ജനനി: ഭാഗം 11

ജനനി: ഭാഗം 11

എഴുത്തുകാരി: അനില സനൽ അനുരാധ

“ഞാൻ അല്ലെങ്കിലും പോകാൻ വിചാരിച്ചിരുന്നില്ല… അവരുടെ വീട്ടിലേക്ക് നാലോ അഞ്ചോ പേര് പോകും എന്നല്ലേ പറഞ്ഞിരുന്നുള്ളു… പക്ഷേ പോകേണ്ടി വന്നില്ല…” “വന്നില്ലെന്നോ?” “ആഹ് ! അതു വേണ്ടെന്ന് വെച്ചെടീ…” ജനനിയ്ക്ക് വല്ലായ്മ തോന്നി… നീരവ് വിനോദിന്റെ കണ്ണുകളിലേക്ക് കൂർപ്പിച്ചു നോക്കി… ഞാൻ ഒന്നും അറിഞ്ഞതല്ല എന്ന ഭാവത്തിൽ വിനോദ് കൈ മലർത്തിക്കാണിച്ചു… താൻ വന്നു കയറിയപ്പോൾ തന്നെ അശുഭ വാർത്തയാണല്ലോ എന്ന ചിന്ത വിഷ്ണുവിൽ ശക്തമായി… ജനനിയെ കണ്ട അന്നു തന്നെ താൻ കാരണം അവളുടെ സ്വപ്നങ്ങൾക്കു മങ്ങലേറ്റു… ഇന്ന് വന്നു കയറിയപ്പോൾ കേൾക്കുന്നതോ കല്യാണം വേണ്ടെന്നു വെച്ചെന്ന കാര്യവും…

വിഷ്ണുവിന്റെ മനസ്സിൽ അസ്വസ്ഥത നിറഞ്ഞു. “എന്തായിരുന്നു വേണ്ടെന്നു വെക്കാൻ കാരണം? ” വിനോദ് തിരക്കി… “വരുണിനു മുൻപൊരു നിശ്ചയം കഴിഞ്ഞു എന്നു പറഞ്ഞിരുന്നല്ലോ… മോതിരമാറ്റം കഴിഞ്ഞ അന്നു തന്നെ ആ പന്തലിൽ വെച്ചു തന്നെ മോതിരം ഊരി തിരിച്ചെടുത്തു എന്ന്… അതിനു ശേഷം വേറെ ഒരു കല്യാണം ശരിയായി… പക്ഷേ നിശ്ചയത്തിനു രണ്ടു ദിവസം മുൻപ് ആ പെൺകുട്ടിയ്ക്ക് ആക്‌സിഡന്റ് പറ്റി… അങ്ങനെ അവർ വിവാഹത്തിൽ നിന്നും പിന്മാറി… ആദ്യത്തെ നിശ്ചയം മുടങ്ങിയ ദിവസം ആ പെൺകുട്ടിയുടെ അച്ഛൻ ആത്മഹത്യ ചെയ്‌തെന്ന്… അതിന്റെ ശാപമാണ് എന്നൊക്കെ ആളുകൾ പറയുന്നെന്ന്… എന്തായാലും ഈ കഥകൾ കേട്ടപ്പോൾ വീട്ടിൽ ആർക്കും അത്ര താല്പര്യം ഇല്ല…

തല്ക്കാലത്തേക്ക് ഞാൻ രക്ഷപ്പെട്ടു… ” അഞ്ജലി ചിരിയോടെ പറഞ്ഞു… “അപ്പോൾ ഞാൻ ഇന്നാള് പറഞ്ഞ ചെറുക്കന്റെ കാര്യം നോക്കാവുന്നതാണ്… അല്ലേ? ” വിനോദ് തിരക്കി… “നമ്മൾ ഇത്രയും കമ്പനിയായ സ്ഥിതിയ്ക്ക് ഞാൻ ഒരു സത്യം പറയട്ടെ… സ്നേഹിച്ച ആള് വേറെ പെണ്ണിനെയും കെട്ടി ജീവിക്കാൻ തുടങ്ങിയതിന്റെ നീറ്റൽ ഇതു വരെ മാറിയിട്ടില്ല… ഒരുത്തന്റെ കാര്യവും കൊണ്ട് ദയവു ചെയ്ത് വരരുത്.. കുറച്ചു നാൾ കൂടെ ഇങ്ങനെ ജീവിച്ചോട്ടെ…” “അല്ല അവരു സമയം പോലെ ഒന്നു വന്നു കണ്ടു പൊയ്ക്കോട്ടെ… അല്ലേ കുഞ്ഞാ… ” വിനോദ് തിരക്കി… നീരവ് തലയാട്ടി…

അതിനു ശേഷം വിഷ്ണുവിന്റെ അരികിലേക്ക് ചെന്നു… “ഞങ്ങൾ അങ്ങോട്ട് ഇറങ്ങാണ്‌… എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ മടിക്കാതെ പറയണമെന്നു പറയാൻ അച്ഛൻ പ്രത്യേകം പറഞ്ഞിട്ടുണ്ട്… ബുദ്ധിമുട്ട് ആകും എന്നും കരുതി മടിക്കരുത്… ” വിഷ്ണുവിന്റെ തോളിൽ തട്ടി നീരവ് പറഞ്ഞതും വിഷ്ണു അവന്റെ കയ്യിൽ പിടിച്ചു… “നേരത്തെ ഉണ്ടായതൊന്നും മനസ്സിൽ വെക്കരുത്… ആര്യനു വേണ്ടി ഞാൻ മാപ്പ് ചോദിക്കുന്നു… ” “ഹ്മ്മ്… ആ കാര്യം വിട്ടേക്കൂ… ഞങ്ങൾ ഇറങ്ങാണ്..” വിനോദും വിഷ്ണുവിന്റെ അരികിൽ വന്നു യാത്ര പറഞ്ഞു… മുറിയിൽ നിന്നും ഇറങ്ങാൻ നേരം നീരവ് ജനനിയെ ഒന്നു നോക്കി… അവൾ ഇവിടെയൊന്നും അല്ലെന്നു തോന്നി… “ജാനി… അഞ്ചു… ഞങ്ങൾ പിന്നെ വരാം…”

വിനോദ് പറഞ്ഞു… “ശരി ചേട്ടായി…” അഞ്ജലി പറഞ്ഞു… ജനനിയുടെ മനസ്സിൽ അപ്പോൾ പെണ്ണുകാണാൻ വന്ന ദിവസം വരുണിനെ ആദ്യമായി കണ്ടതും നിശ്ചയവും അവന്റെ ചിരിക്കുന്ന മുഖവും താൻ കാരണം വരുണിന്റെ ജീവിതത്തിൽ ഉണ്ടായി കൊണ്ടിരിക്കുന്ന അനർത്ഥങ്ങളും ആയിരുന്നു… “ജാനി…” വിനോദ് ഉറക്കെ വിളിച്ചതും അവൾ ഞെട്ടലോടെ അവനെ നോക്കി… “ഞങ്ങൾ ഇറങ്ങാണ്‌.. ” അവൾ തലയാട്ടി… നീരവ് അപ്പോഴേക്കും മുറിയിൽ നിന്നും പോയിരുന്നു… വിനോദിന്റെ കൂടെ അഞ്ജലി പുറത്തേക്കു നടന്നതും ജനനി വേഗം വിഷ്ണുവിന്റെ അരികിൽ ചെന്നിരുന്നു… “അഞ്ജലി പറഞ്ഞ വരുൺ… അന്നത്തെ വരുൺ തന്നെയല്ലേ? ” “ഹ്മ്മ്… ” “ഈ കാര്യം അവളോട്‌ പറഞ്ഞിട്ടില്ലേ? ” “ഇല്ല… നിശ്ചയം കഴിഞ്ഞതും മുടങ്ങിയതും ഒന്നും ഇവിടെ ആർക്കും അറിയില്ല… ”

“അഞ്ജലി നിന്റെ കൂട്ടുകാരിയാണെന്ന് വരുണിന് അറിയുമോ?” “അറിയാം…” “എങ്ങനെ?” “അന്നു ഓപ്പറേഷന് മുൻപ് ഞാനും അഞ്ചുവും കൂടെ വീട്ടിൽ വന്നില്ലേ… തിരികെ വരുമ്പോൾ അഞ്ജുവിന്റെ വീട്ടിൽ കയറി… അപ്പോൾ അദ്ദേഹം അവിടെ ഉണ്ടായിരുന്നു…” “നിനക്ക് എല്ലാം അഞ്ജുവിനോട് പറയാമായിരുന്നില്ലേ മോളെ… ” “അവളെ കല്യാണം കഴിക്കാൻ ഇഷ്ടമാണെന്ന് ആള് പറയുന്നതും കേട്ടാണ് ആ വീടിന്റെ പടികൾ കയറി ചെന്നത്… അന്ന് അങ്ങനെയൊക്കെ സംഭവിച്ചു പോയി… അത് അദ്ദേഹത്തിന്റെ കുറ്റമല്ല… നമ്മൾ എന്തെങ്കിലും പറഞ്ഞാൽ ഈ വിവാഹം മുടങ്ങിയാലോ…

അതു കൂടെ വരുണേട്ടന്‍ സഹിക്കില്ല എന്നു തോന്നി… പക്ഷേ ഇപ്പോൾ അഞ്ജു പറഞ്ഞതു കേട്ടപ്പോൾ… ശാപത്തിന്റെ കഥകൾ… ഈശ്വരാ അങ്ങനെ ഒന്നും ഉണ്ടാകല്ലേ…” “ഞാൻ അന്നു വന്നില്ലായിരുന്നെങ്കിൽ… എനിക്ക് അറിയില്ല മോളെ എന്താ പറയേണ്ടതെന്ന്… ഭാഗ്യം ഇല്ലാത്ത ജന്മം ആയിപ്പോയി… ” ജനനി വേഗം അവന്റെ ചുണ്ടിനു മീതെ വിരൽ ചേർത്തു വെച്ചു… ** റൂമിൽ എത്തിയതും വിനോദ് നീരവിനെ എടുത്തുയർത്തി വട്ടം കറക്കി… “എടാ അവളെ ഞാൻ തന്നെ കെട്ടും… ” വിനോദ് സന്തോഷത്തോടെ പറഞ്ഞു… “താഴെ നിർത്തെടാ… ” എന്നു പറഞ്ഞ് നീരവ് കുതറി താഴേക്കു ഇറങ്ങി… “ഓഹ് ! ദൈവം കാത്തു… അന്ന് അവന്റെ നിശ്ചയം കുളമായതു നന്നായി… അല്ലേ കുഞ്ഞാ? ” വിനോദ് സന്തോഷത്തോടെ തിരക്കി… “എന്തോ എനിക്ക് അറിയില്ല… ” “എനിക്ക് പലതും അറിയാൻ പറ്റുന്നുണ്ട്…”

“എന്ത് അറിയാൻ പറ്റുന്നുണ്ടെന്ന്… ” “അവൾ വീണു പോകാൻ തുടങ്ങിയപ്പോൾ ഞാൻ കണ്ടു കുഞ്ഞാ നിന്റെ കണ്ണിലെ പിടച്ചിൽ… അവളെ നെഞ്ചോടു ചേർത്തു പൊതിഞ്ഞു പിടിച്ചപ്പോൾ കണ്ടതാണ് അവളോടുള്ള കരുതൽ… അവളെ വേദനിപ്പിച്ചവനെ ഇട്ടു പെരുമാറുമ്പോൾ അറിഞ്ഞതാണ് അവളുടെ നെറ്റിയിൽ നിന്നും ചോര പൊടിഞ്ഞപ്പോൾ നിന്റെ നെഞ്ചിലും ചോര പൊടിയുന്നുണ്ടെന്ന്… ” “ഓരോ ഭ്രാന്ത് പറയാതെ പോകുന്നുണ്ടോ നീ… വീഴാൻ പോയ ഒരുവളെ ഒന്നു ചേർത്തു പിടിച്ചു… അനാവശ്യമായാണ് അവൻ അവളുടെ ദേഹത്ത് കൈ വെച്ചത്… അപ്പോൾ അതിനെതിരെ ഒന്നു പ്രതികരിച്ചു… അതിനു നീ പറയുന്ന പോലെയുള്ള അർഥങ്ങൾ ഒന്നും ഇല്ല… ”

“കാറിൽ വെച്ച് അവളുടെ ചോര പടർന്നിടത്ത് വിരൽ ഇട്ടു ഇളക്കി കൊണ്ടിരുന്നത് എന്തിനായിരുന്നു…” “നിനക്കു വട്ടാ…” “അതേ എനിക്കു വട്ടാ… എന്റെ അതേ വട്ട് നിനക്കും ഉണ്ടെന്ന് പറഞ്ഞെന്നേയുള്ളൂ…” നീരവ് ഒന്നും പറയാതെ ടവ്വൽ എടുത്ത് കുളിക്കാൻ പോയി… “സമയം ആകട്ടെ… നിന്നെ കയ്യോടെ പിടിക്കും ഞാൻ…” അവൻ പോയ വഴിയേ നോക്കി വിനോദ് പിറു പിറുത്തു… *** രാവിലെ പതിവ് പോലെ ജനനി തന്റെ തിരക്കുകളിൽ വ്യാപൃതയായി. അഞ്ജലി കൂടെ അടുക്കളയിലേക്ക് സഹായിക്കാൻ വന്നപ്പോൾ പണികൾ പെട്ടെന്ന് തീർത്തു… കുളിക്കാൻ പോകുന്നതിന് മുൻപ് വിഷ്ണുവിനെ ഉണർത്തി… ഒരു കൈ കൊണ്ടു ജനനിയുടെ തോളിലും മറു കൈ കൊണ്ട് ചുമരിലും പിടിച്ച് വിഷ്ണു വാഷ് റൂമിലേക്ക് പോയി… ജനനി വേഗം കിടക്കവിരി കുടഞ്ഞു വിരിച്ച ശേഷം റൂം ക്ലീൻ ചെയ്തു…

അവനു മകുളിക്കാനുള്ള ഇളം ചൂട് വെള്ളം എടുത്തു കൊണ്ട് വന്നു… കാൽ നനയാതെ ഇരിക്കാൻ കെട്ടി വെച്ച ശേഷം അവനെ സ്റ്റൂളിൽ ഇരുത്തി… അവൻ തനിയെ ചെയ്തോളാം എന്നു പറഞ്ഞെങ്കിലും അവൾ അവന്റെ പുറത്തു സോപ്പ് തേച്ചു കൊടുത്ത ശേഷമാണ് പുറത്തേക്ക് ഇറങ്ങി നിന്നത്… അതിനു ശേഷം പുറത്തെ ബാത്‌റൂമിൽ പോയി അവളും വേഗം കുളിച്ചു വന്നു… അവനെ ബെഡിൽ ഇരുത്തിയ ശേഷം രാവിലത്തെയും ഉച്ചത്തെയും ഭക്ഷണം കട്ടിലിനു അരികിലുള്ള ടേബിളിൽ വെച്ചു… കൈ കഴുകാനും കുടിക്കാനും ഉള്ള വെള്ളവും യൂറിൻ പാസ്സ് ചെയ്യാനുള്ള പാത്രവും എല്ലാം കൊണ്ടു വന്നു വെച്ചു… അവൾ ഓടിപ്പിടഞ്ഞു എല്ലാം ചെയ്യുന്നതും നോക്കി വിഷ്ണു ഇരുന്നു… “ഞാൻ പോകാൻ നോക്കട്ടെ ഏട്ടാ?” അവൾ തിരക്കിയപ്പോൾ അവൻ തലയാട്ടി…

അതിനു ശേഷം അവൾ വേഗം ബ്രേക്ക്‌ഫാസ്റ്റ് കഴിച്ചെന്ന് വരുത്തി ഡ്രസ്സ്‌ മാറി വിഷ്ണുവിനോടും അഞ്ജലിയോടും യാത്ര പറഞ്ഞ് കമ്പ്യൂട്ടർ സെന്ററിലേക്ക് പാഞ്ഞു… മൂന്നു ദിവസം ലീവ് ആയിരുന്ന കാരണം കണ്ടപ്പോൾ തന്നെ സ്റ്റുഡന്റസ് വിശേഷങ്ങൾ തിരക്കി… നെറ്റിയിൽ എന്തു പറ്റി എന്നോർത്ത് ആകുലപ്പെട്ടു… നെറ്റിയിലെ മുറിവ് കാരണമാണോ വരാതിരുന്നത് എന്ന് എല്ലാവരും തിരക്കിയപ്പോൾ അവൾ അതേ എന്നർത്ഥത്തിൽ തലയാട്ടി… ഏട്ടന്റെ കാര്യം പറഞ്ഞാൽ പിന്നെ അതു വിശദീകരിക്കാൻ നിൽക്കണം… അപ്പോൾ അതു വേണ്ടെന്നു വെച്ചു… ക്ലാസ്സ്‌ കഴിയുമ്പോഴേക്കും തൊണ്ട വരണ്ടു പോയിരുന്നു… ക്ലാസ്സ്‌ കഴിഞ്ഞ് ഇറങ്ങാൻ നേരം ക്യാബിനിൽ നോക്കിയപ്പോൾ മോഹനകൃഷ്ണൻ സർ എത്തിയിട്ടില്ലായിരുന്നു… അവിടെ നിന്നും ടാക്സ് ഓഫീസിലേക്ക് പോയി…

സ്കൂട്ടി പാർക്ക്‌ ചെയ്ത് കോണിപ്പടിയ്ക്ക് അരികിലേക്ക് നടക്കുമ്പോൾ നെറ്റിയിൽ നിന്നും വിയർപ്പു കണങ്ങൾ പൊടിയുന്നുണ്ടായിരുന്നു… കാലടി ശബ്ദം കേട്ട് ആരോ വരുന്ന പോലെ തോന്നി തിരിഞ്ഞു നോക്കിയപ്പോൾ നീരവ് ആയിരുന്നു … അവൾ പടികൾ കയറി അവനു പോകാൻ പാകത്തിനു ഒതുങ്ങി നടന്നു… “വയ്യെങ്കിൽ ലീവ് എടുക്കാമായിരുന്നില്ലേ? ” തൊട്ടരികിൽ അവന്റെ ശബ്ദം കേട്ടു… “ഇപ്പോൾ കുഴപ്പമില്ല സർ…” അവൾ പെട്ടെന്ന് പറഞ്ഞു… “ഹ്മ്മ്… ” ഒന്നു മൂളിയ ശേഷം അവൻ വേഗം അവളെ കടന്നു പോയി… നീരവ് ഓഫീസിലുള്ള കാരണം ആരും ലീവ് ആയതിന്റെ കാരണം അന്വേഷിച്ചു അവളുടെ അരികിലേക്ക് വന്നില്ല… സീറ്റിൽ ഇരിക്കുന്നതിന് മുൻപായി ജനനി അഞ്ജലിയെ നോക്കി…

അവൾ സ്റ്റോക്ക് ചെക്ക് ചെയ്യുന്ന തിരക്കിൽ ആയിരുന്നു… ജനനി കമ്പ്യൂട്ടർ ഓൺ ചെയ്ത ശേഷം ടേബിളിൽ ഇരിക്കുന്ന ഫയൽ തുറന്നു നോക്കി… അപ്പോഴാണ് ഒരാൾ ഓടിപ്പിടഞ്ഞ് ഓഫീസിനു അകത്തേക്ക് കയറി വന്നത്… എല്ലാവരും അയാളെ നോക്കി… “വരുൺ…” എന്ന് പതിയെ മന്ത്രിച്ചു കൊണ്ട് അഞ്ജലി എഴുന്നേറ്റു നിന്നു… എന്നാൽ അവന്റെ കണ്ണുകൾ അവളിൽ ആയിരുന്നില്ല… ജനനിയിൽ ആയിരുന്നു… “എന്താ നിന്റെ ഉദ്ദേശം? ” എന്ന് ചോദിച്ച് അലറിക്കൊണ്ട് അവൻ അവളുടെ അടുത്തേക്ക് ചെന്നു…

അവളുടെ വലതു കയ്യിൽ പിടിച്ച് എഴുന്നേൽപ്പിച്ച് അവന്റെ അരികിലേക്ക് വലിച്ചു… “എന്താ നിനക്ക് വേണ്ടത്… ഊരിയെടുത്ത മോതിരം വീണ്ടും വിരലിൽ അണിയിക്കാനുള്ള തന്ത്രമാണോ? ” അവന്റെ ശബ്ദം ഉയർന്നു… അഞ്ജലി ഞെട്ടലോടെ ഇരുവരെയും നോക്കി… ശബ്ദം കേട്ട് കാബിനിൽ നിന്നും പുറത്തേക്ക് വന്ന നീരവിന്റെ കാതിൽ വരുണിന്റെ ചോദ്യം പ്രകമ്പനം കൊണ്ടു…….തുടരും………

ജനനി: ഭാഗം 10

Share this story