പുതിയൊരു തുടക്കം: ഭാഗം 9

പുതിയൊരു തുടക്കം: ഭാഗം 9

എഴുത്തുകാരി: അനില സനൽ അനുരാധ

“വേണ്ട… എനിക്ക് ഇനി തനിച്ചു ജീവിച്ചാൽ മതി… ആരും വേണ്ട… ജീവേട്ടനു ഞാൻ ചേരില്ല…” എന്നു പറഞ്ഞ് ആദി വേഗം തിരിഞ്ഞു നടന്നു… ദുർഗ്ഗയുടെ അടുത്ത് വന്നു നിന്നു. “നിനക്ക് അറിയാമായിരുന്നോ ജീവേട്ടൻ വരുന്ന കാര്യം? ” ആദി തിരക്കി… “അറിയാമായിരുന്നു…” “ഇന്നലെ ജീവേട്ടനെ കണ്ടിരുന്നോ? ” “ഉം…” “ഇന്ന് ഇങ്ങോട്ട് വരുന്നതും അറിയാമായിരുന്നോ?” “അറിയാമായിരുന്നു… ” “കിച്ചേട്ടന്റെ കാര്യം ആരാ പറഞ്ഞു കൊടുത്തത്?” “അച്ഛൻ … ” “അച്ഛനും അറിയാമായിരുന്നോ ജീവേട്ടൻ വരുന്ന കാര്യം… ” “ഉം… അച്ഛനും ജയേട്ടനും കൂടിയാ എയർപോർട്ടിൽ പോയത്…”

“അപ്പോൾ എല്ലാവരും കൂടി എന്നെ വിഡ്ഢിയാക്കുകയായിരുന്നല്ലേ… ഇനി ഒരു പരീക്ഷണത്തിനും ആരുടെ മുൻപിലും ഞാൻ നിന്ന് കൊടുക്കില്ല… മതിയായി എനിക്ക്…” “ചേച്ചി…. ” “ഇനി ഈ കാര്യത്തെ കുറിച്ച് ഒന്നും പറയണ്ട. എനിക്ക് കേൾക്കണ്ട… ” *** റിസപ്ഷന്റെ സമയത്ത് ആദി സേതുഅപ്പച്ചിയെ കണ്ടു… അപ്പച്ചിയുടെ കയ്യിൽ ഇരുന്ന് കിച്ചേട്ടന്റെ മോൻ കരയുന്നുണ്ടായിരുന്നു. “എന്തിനാ അപ്പച്ചി മോൻ കരയുന്നത്? ” അവൾ തിരക്കി. “ഹിമയെ കാണാഞ്ഞിട്ടാ മോളെ. കിച്ചു ഹിമയേയും കൂട്ടി വീട്ടിലേക്ക് പോയി… എന്തോ പ്രശ്നം ഉണ്ട് മോളെ… അവന്റെ മുഖം കണ്ടപ്പോൾ എനിക്ക് അങ്ങനെ തോന്നി… ” “ഉം…” “ജീവൻ വന്നിട്ടുണ്ടല്ലേ. നേരത്തെ കണ്ടു… വരുന്ന കാര്യം മോൾ പറഞ്ഞില്ലല്ലോ… ”

“മോനെ കരയിക്കണ്ട അപ്പച്ചി…” എന്നു പറഞ്ഞ് അവൾ വേഗം അവിടെ നിന്നും മാറി നിന്നു… ജീവൻ അടുത്തേക്ക് വരുന്നുണ്ടായിരുന്നു… ആദിയ്ക്ക് മെറൂൺ കളർ സാരിയായിരുന്നു റിസപ്ഷനു എടുത്തിരുന്നത്… അതെ കളർ ഷർട്ടും ബ്ലാക്ക് പാന്റ്സും ആയിരുന്നു ജീവൻ ധരിച്ചിരുന്നത്. അവൾ അവനെ കണ്ടതും ചുറ്റും നോക്കി. ചെറിയമ്മയും അമ്മയും സംസാരിച്ചു നില്കുന്നു … അവൾ അവരുടെ അടുത്തേക്ക് നടക്കാൻ തുടങ്ങിയതും ജീവൻ അവളുടെ വലതു കയ്യിൽ പിടിച്ചു കൂടെ നടന്നു… “ഇതെങ്ങോട്ടാ… എന്റെ കയ്യും പിടിച്ച് നടക്കുന്നത്?” ആദി തിരക്കി… “എനിക്ക് ഇഷ്ടമുള്ളിടത്തേക്ക്…” കുസൃതി ചിരിയാൽ അവൻ പറഞ്ഞു… “കൂടെ നടക്കാൻ സംഗീത വരും…

എന്നെ ഇനി വെറുതെ വിട്ടേക്ക്… ” “ഒരു സംഗീതയും കിച്ചുവും നമ്മുടെ ഇടയിൽ ഇനി ഇല്ല. എനിക്ക് നീയും നിനക്ക് ഞാനും മതി…” “അതു തനിയെ തീരുമാനിച്ചാൽ മതിയോ? ” “മതി… ഇനി എന്നെ അധികം പ്രകോപിപ്പിക്കാൻ നോക്കിയാൽ നിന്നേം തൂക്കിയെടുത്ത് ഞാൻ ഇപ്പോൾ പോകും… കാണണോ നിനക്ക്? ” അവൾ ഒന്നും പറഞ്ഞില്ല… അമ്മയുടെയും ചെറിയമ്മയുടെയും അരികിൽ എത്തിയപ്പോൾ ജീവൻ നിന്നു… അവരു മൂന്നു പേരും ഓരോ വിശേഷങ്ങൾ പറയുന്നത് വെറും ഒരു കേൾവിക്കാരിയെ പോലെ കേട്ട് ആദി നിന്നു. ജയൻ വന്നപ്പോൾ ഇപ്പോൾ വരാം എന്നു പറഞ്ഞു ജീവൻ പോയി… പിന്നീട് തറവാട്ടിൽ എത്തുന്നത് വരെ ജീവനെയും ജയേട്ടനെയും കണ്ടില്ല. റിസപ്ഷൻ കഴിഞ്ഞ് എല്ലവരും തറവാട്ടിലേക്കാണ് വന്നത്… എട്ടു മണി കഴിഞ്ഞപ്പോൾ ജയനും ജീവനും വന്നു…

അവരു വന്നതും പിന്നെ വേഗം ഭക്ഷണം കഴിക്കാനുള്ള തിരക്ക് ആയിരുന്നു… ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോൾ ജയേട്ടൻ വന്നു ദുർഗ്ഗയെ വിളിക്കുന്നത് ആദി കണ്ടു… അച്ഛനും ചെറിയച്ഛനും കൂടി വല്യച്ഛൻന്റെയും വല്യമ്മയുടെയും കൂടെ പോയി… മുത്തശ്ശി വിളിക്കുന്നുണ്ടെന്ന് ചെറിയമ്മ വന്നു പറഞ്ഞപ്പോൾ ആദി വേഗം മുത്തശ്ശിയുടെ അടുത്തേക്ക് ചെന്നു… മുത്തശ്ശി കട്ടിലിൽ ചാരി ഇരിക്കുന്നുണ്ടായിരുന്നു. അവൾ നിലത്ത് ഇരുന്ന് മുത്തശ്ശിയുടെ കാലിൽ മുഖം ചേർത്തു വെച്ചു… മുത്തശ്ശി അവളുടെ മുടിയിൽ പതിയെ തലോടി… അവൾ തല ചെരിച്ച് മുത്തശ്ശിയെ നോക്കി… “മുത്തശ്ശിയോട് പിണങ്ങിയോ എന്റെ കുട്ടി? ” അവൾ ഇല്ലെന്ന് തലയാട്ടി…. “ജീവൻ വിളിച്ചാൽ മോള് പോകണം…

അതാണ് ഞങ്ങളുടെ എല്ലാവരുടെയും ആഗ്രഹം… ” അവൾ ഒന്നും പറയാതെ മുത്തശ്ശിയുടെ മുഖത്തേക്ക് ഉറ്റു നോക്കി… “മോള് ചെല്ല്… മുത്തശ്ശിയ്ക്ക് നല്ല ക്ഷീണം… ഒന്നു കിടക്കട്ടെ.. ” അവൾ എഴുന്നേറ്റു മുറിയുടെ പുറത്തേക്ക് നടന്നു… ജീവന്റെ അമ്മ അവിടെ നിന്നിരുന്നു… “എല്ലാവരും കൂടി എന്നെ പറ്റിച്ചതാണല്ലേ… ഇന്നലെയും അമ്മ ജീവേട്ടനെ കണ്ടിരുന്നല്ലേ? ” “ജീവൻ പറഞ്ഞു മോൾ അവനെ ഇന്ന് കണ്ടാൽ മതിയെന്ന്.. അതാ അമ്മ പിന്നെ പറയാതിരുന്നത്… ” അമ്മമാരും ചെറിയമ്മയും കൂടി മുറിയിലേക്ക് പോയി കുറച്ച് കഴിഞ്ഞപ്പോൾ അഭിയും നയനയും കൂടി പുറത്തേക്കു പോകാൻ തയ്യാറായി വരുന്നത് കണ്ടു… “അവരു രണ്ടാളും വീട്ടിൽ പോകുവാ ചേച്ചി…” ദുർഗ്ഗ ശബ്ദം താഴ്ത്തി പറഞ്ഞു…

“വീട്ടിലേക്കോ?” “ഉം… അഭിയേട്ടൻ അങ്ങനെ ഒരു ആഗ്രഹം പറഞ്ഞിരുന്നത്രെ… ജയേട്ടനും ജീവനും കൂടി വീട്ടിൽ പോയി റൂം എല്ലാം അടിപൊളിയാക്കി വെച്ചിട്ടുണ്ട്… ” ജയനും ജീവനും ഉമ്മറത്തു നിന്നും അകത്തേക്ക് കയറിയതും എല്ലാവരെയും ഒന്നു നോക്കി ഒരു ചിരിയും പാസ്സാക്കി അഭി നയനയേയും കൂട്ടി പോയി. “എന്നാൽ നാളെ കാണാം ജയേട്ടാ…” ജീവൻ ജയനനോട്‌ പറഞ്ഞു… ജയൻ ജീവന്റെ തോളിൽ ഒന്നു തട്ടിയ ശേഷം തലയാട്ടി… “ശരി ഏട്ടത്തി…. ” ജീവൻ പറഞ്ഞു… അവൾ തലയാട്ടി… ഇനി തന്നോട് എന്തെങ്കിലും പറയുമോ എന്ന ചിന്തയോടെ നിന്നിരുന്ന ആദിയുടെ കയ്യും പിടിച്ച് ജീവൻ മുൻപോട്ടു നടന്നു… ഉമ്മറത്തു എത്തിയതും അവൾ അവന്റെ കൈ എടുത്തു മാറ്റാൻ നോക്കി… “അധികം ബലം പിടിക്കാൻ നിൽക്കണ്ട ആദി. നിന്നെയും കൊണ്ടെ ഞാൻ പോകൂ… ”

“ഞാൻ നേരത്തെ പറഞ്ഞല്ലോ… ജീവേട്ടനു ഞാൻ ചേരില്ല… ഇനിയും ഒരു ഭാഗ്യപരീക്ഷണത്തിനു ഞാൻ ഇല്ല…” “ഒരു പരീക്ഷണത്തിനും അല്ല ഞാൻ നിന്നെ വിളിക്കുന്നത്… നീ വാ…” ജീവൻ ബുള്ളറ്റ് സ്റ്റാർട്ട്‌ ചെയ്തു. “കയറ്‌… ” അവൻ പറഞ്ഞു. അവൾ അവിടെ തന്നെ നിന്നു. “കയറാൻ… ” അവൻ ശബ്ദം ഉയർത്തി പറഞ്ഞതും അവൾ വേഗം കയറി ഇരുന്നു. അവൻ അവളുടെ കൈ എടുത്ത് അവന്റെ വയറിനു മേൽ ചേർത്തു വെച്ചു. “അപ്പോൾ പേടിയുണ്ടല്ലേ? ” അവൻ ചിരിച്ചു കൊണ്ടു തിരക്കി… വീട് എത്തുന്നത് വരെ അവൾ ചിന്തിച്ചത് സംഗീതയെ കുറിച്ച് ആയിരുന്നു… അവൾക്ക് അന്നു വരാൻ സാധിച്ചിട്ടുണ്ടാകില്ലേ? ജീവൻ വീടിനു മുൻപിൽ ബുള്ളറ്റ് നിർത്തിയപ്പോൾ അവൾ ഇറങ്ങി നിന്നു.

അവളെ ഒന്നു നോക്കിയ ശേഷം അവൻ ഇറങ്ങി ഗേറ്റ് തുറന്നു. ജീവനോടൊപ്പം വീടിന്റെ ചവിട്ടു പടികൾ കയറുമ്പോൾ അവൾ ആകെ അസ്വസ്ഥയായിരുന്നു. അവൻ വാതിൽ തുറന്നു… “അകത്തേക്കു വാ… ” എന്തായാലും അകത്തേക്ക് കയറേണ്ടി വരും എന്നു ഉറപ്പായ കാരണം അധികം ബലം പിടിക്കാൻ നിൽക്കാതെ വേഗം അകത്തേക്ക് കയറി. ജീവൻ വാതിൽ അടച്ചു. അവൾക്ക് ഭയം തോന്നി… “എനിക്ക് പോകണം. ഞാൻ ഇങ്ങോട്ട് വരുന്ന കാര്യം അമ്മയോട് പറഞ്ഞിരുന്നില്ല. അമ്മ ചിലപ്പോൾ തിരക്കും.” മനസ്സിൽ തോന്നിയ കള്ളം പെട്ടെന്ന് പറഞ്ഞു… “എല്ലാവരും തിരക്കി നടക്കും എന്ന് അറിയാവുന്നതു കൊണ്ടാകും മുൻപ് ഇവിടെ നിന്നും ആരോടും പറയാതെ പോയത്.”

ജീവൻ മുറിയിലേക്ക് പോയപ്പോൾ അവൾ തളർച്ചയോടെ സോഫയിൽ ഇരുന്നു. “ആദീ… വാ… ” മുറിയിൽ നിന്നും അവന്റെ വിളി കേട്ടു. അവൾക്ക് എഴുന്നേറ്റു ആ മുറിയിലേക്ക് പോകാൻ ഭയം തോന്നി.. “ആദീ… ” വീണ്ടും വിളിച്ചതും അവൾ എഴുന്നേറ്റ് മുറിയിലേക്ക് നടന്നു. അവൻ ബെഡിൽ ഇരിക്കുന്നുണ്ടായിരുന്നു. മുൻപിലായി ഒരു കസേരയും കിടപ്പുണ്ട്… “ഇവിടെ വന്നിരിയ്ക്ക്… ” അനുസരണയുള്ള ഒരു കുട്ടിയെ പോലെ അവൾ കസേരയിൽ വന്നിരുന്നു. “എന്താ നിന്റെ പ്രശ്നം? ” “ഒന്നുമില്ല… ” “പിന്നെ എന്തിനാ ഇവിടെ നിന്നും പോയത്. ഡിവോഴ്സ് പേപ്പറിൽ ഒപ്പിട്ട് കൊടുക്കാൻ ആരാ പറഞ്ഞത്? ”

“ജീവേട്ടൻ തന്നെയല്ലേ ശല്ല്യമാണ് പോയി തരണം എന്ന് പറഞ്ഞത്… ഞാൻ കാരണം എന്തു ശല്യക്കേടാണ് ഉള്ളതെന്ന് ഞാൻ പലപ്പോഴും തിരക്കിയിട്ടുണ്ട്… സംസാരിക്കാൻ ശ്രമിച്ചിട്ടുണ്ട്… ആ മനസ്സിൽ എന്തെന്ന് അറിയാൻ ആഗ്രഹിച്ചിട്ടുണ്ട്… ഒന്നും അറിയാൻ കഴിയാതെ വേദനിച്ചു കരഞ്ഞിട്ടുണ്ട്… ഇനി ഒരുമിച്ച് നിന്നാൽ രണ്ടു പേർക്കും സന്തോഷിക്കാൻ കഴിയില്ല എന്ന് ഉറപ്പുള്ളതു കൊണ്ടു തന്നെയാണ് പോയത്… ” “എന്റെ ഡയറിയും ഫോണും എന്റെ അനുവാദം ഇല്ലാതെ എടുത്തു നോക്കിയോ? ” അവൾ മുഖം കുനിച്ചു. അവൻ ചൂണ്ടു വിരൽ കൊണ്ട് അവളുടെ മുഖം ഉയർത്തി… “അതു തെറ്റാണോ? ” ……. “തെറ്റാണോ എന്ന്? ” അവന്റെ ശബ്ദം ചെറുതായി ഉയർന്നു. “തെറ്റാണ്… ” അവൾ പെട്ടെന്ന് പറഞ്ഞു. “തെറ്റാണെന്ന് ആരു പറഞ്ഞു…. അതിൽ മൂന്നു ഡയറികൾ ഉണ്ടായിരുന്നു.

വായിക്കുകയാണെങ്കിൽ നീ അതെല്ലാം എടുത്തു വായിക്കണമായിരുന്നു. എന്നാൽ ആ സമയത്ത് ഞാൻ അനുഭവിച്ച ടെൻഷൻ നിനക്കും അറിയാൻ കഴിഞ്ഞേനെ… സംഗീത ഫോൺ വിളിച്ചപ്പോൾ ജീവന്റെ ഭാര്യയാണെന്ന് പറഞ്ഞു നീ സംസാരിക്കണമായിരുന്നു…” “ഇപ്പോൾ ഞാനാണോ തെറ്റുകാരി… നിങ്ങൾ എന്നെ സ്നേഹിച്ചിട്ടുണ്ടോ… എന്നെ ഒന്നു മനസിലാക്കാൻ ശ്രമിച്ചിട്ടുണ്ടായിരുന്നോ… ഒന്നും തട്ടി പറിച്ചെടുത്ത് എനിക്ക് ശീലമില്ല… ഞാൻ കാരണം നിങ്ങളുടെ ജീവിതം തകരരുത് എന്ന് ചിന്തിച്ചതാണോ ഞാൻ ചെയ്ത തെറ്റ്.” “ഇങ്ങനെ എല്ലാവർക്കും ജീവിതം ഉണ്ടാക്കി കൊടുക്കാൻ നീ ആരാ. നമ്മുടെ കല്യാണത്തിന്റെ അന്ന് കിച്ചു ആത്മഹത്യയ്ക്ക് ശ്രമിച്ചത് എന്തിനാ?

ഹിമയുടെയും അവളുടെ വീട്ടുകാരുടെയും കണ്ണുനീരിൽ മനസ്സലിഞ്ഞ നിനക്ക് എന്തേ കിച്ചുവിന്റെ മനസ്സ് കാണാൻ കഴിഞ്ഞില്ല. ഹിമയ്ക്ക് ഒരു ജീവിതം ഉണ്ടാക്കി കൊടുക്കാൻ പോയി. സംഗീതയുടെ ഫോണിലേക്കു ഒരു മെസ്സേജും അയച്ച് ഇവിടെ ഒരു കത്ത് എഴുതി വെച്ചിട്ട് നീ പോയി… ഞങ്ങളുടെ മനസ്സിൽ എന്തായിരുന്നു എന്ന് നിനക്ക് അറിയാമായിരുന്നോ?” “ഇല്ല… ” “അവളുടെ മനസ്സിൽ അപ്പോൾ ഒരാൾക്കേ സ്ഥാനം ഉണ്ടായിരുന്നുള്ളു… അവളുടെ ഭർത്താവിന്.. ” ആദി ഒന്നും മനസിലാകാത്തതു പോലെ അവനെ നോക്കി… അപ്പോൾ അന്ന് അവൾ ഫോണിലൂടെ പറഞ്ഞതോ… അവൾ ചിന്താധീനയായി… “നമ്മുടെ വിവാഹത്തിനു മുൻപേ അവളുടെ വിവാഹം കഴിഞ്ഞിരുന്നു…”

“പിന്നെ എന്തിനു അവൾ അങ്ങനെ പറഞ്ഞു… എന്തിനു ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞു … അവൾ ഇപ്പോൾ എവിടെയാണ്? ” ആകാംഷ അടക്കാൻ കഴിയാതെ അവൾ തിരക്കി… സംഗീതയുടെ വിവാഹം നടന്നതും അതു സഹിക്കാൻ ആകാതെ ഫോട്ടോ അയച്ചു കൊടുത്തതും അവളുടെ ഭർത്താവ് ഉപേക്ഷിച്ചു വീട്ടിൽ കൊണ്ടു വന്നാക്കിയതും എല്ലാം അവൻ അവളോട്‌ തുറന്നു പറഞ്ഞു. “ആ പ്രശ്നങ്ങളുടെ ഇടയിൽ നിൽക്കുമ്പോഴാണ് അമ്മ നിന്നെ കെട്ടാൻ പറയുന്നത്. അമ്മ ഹോസ്പിറ്റലിൽ കിടക്കുന്ന സമയത്ത് ഇഷ്ടമില്ലെങ്കിലും എനിക്ക് വിവാഹത്തിന് സമ്മതിക്കേണ്ടി വന്നു.

ഗീതുവിന്റെ ജീവിതം ഞാൻ കാരണം നശിക്കുകയാണല്ലോ എന്നോർത്തുള്ള ടെൻഷൻ ആയിരുന്നു മനസ്സ് നിറയെ. സന്ദീപിനെ പോയി കാണാൻ പല തവണ ശ്രമിച്ചു കൊണ്ടിരുന്നു. തമ്മിൽ കാണുന്ന അവസരങ്ങളിൽ പൂർണ്ണമായും എന്നെ വിശ്വസിക്കാൻ അയാൾ ഒരുക്കം ആയിരുന്നില്ല. കൂടെ ഗീതുവിന്റെ ആത്മഹത്യാ ഭീഷണിയും. അതിനിടയിൽ നിന്നെ സ്നേഹിക്കാനോ മനസ്സിലാക്കാൻ ശ്രമിക്കാനോ എനിക്ക് കഴിയാതെ പോയി.” “ഞാൻ പോയപ്പോൾ അവൾ വന്നില്ലേ? ” “വന്നു… ” “എന്നിട്ട്? ” “എല്ലാവരും എല്ലാം അറിഞ്ഞു… ഏട്ടത്തി നിന്റെ അച്ഛനെ വിളിച്ചു വരുത്തി… അച്ഛനും ജയേട്ടനും അമ്മയും മാറി മാറി പറഞ്ഞിട്ടും ഗീതു പോകാൻ ഒരുക്കം ആയിരുന്നില്ല…

സന്ദീപിന്റെ അടുത്തേക്ക് അല്ലാതെ ഇവിടെ നിന്നും എങ്ങോട്ടും പോകില്ലെന്ന് പറഞ്ഞ് അവൾ വാശി പിടിച്ചു. അതിനു ശേഷം ഞാനും അച്ഛനും ജയേട്ടനും കൂടി സന്ദീപിനെ കാണാൻ പോയി… നമ്മുടെ വിവാഹം കഴിഞ്ഞതും നീ എവിടേക്കോ പോയതും എല്ലാം അച്ഛൻ സന്ദീപിനോട്‌ പറഞ്ഞു. എന്റെ മോളുടെ ജീവിതം തകർക്കരുത് എന്നും സംഗീതയെ തിരിച്ചു വിളിക്കണം എന്നും ഒരു അപേക്ഷ പോലെ പറഞ്ഞു… ഞാൻ അപ്പോഴത്തെ സങ്കടത്തിനു അങ്ങനെ ചെയ്തു പോയതാണെന്നും പറഞ്ഞ് ഏട്ടനും സംസാരിച്ചു. ഞാനും ക്ഷമ ചോദിച്ചു… അവസാനം അവൻ അവളെ കൂട്ടി കൊണ്ടു പോകാം എന്ന് സമ്മതിച്ചു.”

“ജീവേട്ടൻ ശരിക്കും അവളെ സ്നേഹിച്ചിരുന്നോ? ” എല്ലാം കേട്ടു കഴിഞ്ഞപ്പോൾ ആദി തിരക്കി… ജീവൻ ഒന്നും പറയാതെ അവളുടെ മുഖത്തേക്ക് നോക്കി… “സ്നേഹിച്ചിരുന്നോ? ” അവൾ വീണ്ടും തിരക്കി. “ഉം… ” അവൻ മൂളി… “ആത്മാർത്ഥ സ്നേഹം ആയിരുന്നെങ്കിൽ ഇങ്ങനെയൊക്കെ ചെയ്യാൻ തോന്നുമോ… എവിടെ ആണെങ്കിലും ആരുടെ കൂടെ ആണെങ്കിലും അവൾ എന്നും സന്തോഷത്തോടെ സമാധാനത്തോടെ ജീവിക്കണം എന്നല്ലേ കരുതൂ…” “ഞാൻ ഇപ്പോൾ അങ്ങനെ തന്നെയാണ് ചിന്തിക്കുന്നത്… അവൾ അവന്റെ കൂടെ സന്തോഷമായി ജീവിക്കണം എന്ന്… അന്നു പക്ഷേ ഏതോ ഒരു നിമിഷത്തിൽ മനസ്സ് കൈ വിട്ടു പോയി… സ്നേഹിച്ചതിന്റെ ഇരട്ടി വെറുപ്പ് തോന്നി…

പിന്നെ വീണ്ടു വിചാരം വന്നപ്പോഴേക്കും എല്ലാം കയ്യിൽ നിന്നും പോയി. നീ കിച്ചുവിനെ കണ്ടില്ലേ… നിന്നെ എത്ര മാത്രം സ്നേഹിച്ചവനാ… നിനക്ക് വേണ്ടി മരിക്കാൻ പോലും തയ്യാറായവനാണ്. എന്നിട്ടും നിന്നെ വേദനിപ്പിക്കുന്നതിൽ അവൻ സന്തോഷം കണ്ടെത്തിയിരുന്നു…” അവൻ പറഞ്ഞതു സത്യമാണെന്ന് അവൾക്കും തോന്നി… തന്നെ സ്നേഹിച്ചതിലും കൂടുതലായി കിച്ചേട്ടൻ തന്നെ വെറുത്തു… “എല്ലാം അറിഞ്ഞിട്ടും അച്ഛൻ ഇതുവരെ ഒന്നും പറഞ്ഞില്ല… ” അവൾ പറഞ്ഞു. “അച്ഛനു കുറ്റബോധം ഉണ്ടായിരുന്നു… അച്ഛൻ സ്ട്രോങ്ങ്‌ ആയി നിന്റെ കൂടെ നിന്നിരുന്നെങ്കിൽ നീ ആഗ്രഹിച്ച ജീവിതം നിനക്ക് കിട്ടിയേനെ എന്ന്…

പിന്നെ നീയും ആരോടും ഒന്നും തുറന്നു പറയാറില്ലായിരുന്നല്ലോ.” “എന്നെ കണ്ട വിവരം അച്ഛൻ പറഞ്ഞിരുന്നോ? ” “പറഞ്ഞിരുന്നു… അച്ഛൻ നിന്നെ കാണാൻ വന്നതിനു ശേഷം ഞാനും ദയയെ വിളിക്കാറുണ്ടായിരുന്നു. അവളിൽ നിന്നും നിന്റെ വിശേഷങ്ങൾ എല്ലാം അറിയുന്നുണ്ടായിരുന്നു. നാട്ടിലേക്കു വന്നപ്പോഴും തിരിച്ചു പോകുന്നതിന് മുൻപായും ഞാൻ നിന്നെ വന്നു കണ്ടിരുന്നു. നിന്റെ നിറുകെയിലെ സിന്ദൂരവും കഴുത്തിലെ താലിയും മാത്രം മതിയായിരുന്നു എന്റെ പൊള്ളുന്ന മനസ്സിനു ആശ്വാസം പകരാൻ… പിന്നെ അപ്പോൾ കൂടെ കൂട്ടാൻ ശ്രമിക്കാഞ്ഞത് എനിക്ക് ഈ അന്തരീക്ഷത്തിൽ നിന്നും ഒരു മാറ്റം വേണമായിരുന്നു…

എല്ലാം ഒന്നു മറക്കാൻ… എന്റെ മനസ്സിലെ ശ്രീ കോവിലിൽ നിന്നെ മാത്രം പ്രതിഷ്ഠിക്കാൻ.” അവൾ അവന്റെ മുഖത്തേക്ക് നോക്കിയിരുന്നു. അവൻ അവളുടെ കൈ എടുത്ത് അവന്റെ നെഞ്ചോടു ചേർത്ത് വെച്ചു… അവന്റെ ഹൃദയമിടിപ്പ് അവൾക്ക് അറിയാൻ കഴിയുന്നുണ്ടായിരുന്നു. “ഇനി ഈ വീട്ടിൽ ഈ മുറിയിൽ അന്യരെ പോലെ കഴിയേണ്ടവർ അല്ല നമ്മൾ. നമ്മൾ ജീവിക്കാൻ പോകുന്നേയുള്ളു… ” അവൻ കൈക്കുമ്പിളിൽ അവളുടെ മുഖം വാരിയെടുത്തു. അവളുടെ കണ്ണുകൾ നിറഞ്ഞു… “കരയരുത്… നമുക്കും ജീവിക്കണം സന്തോഷത്തോടെ… ഞാൻ പറഞ്ഞതെല്ലാം നിനക്ക് പെട്ടെന്നു അംഗീകരിക്കാൻ കഴിയുമോ എന്നൊന്നും എനിക്ക് അറിയില്ല…

ഒരു കാര്യം ഞാൻ ഉറപ്പു തരുന്നു ആദി…. ഇനി എന്തു വന്നാലും നിനക്ക് തണലായി ഞാൻ ഉണ്ടാകും… തനിച്ചാക്കില്ല… ” തുളുമ്പുന്ന അവളുടെ മിഴികൾ അവൻ സ്നേഹത്തോടെ തുടച്ചു കൊടുത്തു. *** മുറിയിലെ സാധനങ്ങൾ എല്ലാം അലങ്കോലമായി കിടക്കുന്നുണ്ടായിരുന്നു… രണ്ടു വയസ്സുള്ള മോനെയും നെഞ്ചോടു ചേർത്തു പിടിച്ച് ഹിമ ഇരുന്നു… അപ്പു ഉറക്കം പിടിച്ചു വരുന്നുണ്ടായിരുന്നു… ഹിമ യാന്ത്രികമായി അവന്റെ പുറത്ത് പതിയെ തട്ടുന്നുണ്ടായിരുന്നു… സേതുലക്ഷ്മി വാതിൽക്കൽ നിന്ന് ഹിമയെ നോക്കി… കരഞ്ഞു വീർത്ത മുഖവുമായി അവൾ ഇരിക്കുന്നുണ്ട്. സേതുലക്ഷ്മി കല്യാണം കഴിഞ്ഞു വീട്ടിൽ എത്തുമ്പോൾ കിച്ചു ഇവിടെ ഉണ്ടായിരുന്നില്ല…

അവർ വരുമ്പോൾ കിടന്നിരുന്ന കോലത്തിൽ തന്നെയാണ് മുറി ഇപ്പോഴും കിടക്കുന്നത്. രണ്ടാളും തമ്മിൽ എന്തോ പ്രശ്നം ഉണ്ടായിട്ടുണ്ടെന്ന് അവർക്ക് തോന്നിയിരുന്നു… എന്തു പറ്റിയെന്നു വെപ്രാളത്തോടെ സേതു തിരക്കിയെങ്കിലും ഹിമ ഒന്നും പറഞ്ഞില്ല… സേതു തിരികെ അകത്തു വന്നിരുന്നു… ക്ലോക്കിലേക്ക് നോക്കി… സമയം പതിനൊന്നിനോട്‌ അടുത്തിരുന്നു… അവർക്ക് മനസ്സിൽ എന്തോ അനിഷ്ടം നടക്കാൻ പോകുന്നത് പോലെ തോന്നി. കുറച്ചു കഴിഞ്ഞതും മുറ്റത്തു ബൈക്ക് വന്നു നിൽക്കുന്ന ശബ്ദം കേട്ടു. അവർ വേഗം ചെന്നു വാതിൽ തുറന്നു… പാറി പറന്നു കിടക്കുന്ന മുടിയും കണ്ണും മുഖമെല്ലാം ആകെ ചുവന്ന് കിച്ചു നിൽക്കുന്നു… മകന്റെ കോലം കണ്ട് അവർ പരിഭ്രമിച്ചു.

“എന്താ മോനെ? ” അവൻ ഒന്നും പറയാതെ മുഖം കുനിച്ചു… “കുടിച്ചിട്ടുണ്ടോ നീ… ” “അങ്ങനെ തോന്നുന്നുണ്ടോ അമ്മയ്ക്ക്? ” അവൻ ഇടർച്ചയോടെ തിരക്കി… “എന്താ മോനെ നിനക്ക് പറ്റിയത്? ” “ഒന്നും പറ്റിയില്ല എന്റെ സേതുലക്ഷ്മിയമ്മേ… ” അവൻ അമ്മയെ ചേർത്തു പിടിച്ച് പറഞ്ഞു… അവൻ മദ്യപിച്ചിട്ടൊന്നും ഇല്ലെന്ന് അവർക്ക് മനസ്സിലായി. “അവൾ ഇല്ലേ മുറിയിൽ? ” അവൻ തിരക്കി… “ഉം… നിങ്ങൾക്കൊക്കെ എന്തു പറ്റിയതാ മക്കളെ… അമ്മയ്ക്ക് ഒന്നും മനസിലാകുന്നില്ല… ” “എനിക്കും ചിലരെ ഇപ്പോഴാണ് മനസിലാകുന്നത് അമ്മേ… മനസ്സിൽ ഒന്നും ഒളിച്ചു വെക്കാതെ എന്നെ സ്വന്തം എന്നു കരുതി സ്നേഹിക്കാൻ എന്റെ അമ്മ മാത്രമേയുള്ളൂ എനിക്ക്… ” എന്നു പറഞ്ഞ് അമ്മയെ കെട്ടിപ്പിടിച്ച് അവൻ അമ്മയുടെ തോളിൽ മുഖം ചേർത്തു വെച്ചു… അവന്റെ മിഴികൾ നിറഞ്ഞ് ഒഴുകി… എന്തിനെന്നു അറിയാതെ സേതുവിന്റെയും……. .തുടരും

പുതിയൊരു തുടക്കം: ഭാഗം 8

Share this story