ദാമ്പത്യം: ഭാഗം 19

ദാമ്പത്യം: ഭാഗം 19

എഴുത്തുകാരി: തുഷാര ലക്ഷ്മി

ആരാണ് തെറ്റ് ചെയ്തത്…?? എവിടെയാണ് തനിക്കു തെറ്റ് പറ്റിയത്…..?? നിമിഷ എന്തൊക്കെയാണ് ചെയ്തുവെച്ചിരിക്കുന്നത് …???അതും തന്നോടൊരു വാക്ക് പറയാതെ……. വീട്ടുകാരുടെയും, കൂട്ടുകാരുടെയും മുൻപിൽ നാണം കെട്ടു…..നാളെ ശ്രീറാം സാറിന്റെ മുഖത്തെങ്ങനെ നോക്കും…ശ്യാമും ,വിശാലും…അവരോടുണ്ടായിരുന്ന അകൽച്ച ഒഴിവാക്കാനായിരുന്നു ഇന്നവരെയും ക്ഷണിച്ചത്…പക്ഷേ അവരും തന്റെ സൗഹൃദം വേണ്ടായെന്നു വെച്ച് പോയിക്കഴിഞ്ഞു…. നിമിഷ ആണ് എല്ലാം നശിപ്പിച്ചത്…….

നാളെ അവൻ അവളെയും കൊണ്ടിവിടെ നിന്നു പോയേനെ……പക്ഷേ നിമിഷയുടെ അതിബുദ്ധി എല്ലാം നശിപ്പിച്ചു…….കൂടെ അഭിയും….അവൻ കിട്ടിയ അവസരം നന്നായി ഉപയോഗപ്പെടുത്തി…… ആരോടും ശബ്‌ദമൊന്നുയർത്തി സംസാരിക്കാൻ പോലും ധൈര്യമില്ലാതിരുന്ന ആര്യയാണ് ഇന്ന് നിമിഷയെ തല്ലിയത്…….. ഒക്കെ അഭി കൂടെയുണ്ടെന്ന ധൈര്യമാണ്……. അവളും തന്നോട് പക തീർക്കാൻ കിട്ടിയ അവസരം നന്നായി ഉപയോഗിച്ചു……. നിമിഷയെ കുറ്റപ്പെടുത്താൻ സാധിക്കുമോ തനിക്ക്……..നിമിഷ ചെയ്തത് ഒരു തരത്തിലും ന്യായീകരിക്കാൻ മനസ്സ് അനുവദിച്ചില്ലെങ്കിലും പൂർണമായി അവളെ കുറ്റപ്പെടുത്താനും അവനായില്ല…….

അവളിതൊക്കെ ചെയ്തത് ആര്യ തങ്ങളുടെ ജീവിതത്തിൽ പിന്നെയും ഇടിച്ചു കയറി വന്നത് കൊണ്ടല്ലേ….പോരാത്തതിന് അവളെ തല്ലുകയും ചെയ്തു ….. ഏതൊരു പെണ്ണും പ്രതികരിച്ചു പോകും…..ആരവളെ തള്ളിപ്പറഞ്ഞാലും,കുറ്റപ്പെടുത്തിയാലും തനിക്കതിന് പറ്റില്ല….ജീവന്റെ ഒരു ഭാഗമാണവൾ……. അവൾ ചെയ്തതൊക്കെ തനിക്കു വേണ്ടി കൂടിയല്ലേ……തന്നോടുള്ള സ്നേഹം കൊണ്ടല്ലേ……. ആ പൊട്ടി പെണ്ണിന്റെ ബുദ്ധിയല്ലേ….പെട്ടത് താനും……..നിമിഷയെ ന്യായീകരിക്കാൻ അവന്റെ മനസ്സ് കാരണങ്ങൾ തിരക്കി അലഞ്ഞു……. ശരീരത്തിലേയ്ക്ക് പതിയെ അരിച്ചിറങ്ങുന്ന തണുപ്പും, ചീവിടിന്റെയും, തവളകളുടെയും ശബ്ദവുമാണവനെ അലോസരപ്പെടുത്തികൊണ്ടു ചിന്തകളിൽ നിന്നു പുറത്ത് കൊണ്ടു വന്നത്……..

നേരം ഒരുപാടായോ..??? നല്ല ഇരുട്ട് വീണിരിക്കുന്നു…..നിലാവിൽ തിളങ്ങുന്ന വെള്ളത്തിലേക്ക് നോക്കി കുറച്ചു നേരം കൂടിയിരുന്നു……പതിയെ എഴുന്നേറ്റു അകത്തേയ്ക്കു നടന്നു….ഹാളിലെ ക്ലോക്കിൽ അവനൊന്നു നോക്കി….സമയം ഒരുപാടായിരിക്കുന്നു…….. എല്ലാവരും കഴിച്ചു പോയി കാണും…. നിമിഷ കഴിച്ചിട്ടുണ്ടാകുമോ….?? വിഷമിച്ചു കിടക്കുകയാകും പെണ്ണ്……അവൻ പടികൾ കയറാൻ തുടങ്ങി…….. “” മോനേ…….നീ കഴിക്കുന്നില്ലേ…?? “” അവനൊന്നു തിരിഞ്ഞു നോക്കി…അമ്മയാണ്…… അമ്മയാകെ കോലം കെട്ടത് പോലെ തോന്നിയവന്……താൻ കാരണമാണോ…..?? ഒരു നിമിഷം അവന്റെ മനസ്സൊന്നുലഞ്ഞു……

“” നിമിഷ കഴിച്ചു കാണില്ല…ഞാൻ അവളെ വിളിച്ചു കൊണ്ടു വരാം……. “” “” എല്ലാവരും കഴിച്ചു…….ഇനി നീ മാത്രമേയുള്ളു……കൈ കഴുകി വാ……അമ്മ വിളമ്പി തരാം……. “” അവൻ തിരിച്ചിറങ്ങി കൈകൾ കഴുകി വന്നിരുന്നു……പ്രഭ ഒരു പ്ലേറ്റ് എടുത്ത് ചപ്പാത്തിയും,കറിയും വിളമ്പി…….അവൻ മെല്ലെ കഴിച്ചു തുടങ്ങി……. “” അമ്മ കഴിച്ചോ??? “” അരവിന്ദിന്റെ ചോദ്യം കേട്ടു പ്രഭ അത്ഭുതത്തോടെ അവനെ നോക്കി..ഒരുപാട് നാളുകൾക്കു ശേഷം മകൻ തന്നോട് ചോദിച്ച ചോദ്യം കേട്ടു ആ അമ്മയുടെ കണ്ണുകൾ നിറഞ്ഞു…….. “”ഉം….. “” അവരൊന്നു മൂളി…… “” മോനേ അമ്മയൊരു കാര്യം പറയട്ടെ…….

അമ്മയ്ക്ക് നിങ്ങൾ രണ്ടു മക്കളെയും വേണം……ഇനിയെങ്ങിലും രണ്ടാളും തമ്മിലുള്ള പ്രശ്നങ്ങളൊക്കെ പറഞ്ഞു തീർത്തു കൂടെ?? നിങ്ങളിങ്ങനെ വഴക്കു കൂടുന്നത് കാണാൻ അമ്മയ്ക്കു വയ്യെടാ…. “” “” ഞാനാണോ അമ്മേ പ്രശ്നമുണ്ടാക്കുന്നത്……അവനല്ലേ…..അവന്റെ ലോകത്തെങ്ങുമില്ലാത്ത ഒരു തീരുമാനം…. നാട്ടിൽ വേറെ പെണ്ണില്ലാഞ്ഞിട്ടാണോ അവളെ തന്നെ അവൻ കല്യാണം കഴിച്ചത്…വീണ്ടുമവളെ ഈ വീട്ടിലെ കെട്ടിലമ്മയാക്കിയത്……അപ്പോ അത് എന്നെയും എന്റെ പെണ്ണിനേയും ദ്രോഹിക്കാനല്ലേ…..?? എല്ലാം സപ്പോർട്ട് ചെയ്ത് നിങ്ങൾ രണ്ടാളും……ഇന്നലെ ആര്യ നിമിഷയെ തല്ലി……അതുകൊണ്ടല്ലേ ഇന്നവൾ അതിന് പ്രതികാരം ചെയ്യാനിറങ്ങയത്…അപ്പോ ആരാ ആദ്യം പ്രശ്നമുണ്ടാക്കിയത്…

എന്നിട്ട് പഴി മുഴുവൻ എന്റെ നിമിഷയ്ക്കു…..കൂടെ വീണ്ടും തല്ലും…..ഞാൻ നോക്കി നിന്നു അതും…… അച്ഛൻ പറഞ്ഞതുകൊണ്ട്……. പഴയതൊക്കെ ഓർത്തു പ്രതികാരം ചെയ്യുന്നതാണമ്മേ അവര്….ആര്യ എന്നോടുള്ള പക തീർക്കുന്നതാണ് അഭിയിലൂടെ…… നിങ്ങൾക്കത് ഇനിയും മനസിലായിട്ടില്ല……പക്ഷേ എല്ലാത്തിനും പഴി കേൾക്കുന്നത് ഞങ്ങളും…… “” “” നീ കണ്ണടച്ചിരുട്ടാക്കല്ലേ മോനേ……നിമിഷ ചെയ്ത തെറ്റിന് നീ എന്റെ മോളെ കുറ്റപ്പെടുത്തണ്ട……നിനക്കോ നിന്റെ.. “” അവരെ പറഞ്ഞു പൂർത്തിയാക്കാൻ സമ്മതിക്കാതെയവൻ കൈ ഉയർത്തി തടഞ്ഞു……. “”

വേണ്ടമ്മേ… അഭിയ്ക്കും ആര്യയ്ക്കും വേണ്ടി മാത്രമേ അമ്മ സംസാരിക്കൂ… …എനിക്കത് കേൾക്കണ്ട…..ഞാനും നിങ്ങളുടെ മകൻ തന്നെയല്ലേ…..ഒരാളെ ഇഷ്ട്ടപെട്ടു പോയി……വിവാഹവും കഴിച്ചു……അതിന് എന്നെ ഇങ്ങനെ ഒറ്റപ്പെടുത്തണോ……?? “” അരവിന്ദ് പെട്ടെന്നെഴുന്നേറ്റു കൈ കഴുകി അവരെ ഒന്നു നോക്കി പടികൾ കയറി….. മൂത്ത മകനെ നോക്കി കണ്ണീരോടെ ആ അമ്മ മകൻ പോയ വഴിയേ നോക്കിയിരുന്നു…… 💙🎼💙🎼🎼💙💙💙💙💙💙🎼🎼💙🎼💙 അരവിന്ദ് തിരികെ റൂമിലെത്തുമ്പോൾ നിമിഷ കുഞ്ഞിനെ ഉറക്കുകയാണ്……. ബാത്‌റൂമിൽ പോയി വരുമ്പോഴേക്കും കുഞ്ഞുറങ്ങിയിരുന്നു… അരവിന്ദ് വന്നു നിമിഷയ്ക്കു എതിർവശം ചരിഞ്ഞു കിടന്നു….കുറച്ചു നേരം കഴിഞ്ഞതും നിമിഷയുടെ ഏങ്ങലടി കേട്ടു ഞെട്ടി അവൻ അവൾക്കു നേരെ കിടന്നു….

പെട്ടെന്ന് നിമിഷ അവനോട് ചുറ്റി പിടിച്ചു പൊട്ടിക്കരഞ്ഞു……. “” എന്നോട് ക്ഷമിക്ക് ഏട്ടാ….. അവൾ വീണ്ടും ഈ വീട്ടിലേയ്ക്കു വന്നപ്പോൾ ഞാൻ….ഞാൻ പേടിച്ചു പോയി…..എല്ലാവർക്കും അവളെയല്ലേ ഇഷ്ട്ടം……എന്നെ ഇവിടെ ആർക്കും കണ്ടൂടാ… ..അപ്പൊ ഏട്ടനും അവളോട്‌ അടുക്കുമോ എന്ന് പേടിച്ചിട്ടാ ഞാൻ……എന്റെ ഗതികേട് കൊണ്ടു പറ്റിപ്പോയതാ ഏട്ടാ…..എനിക്ക് വേറെ ആരും ഇല്ല ഏട്ടനല്ലാതെ….എന്നെ വെറുക്കല്ലേ….. “” അവളുടെ കണ്ണീർ അവന്റെ ഹൃദയത്തെ വല്ലാതെ നോവിച്ചു…….പാവം പെണ്ണ്…..എന്നോടുള്ള സ്നേഹമാണിവളെ കൊണ്ടു ഓരോന്നു ചെയ്യിക്കുന്നത്…..അവനവളോട് വാത്സല്യം തോന്നി…..പതിയെ അവന്റെ വിരലുകൾ അവളുടെ മുടിയിൽ തലോടി തുടങ്ങി….. “” എടി പൊട്ടി…നീ എന്തൊക്കെയാണ് ചിന്തിച്ചു വെച്ചിരിക്കുന്നത്……എന്റെ ഹൃദയത്തിൽ നീ മാത്രമേ ഉള്ളു……..

ഇനിയെന്നും നീ മാത്രമേ ഉണ്ടാകൂ…….മരണം വരെ അതങ്ങനെ തന്നെ ആകും…..ഇന്ന് നടന്നതൊക്കെ പോട്ടെ…….ഏട്ടന് നിന്നെ വെറുക്കാൻ പറ്റില്ല കേട്ടോ…..കരയണ്ട…..ഏട്ടൻ ക്ഷമിച്ചു…..നിമിഷാ…..ടീ..പെണ്ണെ …..കരച്ചിൽ നിർത്ത് നീ……നിന്റെ കണ്ണുകൾ നിറയുന്നത് എനിക്ക് സഹിക്കാൻ പറ്റില്ല….. “” നിമിഷ കണ്ണുകൾ തുടച്ചു അവനെ ഒന്നു നോക്കി…. പിന്നെയും അവന്റെ നെഞ്ചിൽ തല ചേർത്ത് വെച്ച് കിടന്നു…… ഒരു ഗൂഢസ്മിതം അവളുടെ മുഖത്തു മിന്നിമാഞ്ഞു…… എന്നത്തേയും പോലെ തന്റെ കണ്ണുനീരിൽ കുടുങ്ങിയ അവനോടുള്ള പുച്ഛത്തോടെ അവനെ ഇറുകെ പുണർന്നു കിടന്നു…… “” എന്നാലും നിന്നെ വിട്ടു ഞാൻ വീണ്ടും അവളോട് അടുക്കുമെന്ന് എങ്ങനെ ചിന്തിക്കാൻ തോന്നി നിനക്ക്……?? “” “” സോറി ഏട്ടാ…എന്റെ പൊട്ടബുദ്ധിയ്ക്കു തോന്നിയതല്ലേ…..

അതുപോട്ടെ എന്നാലും അവൾ എന്നെ തല്ലുന്നത് ഏട്ടൻ കണ്ടു നിന്നല്ലോ….എനിക്കത് സഹിക്കാൻ പറ്റിയില്ല……ആരുമില്ലാതായി പോയ പോലെ തോന്നി… “” “” സോറി….എന്റെ മോളൊന്നു ക്ഷമിക്ക്.. .അച്ഛൻ പറഞ്ഞിട്ടാ അത്…. തൽക്കാലം അച്ഛനെ പിണക്കാൻ നമുക്ക് സാധിക്കില്ല…… പിന്നെ അവളേയും കൊണ്ടവൻ നാളെ ഇവിടെനിന്ന് പോകുമല്ലോ…… എന്റെ മോളെ വേദനിപ്പിച്ചതിനുള്ള ശിക്ഷ അവർക്ക് ഞാൻ പിന്നെ കൊടുത്തോളാം…… അതോർത്തു നിമിഷകുട്ടി വിഷമിക്കണ്ട കേട്ടോ….. “” “” എനിക്ക് ഏട്ടനെ വിശ്വാസമാണ്…… “” നിമിഷ അവന്റെ നെഞ്ചിൽ ചുംബിച്ചു……. “” എന്നെ ഇന്ന് പട്ടിണിക്കിടാനാണോ സഹധർമ്മിണിയുടെ തീരുമാനം…?? “” “” ആര് പറഞ്ഞു പട്ടിണി കിടക്കാൻ…… “” നിമിഷ ഒരു കള്ളച്ചിരിയോടെ അവനെ നോക്കി……അവൻ അവളെയും കൊണ്ട് ഒന്ന് തിരിഞ്ഞു അവളുടെ മേലെയ്ക്ക് ചാഞ്ഞു….. 💙🎼💙

പാക്കിങ് എല്ലാം കഴിഞ്ഞപ്പോൾ വൈകിയിരുന്നു….കൂടെ നിന്നു സഹായിക്കുമ്പോഴും അഭിയേട്ടൻ അസ്വസ്ഥനായിരുന്നു…. കിടക്കാനായി വന്നപ്പോൾ എന്തോ ആലോചിച്ചിരിക്കുവാണ്‌ ആള്……..പതിയെ അടുത്ത് ചെന്നിരുന്നു ആ തോളിലേക്ക് ചാഞ്ഞു… “” എന്തുപറ്റി ഏട്ടാ….??എന്തിനാ ഇങ്ങനെ വിഷമിച്ചിരിക്കുന്നത്……ഇന്നത്തെ കാര്യമോർത്താണോ….. “” “” അറിയില്ലെടി…….ഞാൻ കാരണം നീ പിന്നെയും വിഷമിക്കുന്ന പോലെ….നിമിഷ ആണ് വേദനിപ്പിച്ചതെങ്കിലും അത് ഞാൻ കരണമാണെന്നൊരു തോന്നൽ…….ഞാൻ നിന്നെ നിർബന്ധിച്ചു കൂടെ കൂട്ടിയത് കൊണ്ടല്ലേ പിന്നെയും നീ അപമാനിക്കപ്പെടുന്നത്……. “” പറയുമ്പോഴേയ്ക്കും ആ സ്വരമിടറിയിരുന്നു……

കുറ്റബോധത്തോടെ തല കുനിച്ചിരിക്കുന്നത് കണ്ടപ്പോൾ അലിവ് തോന്നി…..ചതിയുടെ, സ്വാർത്ഥതയുടെ, അവഗണനയുടെ ചുഴിയിലകപ്പെട്ട് കറങ്ങിക്കൊണ്ടിരുന്ന തന്നെ രക്ഷിച്ചെടുത്ത മനുഷ്യനാണ്… നിസ്വാർത്ഥ പ്രണയമെന്തെന്ന് പഠിപ്പിച്ചവനാണ്……ആ മുഖം പതിയെ പിടിച്ചൊന്നുയർത്തി….. “” ഈ കുറ്റബോധത്തിന്റെ ആവശ്യമുണ്ടോ ഏട്ടാ…… എന്നെ കൂടെ കൂട്ടി എന്നേക്കാൾ അപമാനം ഏട്ടൻ സഹിക്കുന്നില്ലേ ഒരാവശ്യവും ഇല്ലാതിരുന്നിട്ടും……. ഏട്ടനിങ്ങനെ വിഷമിച്ചിരിക്കല്ലേ…..എനിക്ക് എന്തഭിമാനമാണെന്നോ ഏട്ടനെയോർത്ത്….ഏട്ടന്റെ ഭാര്യയാണെന്നു പറയാൻ……. വ്യവസ്ഥകളില്ലാതെ ഒരാളെ സ്നേഹിക്കാനാകുമെന്നു ഞാൻ പഠിച്ചത് ഏട്ടനിലൂടെയാണ്…..

ഒരു പെണ്ണിനും കിട്ടില്ല ഇതുപോലൊരു ഭർത്താവിനെ….. എല്ലാ പ്രശ്നങ്ങളിൽ നിന്നും ഏട്ടനെന്നെ പൊതിഞ്ഞു പിടിക്കുന്നില്ലേ…… ഈ സ്നേഹത്തിന് എന്താണ് പകരം നൽകേണ്ടതെന്നറിയാതെ നിൽക്കുന്നവളാണ് ഞാൻ…… “” ആളുടെ മുഖമൊന്നു തെളിഞ്ഞിട്ടുണ്ട്….ചെറിയൊരു ചിരിയോടെ ഇരിക്കുകയാണ്…… “” ടീ…..ടീ……മതി എന്നെ പൊക്കിപ്പറഞ്ഞത്…..ഇങ്ങനെ പൊക്കിയാൽ ഞാൻ ഇന്നുതന്നെ അങ്ങ് എറണാകുളത്തെത്തും…. “” “” ഓഹ്..പിന്നെ…എങ്കിൽ ഏട്ടനെ ചുറ്റിപിടിച്ചു കൂടെ ഞാനും വരും…… “” മുഖം ചരിച്ച് സംശയത്തോടെ ആളൊന്നു നോക്കി……. “” നിനക്ക് വിഷമമേയില്ലേ ശ്രീ…?? സത്യം പറയ്…… “” “” എന്തിനാ ഏട്ടാ..?? പറഞ്ഞിട്ടില്ലേ ഒരിക്കൽ , ഏട്ടൻ കൂടെയുണ്ടെങ്കിൽ ഞാനെന്തും നേരിടുമെന്ന്….

ശരിക്കും ഞാനെന്തിനാ വിഷമിക്കുന്നത്…… അവൾ എന്നോട് ചെയ്തതിന് ഇരട്ടിയായി നമ്മൾ ഇരട്ടിയായി തിരിച്ചു കൊടുത്തില്ലേ……അപ്പോൾ അതവിടെ കഴിഞ്ഞു…… ചുമ്മാ ശോകമടിച്ചിരിക്കാതെ വന്നു കിടന്നേ…… എനിക്കേ രാവിലെ എഴുന്നേൽക്കാൻ ഉള്ളതാണ്.. . കൊച്ചിയിൽ എത്തിയിട്ട് വേണം എന്റെ ബോയ്ഫ്രണ്ടിനെ പോയി കാണാൻ…. “” “” ആഹാ…നിനക്കവിടെ ബോയ്ഫ്രണ്ട് ഒക്കെയുണ്ടോ…?? “” “” പിന്നെ……ഒരു കൊച്ചിക്കാരൻ ഫ്രീക്കൻ .. എന്ത് സ്റ്റൈൽ ആണെന്നോ ആളെ കാണാൻ…… “” “” ടീ……വേണ്ട…. തമാശയ്ക്ക് പോലും അങ്ങനെയൊന്നും പറയരുത്…… നിനക്ക് ഞാനുണ്ട്….. നിന്റെ ഫ്രീക്കനും പഴഞ്ചനുമൊക്കെ ഈ ഞാനാണ്…. മനസ്സിലായോ നിനക്ക്…. “” “” കുശുമ്പ് തീരെ ഇല്ലല്ലേ സാറിന്…..?? “” കളിയാക്കലോടെ ചോദിച്ചതും ഒന്നു കൂർപ്പിച്ചു നോക്കി……. “”

നിന്റെ കാര്യത്തിൽ ഞാൻ കുശുമ്പൻ തന്നെയാണ്……”” കുറുമ്പോടെ മറുപടി തരുമ്പോഴേക്കും ആള് പഴയ പോലെ ആയിരുന്നു….ഒരു പുഞ്ചിരിയോടെ ഞങ്ങൾ പരസ്പരം നോക്കി…. ആ തെളിഞ്ഞ ചിരിയാണ് തന്റെ സന്തോഷങ്ങളുടെ താക്കോൽ……. ഒരിക്കലും നഷ്ടപ്പെടുത്താനാകില്ല തനിക്കത്…. പതിവുമുത്തം പരസ്പരം നൽകി ആ നെഞ്ചിൽ ചേർന്ന് കിടക്കുമ്പോൾ തങ്ങളുടേത് മാത്രമായ ആ കുഞ്ഞു സ്വർഗ്ഗത്തെപ്പറ്റിയുള്ള ചിന്തകളിൽ നിറഞ്ഞിരുന്നു മനസ്സ്….. നിദ്ര പോലും കൈവിട്ട പോലെ……. 💙💙💙 അലാറം അടിക്കുന്നത് കേട്ടാണ് രാവിലെ ഉണർന്നത്…….. ഉറങ്ങാൻ വൈകിയത് കൊണ്ടാകും അത് ഓഫ്‌ ചെയ്തിട്ടും കണ്ണുകൾ തുറക്കാൻ മടിച്ചു അതുപോലെ തന്നെ കിടന്നു കുറച്ചു നേരം….പക്ഷേ തങ്ങളുടെ യാത്രയെ കുറിച്ചോർത്തപ്പോൾ കണ്ണ് വലിച്ചു തുറന്നു ചാടി എഴുന്നേറ്റു കുളിക്കാൻ കയറി….പെട്ടെന്ന് തന്നെ കുളിച്ചിറങ്ങി റെഡി ആയി…….

അഭിയേട്ടനെ തട്ടിയുണർത്തി കുളിക്കാൻ പറഞ്ഞുവിട്ടു താഴെ അമ്മയ്ക്കടുത്തേക്കോടി…… താഴെ കണ്ടു അമ്മയും ജനുവമ്മയും അടുക്കളയിലോരോന്നു ചെയ്ത് നിൽക്കുന്നത്…പക്ഷേ പതിവ് സന്തോഷം മുഖത്തില്ല…… തങ്ങൾ പോകുന്നതിനുള്ള വിഷമമാണ്….. അടുത്തേയ്ക്കു ചെന്നതും ചേർത്ത് പിടിച്ചിരുത്തി അമ്മ…. “” അവിടെ ചെന്നാൽ ജോലികളൊക്കെ മോള് ഒറ്റയ്ക്ക് ചെയ്യാതെ അഭിയെ കൊണ്ടു കൂടി ചെയ്യിക്കണം…….പിന്നെ പരിചയമില്ലാത്തവരെ ഒന്നും അധികം അടുപ്പിക്കരുത്…… രാത്രിയിൽ അഭിയ്ക്കു ഹോസ്പിറ്റലിൽ പോകേണ്ടി വന്നാൽ മോള് കൂടി അവന്റെ കൂടെ പോകാൻ നോക്കണം…..ഒറ്റയ്ക്കിരിക്കരുത്…..എന്നും അമ്മയെ വിളിക്കണം……എല്ലാ വെള്ളിയാഴ്ചയും രണ്ടാളും ഇങ്ങു പോരണം…..

“” ഒറ്റ ശ്വാസത്തിൽ ഒരുപാടു നിർദ്ദേശങ്ങൾ തന്നു അമ്മ……. ജാനുവമ്മ, അമ്മ പറയുന്നതിനൊക്കെ തലയാട്ടി കൂടെ തന്നെയുണ്ട്…….. പിന്നെയും എന്തെങ്കിലും മറന്നോ എന്നാലോചിച്ചിരിക്കുന്ന അമ്മയെ കണ്ടപ്പോൾ ചിരി പൊട്ടി…… അച്ചാറും, ഇടിച്ചമ്മന്തിയും,കാച്ചെണ്ണയുമായി കുറച്ചു സാധനങ്ങൾ ജനുവമ്മയുടെ വകയായി ഉണ്ട്‌….ഗൾഫിലേക്കല്ല,എറണാകുളം വരെയേ പോകുന്നുള്ളൂ എന്ന് പറഞ്ഞു കളിയാക്കിയപ്പോൾ അച്ഛനായിരുന്നു ചെവിയ്ക്കു പിടിച്ചത്….. “” അവർ കഷ്ട്ടപെട്ടുണ്ടാക്കിയതിനു നീ കളിയാക്കുന്നോടി കാന്താരി……മര്യാദയ്ക്ക് എല്ലാം കൊണ്ടു പൊയ്ക്കൊള്ളണം…… “” കുറുമ്പൊടെ നോക്കുമ്പോൾ കിട്ടിയിരുന്നു അച്ഛന്റെ വകയായും കവിളിലൊരുമ്മ….

ഇവരെ പിരിയുന്നതോർക്കുമ്പോൾ നീറുന്ന മനസ്സിനെ താനീ വീട്ടിൽ നിന്നാലുള്ള ഭവിഷ്യത്തിനെ കുറിച്ചോർമിപ്പിച്ച് വരുതിയിലാക്കാൻ ശ്രമിച്ചു….. അപ്പോഴേക്കും അഭിയേട്ടനും തയ്യാറായി താഴേക്കെത്തിയിരുന്നു…….. ഒന്നിച്ചിരുന്നു കഴിക്കുമ്പോഴും ഓർത്തു അരവിന്ദും നിമിഷയും ഇന്ന് ഇതുവരെ ഹാജർ വെച്ചിട്ടില്ലായെന്ന്….. അമ്മയാണ് പറഞ്ഞത് കുറച്ചു മുന്നേ കുഞ്ഞിനേയും കൊണ്ടു പുറത്ത് പോയതാണത്രെ രണ്ടാളും …… യാത്ര പറയുമ്പോൾ കരയുമെന്ന് കരുതിയാകണം സമയം പോകുന്നു എന്ന് ധൃതിപിടിച്ച് അഭിയേട്ടൻ കാറിലേക്ക് കയറ്റിയിരുത്തി….. കാറിനകത്തും മൗനമായി ഇരിക്കുന്ന കണ്ടിട്ടാകും എന്തൊക്കെയോ പറഞ്ഞു ആളു ചിരിക്കുന്നുണ്ട്….തന്നെ ചിരിപ്പിക്കാനാണ് എല്ലാം ….പതിയെ ആ ചിരിയിൽ അലിഞ്ഞു യാത്ര ആസ്വദിച്ചു തുടങ്ങി…….

ഇടയ്ക്ക് ഇറങ്ങി ഊണ് കഴിച്ചു…… രണ്ടു മണിയോടെ കൊച്ചിയിലെ കല്യാൺ ക്രെഡൻസ് അപ്പാർട്ട്മെന്റ്ലേക്ക് ഞങ്ങളെത്തി…… 11-B, ഞങ്ങളുടെ കുഞ്ഞു സ്വർഗത്തിലേക്ക് രാഹുവും, ഗുളികനും,യമകണ്ടനുമൊന്നും നോക്കാതെ ഞങ്ങൾ വലതുകാൽ വെച്ചു കയറി…. പാല് കാച്ചി അടുപ്പ് പുകച്ചു ജീവിതം തുടങ്ങി വെച്ചു…… രണ്ടു ബെഡ്‌റൂമും ,ഒരു ഹാളും ,അടുക്കളയും ,ബാൽകണിയുമൊക്കെയായി ഒതുങ്ങിയ ഒരു ഫ്ലാറ്റ് ആയിരുന്നത്……ഹാളിൽ നിന്നു നേരെ ബാൽകണിയിലേക്കിറങ്ങി…….മുൻപിലുള്ള കാഴ്ചകൾ കണ്ണിന് ഇമ്പമുള്ളതായിരുന്നു….. മാനം കുറച്ചുകൂടി അടുത്ത് തെളിഞ്ഞു കാണുന്ന പോലെ……കുറച്ചു ദൂരെയായി കാണുന്ന കായലും ,അതിന് കുറുകെയുള്ള പാലവും, പൊട്ടുകൾ പോലെ വണ്ടികളും….

കാഴ്ചകളാസ്വദിച്ച് നിൽക്കുമ്പോഴേക്കും ഫോണിൽ സംസാരിച്ചുകൊണ്ടു ഏട്ടനുമെത്തിയിരുന്നു… അത് ശ്രദ്ധിക്കാതെ ബെഡ്‌റൂമിലേയ്ക്ക് നടന്നു…….ഉള്ളിലെ കാഴ്ചകളിൽ തെല്ലൊന്നമ്പരന്നു നിൽക്കുമ്പോഴും കണ്ണുകൾ അവ ഓരോന്നും ഒപ്പിയെടുക്കുന്ന തിരക്കിലായിരുന്നു……..നീല നിറത്തിലുള്ള കർട്ടനുകളും, നീല ബെഡ്ഷീറ്റും,നീല മാറ്റും,നീല വാർഡ്രോബും ഒക്കെയായി തങ്ങളുടെ ഇഷ്ടനിറത്തിന്റെ കൗതുക കാഴ്ചകൾ……തൊട്ടു പുറകിൽ അഭിയേട്ടന്റെ സാന്നിധ്യമറിഞ്ഞതും മനസ്സിൽ നിറഞ്ഞ നാണം, ഒരു പുഞ്ചിരിയായി ചുണ്ടിൽ വിരിഞ്ഞിരുന്നു……. അഗ്നിപരീക്ഷകളൊക്കെ വിജയിച്ചു ഒടുവിൽ നിന്റെ ചാരെ എത്തി ഞാൻ…. ഇനിയെനിക്ക് ജീവിക്കണം, നിന്നെ മാത്രം പ്രണയിക്കണം…. നിന്നിൽ മാത്രം ലയിച്ചു ചേരണം…. എന്നിലൊഴുകുന്ന രക്തത്തിൽ പോലും നീ മാത്രമാകണം…..

അതിലൊഴുകി ഹൃദയം മുഴുവൻ നിന്നെ നിറയ്ക്കണമെനിക്ക്….. ചതിയുടെയും, സ്വാർത്ഥതയുടെയും ദുർഗന്ധമില്ലാതെ എന്റെ ജീവിതം പ്രണയപൂക്കളാൾ നീ സുഗന്ധം നിറയ്ക്കുമെന്നു ഇന്നെനിക്കറിയാം….. “” എന്താടി ഇങ്ങനെ തുറിച്ചു നോക്കുന്നത്..?? “” തോളിൽ തട്ടി അഭിയേട്ടനത് ചോദിക്കുമ്പോഴാണ് സ്വപ്നങ്ങളിൽ നിന്ന് തിരികെ എത്തിയത്…….. തെല്ലൊരു ജാള്യതയോടെ ഏട്ടനെ നോക്കി ചിരിച്ചു….. “” വീട്ടിൽ വിളിച്ചില്ലലോ….ഞാൻ ഫോൺ ഒന്നെടുക്കട്ടെ…….. “” മനപ്പൂർവം വിഷയം മാറ്റി…… “” അതൊക്കെ വിളിക്കാം…അതിനുമുൻപ്‌ പറയ്….നമ്മുടെ ഫ്ലാറ്റ് ഇഷ്ടമായോ നിനക്ക്…..?? “” തിരിഞ്ഞുനടക്കാൻ തുടങ്ങിയതും കയ്യിൽ പിടിച്ചു നിർത്തി അഭിയേട്ടൻ തിരക്കി…. “” നല്ലതാ ഏട്ടാ……ഒതുക്കമുള്ള ഫ്ലാറ്റ്….പുറത്ത് നിന്നാൽ കായലിന്റെ വ്യൂവും ഉണ്ട്‌……

എനിക്കിഷ്ടമായി….. “” “” എങ്കിൽ നമുക്കിത് വാങ്ങിയാലോ….. നിനക്കിഷ്ടപ്പെട്ടാൽ അങ്ങനെ ഒരു ഐഡിയ ഉണ്ടായിരുന്നു എനിക്ക്….. “” അത്ഭുതത്തോടെ നോക്കുമ്പോഴേക്കും അഭിയേട്ടന്റെ ഫോൺ റിങ് ചെയ്തിരുന്നു… അച്ഛനാണ്…..അവിടെ മൂന്നാളോടും സംസാരിച്ചു, വീട്ടിലും വിളിച്ചു അച്ഛനോടും അമ്മയോടും കൂടി സംസാരിച്ചു കഴിഞ്ഞപ്പോഴേക്കും ഒരു നേരമായിരുന്നു……… കാൾ കഴിഞ്ഞു തിരിഞ്ഞു അഭിയേട്ടനെ നോക്കുമ്പോൾ കാണുന്നത് തന്റെ ഒരു ചുരിദാർ ടോപ്പ് കയ്യിൽ പിടിച്ചു അന്തംവിട്ടു നിൽക്കുന്ന ആളിനെയാണ്…… അടുത്തേയ്ക്കു ചെന്നതും ഏട്ടൻ തന്നെ അത് നിവർത്തി കാണിച്ചു തന്നു….ഉപയോഗിക്കാൻ പറ്റാത്ത രീതിയിൽ നെടുകെയും കുറുകെയും വെട്ടിയിരിക്കുന്ന ആ ടോപ്പിനെ…..

അന്തം വിട്ട് നോക്കുമ്പോഴേക്കും അഭിയേട്ടൻ കട്ടിലിലേക്ക് കണ്ണുകാണിച്ചിരുന്നു……. തന്റെ ഭംഗിയിലുള്ള പല ഡ്രെസ്സുകളും വെട്ടികീറി വെച്ചിരിക്കുന്നു….. അത് കണ്ടതും നെഞ്ച് ഒന്നാളി….വേഗത്തിൽ എല്ലാമെടുത്ത് നോക്കി….വിലപിടിപ്പുള്ളവയാണ് മിക്കതും…..പലതും ഉപയോഗശൂന്യമായിരിക്കുന്നു…….കല്യാണത്തിനുടുത്ത കസവു സാരിയും ആ കൂട്ടത്തിൽ കണ്ടതും കണ്ണ് നിറഞ്ഞു…… “” നിമിഷ നമുക്ക് അടുത്ത പണി തന്നല്ലോടി…..ഈ പോക്രിത്തരം കാണിച്ചിട്ടാകും കെട്ടിയോനേം കൊണ്ടു മുങ്ങികളഞ്ഞത്…..എന്നാലും ഇതെപ്പോ ചെയ്തൂന്നാണ് ഞാൻ ആലോചിക്കുന്നത്…..രാവിലെ എപ്പോഴോ റൂമിൽ കയറിയിരിക്കണം….ഞാൻ കുളിക്കാൻ പോയപ്പോഴോ മറ്റോ….. “” അഭിയേട്ടൻ ഓരോന്ന് ഓർത്തു പറയുമ്പോഴും അതൊന്നും ശ്രദ്ധിക്കാതെ ആ കീറിയ സാരിയും കയ്യിൽ പിടിച്ചു ഇരിക്കുകയായിരുന്നു……

വിഷമിച്ചിരുന്ന കണ്ടിട്ടാകും ആളു അടുത്തു വന്നു സാരി പിടിച്ചു വാങ്ങി തിരികെ ബാഗിലേക്കു തന്നെ വെച്ചു….. “” സാരമില്ലെടി…..വിട്ടുകള……അവളുടെ സ്റ്റാൻഡേർഡ് അവൾ കാണിച്ചു…..കുറച്ചു ഡ്രസ്സ്‌ അല്ലേ… നമുക്ക് വേറെ വാങ്ങാം….. “” “” എന്നാലും ഏട്ടാ…..വെട്ടിക്കളഞ്ഞത് എന്റെ ഡ്രസ്സ്‌ ആണെങ്കിലും അവളുടെ മനസ്‌ ആലോചിച്ചു നോക്ക് ഏട്ടാ…എന്നെയും ഇത് പോലെ വെട്ടിയരിയാനുള്ള പക കാണും അവൾക്കു….. “” “”വിട്ടുകളായെടി….എപ്പോഴും നിന്റെ മുന്നിൽ തോറ്റു പോകുന്നതിന്റെ നിരാശയാ അവൾക്കു…അവളിൽ നിന്നിതൊക്കെ പ്രതീക്ഷിച്ചാ മതി……. എല്ലാ ഡ്രസ്സും കട്ട്‌ ചെയ്യാൻ പറ്റിയില്ല അവൾക്കു…..

ആലോചിച്ചിരിക്കാതെ അതിൽ നിന്നു ഒന്നെടുത്തു പോയി കുളിക്ക് കാന്തമ്മ…… “” എന്നിട്ടും പോകാതെ വിഷമിച്ചിരുന്ന ആര്യയെ അവൻ കണ്ണുരുട്ടി നോക്കി…… അത് കണ്ടതോടെ അവൾ പെട്ടെന്ന് തന്നെ എഴുന്നേറ്റു കയ്യിൽ കിട്ടിയ ഡ്രസ്സുമെടുത്ത് കുളിക്കാനോടി…..അവൾ അകത്തു കയറിയതും പതിയെ അവന്റെ മുഖത്തെ ചിരി മാഞ്ഞു…… ഫോണിൽ നിമിഷയുടെ നമ്പർ എടുത്ത് കാൾ ബട്ടൺ പ്രെസ്സ് ചെയ്തു ചെവിയിലേക്ക് ചേർത്തു……ഫുൾ റിങ് ചെയ്ത് ആ കാൾ കട്ടായി…..വീണ്ടും ശ്രമിച്ചു…..ഇത്തവണ കാൾ കണക്ട് ആയി …… “” ഹലോ…….. “” നിമിഷയുടെ സ്വരം കാതിൽ പതിച്ചു ….. “” ഞങ്ങൾ ഇങ്ങെത്തി ചേട്ടത്തി…..

ഒളിച്ചു വെച്ചിരുന്ന ചേട്ടത്തിയുടെ സമ്മാനവും സന്തോഷത്തോടെ കൈപറ്റിയിട്ടുണ്ട് കേട്ടോ….. “” “” ഞാനെന്ത് സമ്മാനം വെച്ചുവെന്നാണ്….??? “”” പതർച്ചയോടെ നിമിഷ പറഞ്ഞൊപ്പിച്ചു…. “” എന്താണെന്നു ചേട്ടത്തിക്കറിയാമല്ലോ…കൂടുതലൊന്നും ഞാൻ പറയുന്നില്ല…എന്തായാലും അതെനിക്ക് ഒരുപാടു ഇഷ്ട്ടമായി കേട്ടോ….തിരിച്ചു ഞാനും നല്ലൊരു സമ്മാനം കൊണ്ടു തരുന്നുണ്ട്….അത് കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് ഞാനും…..കിട്ടിയാൽ ഉടനെ തന്നെ വരുന്നുണ്ട് കേട്ടോ…… എന്നാൽ ശരി ചേട്ടത്തി…. ബൈ…… “” മറുപടിയ്ക്കു കാത്തു നിൽക്കാതെയവൻ കാൾ കട്ട്‌ ചെയ്തു……..തുടരും….

ദാമ്പത്യം: ഭാഗം 18

Share this story