പുതിയൊരു തുടക്കം: ഭാഗം 11

പുതിയൊരു തുടക്കം: ഭാഗം 11

എഴുത്തുകാരി: അനില സനൽ അനുരാധ

ഹിമ നിലത്തു കിടന്നിരുന്ന വിവാഹ ഫോട്ടോ എടുത്തു നെഞ്ചോടു ചേർത്തു പിടിച്ചു… ഞാൻ അത്രയ്ക്ക് സ്നേഹിച്ചു പോയി കിച്ചേട്ടാ… നഷ്ടപ്പെടുത്തി കളയാൻ പറ്റാത്ത വിധം സ്നേഹിച്ചു പോയി… എന്നോട് ദേഷ്യപ്പെട്ടാലും വെറുത്താലും ഞാൻ പോകില്ല കിച്ചേട്ടാ… എനിക്ക് നിങ്ങൾ ഇല്ലാതെ പറ്റില്ല… അവളുടെ ഉള്ളം മന്ത്രിച്ചു കൊണ്ടിരുന്നു… വാതിൽക്കൽ കാൽ പെരുമാറ്റം കേട്ടപ്പോൾ അവൾ തിരിഞ്ഞു നോക്കി… കിച്ചു മുറിയിലേക്ക് വരുന്നുണ്ടായിരുന്നു… അവൻ അവളെ ശ്രദ്ധിക്കാതെ കസവു മുണ്ട് മാറ്റി കാവി മുണ്ട് എടുത്തുടുത്തു… ഷർട്ട്‌ ഊരി ഹാങ്ങറിൽ ഇട്ടു… അതിനു ശേഷം അപ്പുവിന്റെ അരികിൽ വന്നിരുന്നു… അവനെ നോക്കി ഇരിക്കുമ്പോൾ മനസ്സിന് ശാന്തത തോന്നി…

അച്ഛന്റെ സാമിപ്യം അറിഞ്ഞിട്ടോ എന്തോ അവൻ ഉറക്കത്തിൽ പുഞ്ചിരിച്ചു… അതു കണ്ടപ്പോൾ അവന്റെ ഉള്ളം കുളിർന്നു… കൈ നീട്ടി കുഞ്ഞു വിരലിൽ പതിയെ തലോടി… “കിച്ചേട്ടാ… ” പുറകിൽ നിന്നും ഹിമയുടെ ശബ്ദം കേട്ടിട്ടും അവൻ തിരിഞ്ഞു നോക്കിയില്ല. അവൾ തോളിൽ പതിയെ തൊട്ടതും അവൻ ഒന്നു ഇളകി ഇരുന്നു. അതിനു ശേഷം തിരിഞ്ഞു നോക്കി… “ഇന്നലെ ഞാൻ പറഞ്ഞിരുന്നു നിന്റെ കഴുത്തിൽ താലി കെട്ടിയ വിഡ്ഢിയായ നന്ദകിഷോർ അല്ല മുൻപിൽ വന്നു നിൽക്കുന്നത് എന്ന്… എന്റെ നാവിൽ നിന്നും ആദിയുടെ നേർക്ക് വീഴുന്ന കുറ്റപ്പെടുത്തലുകളും കളിയാക്കലുകളും പലപ്പോഴും നീ കേട്ടിട്ടുണ്ട്… എന്റെ അളിയൻ എന്ന് പറയുന്ന നിന്റെ പുന്നാര ഏട്ടന്റെ മുൻപിൽ വെച്ച് ഞാൻ അവളെ കുറിച്ച് താഴ്ത്തി കെട്ടി വളരെ മോശമായി സംസാരിച്ചിട്ടുണ്ട്…

എന്നിട്ടും ആ തെറ്റ് തിരുത്താൻ ഉള്ള അവസരം എനിക്ക് നിങ്ങൾ ഉണ്ടാക്കി തന്നിട്ടില്ല… നീ എല്ലാം കേട്ട് രസിച്ചു… തെറ്റ് പറ്റി പോയി എനിക്ക്… തിരുത്താൻ പറ്റാത്ത തെറ്റ് പറ്റി പോയി… നീ എന്നെ സ്നേഹിച്ചിട്ടില്ല ഹിമേ… സ്നേഹിച്ചിരുന്നെങ്കിൽ എന്റെ സന്തോഷം ആഗ്രഹിച്ചിരുന്നെങ്കിൽ നീ ഇങ്ങനെ ഒന്നും ചെയ്യില്ലായിരുന്നു… ആദി… അവൾ എന്നെ സ്നേഹിച്ചിട്ടില്ലെന്ന് പറഞ്ഞപ്പോൾ വീണ്ടും അവളുടെ അടുത്തേക്ക് ചെന്നിട്ടുണ്ട്… മുത്തശ്ശിയും അമ്മാവനും ഇനി അവളെ ശല്ല്യപ്പെടുത്തരുത് എന്ന് പറയുന്നത് വരെ… അവൾ മറ്റൊരുവന്റെ സ്വന്തം ആയപ്പോൾ ഞാൻ എത്ര വേദനിച്ചു എന്ന് അറിയുമോ നിനക്ക്…

എന്റെ മാത്രം എന്നു കരുതി മനസ്സിൽ കൊണ്ടു നടന്ന പെണ്ണിനെ എന്നെ കാണുമ്പോൾ സ്നേഹത്താൽ അടുത്തേക്ക് ഓടി വന്നിരുന്ന പെണ്ണിനെ ഇനി എല്ലാ അർത്ഥത്തിലും മറ്റൊരാൾ സ്വന്തമാക്കും എന്ന ചിന്തയിൽ അവളെ അങ്ങനെ കാണാൻ എനിക്ക് കഴിയില്ല എന്ന ചിന്തയിൽ ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ചവനാ ഞാൻ… പിന്നീട് സ്നേഹിച്ചതിലും ഇരട്ടിയായി വെറുത്തു പോയി…. അവളെ കാണാൻ ഇല്ല എന്നറിഞ്ഞിട്ടും അന്വേഷിച്ചു നോക്കാൻ തോന്നാത്ത വിധം വെറുത്തു പോയി… അന്നു ഞാൻ മരിക്കണമായിരുന്നു ഹിമേ… വിട്ടു കൊടുത്തവളും തട്ടി പറിച്ചെടുക്കാൻ ശ്രമിച്ചവളും ആ കാഴ്ച കാണണമായിരുന്നു… ഇനി എനിക്ക് പറയാനുള്ളത് എന്താണെന്ന് വെച്ചാൽ എന്റെ മോന് അവന്റെ അമ്മയെ വേണം…

അച്ഛന്റെ സ്നേഹം മതിയാവോളം അനുഭവിക്കാൻ ഭാഗ്യം കിട്ടാതെ പോയവനാ ഞാൻ… നമ്മൾ രണ്ടു പേരും ജീവിച്ചിരിക്കുമ്പോൾ അച്ഛന്റെയും അമ്മയുടെയും സ്നേഹവും ലാളനയും കരുതലും അവനു വേണം… ഞാനായിട്ട് അവനു കിട്ടേണ്ടത് ഒന്നും നിഷേധിക്കില്ല… അതു മനസ്സിലാക്കി നിന്നാൽ നിനക്ക് നല്ലത്…” ഹിമ നിറ മിഴികളാൽ അവനെ നോക്കി… “ക്ഷമിച്ചൂടെ എന്നോട്? ” കിച്ചു എഴുന്നേറ്റു പുറത്തേക്കു നടന്നു… *** നേരം നന്നായി വെളുത്തിരുന്നു… ആദി എഴുന്നേൽക്കാൻ നോക്കിയപ്പോൾ ജീവൻ അവളെ ഒന്നു കൂടി ചേർത്തു പിടിച്ചു… “വിട് ജീവേട്ടാ…. എന്റെ എല്ല് എല്ലാം കൂടെ ഇപ്പോൾ പൊട്ടി പോകും… ” “ഇങ്ങനെ കിടക്കാൻ എങ്കിലും ഒന്നു സമ്മതിച്ചൂടെ നിനക്ക്? ”

അവൻ കൊഞ്ചി കൊണ്ട് തിരക്കി… “അയ്യേ… കോപക്കാരനു കൊഞ്ചാൻ ഒക്കെ അറിയുമോ? ” അവൾ ചിരിച്ചു കൊണ്ട് തിരക്കി… “ഇതു മാത്രമല്ല പലതും അറിയാം… പക്ഷേ നീ ഒരു അവസരം തരുന്നില്ലല്ലോ…” എന്നു നിരാശയോടെ പറഞ്ഞ് അവൻ അവളിൽ നിന്നും കൈകൾ പിൻവലിച്ചു… അവൾ എഴുന്നേറ്റിരുന്ന് പുഞ്ചിരിച്ചു… “ഇങ്ങനെ ചിരിച്ച് എന്റെ കണ്ട്രോൾ കളയാതെടീ…” അവൻ നെഞ്ചത്ത് കൈ വെച്ചു കൊണ്ട് പറഞ്ഞു… “നമ്മൾ ഇനി എപ്പോഴാ തറവാട്ടിൽ പോകുക? ” “ഇന്ന് പോകണോ? ഉച്ചയ്ക്ക് അമ്മയും ജയേട്ടനും എല്ലാം ഇങ്ങോട്ടു വരും… ” “ആരോടും പറയാതെ അല്ലേ വന്നത്… ” “ബ്രേക്ക്‌ഫാസ്റ്റ് കഴിച്ചിട്ട് പോകാം…” “എന്നാ ഞാൻ ഫ്രഷ്‌ ആകട്ടെ… എന്നിട്ട് ഉണ്ടാക്കാം… ” “ഞാനും വരട്ടെ ഒരു കൂട്ടിന്? ” അവൻ ചിരിയോടെ തിരക്കി…

“ഞാൻ കിച്ചണിൽ പോകുമ്പോൾ കൂട്ടിന് വിളിക്കാം. എന്തെങ്കിലും മിണ്ടിയും പറഞ്ഞും ബ്രേക്ക്‌ഫാസ്റ്റ് ഉണ്ടാക്കാം…” എന്ന് പറഞ്ഞ് അവൾ ബെഡിൽ നിന്നും താഴേക്കു ഇറങ്ങി… “തനിയെ ഉണ്ടാക്കിയാൽ മതി… ” എന്നു പറഞ്ഞ് അവൻ തലയിണ കെട്ടിപ്പിടിച്ച് കിടന്നു. അലമാര തുറന്നു നോക്കിയപ്പോൾ അവളുടെ പഴയ ഡ്രസ്സുകൾ എല്ലാം അതു പോലെ ഇരിക്കുന്നുണ്ടായിരുന്നു… തൊട്ടടുത്ത കള്ളിയിൽ വേറെ പുതിയ ഡ്രസ്സുകളും… അവൾ ഒരു പച്ച ഷിഫോൺ സാരി പുറത്തേക്ക് എടുത്തു… ബാത്‌റൂമിലേക്ക് നടക്കുമ്പോൾ ആദിയ്ക്ക് വല്ലാത്ത കാല് കടച്ചിൽ തോന്നുന്നുണ്ടായിരുന്നു… പീരിയഡ്സ് അടുത്തു വരുമ്പോൾ ഇതു എല്ലാ മാസവും പതിവുള്ളതാണ്… കുളി കഴിഞ്ഞു വന്ന് സാരി എടുത്തുടുത്തു..

മുടിയിൽ കെട്ടി വെച്ചിരുന്ന ടവൽ അഴിച്ച് മുടിയിലെ കെട്ടുകൾ തീർത്തതിന് ശേഷം കുളിപിന്നലിട്ടു… കണ്ണാടിയുടെ താഴെയുള്ള വലിപ്പ് തുറന്നു നോക്കിയപ്പോൾ അതിൽ ഇരിക്കുന്ന സിന്ദൂരചെപ്പ് കണ്ടു… അതിൽ നിന്നും സിന്ദൂരമെടുത്ത് സീമന്തരേഖയിൽ തൊട്ടു… പുരികങ്ങൾക്കിടയിൽ സിന്ദൂരം കൊണ്ട് ഒരു വട്ട പൊട്ടും ഇട്ടു… തിരിഞ്ഞു നോക്കുമ്പോൾ ജീവൻ നല്ല ഉറക്കമായിരുന്നു… വാതിൽ ചാരിയിട്ട് അവൾ അടുക്കളയിലേക്ക് നടന്നു… അവൾ വാതിൽ ചാരിയതും ജീവൻ ഒറ്റക്കണ്ണു തുറന്നു നോക്കി… പിന്നെ പുഞ്ചിരിയോടെ എഴുന്നേറ്റു ഒരു മൂളിപ്പാട്ടോടെ ഫ്രഷ്‌ ആകാൻ പോയി… ആദി പത്തിരി ഉണ്ടാക്കുന്നതും നോക്കി ജീവൻ കട്ടിളപ്പടിയിൽ ചാരി നിന്നു…

കണ്ണിലും മനസ്സിലും അവൾ നിറഞ്ഞു നിന്നു… അവൾ വാഴയിലയിൽ പത്തിരി പരത്തുനമ്പോൾ അവൻ അവളുടെ അരികിലേക്ക് നടന്നു… ജീരകത്തിന്റെയും ഉള്ളിയുടെയും നാളികേരത്തിന്റെയും എല്ലാം കൂടി ഒരു ഗന്ധം അവിടെ നിറഞ്ഞു നിന്നിരുന്നു… ഇടതു കൈ കൊണ്ട് അവളുടെ ഇടുപ്പിൽ ചുറ്റി പിടിച്ചതിന് ശേഷം വലതു കൈ അവളുടെ കയ്യിനു മീതെ ചേർത്തു വെച്ച് അവനും പത്തിരി പരത്താൻ തുടങ്ങി… “അങ്ങു മാറി നിൽക്ക് ജീവേട്ടാ… ” “നീ തന്നെയല്ലേ ഒരുമിച്ച് ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കാം എന്നൊക്കെ പറഞ്ഞത്? ” അവൾ ചട്ടിയിൽ കിടന്നിരുന്ന പത്തിരി മറിച്ചിട്ടു… അവൻ അവളുടെ കാതോരം ചുണ്ടുകൾ ചേർത്തു വെച്ചു… “ആ കാക്കാപുള്ളി എനിക്ക് ഇഷ്ടമായി കേട്ടോ…” അവൻ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു… “ഏതു കാക്കാപ്പുള്ളി? ” അതു തിരക്കുമ്പോൾ അവളുടെ ശബ്ദം ചിലമ്പിച്ചിരുന്നു…

അവൻ അവളുടെ വയറിന്റെ വലതു ഭാഗത്തായി പതിയെ നുള്ളി… അവൾ പെട്ടെന്ന് അവനെ തിരിഞ്ഞു നോക്കി… അവളുടെ ചുവന്ന അധരങ്ങൾ പതിയെ വിറ കൊള്ളുന്നുണ്ടായിരുന്നു… കവിളുകൾ ചുവന്നു വന്നു… അവളുദടെ മുഖം കൈകുമ്പിളിൽ എടുത്ത ശേഷം അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കി… പിന്നെ അധരങ്ങളിലേക്കും… അവളുടെ മുഖം പതിയെ ഉയർത്തി അവൻ അവളുടെ അധരങ്ങളിൽ ദീർഘമായി ചുംബിച്ചു… അടുക്കളയിൽ കരിഞ്ഞ മണം നിറഞ്ഞപ്പോഴാണ് രണ്ടു പേർക്കും സ്ഥലകാലബോധം വന്നത്… എന്നിട്ടും അവളിൽ നിന്നും വേർപ്പെടാൻ ആകാതെ അവൻ നിന്നു… അവൾ കുതറി മാറാൻ ശ്രമിച്ചപ്പോൾ അവളെ സ്വാതന്ത്ര്യയാക്കി…

ആദി വേഗം തിരിഞ്ഞ് പത്തിരി ചട്ടി ഇറക്കി വെച്ചു… പത്തിരിയിലെ ഉള്ളിയും നാളികേരവും എല്ലാം ആകെ കരിഞ്ഞ് പോയിരുന്നു… അവൾ എളിയിൽ കൈ കുത്തി അവനെ തിരിഞ്ഞു നോക്കി… അവൻ ചുണ്ടുകൾ കടിച്ചു പിടിച്ച് അവളെ നോക്കി ചിരിച്ചു… “ജീവേട്ടൻ അകത്തേക്ക് പോയേ… ഞാൻ ഉണ്ടാക്കിയിട്ട് വരാം… ” “ഞാൻ പോകില്ല… ” എന്നു പറഞ്ഞ് അവൻ സ്ലാബിനു മീതെ കയറി ഇരുന്നു… അവൾ പത്തിരി ചട്ടി ഉരച്ചു കഴുകി… വീണ്ടും അടുപ്പത്തു വെച്ചു… അതു ചൂടാകുന്നതും നോക്കി നിന്നു… “ഞാൻ പരത്തി തരട്ടെ?” ജീവൻ തിരക്കി… “വേണ്ട… ” “അതേയ് ഞാൻ ഒരാഴ്ച കഴിഞ്ഞാൽ അങ്ങു പോകും… പിന്നെ അടുത്ത് ഉണ്ടായിരുന്നപ്പോൾ സഹായിച്ചു തന്നില്ല എന്നൊന്നും പറയരുത്…”

അവൾ ഞെട്ടലോടെ അവനെ നോക്കി… “എവിടെ പോകും എന്ന്? ” അതു ചോദിക്കുമ്പോൾ അവളുടെ ചുണ്ടുകൾ കൂർത്തിരുന്നു… ” “ദുബായ്… ” അവൻ വലതു കൈ കൊണ്ട് പറക്കുന്നത് പോലെ കാട്ടി ചിരിയോടെ പറഞ്ഞു… അവളുടെ മുഖത്തെ പുഞ്ചിരി മാഞ്ഞു… അവൾ വേഗം തിരിഞ്ഞു നിന്ന് ചൂടായ ചട്ടിയിലേക്ക് പരത്തിയ പത്തിരി എടുത്തിട്ടു… അടുത്ത പത്തിരി പരത്തുമ്പോൾ നിറഞ്ഞു വന്ന കണ്ണുകൾ അവൾ പുറം കൈ കൊണ്ട് തുടച്ചു… ഫോൺ റിംഗ് ചെയ്യുന്നത് കേട്ടപ്പോൾ ജീവൻ എഴുന്നേറ്റു പോയി… അവൻ അകത്ത് ഇരുന്നു ആരോടോ സംസാരിക്കുന്നതും ഉറക്കെ ചിരിക്കുന്നതും അടുക്കളയിലേക്ക് കേൾക്കുന്നുണ്ടായിരുന്നു… അവൾ ചായ ഉണ്ടാക്കി എല്ലാം ടേബിളിൽ കൊണ്ട് വന്നു വെക്കുന്നത് കണ്ടപ്പോഴാണ് അവൻ കാൾ അവസാനിപ്പിച്ചത്…

അവൻ കഴിക്കാൻ വന്നിരുന്നപ്പോൾ അവൾ പ്ലേറ്റിലേക്ക് പത്തിരിയും മുട്ടക്കറിയും വിളമ്പി… അവൾ അടുത്ത പ്ലേറ്റ് എടുത്തതും അവൻ അതു വാങ്ങി കമിഴ്ത്തി വെച്ചു… അതിനു ശേഷം അവളുടെ വലതു കൈ പിടിച്ച് തൊട്ടടുത്ത് കിടന്നിരുന്ന കസേരയിൽ ഇരുത്തി… ഒരുമിച്ച് ഒരു പ്ലേറ്റിൽ നിന്നും പരസ്പരം പങ്കു വെച്ച് അവർ കഴിച്ചു… സന്തോഷവും സങ്കടവും എല്ലാം കൂടി ആദിയിൽ ഒരു സമ്മിശ്ര വികാരം നിറഞ്ഞു… ഒരാഴ്ച കൂടി കഴിഞ്ഞാൽ വീണ്ടും തനിച്ച്… ഓർക്കും തോറും വേദന തോന്നി… ജീവൻ തറവാട്ടിലേക്ക് പോകാനായി ഒരുങ്ങുകയായിരുന്നു… കാളിങ് ബെൽ അടിച്ചപ്പോൾ മുടി ചീകി കൊണ്ടിരുന്ന ജീവൻ തിരിഞ്ഞു നോക്കി… “ഞാൻ പോയി നോക്കാം…” എന്നു പറഞ്ഞ് ആദി ബെഡിൽ നിന്നും എഴുന്നേറ്റു… വാതിൽ തുറന്നപ്പോൾ മുൻപിൽ നിൽക്കുന്ന ആളെ കണ്ടപ്പോൾ ആദ്യം ഒന്നു ശങ്കിച്ചെങ്കിലും ആദി പുഞ്ചിരിച്ചു…

എന്നാൽ അയാൾ അവളുടെ നേർക്ക് ദേഷ്യത്തോടെ അലറി… “എന്റെ മോളുടെ ജീവിതം നശിപ്പിക്കാൻ ആണോ നീ തിരിച്ചു വന്നത്? ” ആദി ഞെട്ടലോടെ ഹിമയുടെ അച്ഛനെ നോക്കി… “എന്റെ മോളുടെ ജീവിതം നശിപ്പിക്കാൻ നോക്കിയാലുണ്ടല്ലോ വെച്ചേക്കില്ല നിന്നെ ഞാൻ…” അയാൾ വീണ്ടും അലറി… ആദിയുടെ കണ്ണുകൾ നിറഞ്ഞു… മനസ്സിന് വല്ലാത്ത ഭാരം… ഒരു ധൈര്യത്തിനെന്നോണം അവൾ വാതിലിൽ ചാരി നിൽക്കാൻ തുടങ്ങിയതും ജീവൻ അവളെ ചുമലിലൂടെ കയ്യിട്ട് അവനിലേക്ക് ചേർത്തു പിടിച്ചിരുന്നു… ആദി മിഴികൾ ഉയർത്തി അവനെ നോക്കി… ഉതിർന്നു വീണ മിഴിനീർത്തുള്ളികൾ അവൻ വിരൽ തുമ്പാൽ തട്ടി കളഞ്ഞു … അതിന് ശേഷം ഹിമയുടെ അച്ഛന്റെ നേർക്ക് തിരിഞ്ഞു.

“എന്താ… ഇവിടെ വന്നു ദേഷ്യപ്പെടാൻ നിങ്ങൾ ആരാ? ” ജീവൻ ദേഷ്യത്തോടെ തിരക്കി. അയാൾ ഒന്നും മിണ്ടാതെ ആദിയെ തുറിച്ചു നോക്കി… അതു കണ്ടതും ജീവൻ അവളെ ഇടതു കയ്യാൽ നെഞ്ചോടു ചേർത്തു പിടിച്ചു. “ഹിമയുടെ അച്ഛനാ ജീവേട്ടാ… ” ആദി മെല്ലെ പറഞ്ഞു… “നിങ്ങൾ എന്തിനാ ഇങ്ങോട്ടു വന്നത്? ” ജീവൻ തിരക്കി… “പിന്നെ ഇവൾ കാരണം എന്റെ മോൾ സങ്കടപ്പെടുമ്പോൾ ഇവിടെ വന്നു ഇവളെ കണ്ടിട്ടു രണ്ടു വർത്താനം പറഞ്ഞില്ലെങ്കിൽ എനിക്ക് സമാധാനം കിട്ടില്ല… ” “നിങ്ങളുടെ മകൾ കാരണം സങ്കടങ്ങൾ അനുഭവിച്ചതു മുഴുവൻ ഇവളാണ്. ഇവൾ ആഗ്രഹിച്ച ജീവിതവും തട്ടിയെടുത്ത് നന്ദികേട് കാട്ടിയയവളെ മാലാഖയാക്കി എന്റെ ഭാര്യയുടെ മെക്കട്ട് കേറാൻ വന്നാൽ ഉണ്ടല്ലോ…”

“മാലാഖ ഇവൾ അല്ലേ… എവിടെയോ പോയി തെണ്ടി തിരിഞ്ഞു വന്നിരിക്കുന്നു എന്റെ മോളുടെ സന്തോഷം കളയാൻ… കിച്ചുവിനോട് ഓരോ അനാവശ്യവും പറഞ്ഞു കൊടുത്ത് എന്റെ മോളുടെ കണ്ണുനീരിനു കാരണക്കാരിയായാൽ ഇവളെ ഇല്ലാതാക്കാൻ പോലും ഞാൻ മടിക്കില്ല… ” അതു കേട്ടതും ജീവൻ ആദിയുടെ മേലുള്ള പിടി വിട്ട് സുരേന്ദ്രന്റെ ഷർട്ടിന്റെ കോളറിൽ കയറി പിടിച്ചു. “ഇവളെ ഇല്ലാതാക്കും എന്നു പറയാൻ താൻ ആരാടോ… തനിക്ക് എന്റെ സ്വഭാവം അറിയില്ല. ഇനി ഇവൾക്ക് എതിരെ എന്തെങ്കിലും പറഞ്ഞാലുണ്ടല്ലോ തന്റെ പ്രായം ഞാൻ അങ്ങു മറക്കും. ചവിട്ടി കൂട്ടി മൂലയ്ക്ക് ഇടും. കാണണോ തനിക്ക്… ” സുരേന്ദ്രൻ ഷർട്ടിലെ പിടി വിടുവിപ്പിക്കാൻ തോന്നിയെങ്കിലും പറ്റിയില്ല… “മതി ജീവേട്ടാ വിട്ടേക്ക്…

ഹിമയുടെ അച്ഛൻ പോയിക്കോട്ടെ…” ജീവന്റെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് ആദി പറഞ്ഞു. ജീവൻ ഷർട്ടിലെ പിടി വിട്ടു. വീണ്ടും അയാളെ ദേഷ്യത്തോടെ നോക്കി. “വീട്ടിൽ കയറി വന്നു തോന്നിവാസം പറയാൻ നിങ്ങൾക്ക് നാണം ഇല്ലേ? രണ്ടു പേരുടെ ഇഷ്ടങ്ങളും സ്വപ്‌നങ്ങളും തകർത്തു എറിഞ്ഞിട്ട് ഇഷ്ടപ്പെട്ട ജീവിതം സ്വന്തമാക്കിയവളാ നിങ്ങളുടെ മോള്… അതും പോരാ വീണ്ടും അതു പറഞ്ഞു ഇവളുടെ നേർക്ക് ചാടിക്കളിക്കാൻ വന്നാൽ ഉണ്ടല്ലോ… നന്ദിയില്ലാത്ത വർഗ്ഗം… മേടിക്കും എന്റെ കയ്യിൽ നിന്ന്… ” “നീ എന്നെ തല്ലുമോടാ? ഈ സുരേന്ദ്രൻ ആരാണെന്ന് നിനക്ക് അറിയില്ല…” “നിങ്ങൾക്ക് മാത്രമല്ല നിങ്ങടെ മോൾക്കും കിട്ടും എന്റെ കയ്യിൽ നിന്ന്. പിന്നെ ഈ സുരേന്ദ്രനായാലും എന്തു കോപ്പ് ആയാലും എനിക്ക് ഒരു ചുക്കും ഇല്ല…” അയാൾ രൗദ്രഭാവത്തോടെ അവനെ തുറിച്ചു നോക്കി…

അവൻ തിരിച്ചും… “ഇനി എന്റെ മോൾ ഇവൾ കാരണം വേദനിച്ചാൽ ഞാൻ വീണ്ടും വരും… ” എന്നു പറഞ്ഞ് അയാൾ ഇറങ്ങി പോയി… “ഞാൻ എന്തു ചെയ്തെന്നാ ജീവേട്ടാ എല്ലാവരും പറയുന്നത്…” അവൾ വേദനയോടെ തിരക്കി… “ചില ജന്മങ്ങൾ അങ്ങനെയാ ആദി… അർഹതയില്ലാത്തതു എരന്നു വാങ്ങി അനുഭവിക്കും… എന്നിട്ട് നന്ദികേട് കാട്ടും… അവരുടെ ഭാവം കണ്ടാൽ തോന്നും അവരെക്കാൾ നല്ലവർ ഈ ഭൂമിയിൽ വേറെ ഇല്ലെന്ന്… നീ ഇതൊന്നും കാര്യമാക്കണ്ട. നിനക്ക് ഞാൻ ഇല്ലേടീ… ” അതു കേട്ടതും ആദി അവന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി വെച്ചു… ഇരുകൈകളാൽ അവനെ ചുറ്റി പിടിച്ചു. അവളുടെ കണ്ണുനീരിന്റെ ചൂട് അവൻ അറിയുന്നുണ്ടായിരുന്നു… അവൻ ഇരു കരങ്ങളാൽ അവളെ പൊതിഞ്ഞു പിടിച്ചു … “ആദീ…. ” അവൻ പതിയെ വിളിച്ചു… ……..

“എടി പെണ്ണേ നമ്മുടെ റൊമാൻസ് നാട്ടിൽ ഉള്ളവരെ കൂടി കാണിക്കണോ? എനിക്ക് കുഴപ്പമില്ല…” എന്നു പറഞ്ഞ് അവൻ കുനിഞ്ഞ് അവളുടെ തലയിൽ തല മുട്ടിച്ചു… അവൾ മുഖം ഉയർത്തി… നീങ്ങി നിൽക്കാൻ നോക്കിയപ്പോൾ അവൻ ഒന്നു കൂടി മുറുകെ പിടിച്ചു… അതിന് ശേഷം അവളുടെ നിറുകെയിൽ ചുംബിച്ചു. പിന്നെ അവളിലെ പിടി വിട്ടു… “എന്തെങ്കിലും എടുക്കാൻ ഉണ്ടോ. നമുക്ക് ഇറങ്ങിയാലോ? ” അവൻ തിരക്കി. “ഒന്നും എടുക്കാൻ ഇല്ല. ” “ഞാൻ വാതിൽ അടച്ചിട്ട് വരാം…” എന്നു പറഞ്ഞ് ജീവൻ മുറിയിലേക്ക് പോയി… തിരികെ വരുമ്പോൾ അവന്റെ മുഖം മുറുകിയിരുന്നു… മനസ്സിൽ എന്തോ കണക്കുകൾ കൂട്ടിയാണ് അവൻ വരുന്നതെന്ന് അവൾക്ക് തോന്നി… “പോകാം? ” അവന്റെ ചോദ്യം കേട്ടതും അവൾ തലയാട്ടി.

ബുള്ളറ്റിൽ അവൾ കയറി ഇരുന്നപ്പോൾ അവൻ അവളുടെ കൈ എടുത്ത് അവന്റെ വയറിനു മീതേക്ക് വെച്ചു… പിന്നെ സ്പീഡിൽ ബുള്ളറ്റ് പാഞ്ഞു കൊണ്ടിരുന്നു… കിച്ചുവിന്റെ വീട്ടിലേക്കുള്ള വഴിയിലേക്ക് തിരിഞ്ഞതും ഹിമയോട് എന്തെങ്കിലും പറഞ്ഞു ദേഷ്യപ്പെടാൻ ആകുമോ എന്റെ എന്ന ചിന്ത ആദിയിൽ നിറഞ്ഞു… “എന്തിനാ അങ്ങോട്ട് പോകുന്നത്? മൗനമായിരുന്നു അവന്റെ മറുപടി. മുറ്റത്തു ബുള്ളറ്റ് നിർത്തിയിട്ടും ആദി ഇറങ്ങിയില്ല… “ഇറങ്ങ്…” “നമുക്ക് പോകാം ജീവേട്ടാ…” “ഇറങ്ങെടീ…” ഇനിയും ഇറങ്ങിയില്ലെങ്കിൽ പിടിച്ച് ഇറക്കും എന്ന് തോന്നിയതു കൊണ്ട് വേഗം ഇറങ്ങി… അവൻ ഇറങ്ങിയതിനു ശേഷം അവളുടെ വലതു കയ്യിൽ മുറുകെ പിടിച്ചു മുൻപോട്ടു നടന്നു.

അപ്പോഴേക്കും അപ്പച്ചി അങ്ങോട്ട് വന്നു. അവരെ കണ്ടതും അപ്പച്ചി സന്തോഷത്തോടെ അകത്തേക്ക് വിളിച്ചു. അകത്തേക്ക് നടക്കുമ്പോൾ അവന്റെ കൈയ്യിൽ നിന്നും കൈകൾ പിൻവലിക്കാൻ ആദി നോക്കിയെങ്കിലും അവൻ വിട്ടില്ല… “ഇരിക്കൂ മക്കളെ… ” അപ്പച്ചി പറഞ്ഞിട്ടും ജീവൻ ഇരുന്നില്ല. അതുകൊണ്ട് ആദിയും. “കിച്ചു ഇവിടെ ഇല്ലേ? ” “ഉണ്ട് മോനെ…” “ഹിമയോ? ” “ഉണ്ട്…” “അവരെ രണ്ടു പേരെയും ഒന്ന് വിളിക്കുമോ? ” “വിളിക്കാം…” കുറച്ചു കഴിഞ്ഞതും അപ്പച്ചിയും കിച്ചുവും കൂടി വന്നു. അതിനു പിന്നാലെ വീർപ്പിച്ചു കെട്ടിയ മുഖവുമായി ഹിമയും… ആദിയ്ക്ക് ഹിമയെ കാണാൻ യാതൊരു താല്പര്യവും ഇല്ലായിരുന്നു… അതു കൊണ്ട് അവളെ നോക്കാതെ ആദി നിന്നു. എന്നാൽ ജീവൻ ആദിയുടെ കൈ പിടിച്ച് ഹിമയുടെ തൊട്ട് മുൻപിൽ വന്നു നിന്നു.

“ആദിയെ അറിയുമോ? ” ജീവൻ ഹിമയോട് തിരക്കി… അവൾ ഒന്നും പറഞ്ഞില്ല… എന്തോ പ്രശ്നം ഉണ്ടെന്ന് സേതുവിനും കിച്ചുവിനും തോന്നി. പക്ഷേ എന്താണെന്നു മനസ്സിലായില്ല. “നിനക്ക് ഈ നിൽക്കുന്ന എന്റെ ഭാര്യയെ അറിയുമോ?” ഇപ്രാവശ്യം ചോദിക്കുമ്പോൾ ജീവന്റെ ശബ്ദം ഉയർന്നിരുന്നു.. “അറിയാം…” “എന്നാൽ പറയ് ആരാണെന്ന്… ഞാനും അറിയട്ടെ.” അവൻ അല്പം പരിഹാസം കലർത്തി പറഞ്ഞു. “എന്താ ജീവാ പ്രശ്നം? ” അതുവരെ നിശബ്ദനായി നിന്ന കിച്ചു തിരക്കി. “പ്രശ്നം ഇവരാണ്… ഞങ്ങളുടെ വീട്ടിൽ വന്ന് ആദിയെ ഇല്ലാതാക്കാൻ പോലും മടിക്കില്ലെന്ന് പറയാൻ മാത്രം എന്തു തെറ്റാണ് ആദി ഇവളോടും വീട്ടുകാരോടും ചെയ്തതെന്ന് എനിക്ക് അറിയണം.” അതു കേട്ടതും കിച്ചുവിന്റെ മുഖം മാറി. “ഞാൻ ചോദിച്ച് അറിയുന്നതിൽ കിച്ചുവിനു എന്തെങ്കിലും പ്രോബ്ലം ഉണ്ടോ? ”

“ഇല്ല… ” അതു കേട്ടതും ജീവൻ വീണ്ടും ഹിമയുടെ നേർക്ക് തിരിഞ്ഞു… “ആഹ് ! നേരത്തെ അറിയാം എന്ന് പറഞ്ഞല്ലോ… എങ്ങനെ അറിയാം? ” “എന്റെ കൂട്ടുകാരിയായിരുന്നു… ” “ആയിരുന്നു… ഇപ്പോൾ അല്ല എന്നല്ലേ അതിന്റെ അർത്ഥം?” …… “അല്ലേ? ” ……. “ഇവൾ എന്തു ദ്രോഹമാണ് നിന്നോട് ചെയ്തത്? ” ……… “എന്നാൽ പറയണ്ട… നിന്റെ കൂട്ടുകാരി ആയിരുന്നവൾ ഒരാളെ സ്നേഹിച്ചിരുന്നു… അയാൾ നിന്നോടും തുറന്നു പറഞ്ഞിരുന്നു ആദിയെ അയാൾക്കും ഇഷ്ടമാണെന്ന്… എന്നിട്ടും തറ പരിപാടി കാണിച്ച് നിന്റെ അച്ഛനും ഏട്ടനും കൂടി ഇവളെ കൊണ്ട് ഇല്ലാതാക്കിപ്പിച്ചത് ഇവൾ ആഗ്രഹിച്ച ജീവിതം ആയിരുന്നു… നീ ആത്മഹത്യയ്ക്ക് വീണ്ടും ശ്രമിക്കുമോ താൻ കാരണം ഒരു ജീവൻ നഷ്ടമാകുമോ എന്ന ആശങ്കയിൽ നിനക്ക് വേണ്ടി മാറി തന്ന ഇവളോട് നന്ദി കാണിച്ചില്ലെങ്കിലും നന്ദികേട് കാണിക്കാൻ ഞങ്ങളുടെ വീടിന്റെ പടി കയറി പോകരുത് നിന്റെ വീട്ടുകാർ…

കയറിയാൽ ഇന്ന് വന്നതു പോലെ ആകില്ല നിന്റെ തന്ത തിരിച്ചു പോകുക… കേട്ടോടീ… ഇതും കൂടി ഇപ്പോൾ തന്നെ വിളിച്ചു പറഞ്ഞേക്ക് അയാളോട്…” ഹിമ എല്ലാം കേട്ടു നിന്നതേയുള്ളൂ… “എന്താ മോനെ ഉണ്ടായത്?” അപ്പച്ചി തിരക്കി .. “ഒന്നും ഇല്ല അപ്പച്ചി. ആദി കാരണം ഹിമ കരയുകയാണെന്നും പറഞ്ഞ് ഇവളുടെ അച്ഛൻ വന്നിരുന്നു. അപ്പോൾ അവളെ ഒന്നു സമാധാനിപ്പിക്കാം എന്ന് കരുതി വന്നതാ. ഹിമ പച്ച പാവം അല്ലേ. ആർക്കും ഒരു ദോഷവും ചെയ്യാത്ത എല്ലാവർക്കും നല്ലതു വരാൻ വേണ്ടി എന്തു ത്യാഗവും ചെയ്യാൻ സന്നദ്ധതയുള്ളവൾ… ഇവളെ പോലെ ഒരു മരുമകളെ കിട്ടാൻ തന്നെ പുണ്യം ചെയ്യണം…” ജീവൻ പറഞ്ഞു. അതു കേട്ടതും ഹിമ അവിടെ നിന്നും തിരിഞ്ഞു നടക്കാൻ തുടങ്ങി…

“ഹിമേ…. ” കിച്ചു വിളിച്ചു… അവന്റെ ഉള്ളിൽ നിറഞ്ഞു നിന്ന അമർഷം ആ വിളിയിൽ നിറഞ്ഞിരുന്നു… ഹിമ തിരിഞ്ഞു നോക്കാതെ അവിടെ നിന്നു… “ഇങ്ങോട്ടു നോക്ക് ഹിമേ…” പക്ഷേ അവൾ അവനു മുഖം കൊടുക്കാൻ തയ്യാറായില്ല… അവളുടെ അടുത്തേക്ക് ചെന്ന് ചുമലിൽ പിടിച്ച് തിരിച്ച് അവനു അഭിമുഖമാക്കി അവളെ നിർത്തി. “നീ അച്ഛനോട്‌ എന്തെങ്കിലും വിളിച്ചു പറഞ്ഞിരുന്നോ? ” ……. “പറഞ്ഞിരുന്നോ? ” അവന്റെ ശബ്ദം ഉയർന്നു… ആദി ജീവനെ നിസ്സഹായതയോടെ നോക്കി… കിച്ചു ഹിമയുടെ മുഖം പിടിച്ച് ഉയർത്തി… “പറയാൻ…. ” “ഇനി ഇതിന്റെ പേരിൽ ഒരു വഴക്കിനു പോകല്ലേ കിച്ചേട്ടാ…ഞങ്ങൾ ഇറങ്ങാണ്…” ആദി പറഞ്ഞു… “നിനക്ക് ഇറങ്ങി പോകാമല്ലോ…

ആര് എന്തു പറഞ്ഞാലും അതു കേട്ടു ഇറങ്ങി പോകാം. ഒഴിഞ്ഞു മാറി കൊടുക്കാം…” എന്നും പറഞ്ഞു കിച്ചു മുറിയിലേക്ക് പോയി… “എന്റെ ഭർത്താവ് എന്നോട് വഴക്കിനു വന്നാൽ അതു ഞാൻ തീർത്തോളാം… അതിനു വേറെ ആരെയും ഇങ്ങോട്ടു ക്ഷണിച്ചിട്ടില്ല…” ഹിമ എടുത്തടിച്ച പോലെ പറഞ്ഞു… “നിനക്ക് എന്താ ഹിമേ പറ്റിയത്? ” സേതു തിരക്കി… “എനിക്ക്… എനിക്ക് ഭ്രാന്ത്… അതു കൂട്ടാൻ ആണല്ലോ ഒഴിഞ്ഞു പോയി എന്നു കരുതിയിരുന്നവർ വീണ്ടും വരുന്നത്… ” “ആഹ് നിനക്ക് ഭ്രാന്ത് ഉണ്ടോ എന്നൊരു സംശയം എനിക്ക് ഉണ്ടായിരുന്നു. അതുണ്ടെന്ന് നീ തന്നെ ഇപ്പോൾ സമ്മതിച്ചല്ലോ…

ഇനി അധികം വൈകാതെ നല്ലൊരു ഡോക്ടറെ കൊണ്ടു പോയി കാണിക്കാൻ പറയ് നിന്റെ അച്ഛനോടും ഏട്ടനോടും. ഇപ്പോൾ ചിലപ്പോൾ ഒരു ഷോക്ക് അടിപ്പിച്ചാൽ അങ്ങു തീരും… അല്ലെങ്കിൽ നീ എന്റെ കയ്യിൽ നിന്നും അടി ചോദിച്ചു വാങ്ങിക്കും… ” എന്ന് പറഞ്ഞു ജീവൻ ഉമ്മറത്തേക്ക് നടന്നു… “സോറി അപ്പച്ചി… ” അപ്പച്ചിയുടെ കയ്യിൽ പിടിച്ചു പറഞ്ഞതിന് ശേഷം ആദി വേഗം ജീവന്റെ അടുത്തേക്ക് നടന്നു…..തുടരും

പുതിയൊരു തുടക്കം: ഭാഗം 10

Share this story