ചങ്കിലെ കാക്കി: ഭാഗം 2

ചങ്കിലെ കാക്കി: ഭാഗം 2

നോവൽ: ഇസ സാം

വൈകിട്ട് ഹോസ്റ്റലിൽ എത്തി…… പെട്ടിയും എടുത്തു നാട്ടിലേക്ക് വിട്ടു…ഒപ്പം അനുവിനെയും കൂട്ടി…… “എന്നാലും വൈഗേ …… നിൻ്റെ എസ.ഐ ചേട്ടൻ ആദ്യായിട്ട് കോളേജിൽ വന്നിട്ട്….. ഒന്നും പറഞ്ഞില്ല..?…..ഒന്ന് റൈഡിനു പോകാൻ പോലൂം‌ വിളിച്ചില്ലാ ……?.” എൻ്റെ ദേവി എത്രാമത്തെ തവണയാ ഈ തരുണി എന്നോടിത് ചോദിക്കണേന്നു അറിയ്യോ ….. “ഇല്ലാ…ഇല്ലാ …. ഇത് വഴി പോയപ്പോൾ ഒന്ന് കയറി…അത്രേയുള്ളു……ഇനി ഒരു തവണയും കൂടി നീ ഈ ചോദ്യം ചോദിച്ചാലുണ്ടല്ലോ….?” ഞാൻ അവളെ നേരെ നോക്കി കണ്ണുരുട്ടി…… അവൾ എന്നെ നോക്കി ചുണ്ടുകോട്ടി തിരിഞ്ഞിരുന്നു…… ബസ്സിറങ്ങി ഞങ്ങൾ നടന്നപ്പോൾ തന്നെ കണ്ടു ജനപ്രിയനായ എൻ്റെ അച്ഛൻ ഉദയഭാനുവിന്റെ അനുഭാവികൾ….

ഞങ്ങളുടെ വലിയ കുടുംബത്തിന്റെ വകയിലെ ബന്ധുക്കളും പരിചയക്കാരും …… “എത്തിയല്ലോ….കല്യാണപ്പെണ്ണ് ……. വൈകിയോ……?” “എത്തിയോ….. അച്ഛനിപ്പോ പോയതേയുള്ളു……..” “മോള് ക്ഷീണിച്ചുവല്ലോ……..?” “മോൾക്ക് ഒരാഴ്ച മുന്നേ എത്തായിരുന്നില്ലേ ……?” ഇങ്ങനെ ഒരു നൂറു ചോദ്യങ്ങളായിരുന്നു…… എല്ലാരോടും അവരുടെ താളത്തിനൊത്തു ഞാനും മറുപടി പറഞ്ഞു നടന്നു……. “വൈഗേ ……നീ രാഷ്ട്രീയത്തിൽ ഇറങ്ങുന്നതാവും നല്ലതു…….അത്രയ്ക്ക് ജനസമ്മിതിയുണ്ടേ …….” അനുവാണ്…… എന്നെ ആക്കിയതാണ്…..ഞാനും തിരിച്ചു അതെ സ്വരത്തിൽ പറഞ്ഞു….. “എനിക്ക് അങ്ങനൊരു പ്ലാൻ ഉണ്ടെടീ….അതുകൊണ്ടല്ലേ ഞാൻ ബുദ്ധിപരമായി ആ കാക്കിയെ തന്നെ കെട്ടുന്നേ……”

അങ്ങനെ ഞാൻ ഞങ്ങളുടെ വഴിയിലേക്ക് തിരിഞ്ഞു……ദൂരെ നിന്ന് തന്നെ പന്തലും വലിയ അക്ഷരത്തിൽ എഴുതിയ വധു വരന്മാരുടെ പേരുകൾ കണ്ടു…… വൈഗ വെഡ്സ് അർജ്ജുനൻ ……….. അയ്യേ !!!!!! ഈ അച്ഛനോട് ഞാൻ പറഞ്ഞതാ ഈ അവസാനത്തെ എൻ വേണ്ടാ എന്ന്….. ഞാൻ വേഗം മുന്നോട്ടു നടന്നു…… പന്തലുകാരൻ ശങ്കരൻ ചേട്ടൻ ഉണ്ടായിരുന്നു….. “ശങ്കേരേട്ടാ …… ആ പേര് തെറ്റാ…അത് മാറ്റണം ……..” “ആ കുഞ്ഞു എത്തിയോ……..? ഏതു അക്ഷരതെറ്റാണോ…..” “അതേ ….അർജുനൻ അല്ലാ….അർജുൻ ……അങ്ങനാ…..” ഞാൻ പേരുകൾ ചൂണ്ടി പറഞ്ഞു….. “കല്യാണക്കുറിയിൽ അങ്ങാനായിരുന്നില്ലല്ലോ ……?” “അതൊക്കെ തെറ്റാ…. ഇനി മുതൽ അർജുൻ…അതാണ്……..”

ഞാൻ കൃത്രിമ ഗൗരവത്തിൽ പറഞ്ഞു….. “ഇപ്പോഴേ ഭരണം തുടങ്ങിയോ ലച്ചൂ ……..” അച്ഛനാണ്….. ചിരിച്ചു കൊണ്ട് നടന്നു വരുന്നു…..ഞാൻ വേഗം അടുത്തേക്ക് ചെന്നു … അച്ഛൻ എന്നെ ചേർത്ത് നിറുത്തി….. “എന്തേ ൻ്റെ കുട്ടി വൈകിയേ ……?..” “ഞാൻ വൈകീട്ടൊന്നുമില്ല ഉദയഭാനു ……” അച്ഛൻ എന്നെ കൂർപ്പിച്ചു നോക്കി…… ഞാൻ അനുവിനെ അച്ഛന് പരിചയപ്പെടുത്തി……അവർ തമ്മിൽ ആദ്യായിട്ടാണ് കാണുന്നത്….. അപ്പോഴേക്കും വീട്ടിനുള്ളിൽ നിന്നും വൃന്ദയും ഇന്ദുവും എത്തി……എന്റെ അനിയത്തിമാരാണ്……ഒരാൾ ഡിഗ്രിക്ക് രണ്ടാം വർഷം ….അടുത്താൾ പ്ലസ്‌ടു …അച്ഛൻ ഒരു സര്ക്കാർ ഉദ്യോഗസ്ഥനായിരുന്നു……. എന്റെ ‘അമ്മ ലക്ഷമി ….. വിവാഹം കഴിഞ്ഞു അവർക്കു പത്തു വർഷത്തോളം കുഞ്ഞുങ്ങളില്ലായിരുന്നു….ഒരുപാട് പ്രാർത്ഥനകൾക്കും വഴിപാടിനും ശേഷം വൈഗ ലക്ഷ്മി ജനിച്ചു…..

അമൂല്യമായ നിധിയായിരുന്നു അവർക്കു ഞാൻ……. “ചേച്ചീ……. ഞങ്ങൾക്കും ചെയ്യണം ഫേഷ്യൽ….നാളെ ഒരു ദിവസമേ സമയം ഉള്ളു………..” വൃന്ദയാണ്…എന്റെ കയ്യിൽ നിന്ന് ബാഗും വാങ്ങി ചോദിക്കുന്നു….. “ചേച്ചിക്ക് നേരത്തെ വരായിരുന്നില്ലേ …….?.” പരിഭവത്തോടെ ഇന്ദുവും “അതിനെന്താടീ നാളെ ഒരു ദിവസം ഉണ്ടല്ലോ…..ഞാൻ ചെയ്തില്ലേലും…നിന്നെയൊക്കെ ഞാൻ സുന്ദരിമാരാക്കും…പോരെ……….” “ഇല്ലേൽ ചേച്ചിയുടെ ഹൽദിയും റിസെപ്ഷനും ഒക്കെ ഞങ്ങൾ കൊളമാക്കും……..” “അയ്യോഡീ…. ഞാൻ പേടിച്ചു പോയി……..” ഞാൻ കൃത്രിമ പേടി അഭിനയിച്ചു……. അവളുമാർ പൊട്ടിച്ചിരിച്ചു അനുവിനോടായി പറഞ്ഞു…… “ഈ സാധനം അവിടെയും ഇങ്ങനെ പിരി പോയി ആണോ നടക്കുന്നത്…….”

“ഏയ്……അവിടെ അവൾക്കു അങ്ങനൊരു സാധനമേയില്ല……….” അനുവാണ്…ഞങ്ങൾ പൊട്ടിച്ചിരിച്ചു കൊണ്ട് ഉമ്മറത്തേക്ക് എത്തിയതും കണ്ടു എന്നെ തുറിച്ചു നോക്കുന്ന രണ്ടു കണ്ണുകളെ…… ആ കണ്ണുകളിൽ അമർഷം നിറഞ്ഞിരുന്നു…എന്നെ നിഷേധിക്കാൻ പഠിപ്പിച്ചത് എവിടെയും എന്റെ അഭിപ്രായങ്ങൾ വെട്ടി തുറന്നു പറയാൻ ശീലിപ്പിച്ചത് എന്റെ നിലനിൽപ്പിനു വേണ്ടി പോരാടാൻ എനിക്ക് ഞാൻ മാത്രമേയുള്ളു എന്ന് തിരിച്ചറിവ് എനിക്ക് നേടി തന്നത് ഈ കണ്ണുകളാണ്… . രേവതി ചിറ്റ ……ചെറിയമ്മ……വൃന്ദയുടെയും ഇന്ദുവിന്റേയും ‘അമ്മ……എന്റെ അച്ഛന്റെ ഭാര്യ…… അപ്പൊ എൻ്റെ ‘അമ്മ എവിടെ എന്നാവും…….എനിക്കു ആറു മാസം ഉള്ളപ്പോൾ ഒരു അപകടത്തിൽ മരണപ്പെട്ടു…….

കുഞ്ഞായ എന്നെ നോക്കാനായി അച്ഛൻ രേവതി ചിറ്റയെ കല്യാണം കഴിച്ചു…… എന്നെ നോക്കാൻ വന്ന രേവതിചിറ്റയുടെ മക്കളെ ഞാൻ നോക്കണം മറ്റു പണികൾ ഒക്കെ ഞാൻ ചെയ്യണം എന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ മാറിയപ്പോൾ പിന്നെ ഞാൻ നിഷേധിയായി….. മുത്തവരെ ബഹുമാനം ഇല്ലാത്തവളായി….. പിരി പോയവളായി……. കെട്ടിലമ്മയായി…..എന്താ പറയുക….ഇപ്പൊ ഈ പറഞ്ഞതൊക്കെ സത്യമാണ്….. “തൃസന്ധ്യ നേരത്തെ അട്ടഹാസം……നേരത്തെ കാലത്തെ വീട്ടിൽ എത്തില്ല……നാട്ടുകാരെ കൊണ്ട് ഓരോന്ന് പറയിപ്പിക്കാൻ……..” എന്നെ നോക്കി തെല്ലുറക്കെ മുറുമുറുത്തുകൊണ്ടു ചിറ്റ അകത്തേക്ക് പോയി…അനു പകച്ചു നിന്നു…… ”

ചിറ്റേ …അങ്ങനങ്ങു പോയാലോ…….ഞങ്ങൾക്ക് വിശന്നിട്ടു വയ്യ….ഭക്ഷണം എടുത്തു വെചെക്കുട്ടോ ….ചായക്ക്‌ ചൂടാറാരുത്….കേട്ടോ……..?” ഞാൻ പിന്നിൽ നിന്ന് വിളിച്ചു പറഞ്ഞു….. “ഇതാണോ ചിറ്റ……..” അവൾ എന്നോടായി ചോദിച്ചു…… “അതേലോ ……. .” ഞങ്ങൾ വന്നു കുളിച്ചു വേഷം മാറി …….താഴേ അച്ഛനോടൊപ്പം എല്ലാരും ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചു….. ചിറ്റയും ഉണ്ടായിരുന്നു…. പുള്ളിക്കാരി മൗനമാണ്…ഞാൻ വാ തോരാതെ വർത്തമാനം പറഞ്ഞു…..വൃന്ദയും ഇന്ദുവും എന്റെ കുഞ്ഞിലേ അബദ്ധങ്ങളും അനു എൻ്റെ കോളേജിലെ അബദ്ധങ്ങളും ഒക്കെ പറഞ്ഞു ചിരിച്ചു……. “കോമാളികളുടെ കേളികൾ ഒരിക്കലും അവസാനിക്കില്ല….വീട്ടിലൊരെണ്ണം നല്ലതാ….. ഞങ്ങൾക്ക് ഇവളെ പോലെ …..

എപ്പോഴും ഇതുപോലത്തെ ഓരോ വിഢിത്തം എഴുന്നെള്ളിക്കും….അതുകേട്ട് മറ്റുള്ളവർക്ക് ചിരിക്കാലോ ..കുട്ടിയുടെ വീട്ടിലുണ്ടോ ഇങ്ങനെ ഒരു കോമരം ………” എന്നെ നോക്കി പുച്ഛം വാരി വിതറി ചിറ്റ പറഞ്ഞു. പുള്ളിക്കാരി കഴിച്ച പത്രം എടുത്തു കൊണ്ട് എഴുന്നേറ്റു…….എല്ലാരും പെട്ടന്ന് നിശബ്ദരായി……. അനു ദയനീയമായി എന്നെ നോക്കി……. വൃന്ദയും ഇന്ദുവും വേദനയോടെ എന്നെ നോക്കുന്നുണ്ട്……അച്ഛൻ നിശബ്ധനായിരുന്നു……അത് എന്നും അങ്ങനാണല്ലോ…… പക്ഷേ വൈഗ അങ്ങനല്ലാട്ടോ ……. എത്ര മുള്ളു കൊണ്ടാലും അതൊന്നും എന്റെ ഹൃദയത്തിൽ ആഴത്തിൽ പതിക്കാറില്ല……ഞാനും ചിറ്റയുടെ അതേ ഈണത്തിൽ പറഞ്ഞു . “അതേ……അനു …ഈ ലെച്ചുവിന്റെ കോമാളി തരങ്ങൾ ഇന്നും കൂടിയുള്ളു ഇവിടെ…….ഇനി മുതൽ ഇവിടെ രേവതി തമ്പുരാട്ടി എൻ്റെ ഈ ചിറ്റയുടെ തുള്ളൽ ആണ്……..

ആ ആട്ടം കണ്ടു നിശബ്ധരായി ഭക്ഷണം കഴിക്കുന്ന ഈ അച്ഛനും ഈ തരുണികളും……ശോകം ….” ചിറ്റ എന്നെ നോക്കി പല്ലിറുമ്മി വെട്ടി തിരിഞ്ഞു അകത്തേക്ക് പോയി….അതുകണ്ടപ്പൊ…എനിക്ക് എന്താ സുഖം…. അച്ഛനും ഒരു ചെറുചിരി വന്നിരുന്നു….അത് പുറത്തു കാട്ടാതെ ഇരുന്നു…… “ശെരിക്കും ചേച്ചി പോയാൽ ഇവിടെ ശോകമാവും……..” ഇന്ദുവാണ്‌….. “ചേച്ചി പോയാലും വരില്ലേ ….ഇതുപോലെ………” വൃന്ദയാണ്…… “സീൻ അത്രയ്ക്ക് ഡാർക്ക് ആയാൽ എന്നെ ഒന്ന് വിളിച്ചാൽ മതി….ഞാൻ ആ കാക്കിയുടെ ബുള്ളറ്റിൽ കയറി ഇങ്ങു എത്തില്ലേ …….” ഞാൻ ഒരു കണ്ണിറുക്കി പറഞ്ഞു………പക്ഷേ അപ്പോഴാണ് അച്ചനിരിക്കുന്ന കാര്യം ഓർത്തത്…അച്ഛൻ എന്നെ നോക്കി ചിരിയോടെ എഴുന്നേറ്റു കൈകഴുകി……

അവളുമാര് അപ്പോഴേക്കും എന്റെ അടുത്ത് സ്ഥാനം പിടിച്ചു……. “അപ്പൊ ബുള്ളറ്റിൽ ഒക്കെ കറക്കം ഉണ്ട് അല്ലേ …………? കൊച്ചു കള്ളി……..” ഞാൻ പകച്ചു പണ്ടാരമടങ്ങി പോയി……പിന്നെ അവളുമാർ ആരംഭിച്ചില്ലേ ……സിനിമയ്ക്ക് പോയോ …….ബീച്ചിൽ പോയോ …….ഒരേ സ്ഥലം…കോളേജും അവിടെയാണല്ലോ…..ഇതുവരെയും ഞങ്ങൾ കണ്ടിട്ടില്ല എന്ന സത്യം പറഞ്ഞിട്ട് അവളുമാർ വിശ്വസിച്ചില്ല…ഒടുവിൽ ഞാൻ എന്റെ ഭാവനയിൽ ഞങ്ങൾ അവിടെ പോയി ഇവിടെപോയി എന്നൊക്കെ തട്ടിവിട്ടു….മനപൂർവ്വമല്ല….സത്യത്തിനു ഒരു വിലയും ഇല്ലാ …..അനു ഉറക്കം വരുന്നു എന്ന് പറഞ്ഞു നേരത്തെ പോയികിടന്നു . ചിറ്റ വന്നു വഴക്കു പറഞ്ഞപ്പോൾ അവളുമാരും പോയികിടന്നു …ഞാൻ മാത്രം മുകളിൽ ബാൽക്കണിയിൽ ഇരുന്നു……വെറുതെ ആകാശത്തേക്ക് നോക്കിഇരുന്നു……

. കുട്ടിക്കാലത്തും ഞാൻ ഇങ്ങനെ നോക്കി ഇരിക്കാറുണ്ട്….. പക്ഷേ പിന്നെപ്പോഴോ ഇരുട്ട് എനിക്ക് ഭയമായിരുന്നു……. രാത്രികൾ ഭയമായിരുന്നു…ഒറ്റയ്ക്ക് കിടക്കാനും ഭയമായിരുന്നു…വൃന്ദ മൂന്നിൽ ഒക്കെ ആയപ്പോഴായിരുന്നു അവളും എന്റൊപ്പം കിടക്കാൻ വന്നത്…..എന്നാലും ചില ദിവസങ്ങളിൽ അവളും പോയി അച്ഛനോടും ചിറ്റയോടും ഒപ്പം കിടക്കാറുണ്ട്…. പക്ഷേ എനിക്കാ മുറിയിൽ കയറാൻ ഒരുപാട് കൊതി ഉണ്ടായിരുന്നു……പക്ഷേ ഞാൻ കയറാറില്ല….എപ്പോഴൊക്കെ അവിടെ കിടണോ അപ്പോഴൊക്കെ ..ചിറ്റയ്ക്കതു ഇഷ്ടല്ലായിരുന്നു….. ഇരുട്ടത്ത് എന്നെ പിച്ചുമായിരുന്നു…അച്ഛനറിയാതെ …….ആ ഓർമ്മകൾ എന്റെ കാഴ്ചകൾക്ക് മങ്ങലേൽപ്പിച്ചു…….. “ലച്ചൂ …..” അച്ഛനാണ് …… ഞാൻ പെട്ടന്ന് തിരിഞ്ഞു…….

അച്ഛൻ വന്നു എനിക്കൊപ്പം ഇരുന്നു……. “അച്ഛനെന്താ ഉറങ്ങാത്തെ ……?” അച്ചൻ നിശ്ശബ്ദനായിരുന്നു…….ഇരുട്ടിലും ആ കണ്ണുകളിൽ തിളക്കം ഉണ്ടായിരുന്നു….. “അച്ഛനറിയാം എൻ്റെ കുട്ടിക്ക് ഞാൻ ഒരു നല്ല അച്ചനായിരുന്നില്ലാ എന്ന്…… നിൻ്റെ ഒറ്റപെടലുകൾ ഞാൻ കാണുന്നുണ്ടായിരുന്നു…….പക്ഷേ എന്തോ ഞാൻ ഇങ്ങനായിപ്പോയി……. ക്ഷെമിക്കു…..മാത്രമല്ല നിനക്കു അടുത്ത് തന്നെ വൃന്ദയും വളർന്നു…..അവൾടെയും നമ്മുടെ അപ്പുവിന്റെയും കല്യാണം ഉടനെ നടത്തണം…ജാതകവശാൽ ഇപ്പോഴാണ് സമയം . ആദ്യം അത് നടത്തിയാൽ ൻ്റെ ലെച്ചു നിന്ന് പോകും….അച്ഛന് എന്തെങ്കിലും പറ്റിയ്ച്ചാൽ ആരും ഉണ്ടാവില്ല എന്റെ കുട്ടിക്ക്…..

അതുകൊണ്ടാ അച്ഛൻ കല്യാണത്തിന് ശാട്യം പിടിച്ചത്………. ..” ആ ശബ്ദം ഇടറുന്നുണ്ടായിരുന്നു……ഞാൻ അച്ഛന്റെ തോളിലേക്ക് ചാരി…….. “അച്ഛൻ ഒരു പരാജയമാണ് …. ” അച്ഛൻ നെടുവീർപ്പെട്ടു. ” അത് അമ്മയില്ലാത്ത കുട്ടികളുടെ നിർഭാഗ്യമാണ്‌ അച്ഛാ…അച്ഛന്റെ പരാജയമല്ലാ …. സാരമില്ല……. ലച്ചു നല്ല ബോൾഡ് ആണ്…….എനിക്ക് ആരും വേണ്ടാട്ടോ….ഞാൻ മാത്രം മതി………” എന്റെ ശബ്ദത്തിൽ ഇത്രയും കാലം ഞാൻ നേടി എടുത്ത ആത്മവിശ്വാസം ഉണ്ടായിരുന്നു…… “പോരാ……. ഇനി ൻ്റെ വൈഗ ലെക്ഷ്മിയോടൊപ്പം അർജുനനും വേണം……..അവൻ നല്ല .പയ്യനാ…… നല്ല പക്വത യും വിവേകവുമുള്ളവൻ……..

എൻ്റെ കുട്ടിക്ക് ഇതിലും നല്ലൊരു ചെക്കെനെ കിട്ടില്ല….” ആ പേര് കേട്ടപ്പോൾ തന്നെ എന്റെ മനസ്സിലേക്ക് ഓടി വന്നത് എന്നെ തവളക്കണ്ണീ എന്ന് വിളിച്ചു അമർഷത്തോടെ നോക്കി പല്ലുകടിച്ച ആ കാക്കിയെയാണ്….. ഇന്നുരാത്രി ഒളിചോടി പോയ്ക്കൊള്ളണം എന്ന് പറഞ്ഞ അർജുനനാണ് വിവേകം….. പക്വത…….ഈശ്വരാ…….ഞാൻ അച്ഛനെ സഹതാപത്തോടെ നോക്കി…….അച്ഛൻ ഒരു പരാജയം തന്നെ ……… ഇസ സാം

ചങ്കിലെ കാക്കി: ഭാഗം 1

Share this story