക്ഷിച്ചത്? ” “എന്താ മോനെ പറ്റിയത്. നിനക്ക് അന്ന് എന്തെങ്കിലും പറ്റിയിരുന്നെങ്കിൽ പിന്നെ അമ്മയ്ക്ക് ആരാ ഉള്ളത്… നെഞ്ചു പൊട്ടി മരിച്ചു പോയേനെ ഞാൻ…

എന്താ മക്കളെ നിങ്ങൾക്ക് പറ്റിയത്… ഹിമയോട് ചോദിച്ചിട്ട് അവളും ഒന്നും പറയുന്നില്ല… ” “അവൾ ഒന്നും പറയില്ല…” “ജീവൻ വന്നിട്ടുണ്ട്… ” “ഞാൻ കണ്ടു… അവൻ വന്നതു നന്നായി അമ്മേ… അവളെങ്കിലും സന്തോഷത്തോടെ ജീവിക്കട്ടെ…” “രാവിലെ വരെ ഒരു കുഴപ്പവും ഇല്ലായിരുന്നല്ലോ മോനെ. ഇപ്പോൾ എന്താ പറ്റിയെ…” “എന്റെ മോൻ എവിടെ അമ്മേ? ” “ഹിമയുടെ അടുത്തുണ്ട്… അവളും ആകെ തകർന്നു ഇരിക്കാണല്ലോ.” “ഒന്നു ചേരാൻ കൊതിച്ച രണ്ടു മനസ്സുകളെ തകർത്തവളാണ്… ആ വേദന അവളും അറിയട്ടെ.” “എന്താ മോനെ ഉണ്ടായത്? ” “ഒന്നും ഇല്ല അമ്മേ… നേരം ഒരുപാടായി. അമ്മ പോയി കിടന്ന് ഉറങ്ങാൻ നോക്ക്… ” സേതു പോകാതെ അവന്റെ അടുത്ത് തന്നെ നിന്നു. “ഒന്നു കിടക്കട്ടെ… നല്ല ക്ഷീണം… ” എന്ന് പറഞ്ഞ് അവൻ മുറിയിലേക്ക് ചെന്നു…

ചാരിയിട്ട വാതിൽ ശബ്ദം ഉണ്ടാക്കാതെ തുറന്നു… ലൈറ്റ് ഓൺ ചെയ്തു… അപ്പു ബെഡിൽ കിടന്ന് ഉറങ്ങുന്നുണ്ടായിരുന്നു… അതിനു തൊട്ട് അടുത്തായി കാലിനു മീതെ മുഖം പൂഴ്ത്തി വെച്ച് ഹിമ ഇരിക്കുന്നുണ്ടായിരുന്നു… അവൻ മുറിയ്ക്ക് ചുറ്റും കണ്ണോടിച്ചു. അപ്പോഴത്തെ ദേഷ്യത്തിനു വലിച്ചു വാരിയിട്ട സാധങ്ങൾ എല്ലാം അങ്ങനെ തന്നെ കിടക്കുന്നുണ്ടായിരുന്നു. ചുമരിനോട്‌ ചേർന്നു ചില്ലു പൊട്ടിയ വിവാഹ ഫോട്ടോ… അവൻ അതിനു അരികിലേക്ക് നടന്നു… നിലത്ത് മുട്ട് കുത്തിയിരുന്ന് വിവാഹ ഫോട്ടോ കയ്യിൽ എടുത്തു… രണ്ടു പേരും മനോഹരമായി പുഞ്ചിരിക്കുന്നു… ചതിച്ചു സ്വന്തമാക്കിയ പ്രണയ സാഫല്ല്യത്താൽ സന്തോഷത്തിന്റെ നിറുകെയിൽ അവൾ…

സ്നേഹിച്ച പെണ്ണിന്റെ കണ്മുന്നിൽ എന്നെ സ്നേഹിക്കുന്ന ഒരു പെണ്ണിനെ തന്നെ സ്വന്തമാക്കി എന്ന അഹങ്കാരത്തോടെ ആദിയുടെ മുൻപിൽ വിജയച്ചിരിയോടെ താനും… അവൻ ആ ഫോട്ടോയിലേക്ക് ഒന്നു കൂടി സൂക്ഷിച്ചു നോക്കി. പിന്നെ പുച്ഛിച്ചു ചിരിച്ചു… ആ ഫോട്ടോ അവിടെ തന്നെ ഇട്ടു. അവൻ എഴുന്നേറ്റു തിരിഞ്ഞു നോക്കിയപ്പോൾ ഹിമ അവനെ നോക്കി ഇരിക്കുന്നുണ്ടായിരുന്നു… കഴുത്തിൽ താലി ചാർത്തിയ ദിവസം തൊട്ടു സ്നേഹിച്ചിട്ടേയുള്ളു… ആദിയെ വെറുത്തപ്പോൾ ആദിയെ സ്നേഹിച്ചതിനേക്കാൾ കൂടുതൽ ഇവളെ സ്നേഹിക്കാൻ ശ്രമിച്ചു… അവളുടെ ചുവന്നു വിങ്ങിയ മുഖം കണ്ടപ്പോൾ ഉള്ളിന്റെ ഉള്ളിൽ എവിടെയോ ചെറിയൊരു നീറ്റൽ പടരുന്നത് അവൻ അറിഞ്ഞു…

ഇവൾ കാരണമാണ് ആശിച്ച ജീവിതം നഷ്ടപ്പെട്ടത് എന്നോർക്കുമ്പോൾ ആ നീറ്റൽ മാറി അവിടെ മറ്റൊരു മുഖം തെളിഞ്ഞു… ആദി… വാക്കുകളിലൂടെ താൻ മുറിവേൽപ്പിക്കുമ്പോൾ അവൾ എന്നും എല്ലാം സഹിച്ചിട്ടേയുള്ളൂ… ഒരിക്കൽ പോലും അവൾ പറഞ്ഞില്ലല്ലോ മറ്റുള്ളവരുടെ സന്തോഷത്തിനു വേണ്ടി ചങ്കു പൊട്ടുന്ന വേദനയോടെ വിട്ടു കൊടുത്തതാണെന്ന്… ആദിയെ താൻ വെറുക്കുന്നു എന്നറിഞ്ഞിട്ടും അതിനു കാരണക്കാരി ആയിരുന്നിട്ടും ഹിമ ഒരിക്കലും ആദിയ്ക്ക് വേണ്ടി സംസാരിച്ചിട്ടില്ല… ആദിയെ കുറ്റപ്പെടുത്തരുത് എന്ന് പറഞ്ഞിട്ടില്ല… വിവാഹ ശേഷം ഹിമ ആദിയോട് സംസാരിക്കാറു പോലും ഇല്ലായിരുന്നു എന്ന് കിച്ചു ഓർത്തു. താൻ ആദിയെ വെറുക്കുന്നതിൽ അവൾ സന്തോഷിച്ചു…

രണ്ടു പേരും തകർത്ത് അഭിനയിച്ചു… അവനെ നോക്കിയിരിക്കുന്ന ഹിമയുടെ മിഴികൾ ഒഴുകുന്നുണ്ടായിരുന്നു… അവൻ കട്ടിലിനു അരികിലേക്ക് ചെന്നു… ഹിമയെ ശ്രദ്ധിക്കാതെ അപ്പുവിന്റെ അരികിലായി കിടന്നു… ഉറക്കം വരുന്നുണ്ടായിരുന്നില്ല… ഓർമ്മകൾ മനസ്സിൽ വന്നു നിറഞ്ഞു കൊണ്ടിരുന്നു… കുറച്ചു കഴിഞ്ഞപ്പോൾ ഹിമ എഴുന്നേറ്റു ലൈറ്റ് ഓഫ്‌ ചെയ്തത് അവൻ അറിഞ്ഞു… കണ്ണുകൾ അടച്ചു കിടന്നു… *** ആദി കണ്ണുകൾ പതിയെ തുറന്നു… നേരം വെളുക്കുന്നതെ ഉണ്ടായിരുന്നുള്ളു. കൈ എത്തിച്ച് ലൈറ്റ് ഓൺ ചെയ്തു. ടേബിളിൽ ഇരിക്കുന്ന ടൈംപീസിലേക്ക് നോക്കി. അഞ്ചുമണി ആകുന്നതേയുള്ളു. പുതപ്പ് മാറ്റി പ്രാർത്ഥിച്ചതിന് ശേഷം എഴുന്നേറ്റു… വാഷ്റൂമിലേക്ക് പോയി…

തിരികെ വന്നു ബെഡിൽ ഇരുന്നപ്പോഴാണ് ഇന്നലെ രാത്രിയിലെ സംഭവങ്ങൾ ഓർമ്മയിൽ തെളിഞ്ഞത്… രാത്രി ജീവൻ അടുത്തു ചേർന്നു കിടന്നപ്പോൾ തന്നെ ആദിയ്ക്ക് ഒരു പേടിയും അസ്വസ്ഥതയും തോന്നിയിരുന്നു… സംഗീതയുമായി ജീവേട്ടൻ പുതിയൊരു ജീവിതം തുടങ്ങിക്കാണും എന്ന ചിന്തയിൽ ജീവേട്ടനോടൊപ്പമുള്ള ജീവിതത്തെ കുറിച്ച് സ്വപ്നത്തിൽ പോലും ചിന്തിച്ചിട്ടില്ലായിരുന്നു… ജീവേട്ടൻ വാരി പുണർന്നപ്പോൾ തന്നെ ശരീരത്തിലൂടെ വൈദ്യുത പ്രവാഹം പോലെ എന്തോ കടന്നു പോയിരുന്നു.. ആ അധരങ്ങൾ തന്റെ അധരങ്ങളിൽ ചേർന്നതും ശ്വാസം കിട്ടാതെ പെട്ടെന്ന് പിടിച്ചു തള്ളുമ്പോൾ കട്ടിലിന്റെ അരികിലായിരുന്നു കിടന്നിരുന്നത് എന്നോർത്തില്ല…

അപ്രതീക്ഷിതമായ തള്ളലിൽ ജീവേട്ടൻ നിലത്തേക്ക് വീഴുകയും ചെയ്തു… അവിടെ നിന്നും എഴുന്നേറ്റു പോയതാണ്… ദേഷ്യത്തിൽ ആയിരിക്കും കുറച്ചു കഴിഞ്ഞു പോയി വിളിക്കാം എന്നു കരുതിയെങ്കിലും അവൾ ഉറങ്ങി പോയി… അവൾ വരുന്നതും കാത്തു കിടന്ന് അവനും .. ആദി വാതിൽക്കലേക്കു നോക്കി… വാതിൽ തുറന്നു കിടന്നിരുന്നു… പാറി പറന്നു കിടന്നിരുന്ന മുടി അഴിച്ചതിന് ശേഷം കൈ കൊണ്ട് ഒതുക്കി വീണ്ടും ചുറ്റി കെട്ടി വെച്ചു… അതിനു ശേഷം എഴുന്നേറ്റ് അകത്തേക്ക് നടന്നു. മുറിയിൽ നിന്നും നേരിയ വെളിച്ചം അകത്തേക്ക് വരുന്നുണ്ടായിരുന്നു… ജീവൻ സോഫയിൽ ചെരിഞ്ഞു കിടന്ന് ഉറങ്ങുന്നുണ്ടായിരുന്നു. അവൾ അവന്റെ അടുത്തേക്കു ചെന്നു…

നിഷ്കളങ്കമായി ഉറങ്ങുന്ന അവന്റെ മുഖത്തേക്ക് നോക്കിയപ്പോൾ അവളുടെ മുഖത്ത് പുഞ്ചിരി വിടർന്നു… അവന്റെ നെറ്റിയിലേക്ക് വീണു കിടന്നിരുന്ന മുടി അവൾ മാടി ഒതുക്കി വെച്ചു… അതിന് ശേഷം തിരിഞ്ഞു നടന്നതും വലതു കയ്യിൽ ഒരു പിടി വീണു… അവനെ തിരിഞ്ഞു നോക്കുന്നതിന് മുൻപേ അവൾ അവന്റെ ദേഹത്തേക്കു വീണിരുന്നു. ജീവൻ അവളെ ഇറുക്കി കെട്ടിപ്പിടിച്ചു… അവൾ അവന്റെ തോളിൽ മുറുകെ പിടിച്ചു… “ആദി… ” അവൻ ശബ്ദം താഴ്ത്തി വിളിച്ചു… ….. “ആദി…” അവൻ വീണ്ടും വിളിച്ചു… അവൾ വിളി കേൾക്കാത്ത കാരണം അവന്റെ കൈകൾ അയഞ്ഞു… ആദി ദീർഘമായി ഒന്നു നിശ്വസിച്ചു… പിന്നെ വേഗം എഴുന്നേറ്റു മുറിയിലേക്ക് നടന്നു…

ബെഡിൽ ചെന്നു ഇരുന്നതിന് ശേഷം വാതിൽക്കലേക്ക് നോക്കി… മാറിൽ കൈ പിണച്ചു കെട്ടി കൊണ്ട് അവളെ തന്നെ നോക്കി ജീവൻ നിൽക്കുന്നുണ്ടായിരുന്നു… അവൾ വേഗം ലൈറ്റ് ഓഫ്‌ ചെയ്ത് ബെഡിൽ കിടന്നു… ജീവൻ ജനാലയുടെ കർട്ടൻ നീക്കിയിട്ടു… മുറിയിലേക്ക് മങ്ങിയ വെളിച്ചം കടന്നു വന്നു.. അതിനു ശേഷം അവളുടെ തൊട്ട് അരികിൽ ചെന്നു കിടന്നു… അവന്റെ നിശ്വാസം അവളുടെ മുഖത്തു പതിയുന്നുണ്ടായിരുന്നു… അവൾ വേഗം തിരിഞ്ഞു കിടന്നു… ജീവൻ അവളുടെ പിൻകഴുത്തിൽ മുഖം ചേർത്തു വെച്ചു… വലതു കയ്യാൽ അവളെ ദേഹത്തേക്ക് ചേർത്തു പിടിച്ചു… “ഞാൻ അടുത്ത് വരുമ്പോൾ നീ എന്തിനാ ഇങ്ങനെ പേടിക്കുന്നത്? ” അവൻ തിരക്കി … ……

“ആദി… നിന്നോടാ ചോദിക്കുന്നത്… മുമ്പും നമ്മൾ ഈ മുറിയിൽ ഒരുമിച്ച് ആയിരുന്നില്ലേ… ഒരുമിച്ച് ഈ ബെഡിൽ കിടന്നിട്ടില്ലേ… അപ്പോൾ ഒന്നും ഇല്ലാത്ത ഈ വിറയൽ എന്തിനാ? ” അവൾ ഒന്നും പറയാതെ അവളുടെ വയറിനു മീതെ ഇരിക്കുന്ന അവന്റെ കയ്യിൽ അവളുടെ കൈ ചേർത്തു വെച്ചു… അവളുടെ കയ്യിന്റെ തണുപ്പ് അവനിലേക്കും പടരുന്നുണ്ടായിരുന്നു… അവൻ അവളെ തിരിച്ചു കിടത്തി… അവളുടെ കൂമ്പിയടഞ്ഞ മിഴികളിൽ അധരങ്ങൾ ചേർത്തു വെച്ചു… പിന്നെ അവളെ നെഞ്ചോടു ചേർത്തു പിടിച്ച് കിടന്നു… *** ഹിമ എഴുന്നേൽക്കുമ്പോൾ മുറിയിൽ കിച്ചു ഉണ്ടായിരുന്നില്ല…

അപ്പുവിന്റെ നെറ്റിയിൽ തലോടി… നിറുകെയിൽ ചുംബിച്ചു… ബെഡിന്റെ അരികിലായി തലയിണ എടുത്തു വെച്ച ശേഷം വേഗം അകത്തേക്ക് ചെന്നു… അവിടെയും ഉമ്മറത്തും ഒന്നും കിച്ചു ഉണ്ടായിരുന്നില്ല… അടുക്കളയിൽ നിന്നും പാത്രങ്ങളുടെ ശബ്ദം കേൾക്കുന്നുണ്ടായിരുന്നു… വേഗം അടുക്കളയിലേക്കു പാഞ്ഞു ചെന്നു.. “അമ്മേ… കിച്ചേട്ടൻ എവിടെ? ” വാതിൽക്കൽ നിന്ന് കിതപ്പോടെ തിരക്കി… “അമ്പലത്തിലേക്കാണെന്നും പറഞ്ഞു പോകുന്നത് കണ്ടു… നിന്നോട് പറഞ്ഞില്ലേ?” “ഞാൻ… ഞാൻ അറിഞ്ഞില്ല അമ്മേ… ” “ആദിയും മോളും തമ്മിൽ എന്തെങ്കിലും പ്രശ്നമുണ്ടോ?” “എന്താ അമ്മേ അങ്ങനെ ചോദിച്ചത്? ” അവൾ പരിഭ്രമത്തോടെ തിരക്കി… “അല്ല നിങ്ങൾ കല്യാണത്തിനു മുൻപ് വലിയ കൂട്ട് ആയിരുന്നല്ലോ…

പക്ഷേ കല്യാണം കഴിഞ്ഞു ബന്ധുക്കൾ ആയപ്പോൾ ആ പഴയ സ്നേഹം കണ്ടിട്ടില്ല…” സത്യമാണ്… കിച്ചേട്ടൻ അവളെയാണ് സ്നേഹിക്കുന്നത് എന്നറിഞ്ഞപ്പോൾ അവളോട്‌ ദേഷ്യം തോന്നിയിരുന്നു… അവളും കിച്ചേട്ടനെ സ്നേഹിക്കുന്നു എന്നു അറിഞ്ഞപ്പോൾ എല്ലാം അവസാനിക്കാൻ പോകുകയാണെന്ന് കരുതി… തനിക്ക് വേണ്ടി അച്ഛനും ഏട്ടനും അവളോട് സംസാരിച്ചതും അവസാനം ആദിയുടെ അച്ഛനെ പോയി കണ്ടതും എല്ലാം പ്രവിയേട്ടനിൽ നിന്നും അറിഞ്ഞിരുന്നു… നിന്റെ ജീവിതം ആദിയുടെ കണ്ണുനീരിൽ നിന്നും കെട്ടിപ്പടുക്കുന്നതാണെന്നും ആ കടപ്പാട് എന്നും അവളോട്‌ ഉണ്ടാകണം എന്നും ഏട്ടൻ പറഞ്ഞിരുന്നു…

എന്നിട്ടും താൻ അതു അവഗണിച്ചു… കേട്ടില്ലെന്നു ഭാവിച്ചു. “ഹിമേ… എന്തു ആലോചിച്ചു നിൽക്കാണ് മോളെ? ” അമ്മയുടെ ചോദ്യമാണ് അവളെ ചിന്തകളിൽ നിന്നും ഉണർത്തിയത്… “ഞാൻ… ഞാൻ എന്തൊക്കെയോ ഓർത്തു…” എന്നു ഒരു വിധത്തിൽ പറഞ്ഞ് ഒപ്പിച്ച് തിരികെ മുറിയിലേക്ക് വന്നു… നിലത്തു കിടന്നിരുന്ന വിവാഹ ഫോട്ടോ എടുത്തു നെഞ്ചോടു ചേർത്തു പിടിച്ചു… ഞാൻ അത്രയ്ക്ക് സ്നേഹിച്ചു പോയി കിച്ചേട്ടാ… നഷ്ടപ്പെടുത്തി കളയാൻ പറ്റാത്ത വിധം സ്നേഹിച്ചു പോയി… എന്നോട് ദേഷ്യപ്പെട്ടാലും വെറുത്താലും ഞാൻ പോകില്ല കിച്ചേട്ടാ… എനിക്ക് നിങ്ങൾ ഇല്ലാതെ പറ്റില്ല… അവളുടെ ഉള്ളം മന്ത്രിച്ചു കൊണ്ടിരുന്നു….തുടരും

പുതിയൊരു തുടക്കം: ഭാഗം 9

Share this story