ദാമ്പത്യം: ഭാഗം 18

ദാമ്പത്യം: ഭാഗം 18

എഴുത്തുകാരി: തുഷാര ലക്ഷ്മി

“” മറുപടി ഞാൻ പറഞ്ഞാൽ മതിയോ.?? “” ഞെട്ടി തിരിഞ്ഞു നോക്കുമ്പോൾ കണ്ടു കുളത്തിലെ പടികൾക്ക് മുകളിൽ സംഹാര രുദ്രനായി നിൽക്കുന്ന അഭിയേട്ടനെ…. പാഞ്ഞിറങ്ങി വരുന്ന അഭിയേട്ടനെ കണ്ടപ്പോൾ മനസ്സിൽ ആശ്വാസം നിറഞ്ഞു…. പക്ഷേ നിമിഷ അഭിയെ അവിടെ പ്രതീക്ഷിച്ചില്ലായിരുന്നു…. ആരും അറിയാതിരിക്കാനാണ് കുളം കാണാനെന്ന വ്യാജേന ഇവിടേയ്ക്ക് വന്നത്…അവളെ നാണംകെടുത്തണം…ഇന്നലെ തന്നെ കൈ നീട്ടി അടിച്ചതിനുള്ള ശിക്ഷ….. അതിനാണ് സിനിയേയും അനുപമയേയും വിളിച്ചത്… കാര്യമറിഞ്ഞപ്പോൾ രണ്ടുപേരും സമ്മതിച്ചു…..

അവർ വരുന്നുണ്ടെന്ന് പറഞ്ഞപ്പോൾ അരവിന്ദേട്ടനാണ് പറഞ്ഞത് ശ്യാമിയേയും വിശാലിനേയും പുതിയ ബ്രാഞ്ച് മാനേജർ ശ്രീറാമിനേയും കൂടി വിളിക്കാമെന്ന്… ഓർത്തപ്പോൾ അത് കൊള്ളാമെന്ന് തോന്നി.. കാണാൻ കൂടുതൽ ആളുണ്ടെങ്കിൽ അവൾ കൂടുതൽ വേദനിക്കില്ലേ…. അങ്ങനെയാണ് രാവിലെ തന്നെ എല്ലാവരെയും വിളിച്ചത്…. അവധിദിനം ആയതുകൊണ്ട് എല്ലാവരും സമ്മതിച്ചു… പക്ഷേ അപ്പോഴാണ് അഭി രാവിലെ അവളുമായി പുറത്ത് പോകുന്നത്… ഉച്ചയ്ക്ക് വരുമെന്ന് കരുതി… കാണാത്തതുകൊണ്ടാണ് മാനേജർ പുതിയ ആളാണ് അവർക്ക് കാണണം എന്ന് പറഞ്ഞു അമ്മയെ കൊണ്ടവരെ വിളിപ്പിച്ചത്…… വീണയും കൃഷ്ണയും ഉള്ളതുകൊണ്ട് അമ്മ അത് വിശ്വസിച്ചു അവരെ തിരിച്ചു വിളിച്ചു…..

പ്ലാൻ ചെയ്ത പോലെ എല്ലാം ഒത്തു വന്നതായിരുന്നു…… അതാണിവൻ നശിപ്പിച്ചത്…. അഭിയോടുള്ള അമർഷം മനസ്സിൽ നിറയുമ്പോഴും അവന്റെ മുഖഭാവം കണ്ട് നിമിഷയ്ക്കു ഭയം തോന്നി…… ബാക്കിയുള്ളവരുടെ അവസ്ഥയും അതുപോലെ തന്നെയായിരുന്നു…… അത്രമേൽ രൗദ്ര ഭാവത്തോടെ നിൽക്കുകയായിരുന്നു അഭി… “” പറയെടി……നിനക്ക് ഞാൻ മറുപടി തന്നാൽ മതിയോ എന്ന്?? “” അവന്റെ ചുവന്ന പിടയ്ക്കുന്ന കണ്ണുകളിലേക്ക് നോക്കാൻ സിനിക്ക് പേടി തോന്നി… “” അ…അത്…..ഞാൻ….വെ….വെറുതെ… “” സിനി മറുപടി പറയാൻ കഴിയാതെ തപ്പിത്തടഞ്ഞു…. “” നീ എന്തിനാണ് അഭി അവളോട്‌ ദേഷ്യപ്പെടുന്നത്…..?? ഞങ്ങളിവിടെ കാര്യം പറഞ്ഞ് ഇരിക്കുകയായിരുന്നു…… “”

നിമിഷ കൂട്ടുകാരിയുടെ രക്ഷയ്ക്കെത്തി…. “” നിങ്ങൾ മിണ്ടരുത്….. ഞാൻ ദേ..ഇവളോടാണ് സംസാരിക്കുന്നത്…… ഇടയിൽ കയറി സംസാരിക്കരുത്…… നിങ്ങൾക്കുള്ളത് പിന്നെ… “” അഭി നിമിഷയെ നോക്കി രൂക്ഷമായി പറഞ്ഞു വീണ്ടും സിനിയ്ക്ക് നേരെ തിരിഞ്ഞു…… “” എന്തായിരുന്നു ഇവിടെ…?? സത്യം മാത്രമേ പറയാവൂ ….. ഞാൻ ഇവിടെ വന്നതേയുള്ളൂ….നിന്റെ ചോദ്യം മാത്രമേ ഞാൻ കേട്ടുള്ളൂ……എന്താണ് നിങ്ങൾ ശ്രീയോട് പറഞ്ഞത്……?? “” ആര്യ ഈ സമയമെല്ലാം അഭിയെ നോക്കിനിൽക്കുകയായിരുന്നു….. “” ഞാൻ പറയാം അഭി…..”” വീണ ചേച്ചി ആണത് പറഞ്ഞത്…… അപ്പോഴേക്കും ബഹളം കേട്ട് അകത്തുള്ളവർ അവിടേക്ക് എത്തിയിരുന്നു…..

കൈ പിടിച്ചു നിൽക്കുന്ന അഭിയേയും, പേടിച്ചു നിൽക്കുന്ന നിമിഷയേയും കൂട്ടുകാരികളെയും കണ്ട് എല്ലാവരുമൊന്നു ഞെട്ടി….. “” എന്താ അഭി….?? എന്താ പ്രശ്നം..?? “” ശേഖരൻ പടിയിറങ്ങി അഭിയുടെ അടുത്തേക്ക് ചെന്നു…… “” ഞാൻ പറയാം അച്ഛാ…… അതിനു മുൻപ് വീണ ചേച്ചി……. ചേച്ചി പറയാൻ വന്നത് പറയൂ… എല്ലാവരും കേൾകട്ടെ…… “” വീണ ശ്യാമിനെ ഒന്നു പാളി നോക്കി…… പിന്നെ നിമിഷയും സിനിയും കൂടി ആര്യയെ അപമാനിച്ച കാര്യം പറഞ്ഞു……. അരവിന്ദിന്റെ ഒഴിച്ച് എല്ലാവരുടെയും മുഖമിരുണ്ടു…… അഭി ദേഷ്യം കൊണ്ട് വിറച്ചു നിൽക്കുകയായിരുന്നു…… അവൻ ഒരു നിമിഷം കണ്ണടച്ചു നിന്നു…… “”ആരുടെ പ്ലാൻ ആയിരുന്നു…..?? എന്തിനു വേണ്ടി നീ ഈ വേഷമാടിയത്…….??

സത്യം പറഞ്ഞില്ലെങ്കിൽ നിന്നെ ഞാൻ ഈ കുളത്തിൽ മുക്കി കൊല്ലും….. “” ഒരു നിമിഷം സിനിയ്ക്കു തോന്നി ഇനിയും സത്യം പറയാതിരുന്നാൽ അവനത് ചെയ്യുമെന്ന്…… വിറച്ചു വിറച്ചു അവൾ നിമിഷ വിളിച്ചതും , ആര്യയെ നാണംകെടുത്താൻ തീരുമാനിച്ചതുമെല്ലാം പറഞ്ഞു…… എല്ലാം കേട്ട് ഏറ്റവും ഞെട്ടിയത് അരവിന്ദായിരുന്നു…… നിമിഷ ഇത്രയും മോശമായി ചിന്തിക്കും എന്നവൻ വിചാരിച്ചിരുന്നില്ല….. അഭി നിമിഷയുടെ അടുത്തേക്ക് ചെന്ന് അവളെ രൂക്ഷമായി നോക്കി…… “” നിങ്ങൾക്ക് അന്തസ്സ് എന്താണെന്നറിയാമോ….?? അഭിമാനം എന്താണെന്നറിയാമോ…..?? ജീവനേക്കാൾ വിലയുണ്ടതിന് …….ആത്മാഭിമാനമുള്ള ഒരു പെണ്ണിന്റെ മനസ്സറിയാമോ നിങ്ങൾക്ക്…….??

ഞാൻ ഈ പറഞ്ഞതെല്ലാം ബോധ്യമുള്ളവളാണ് ശ്രീ…….. അതുകൊണ്ടാണ് തന്നെ വേണ്ടാത്ത, തന്നെ ചതിച്ച ഭർത്താവിനെ അയാളുടെ കള്ള കാമുകിക്ക് തന്നെ വിട്ടുകൊടുത്തത്…… അവൾ അന്തസ്സും,ആത്മാഭിമാനവും ഉള്ളവളായതുകൊണ്ടാണ് എന്റെ ചേട്ടൻ കെട്ടിയ താലി നിങ്ങളുടെ കഴുത്തിൽ കിടക്കുന്നത്….. ആ നിങ്ങൾ എന്തിനാണ് അവളെ ഇങ്ങനെ ദ്രോഹിക്കാൻ നടക്കുന്നത്…..?? എന്ത് യോഗ്യതയുണ്ട്‌ നിങ്ങൾക്കു ഇവളുടെ മുന്നിൽ നിൽക്കാൻ….?? ഇവളുടെ ജീവിതം തട്ടിപ്പറിച്ചെടുത്ത് നാണംകെട്ട് ജീവിക്കുന്ന നിങ്ങൾ പിന്നെയും എന്തൊക്കെയാണ് ഈ കാട്ടിക്കൂട്ടുന്നത്……?? എന്തായാലും ചെയ്തതൊക്കെ എനിക്കങ്ങു ബോധിച്ചു…..

ശ്രീയുടെ കയ്യിൽ ചൂട് വെള്ളം ഒഴിച്ചതിന്റെ അന്നു ഞാൻ നിങ്ങളോടു പറഞ്ഞതാണ് ഇവളെ വിട്ടേക്കാൻ…കേട്ടില്ല നിങ്ങൾ…. ഇതിപ്പോൾ നിങ്ങളെ അടിച്ചതിന്റെ പ്രതികാരം അല്ലേ..??? ആ അടി പക്ഷേ ആരും കണ്ടില്ലല്ലോ ….. ഇപ്പോൾ നിങ്ങളായി തന്നെ കാണികളെ വിളിച്ചുകൂട്ടിയ സ്ഥിതിക്ക് വെറുതെ അവരെ നിരാശപ്പെടുത്തേണ്ട……. നിങ്ങൾ ചെയ്ത പ്രവർത്തിക്കു അടിച്ചു കരണം പുകയ്ക്കുകയാണ് വേണ്ടത്…… പക്ഷേ സ്ത്രീകളുടെ ദേഹത്തു കൈ വെയ്ക്കുന്നവനല്ല ഞാൻ……. അങ്ങനെ ഒരു ഹീറോ അല്ല അഭി……. നിങ്ങൾ ആരെയാണോ വേദനിപ്പിച്ചത് അവൾ തന്നെയാണ് നിങ്ങളെ ശിക്ഷിക്കേണ്ടത്…… “” “” അഭി….നീ എന്താണ് ചെയ്യാൻ പോകുന്നത്….??? നിമിഷ എന്റെ ഭാര്യയാണ്……

നീയും നിന്റെ ഭാര്യയും കൂടി അവളുടെ ദേഹത്തു കൈവെക്കാൻ പോകുവാണോ…?? ഞാനതിനു സമ്മതിക്കുമെന്ന് നീ കരുതുന്നുണ്ടോ….???? “” അരവിന്ദ് അഭിയുടെ നേരെ ചീറി…. “” മിണ്ടാതെ വായടച്ചു നിൽക്കെടാ….. നിന്റെ ഭാര്യ ചെയ്ത തെറ്റിനെ പറ്റി എന്തെങ്കിലും ഒരു വാക്ക് നീ പറഞ്ഞോ… അവൾക്ക് ആരെയും വേദനിപ്പിക്കാമല്ലേ?? തിരിച്ച് അവൾക്ക് വേദനിക്കാൻ പോകുന്നു എന്ന് കണ്ടതും അവൻ ചോദിക്കാൻ വരുന്നു…… മിണ്ടാതെ നിന്നോളണം….. ഇനി വാ തുറന്നാൽ നിന്റെ ചെകിടടിച്ചു പൊട്ടിക്കും ഞാൻ…. നാണമില്ലാത്തവനേ…. “” ശേഖരൻ മകനെ ദേഷ്യത്തോടെ നോക്കി പറഞ്ഞു…. അരവിന്ദ് വല്ലാതെ ചൂളി പോയിരുന്നു… കൂട്ടുകാരുടെയും മേലുദ്യോഗസ്ഥന്റേയും മുന്നിൽ തല കുനിച്ചു നിന്നു അവൻ…. ആദ്യമായി അവന് നിമിഷയോട് ദേഷ്യം തോന്നി…

അവൾ കാരണമാണ് തനിക്ക് ഈ നാണക്കേട് ഉണ്ടായതെന്നോർത്ത്…… അഭി ഇതൊന്നും ശ്രദ്ധിക്കാതെ ആര്യയുടെ കൈപിടിച്ച് നിമിഷയുടെ മുന്നിൽ കൊണ്ടു നിർത്തി…. ഇപ്പോൾ നിമിഷ, ആര്യ നിൽക്കുന്ന പടിയ്ക്ക് ഒരു പടി താഴെ നേർക്കു നേർ നിൽക്കുകയാണ്…… “” ശ്രീ…കൂടുതൽ പറയണ്ടല്ലോ… തെറ്റ് ചെയ്തവർ അതിന്റെ ശിക്ഷ അനുഭവിക്കണം….. നിന്നോട് ചെയ്തതിന് എന്താണോ കൊടുക്കേണ്ടത് അത് ഒട്ടും കുറയാതെ കൃത്യമായി അങ്ങ് കൊടുത്തേക്ക്…. “” ആര്യ ആദ്യം ഒന്നറച്ച് പോയി….കണ്ണടച്ച് ശ്വാസം ഒന്ന് ആഞ്ഞു വലിച്ച് ഒരു നിമിഷം നിന്നവൾ…. പതിയെ ആത്മവിശ്വാസം നിറഞ്ഞു ആ മുഖത്ത്……. നിമിഷ അവളെ നോക്കാതെ അരവിന്ദിനെ നോക്കി നിൽക്കുകയാണ്….അരവിന്ദിന്റെ മുഖത്തു പക്ഷേ അവളോടുള്ള ദേഷ്യം മാത്രമായിരുന്നു …..

കൂട്ടുകാരുടെയും മേലുദ്യോഗസ്ഥന്റേയും മുന്നിൽ വച്ചുണ്ടായ നാണക്കേട് അവനെ അത്രമാത്രം ഉലച്ചിരുന്നു…… ആര്യ കണ്ണുകൾ തുറന്ന് നിമിഷയെ നോക്കി ഒരു നിമിഷം നിന്നു…പതിയെ ഒന്ന് ചിരിച്ചു…. അടുത്ത നിമിഷം അവളുടെ വലത്കൈ നിമിഷയുടെ ഇടതു കവിളിൽ ഊക്കോടെ പതിച്ചു…അടിയുടെ ശക്തിയിൽ നിമിഷ പിന്നിലേയ്ക്ക് വേച്ച് വീഴാൻ പോയി….കുളത്തിൽ വീഴാതെ ആര്യ അവളുടെ വലത് കൈയ്യിൽ പിടിച്ചു നിർത്തി… ഒരു നിമിഷം അരവിന്ദ് കണ്ണുകൾ ഇറുക്കിയടച്ചു…… ആര്യ അടിച്ചത് നിമിഷയെ ആണെങ്കിലും അത് കൊണ്ടത് തന്റെ കരണത്താണ് എന്നവന് തോന്നി….. ജീവിതത്തിൽ നേരിട്ട ഏറ്റവും വലിയ നാണക്കേട്….. താനാൽ ഉപേക്ഷിക്കപെട്ടവൾ താൻ ചേർത്തുനിർത്തിയവളെ തല്ലിയിരിക്കുന്നു….അതും തന്റെ മുൻപിൽ വെച്ച്…….

ഒന്നും ചെയ്യാൻ പറ്റാതെ താൻ … ഇതിനേക്കാൾ വലിയൊരു തോൽവി ഇനി തനിക്കു വരാനില്ല… ആരെയും നോക്കാതെ അവൻ തലതാഴ്ത്തി നിന്നു… അത്രമേൽ നാണക്കേട് അനുഭവപ്പെട്ടു അവന്….. ഇന്നലെ കിട്ടിയ അടിയുടെ കൂടെ ഇന്നത്തേത് കൂടിയായപ്പോൾ നിമിഷയ്ക്ക് കവിൾ നീറി പുകയും പോലെ തോന്നി…… അവളുടെ നോട്ടം ആദ്യം പോയത് അരവിന്ദിലേക്കാണ്….. അവൻ പക്ഷേ തലതാഴ്ത്തി നിൽക്കുന്നു… അതവളിൽ ദേഷ്യം നിറച്ചു…രക്ഷിക്കാതെ തന്നെ തല്ലുന്നത് അവൻ നോക്കി നിന്നത് അവളെ തളർത്തി…. പതിയെ മുഖമുയർത്തി എല്ലാവരെയും നോക്കി… എല്ലാ മുഖങ്ങളിലും പരിഹാസം മാത്രമാണെന്നവൾക്ക് തോന്നി…. ആരുമില്ല തനിക്ക് വേണ്ടി സംസാരിക്കാൻ….

അരവിന്ദ് കൂടി തന്നെ തള്ളി പറഞ്ഞ പോലെ.. നാണക്കേടും സങ്കടവും കാരണം നിമിഷയുടെ കണ്ണുനിറഞ്ഞു…. ആരെയും നോക്കാതെ അവൾ ആ പടിക്കെട്ടിൽ മെല്ലെയിരുന്നു…. അഭി സിനിയ്ക്ക് നേരെ തിരിഞ്ഞു… “” തൽക്കാലം നിന്നെ ഞാൻ ഒന്നും ചെയ്യുന്നില്ല…… പക്ഷേ വെറുതെ വിട്ടു എന്ന് കരുതണ്ട….കഴിഞ്ഞ ആഴ്ച നീ കൺസൾട്ട് ചെയ്ത ഗൈനക് സാന്ദ്ര ഫിലിപ്പ് എന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ്….. എന്തിനാ നീ അവരെ കണ്ടത് എന്നതിന്റെ ഫുൾ ഡീറ്റെയിൽസ് ഞാൻ നിന്റെ വീട്ടിൽ അറിയിച്ചു കൊള്ളാം….. “” സിനിയുടെ കണ്ണിൽ ഭീതി നിറഞ്ഞു… എല്ലാം അഭിക്ക് അറിയാം എന്നറിഞ്ഞതിൽ അവൾക്ക് ജാള്യത തോന്നി… അതിനേക്കാൾ അത് വീട്ടിൽ അറിഞ്ഞാൽ ഉള്ള സ്ഥിതി ഓർത്തപ്പോൾ അവൾ വിറച്ചു പോയി… “” മേലിൽ നിന്നെ ഈ വീട്ടിൽ കണ്ടുപോകരുത്… ഇറങ്ങി പോടീ….. “”

അഭിയുടെ അലർച്ചയാണവളെ ബോധത്തിലേക്ക് കൊണ്ടു വന്നത്….. തലതാഴ്ത്തി പിടിച്ച് അവൾ അവിടെ നിന്നും കയറി പോയി…… നിമിഷയെ ഒന്ന് നോക്കി അനുപമയും സിനിക്ക് പുറകെ പോയി….. തന്നെത്തന്നെ നോക്കി നിൽക്കുന്ന ആര്യയെ അഭി ചേർത്തു പിടിച്ചു…… “” പോട്ടെ സാരമില്ല….. ഞാനില്ലേ….. “” അവനവളുടെ നെറ്റിയിൽ നെറ്റി മുട്ടിച്ചു കുറച്ചു സമയം നിന്നു…. അവളെ ചേർത്തുപിടിച്ചു കൊണ്ടുതന്നെ പടികൾ കയറി….. ശ്യാമിനേയും വിശാലിനേയും ഒന്ന് നോക്കി അരവിന്ദിനടുത്തേയ്ക്ക് നടന്നു……. “” എങ്ങനെയാ ചേട്ടാ നിങ്ങൾക്കിത്രയും ക്രൂരനാകാൻ കഴിഞ്ഞത്…ചേട്ടൻ ഇങ്ങനെ ഒന്നുമായിരുന്നില്ല…..എന്ന് മുതലാണ് നിങ്ങളിത്ര സ്വാർത്ഥനായി പോയത്…ഒരു പെണ്ണിനെ ചതിച്ചു…..

അവളെ വേദനിപ്പിക്കാവുന്നതിന്റെ അങ്ങേയറ്റം വേദനിപ്പിച്ചു…കറിവേപ്പില പോലെ അവളെ വലിച്ചെറിഞ്ഞു…ഇഷ്ട്ടപെട്ടവളെ സ്വന്തമാക്കി…..എന്നിട്ടും തീരാത്ത എന്ത് പകയാണ് ചേട്ടാ നിങ്ങൾക്കിവളോട് ….ചേട്ടനാണെന്ന് പറയാൻ പോലും എനിക്ക്……. “” അഭി വേദനയോടെ പൂർത്തിയാക്കാതെ പറഞ്ഞു നിർത്തി…..ആര്യയുടെ കൈ പിടിച്ചു നടന്നു നീങ്ങുന്ന അഭിയെ നിർവികാരതയോടെ അവൻ നോക്കി നിന്നു… ശ്രീറാം അരവിന്ദിനെ രൂക്ഷമായി ഒന്നു നോക്കി മായയേയും കൂട്ടി നടന്നകന്നു….ശ്യാമും വിശാലും ദേഷ്യത്തോടെ അവന്റെ അരികിലെത്തി…….. “” നിനക്ക് പ്രതികാരം ചെയ്യണമായിരുന്നെങ്കിൽ അതിലേയ്ക്ക് ഞങ്ങളെ എന്തിനു വലിച്ചിട്ടു……. കുടുംബബന്ധങ്ങൾക്ക് മാത്രമല്ല സൗഹൃദത്തിന് പോലും വില കൽപ്പിക്കാത്തവനായിപ്പോയല്ലോ അരവിന്ദ് നീ….

ഇവിടെവെച്ച് ഉപേക്ഷിക്കുവാണ് നീയുമായുള്ള എല്ലാ ഫ്രണ്ട്ഷിപ്പും……മേലിൽ ഞങ്ങളെ കോൺടാക്ട് ചെയ്യരുത്……”” ശ്യം അവനെ നോക്കി പറഞ്ഞു നടന്നു നീങ്ങി…പുറകെ ബാക്കിയുള്ളവരും….. പ്രഭയും ജനുവമ്മയും എല്ലാം കണ്ടു കരഞ്ഞു കൊണ്ടു നിൽക്കുന്നുണ്ടായിരുന്നു…അവരൊന്നും മിണ്ടാതെ അകത്തേയ്ക്കു നടന്നു…. “” ആ പോയവളുടെ കണ്ണുനീരിന്റെ ശാപം നീയൊക്കെ എവിടെ കൊണ്ടു പോയി തീർക്കും…….??കതിരിന്മേൽ വളം വെച്ചിട്ട് കാര്യമില്ലെന്നറിയാം……എന്നാലും ഇനിയെങ്കിലും നന്നാവെടാ……ആ പെൺകൊച്ചിനെ അതിന്റെ വഴിക്ക് വിട്ടേക്ക് നിങ്ങൾ…….അവളുടെ കണ്ണുനീരിന്റെ ശാപം നിന്റെ തലയ്ക്കു മേൽ നിൽക്കുന്നുണ്ട്……

അത് നിന്റെ കുഞ്ഞിന് കൂടി കിട്ടാതിരിക്കാൻ പ്രാർത്ഥിക്ക് നീ….”” നിമിഷയെ കൂടി ഒന്നു നോക്കി ശേഖരൻ നടന്നു നീങ്ങി….. നിമിഷ പതിയെ എഴുന്നേറ്റ് അരവിന്ദിന്റെ അടുത്ത് വന്നിരുന്നു…… അവൾ എന്തോ പറയാൻ വന്നത് അവൻ കൈയ്യുയർത്തി തടഞ്ഞു… “” പ്ലീസ് നിമിഷ…കുറച്ചു സമയം ഒറ്റയ്ക്കിരിക്കട്ടെ ഞാൻ…….നീ ഇപ്പോൾ അകത്തേക്ക് പൊയ്ക്കോ……. നമുക്ക് പിന്നെ സംസാരിക്കാം….. “” ഇപ്പോഴവനോട് സംസാരിക്കുന്നത് ശരിയാകില്ലെന്ന് മനസ്സിലാക്കി നിമിഷ എഴുന്നേറ്റു പടികൾ കയറി….. ചിന്തകളാൽ ഉഴറുന്ന മനസ്സുമായി കുളത്തിലെ ചെറു ഓളങ്ങളിലേയ്ക്ക് കണ്ണുനട്ട് അവനാ പടവിൽ ഇരുന്നു….ഏകനായി….തുടരും….

ദാമ്പത്യം: ഭാഗം 17

Share this story