ചങ്കിലെ കാക്കി: ഭാഗം 3

ചങ്കിലെ കാക്കി: ഭാഗം 3

നോവൽ: ഇസ സാം

നേരം അഞ്ചു മണിയോടടുക്കുന്നു……. പലതവണ മൊബൈലിലേക്ക് നോക്കി….ആരെങ്കിലും വീട്ടിൽ നിന്ന് വിളിച്ചോ എന്ന് .. അമ്മാവൻ മാത്രം ഉച്ചയ്ക്ക് വിളിച്ചിരുന്നു….എപ്പോ എത്തും എന്ന്….ഇത്രയും നേരം ആയിട്ട് ഒരു ഒളിച്ചോട്ട വാർത്തയും പ്രതീക്ഷിച്ചിരിക്ക്കായിരുന്നു……. ഇന്ന് മുഴുവൻ തിരക്കോടു തിരക്കായിരുന്നു….. എന്നിട്ടും ഞാൻ മൊബൈൽ എടുത്തു നോക്കാറുണ്ട്…… “സാറേ ആ ചെക്കെന്മാരെ വീട്ടിൽ നിന്നും വന്നിട്ടുണ്ട് …….” കോൺസ്റ്റബിൾ സുധീഷ് ആണ്…… ” ഒന്ന് വിരട്ടി സ്റ്റേറ്റ്മെന്റും വാങ്ങി വിട്ടേക്ക്……” “ശെരി ..സാർ…… സാർ ഇറങ്ങുന്നില്ലേ …….. നാളെയല്ലേ കല്യാണം……..” ഒരു ചിരിയോടെയുള്ള അയാളുടെ അന്വേഷണം എനിക്കത്ര സുഖിച്ചില്ല…… “ആ…….ഇറങ്ങുന്നു…….”

ഞാൻ താക്കോലും എടുത്തു ഇറങ്ങി….. “ഇന്ന് പാർട്ടി ഒന്നും ഇല്ലേ സാറേ ……..?..” തലചൊറിഞ്ഞുള്ള അന്വേഷണം……ഒപ്പം രമേഷേട്ടനും ഉണ്ട്……ഒരു കള്ള ചിരിയോടെ…… മദ്യസേവയാണ് അവരുടെ പാർട്ടി……പിന്നെ കുറേ വൃത്തികെട്ട പാട്ടും ഡാൻസും……എനിക്ക് ക്ലബ്ബിലെ പരിപാടിക്ക് തന്നെ ആ മേളം കാണുമ്പോൾ ദേഷ്യമാണ്…..പാട്ടും ആട്ടവും…..മനപ്പൂർവ്വം ഞാൻ ഇവരെ ഒഴുവാക്കിയതാണ്..ഇന്ന്….. “ഇന്ന് കുടുബക്കാര് മാത്രമേയുള്ളു…….നാളെ പാർട്ടി ഉണ്ട്…..ഞാൻ പറഞ്ഞിരുന്നല്ലോ…….” വലിയതാല്പര്യമില്ലാതെ പറഞ്ഞിട്ട് ഞാൻ ഇറങ്ങി…… എന്നെ നോക്കി അരിശം കടിച്ചമർത്തി മുറുമുറുക്കന്നവേറെ എത്ര പിന്നിലാണെങ്കിലും എനിക്ക് തിരിച്ചറിയാൻ കഴിയും…..

പിന്നെ അതൊന്നും ഈ അര്ജുനന് ഒരു വിഷയമല്ല….. തിരിച്ചു വീട്ടിലേക്കു വണ്ടിയോടിക്കുമ്പോഴും എനിക്ക് വല്ലാതെ അരിശം വരുന്നുണ്ടായിരുന്നു…….വണ്ടിഓടിച്ചപ്പോഴും കുറുകെ വന്ന ആരെക്കെയോ ഞാൻ തുറിച്ചു നോക്കുകയും അവരെ എന്തെക്കെയോ ഞാൻ വിളിച്ചു പറയുകയും ചെയ്യുന്നുണ്ടായിരുന്നു…… പോലീസ് അല്ലെ…… പാവങ്ങൾ പെട്ടന്ന് മാറി നിൽക്കുന്നു…..അമർഷത്തോടെ നോക്കുന്നു.ദൈന്യതയോടെ എന്നെ നോക്കുന്ന മുഖങ്ങൾ കണ്ടപ്പോൾ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി.. ഇത്രയും വൈകി…..ഇതുവരെ ആ തവളക്കണ്ണി ഒളിച്ചോടിയിട്ടില്ല……ഒരു വിവാഹം…….

ആ മോഹം ഞാൻ എന്നേ കളഞ്ഞതാണ്……. അമ്മാവൻ എന്നെ അത്യാവശ്യമായി വരണം എന്നും പറഞ്ഞു ഒരു അഡ്രെസ്സ് മൊബൈലിൽ അയച്ചപ്പോ അത് ഒരു പെണ്ണുകാണൽ ആവും എന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല…. ഡ്യൂട്ടിക്കിടെ യൂണിഫോമിൽ ചെന്നപ്പോൾ ചായയും കൊണ്ട് വന്ന പെൺകുട്ടിയെ ഞാൻ ശ്രദ്ധിച്ചിരുന്നില്ല…ഒടുവിൽ ഒറ്റയ്ക്ക് സംസാരിക്കാൻ അവസരം തന്നപ്പോൾ മാത്രമാണ് എനിക്ക് മനസ്സിലായതു..അത് ഒരു പെണ്ണുകാണൽ ആയിരുന്നു എന്ന് .. അന്നേ അവളോട്‌ പറഞ്ഞിരുന്നു വിവാഹത്തിന് താല്പര്യമില്ല എന്ന്…… പക്ഷെ കാര്യങ്ങൾ പെട്ടന്ന് മുന്നോട്ടു പോയി….അമ്മയാണ് വീട്ടിൽ എല്ലാം…ചെറുതിലെ അച്ഛൻ നാടുവിട്ടു പോയി….’അമ്മ ടീച്ചർ ആയിരുന്നു…

ഇപ്പോൾ ഹെഡ്മിസ്ട്രസ് ആണ്..അമ്മയുടെ കരുത്തും നിഷ്ഠയും ആണ് ഞങ്ങളെ ഇത് വരെ എത്തിച്ചത്….. അമ്മയാണ് ഞങ്ങൾക്ക് എല്ലാം…ഏക ആൺതരി എന്ന നിലയിൽ പ്രായത്തിൽ കവിഞ്ഞ ഉത്തരവാദിത്വത്തോടെയാണ് എന്നെ വളർത്തിയത്……എന്നും അമ്മയുടെ താങ്ങായി ഞാൻ ഒപ്പം നിന്നിട്ടുള്ളു…..ഈ കല്യാണവും അമ്മയുടെ തീരുമാനമായിരുന്നു…. എല്ലാം അമ്മയുടെ ഇഷ്ടങ്ങളായിരുന്നു……സുഭദ്രയും ….എന്റെ മനസ്സിലെ വിവാഹത്തിന്റെ മുഖം സുഭദ്രയുടേതായിരുന്നു …..അല്ലാ….ഇപ്പോഴും ഒന്ന് കണ്ണടയ്ക്കുമ്പോൾ അവളാണ് ….. എന്റെ സ്വകാര്യ പ്രണയം……അച്ഛൻ പെങ്ങളുടെ മകൾ ….. ആ കണ്ണുകളിൽ എന്നും എന്നോടുള്ള പ്രണയം അല അടിച്ചിരുന്നു…..

മിതത്വം അമ്മയുടെ നിഷ്ഠയാണ്…..അത് എന്നിലും പകർന്നിരുന്നു….. എന്റെ പ്രണയം ഞാൻ ഒരിക്കലും അവളോട്‌ പറഞ്ഞിരുന്നില്ല……എന്നാൽ വിശേഷാവസരങ്ങളിൽ എന്നെ പിന്തുടർന്ന ആ കണ്ണുകളിലെ പ്രണയ ദാഹത്തെ ശമിപ്പിക്കാൻ എൻ്റെ ഒരു കടാക്ഷത്തിനു കഴിഞ്ഞിരുന്നു…..അപ്പോൾ ഞങ്ങൾ പരസപരം പകർന്നിരുന്നു ആ ചെറുമന്ദഹാസമായിരുന്നു ഞങ്ങളുടെ പ്രണയം…….പുരാണത്തിലെ പോലെ ജീവിതത്തിലും അര്ജുനന് സ്വന്തം സുഭദ്ര…….. എന്നോ കുട്ടിക്കാലത്തു അച്ചൻ പറഞ്ഞ വാക്കുകൾ……. നീണ്ട മുടി ഇഴകളും…മാൻ മിഴികളും….അടുത്ത വരുമ്പോഴുള്ള കർപ്പൂര ഗന്ധവും…ദാവണി ഉടുത്തു നിത്യവും അവൾ അമ്പലത്തിൽ പോകുന്നത് എത്രയോ തവണ ഞാൻ മറഞ്ഞു നിന്ന് കണ്ടിരുന്നു…മറ്റൊന്നിനുമല്ല എന്നെ തേടുന്ന ആ കണ്ണുകളെ കാണാൻ…….

ഇന്ന് അത് അന്യനു സ്വന്തം ആണ്…ഇന്ന് ഞാൻ താലോലിക്കുന്ന എൻ്റെ പ്രണയം മറ്റൊരാൾക്ക് സ്വന്തമാണ്…… വളരെ വേഗത്തിൽ ബുള്ളെറ്റ് ശബ്ദം അധികരിപ്പിച്ചു വീടിനു മുന്നിൽ കൊണ്ട് വന്നു നിർത്തിയപ്പോൾ മാത്രമാണ് എനിക്ക് സ്ഥലകാല ബോധം ഉണ്ടായത്….. ചെറിയ ഒരു ഒരുക്കം അത്രയേയുള്ളു വീടിനു…. വലിയചുറ്റു മതിലുകളുള്ള ചുറ്റും ധാരാളം മരങ്ങളാൽ ചുറ്റപ്പെട്ട ഒരു വലിയ വീട്….. ആ വീടിനെ ഒരുക്കാൻ നിന്നാൽ എന്റെ പോക്കറ്റ് മുഴുവൻ കാലിയാകും…..പിന്നെ വിശാലമായ ശിഖരങ്ങളാൽ രണ്ടു മാവും ,ഒരു പ്ലാവും ,പിന്നെ തേക്കും അസ്സൽ ഒരു പന്തൽ തീർത്തിട്ടുണ്ട്…. അത് തന്നെ ധാരാളം ….. “വീടിൻ്റെ ചേല് നോക്ക്വ നീ …… ഇങ്ങട് പോര്……..” അകത്തു നിന്ന് അമ്മാവനാണ്……

അമ്മയുടെ ഇളയുതാണ് ….. അവിവാഹിതൻ ……അച്ഛൻ പോയതോടെ ….അമ്മാവനും ദേശാടന കഴിഞ്ഞു ഇങ്ങട് കുടിയേറി……ഇപ്പൊ ഇവിടത്തെ കാരണവരാ …. അമ്മയുടെ ശക്തി…… അച്ഛന്റെ അധികാരം ആവശ്യത്തിനും അനാവശ്യത്തിനും ഒക്കെ എടുക്കാറുണ്ട്……മുതിർന്നേൽ പിന്നെ എന്നോട് അധികം ഇല്ലാ…….എന്നാലും ഉണ്ട്…….. ആൾക്കാരെ കാണുമ്പോൾ ഭരണം കലശലാണ്…..പിന്നെ രുദ്രയോടും കൃഷ്ണയോടും അസഹ്യമായ ഭരണമാണ്…അതു എനിക്ക് ആശ്വാസവുമാണ്….പെൺകുട്ടികൾ അല്ലെ…… എൻ്റെ അനിയത്തിമാരാ ……കൃഷ്ണ ഭർത്താവുമായി പിരിഞ്ഞു മോളുമായി ഇവിടെയുണ്ട്…..

രുദ്ര ഇവിടെ ഡിഗ്രിക്കു പഠിക്കുന്നു…. ഉമ്മറത്തേക്ക് കയറി…അത്യാവശ്യം ചില ബന്ധുക്കൾ ഒക്കെ വന്നിട്ടുണ്ട്….. എന്നോട് ഒന്ന് ചിരിച്ചു….ഒന്ന് രണ്ടു വാക്കിൽ കുശലാന്വേഷണം…… കൃഷ്ണയും രുദ്രയും എല്ലാർക്കും ചായ കൊടുക്കുന്ന തിരക്കിലാണ്….. “ദാ …ഏട്ടാ …….” കൃഷ്ണയാണ്….. ഞാൻ ഒരു ഗ്ലാസ് എടുത്തു……” മൈഥിലി എവിടെ …..?” കൃഷ്ണയുടെ മോളാണ്… “അകത്തുണ്ട് ഏട്ടാ …… ” “മ്മ് …….” “നിൻ്റെ കെട്ടിയോൻ എവിടെ ……മോളെ ….” ഒരു അകന്ന അമ്മായി …… കൃഷ്ണ നിന്ന് തപ്പുന്നുണ്ട്……. “അവർ നാളെ എത്തും…… അമ്മായി ചായ കുടിക്ക് …….” ഞാനാണ്…… കൃഷ്ണ പോയിക്കഴിഞ്ഞിരുന്നു…… ഇതുപോലത്തെ ഒത്തിരി ചോദ്യങ്ങൾ ഇന്നും നാളെയും അവൾക്കായി കാത്തിരിപ്പുണ്ട്……. ഞാൻ ചായഗ്ളാസ്സുമായി അകത്തേക്ക് നടന്നു…….

അകത്തെ സ്ത്രീ ജനങ്ങളെ വെറുതെ ഒന്ന് നോക്കി…അത് പതിവുള്ളതല്ല …..ഞാൻ ആരെയും അധികം ശ്രദ്ധിക്കാറില്ല….എന്നാൽ ഇന്ന് എൻ്റെ കണ്ണുകൾ അവളെ തേടി കൊണ്ടിരുന്നു …. “നീ വന്നോ ……. ഇത്രയും വൈകിയത് എന്തെ …..?” അമ്മയാണ്…… എന്റെ കയ്യിൽ നിന്നും ചായ ഗ്ലാസ് വാങ്ങി…….. “തിരക്കുണ്ടായിരുന്നു ………” “വേഗം പോയി റെഡി ആയി വരൂ …..” അമ്മയുടെ ആഗഞ വന്നു കഴിഞ്ഞാൽ പിന്നെന്താ….ഞാനറിയാതെ തന്നെ കാലുകൾ ഗോവണിയിലേക്കു ചലിച്ചു….. പടികൾ ഓരോന്നു കയറി എത്തുന്നത് നീണ്ട മുകപ്പിലേക്കാണ്……. മുകപ്പിൽ ഒരു വശത്തായി മുറികൾ….. ഈ മുകപ്പിൽ (ബാൽക്കണി ) നിന്നാൽ ഈ വഴിയിലൂടെ സുഭദ്ര അമ്പലത്തിൽ പോകുന്നത് കാണാമായിരുന്നു…….ഞാൻ ആ കൈവരിയിൽ പിടിച്ചു നിന്ന് കണ്ണടയ്ക്കുമ്പോൾ ആ കാഴ്ച എൻ്റെ മനസ്സിലേക്ക് തെളിഞ്ഞു വന്നു……

എന്നെ പാളി നോക്കി കടന്നു പോകുന്ന സുഭദ്ര…… ആ ചുണ്ടിൽ തത്തി കളിച്ചിരുന്ന ചെറു മന്ദഹാസം…… എന്നിലും വിരിയുമായിരുന്നു അവൾക്കായി ഒരു ചിരി….. ആ ഓർമ്മകൾ ഇന്ന് എന്റെ നഷ്ടത്തിന്റെ തീവ്രത കൂട്ടുന്നു…… അടുത്തായി ഒരു കാൽ പെരുമാറ്റം……സുപരിചിതമായ ഗന്ധം…….ഞാൻ പെട്ടന്ന് തിരിഞ്ഞു നോക്കി…… എനിക്കരുകിലായി ആ കൈവരിയിൽ പിടിച്ചു പുറത്തേക്കു നോക്കി നിൽക്കുന്നു സുഭദ്ര…… എൻ്റെ പ്രണയം……. എൻ്റെ ഹൃദയ താളം അവൾ കേൾക്കുമോ എന്ന് ഞാൻ ഭയന്നു…… വിദൂരതയിൽ നോക്കി നിന്നുകൊണ്ട് തന്നെ അവൾ പറഞ്ഞു….. “എത്രയോ തവണ ഈ വഴി കടന്നു ഞാൻ പോയപ്പോൾ എന്നെ പിന്തുടർന്ന ഈ കണ്ണുകളെ …എനിക്കായി ഒളിപ്പിച്ച പ്രണയം കലർന്ന പുഞ്ചിരിയെ ഞാൻ ഓർത്തു ഓർത്തു കരഞ്ഞിട്ടുണ്ട് എന്നോ …….”

വിദൂരതയിൽ ആണ് അവളുടെ കണ്ണുകൾ എങ്കിലും ആ കണ്ണുകൾ നിറഞ്ഞതു എനിക്കറിയാമായിരുന്നു…… “അന്ന് ഞാൻ ഈ നോട്ടത്താൽ പൂത്തുലഞ്ഞു സ്വപ്നം കണ്ടു കളഞ്ഞ ദിവസങ്ങളിൽ ഏതെങ്കിലും ഒന്നിൽ ഈ പടി കടന്നു വന്നു നിങ്ങളോടു എന്റെ പ്രണയം പറഞ്ഞിരുന്നു എങ്കിൽ…… …..എങ്കിൽ നിങ്ങൾ എന്നെ ഇങ്ങനെ മറന്നു കളയുമായിരുന്നോ ….? അർജുനേട്ടാ…….. ഇല്ലാ…..ല്ലേ ….?” അവൾ എന്നെ നോക്കി……. ആ നിറഞ്ഞ കണ്ണുകൾ എന്റെ ഹൃദയം കുത്തി കീറുകയായിരുന്നു….. “എനിക്കതിനുള്ള ധൈര്യം അന്ന് എനിക്കില്ലായിരുന്നു…….മാത്രല്ല…..മൗനമാണു യഥാർത്ഥ പ്രണയം എന്ന് തെറ്റുധരിച്ച ഒരു പൊട്ടി സുഭദ്രയായിരുന്നു അന്ന് ഞാൻ ………..

ഇന്ന് എനിക്കറിയാം പ്രണയം വാചാലമാണ്…… അത് പരസ്പരം ഉള്ള തുറന്ന പറിച്ചിലും ഏറ്റു പറിച്ചിലും ആണ്…… യഥാർത്ഥ പ്രണയിനികൾക്കിടയിൽ ഭയം ഉണ്ടാകില്ല……. പ്രണയം മാത്രമേ ഉണ്ടാവുള്ളു….അത് എനിക്ക് പകർന്നു തന്നത് സൂരജേട്ടനാണ്…….ഇന്ന് അർജുനേട്ടനോട് തുറന്നു സംസാരിക്കാനുള്ള ധൈര്യം എനിക്ക് തന്നത് അദ്ദേഹമാണ്…….ഇന്ന് ഞാൻ തിരിച്ചറിയുന്നു പ്രണയം വിധേയത്വം അല്ല…അനുസരണയല്ല …….. അത് സ്വാതന്ത്ര്യമാണ് ……” അവൾ എൻ്റെ കണ്ണുകൾ നോക്കി തലഉയർത്തി സംസാരിക്കുന്നു…… ആ കണ്ണുകളിലെ ആഴങ്ങളിൽ ഞാൻ മാത്രം നിറഞ്ഞു നിന്നിരുന്ന കാലം വിദൂരതയിലെന്നോ ആയിരുന്നു… ഞാൻ ഒന്ന് നോക്കുമ്പോഴേ നാണം കൊണ്ട് താഴ്ന്നിരുന്ന കണ്ണുകൾ ഇന്നില്ലാ….

“അർജുനേട്ടൻ ഒരിക്കലും എന്നെ പ്രണയിച്ചിരുന്നില്ലാ…… എങ്കിൽ ഒരിക്കെലെങ്കിലും അമ്മായിയോട് എനിക്ക് വേണ്ടി ഒരു വാക്കു എങ്കിലും പറഞ്ഞിരുന്നേനെ ……. അർജുനേട്ടൻ്റെ മനസ്സിൽ എന്നും കടമകളും ഉത്തരവാദിത്വവും പിന്നെ ഈ കൊതിച്ചു വാങ്ങിയ കാക്കികുപ്പായവും മാത്രമേയുള്ളു………” .. ഞാൻ അവളിൽ നിന്നും ദൃഷ്ടി മാറ്റി……ചെറിയ ചാറ്റൽ മഴയെ പുൽകാൻ ഓരോ മണൽത്തരികൾ ഒരുങ്ങിയിരിക്കുന്നു…….. എന്നാൽ എന്നിലെ പ്രണയം വരണ്ടിരിക്കുന്നു…… “അയ്യോ….മഴ…….” മുറ്റത്തു കസേരയിലിരുന്നു സൊറ പറഞ്ഞിരുന്ന അമ്മാവനും കൂട്ടരും കസേരയുമെടുത്തു അകത്തേക്ക് ഓടുന്നു….. ഞാൻ സുഭദ്രയ്ക്ക് നേരെ ദൃഷ്ടികൾ പതിപ്പിച്ചു……

നെറുകയിൽ കുങ്കുമം അണിഞ്ഞു കഴുത്തിൽ താലിയുമായി നിൽക്കുന്ന സുമംഗലിയായ സുഭദ്ര……അവളെ എന്റെ നേത്രങ്ങളാൽ ഒപ്പി എടുത്തു…. “ഭദ്ര…… ഒരുപാട് സംസാരിച്ചു…… …വയസ്സറിയിചതിൽ പിന്നെ ഇപ്പോഴാണ് നീ എന്നോട് ഇത്രയും സംസാരിക്കുന്നതു…….” ഞാൻ ഒരു ചെറു ചിരിയോടെ പറഞ്ഞു…….ഉള്ളു വേദനിക്കുകയായിരുന്നു…… വേദനയുള്ള ചിരി അവൾ എനിക്കും സമ്മാനിച്ചു …. “അർജുനേട്ടനും എന്നോട് സംസാരിക്കാറില്ലായിരുന്നു ….. ആരോടും അധികം മിണ്ടാറില്ലല്ലോ…..” ഞാൻ തലയാട്ടി……. “മ്മ് ……..സൂരജ് …..?.” “നാളെ എത്തും……..” ഞാൻ തലയാട്ടി……പിന്തിരിഞ്ഞു എൻ്റെ മുറിയിലേക്ക് നടന്നു…… “ഓർമ്മ വെച്ച നാൾ മുതൽ ഞാൻ നിങ്ങളിൽ തിരഞ്ഞ പ്രണയം…… എനിക്ക് പിശുക്കി തന്ന പ്രണയം…… അത് വൈഗയ്ക്കു എങ്കിലും കൊടുക്കാൻ കഴിയുമോ……..?” പിന്നിൽ നിന്നും സുഭദ്രയുടെ സ്വരം…….. ഞാൻ ഒരു നിമിഷം നിന്നു…… ” എന്നിൽ ഇനി പ്രണയമില്ല……ഭദ്രേ …….” തിരിഞ്ഞു നോക്കാതെ തന്നെ ഞാൻ മറുപടി പറഞ്ഞു മുറിക്കുള്ളിൽ കയറി കതകടച്ചു………. ഇസ സാം… മൂന്ന് ദിവസം കൂടുമ്പോഴായിരിക്കുംട്ടോ കഥ പോസ്റ്റ് ചെയ്യുക… ക്ഷമിക്കണേ…

ചങ്കിലെ കാക്കി: ഭാഗം 2

Share this story